Tuesday, January 26, 2010

അദ്ധ്യായം.44.

വെയിലും മഴയുമായി കര്‍ക്കിടകം ഇഴഞ്ഞു നീങ്ങി. കര്‍ക്കിടകത്തില്‍ പത്ത് വെയില് എന്ന് പറഞ്ഞിട്ട് മഴ വിട്ട ദിവസം 
ഉണ്ടായിട്ടില്ലെന്ന് എഴുത്തശ്ശന്‍ പരാതി പറഞ്ഞു. 'ഇനി പതിനെട്ടാം പെരുക്കത്തിന്ന് നിങ്ങള് നോക്കിക്കോളിന്‍, അന്ന് പതിനെട്ട് വെയിലും പതിനെട്ട് മഴയും ഉണ്ടാവും'.

വേണു മഴക്കാലം ശരിക്കും ആസ്വദിക്കുകയായിരുന്നു. രാവിലെ എഴുന്നേറ്റാല്‍ ഉമ്മറത്ത് വന്നിരിക്കും. തോന്നുമ്പോള്‍ അമ്പലക്കുളത്തില്‍ ചെന്ന് കുളിക്കും. എങ്ങോട്ടും പോവാനില്ല, ഒന്നും ചെയ്യാനും. ഉള്ള നേരം പത്രം വായനയും ഉറക്കവും.

എഴുത്തശ്ശന്‍ വണ്ടിപ്പുരയില്‍ വല്ലപ്പോഴുമേ ചെല്ലാറുള്ളു. കന്നുകള്‍ക്ക് വൈക്കോല്‍ ഇട്ടു കൊടുത്താല്‍ അടുത്ത നിമിഷം 
കളപ്പുരയിലെത്തും.

ചാമിയാണ് ആകെ മാറിയത്. കാലത്ത് വീട്ടിലൊന്ന് ചെല്ലും. തിരിച്ചു വരുന്ന വരവില്‍ രാവിലത്തെ ഭക്ഷണം നാണു നായരുടെ വീട്ടില്‍ ചെന്ന് വാങ്ങും. ഉച്ച ഭക്ഷണത്തിന്നാണ് അടുത്ത യാത്ര. വൈകുന്നേരം പോയാല്‍ ആയി. അല്ലെങ്കിലോ കളപ്പുരയില്‍ തന്നെ കൂടും.

'എനിക്ക് വിശ്വസിക്കാന്‍ പറ്റുണില്യാ, നീ ചാമി തന്ന്യാണോ' എന്ന് എഴുത്തശ്ശന്‍  ചാമിയുടെ മുഖത്ത് നോക്കി ചോദിച്ചു. 'നീ ആള് അത്രയ്ക്ക് മാറിയിട്ടുണ്ട് ട്ടോ'. മദ്യപാനം നിര്‍ത്തി. ആരോടും വഴക്കിനും വയ്യാവേലിക്കും പോവാറില്ല. പാടത്തും 
തോട്ടത്തിലും പണി ചെയ്യും, അതുകഴിഞ്ഞാല്‍ കളപ്പുരയില്‍ എത്തി വേണുവിനോടും എഴുത്തശ്ശനോടും സംസാരിച്ചിരിക്കും. വേലപ്പന്നും കല്യാണിക്കും തോന്നിയ സന്തോഷത്തിന്ന് അതിരില്ല.

'മുതലാളി എന്ത് ചെയ്തിട്ടാണാവോ ഇവനെ ഒതുക്കി എടുത്തത്' എന്ന് വേലപ്പന്‍ ഇടക്ക് ഓര്‍ക്കും. ഒരു കച്ചറക്കും പോകാതെ അടങ്ങി ഒതുങ്ങി ഇത്ര കാലം അവന്‍ കഴിഞ്ഞിട്ടില്ല.

മഴ വക വെക്കാതെ പെണ്ണുങ്ങള്‍ കളവലിക്ക് എത്തി. പണിയെടുക്കുന്നത് നോക്കി നില്‍ക്കാന്‍ ചിലപ്പോള്‍ ചാമി വേണുവിനെ ക്ഷണിക്കാറുണ്ടെങ്കിലും അതൊക്കെ ചാമി ശ്രദ്ധിച്ചാല്‍ മതി എന്നും പറഞ്ഞ് വേണു ഒഴിഞ്ഞ് മാറും. കാര്യസ്ഥന്‍ രാമന്‍ നായര്‍ 
കാലത്ത് ഒന്ന് മുഖം കാണിച്ച് തിരിച്ചു പോകും.

'അതേ, ഇങ്ങിനെ അനങ്ങാതെ ഒരു ബൊമ്മ പോലെ കുത്തിയിരുന്നാല്‍ തടി പൂതല് പിടിക്കും. അതോണ്ട് വരമ്പത്ത് കൂടി പത്ത് ചാല് നടക്കണം, പാടത്ത് ചെന്ന് നോക്കണം. ദേഹത്തിന് ഒരു ആയാസം കിട്ടട്ടെ' എന്ന് ഒരു ദിവസം എഴുത്തശ്ശന്‍ വേണുവിനോട് പറഞ്ഞു' ഞാന്‍ പാടത്തേക്ക്പോകുമ്പോള്‍ വിളിക്കും. കൂടെ പോരണം'.

കൈക്കോട്ടുമായി എഴുത്തശ്ശന്‍ എത്തി. കാവി മുണ്ടിന്ന് യോജിച്ച മട്ടില്‍ ഒരു കാവിത്തോര്‍ത്തെടുത്ത് വേണു തോളത്തിട്ടു. വെള്ളം 
വാരാന്‍ തലേന്ന് നിവര്‍ത്തിവെച്ച കുട മടക്കി കയ്യിലും കരുതി. കയത്തം കുണ്ടിന്ന് മുകളിലുള്ള സകല വരമ്പുകളിലൂടേയും 
അവര്‍ രണ്ടുപേരും നടന്നു. ചിനച്ച് കൂടിയ പഞ്ച മണ്ണിനെ പച്ചച്ചേല ചുറ്റിച്ച് സുന്ദരിക്കുട്ടിയാക്കിയിട്ടുണ്ട്.

'കണ്ടില്ലേ, നെല്ല് മുഴുവന്‍ കണ ഉരുണ്ട് കോല്‍ കൊണ്ടു കഴിഞ്ഞു. ഇനി പിട്ടിളാവും. അത് പൊളിഞ്ഞ് കതിര് ചാടാന്‍ 
തുടങ്ങും. പിന്നെ ദിവസം എണ്ണിയാല്‍ മതി. 'മുറി മുപ്പത്, നിര ഇരുപത്, പഴം പത്ത് എന്നൊക്കെയാ പഴമക്കാര് പറയാറ്'. വേണു എല്ലാം മൂളി കേട്ടു.

'കൊയ്ത്ത് കഴിഞ്ഞാല്‍ എന്താ ഉദ്ദേശം' എഴുത്തശ്ശന്‍ ചോദിച്ചു.

'എന്താ, എനിക്കൊന്നും അറിയില്ല'.

'അപ്പൊ നെല്ല് വില്‍ക്കണ്ടെ . നെരക്കെ കൊയ്ത്തായാല് നെല്ലിന് വില കിട്ടില്ല. ഒന്നുകില്‍ എല്ലാവരും കൊയ്ത്ത് തുടങ്ങും മുമ്പ് നമ്മള് കൊയ്ത് അപ്പഴക്കപ്പഴേ വിക്കണം. അങ്ങിന്യാണെച്ചാല്‍ ഉണക്കണ്ട പാടില്ല. നെല്ല് പിടുത്തക്കാര്‍ക്കും സന്തോഷാവും. അവര്‍ക്ക് തൂക്കം കിട്ട്വോലോ'.

കൈക്കോട്ട് കൊണ്ട് വരമ്പിലെ കള്ളംപോട് എഴുത്തശ്ശന്‍ വെട്ടിയടച്ചു.

'അപ്പൊ എന്താ പറഞ്ഞത്. നെല്ല് കൊടുക്കുന്ന കാര്യം. നമുക്ക് ഇക്കുറി നേരത്തെ കൊയ്യാന്‍ പറ്റുംന്ന് തോന്നുണില്ല. കൊയ്ത്ത് കഴിഞ്ഞ് രണ്ട് മാസം കഴിയട്ടെ. വിലയ്ക്ക് ഒരു നെലവരം വരും. എന്നിട്ട് വില്‍ക്കാം'.

വേണു ഒന്നും പറഞ്ഞില്ല.

'എന്താ നെല്ല് വിറ്റ് കാശാക്കണ്ടേ'.

'അതൊക്കെ ഓപ്പോള് എന്താ വേണ്ടത്ച്ചാല്‍ ചെയ്തോട്ടെ, ഞാന്‍ ഒന്നിനും പോണില്ല'.

ഈ വിദ്വാന്‍ എന്താ ഇങ്ങിനെ എന്ന് എഴുത്തശ്ശന് തോന്നി. സ്വന്തം മുതലിനെ കുറിച്ച് ഒരു ചൂടും പാടും ഇല്ലാത്തയാള്‍.

'ഇനി ഞാന്‍ പോയി കുറച്ച് വായിച്ചോട്ടെ' എന്നും പറഞ്ഞ് വേണു കളപ്പുരയിലേക്ക് ചെന്നു.

മദിരാശിയില്‍ നിന്ന് വന്ന പാര്‍സല്‍  കെട്ടഴിക്കാതെ കിടപ്പുണ്ട്. ഇനി അവിടെ കുറെ പുസ്തകങ്ങള്‍ കൂടി വരാനുണ്ട്. ഒരു പ്രാവശ്യം കൂടി മദിരാശിയില്‍ ചെന്ന് അതൊക്കെ അയപ്പിക്കണം. ചാമി വന്നിട്ട് പാര്‍സല്‍ അഴിച്ച് അടുക്കി വെക്കണമെന്നും ഉറച്ചു. 

വേണു പത്രങ്ങളും കണ്ണടയും എടുത്തു. തോളിലിട്ട തോര്‍ത്തു മുണ്ട് തിണ്ടില്‍ വിരിച്ച് പത്രങ്ങളിലൂടെ കണ്ണോടിച്ചു കിടന്നു. വായനക്കിടയില്‍ എപ്പോഴോ മയങ്ങി.

'ആരൂല്യേ ഇവിടെ' എന്നൊരു ചോദ്യം കേട്ടപ്പോള്‍ ഉണര്‍ന്നു.

മുറ്റത്ത് ഒരു സ്ത്രി നില്‍ക്കുന്നു. പച്ച നിറത്തിലുള്ള ചേലയും ജാക്കറ്റും. വെളുത്ത മുടിയിഴകള്‍ കെട്ടി വെച്ചിട്ടുണ്ട്. നെറ്റിയില്‍ 
മുടി ചീകിയത്തിന്‍റെ നടുവിലായി കുങ്കുമം തൊട്ടിട്ടുണ്ട്. കയ്യിലെ ചാക്ക് സഞ്ചിയില്‍ എന്തോ ഉണ്ട്. കുലീനമായ രൂപവും 
ഭാവവും.

'എന്താ' വേണു എഴുന്നേറ്റിരുന്നു.

'ഇവിടുത്തെ മുതലാളിയെ കാണാനാണ്' ആ സ്ത്രി പറഞ്ഞു 'വല്ലതും സഹായം ചോദിക്കണം'.

കിട്ടുണ്ണി മാസ്റ്ററെ കണ്ട് എന്തെങ്കിലും ചോദിക്കാമെന്ന് കരുതി അയാളുടെ വീട്ടില്‍ ചെന്നപ്പോള്‍ ഇക്കരെ കളപ്പുരയില്‍ ഒരു തമ്പുരാന്‍ 
താമസം തുടങ്ങിയിട്ടുണ്ടെന്നും, ആള്‍ ധര്‍മ്മിഷ്ടനാണെന്നും, അവിടെ ചെന്ന് ചോദിച്ചാല്‍ സഹായം കിട്ടുമെന്നും അയാള്‍ പറഞ്ഞത് കേട്ട് ഇങ്ങോട്ട് വന്നതാണെന്ന് അവര്‍ പറഞ്ഞു. വേണുവിന്ന് എന്തോ വല്ലാത്ത ഒരു അസഹ്യത തോന്നി. ഇവനെന്തിനാണ് തന്നെ പറ്റി ഇങ്ങിനെയൊക്കെ പറയുന്നത്.

'ഈ തിണ്ടില് തമ്പുരാന്‍ വരുന്നത് വരെ ഇത്തിരി ഇരുന്നോട്ടെ 'ആ സ്ത്രീ ചോദിച്ചു' കയ്യും കാലും കുഴഞ്ഞിട്ട് വയ്യാ. വയസ്സ് എഴുപത്തി നാല് കഴിഞ്ഞു. ഗതികേടിന്‍റെ വലുപ്പം കൊണ്ട് അലയേണ്ടി വരുന്നു എന്നേയുള്ളു'.

വേണു സമ്മതിച്ചു.

'ഇത്തിരി എന്തെങ്കിലും കുടിക്കാന്‍ തര്വോ, സംഭാരോ അത് മാതിരി എന്തെങ്കിലും. ഒന്നൂല്യാച്ചാല്‍ പച്ച വെള്ളം ആയാലും മതി'.

കാപ്പി വെച്ചു തരാമെന്ന് പറഞ്ഞ് വേണു എഴുന്നേറ്റ് ചെന്ന് സ്റ്റൌ കത്തിച്ച് വെള്ളം വെച്ചു. തിരികെ ഉമ്മറത്ത് വന്നിരുന്നു.

'ചോദിക്കുന്നതോണ്ട് ഒന്നും തോന്നരുതേ. ഈ തമ്പുരാന്‍ ആളെങ്ങിനെയാ. കിട്ടുണ്ണി മാഷെ പോലെ മൊരടനാണോ ആള്'.

വേണു ഒന്ന് ചിരിച്ചു. പുതിയ താമസക്കാരന്‍ താനാണെന്നും വേറൊരു തമ്പുരാന്‍ ഇവിടെ ഇല്ലെന്നും അയാള്‍ പറഞ്ഞു.

'എന്നെപ്പോലെ വയസ്സായ ഒരു സ്ത്രീയെ പറഞ്ഞു പറ്റിച്ചിട്ട് അവന് എന്താ ഗുണം. പട്ടപ്പുര കണ്ടപ്പോഴേ എനിക്ക് തോന്നി, പൊളിയാണ് ആ മഹാപാപി പറഞ്ഞത് എന്ന്'.

വേണു ഒരു പാത്രത്തില്‍ കാപ്പി കൊണ്ടു വന്നു കൊടുത്തു. വൃദ്ധ അത് ഊതി കുടിച്ചു തുടങ്ങി.

'നോക്കൂ, ഇങ്ങിനെ തെണ്ടി കഴിഞ്ഞു കൂടേണ്ടി വരും എന്ന് സ്വപ്നം കണ്ടിട്ടും കൂടി ഇല്ല. എങ്ങിനെ കഴിഞ്ഞതാ. തലേലെ വര നന്നായില്ല. അതില് ഒരു വെട്ട് വീണൂ'.

ദുഃഖങ്ങളുടെ ഒരു കെട്ട് അവര്‍ അഴിച്ചിട്ടു. വേണു അതില്‍ മുഴുകി.

വലിയ ഭൂപ്രഭുവിന്‍റെ ഭാര്യയായിട്ട് വന്നതാണ് പാര്‍വതി അമ്മാള്‍. സ്വര്‍ഗ്ഗതുല്യമായ ജീവിതം. എന്തിനും ഏതിനും 
പരിചാരികമാര്‍. പൊന്നിലും പട്ടിലും പൊതിഞ്ഞ വെച്ച കാഴ്ച വസ്തുവായി കഴിഞ്ഞു.

'പാര്‍വതി അമ്മാള്‍ അല്ല, സാക്ഷാല്‍ പരമ ശിവന്‍റെ പത്നി പാര്‍വതിയാണ് എന്നാണ് എല്ലാരും പറഞ്ഞിരുന്നത്. അത്രക്ക് അഴകായിരുന്നു. പോയ കാലത്തിലെ അനുഭൂതികളിലേക്ക് പാര്‍വതി അമ്മാള്‍ കടന്നു ചെല്ലുകയാണ്.

വെങ്കിടാചലപതി അയ്യര്‍ എന്നാണ് ഭര്‍ത്താവിന്‍റെ പേര്. മണിസ്വാമി എന്നേ ആളുകള്‍ വിളിക്കാറുള്ളു. കണ്ടാല്‍ രാജകുമാരനെ പോലെ ഉണ്ടാവും. എത്ര സ്വത്തുണ്ട്, എന്ത് വരുമ്പടി ഉണ്ട് എന്നൊന്നും ആ കാലത്ത്അറിഞ്ഞിട്ടില്ല. കാലാകാലത്ത് പാട്ടക്കാര് കാളവണ്ടിയില്‍ പാട്ടനെല്ല് എത്തിക്കും. അതിന്‍റെ കണക്കൊക്കെ കാര്യസ്ഥന്മാരാണ്നോക്കാറ്. കഷ്ടപ്പെട്ട് വരുന്നോരെ ഒന്നും 
കൊടുക്കാതെ അയക്കരുത് എന്നാ ചട്ടം.

സഹായം അഭ്യര്‍ത്ഥിച്ച് വരുന്നവരും ഉത്സവ നടത്തിപ്പുകാരും എന്തെങ്കിലും ചെയ്യുന്നതിന്ന് മുമ്പ് കണ്ട് അനുവാദം 
ചോദിക്കാനെത്തുന്നവരുമായി എന്നും മഠത്തിന്ന് മുമ്പില്‍ തിരക്കാണ്. ശാസ്താപ്രീതിക്കും തേരിനും ഒക്കെ മുമ്പനായിട്ട് അദ്ദേഹം 
വേണമെന്നാണ് എല്ലാവരും ആഗ്രഹം പറയാറ്. അറിഞ്ഞു കൊണ്ട് ഒരാള്‍ക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്നിട്ടും ഇങ്ങിനെ ഒരു വിധി വന്നില്ലേ.

നിയമം മാറി. സ്വത്തുകളെല്ലാം അന്യാധീനപ്പെട്ടു പോയി. അത്തരത്തിലൊരു മാറ്റം പ്രതീക്ഷിക്കാത്തതിനാല്‍ ഒന്നും സൂക്ഷിച്ച് വെച്ചില്ല. വരുമാനം നിലച്ചതോടെ ആര്‍ഭാടം നിന്നു. ഉള്ളത് വിറ്റും പിടിച്ചും കുറച്ച് കാലം പിടിച്ചു നിന്നു. പിന്നെ തീരെ കഴിവില്ലാതായി. ആരെങ്കിലും സഹായിച്ചില്ലെങ്കില്‍ ജീവിച്ചു പോകാന്‍ തീരെ പറ്റാത്ത അവസ്ഥയിലെത്തി. അധികം താമസിയാതെ സ്വാമി വാതം പിടിപെട്ട് കിടപ്പിലായി. നല്ല കാലത്ത് കൂടെ നിന്നവര്‍ തിരിഞ്ഞു നോക്കാതായി. ഇപ്പോള്‍ ഇതാ പിച്ചപ്പാത്രം 
കയ്യിലെടുത്ത് കയ്യും നീട്ടി ഇരക്കുന്നു.

അവര്‍ കണ്ണീരൊപ്പി. സ്വത്തൊക്കെ എടുത്ത് ആര്‍ക്ക് വേണമെങ്കിലും കൊടുത്തോട്ടെ. എന്തിനാ ഏറെ സ്വത്തും മുതലും. പക്ഷെ നിയമം  കൊണ്ടു വന്ന് ഭൂമി കൈവശക്കാരന്ന് കൊടുക്കുമ്പോള്‍ ഉടമസ്ഥന്ന് ജീവിക്കാന്‍ കുറച്ചെങ്കിലും നീക്കി വെക്കണ്ടേ. കൈവശം 
വെക്കാനുള്ള ഭൂമി ഇത്രേ പാടൂ എന്ന് നിയമം കൊണ്ടുപ്പോള്‍ അതെങ്കിലും ഉടമക്ക് മാറ്റി വെക്കണ്ടേ. അല്ലാതെ ഒരുത്തന്‍റെ കയ്യിലുള്ളത് മുഴുവന്‍ എടുത്ത് മറ്റൊരുത്തന്ന് കൊടുക്കുന്നതില്‍ എന്താ ന്യായം. ഏതോ രാജ്യത്ത് പ്രഭുക്കന്മാരെ കൊന്നിട്ട് അവരുടെ സ്വത്ത് മറ്റുള്ളവര്‍ക്ക് വീതിച്ചു കൊടുത്തു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതാ ഇതിലും ഭേദം.

ഒരു ജന്മത്തില്‍ തന്നെ പല ജന്മം എന്ന് കേട്ടിട്ടില്ലേ. ശരിക്കും അതാ എന്‍റെ ജീവിതം. സ്വാമിക്ക് മരുന്ന് വാങ്ങി കൊടുക്കണം. അതിന്ന് പറ്റാറില്ല. വയറ്വിശക്കുമ്പോള്‍ വല്ലതും കൊടുക്കണ്ടേ. അതിനും കൂടി വഴിയില്ല.

വേണു ആ സ്ത്രീയുടെ നിസ്സഹായാവസ്ഥയെ കുറിച്ചോര്‍ത്ത് വേദനിച്ചു.

'നിവൃത്തി ഉണ്ടെങ്കില്‍ ഒരു പത്തുറുപ്പിക തന്ന് സഹായിക്കണം. അല്ലെങ്കില്‍ ഉള്ളത് മതി'.

അകത്ത് ചെന്ന് വേണു ബാഗില്‍ നിന്ന് നൂറിന്‍റെ ഒരു നോട്ട് എടുത്ത് പുറത്ത് വന്നു.

'തല്‍ക്കാലം ഇത് വെച്ചോളൂ. എന്നെക്കൊണ്ട് പറ്റുന്നത് എപ്പോഴും ചെയ്യാം' എന്നും പറഞ്ഞ് അത് പാര്‍വതി അമ്മാള്‍ക്ക് കൊടുത്തു

വിശ്വാസം വരാത്ത മട്ടില്‍ അവര്‍ ആ നോട്ടിലേക്കു തന്നെ നോക്കി.

'ധര്‍മ്മിഷ്ടനാണ് എന്ന് പറഞ്ഞത് എത്ര ശരിയാണ്. പട്ടപുരയില്‍ കഴിഞ്ഞാലും തമ്പുരാന്‍ തമ്പുരാന്‍ തന്നെ. കുപ്പേല് കിടന്നാലും 
മാണിക്യം മാണിക്യമല്ലാതാവില്ലല്ലോ '.

'കുന്നത്ത് വെച്ച വിളക്ക് പോലെ എപ്പൊഴും തെളിഞ്ഞ് ഇരിക്കട്ടെ' എന്ന് അനുഗ്രഹിച്ച് പാര്‍വതി അമ്മാള്‍ നടന്നകന്നു. കണ്ണില്‍ 
നിന്ന് മറയുന്നത് വരെ വേണു ആ സാധു സ്ത്രീയെ നോക്കിയിരുന്നു.

*************************************************************************************

ഭക്ഷണം വാങ്ങാന്‍ പോവാറുള്ള നേരത്താണ് ചാമി വന്നത്. വേണു അപ്പോഴേക്കും പാര്‍സല്‍ അഴിച്ചു കഴിഞ്ഞിരുന്നു.

ശംഖ് കൊണ്ടുള്ള കുറെ കാഴ്ച വസ്തുക്കളും മാലകളും മൂന്ന് റേഡിയോകളും ആണ് അതിനകത്ത് ഉണ്ടായിരുന്നത്.

ചാമിക്ക് ഏറെ അത്ഭുതം തോന്നി. റേഡിയോ കൊണ്ടു വന്നത് മനസ്സിലാക്കാം. പക്ഷെ ഈ കണ്ണില്‍ കണ്ട കച്ച്രാണ്ടിയൊക്കെ കൊണ്ടു വരേണ്ട വല്ല കാര്യവുമുണ്ടോ. അവന്‍ അത് ചോദിക്കുകയും ചെയ്തു.

തനിക്ക് അതിനോടുള്ള വൈകാരികമായ അടുപ്പം എന്താണെന്ന് അവന് അറിയില്ലല്ലോ. എന്നെങ്കിലും വേണ്വോട്ടന്‍ കന്യാകുമാരീല് പോവുമ്പോള്‍ ശംഖുമാലയും കൌതുക വസ്തുക്കളും വാങ്ങി കൊണ്ടു വന്ന്തരണമെന്ന് മാലതി പറഞ്ഞിരുന്നു. അവള്‍ ജീവികുമ്പോള്‍ അതിന്ന് കഴിഞ്ഞില്ല. പിന്നീട് എത്രയോ കാലം കഴിഞ്ഞ് അവിടെ ചെന്നപ്പോള്‍ ഓര്‍മ്മിച്ച് വാങ്ങിയതാണ്, ഒരിക്കലും 
അവള്‍ക്ക് കൊടുക്കാന്‍ ആവില്ലെന്ന അറിവോടു കൂടി തന്നെ.

'വളരെ വേണ്ടപ്പെട്ട ഒരാള്‍ക്ക് കൊടുക്കാന്‍ വാങ്ങിയതാണ്' എന്നും പറഞ്ഞ് വേണു ഒഴിഞ്ഞു മാറി.

മൂന്ന് റേഡിയോകളില്‍ ഒന്ന് കറണ്ടില്‍ പ്രവര്‍ത്തിക്കുന്നതാണ്. അതുകൊണ്ട് പ്രയോജനം ഇല്ല. മറ്റുള്ളവയില്‍ ഒന്ന് വലും ഒന്ന് തീരെ ചെറുതും. ചാമി അവ കയ്യില്‍ എടുത്തു നോക്കി.

'വേണച്ചാല്‍ ഒന്ന് എടുത്തോളൂ' എന്ന് വേണു പറഞ്ഞു.

'നല്ല കഥ്യായി. കുറുക്കന് ആമേ കിട്ടിയ മാതിരിയാവും എനിക്കിത് കിട്ട്യാല്‍ 'ചാമി പറഞ്ഞു' നമുക്ക് ഒന്ന് വേണച്ചാല്‍ നാണു നായരുടെ മകള്‍ക്ക് കൊടുക്കാം'.

അത് നല്ല ആശയമാണെന്ന് വേണുവിന് തോന്നി. 'ചെറുത് ഇവിടെ വെച്ചിട്ട് വലുത് കൊണ്ടു പോയി അവര്‍ക്ക് കൊടുത്തോളൂ' എന്നയാള്‍ പറഞ്ഞു.

കാലി പാത്രങ്ങളുമായി ഭക്ഷണത്തിന്ന് ചെല്ലുമ്പോള്‍ , ചാമിയുടെ കയ്യില്‍ സരോജിനിക്ക് അമ്പരപ്പ് ഉണ്ടാക്കുന്ന ഒരു സമ്മാനം 
ഉണ്ടായിരുന്നു.

4 comments:

 1. ഒരു നല്ല ദിവസം ആണല്ലോ ഇന്ന്.. രണ്ട്ട് അധ്യായങ്ങളും ഒറ്റ അടിക്ക് വായിച്ചു. ഞാന്‍ ഇപ്പൊ ഇവരുടെ ഒക്കെ കൂടെ ജീവിക്കുന്നത് പോലെ ഉള്ള ഒരു തോന്നല്‍. അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..

  ReplyDelete
 2. സരോജിനിക്കു സന്തോഷമായിട്ടുണ്ടാവുമല്ലോ!

  ReplyDelete
 3. ശ്രീ മൂലന്‍,
  Typist / എഴുത്തുകാരി,
  പ്രോത്സാഹനങ്ങള്‍ക്ക് നന്ദി. ഒന്നിച്ച് നാല് അദ്ധ്യായങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
  Palakkattettan.

  ReplyDelete
 4. വായനതുടരുന്നു

  ReplyDelete