Tuesday, September 21, 2010

നോവല്‍ - അദ്ധ്യായം - 95.

കുറെ കാലത്തിന്ന് ശേഷം വേലായുധന്‍ കുട്ടി മില്ലിലേക്ക് ചെന്നു. രാധാകൃഷ്ണന്‍ വളരെയേറെ നിര്‍ബന്ധിച്ച ശേഷമാണ് അയാള്‍ പുറപ്പെട്ടത്.

അമ്പാസഡര്‍ കാര്‍ മില്ല് വളപ്പിലേക്ക് കടന്നപ്പോഴെ പണിക്കാര്‍ ജോലി നിര്‍ത്തി ഒളിഞ്ഞും തെളിഞ്ഞും നോക്കി. കുട്ടി മുതലാളി മോട്ടോര്‍ സൈക്കിളിലാണ് വരാറ്. കാറില്‍ വന്നിരുന്നത് വലിയ മുതലാളി മാത്രം. മൂപ്പര്‍ കുറച്ച് കാലമായി വന്നിട്ട്. തലയ്ക്ക് സുഖമില്ലാതെ ചികിത്സയിലാണെന്നാണ് പുറമെ സംസാരം.

ഡോര്‍ തുറന്ന് രാധാകൃഷ്ണന്‍ അച്ഛന്ന് നേരെ കൈ നീട്ടി. ആ കയ്യും പിടിച്ച് ഒരു കൊച്ചു കുഞ്ഞിനെ പോലെ വേലായുധന്‍കുട്ടി അകത്തേക്ക് നടന്നു. അച്ഛനെ കസേലയിലിരുത്തി ലൈറ്റും ഫാനും ഓണാക്കി മകന്‍ എതിര്‍ വശത്തെ കസേലയിലിരുന്നു.

' അച്ഛന്ന് സ്റ്റോക്ക് ബുക്ക് നോക്കണ്ടേ ' രാധാകൃഷ്ണന്‍ ചോദിച്ചു.

വേലായുധന്‍ കുട്ടി എന്തോ ആലോചിച്ചിരുന്നു. ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ അയാള്‍ തലയാട്ടി. മുമ്പില്‍ വെച്ച തടിച്ച
ലെഡ്ജര്‍ തുറന്ന് അയാള്‍ അതിലൂടെ കണ്ണോടിച്ചു.

' സ്വാമിയേ ശരണമയ്യപ്പാ ' രാധാകൃഷ്ണന്‍ മനസ്സില്‍ ശരണം വിളിച്ചു ' ഭഗവാന്‍ എന്‍റെ പ്രാര്‍ത്ഥന കേട്ടു. ഇനി ഒരിക്കലും
സാധാരണ നിലയില്‍ എത്തില്ലെന്ന് കരുതിയിരുന്ന അച്ഛന്‍ മില്ലില്‍ എത്തി. എന്തോ ഏതോ കണക്ക് പുസ്തകം കയ്യിലെടുത്തു നോക്കി തുടങ്ങി. ഇനി മെല്ലെ മെല്ലെ പഴയ നിലയിലെത്തിയാല്‍ മതി '.

രാധാകൃഷ്ണന്‍ കുറേ നേരം അച്ഛനെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഒറ്റ നോട്ടത്തില്‍ അപാകതയൊന്നും കാണുന്നില്ല. ശ്രദ്ധയോടെ
കണക്കുകള്‍ പരിശോധിക്കുകയാണന്നേ കാണുന്നവര്‍ക്ക് തോന്നൂ.

' അച്ഛാ, ഞാന്‍ അകത്ത് ചെന്ന് പണിയൊക്കെ നോക്കി വരട്ടെ ' അയാള്‍ പറഞ്ഞു. വേലായുധന്‍ കുട്ടി സമ്മത ഭാവത്തില്‍
തലയാട്ടി. രാധാകൃഷ്ണന്‍ അകത്തേക്ക് നടന്നു.

പെണ്ണുങ്ങള്‍ പുഴുങ്ങിയ നെല്ല് യാര്‍ഡില്‍ ചിക്കി കൊണ്ടിരിക്കുകയാണ് . ഒരു പറ്റം കാക്കകള്‍ അവരെ സഹായിക്കാനായി കൂടെത്തന്നെയുണ്ട്.

' ആര്‍ക്കെങ്കിലും ഒരു വടിയെടുത്ത് ഈ കാക്കകളെ ആട്ടി വിട്ടൂടെ ' അയാള്‍ ചോദിച്ചു.

' കുറച്ച് കഴിഞ്ഞാല്‍ അവിറ്റ പിന്നീം വരും ' ആരോ പറഞ്ഞു.

' എന്നുവെച്ച് കാക്കയെ ആട്ടണ്ടാ എന്നാണോ ' അയാള്‍ക്ക് ദേഷ്യം വന്നു.

പെണ്ണുങ്ങളിലൊരാള്‍ വാതില്‍ക്കല്‍ ചാരി വെച്ച വടിയെടുത്ത് വേണോ വേണ്ടയോ എന്ന മട്ടിലൊന്ന് വീശി. പറന്നകന്ന കാക്കകള്‍ അടുത്ത നിമിഷം തന്നെ നെല്ലില്‍ വന്നിരുന്നു.

' വലിയ മുതലാളിക്ക് ഇപ്പൊ എങ്ങിനീണ്ട് ' ഒരുത്തി ചോദിച്ചു.

' എന്ത് ' ഒന്നും അറിയാത്ത മട്ടില്‍ രാധാകൃഷ്ണന്‍ തിരിച്ച് ചോദിച്ചു. വേണ്ടിയിരുന്നില്ല എന്ന മട്ടിലായി അവള്‍. പിന്നീട് ആരും ഒന്നും പറഞ്ഞില്ല. ചെയ്യുന്ന പണിയില്‍ എല്ലാവരും മുഴുകി. രാധാകൃഷ്ണന്‍ നെല്ല് പുഴുങ്ങുന്ന ദിക്കിലേക്ക് നടന്നു.

ഒരു മണിക്കൂറിലേറെ സമയം അയാള്‍ പണികള്‍ നോക്കി നടന്നു. ഇതിനകം ഒന്നു രണ്ട് ജോലിക്കാര്‍ ഓഫീസ്സ് റൂം വരെ ചെന്ന് അകത്തേക്ക് എത്തി നോക്കി. വേലായുധന്‍ കുട്ടി അവരെ കണ്ടതേയില്ല.

തിരിച്ച് ഓഫീസ് മുറിയിലേക്ക് എത്തുമ്പോള്‍ രാധാകൃഷ്ണന്‍ കാണുന്നത് അച്ഛന്‍ പെന്‍സിലെടുത്ത് സ്റ്റോക്ക് റജിസ്റ്ററില്‍ മാര്‍ക്ക് ചെയ്യുന്നതും എന്തൊക്കെയോ കടലാസ്സില്‍ കുത്തി കുറിക്കുന്നതുമാണ്.

' ഈശ്വരാ ' അയാള്‍ തലയില്‍ കൈ വെച്ചു. എല്ലാം കുത്തി വരച്ച് നാശമാക്കിയല്ലോ. മാനസീക രോഗമുള്ള അച്ഛന്‍റെ കയ്യില്‍
പുസ്തകം ഏല്‍പ്പിച്ചതിന്ന് അയാള്‍ സ്വയം കുറ്റപ്പെടുത്തി.

' എന്താ അച്ഛന്‍ ചെയ്യുന്നത് ' അയാള്‍ മേശയുടെ അടുത്തേക്ക് ചെന്നു.

' നമ്മുടെ മില്ലില്‍ ഒരു ദിവസം അരയ്ക്കാന്‍ കഴിയുന്നതിനേക്കാള്‍ ഇഷ്യു എഴുതിയത് നോട്ട് ചെയ്തതാണ്. എനിക്ക് അതൊന്ന് നോക്കണം ' വേലായുധന്‍ കുട്ടിയുടെ പതിഞ്ഞ സ്വരം കേട്ടു.

രാധാകൃഷ്ണന്ന് തന്‍റെ ചെവികളെ വിശ്വസിക്കാനായില്ല. അച്ഛന്‍റെ രോഗം ഭേദമായിരിക്കുന്നു.

' സ്വാമിയേ ശരണമയ്യപ്പാ ' ഈ തവണ അയാളുടെ ശബ്ദം ഉയര്‍ന്നു പൊങ്ങി.

***********************************************

' വണ്ടിപുരേല് കുറെ കുവ്വ വെച്ചത് നിക്കുണുണ്ട്. കിഴങ്ങ് എറങ്ങീട്ടുണ്ടോന്ന് നോക്ക്യാലോടാ ' വെറുതെ ഇരുന്നപ്പോള്‍ എഴുത്തശ്ശന്ന് മനസ്സില്‍ തോന്നിയത് അതാണ്.

' തിരുവാതിര ആവാറായോ കുപ്പ്വോച്ചാ ' ചാമി ചോദിച്ചു.

' അടുത്ത മാസത്തിലല്ലേ തിരുവാതിര. ഇത് വൃശ്ചികം അല്ലേ '.

' എന്നാല്‍ ഉള്ളത് പിടുങ്ങാം. തൊലി കളഞ്ഞ് അരച്ച് മാവ് ഉണക്കി എടുക്കാന്‍ താമസം പിടിക്കില്ലേ '.

' അതൊന്നും നമ്മള് ചെയ്യണ്ട പണി അല്ലല്ലോ. കിഴങ്ങ് പറിച്ച് കൊടുക്കണം. അത് നന്നാക്ക്വേ ഒണക്ക്വേ എന്താ വേണ്ടേച്ചാല്
പെണ്ണുങ്ങള് ചെയ്തോട്ടെ '.

' ഒറ്റയ്ക്ക് ഒരാള് ചെയ്യാന്‍ നിന്നാല്‍ തൊലയും. എത്ര കെഴങ്ങ് ഉണ്ടാവുംന്നാ കരുതുണത് '.

' അതിനേ , കിട്ടുന്നതില്‍ കുറെ നാണു നായരുടെ വീട്ടില്‍ കൊടുക്കാം. അമ്മിണിയമ്മ കുറച്ച് എടുത്തോട്ടെ. പൂജക്കാരനും
വാരരുക്കും ഇത്തീരീശ്ശെ കൊടുക്കണം. അവരും കുടുംബം ആയി ഇവിടെ കഴിയുണതല്ലേ. ബാക്കി നീ കൊണ്ടുപൊയ്ക്കോ '.

മണ്ണിനടിയില്‍ കിടക്കുന്ന കിഴങ്ങ് വീതം വെക്കുന്നത് കേട്ട് വേണുവിന്ന് ചിരി വന്നു.

' ഈ തൊടീല് വേലിപ്പള്ളേല് ഞാന്‍ കാവുത്തും ചെറു കിഴങ്ങും വെച്ചിട്ടുണ്ട്. അത് കിളക്കണോ ' ചാമി കൈക്കോട്ടുമായി ഒരുങ്ങി.

' അത് വേണ്ടാടാ. ഇപ്പൊ കെളച്ചാല്‍ തിരുവാതിര ആവുമ്പോഴേക്കും ഒണക്കടിക്കും. ആ സമയത്ത് മതി '.

എഴുത്തശ്ശനും ചാമിയും പോവുന്നതും നോക്കി വേണു ഇരുന്നു. അയാളുടെ മനസ്സില്‍ ഒരു കുട്ടിക്കാലം വിരിഞ്ഞു.

അന്നൊക്കെ തിരുവതിരക്കാലം സന്തോഷം നിറഞ്ഞതാണ്. വീട്ടിലെ സ്ത്രീകള്‍ ആ കാലത്ത് ഏഴ് ദിവസം പുലരുന്നതിന്ന് മുമ്പേ
ഉണര്‍ന്നെഴുന്നേല്‍ക്കും. പിന്നെ സംഘം ചേര്‍ന്ന് കുളത്തിലേക്ക് പാട്ടും പാടി ഒരു പോക്കാണ്. കമ്പിറാന്തലിന്‍റെ വെളിച്ചത്തിലാണ്
യാത്ര. ആദ്യമാദ്യം നല്ല ഇരുട്ടായിരിക്കും. ക്രമേണ നിലാവ് അവരെ കാത്ത് നില്‍ക്കും.

' മുന്നിലാവാണ് ' ചെറിയമ്മ പറയും ' ദിവസം രണ്ടര നാഴിക കൂടും '.

പെണ്ണുങ്ങള്‍ തുടിച്ച് കുളിക്കുമ്പോള്‍ കരിങ്കല്‍ പടവില്‍ തണുത്ത് വിറച്ച് ഇരിക്കും. കുറെ കഴിയുമ്പോള്‍ ' വെള്ളത്തില്‍ ചാടെടാ
ചെക്കാ ' എന്നും പറഞ്ഞ് ഓപ്പോള് കൈകൊണ്ട് വെള്ളം തേകി നനയ്ക്കും. പിന്നെ കുളത്തിലേക്ക് ഒറ്റ ചാട്ടമാണ്. തിരിച്ച് പോരുമ്പോള്‍ തണുപ്പ് കൊണ്ട് താടി കൂട്ടിയിടിക്കും. തിരുവാതിര ദിവസം കുളി കഴിഞ്ഞ് ദശപുഷ്പം ചൂടി താമ്പൂലം ചവച്ച് സ്ത്രീകള്‍ അണിഞ്ഞൊരുങ്ങും.

ശിവക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് വന്നാല്‍ ചെറിയമ്മ ചെറിയമ്മ കൂവ വിരകാന്‍ തുടങ്ങും. ശര്‍ക്കരപ്പാവ് ഒഴിച്ച് നാളികേരം
ചിരകിയിട്ട കൂവനൂറും ചെറുപഴവും പപ്പടവും കഴിച്ചതിന്‍റെ രുചി നാവിന്‍തുമ്പത്തുണ്ട്. ഉച്ചയ്ക്ക് കഞ്ഞിയും പുഴുക്കുമാണ് ഉണ്ടാവുക. ചേമ്പും കാവുത്തും ചെറുകിഴങ്ങും വെള്ളപ്പയറും ഒക്കെ ചേര്‍ത്ത പുഴുക്ക് ഏറെ ഇഷ്ടമായിരുന്നു. ചിലപ്പോള്‍
ചെറു കിഴങ്ങ് കുഴിച്ചെടുത്ത് ചപ്പില കൂട്ടിചുട്ട് തിന്നും. നാവില്‍ തരിപ്പാണ് അപ്പോള്‍ തോന്നുക.

കുറച്ച് മുതിര്‍ന്നപ്പോള്‍ ക്ഷേത്രത്തിലേക്ക് ഒറ്റയ്ക്കേ ചെല്ലാറുള്ളു. വീട്ടിലുള്ളവര്‍ തിരിച്ചെത്തിയ ശേഷമാണ് പുറപ്പെടാറ്. ഉങ്ങിന്‍റെ ചുവട്ടില്‍ കണ്ണെഴുതി പൊട്ടും തൊട്ട് പാവാടയും ജാക്കറ്റുമായി ഒരു കൊച്ചു സുന്ദരി കാത്ത് നില്‍പ്പുണ്ടാവും. വേണുവിന്‍റെ മാലതി.

അമ്പലത്തിനകത്തേക്ക് വേണു ചെല്ലാറില്ല.

' എന്താ മഹേശ്വരനുമായി പിണങ്ങീട്ടാ ' അവള്‍ ചോദിക്കും.

' തിരുവാതിര ദിവസം രാവിലെ പെണ്ണുങ്ങളാണ് തൊഴാന്‍ ചെല്ലേണ്ടത്. ഞാന്‍ ദീപാരാധനയ്ക്ക് തൊഴുകാം. അപ്പോഴേക്കും
അദ്ദേഹം എങ്ങോട്ടും എണീറ്റ് പോവില്ല '.

ചിരിച്ചു കൊണ്ട് അവള്‍ അകത്തേക്ക് ചെല്ലും.

പൂങ്കിനാവിന്‍റെ നീര്‍പ്പോളയിലൊരു വര്‍ണ്ണച്ചിത്രം തെളിയാന്‍ തുടങ്ങി. വേണു അമ്പല മതില്‍ക്കെട്ടിന്ന് പുറത്ത് ആല്‍ത്തറയിലാണ്. തൊഴുത് പ്രസാദവുമായി മാലതി ഇറങ്ങി വരുന്നു. ഇളം പച്ച ജാക്കറ്റും അതേ നിറത്തില്‍ കരയുള്ള സെറ്റ് മുണ്ടും
ധരിച്ചിട്ടുണ്ട്. നെറ്റിയില്‍ അതേ വര്‍ണ്ണത്തിലുള്ള ചാന്തുക്കുറിയും. ആ ചുണ്ടുകളില്‍ വിരിഞ്ഞ മന്ദസ്മിതത്തിന്‍റെ ലഹരിയിലാണ്
വേണു. മന്ദം മന്ദം അവള്‍ നടന്നടുക്കുകയാണ്. കൂവളത്തിലയുടെ നീരില്‍ കാച്ചിയെടുത്ത വെളിച്ചെണ്ണയുടേയും ചന്ദനസോപ്പിന്‍റേയും
സുഗന്ധം അയാള്‍ക്ക് അനുഭവപ്പെട്ടു തുടങ്ങി.

' നിയെന്താ വേണ്വോ ഇരുന്നൊറങ്ങ്വാ ' ശബ്ദം കെട്ട് കണ്ണ് മിഴിച്ചപ്പോള്‍ നാണുമാമ.

' കാറ്റ് കൊണ്ടിരുന്നപ്പോള്‍ തന്നെ കണ്ണടഞ്ഞു പോയി '.

കൈ വീശി കാണിച്ച് അപ്സരസ്സ് മനസ്സില്‍ നിന്ന് മറഞ്ഞു.

' എഴുത്തശ്ശനും ചാമിയും എവിടെ ' നാണു നായര്‍ ചോദിച്ചു.

' വണ്ടിപ്പുരയിലേക്ക് പോയി. കൂവ പുഴക്കാനുണ്ടത്രേ '

' എന്നാല്‍ ഞാനും പോണൂ ' നാണു നായര്‍ നടന്നകന്നു. വേണു ട്രാന്‍സിസ്റ്റര്‍ കയ്യിലെടുത്ത് ട്യൂണ്‍ ചെയ്തു.

' സൌ സാല് പഹലേ മുഛേ തും സെ പ്യാര് ഥാ 'അതിനകത്ത് നിന്ന് ഒലിച്ചിറങ്ങിയ ഗാനവീചികള്‍ അന്തരീക്ഷത്തില്‍
അലിഞ്ഞു.

6 comments:

 1. ചോദ്യം ഒന്നു: മാലതി ഇപ്പോള്‍ എവിടെയാണു?

  ReplyDelete
 2. നോവലിന്റെ രണ്ട് അധ്യായങ്ങളും വായിച്ചു. അധ്യായം 95 രണ്ടാം ഭാഗം വളരെ ഹൃദ്യമായി. തിരുവാതിരക്കാലത്തിന്റെ ഓര്‍മയും വേണുവിന്റെ പ്രണയവും സമന്വയിപ്പിച്ച ക്രാഫ്റ്റ്സ്മാന്‍ഷിപ്.

  കൂവ വിരകിയതിന്റെ കൂടെ പഴവും പപ്പടവും കൂട്ടി കഴിച്ചതിന്റെ രുചി നാവില്‍ വന്നു. ആതിര നിലാവിന്റെ ഭംഗി കണ്ണില്‍ നിറഞ്ഞു. ധനുമാസക്കുളിരില്‍ ദേഹം വിറയാര്‍ന്നു. കൂവളത്തിലയിട്ടു കാച്ചിയ വെളിച്ചെണ്ണയുടെ, ചന്ദനസോപ്പിന്റെ സുഗന്ധമറിഞ്ഞു. ദൂരെ തിരുവാതിരപ്പാട്ടിന്റെ അകമ്പടിയോടെ പെണ്ണുങ്ങള്‍ തുടിച്ചു കുളിക്കുന്ന ശബ്ദം കേള്‍ക്കാം.

  പാവാടയും ജാക്കറ്റും ധരിച്ച സുന്ദരിക്കുട്ടിയില്‍ നിന്ന് പച്ച ജാക്കറ്റും പച്ചക്കരയുള്ള സെറ്റ് മുണ്ടും ഇലക്കുറിയുമായി മാലതിയുടെ മാറ്റം. ഈ ഫ്രേം ഷിഫ്റ്റിങ്ങ് നന്നായി വന്നു.

  പണ്ടൊക്കെ ഒരു കടാക്ഷം കൊണ്ട്, ഒരു മൃദുസ്മിതം കൊണ്ട് (കൂടി വന്നാല്‍ പുസ്തകച്ചീന്തില്‍ കോറിയിടുന്ന ചങ്ങമ്പുഴയുടെയൊ ഇടപ്പള്ളിയുടെയൊ നാലു വരി കവിതയില്‍) കൈമാറിയിരുന്ന ഇഷ്ടം, ഇന്ന് sms , mms എന്നിവയും കടന്നു “ഡാഡി മമ്മി വീട്ടിലില്ലൈ..
  എന്നു പറഞ്ഞു കാമുകനെ (ബിന്‍ലാദന്‍) വീട്ടിലേക്കു ക്ഷണിക്കുന്നതു വരെയെത്തി നില്‍ക്കുന്നു.

  ഉങ്ങ് മരം നോവലില്‍ പ്രണയത്തിന്റെ മൂക സാക്ഷിയാണ്. ഇതിനു മുന്‍പൊരു കഥയിലും(കരിനീല കണ്ണഴകി) ഉങ്ങ് പ്രത്യക്ഷപ്പെടുന്നുണ്ട് . “സൌ സാല്‍ പഹ് ലെ“ എന്നു തുടങ്ങുന്ന പാട്ട് വേണുവിന്റെ അപ്പൊഴത്തെ മനോവ്യാപാരം പ്രകടമാക്കുന്നുണ്ട്.

  ReplyDelete
 3. ശ്രി. ഷെറീഫ് സാര്‍,

  മാലതി വേണുവിന്‍റെ മനസ്സില്‍ മാത്രം കുടി കൊള്ളുന്നു.

  ശ്രി. രാജഗോപാല്‍ ,

  നല്ലൊരു വിലയിരുത്തലാണ് ചെയ്തത്. വളരെ സന്തോഷം.

  ReplyDelete
 4. anikku nall eshtappettu pakshe oru vayanakuruppuaakaamayirundu

  ReplyDelete
 5. പിന്നെ കുളത്തിലേക്ക് ഒറ്റ ചാട്ടമാണ്. തിരിച്ച് പോരുമ്പോള്‍ തണുപ്പ് കൊണ്ട് താടി കൂട്ടിയിടിക്കും. തിരുവാതിര ദിവസം കുളി കഴിഞ്ഞ് ദശപുഷ്പം ചൂടി താമ്പൂലം ചവച്ച് സ്ത്രീകള്‍ അണിഞ്ഞൊരുങ്ങും.
  ചിരകിയിട്ട കൂവനൂറും ചെറുപഴവും പപ്പടവും കഴിച്ചതിന്‍റെ രുചി നാവിന്‍തുമ്പത്തുണ്ട്. ഉച്ചയ്ക്ക് കഞ്ഞിയും പുഴുക്കുമാണ് ഉണ്ടാവുക. ചേമ്പും കാവുത്തും ചെറുകിഴങ്ങും വെള്ളപ്പയറും ഒക്കെ ചേര്‍ത്ത പുഴുക്ക് ഏറെ ഇഷ്ടമായിരുന്നു. ചിലപ്പോള്‍
  ചെറു കിഴങ്ങ് കുഴിച്ചെടുത്ത് ചപ്പില കൂട്ടിചുട്ട് തിന്നും. നാവില്‍ തരിപ്പാണ് അപ്പോള്‍ തോന്നുക

  cheruppa kaalathekku poyi kannu nananju etta.cheriyamma koova virakaan thudangunnidathu 2 praavashyam cheriyamma ennezhuthiyittundu.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete