Saturday, January 29, 2011

നോവല്‍ - അദ്ധ്യായം - 120.

തുളസി തറയില്‍ വിളക്ക് വെച്ച് പത്മിനി അകത്തേക്ക് വരുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടു. വേഗം ചെല്ലുമ്പോഴേക്കും വക്കീല്‍ ഫോണ്‍ എടുത്തു കഴിഞ്ഞിരുന്നു.

' എപ്പോഴാ വീണത്, ഇപ്പോള്‍ എങ്ങിനെയുണ്ട് ' എന്നൊക്കെ ചോദിക്കുന്നത് പത്മിനി കേട്ടു. ആരാണെന്ന് മനസ്സിലാവാത്തതിനാല്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

' എടോ നമ്മുടെ വേണു മുരിങ്ങയില്‍ നിന്ന് വീണു. കാല് ഒടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്ററിട്ട് കിടപ്പാണ് ' ഫോണ്‍ വെച്ച ശേഷം വക്കീല്‍ പറഞ്ഞു.

' തിരുവാതിര ആയിട്ട് പോവരുത് എന്ന് ഞാന്‍ നൂറ് പ്രാവശ്യം പറഞ്ഞതാ. അപ്പൊ അത് കേട്ടില്ല. ഇപ്പഴോ. അനുഭവിക്കാറായില്ലേ. വെറുതെയല്ല പണ്ടുള്ളോര് ഒരോന്ന് പറഞ്ഞിട്ടുള്ളത് ' എന്ന് കേട്ടപാടെ പത്മിനി
പറഞ്ഞെങ്കിലും അടുത്ത നിമിഷം അവര്‍ തേങ്ങി കരയാന്‍ തുടങ്ങി.

' എന്താ താനീ കാട്ടുന്നത്. കരയാന്‍ മാത്രം അയാള്‍ക്ക് ഒന്നും പറ്റിയിട്ടില്ല '.

' എനിക്ക് ഇപ്പൊത്തന്നെ അവനെ കാണണം ' പത്മിനി വാശി പിടിച്ചു.

' നേരം ഇരുട്ടായില്ലേ. പോരാത്തതിന്ന് ഡ്രൈവറും പോയി. ഇനിയെന്ത് ചെയ്യും ' വക്കീല്‍ പ്രയാസങ്ങള്‍ അറിയിച്ചു.

' വിശ്വേട്ടന് കാറ് ഓടിച്ചൂടേ ' എന്നായി പത്മിനി.

' നല്ല കഥയായി. എത്ര കൊല്ലമായി ഞാന്‍ കാറോടിച്ചിട്ട് ' വക്കീല്‍ പറഞ്ഞു ' പോരാത്തതിന്ന് ഇരുട്ടായാല്‍ ശരിക്ക് കണ്ണും കാണില്ല '.

' എങ്കില്‍ കാറ് ഓടിക്കാന്‍ ആരേയെങ്കിലും വിളിക്കൂ. അല്ലെങ്കിലോ ടാക്സി വരാന്‍ പറയൂ '.

എന്താണ് ചെയ്യേണ്ടത് എന്ന ആലോചനയിലായി വിശ്വനാഥന്‍ വക്കീല്‍. വര്‍ക്ക് ഷോപ്പ് പൂട്ടിയിട്ടില്ലെങ്കില്‍ വിളിച്ചാല്‍ രാമചന്ദ്രന്‍ ടാക്സി അയച്ചു തരും.

വിവരം അറിഞ്ഞതും താന്‍ തന്നെ ചെല്ലാമെന്ന് രാമചന്ദ്രന്‍ നിശ്ചയിച്ചു. കുട്ടിക്കാലം മുതല്‍ പരിചയമുള്ള ആളാണ്. ആ കാലത്ത് തന്നെ ഏറെ വര്‍ത്തമാനം പറയാത്ത പ്രകൃതം. എപ്പോഴും മുഖത്ത് ദുഖഭാവമുള്ള ഒരു പാവം. വളരെ കാലത്തിന്ന് ശേഷം ഈയിടെയാണ് വീണ്ടും കണ്ടു മുട്ടുന്നത്.

' സാറ് ഒരുങ്ങി നിന്നോളൂ. ഞാന്‍ ഇതാ എത്തി കഴിഞ്ഞു ' അയാള്‍ പറഞ്ഞു.

വക്കീലും പത്മിനിയും തയ്യാറാവുമ്പോഴേക്കും രാമചന്ദ്രന്‍ എത്തി. സ്കൂട്ടര്‍ വക്കീലാപ്പീസിന്ന് മുമ്പില്‍ നിര്‍ത്തി അയാള്‍ ചെന്ന് താക്കോല്‍ വാങ്ങി.

' എന്താ താന്‍ തന്നെ പോന്നത് ' വക്കീല്‍ ചോദിച്ചു.

' ശബരിമല സീസണല്ലേ. വണ്ടിയൊക്കെ ഓട്ടം പോയി. ഡ്രൈവര്‍മാര് ഒരാളും സ്ഥലത്തില്ല. അതാ ഞാന്‍ പോന്നത് ' എന്ന് പറഞ്ഞുവെങ്കിലും വേണുവിനെ കാണണമെന്ന ആഗ്രഹം അയാള്‍ക്കും ഉണ്ടായിരുന്നു.

വെള്ളപ്പാറ കടവില്‍ കാര്‍ നിന്നു. ടോര്‍ച്ച് തെളിച്ച് വക്കീല്‍ നടന്നു.

' സൂക്ഷിച്ച് നടന്നോളൂ ' അയാള്‍ പറഞ്ഞു ' വീഴണ്ടാ '. പത്മിനിയുടെ കയ്യില്‍ അയാള്‍ പിടിച്ചു.

' ടോര്‍ച്ചൊക്കെയായിട്ട് ആരോ വരുന്നുണ്ട് ' പുഴ കടന്നു വരുന്ന വെളിച്ചം നോക്കി നാണു നായര്‍ പറഞ്ഞു. ' വിശ്വനാഥന്‍ വക്കീലും ഭാര്യയും അല്ലേ വരുന്നത് ' പടിക്കല്‍ ആഗതര്‍ എത്തിയതും അയാള്‍ കൂട്ടിച്ചേര്‍ത്തു. വേണു ഒഴികെ എല്ലാവരും എഴുന്നേറ്റ് ഭവ്യതയോടെ മാറി നിന്നു.

' നിനക്കെന്താ മരം കേറലാ ഇപ്പഴത്തെ പണി ' പത്മിനി ആദ്യം ചോദിച്ചത് അതായിരുന്നു. വേണു വെറുതെ ഒന്ന് ചിരിച്ചു.

' തിരുവാതിര ആയിട്ട് പോവരുത് എന്ന് കിളിക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ ഞാന്‍ പറഞ്ഞു. അത് കേട്ടില്ല. ഇപ്പൊ എന്തായി ' അതിനും വേണു മറുപടി പറഞ്ഞില്ല.

' എങ്ങിനേയാ പറ്റിയത് ' എന്ന് വക്കീല്‍ ചോദിച്ചതിന്ന് എഴുത്തശ്ശനും നാണു നായരും വിശദമായി മറുപടി പറഞ്ഞു, ചികിത്സയുടെ വിവരങ്ങള്‍ മേനോനും.

പത്മിനി കട്ടിലില്‍ വേണുവിന്ന് അരികത്തായി ഇരുന്നു.

' ഒരിക്കല്‍ ഒടിഞ്ഞ കാലാണ് നിന്‍റേത് . കൂടി ചേരാന്‍ പ്രയാസാവ്വോ ' അവര്‍ ചോദിച്ചു.

' പേടിക്കാനൊന്നൂല്യാ ഓപ്പോളേ. ചെറിയ ഒരു പൊട്ടലേ ഉള്ളു ' വേണു പറഞ്ഞു.

' അത് പോരാ അല്ലേ നിനക്ക്. എന്തായാലും ഇവിടെ കിടന്ന് കഷ്ടപ്പെടണ്ടാ. നാളെ ആംബുലന്‍സും കൊണ്ട് വരാം. പോന്നോ അങ്ങോട്ട് '.

' ഈ ഓപ്പോള്‍ക്ക് എപ്പഴും പേടിയാണ്. എനിക്ക് അത്രയ്ക്കൊന്നും ഇല്ല. രണ്ടാഴ്ച കഴിയുമ്പോള്‍ ഞാന്‍ നടന്ന് വരും. നോക്കിക്കോളൂ ' വേണു ഓപ്പോളെ ആശ്വസിപ്പിച്ചു.

' പേടിക്കണ്ടാ. ഞങ്ങള്‍ നല്ലോണം നോക്കിക്കോളാം ' എന്ന് എഴുത്തശ്ശന്‍ ഉറപ്പും നല്‍കി.

' എന്തെങ്കിലും പ്രയാസം ഉണ്ടെങ്കില്‍ എന്നെ അറിയിക്കണം 'വക്കീല്‍ പറഞ്ഞു ' ഇവിടെ കിടന്ന് ഇവര്‍ക്കൊരു ബുദ്ധിമുട്ടാവരുത് '.

അങ്ങിനെയാവാമെന്ന് വേണു സമ്മതിച്ചു. പത്മിനി വേണുവിന്‍റെ തലയില്‍ തലോടിക്കൊണ്ടിരുന്നു.

' ആരാ ഇയാള് ' രാമചന്ദ്രനെ ചൂണ്ടി നാണു നായര്‍ ചോദിച്ചു.

' ഇത് രാമചന്ദ്രന്‍ . എന്‍റെ കൂടെ പഠിച്ച ആളാണ് ' രാമുവിനെ വേണു എല്ലാവര്‍ക്കും പരിചയപ്പെടുത്തി.

മുറ്റത്ത് മേനോനും രാമുവും എന്തൊക്കേയോ സംസാരിച്ചുകൊണ്ട് നിന്നു. വക്കീലും എഴുത്തശ്ശനും കൊയ്ത്തിനെ കുറിച്ച് സംസാരിച്ച് കോലായിലും.

' നാണുമാമേ. സരോജിനിടെ അടുത്ത് കുറച്ച് കാപ്പി ഉണ്ടാക്കി കൊണ്ടു വരാന്‍ പറയൂ ' വേണു പറഞ്ഞു.

' ഇപ്പൊ കാപ്പീം ചായീം ഒന്നും വേണ്ടാ ' എന്ന് പത്മിനി പറഞ്ഞെങ്കിലും ' എനിക്കൊരു കാപ്പി വേണം ' എന്നും പറഞ്ഞ് വേണു നാണു നായരെ അയച്ചു.

പാത്രത്തില്‍ കാപ്പിയുമായി സരോജിനിയും കത്തിച്ച കമ്പി റാന്തലുമായി നാണു നായരും എത്തി. കാപ്പി ഗ്ലാസ്സിലാക്കി സരോജിനി എല്ലാവര്‍ക്കും നല്‍കി.

' സരോജിനി, ഇയാള് എന്‍റെ കൂടെ പഠിച്ച ആളാണ് ' വേണു രാമുവിനെ പരിചയപ്പെടുത്തി ' ഇയാളുടെ ആ കാലത്തെ ചങ്ങാതി ആരാണെന്ന് കേക്കണോ. നിന്‍റെ ഏട്ടന്‍ സുന്ദരന്‍ '.

സരോജിനി മന്ദഹസിച്ചു.

' രാത്രിയായി. ഞങ്ങള്‍ ഇറങ്ങട്ടെ ' വക്കീല്‍ യാത്രാനുമതി ചോദിച്ചു.

' ഞാന്‍ നാളെ വരാട്ടോ ' പത്മിനി പറഞ്ഞു.

' ഓപ്പോള് നിത്യം വന്ന് ബുദ്ധിമുട്ടണ്ടാ. എനിക്ക് അത്രയ്ക്കൊന്നും ഇല്ല ' എന്ന് വേണു പറഞ്ഞു.

' നാലഞ്ച് ദിവസം കൂടുമ്പോള്‍ എന്തായാലും പത്മിനി എത്തും ' എന്ന് വക്കീലും പറഞ്ഞു.

സരോജിനിയും നാണു നായരും വീട്ടിലേക്ക് നടന്നു. എഴുത്തശ്ശനും ചാമിയും വന്നവരെ യാത്രയാക്കാന്‍ വെള്ളപ്പാറ കടവിലേക്കും.

' അങ്ങിനെ രാത്രി നേരത്ത് ഒരു പെണ്ണ് കാണല്‍ ചടങ്ങ് നടത്തി അല്ലേ ' മേനോന്‍ ചോദിച്ചു. വേണുവിന്‍റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.

****************************************************

വൈകീട്ട് കാപ്പി കുടിയും കഴിഞ്ഞ് എല്ലാവരും ഇരിക്കുന്ന സമയം. കൊയ്ത്ത് ഇല്ലാത്തതിനാല്‍ ചാമി കളപ്പുരയിലുണ്ട്. വേണു കിടപ്പിലായ ശേഷം അയാള്‍ പുഴയ്ക്ക് അക്കരെ കടന്നിട്ടില്ല. പാടത്ത് ചെല്ലും. ഇടയ്ക്കിട്യ്ക്ക് വന്ന് ' മുതലാളിക്ക് എന്താ വേണ്ടത് ' എന്ന് അന്വേഷിക്കും.

'ഞാനൊന്ന് നടു നിവര്‍ത്തിയിട്ട് വരാ 'മെന്ന് പറഞ്ഞ് വീട്ടിലേക്ക് നടന്ന നാണു നായര്‍ ധൃതിയില്‍ മടങ്ങി വരുന്നു.

' കുപ്പന്‍കുട്ട്യേ ' അയാള്‍ വിളിച്ചു ' തന്‍റെ പേരക്കുട്ടി വരുണുണ്ട്. അവന്‍റെ കയ്യില്‍ ഒരു കുട്ടീം ഉണ്ട് '. പറഞ്ഞു തീരും മുമ്പ് രാധാകൃഷ്ണനെത്തി. കയ്യില്‍ വെളുത്ത് സുന്ദരിയായ ഒരു കൊച്ചു മിടുക്കി. കാഴ്ചയ്ക്ക് ഒരു പാവക്കുട്ടിയെ പോലുണ്ട്.

രാധാകൃഷ്ണന്‍ കുട്ടിയുമായി എഴുത്തശ്ശന്‍റെ മുമ്പില്‍ ചെന്നു നിന്നു.

' നോക്ക് മോളേ, കുട്ടിടെ മുത്തച്ഛന്‍ ' അയാള്‍ കുട്ടിക്ക് എഴുത്തശ്ശനെ പരിചയപ്പെടുത്തി.

' ഏതാ ഈ കുട്ടി ' എഴുത്തശ്ശന്‍ ചോദിച്ചു.

' പെങ്ങള് വന്നിട്ടുണ്ട്. അവളുടെ കുട്ടിയാണ് ' എന്നും പറഞ്ഞ് കുട്ടിയെ എഴുത്തശ്ശന്ന് നേരെ നീട്ടി. കുട്ടി ഒന്ന് നോക്കി പിന്നാക്കം തിരിഞ്ഞു.

' പരിചയക്കേടാവും ' നാണു നായര്‍ പറഞ്ഞു ' ഇതിന്ന് മുമ്പ് കുട്ടി നിങ്ങളെ കണ്ടിട്ടില്ലല്ലോ '.

' അവള്‍ക്കങ്ങിനെ പരിചയക്കേടൊന്നും ഇല്ല. ആര് വിളിച്ചാലും ചെല്ലും. ഉറക്കം ഉണര്‍ന്ന വരവാണ്. അതാണ് ഇങ്ങിനെ '.

രാധാകൃഷ്ണന്‍ വീണ്ടും കുട്ടിയെ നീട്ടി. എഴുത്തശ്ശന്‍ കൈ കാണിച്ചു വിളിച്ചു. കുട്ടി വരാനുള്ള ഭാവമില്ല. അയാള്‍ അവളെ ബലമായി എടുത്തു. കുട്ടി കരയാന്‍ തുടങ്ങി.

' കരയണ്ടാ, കരയണ്ടാ കരുമിക്കുട്ട്യേ
കരണ്ട്യേപ്പം ചുട്ടു തരാം കരുമിക്കുട്ട്യേ '.

അയാള്‍ തോളത്ത് കിടത്തി കുലുക്കി കുട്ടിയുടെ തുടയില്‍ താളം പിടിച്ചു. മെല്ലെ മെല്ലെ കുട്ടി അയാളോട് ഇണങ്ങി.

' ദൈവത്തിന്‍റെ ഒരു കളി നോക്ക് ' നാണു നായര്‍ പറഞ്ഞു ' രക്ത ബന്ധം എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ. അതാണ് ഈ കാണുണത് '.

കുട്ടിയുടെ അടുത്ത് ചെന്ന് ' നിനക്ക് മുത്തശ്ശനെ ഇഷ്ടായോടീ ' എന്ന് അയാള്‍ ചോദിച്ചു.

' മുത്തശ്ശനല്ലാടോ ' എഴുത്തശ്ശന്‍ പറഞ്ഞു ' മുതു മുത്തശ്ശന്‍. അവളുടെ മുത്തശ്ശന്‍ വേലായുധന്‍കുട്ട്യല്ലേ '.

' അതിന്ന് ഇവള്‍ അച്ഛനെ അച്ചാച്ച എന്നാ വിളിക്കാറ് 'രാധാകൃഷ്ണന്‍ പറഞ്ഞു.

എഴുത്തശ്ശന്‍ കുട്ടിയെ തോളിലേറ്റി മുറ്റത്ത് നടന്നു. ' നിനക്ക് തരാന്‍ ഒരച്ച് വെല്ലം കൂടി ഇല്ലല്ലോ ഇവിടെ ' എന്ന് പരിതപിക്കുകയും ചെയ്തു.

' അങ്കിള്‍ ഞാന്‍ ഇന്നലെ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇന്ന് ഉച്ചക്കേ എത്തിയുള്ളു. ' രാധാകൃഷ്ണന്‍ വേണുവിന്‍റെ അടുത്ത് ചെന്നു ' പെങ്ങള് വന്നപ്പോള്‍ കുടുംബത്തോടെ ഞങ്ങള്‍ പഴനിക്ക് പോയി '.

ഇതിനിടെ ചാമി തോട്ടത്തില്‍ ചെന്ന് അഞ്ചാറ് കൊയ്യാപ്പഴം കൊണ്ടുവന്ന് കുട്ടിക്ക് കൊടുത്തു.

' കുട്ടിക്ക് ഇതൊന്നും കൊടുക്കണ്ടാടാ ' എഴുത്തശ്ശന്‍ പറഞ്ഞു ' കുരു അകത്ത് ചെന്നാല്‍ അവള്‍ക്ക് വയറ് വേദനിക്കും '.

കുട്ടി ഒരു കൊയ്യക്കായ കയ്യില്‍ എടുത്ത് കടിച്ചു തുടങ്ങി. എഴുത്തശ്ശന്‍ അവളുമായി പാടത്തേക്ക് നടന്നു. അമ്മിണിയമ്മയ്ക്കും കെട്ടുപണിക്ക് വന്ന ജോലിക്കാര്‍ക്കും കുട്ടിയെ കാണിച്ചുകൊടുത്തു. കുളത്തിന്‍റെ വക്കത്തും അമ്പലത്തിലും അവളുമായി ചെന്നു. പാടത്ത് പണിക്കാരികള്‍ ഉണ്ടെങ്കില്‍ കുട്ടിയെ അവര്‍ക്ക് കാണിച്ചു കൊടുക്കാമായിരുന്നു എന്ന് ആലോചിച്ചു. ഏറെ കൊതിച്ചിരുന്ന കളിപ്പാട്ടം കിട്ടിയ കുട്ടിയായി അയാള്‍ മാറി.

' ഇയാള്‍ കുട്ടിയെ പോക്കു വെയിലും കൊള്ളിച്ച് കൊണ്ട് എവിടേക്കാ ചുറ്റാന്‍ പോയത് ' എന്ന് നാണു നായര്‍ ചോദിച്ചു.

' അവര് രണ്ടും കൂടി പോയി ലോകം മുഴുവന്‍ ചുറ്റി കണ്ടിട്ട് വരട്ടെ ' മേനോന്‍ പറഞ്ഞു ' മനസ്സില്‍ ഇതെല്ലാം അടക്കി അമ്മാമ എത്ര കാലമായി കഴിയുന്നതാണ് '.

ആ വാക്കുകള്‍ രാധാകൃഷ്ണനെ വല്ലാതെ സ്പര്‍ശിച്ചു. ഇനി മുതല്‍ എല്ലാ ദിവസവും കുട്ടിയെ മുത്തശ്ശന്ന് കാട്ടിക്കൊടുക്കണമെന്ന് അയാള്‍ നിശ്ചയിച്ചു.

എഴുത്തശ്ശന്‍ കുട്ടിയുമായി എത്തി.

' ഈ പെണ്ണ് രണ്ട് കയ്യോണ്ടും എന്‍റെ മുഖത്ത് തല്ലി ' എഴുത്തശ്ശന്‍ കരയുന്നത് പോലെ അഭിനയിച്ചു. കുട്ടി അത് കണ്ട് പൊട്ടിച്ചിരിച്ചു.

' പോവും മുമ്പ് ഒന്നും കൂടി ഇവളെ കൊണ്ടു വരണം ' കുട്ടിയെ രാധാകൃഷ്ണന്‍റെ കയ്യില്‍ ഏല്‍പ്പിക്കുമ്പോള്‍ എഴുത്തശ്ശന്‍ പറഞ്ഞു.

' ഞാന്‍ ദിവസൂം ഇവളെ കൂട്ടി വരാ ' മെന്ന് രാധാകൃഷ്ണന്‍ ഏറ്റു.

എഴുത്തശ്ശന്‍ കുട്ടിയുടെ കവിളില്‍ ഒന്ന് ചുംബിച്ചു. അയാളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു. വെള്ളപ്പാറ കടവ് വരെ എഴുത്തശ്ശന്‍ ചെന്നു.

' കുട്ടിയെ കണ്ടിട്ട് കൊതി തീര്‍ന്നില്ല അല്ലേ ' തിരിച്ചെത്തിയ അയാളോട് നാണു നായര്‍ ചോദിച്ചു.

' കണ്ടിട്ട് മടുക്ക്വോടോ ഈ ജന്മം ' എന്നായിരുന്നു മറുപടി.

' എന്തിനാ ഒരു ദിവസം കുട്ടിയെ കൊണ്ടു വരണം എന്ന് പറഞ്ഞത് '.

' ഒരു മാലയും അരഞ്ഞാണും നാല് വളയും അവള്‍ക്ക് വാങ്ങി കൊടുക്കണം എന്നുണ്ട്. എന്‍റെ മനസ്സിലെ ഒരു മോഹാ അത് '.

തങ്ങളുടെ മനസ്സില്‍ നിറഞ്ഞത് എന്താണെന്ന് ആ പറഞ്ഞത് കേട്ടവര്‍ക്കുപോലും മനസ്സിലായില്ല.

5 comments:

 1. സ്നേഹത്തിന്റെ രണ്ടു മുഖങ്ങള്‍ അതീവ ഭാവതീവ്രതയോടെ തന്നെ അവതരിപ്പിച്ചു. പദ്മിനിയുടെ സഹോദരസ്നേഹത്തിന്റെയും എഴുത്തച്ചന് മകന്റെ മകളുടെ കുട്ടിയെ കണ്ടപ്പൊഴുണ്ടായ സ്നേഹവായ്പിന്റെയും. വേണുവിനാകട്ടെ ഒരു പെണ്ണുകാണല്‍ ചടങ്ങ് സം ഘടിപ്പിക്കാനുള്ള സാഹചര്യം ഒത്തുകിട്ടുകയും ചെയ്തു, തികച്ചും സ്വാഭാവികമായ രീതിയില്‍ തന്നെ.

  ReplyDelete
 2. നാട്ടിൽ അവധിക്കു വരുന്ന സമയത്ത്‌ നാട്ടു കാര്യങ്ങൾ അറിയുന്ന് പ്രതീതി, കാത്തിരിക്കുന്നു...

  ReplyDelete
 3. വായിച്ചു. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
  ആശംസകള്‍!!

  ReplyDelete
 4. രാജഗോപാല്‍ ,

  നന്നായി വിലയിരുത്തിയിട്ടുണ്ട്. എഴുത്തശ്ശന്‍റെ മറ്റൊരു മുഖമാണ് ഇത്.

  Manichethaar,

  ഗ്രാമീണ പശ്ചാത്തലത്തില്‍ ഉള്ളതിനാലാവും പരിചിതമായി തോന്നുന്നത്.

  ഞാന്‍ : ഗന്ധര്‍വ്വന്‍ ,

  അടുത്ത ഭാഗം പബ്ലിഷ് ചെയ്യുന്നുണ്ട്.

  ReplyDelete
 5. പാവം എഴുത്തശന് ആരും ഇല്ലായിരുന്നു ഇപ്പൊ ഓരോരുത്തരായി ഉണ്ടായിത്തുടങ്ങി... മരിക്കും മുന്‍പ് അയാളുടെ ആഗ്രഹം നടന്നല്ലോ..

  ReplyDelete