Thursday, September 9, 2010

നോവല്‍ - അദ്ധ്യായം - 92.

' ഒന്നാം തിയ്യതി രാത്രി ഒരു യാത്ര പോയതാ ഞാന്‍. ഇന്ന് പുലര്‍ച്ചെയാണ് വീട്ടില്‍  തിരിച്ചെത്തിയത് ' കാലത്തേ
കളപ്പുരയിലെത്തിയ മേനോന്‍ പറഞ്ഞു. കറുപ്പ് മുണ്ടിന്‍റെ കോന്തല കൊണ്ട് അയാള്‍ മുഖം തുടച്ചു.

' എവടക്ക്യാ സ്വാമി പോയത് ' കയ്യിലെ പേപ്പര്‍ താഴെ വെച്ച് വട്ട കണ്ണട ഊരി തുടച്ചു നാണു നായര്‍ ചോദിച്ചു.

' പഴനി, മധുര, രാമേശ്വരം ഒക്കെ ഒന്ന് ചുറ്റി '.

' അതെന്താ പോവുന്ന വിവരം ഞങ്ങളോടൊന്നും പറയാഞ്ഞത് '.

' മുന്‍കൂട്ടി തീരുമാനിച്ചതല്ല. വീടെത്തുമ്പോള്‍ മൂന്ന് നാല് കൂട്ടുകാര്‍ കാറുമായി കാത്ത് നില്‍ക്കുന്നു. പിടിച്ച പിടിയാലെ കൂട്ടിക്കൊണ്ട് പോയതാണ് '.

' ഭാഗ്യവാന്‍. പുണ്യസ്ഥലങ്ങളൊക്കെ കാണാനും വേണം കുറച്ച് ഭാഗ്യം ' നാണു നായര്‍ പറഞ്ഞു ' കിണറ്റിലെ തവളേ പോലെ കഴിയാനാ ഞങ്ങളുടെയൊക്കെ യോഗം. ഒരു ദിക്കിലും പോവാനും യോഗോല്യാ, ഒന്ന്വോട്ടും കാണാനും യോഗോല്യാ '.

' അങ്ങിനെയൊന്നൂല്യാ. വേണംന്ന് വെച്ചാല്‍ ആര്‍ക്കും എവിടേക്കും ചെല്ലാം ' മേനോന്‍ പറഞ്ഞു ' ആട്ടെ, ഇവിടുത്തെ ആള്‍ക്കാരൊക്കെ എവിടെ '.

' എഴുത്തശ്ശനും ചാമീം കൂടി പമ്പ് അടിക്കുന്നത് നോക്കാന്‍ പോയി. വേണു അമ്പലത്തില്‍ നിന്ന് വന്നിട്ടില്ല '.

' എന്നാല്‍ ഞാനും ചെല്ലട്ടെ '.

' എന്നാ നമുക്ക് മലയ്ക്ക് പോണ്ടത് '

' പത്ത് ദിവസം കൂടി കഴിഞ്ഞോട്ടെ. സ്വാമിനാഥനും നമ്മുടെ കൂടെ വരുന്നുണ്ട്. അയാളുടെ ഒഴിവ് നോക്കി നിശ്ചയിക്കാം '.

' അമ്മിണിയമ്മയും കുടുംബൂം താമസം തുടങ്ങ്യേത് നല്ല ഒരു സമാധാനമായി. നമ്മള്‍ മലയ്ക്ക് പോയാല്‍ സരോജിനിക്ക്
കാവലിന്ന് ഒരു ആളായല്ലോ '.

മേനോന്‍ അമ്പലത്തിലെത്തുമ്പോള്‍ വേണു ഉമ്മറത്ത് നില്‍പ്പുണ്ട്.

' വാര്യരും പൂജക്കാരനും അന്വേഷിച്ചു '.

' വിശേഷിച്ച് വല്ലതും ഉണ്ടോ '.

' രണ്ടാളും ഇവിടെ താമസം തുടങ്ങുന്നൂ എന്ന് പറഞ്ഞു '.

കെട്ടിടം പണിതിട്ട് ആരും അതില്‍ താമസിക്കാത്തതില്‍ സ്വാമിനാഥന്‍ നീരസം പ്രകടിപ്പിച്ചിരുന്നു. അന്ന് വൈകുന്നേരം ജീവനക്കാരോട് മേനോന്‍ ആ വിഷയം സംസാരിക്കുകയുണ്ടായി. ഇപ്പോഴത്തെ തീരുമാനം അതിന്‍റെ ഫലമായിട്ടായിരിക്കണം.

' പൂജ കഴിഞ്ഞോ '.

' ഉവ്വ് '.

' വാര്യര് എവിടെ '.

' പടപ്പാത്രം കഴുകാന്‍ കുളത്തിലേക്ക് പോയി. ഇപ്പൊ വരും '.

മേനോന്‍ തൊഴാന്‍ ചെന്നു. തീര്‍ത്ഥവും പൂവും കൊടുത്തശേഷം പൂജക്കാരന്‍ താഴെയിറങ്ങി.

' ഒരു കാര്യം പറയാനുണ്ട് '.

' പറഞ്ഞോളൂ '.

' എനിക്ക് പി. എസ്. സി. അഡൈസ് മെമ്മൊ കിട്ടി. അധികം വൈകാതെ ജോലിക്ക് ചേരാന്‍ ഓര്‍ഡര്‍ കിട്ടും '.

' ശരിക്കുള്ള അദ്ധ്യാപകനാവാന്‍ ഇനി ദിവസങ്ങളേയുള്ളു അല്ലേ '.

' സ്കൂള്‍ മാഷായിട്ടല്ല. എല്‍. ഡി. സി ആണ് '.

' അതും നല്ലതന്നെ. ദൂരെ എവിടേങ്കിലും പോവേണ്ടി വര്വോ '.

' ആരേയെങ്കിലും പിടിച്ച് അധികം ദൂരെ അല്ലാത്ത ഒരു സ്ഥലം  തരപ്പെടുത്തണം '.

' ഞങ്ങള്‍ വേറൊരാളെ നോക്കാറായി എന്നര്‍ത്ഥം '.

' ആ കാര്യം പറയാനാ വന്നത്. ഇവിടുത്തെ ശാന്തിപ്പണി വേണ്ടാന്ന് വെക്കില്ല. അച്ഛന്‍ അത് ചെയ്യാന്ന് പറഞ്ഞു. ജോലിക്ക് പോവുന്നത് വരെ ഞാന്‍ ഉണ്ടാവും. വൈകുന്നേരം വന്നാലും ഞാന്‍ നോക്കാം '.

' ഞങ്ങള്‍ക്കതില്‍ സന്തോഷം തന്നെ ഉള്ളൂ '

' ദിവസൂം രണ്ട് നേരം അങ്ങോട്ടും ഇങ്ങോട്ടും പോയി വരാന്‍ അച്ഛന്ന് വയ്യ. ഞങ്ങള് ഇവിടേക്ക് താമസം മാറാന്‍ 
ആലോചിക്കുന്നു '.

' അപ്പോള്‍ നിങ്ങളുടെ വീടോ '.

' തല്‍ക്കാലം പൂട്ടിയിടും. പറ്റിയ പോലെ വല്ലോരും വന്നാല്‍ വാടകയ്ക്ക് കൊടുക്കും '.

' എന്നാല്‍ ഒട്ടും വൈകിക്കണ്ടാ '.

' ഇല്ല '

മേനോനെ കാത്ത് വാര്യര്‍ മുറ്റത്ത് നില്‍പ്പാണ്.

' എന്തേ '.

' രണ്ട് ദിവസത്തെ ഒഴിവ് വേണം '.

' എന്തിനാ '.

' നാട്ടില്‍ ഒന്ന് പോവാനുണ്ട്. കുടുംബത്തെ കൂട്ടീട്ട് വരാനാ '.

' അത് ശരി. വാരരുക്ക് കുടുംബം ഒക്കെ ഉണ്ടല്ലേ. ഞങ്ങളാരും ഇത് വരെ ചോദിച്ചിട്ടില്ല , നിങ്ങള് ആ കാര്യം പറഞ്ഞിട്ടൂം 
ഇല്ല '.

' വകേല് ഒരു അമ്മാമന്‍റെ മകളാണ്. മൂപ്പര്‍ക്ക് നാട്ടില് ഒരു അമ്പലത്തിലെ കഴകം ഉണ്ട്. അവര്‍ക്ക് മറ്റാരും ഇല്ല. കുട്ടീല് എനിക്ക് കുറെ അന്നം തന്ന ആളാ. മകള്ക്ക് പൊക്കം തീരെ ഇല്ല. ഇതാ ഇത്രേ ഉള്ളു ' വാരിയര്‍ തന്‍റെ അരക്കെട്ടിന്ന് മുകളിലായി കൈപ്പടം വെച്ച് കാണിച്ചു.

' കല്യാണപ്രായം ആയപ്പൊ അവളെ കല്യാണം കഴിക്ക്വോ എന്ന് ചോദിച്ചു. ഞാന്‍ സമ്മതിക്കും ചെയ്തു. കടം വീട്ട്യേതാണ് എന്ന് തോന്ന്വായിരിക്കും. അതൊന്നും അല്ലാട്ടോ. എനിക്ക് അമ്മാമന്‍ സങ്കടപ്പെടുന്നത് കാണാന്‍ വയ്യാ. അതാ ഒന്നും 
ആലോചിക്കാതെ സമ്മതിച്ചത് '.

' എന്നിട്ടെന്തേ ഭാര്യയെ കൂടെ കൊണ്ടു വന്ന് പാര്‍പ്പിക്കാഞ്ഞത് '.

' രണ്ട് കാരണം ഉണ്ട്. ഒന്ന് ഒരു വീട് വാടകക്ക് എടുക്കാനുള്ള വരുമാനം ഇവിടുന്ന് കിട്ടിയിരുന്നില്ല. ഒരു
പീടിക മുറിയില്‍ ഒറ്റയ്ക്കാണ് എന്‍റെ താമസം. ഭാര്യയെ കൂട്ടി എങ്ങിന്യാ അവിടെ കഴിയ്യാ '.

' അത് ശരിയാണ് '.

' പിന്നെ അമ്മാമന്ന് ഒരു സഹായി അവളേ ഉള്ളു. വയസ്സ് കാലത്ത് മൂപ്പരെ ഒറ്റയ്ക്ക് ആക്കി കൂട്ടിക്കൊണ്ട് വരാന്‍ 
പറ്റില്ലല്ലോ. കൊല്ലത്തില്‍ ഒരു തവണ നാട്ടില്‍ പോവും. പിശുക്കി പിടിച്ച് കുറച്ചെന്തെങ്കിലും മാസം തോറും അയച്ച് കൊടുക്കും '.

' അമ്മാമനെ ഇങ്ങോട്ട് കൊണ്ടു വരുന്നുണ്ടോ '.

' മൂപ്പര് മരിച്ചിട്ട് കൊല്ലം തികയാറായി. ഇവിടെ താമസ സൌകര്യം ആയപ്പോള്‍ അവളെ കൂട്ടീട്ട് വരണംന്ന് വിചാരിച്ചതാണ്. ആരെങ്കിലും ഒരു കൂട്ടര് കൂടി വരട്ടെ എന്ന് കാത്ത് നിന്നതാ '.

' വേണച്ചാല്‍ ഇന്നന്നെ പൊയ്ക്കോളൂ '.

' വേണ്ടാ. ഒന്നാം തിയ്യതി കഴിഞ്ഞിട്ട് മതി. ശമ്പളം കിട്ട്യാലേ പോവാന്‍ വഴീള്ളൂ '.

' നട അടച്ച് കഴിഞ്ഞാല്‍ കളപ്പുരയിലേക്ക് വരൂ. ഞാന്‍ അവിടെ ഉണ്ടാവും. എന്താ വേണ്ടത് എന്ന് വെച്ചാല്‍ തരാം  '.

വാരിയര്‍ കൈ കൂപ്പി. ദേവന്‍റെ കാര്യം നിറവേറ്റുന്ന തിരക്കില്‍ ഇവരുടെ ആവശ്യങ്ങള്‍ അറിഞ്ഞില്ലല്ലോ എന്ന കുറ്റബോധം
മേനോന്‍റെ മനസ്സില്‍ ഉയര്‍ന്നു.
 

1 comment:

  1. ദേവന്‍റെ കാര്യം നിറവേറ്റുന്ന തിരക്കില്‍ ഇവരുടെ ആവശ്യങ്ങള്‍ അറിഞ്ഞില്ലല്ലോ എന്ന കുറ്റബോധം

    nalla chintha

    ReplyDelete