Thursday, September 2, 2010

നോവല്‍ - അദ്ധ്യായം - 87.

നീണ്ട കാത്തിരിപ്പിന്ന് ശേഷം മുത്തശ്ശനെ കാണാറായപ്പോള്‍ രാധാകൃഷ്ണന്ന് വല്ലാത്തൊരു സംഭ്രമം. കൂടെ ഗുരുസ്വാമി ഉണ്ട് എന്നത് മാത്രമാണ് ഏക ആശ്വാസം.

ശബരി മലക്ക് മാലയിടാനുള്ള തയ്യാറെടുപ്പോടെ കാലത്തെ ഇറങ്ങി. അച്ഛന്‍റെ കാല് തൊട്ടു വന്ദിച്ചു. അമ്മ പേപ്പറും വായിച്ച് ചാരുകസേലയില്‍ കിടപ്പാണ്. അടുത്ത് വെച്ച ചായയില്‍ നിന്ന് ആവി പറക്കുന്നു. പല്ല് തേക്കാതെയാണ് ചായകുടി. പെണ്ണുങ്ങളായാല്‍ ഐശ്വര്യമുണ്ടാവുന്ന പ്രവര്‍ത്തികള്‍ ചെയ്യണം. ഇവര്‍ക്ക് അതിലൊന്നും താല്‍പ്പര്യമില്ല. അതെങ്ങിനെ. മദിരാശിയിലും ബോമ്പേയിലും കല്‍ക്കത്തയിയിലും ആയികഴിഞ്ഞ കുട്ടിക്കാലത്ത് ജീവിച്ച രീതികളില്‍ അഭിമാനം കൊള്ളുകയാണ്
ഇന്നും.

ഒരു നിമിഷം ആലോചിച്ചു. നല്ലൊരു കാര്യത്തിന്ന് പുറപ്പെടുകയാണ്. ഗുരുത്വക്കേടോടെ പുറപ്പെട്ടു കൂടാ. ചാരു കസേലക്ക്
സമീപത്ത് ചെന്നു അമ്മയുടെ കാല്‍ക്കല്‍ ഒന്ന് തൊട്ടു. മാധവി ഞെട്ടി കാല്‍ വലിച്ചു.

' എന്തെടാ കാലില്‍ പിടിച്ച് വലിച്ച് താഴത്തിട്വോ ' അവര്‍ ക്ഷോഭിച്ചു.

' ഞാന്‍ മലക്ക് മാല ഇടാന്‍ പോവ്വാണ് '.

' മലക്കോ കാട്ടിലിക്കോ എവിടേക്ക് വേണച്ചാലും പൊയ്ക്കോ. എനിക്കെന്താണ് '.

ഇവരോട് കൂടുതല്‍ സംസാരിച്ചിട്ട് കാര്യമില്ല. ചിലപ്പോള്‍ തമ്മില്‍ തല്ലി ഇറങ്ങേണ്ടി വരും. അത് കൂടാതെ കഴിക്കണം.

ബുള്ളറ്റ് വെള്ളപ്പാറ കടവില്‍ നിര്‍ത്തി. കറുപ്പ് മുണ്ടും മാലയും അടങ്ങുന്ന സഞ്ചി എടുത്ത് രാധാകൃഷ്ണന്‍ നടന്നു.
പുഴയ്ക്കക്കരെ നെല്ലി ചുവട്ടില്‍ രാജന്‍ മേനോന്‍ കാത്ത് നില്‍പ്പുണ്ട്.

' എല്ലാം ഞാന്‍ പറഞ്ഞപോലെ ' മേനോന്‍ പറഞ്ഞു ' ദേഷ്യം  കാട്ടിയാലും കണ്ടൂന്ന് നടിക്കരുത്. ക്രമേണ എല്ലാം 
ശരിയാവും '.

കളപ്പുര വരെ ആരും ഒന്നും മിണ്ടിയില്ല. മേനോന്‍ മുമ്പില്‍ നടന്നു. കളപ്പുരയുടെ തിണ്ണയില്‍ എഴുത്തശ്ശന്‍ ഇരിപ്പുണ്ട്.

' അമ്മാമേ, കുട്ടി വന്നിട്ടുണ്ട്. അവനെ അനുഗ്രഹിയ്ക്കൂ '.

മേനോന്‍ കണ്ണ് കാണിച്ചതോടെ രാധാകൃഷ്ണന്‍ മുമ്പിലേക്ക് നീങ്ങി. എഴുത്തശ്ശന്‍ എഴുന്നേറ്റു നിന്നു. ആ കാല്‍ക്കല്‍  അവന്‍ 
നമസ്കരിച്ചു. എഴുത്തശ്ശന്‍ വലത്ത് കൈ മൂര്‍ദാവില്‍ വെച്ച് അനുഗ്രഹിച്ചു.

' എന്‍റെ തെറ്റുകള്‍ മുഴുവന്‍ ക്ഷമിക്കണം ' അവന്‍ പറഞ്ഞു.

എഴുത്തശ്ശന്‍ ഒന്നും പറഞ്ഞില്ല.

' ചെയ്തു പോയ തെറ്റുകള്‍ ഓര്‍ത്ത് എന്‍റെ മനസ്സ് നീറുന്നുണ്ട്. ക്ഷമിച്ചൂ എന്ന വാക്ക് കേട്ടാലേ എനിക്ക് സമാധാനമാകൂ ' രാധാകൃഷ്ണന്‍ വീണ്ടും പറഞ്ഞു.

' ഞാന്‍ ഒന്നും മനസ്സില്‍ കരുതീട്ടില്ല. ഇന്ന് വരെ ഉള്ളില്‍ തട്ടി ആരേയും  പ്രാകിയിട്ടും ഇല്ല. നിങ്ങളൊക്കെ നന്നായി കഴിയുന്നൂ എന്ന് കേട്ട് കണ്ണടഞ്ഞാല്‍ മതി. അതേ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുള്ളു '.

ആ നിമിഷം രാധാകൃഷ്ണന്‍ കൊച്ചു കുട്ടികളെ പോലെ പൊട്ടി കരഞ്ഞു.

' ഈ സ്നേഹം ഞാന്‍ അറിയാതെ പോയി ' അവന്‍ പറഞ്ഞു.

' കരയണ്ടാ. കണ്ണ് തുടയ്ക്ക്. ഈശ്വരനെ നന്നായി പ്രാര്‍ത്ഥിച്ച് മാലയിട്ടോ. ഒരു പൂപ്പ് കേടും കൂടാതെ അദ്ദേഹം 
കാത്തോളും '.

' ഞാന്‍ വേഗം ചായ കൂട്ടാം. കയറി ഇരിയ്ക്കൂ ' എന്ന് വേണു പറഞ്ഞു.

' ഇപ്പോള്‍ വേണ്ടാ. അമ്പലത്തില്‍ ചെന്ന് മാലയിടട്ടെ. അത് കഴിഞ്ഞു മതി ' രാധാകൃഷ്ണന്‍ മേനോന്‍റെ പിന്നാലെ  ഇറങ്ങി നടന്നു. ആ രംഗം കണ്ടു നിന്ന വേണുവിന്‍റെ കണ്ണ് നനഞ്ഞു.

' അമ്മാമേ. ശബരി മലയ്ക്ക് പോണംന്ന് തോന്നുന്നുണ്ടോ ' കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു.

' നിങ്ങളൊക്കെ ഉണ്ടെങ്കില്‍ ഞാനും ഉണ്ട് '.

' എന്നാല്‍ ഞാനും വരും ' ചാമിയും പുറപ്പെട്ടു.

രാധാകൃഷ്ണനും മേനോനും തിരിച്ച് പോരാന്‍ സമയം കുറെ എടുത്തു.

' മാലയിടാന്‍ പത്തമ്പത് പേരുണ്ട്. അതാ വൈകിയത് ' മേനോന്‍ പറഞ്ഞു ' ബാക്കി കുറെ സ്വാമിമാര്‍ വൈകുന്നേരത്തെ
മാലയിടുന്നുള്ളു '.

ഇരുവരും വരാന്തയിലെ ബെഞ്ചിലിരുന്നു. വേണു ചായയുമായെത്തി.

' മുത്തശ്ശന്‍ ഇവിടെ കഴിയണ്ടാ. എന്‍റെ കൂടെ പോരൂ ' രാധാകൃഷ്ണന്‍ പറഞ്ഞു ' ഇനി ഒരു കുറവും വരാതെ ഞാന്‍
നോക്കിക്കോളാം '.

' അതൊന്നും വേണ്ടാ. എന്‍റെ ആയുസ്സ് ഒടുങ്ങാറായി. ഇപ്പൊപടുതിരി കത്തിക്കൊണ്ടിരിക്കുകയാണ്. എന്ന് വേണച്ചാലും 
കെടും. ഇവിടെ ആണച്ചാല്‍ കയത്തിന്‍റെ അടുത്ത് കുഴിച്ചിടാന്‍ കുറച്ച് ദൂരം ഏറ്റിയാല്‍ മതി '.

എഴുത്തശ്ശന്‍ എന്തോ ആലോചിച്ചിരുന്നു.

' ജീവിതത്തില്‍ ഇത്തിരി സമാധാനമായി കഴിയുന്നത് ഇപ്പോഴാണ്. ഇവരുടെ കൂടെ കഴിയുന്നതാണ് എനിക്ക് സന്തോഷം '.

പിന്നെ ആരും ഒന്നും പറഞ്ഞില്ല.

' ഞാന്‍ പൊയ്ക്കോട്ടെ. ഇന്ന് കുറെ പണിയുണ്ട് ' രാധാകൃഷ്ണന്‍ എഴുന്നേറ്റു. അയാള്‍ പടി കടന്ന് പോയി.

' കുപ്പ്വോച്ചന്‍റെ പേരക്കുട്ടി ആള് പാവാണെന്ന് തോന്നുണൂ ' എന്ന് ചാമി അഭിപ്രായം എഴുന്നളിച്ചു.

പുഴുങ്ങി ഉണങ്ങാനിട്ട നെല്ല് കൊത്തിത്തിന്നാന്‍ എത്തിയ കാക്കക്കൂട്ടം അത് ശരിവെച്ചുകൊണ്ട് കലപില കൂട്ടി.

*******************************************************

രാധ പിണങ്ങിപ്പോയിട്ട് ദിവസം നാല് കഴിഞ്ഞു. കിട്ടുണ്ണിയുടെ ജീവിതത്തെ രാധയുടെ അസാന്നിദ്ധ്യം കുറേശ്ശയായി ബാധിച്ചു
തുടങ്ങി. തൊട്ടതിനും പിടിച്ചതിനും ഭാര്യയെ ആശ്രയിച്ചിരുന്നതാണ്. അതാണ് ഇല്ലാതായത്.

കിടപ്പ് മുറിയുടെ മൂലയില്‍ നാല് ദിവസത്തെ മുഷിഞ്ഞ വസ്ത്രങ്ങള്‍ കിടപ്പുണ്ട്. ഇങ്ങിനെ വസ്ത്രങ്ങള്‍ മുഷിഞ്ഞ് കിടക്കാറില്ല. രാധ ഓരോ ദിവസവും തലേ ദിവസം ഇട്ട വസ്ത്രങ്ങള്‍ അലക്കി ഉണക്കാനിടും. ഡ്രൈവര്‍ വന്നാല്‍ ഈ തുണികള്‍ അലക്കുകാരന്ന് കൊടുക്കാന്‍ ഏല്‍പ്പിക്കണം.

മാവിന്‍റെ ഇല വീണ് മുറ്റം മുഴുവന്‍ കുപ്പ കെട്ടി കിടക്കുന്നു. അടിച്ചു വാരാന്‍ ആളില്ലാത്തതിന്‍റെ ദോഷം . പാടത്ത് പണിക്ക് വരുന്ന ഏതെങ്കിലും പെണ്ണിനെ രാവിലെ വന്ന് മുറ്റമടിക്കാന്‍ ഏര്‍പ്പാടാക്കണം.

വായിച്ച് പൂമുഖത്ത് ഇട്ട പത്രങ്ങള്‍ അവിടവിടെ ചിതറി കിടപ്പാണ്. കിട്ടുണ്ണി അതെല്ലാം പെറുക്കിയെടുത്തു. പഴയ പത്രങ്ങള്‍ എവിടെയാണ് വെക്കാറ് എന്നറിയില്ല. തല്‍ക്കാലം അലമാറിയുടെ മുകളില്‍ ഇരിക്കട്ടെ.

ഡ്രൈവര്‍ കാലത്തേക്കുള്ള ആഹാരവുമായി എത്തി. രാധ പോയതിന്ന് ശേഷം അതാണ് പതിവ്. ഉച്ച നേരത്ത് പുറത്ത് എവിടെയെങ്കിലുമാവും. അപ്പോള്‍ ഹോട്ടലില്‍ നിന്ന് കഴിക്കും.

ഊണു മേശയില്‍ ആഹാരത്തിന്ന് മുമ്പില്‍ ഇരിക്കുമ്പോള്‍ കിട്ടുണ്ണി രാധയെ ഓര്‍ത്തു. ഇക്കണ്ട ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി വെച്ച് പോയിരിക്കുന്നു. അതിന്ന് മാത്രം എന്താണ് ഇവിടെ ഉണ്ടായത്. താന്‍ ചെല്ലാത്ത സ്ഥലത്ത് പോവരുത് എന്ന് അവളോട് പറഞ്ഞു.
അതിലെന്താ തെറ്റ്. അല്ലെങ്കിലും ഭര്‍ത്താവിന്ന് ഇഷ്ടമില്ലാത്ത കാര്യം 
ഭാര്യ ചെയ്യാന്‍ പാടുണ്ടോ.

നടന്ന കാര്യം മക്കളോട് പറഞ്ഞാല്‍ അവര്‍ ഇടപെടും. അച്ഛനെ ഒറ്റയ്ക്കാക്കി ഇറങ്ങി പോയതിന്ന് അമ്മയെ അവര്‍  കുറ്റപ്പെടുത്തും. വീട്ടിലേക്ക് തിരിച്ച് വരാന്‍ നിര്‍ബന്ധിക്കും. അത് വേണ്ടാ. അവിടെ തന്നെ ഇരുന്ന് മതി വരട്ടെ.
ആങ്ങളാരുടെ ഭാര്യമാര്‍ മുഷ്ക്ക് കാട്ടി തുടങ്ങുമ്പോള്‍ ഇങ്ങോട്ടന്നെ പോരും. അപ്പോള്‍ വീട്ടില്‍ കേറ്റണോ വേണ്ടയോ
എന്നതേ ആലോചിക്കാനുള്ളു.

വീടായാല്‍ ഒരു പെണ്ണ് വേണം. എങ്കിലേ കാര്യങ്ങള്‍ ഭംഗിയായി നടക്കൂ. ഏതെങ്കിലും മകള്‍ വന്നിരുന്നാല്‍ മതി. മൂത്ത മകള്‍
അധികം ദൂരത്തല്ല താമസം . അവള്‍ക്ക് ഇവിടെ വന്ന് നില്‍ക്കാവുന്നതേയുള്ളു. ചെറിയ കുട്ടികള്‍ മൂന്നെണ്ണം ഉണ്ടെങ്കിലും ഒരു പണിക്കാരിയെ വെച്ചാല്‍ അവള്‍ക്ക് എല്ലാം നോക്കി നടത്താന്‍ പറ്റും . പക്ഷെ അവളുടെ ഭര്‍ത്താവ് ശരിയല്ല. വയസ്സായ അച്ഛനമ്മമാരേ വിട്ടിട്ട് വരാന്‍ പറ്റില്ല എന്നും പറഞ്ഞ് ഇങ്ങോട്ട് വരാറേ ഇല്ല. ആ കണക്കിന്ന് സ്ഥിരമായി ഇവിടെ താമസിക്കുന്ന കാര്യം ഉണ്ടാവില്ല.

രണ്ടാമത്തെ മകള്‍ പൊള്ളാച്ചിയില്‍ ഭര്‍ത്താവിന്‍റെ കൂടെയാണ്.  ഏതോ കമ്പനിയുടെ റെപ്രസെന്‍റ്റേറ്റീവ് ആണ് അവന്‍. എന്നും 
യാത്രയുള്ളവന്‍. മിക്കവാറും മകള്‍ ഒറ്റയ്ക്കായിരിക്കും. ഇവിടെ വന്ന് താമസിച്ചാല്‍ അവള്‍ക്കും തുണയാവും. മരുമകന്‍ ഇവിടെ
നിന്നും പോയി വരട്ടെ. കത്തയച്ചാലോ, ഫോണ്‍ ചെയ്താലോ ശരിയാവില്ല. നേരില്‍ ചെന്ന് വിളിച്ച് കൂട്ടി വരണം.

ഭക്ഷണം കഴിച്ച് പുറത്ത് വന്നപ്പോള്‍ ഡ്രൈവര്‍ കാറ് കഴുകിക്കൊണ്ടിരിക്കുകയാണ്.

' അപ്പുക്കുട്ടാ ' കിട്ടുണ്ണി വിളിച്ചു ' നമുക്ക് പൊള്ളാച്ചി വരെ ഒന്ന് പോണം '.

1 comment:

  1. raadhayude abhavaam kittunniyude jeevithathil nizhalichu thudangi....

    ReplyDelete