Monday, January 17, 2011

നോവല്‍ - അദ്ധ്യായം - 117.

' വേണ്വോ. നീ വന്നിട്ട് ഒന്നും കൂടി ചോദിച്ചിട്ടുവേണം എന്താ വേണ്ടേന്ന് തീരുമാനിക്കാന്‍ എന്നും വിചാരിച്ച് ഇരിക്ക്യായിരുന്നു '.

കളപ്പുരയില്‍ എഴുത്തശ്ശനും വേണുവും മാത്രമേയുള്ളു. ഉറക്കമുണര്‍ന്ന് വേണു മുഖം കഴുകി ഉമ്മറതിണ്ടില്‍
വന്നിരുന്നതാണ്.

' എന്താ അമ്മാമേ ' വേണു ചോദിച്ചു.

' നീ നാണുനായരുടെ മകള്‍ക്ക് ഒരു സംബന്ധാലോചന കൊണ്ടു വന്നിരുന്നല്ലോ. ഇത്ര ദിവസൂം ഞാന്‍ ആ
കാര്യം അയാളോട് പറഞ്ഞിട്ടില്ല '.

' അതെന്താ അമ്മാമേ '.

' ഞാന്‍ പറഞ്ഞില്ലേ. നീ വന്നിട്ട് ഒന്നും കൂടി ചോദിച്ചിട്ട് ആവാമെന്ന് കരുതീട്ടാണെന്ന് '.

രണ്ടാം കെട്ടുകാരന്‍റെ കാര്യം അമ്മാമയ്ക്ക് ഇഷ്ടപ്പെടാഞ്ഞിട്ടാണോ എന്ന് വേണു സംശയിച്ചു.

' രാമുവിന്‍റെത് രണ്ടാമത്തെ ബന്ധം ആണെന്ന് വിചാരിച്ചിട്ടാണോ ' അയാള്‍ ചോദിച്ചു.

' ഹേയ്, അതൊന്ന്വൊല്ല. നിന്‍റെ മനസ്സില് എന്താണ് എന്ന് അറിയാന്‍ വേണ്ടീട്ടാ '.

' സരോജിനിക്ക് നല്ലത് വരണം. അതേ എനിക്കുള്ളു '.

' അത് എനിക്ക് മനസ്സിലായി. നിനക്കും നല്ലത് വരണ്ടേ. അതാ ഞാന്‍ ആലോചിക്കുന്നത് '.

' എനിക്ക് ഇപ്പോഴെന്താ കുഴപ്പം '.

' ഇപ്പോ ഒരു തകരാറും ഇല്ല. നാളെ മേലാല് പ്രായം ആയി വയ്യാതാവുമ്പോള്‍ നിനക്കും വേണ്ടേ ഒരു തുണ.
അതിന്ന് പറ്റിയ കുട്ടിയാണ് അവള് '.

വേണു ഒന്നും പറഞ്ഞില്ല.

' മനസ്സിലുള്ളത് തുറന്ന് പറയണം. നിനക്ക് അവളെ ഇഷ്ടമല്ലേ '.

' എന്‍റെ മനസ്സ് തുറന്ന് കാട്ടാന്‍ പറ്റില്ലല്ലോ, സരോജിനിയെ എനിക്ക് എത്ര ഇഷ്ടമുണ്ടെന്ന് കാണിക്കാന്‍. എന്നും
അവളെന്‍റെ അനിയത്തിയാണ് '.

' ഇനി എനിക്ക് ഒന്നും ചോയ്ക്കാനില്ല. ഇന്നെന്നെ ഞാന്‍ നായരോട് പറയാം '.

വെള്ളപ്പാറ കടവില്‍ നിന്ന് രാജന്‍ മേനോനും നാണു നായരും തിരിച്ചു വരുമ്പോഴും എഴുത്തശ്ശന്‍ ഓരോന്ന് ആലോചിച്ച് കളപ്പുരയിലെ തിണ്ടില്‍ ഇരിപ്പാണ്, വേണു പത്രപാരായണത്തിലും.

' ഞങ്ങള് വയസ്സന്മാര് രണ്ടാളും കൂടി ഇത്തിരി നേരം വര്‍ത്തമാനം പറയട്ടെ. നിങ്ങള് വാല്യേക്കാര് ഇവിടെ ഇരുന്നോളിന്‍ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ നാണു നായരേയും കൂട്ടി നടന്നു.

ചേരിന്‍ ചോട്ടില്‍ നിന്ന് എഴുത്തശ്ശന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. എല്ലാം കേട്ട് ഒന്നും പറയാനാവാതെ നില്‍ക്കുകയാണ് നാണു നായര്‍.

' എന്താഹേ. ഇഷ്ടൂല്ലെങ്കില്‍ വെട്ടി തുറന്ന് പറഞ്ഞോളിന്‍. നാളെ മേലാലിക്ക് എന്‍റെ മകളെ കുഴീല്‍ ചാടിച്ചു
എന്ന് പറയാന്‍ പാടില്ല '.

' സന്തോഷാണോ സങ്കടാണോ എന്‍റെ മനസ്സില് എന്ന് പറയാന്‍ പാടില്ല ' നാണു നായര്‍ പറഞ്ഞു ' ഞാന്‍
കൂട്ടീട്ട് കൂടാത്ത കാര്യാണ് ഇത്. എന്‍റെ കണ്ണ് അടയുന്നതിന്ന് മുമ്പ് അവളെ പിടിച്ച് ഒരുത്തന്‍റെ കയ്യില്‍
ഏല്‍പ്പിക്കണം എന്നേ ഉണ്ടായിരുന്നുള്ളു. അത് സാധിച്ചു. എന്നാലും '.

' എന്താ ഒരു എന്നാലും. തൊറന്ന് പറയിന്‍ '.

' വേണ്ടാ. മനസ്സില്‍ ഉണ്ടായ ഒരു മോഹാണ്. അത് അവിടെ തന്നെ കിടന്നോട്ടെ '.

' വായ തുറന്ന് പറയിനേ മനുഷ്യാ. അല്ലാണ്ടെ എങ്ങിന്യാ അറിയ്യാ '.

സരോജിനിയെ വേണുവിന്ന് കല്യാണം കഴിച്ച് കൊടുക്കണം എന്ന മോഹം മനസ്സില്‍ ഉണ്ടായിരുന്നത് നായര്‍ കൂട്ടുകാരനെ അറിയിച്ചു.

' അതിമോഹം ആണെന്ന് തോന്നരുത്. അവന്‍ എന്‍റെ കുട്ട്യാ. അത്രക്ക് ഇഷ്ടാണ് എനിക്കവനെ '.

നാണു നായര്‍ തോര്‍ത്തുമുണ്ടു കൊണ്ട് കണ്ണീരൊപ്പി. എഴുത്തശ്ശന്‍ കൂട്ടുകാരന്‍റെ അടുത്തേക്ക് ചെന്നു. അയാളുടെ വലത്തു കൈ നാണുനായരുടെ തോളിലെത്തി.

' നിങ്ങള്‍ക്ക് മാത്രോല്ല സങ്കടം. എന്‍റെ മനസ്സില് എന്താണെന്ന് നിങ്ങള്‍ക്കറിയ്യോ ' എഴുത്തശ്ശന്‍ പറഞ്ഞു ' ചുട്ട്
പഴുത്തിരിക്ക്യാണ് എന്‍റെ നെഞ്ഞിന്‍ കൂട് '.

വേണുവിനെക്കൊണ്ട് സരോജിനിയെ കല്യാണം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നതും, വേണു ഈ കല്യാണാലോചന കൊണ്ടു വന്നിട്ട് നാളേറെയായിട്ടും പറയാതിരുന്നത് ഒന്നു കൂടി ശ്രമിച്ച് അവന്‍റെ മനസ്സ് മാറ്റാമെന്ന് കരുതിയിട്ടാണെന്നും, ഒടുവില്‍ അത് ഒരിക്കലും നടക്കില്ല എന്ന് ഉറപ്പായതിനാലാണ് ഇപ്പോള്‍ പറയുന്നതെന്നും എഴുത്തശ്ശന്‍ നായരോട് പറഞ്ഞു.

' ആറുമാസം , അത്രേ ആയിട്ടുള്ളു. അതിന്‍റെടേല് അവന്‍ എനിക്ക് വേലായുധന്‍കുട്ട്യേക്കാളും വേണ്ടപ്പെട്ട ആളായി. സത്യം പറഞ്ഞാല്‍ അവനാ ഇപ്പൊ എന്‍റെ മകന്‍. അവനെക്കൊണ്ട് നിങ്ങളുടെ മകളെ കല്യാണം
കഴിപ്പിച്ച് അവരുടെ കൂടെ കഴിഞ്ഞ്, അവര് തരുന്നതും വാങ്ങി കഴിച്ച്, ഒടുക്കം അവരുടെ കയ്യിന്ന് ഓരോ
തുള്ളി വെള്ളം കുടിച്ചിട്ട് കണ്ണടയ്ക്കണം എന്നായിരുന്നു മോഹം. അതൊക്കെ ഇല്ലാണ്ടായി '.

എഴുത്തശ്ശന്‍ നിലത്തിരുന്നു. അയള്‍ കിതയ്ക്കുന്നുണ്ടായിരുന്നു.

' കുറച്ച് കാലായിട്ട് മോളടെ കയ്യോണ്ട് ഉണ്ടാക്കിയത് രുചിയോടെ കഴിക്കാറുണ്ട് ' എഴുത്തശ്ശന്‍ പറഞ്ഞു
' ഇനി പഴേപോലെ കഞ്ഞീം ചമ്മന്തീം ആവും '.

' അത് ഉണ്ടാവില്ല. ഞാന്‍ ജീവനോടെ ഇരിക്കുമ്പൊ നിങ്ങള്‍ക്ക് ആ ഗതികേട് ഉണ്ടാവില്ല ' നാണു നായര്‍
ഉറപ്പ് നല്‍കി.

കയത്തം കുണ്ടില്‍ മുങ്ങിക്കുളിച്ചു വന്ന കാറ്റ് വൃദ്ധന്മാരെ തലോടി.

*=*=*=*=*=*=*=*=*=*=*=*

' ഇവിടെ വാ ' കയത്തം കുണ്ടിന്‍റെ മുഖം മറച്ച് നില്‍ക്കുന്ന കൈതപൊന്തയുടെ ഒഴിവിലൂടെ നടന്നു വരുന്ന
ചാമിയെ എഴുത്തശ്ശന്‍ വിളിച്ചു. നാണു നായര്‍ അയാളുടെ വീട്ടിലേക്ക് പോയതിന്ന് ശേഷവും എഴുത്തശ്ശന്‍
ചേരിന്‍ ചോട്ടില്‍ തന്നെ ഇരിക്കുകയായിരുന്നു. ' ചെന്ന് കേറിയതും ഇതൊന്നും ആ പെണ്‍കുട്ടിയോട് എഴുന്നള്ളിക്കരുത്. ഞാന്‍ പറഞ്ഞതിന്ന് ശേഷമേ അവളോട് പറയാവൂ ' എന്നും പറഞ്ഞാണ് എഴുത്തശ്ശന്‍
കൂട്ടുകാരനെ അയച്ചത്.

ചാമി അരികിലെത്തി.

' എന്താടാ നീ അവിടെ കാട്ടുണത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഏത്തം വെക്കാനുള്ള സ്ഥലം നോക്ക്യേതാ. നാളെ മറ്റന്നാളായിട്ട് ആ പണി ചെയ്യണം '.

എഴുത്തശ്ശന്‍ പിന്നീടൊന്നും ചോദിച്ചില്ല. അയാളുടെ മുഖത്ത് നിഴലിച്ച ദുഖം ചാമി ശ്രദ്ധിച്ചു.

' എന്താ വല്ലാണ്ടെ ഒരു മാതിരി ഇരിക്കിണ് ' അവന്‍ ചോദിച്ചു ' വയ്യായ വല്ലതും ഉണ്ടോ '.

' ഹേയ്, ഒന്നൂല്യാ ' എന്ന് പറഞ്ഞുവെങ്കിലും ആ ശബ്ദം ഇടറിയിരുന്നു.

' കുപ്പ്വോച്ചോ, സത്യം പറയിന്‍. എന്താ സങ്ങതി ' ചാമി ചോദിച്ചു ' നമ്മള് തമ്മില്‍ കാണാന്‍ തുടങ്ങീട്ട് കാലം
കൊറെ ആയല്ലോ '.

' എന്തിനാടാ ചാമ്യേ നീ മിനക്കെട്ട് പള്ളം ഉണ്ടാക്കുണ്. വെച്ച് വിളമ്പി തരാന്‍ ആളില്ലെങ്കില്‍ കൃഷി ചെയ്ത് ഉണ്ടാക്കീട്ട് എന്താ കാര്യം '.

' അപ്പൊ നാണു മൂത്താരുടെ മകളോ '.

എഴുത്തശ്ശന്‍ വിവരങ്ങള്‍ പറഞ്ഞു. അതോടെ ചാമിയും വിഷണ്ണനായി.

' ഞാന്‍ ഒന്ന് പറഞ്ഞ് നോക്കട്ടെ. ചിലപ്പൊ ഞാന്‍ പറഞ്ഞാല്‍ മുതലാളി കേള്‍ക്കും '.

' ഒന്നും വേണ്ടാടാ. എല്ലാരും കൂടി പറഞ്ഞ് അവന്‍റെ മനസ്സ് വിഷമിപ്പിക്കണ്ടാ '.

' കയത്തിന്‍റെ വടക്ക് പുറത്ത് ഏത്തക്കൊട്ട മുങ്ങാന്‍ ഒരു കുഴി എടുക്കാന്‍ തുടങ്ങീട്ടുണ്ട്. അത് ഞാന്‍ തട്ടി
മൂടീട്ട് വരട്ടെ '. ചാമി കൈക്കോട്ട് എടുത്തു.

8 comments:

 1. വളരെ നല്ല ഹൃദയസ്പര്സിയായ ഒരു നോവല്‍. നല്ല ഒഴുക്കുള്ള ശൈലി. ഇനിയും ഒരു നൂറു ഭാഗങ്ങള്‍ കൂടി എഴുതാന്‍ സാധികട്ടേ എന്ന് ആശംസിക്കുന്നു

  ReplyDelete
 2. ഒരു പാലകാടന്‍ ഗ്രാമത്തിന്റെ നേര്‍ ചിത്രം. ഒരു കൂട്ടം നിഷ്കളന്ഘരായ ഗ്രാമീണ ജനതയുടെ പച്ചയായ ആവിഷ്കാരം. പഴയ കാലത്തെ പുനരാവിഷ്കരികുന്നതില്‍ കഥാകാരന്‍ വളരെയധികം വിജയിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍

  ReplyDelete
 3. വായിക്കുന്നു, വായിച്ചുകൊണ്ടേ ഇരിക്കുന്നു!! ആശംസകള്‍!!

  ReplyDelete
 4. ഞാനും വായിക്കുന്നുണ്ട്, മിക്കവാറുമൊക്കെ. ചില സാഹചര്യങ്ങളിൽ പറ്റാറില്ല.

  ഇതു വായിക്കുമ്പോൾ ഒരു ഗ്രാമത്തിലൂടെ നടന്നുപോകുന്നതുപോലെയാണെനിക്ക് തോന്നാറുള്ളതു്. പലരും കണ്ടുമറന്ന മുഖങ്ങൾ.

  ReplyDelete
 5. jazmikkutty,
  വളരെ നന്ദി.
  Nanam,
  ഈ നോവല്‍ അവസാനിക്കാറായി. പാലക്കാടന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു കഥ കൂടി മനസ്സിലുണ്ട്.
  ഞാന്‍ : ഗന്ധര്‍വ്വന്‍,
  അഭിപ്രായത്തിന്നും ആശംസകള്‍ക്കും നന്ദി.
  TypistI എഴുത്തുകാരി,
  വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്ന് നന്ദി.

  ReplyDelete
 6. വളരെ നല്ല ഹൃദയസ്പര്സിയായ ഒരു നോവല്‍.

  ReplyDelete
 7. അങ്ങനെ സരോജിനിയുടെ മനസ്സിലെ ആശയും വെള്ളംതളിച്ചു കെടുത്തി...

  ReplyDelete