Friday, January 8, 2010

അദ്ധ്യായം - 35.

വേണുതിരിച്ചെത്തിയപ്പോള്‍ പത്മിനിക്ക് അത്ഭുതമാണ് തോന്നിയത്. പത്ത് ദിവസം കഴിഞ്ഞ് വരാമെന്നും പറഞ്ഞു തലേന്ന് പോയ
ആളാണ്. ഇപ്പോഴിതാ തിരിച്ചെത്തിയിരിക്കുന്നു ' ഇതെന്താ പറ്റീത്. നീയല്ലേ പത്തീസം കഴിയും വരാനെന്ന് പറഞ്ഞത് ' എന്ന് അവര്‍ ചോദിച്ചു.

' ഒന്നൂല്യാ. ഇങ്ങോട്ടന്നെ വന്നാലോന്ന് തോന്നി ' എന്നു മാത്രമേ വേണു പറഞ്ഞുള്ളു. ചായ ഉണ്ടാക്കാന്‍ പത്മിനി പണിക്കാരെ വിളിച്ച് പറഞ്ഞുവെങ്കിലും ' കുറച്ച് കഴിഞ്ഞാല്‍ ഉണ്ണാറായി, ഇപ്പൊ ചായ വേണ്ടാ ' എന്നും പറഞ്ഞ് വേണു അത് ഒഴിവാക്കി.

ഭക്ഷണം കഴിഞ്ഞ് ഇരിക്കുമ്പോള്‍ വേണു തന്‍റെ മനോഗതം അറിയിക്കാനൊരുങ്ങി. ' ഓപ്പോളേ ' അയാള്‍ പറഞ്ഞു ' ഞാന്‍ ആ കളപ്പുരയില്‍ താമസം തുടങ്ങിയാലോ എന്ന് ആലോചിക്ക്യാണ്. എന്താ ഓപ്പോളുടെ അഭിപ്രായം '.

' എന്താടാ നിനക്ക് പറ്റീത്. ഒരാള്‍ക്ക് കഴിയാന്‍ വേണ്ട സൌകര്യം വല്ലതും അവിടെ ഉണ്ടോ? ഞാന്‍ പറയാലോ, ഇത്ര കാലം 
ടൌണില്‍ കഴിഞ്ഞ നിനക്ക് നാട്ടുമ്പുറത്തെ പട്ടപ്പുരയില്‍ ഒരു ദിവസം തികച്ച് കഴിയാന്‍ പറ്റില്ല '.

ഉള്ള സൌകര്യത്തില്‍ താന്‍ അവിടെ കൂടാമെന്നും ആ സ്ഥലം ശരിക്കും ഇഷ്ടപ്പെട്ടുവെന്നും കുറച്ച് കാലം അവിടെ താമസിക്കണമെന്നുണ്ടെന്നും ഒക്കെ വേണു പറഞ്ഞു. ' അതെന്താച്ചാല്‍ ആയിക്കോ, എന്തിനും വിശ്വേട്ടന്‍റെ അടുത്ത് ഒന്ന് ചോദിച്ചിട്ട്
മതി ' എന്ന് പത്മിനി പറഞ്ഞു.

ബാക്കി കാര്യങ്ങള്‍ രാത്രിയാണ് സംസാരിച്ചത്. ' ഇവിടുത്തെ പത്തായപ്പുര പൊളിച്ച് പണിയാന്‍ തുടങ്ങുന്നതിന്ന് മുമ്പ് കളപ്പുര
നന്നാക്കാന്‍ തുടങ്ങി.' വക്കീല്‍ പറഞ്ഞു ' പുര പൊളിച്ച് വെട്ടുകല്ലില്‍ കെട്ടിപ്പൊക്കി, ഉത്തരവും കഴിക്കോലും പട്ടികയുമൊക്കെ
പുതിയതാക്കി. ഓട് വാങ്ങാന്‍ നിന്നപ്പോഴാണ് പത്തായപ്പുര പൊളിച്ചാല്‍ ഓട് കിട്ടില്ലേ എന്ന തോന്നല്‍ ഉണ്ടായത്. തല്‍ക്കാലം പട്ട
മേഞ്ഞു. പിന്നെ ഓടാക്കാന്‍ മിനക്കെട്ടതുമില്ല.'

' എന്ത് പണിയും ഒറ്റ അടിക്ക് ചെയ്ത് തീര്‍ത്താല്‍ അത് തീരും, അല്ലെങ്കിലോ അതവിടെ കിടക്കും ' എന്ന് പത്മിനിയും 
പറഞ്ഞു. ' പത്തായപ്പുര പൊളിച്ച ഓടില്‍ കുറച്ച് കാര്യസ്ഥന്‍ രാമന്‍ നായര്‍ക്ക് അയാളുടെ വീട് നന്നാക്കാന്‍ കൊടുത്തു. ബാക്കി
ഇരിപ്പുണ്ട്. അതൊക്കെ തികയും. അട മഴ കഴിഞ്ഞിട്ട് അത് കൊണ്ടുപോയി മേഞ്ഞു തരാന്‍ കരാറുകാരനോട്പറയാം ' എന്ന് വക്കീലും പറഞ്ഞു.

പിറ്റേന്ന് എല്ലാവരും പോയിക്കഴിഞ്ഞ് ഒറ്റക്കായപ്പോള്‍ പത്മിനി വേണുവിനെ സമീപിച്ചു. ' ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയ്വോ ' എന്ന് മുഖവുരയായി അവര്‍ ചോദിച്ചു.' ഓപ്പോളുടെ അടുത്ത് ഞാന്‍ നുണ പറയും എന്ന് തോന്നുന്നുണ്ടോ '
എന്ന് വേണു തിരിച്ച് ചോദിച്ചു.

' എന്നാല്‍ പറ കിട്ടുണ്ണി നിന്നോട് എന്തെങ്കിലും ഇഷ്ടക്കേട് കാണിച്ച്വോ '

കല്യാണം വേണ്ടെന്ന് പറഞ്ഞപ്പോള്‍ കിട്ടുണ്ണിയുടെ പെരുമാറ്റത്തില്‍ പ്രകടമായ നീരസവും , കൃഷിയും തോട്ടവും കളപ്പുരയും 
ഒക്കെ വിറ്റ് അയാളുടെ കൃഷി സ്ഥലത്തിന്നടുത്ത് ഭൂമി വാങ്ങിക്കാമെന്നൊരു നിര്‍ദ്ദേശം വെച്ചതും ഒക്കെ വേണു മടിച്ച് മടിച്ച്
പറഞ്ഞു.

' കണ്ടോ, ഞാനന്നേ പറഞ്ഞില്ലേ അവന്‍റെ സ്നേഹം കാണിക്കല്‍ ഒന്നും വിശ്വസിക്കരുതെന്ന് '.

' ഓപ്പോളെ, ഞാന്‍ ഇപ്പൊ തന്നെ കളപ്പുരയിലേക്ക് മാറാമെന്ന് പറഞ്ഞതില്‍ ഒരു കാര്യം ഉണ്ട് ' വേണു പറഞ്ഞു.

' എന്താത് ' .

' കിട്ടുണ്ണിടെ കൂടെ അധിക കാലം കഴിഞ്ഞു കൂടാന്‍ പറ്റും എന്ന് തോന്നുന്നില്ല. ഇവിടെ വന്ന് താമസിച്ചാലോ, വേണ്വോട്ടന്‍ വന്നിട്ട് ആങ്ങളയേയും പെങ്ങളേയും തമ്മില്‍ തെറ്റിച്ചൂന്ന് നാട് മുഴുവന്‍ അവന് പറഞ്ഞു നടക്കാന്‍ ഒരു വിഷയം  ആവും ചെയ്യും. പേരിന് അവിടെ താമസം തുടങ്ങിയാല്‍ , എനിക്ക് ഓപ്പോളുടെ അടുത്ത് വന്ന് താമസിക്കുകയും ചെയ്യാം, കളപ്പുരേല് ഒറ്റക്കാണ്
താമസം എന്ന് പറയും ചെയ്യാം '.

അത് നല്ലൊരു തീരുമാനമാണെന്ന് പത്മിനിക്കും തോന്നി. ' അവനെ പേടിച്ചിട്ടൊന്നും അല്ല, വെറുതെ നിനക്ക് ഒരു ചീത്തപ്പേര് വരണ്ടാ എന്ന് കരുതിയിട്ടാണ് ഞാന്‍ സമ്മതിക്കുന്നത് ' എന്ന് അവര്‍ പറഞ്ഞു. ' പിന്നെ മഴ മാറിയാല്‍ അടുത്ത ദിവസം
കളപ്പുരയുടെ പട്ട മാറ്റി ഓടിട്ട് നന്നാക്കുമെന്നും ' പത്മിനി ഉറപ്പ് നല്‍കി.

താമസം മാറുന്നതിന്ന് മുമ്പ് തനിക്ക് കുറച്ച് സാധനങ്ങള്‍ വാങ്ങിക്കാനുണ്ടെന്ന് വേണു പറഞ്ഞു.

' അതിനെന്താ വൈകുന്നേരം ഡ്രൈവറോട് കാറുമായി വരാന്‍ പറയാം, ഞാനും നിന്‍റെ കൂടെ വരാം '.

പായയും തലയണയും പുതപ്പും വാങ്ങാന്‍ പത്മിനി സമ്മതിച്ചില്ല. അതൊക്കെ ഞാന്‍ അവിടെ എത്തിച്ചോളാമെന്ന് അവര്‍ പറഞ്ഞു.
അതല്ലാതെ വേറെ എന്തെങ്കിലും വേണച്ചാല്‍ വാങ്ങിച്ചൊ എന്ന് അനുമതിയും നല്‍കി.

കളപ്പുരയില്‍ കറണ്ട് ഇല്ല. അടുത്തൊന്നും ഇലക്ട്രിസിറ്റി എത്തിയിട്ടുമില്ല. ഒരു റാന്തലും മേശ വിളക്കും വേണു വാങ്ങി. ചാരി
കിടക്കാന്‍ ഒരു ചാരുകസേലയും . മഹാ ഭാരതം ,രാമായണം, ഭാഗവതം , ഭഗവത് ഗീത എന്നിവയോടൊപ്പം കുറെയേറെ നോവലുകളും വേദാന്ത പുസ്തങ്ങളും വേണു വാങ്ങികൂട്ടി.

' നിനക്ക് ഇപ്പോഴും പണ്ടത്തെപ്പോലെ പുസ്തകം വാങ്ങുന്ന ഭ്രമം മാറീട്ടില്ല അല്ലേ ' പത്മിനി ചോദിച്ചു ' മദിരാശിയില്‍ വന്ന് നിന്നെ കണ്ടിട്ട് പോന്നാല്‍ . വേണ്വോട്ടന്ന് കിട്ടുന്ന പൈസ മുഴുവന്‍ പുസ്തകങ്ങള്‍ വാങ്ങി തീര്‍ക്കുന്നുണ്ടെന്ന് കിട്ടുണ്ണി പണ്ട് പറയാറുണ്ട് '.

വേണു ഒന്ന് ചിരിച്ചു. ' മുടക്കുന്ന പണത്തിന്ന് തക്ക മനസ്സുഖം കിട്ടുന്നത് പുസ്തകങ്ങളില്‍ നിന്നു മാത്രമാണെ'ന്ന് വേണു പറഞ്ഞു.
ഒന്നു കൂടി മദിരാശിയിലേക്ക് പോവാനുണ്ടെന്നും അവിടെ നിന്നും കുറച്ച് സാധനങ്ങളും പുസ്തകങ്ങളും കൊണ്ടു വരാനുണ്ടെന്നും
വേണു ഓപ്പോളെ അറിയിച്ചു.

കളപ്പുരയിലേക്ക് താമസം മാറ്റുന്ന കാര്യത്തില്‍ വിശ്വനാഥന്‍ വക്കീലും അനുകൂലമായ തീര്‍പ്പ് കല്‍പ്പിച്ചതോടെ ആ കാര്യത്തില്‍ 
തീരുമാനമായി.

**********************************************************************************************

' ഞാനൊരു കാര്യം പറഞ്ഞാലത് വല്യപ്പന്‍ അപ്പനോട് പറയ്വോ ' കാലത്ത് ചാമിക്ക് ചായ കൊടുത്തു കഴിഞ്ഞപ്പോള്‍ കല്യാണി ചോദിച്ചു.

' എന്താണ്ടി മോളെ, നീ പറഞ്ഞോ. എന്‍റെ ലക്ഷ്മിക്കുട്ടി ആരോടെങ്കിലും ഒരു കാര്യം പറയരുത് എന്ന് പറഞ്ഞാല്‍ പിന്നെ ഈ
വലിയപ്പന്‍ മൂച്ച് വിട്വോ ? '.

ഒരു നറുക്ക് ചേര്‍ന്നത് വിളിച്ച് ആ പണം വലിയപ്പനെ ഏല്‍പ്പിച്ചാല്‍ ഒരു റേഡിയോ വാങ്ങി കൊടുക്കുമോ എന്നാണ് കല്യാണിക്ക് അറിയേണ്ടത്. ബാറ്ററിയില്‍ പാടുന്നത് വേണം. ഏറെ കാലത്തെ ഒരു ആഗ്രഹമാണ്ഒരു റേഡിയോ വാങ്ങണമെന്നത്. അപ്പന്‍
അതിന്ന് സമ്മതിക്കില്ല. വലിയപ്പന്‍ വാങ്ങി തരുന്നത് പോലെ കൊണ്ടു വന്ന് തന്നാല്‍ മതി . അപ്പനോട് അങ്ങിനെ പറയുകയും 
വേണം.

ഇങ്ങിനെ ഒരു മോഹം മനസ്സില്‍ വെച്ചിട്ട് എന്താണ്ടി മകളെ നീ ഈ വലിയപ്പനോട് ഇതുവരെ പറയാഞ്ഞത് എന്ന് ചാമി ചോദിച്ചു. വെറുതെ നറുക്ക് നഷ്ടത്തില്‍ വിളിക്കാനൊന്നും പോണ്ടാ എന്ന് ഉപദേശിക്കുകയും ചെയ്തു.

പാടത്ത് അടിവളം ഇടാനുണ്ട്. പിന്നെ പണിയൊന്നും ഇല്ല. പാലക്കാട് വരെ ചെന്ന് കുട്ടിക്ക് സാധനം വാങ്ങി കൊടുക്കണം എന്ന് ഉറപ്പിച്ചു. കാര്യസ്ഥന്‍ നായര്‍ വരാനൊന്നും കാത്തില്ല. കളപ്പുരയില്‍ ചെന്ന് വളച്ചാക്കും മുറവും എടുത്ത് പാടത്തേക്കിറങ്ങി.

പൊടിയിട്ട് കഴിഞ്ഞ് കഴായകള്‍ കെട്ടി തൂപ്പ് കുത്തി. വളം ഇട്ടിട്ടുണ്ട്, തുറക്കരുത് എന്ന് ആളുകളെ അറിയിക്കാന്‍ ചെയ്യുന്ന പണിയാണ് കഴായ കെട്ടിയതിന്ന് മുകളിലായി തൂപ്പ് കുത്തുന്നത്. പണി തീര്‍ത്തതും കയത്തില്‍ ഇറങ്ങി കുളിച്ചു.

ബസ്സ് കത്തു നില്‍ക്കുമ്പോള്‍ വേലപ്പന്‍ വരുന്നു. ' എവിടേക്കാ നീ പോണത് ' എന്ന് ചാമി ചോദിച്ചു. വേലപ്പന് പാലക്കാട്ടങ്ങാടിയില്‍ ചെന്ന് ഒരോ ചാക്ക് കടലപ്പിണ്ണാക്കും ഗോതമ്പ് തവിടും വാങ്ങിക്കണം. വണ്ടിക്കാരന്‍ ചന്ദ്രനെ ഏല്‍പ്പിച്ചാല്‍ 
സാധനം വീടെത്തും. സകല ചിലവും കഴിഞ്ഞാലും നാട്ടില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ വല്ലതും ലാഭം കിട്ടും.

പാലക്കാട് എത്തിയതും ചാമിക്ക് ഹോട്ടലില്‍ കയറി ആഹാരം വല്ലതും കഴിക്കണം. 'എന്തിനാ വെറുതെ പണം കളയുന്നത് ' എന്നായി വേലപ്പന്‍. ' നീ മിണ്ടാതിരിക്ക്. തിന്നാതെ കുടിക്കാതെ ഉണ്ടാക്കീട്ട് ചത്ത് പോവുമ്പൊ കൂടെ കൊണ്ടു പോക്വോ ' എന്നും പറഞ്ഞ് ചാമി വേലപ്പനേയും
കൂട്ടി ഹോട്ടലില്‍ കയറി.

വലിയങ്ങാടിയിലേക്ക് വേലപ്പനോടൊപ്പം ചാമിയും ചെന്നു. പിണ്ണാക്കും തവിടും ബില്ലാക്കി കാശ് കൊടുത്ത് ചന്ദ്രനെ ഏല്‍പ്പിച്ചു.
' ഇനി എന്താ നിനക്ക് പരിപാടി എന്ന് വേലപ്പനോട് ചോദിച്ചപ്പോള്‍ തനിക്ക് ഒന്നും ചെയ്യാനില്ല എന്നയാള്‍ ചാമിയെ അറിയിച്ചു.' എന്നാല്‍ എന്‍റെ കൂടെ വാ ' എന്നും പറഞ്ഞ് ചാമി വേലപ്പനെ കൂട്ടി നടന്നു.

വേലപ്പന്‍ റേഡിയോ കടയില്‍ കയറിയത് ഒരു അമ്പരപ്പോടെയാണ്. എന്താണ് ഉദ്ദേശം എന്ന് ചാമി ആ നിമിഷം വരെ പറഞ്ഞിരുന്നില്ല. പല വിധത്തിലും തരത്തിലും ഉള്ള റേഡിയോകള്‍ നിരത്തി വെച്ചത് കണ്ട്കണ്ട് അയാള്‍ അന്ധാളിച്ച് നിന്നു.
' നമുക്കെന്താ ഇവിടെ കാര്യം ' എന്ന് ചാമിയോട് ചോദിച്ചു.

ചാമി 'വാങ്ങാന്‍ തന്നെ ' എന്ന മറുപടിയിലൊതുക്കി.

സെയില്‍സ് മാന്‍ പറഞ്ഞ സാങ്കേതിക കാര്യങ്ങള്‍ ഇരുവര്‍ക്കും മനസ്സിലായില്ല. ബാറ്ററിയില്‍ പാടുന്നത് വേണം , നല്ല ഒച്ച
കേള്‍ക്കണം എന്നേ ചാമി ആവശ്യം ഉന്നയിച്ചുള്ളു. പീടികക്കാരന്‍ പ്രവര്‍ത്തിപ്പിച്ച് കാണിച്ച പ്പോള്‍ സാകൂതം നോക്കി നിന്നു.
പണം കൊടുത്ത് സാധനം വാങ്ങി വെളിയില്‍ എത്തിയപ്പോള്‍ ' എന്തിനാണ് ഇത് വാങ്ങിയത് ' എന്ന് വേലപ്പന്‍ ചോദിച്ചു.

' എന്‍റെ ലക്ഷ്മിക്കുട്ടിക്ക് കൊടുക്കാന്‍ '.

' പെണ്ണിന്‍റെ കൂട്ടം കേട്ട് ഓരോന്നൊക്കെ വാങ്ങി കൊടുത്ത് നീ അതിനെ കേട് വരുത്തും '.

' അവള് കേടൊന്നും ആവില്ല. മഹാലക്ഷ്മിയാണ് അവള്‍ '.

' കെട്ടിച്ച് വിടേണ്ട പെണ്ണാണ്അത്. എങ്ങിന്യാ പത്തുറുപ്പിക ഉണ്ടാക്കി ഒരുത്തന്‍റെ കയ്യില്‍ പിടിച്ച് കൊടുക്വാ എന്ന
വേവലാതിയിലാണ് ഞാന്‍ '.

' അത് വിചാരിച്ച് നീ ബേജാറാവണ്ടാ. ജീവനോടെ ഞാന്‍ ഇരുന്നാല്‍ മതി . അവളെ കെട്ടിച്ച് വിടാനുള്ള മുതലൊക്കെ എന്‍റേലുണ്ട്. കല്യാണം ഒറപ്പിച്ചാല്‍ ഞാന്‍ അതൊക്കെ വില്‍ക്കും. അഞ്ച് പറ പൊറ്റ കണ്ടവും ഒരു പുരയും വിറ്റാല്‍ കൈ നെറയെ പണം വരും . കുട്ടീനെ ചന്തം പോലെ കെട്ടിച്ച് വിടും ചെയ്യും. കണ്ടൂം കൃഷീം ഉണ്ടായിട്ടും  ഇന്നും ഞാന്‍ കൂലി പണിക്ക് പോണില്ലേ. അതൊക്കെ വിറ്റ്പോയാലും പണിയെടുത്ത് സുഖമായി കഴിയും  '.

മകളുടെ കാര്യത്തില്‍ ചാമിക്കുള്ള താല്‍പ്പര്യം വേലപ്പന്‍റെ മനസ്സില്‍ കൊണ്ടു.' നീ വലിയപ്പനല്ലേ. ഇഷ്ടം പോലെ ചെയ്തോ. ഞാനൊന്നും പറയിണില്ല ' എന്നും പറഞ്ഞ് വേലപ്പന്‍ കീഴടങ്ങി.

ജനത്തിരക്കിലലിഞ്ഞ് അവര്‍ ബസ്സ് സ്റ്റാന്‍ഡിലേക്ക് നീങ്ങി.

2 comments:

  1. അങ്ങനെ രണ്ടു അധ്യായങ്ങളും ഒറ്റ അടിക്കു വായിച്ചു!! ബുധിമുട്ടിക്കുകയല്ല, എന്നാലും ഇങ്ങനെ അടുത്തടുത്ത്‌ പോരട്ടെ അദ്ധ്യായങ്ങള്‍.. ഒരു വായനക്കാരന്റെ അത്യാഗ്രഹമായി കരുതിയാല്‍ മതി.. ആശംസകള്‍!!

    ReplyDelete