Friday, January 7, 2011

നോവല്‍ - അദ്ധ്യായം - 114.

നിനച്ചിരിക്കാതെയാണ് പാഞ്ചാലിക്ക് കല്യാണിയെ ഒറ്റയ്ക്ക് കാണാനൊത്തത്. സുകുമാരേട്ടന്‍റെ കയ്യില്‍
നിന്ന് ഒന്നും കിട്ടാതായതോടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. ആഹാരത്തിന്നുള്ള വഴി കണ്ടെത്താന്‍
ആവുന്നില്ല. അതിനിടയിലും അപ്പന്ന് കുടിക്കാനുള്ള വക കൊടുക്കണം. കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ്ണ
മാല പണയത്തിലായി. അരിക്കും സാധനങ്ങള്‍ക്കും വേണ്ടതിലേറെ പണം ചാരായത്തിനാവും. നാട്ടിലാരും
പണിക്ക് വിളിയ്ക്കില്ല. രണ്ട് ദിവസം പാലക്കാട് ചെന്നു. കെട്ടുപണിക്കാരുടെ കയ്യാളായി പണി കിട്ടി. ബസ്സ് കൂലിയും ചിലവും കഴിഞ്ഞാലും കഷ്ടിച്ച് വല്ലതും ബാക്കി വരും. പക്ഷെ രണ്ട് ദിവസം കൊണ്ട് ഉള്ളം കൈ പൊട്ടി. സിമന്‍റിന്‍റെ ഉറ പറ്റാഞ്ഞിട്ടാണ്. നീറിയിട്ട് വെള്ളം തൊടാനും കൂടി വയ്യാ. പിന്നെ എങ്ങിനെ പണിക്ക് പോകും. പുഴമ്പള്ളേല് പൂളത്തറി വലിയ്ക്കുന്നുണ്ടെന്ന് കേട്ടു. കുറച്ച് കിഴങ്ങ് വാങ്ങിയാല്‍ അതെങ്കിലും
പുഴുങ്ങി തിന്നാം. അതിന് വന്ന വഴിക്കാണ് കല്യാണി പുഴയില്‍ ഒറ്റയ്ക്ക് തുണി തിരുമ്പി നില്‍ക്കുന്നത് കണ്ടത്.
ആ നശിച്ച തള്ള ഇന്ന് കൂട്ടിനില്ല.

ഒത്താല്‍ ഒത്തു എന്നും കണക്കാക്കി പാഞ്ചാലി കടവിലേക്ക് ചെന്നു. കല്യാണി തലയുയര്‍ത്തി നോക്കി.

' എന്താനും നിങ്ങള് ഈ വഴിക്ക് ' അവള്‍ ചോദിച്ചു.

' ഞാന്‍ കുറച്ച് കിഴങ്ങ് വാങ്ങാന്‍ വന്നതാ. നീ കുളിക്കുന്നത് കണ്ടപ്പോള്‍ വെറുതെ ഇറങ്ങി '.

' വീട്ടിലെ പണി തീര്‍ത്ത് കന്നിന്ന് വെള്ളൂം വൈക്കോലും കൊടുത്ത് കഴിഞ്ഞാല്‍ പിന്നെ ഇത്തിരി നേരം
ഒഴിവാണ്. തുണി തല്ലി ഊരലും കുളിക്കലും ഈ നേരത്തങ്ങിട്ട് കഴിച്ചാല്‍ സന്ധ്യക്ക് റേഡിയോ വെച്ച്
പാട്ടും കേട്ട് ഇരിക്കാം. അതിന് വേണ്ടീട്ടാ വെയിലത്ത് വന്ന് കുളിച്ച് പോണത് '.

' നിന്നെ ഒന്ന് കാണണംന്ന് വിചാരിച്ച് ഇരിക്ക്യായിരുന്നു ഞാന്‍ ' പാഞ്ചാലി പറഞ്ഞു.

' എന്താ കാര്യം '.

' അതൊക്കെ പറയാം. പക്ഷെ നീ അത് ആരോടും പറയാന്‍ പാടില്ല '.

കല്യാണി അതിന് മറുപടിയൊന്നും പറഞ്ഞില്ല.

' എന്താ നീ ഒന്നും മുണ്ടാത്ത് '.

' നിങ്ങള് കാര്യം പറയിന്‍. എന്താന്ന് കേക്കട്ടെ '.

' നിന്നെ ഒരാള്‍ക്ക് ഒറ്റയ്ക്കൊന്ന് കാണണംന്ന് മോഹം. ഒരു ദിവസം നീ എന്‍റെ കൂടെ പാലക്കാട്ടേക്ക് വാ.
നമുക്ക് വലിയ ഹോട്ടലില്‍ ചെന്ന് ബിരിയാണിയൊക്കെ വാങ്ങി തിന്ന് സിനിമയും കണ്ട് ഞാന്‍ പറഞ്ഞ
ആളുടെ കൂടെ കുറെ നേരം വര്‍ത്തമാനൂം പറഞ്ഞിരുന്ന് ഇങ്ങിട്ട് വരും ചെയ്യാം '.

' ആരാ ആള് '.

' അത് ഞാന്‍ ഇപ്പൊ പറയില്ല. കാണാന്‍ നല്ല ഭംഗീള്ള ആളാണ്. ഇഷ്ടം പോലെ സ്വത്തും മുതലും ഉണ്ട്.
കാറില്‍ കൊണ്ടു പോവും , തിരിച്ച് കൊണ്ടു വന്നാക്കും ചെയ്യും. ഇരു ചെവി അറിയില്ല '.

' വെറുതെ വര്‍ത്തമാനം പറയാന്‍ കൊണ്ടു പോവാന്‍ പ്രാന്താണോ ആ ആളുക്ക് '.

' വര്‍ത്തമാനം മത്രോല്ല. ഇഷ്ടാണെച്ചാല്‍ എന്തൊക്കെ വേണച്ചാലും ആവാലോ '.

' അങ്ങിനെ പറയിന്‍. ഇപ്പഴല്ലെ എനിക്ക് പിടി കിട്ട്യേത് '.

' അപ്പൊ നിനക്ക് സമ്മതാണല്ലേ. എന്താ ഞാന്‍ അയാളോട് പറയണ്ട് '.

' ഞാന്‍ ചാമി വലിയപ്പനോട് ഒന്ന് ചോദിക്കട്ടെ. നീ പൊയ്ക്കോടി മകളെ എന്ന് മൂപ്പര് പറഞ്ഞാല്‍ ഞാന്‍
ആ വിവരം പറയാം '.

ചാമിയുടെ പേര് കേട്ടതും പാഞ്ചാലിയുടെ ഉള്ളൊന്ന് കാളി. ചങ്കും പൊങ്കും ഇല്ലാത്ത ആളാണ് അയാള്.
ഒരു ദേഷ്യത്തിന് വന്ന് വെട്ടിക്കൊല്ലാനും മടിക്കില്ല.

' കല്യാണ്യ്യേ. നീ ഇത് വലിയപ്പനോട് പറയരുത്ട്ടോ. മൂപ്പരുക്ക് ദേഷ്യം വന്നാല്‍ എന്നെ തല്ലിക്കൊല്ലും. ഞാന്‍ പറഞ്ഞത് ഇഷ്ടൂല്ലാച്ചാല്‍ ചോദിച്ചില്ലാന്ന് വെച്ചൊ '.

' നല്ല കുറ്റിച്ചൂലുണ്ട് വീട്ടില് എന്ന് നിങ്ങളെ പറഞ്ഞു വിട്ട ആളോട് ചെന്ന് പറയിന്‍. ഇനി മേലാല് നിങ്ങള് എന്നോട് മിണ്ടാന്‍ വരാനും വരണ്ടാ '.

പാഞ്ചാലി എഴുന്നേല്‍ക്കുമ്പോഴേക്കും ജാനു മുത്തി എത്തി.

' എന്താടി പെണ്ണേ ഈ കുരുത്തം കെട്ട മൂളി നിന്നോട് പറഞ്ഞോണ്ടിരുന്നത് '.

പാഞ്ചാലി പറഞ്ഞ കാര്യം ജാനു മുത്തി അറിഞ്ഞാല്‍ എന്താണ് ഉണ്ടാവുക എന്ന് കല്യാണി ഓര്‍ത്തു. പറഞ്ഞില്ലെങ്കിലോ ? പിന്നീട് ആരെങ്കിലും ഇതുപോലെ ഓരോന്ന് ചോദിച്ചും കൊണ്ട് വന്നാലോ?

കല്യാണി വല്ലതും പറയും മുമ്പ് പാഞ്ചാലി സ്ഥലം വിട്ടു.

' എന്താ അവള് പറഞ്ഞത് '.

പാഞ്ചാലി പറഞ്ഞത് മുഴുവന്‍ കല്യാണി പറഞ്ഞു.

' എന്നിട്ട് നീയെന്താ മറുപടി പറഞ്ഞ് '.

' നല്ല കുറ്റിച്ചൂലുണ്ട് വീട്ടില് എന്ന് പറഞ്ഞു '.

' നന്നായി. എന്നാലും അത് പോരാ. ആട്ടി കണ്ണ് പൊട്ടിക്കണം ആ ഒരുമ്പെട്ടോളടെ. ചാമിയെ ഞാന്‍ ഒന്ന്
കാണട്ടെ. പറഞ്ഞു കൊടുക്കുന്നുണ്ട് അവനോട് '.

ചാമി വലിയപ്പന്‍ അറിഞ്ഞാല്‍ ഉണ്ടാവാന്‍ പോവുന്ന ഭൂകമ്പം കല്യാണിയെ ഭയപ്പെടുത്തി, അതോടൊപ്പം
മനസ്സില്‍ ഒരു സുരക്ഷിതത്വം തോന്നുകയും ചെയ്തു.

എല്ലാം കേട്ട് മരത്തിന്‍റെ നിഴലിലൂടെ പുഴ ഒഴുകിക്കൊണ്ടിരുന്നു.

**********************************************

അയ്യപ്പന്‍കാവും കഴിഞ്ഞ് ചാമി ധൃതിയില്‍ നടന്നു. വെയിലേറ്റ് തീക്കുണ്ഡമായി മാറിയ കരിമ്പാറയുടെ
മുഖത്ത് തുകല്‍ ചെരുപ്പ് ശക്തിയോടെ പതിഞ്ഞുകൊണ്ടിരുന്നു. കൊന്നലാലിന്‍റെ ചുവട്ടില്‍ ചീട്ടുകളി
തിരുതകൃതിയായി നടക്കുന്നുണ്ട്. ചിട്ടുകളി സംഘത്തില്‍ പാഞ്ചാലിയുടെ ബന്ധുക്കളെ കണ്ടതോടെ
ചാമിയുടെ കോപം ഇരട്ടിച്ചു.

'എടാ നായിന്‍റെ മക്കളെ ' ചാമി അലറി ' കുടുംബത്തില്‍ ഒരു പെണ്ണ് ഇമിരെടുത്ത് നടക്കുമ്പൊ അവളെ
തല്ലി ഒതുക്കാതെ കുത്തിരുന്ന് ചീട്ടുകളിക്ക്യാണോടാ '.

അതോടെ കളി തടസ്സപ്പെട്ടു.

' ആരേയാ ചാമ്യേട്ടാ നിങ്ങള് വക്കാണിക്കിണത് ' കയ്യിലെ ചീട്ട് താഴെ വെച്ച് പനകേറ്റക്കാരന്‍ വേലുണ്ണി
ചോദിച്ചു.

' നിന്‍റെ അപ്പറൂം ഇപ്പറൂം ഇരിക്കിണ പൊലയാടി മക്കളെ '.

അതോടെ ആ ചെറുപ്പക്കാര്‍ക്ക് ചൊടിച്ചു.

' ഞങ്ങളെ വേണ്ടാത്തത് പറഞ്ഞാല്‍ ' അവര്‍ എഴുന്നേറ്റു.

' പറഞ്ഞാല്‍ നീയൊക്കെ എന്ത് ചെയ്യോടാ. അവള് കാണിച്ച തെണ്ടിത്തരത്തിന്ന് ഇതല്ല വേണ്ടത് '.

' ചാമ്യേട്ടാ നിങ്ങള് കാര്യം പറയിന്‍ ' വേലുണ്ണി പറഞ്ഞു.

' ആ കൂത്തച്ചി കാട്ട്യേ പണി കേക്കണോ ' ചാമി പറഞ്ഞു തുടങ്ങി. പാഞ്ചാലി കല്യാണിയോട് പറഞ്ഞ
കാര്യങ്ങള്‍ മുഴുവന്‍ ചാമി വിവരിച്ചു.

' അവനോനോ നശിച്ചു. മര്യാദയ്ക്ക് കഴിയുന്ന പെണ്‍കുട്ട്യേളെ കേട് വരുത്താന്‍ നടക്കുണു. കണ്ണിലെ മണി
പോലെ ഞങ്ങള് നോക്കുന്ന കുട്ട്യാണ് എന്‍റെ ലക്ഷ്മിക്കുട്ടി. തോന്നിയവാസം പറഞ്ഞും കൊണ്ട് അവളുടെ
അടുത്ത് വന്നൂന്ന് കേട്ടാല്‍ ചേറ്റുകത്തീം കൊണ്ട് കൊത്തി അരിയും ഞാന്‍ '.

' ഇതിനാണോ നിങ്ങള് ഞങ്ങളെ വേണ്ടാത്തത് പറഞ്ഞത് ' ഒരുത്തന്‍ പറഞ്ഞു ' ഞങ്ങളുടെ ആര്വോല്ല
അവള് '.

' നിന്‍റീം ഇവന്‍റീം തന്ത അവളുടെ അപ്പന്‍റെ കൂടപ്പിറപ്പല്ലേടാ. അപ്പൊ അവള് നിങ്ങക്ക് ആരാടാ ' ചാമി
ചോദിച്ചു ' കുടുംബത്തില്‍ ഒരു പെണ്ണ് പെഴച്ച് നടക്കുന്നത് അറിഞ്ഞാല്‍ നെലയ്ക്ക് നിര്‍ത്തണ്ടത്
ആണുങ്ങളാണ്. അതിന്ന് ആണുങ്ങളുക്ക് കുറച്ച് രോഷം ഉണ്ടാവണം. അതെങ്ങിനെ. നിനക്കൊക്കെ
ഇവിടെ വന്നിരുന്ന് പപ്പടം പരത്താനും കണ്ണികണ്ടോര് വാങ്ങി തരുണ ചായടെ വെള്ളം മോന്താനും
അല്ലേ അറിയൂ '.

' നിങ്ങക്ക് തന്നെ അവളോട് ചോദിച്ചൂടെ '.

' ചോദിക്കും. എനിക്കതിന് പേട്യോന്നൂല്ലാ. ഞാന്‍ ചെന്ന് നോക്ക്യേപ്പൊ അവള് വീട്ടിലില്ല. അതാടാ
നിന്നോടൊക്കെ പറഞ്ഞത് '.

പാഞ്ചാലി ചെയ്തത് തെറ്റാണെന്ന് എല്ലാവരും സമ്മതിച്ചു. ഇത് ഇങ്ങിനെ വിട്ടാല്‍ പറ്റില്ലെന്ന് കൂടെ ഉള്ളവര്‍ പറഞ്ഞതോടെ അവളെ തല്ലി ഒതുക്കുമെന്ന് ബന്ധുക്കളും പറഞ്ഞു.

കണ്ണിന്‍റെ മുമ്പില്‍ അവളെ കണ്ടാല്‍ പണി തീര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ചാമി അവിടെ നിന്ന്
പോന്നു.

1 comment:

  1. ' നല്ല കുറ്റിച്ചൂലുണ്ട് വീട്ടില് എന്ന് നിങ്ങളെ പറഞ്ഞു വിട്ട ആളോട് ചെന്ന് പറയിന്‍. ഇനി മേലാല് നിങ്ങള് എന്നോട് മിണ്ടാന്‍ വരാനും വരണ്ടാ '.
    മിടുക്കി പെണ്ണ്... ഞാന്‍ പേടിച്ചിരിക്കയായിരുന്നു.

    ReplyDelete