Wednesday, August 4, 2010

നോവല്‍ - അദ്ധ്യായം 82.

കിട്ടുണ്ണിയുടെ വാക്കുകള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെ പിറ്റേന്ന് രാധ അയ്യപ്പന്‍ കാവിലേക്ക് ചെല്ലുക തന്നെ ചെയ്തു.
പുലര്‍ച്ചെ കിട്ടുണ്ണി എറണാകുളത്തേക്ക് പുറപ്പെടുമ്പോഴും പോകരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നതാണ്. ' എനിക്ക്
തോന്നുമ്പോലെ ചെയ്യും ' എന്ന് അപ്പോഴേ രാധ മറുപടി പറഞ്ഞിരുന്നു.

ശനിയാഴ്ചയായതിനാല്‍ അമ്പലത്തില്‍ കുറച്ച് ആളുകള്‍ ഉണ്ട്. പുതിയ ശാന്തിക്കാരന്‍ വന്നതിന്ന് ശേഷം നാട്ടില്‍ അമ്പലത്തെ
കുറിച്ച് നല്ലൊരു അഭിപ്രായം ഉണ്ടായിട്ടുണ്ട്. ഉണ്ടാക്കുന്ന നിവേദ്യങ്ങള്‍ക്ക് നല്ല സ്വാദ്. പുഷ്പാഞ്ജലിയും ദീപാരാധനയും
മന്ത്രോച്ചാരണവും എല്ലാം നന്നായി ചെയ്യുന്നു. അതു കൊണ്ട് തന്നെ വഴിപാടുകളും വരുമാനവും കൂടിയിട്ടുണ്ട്. കമ്മിറ്റിക്കാരില്‍ ആരെങ്കിലും ക്ഷേത്രത്തിന്ന് മുമ്പില്‍  വഴിപാട് രശീതിയാക്കാന്‍ ഇരിക്കും.

രാധ ചെന്ന് നീരാഞ്ജനത്തിന്നും പുഷ്പാഞ്ജലിക്കും  രശീതാക്കി, അമ്പലത്തിനകത്ത് കയറി. നടയ്ക്കല്‍ രശീതികള്‍ വെച്ച്
കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. എല്ലാം ഉണ്ടെങ്കിലും ഒന്നുമില്ലാത്ത അവസ്ഥയാണ് തന്‍റേത്. താന്‍ പറയുന്നത് മാത്രം ശരി എന്ന് കരുതുന്ന
ഭര്‍ത്താവ്. കുറ്റപ്പെടുത്തല്‍ അല്ലാതെ സ്നേഹത്തോടെ ഒരു വാക്ക് പറയാറില്ല. മൂന്ന് പ്രസവിച്ചെങ്കിലും സങ്കടങ്ങള്‍ പറയാന്‍
ഒരു മകനെ തന്നില്ല. മൂന്നും പെണ്‍കുട്ടികള്‍. രണ്ടു പേര്‍ വിവാഹിതരായി ഭര്‍ത്താക്കന്മാരോടൊപ്പം. മൂന്നാമത്തെയാള്‍ കണ്ണെത്താത്ത നാട്ടില്‍ കഴിയുന്നു. അവളെ കൂടി ഒരുത്തനെ ഏല്‍പ്പിച്ച ശേഷം  ജീവിതം അവസാനിപ്പിക്കാനും മടിയില്ല. അതുവരെ പിടിച്ചു നില്‍ക്കാന്‍ പറ്റുമോ എന്നാണ് ഇപ്പോഴുള്ള സംശയം. ദിവസം ചെല്ലും തോറും കൃഷ്ണനുണ്ണിയേട്ടന്‍റെ പെരുമാറ്റം തീരെ സഹിക്കാന്‍ പറ്റാത്ത വിധത്തിലായിരിക്കുന്നു. ഇളയ മകള്‍ ഡോക്ടറായതോടെ തുടങ്ങിയ അഹങ്കാരമാണ്.
അവള്‍ അമേരിക്കയിലേക്ക് ചെന്നതോടെ നിലത്തൊന്നുമല്ല നടപ്പ്. എല്ലാം സ്വന്തം കഴിവ് കൊണ്ടാണെന്ന് പറഞ്ഞോട്ടെ. പക്ഷെ തൊട്ടതിനും പിടിച്ചതിനും കുറ്റം കാണാന്‍ നിന്നാലോ. തിരുവായ്ക്ക് എതിര്‍ വായ് ഇല്ല എന്ന നിലപാട് സഹിച്ചു മടുത്തു.
രാധയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

' ഇതാ പ്രസാദം ' എന്ന ശാന്തിക്കാരന്‍റെ വാക്കുകള്‍ കേട്ടതും രാധ പരിസരബോധം വീണ്ടെടുത്തു. ദക്ഷിണ തൃപ്പടിയില്‍ വെച്ച് പ്രസാദം വാങ്ങി.

തൊഴുത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ രാധ ചുറ്റിന്നും നോക്കി. വേണ്വോട്ടന്‍ അമ്പലത്തില്‍ വന്നിട്ടുണ്ടാവുമോ. കണ്ടാല്‍ കുറെ സങ്കടങ്ങള്‍ പറയാമായിരുന്നു. ഏട്ടന് ഒന്നും ചെയ്യാനാവില്ല. ആരും പറഞ്ഞാല്‍ കേള്‍ക്കാത്ത വകയാണ് കൃഷ്ണനുണ്ണിയേട്ടന്‍. എങ്കിലും ആരോടെങ്കിലും സങ്കടങ്ങള്‍ പറഞ്ഞാല്‍ മനസ്സിലെ ഭാരം അല്‍പ്പം കുറയും.

അമ്പല പരിസരത്തൊന്നും വേണുവേട്ടനെ കാണാനില്ല. തെല്ല് നിരാശയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. കടവിന്നടുത്ത് എത്തിയപ്പോള്‍ പുറകില്‍ നിന്നും ' രാധേ ' എന്നൊരു വിളി കേട്ടു. തിരിഞ്ഞ് നോക്കുമ്പോള്‍ വേണ്വോട്ടന്‍ നെല്ലിച്ചുവട്ടില്‍ 
എത്തിയിരിക്കുന്നു.

' ഇന്നെന്താ പതിവില്ലാതെ അമ്പലത്തിലേക്ക് പോന്നത് ' വേണു ചോദിച്ചു.

' വരണംന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഇന്നേ പറ്റീത് '.

' അത് നന്നായി. ആട്ടെ കിട്ടുണ്ണി എവിടെ '.

' എറണാകുളത്തേക്ക് പോണൂന്ന് പറഞ്ഞ് പുലര്‍ച്ചെ പോയതാണ്. സന്ധ്യക്കേ എത്തൂ '.

' ഞാന്‍ വന്ന ശേഷം ഇതുവരെ കിട്ടുണ്ണി അമ്പലത്തിലേക്ക് വന്ന് കണ്ടിട്ടേയില്ല '.

എങ്ങിനെ തുടങ്ങണം എന്നറിയാതെ വിഷമിക്കുമ്പോള്‍ അതൊരു പിടി വള്ളിയായി.

' മനുഷ്യനായാല്‍  ഇത്തിരി എളിമ വേണം. ഞാന്‍ ഈശ്വരനേക്കാളും മീതെയാണ് എന്ന് കരുതുന്നോര്‍ക്ക് അമ്പലത്തില്‍ വരേണ്ട കാര്യമുണ്ടോ '.

' ഏയ്. അതൊന്നും ആവില്ല. അവന്ന് നൂറു കൂട്ടം തിരക്ക് ഉണ്ടാവും. അതാ വരാത്തത് '.

' ഏട്ടന് അറിയാഞ്ഞിട്ടാണ്. അഹങ്കാരം കൊണ്ട് തട്ടി ഉരുട്ടി ഉണ്ടാക്കിയ ആളാണ് കൃഷ്ണനുണ്ണിയേട്ടന്‍ '.

' മനുഷ്യര്‍ ഓരോരുത്തരും ഒരോ വിധം സ്വഭാവക്കാരല്ലേ. കുട്ടിക്കാലം മുതലേ ആരേയും കൂട്ടാക്കാത്തൊരു പ്രകൃതമാണ് അവന്‍റേത്' '.

' എന്നാലും ഞാന്‍ പിടിച്ച മുയലിന്ന് മൂന്ന് കൊമ്പ് എന്ന രീതി പാടുണ്ടോ. എനിക്ക് മടുത്തു കഴിഞ്ഞു '.

' രാധയെന്താ ഇങ്ങിനെയൊക്കെ പറയുന്നത്. നിങ്ങള് ഭാര്യയും ഭര്‍ത്താവും യോജിച്ച് കഴിയണ്ടവരല്ലേ '.

' ഏട്ടാ, ഞാന്‍ ഭൂമി കീറി അറ്റം വരെ താണിട്ടുണ്ട്. എത്രത്തോളം ഞാന്‍ താണാലും അത്രക്കത്രക്ക് ചവിട്ടി തേക്കലാണ്. ഇങ്ങിനെ പോയാല്‍ ഒന്നുകില്‍ ഞാന്‍ ജീവിതം അവസാനിപ്പിക്കും. അല്ലെങ്കിലോ അയാളെ കൊന്ന് ജയിലില്‍ പോവും '.

കിട്ടുണ്ണിയുടെ പെരുമാറ്റത്തിലെ ദോഷങ്ങളും താന്‍ അനുഭവിക്കുന്ന വിഷമങ്ങളും രാധ വിസ്തരിച്ച് പറഞ്ഞു.

' പത്മിനി ഏടത്തിയുടെ ഭാഗം കയ്യും കാലും പിടിച്ച് കൈക്കലാക്കി. ഏട്ടന്‍ സമ്പാദിച്ചതില്‍ നല്ലൊരു പങ്ക് പല പല ആവശ്യങ്ങള്‍ പറഞ്ഞു വാങ്ങി സ്വന്തം പേരില്‍ സമ്പാദ്യമാക്കി. എല്ലാം നേടി കഴിഞ്ഞപ്പോള്‍ എന്നെ കഴിഞ്ഞ് ഒരാളില്ല എന്നായി.
ഒരു സ്കൂള്‍ മാഷ് കൂട്ട്യാല്‍ എന്തൊക്കെ നടത്താന്‍ പറ്റും എന്ന് ആര്‍ക്കാണ് അറിയാത്തത്. മൂന്ന് മക്കളെ വളര്‍ത്തി വലുതാക്കി.
രണ്ട് പെണ്‍കുട്ടികളെ കല്യാണം കഴിച്ച് അയച്ചു. പിന്നെ ഒരുത്തിയെ പഠിപ്പിച്ച് ഡോക്ടറാക്കി. ഇതൊക്കെ കഴിഞ്ഞിട്ട് നാട് മുഴുവന്‍ സ്ഥലം വാങ്ങി കൂട്ടണമെങ്കില്‍ ഒന്നുകില്‍ കള്ള നോട്ട് അടിക്കാന്‍ പോണം. അല്ലെങ്കില്‍ കക്കണം. ഇത് രണ്ടും 
അല്ലെങ്കിലോ മറ്റുള്ളവരെ തോല്‍പ്പിക്കണം. മൂപ്പര് നിങ്ങളെയൊക്കെ പറ്റിച്ചു മിടുക്കനായി '.

' അത് കണക്കാക്കണ്ടാ. ഒന്നുമില്ലെങ്കിലും സ്വന്തം ആള്‍ക്കാരുടെ മുതലല്ലേ അവന്‍ എടുത്തിട്ടുള്ളു. എന്നെ തോല്‍പ്പിച്ചു എന്ന് അന്യരെകൊണ്ട് പറയിപ്പിച്ചില്ലല്ലോ '.

' അതും ഉണ്ട്. സ്കൂളില്‍ ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് എത്ര ആളോടാ പണം വാങ്ങീട്ടുള്ളത്. ജോലി കിട്ടാതെ ചിലര്‍ വീട്ടില്‍ വന്ന് വണ്ടും തൊണ്ടും വിളിച്ചു പറയുന്നത് കേട്ട് എന്‍റെ തൊലി ഉരിഞ്ഞു പോയിട്ടുണ്ട് '.

വേണുവിന്ന് അസ്വസ്ഥത തോന്നി. അനുജനായി കണക്കാക്കി സ്നേഹിച്ചവനാണ്. അവന്‍റെ ചെയ്തികള്‍ കേട്ടിട്ട് കുറച്ചില്‍ 
തോന്നുന്നു. എന്തേ കിട്ടുണ്ണി ഇങ്ങിനെയായത്. തെറ്റായ വഴിയിലൂടെ സമ്പാദിച്ച് കൂട്ടിയിട്ട് എന്താ കാര്യം. മരിച്ചു പോവുമ്പോള്‍ എന്തെങ്കിലും കൂടെ കൊണ്ടു പോവാന്‍ സാധിക്കുമോ.

'ഞാന്‍ ചെല്ലാത്ത അമ്പലത്തില്‍  തൊഴാന്‍ പോവാന്‍ പാടില്ലാന്ന് പറഞ്ഞിട്ടാ പോയത്. അത് കേള്‍ക്കാതെ പോയീന്ന് അറിഞ്ഞാല്‍
അതോടെ ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കും എന്നും പറഞ്ഞു '.

' വെറുതെ മെരട്ടി നോക്ക്യേതാവും . ഈ നിസ്സാര കാര്യത്തിന്ന് വേര്‍പിരിയാനൊന്നും പോവുന്നില്ല '.

' ഇനി ഇറങ്ങി പോവാന്‍ പറഞ്ഞാല്‍ ഞാന്‍ എന്‍റെ വീട്ടിലേക്ക് പോവും. നിന്‍റെ ഓഹരി വാങ്ങീട്ട് വാ എന്ന് പറഞ്ഞത് കേട്ട് എന്‍റെ വീതം വാങ്ങാഞ്ഞത് നന്നായി. ധൈര്യമായി കയറി ചെല്ലാലോ '.

' അതൊക്കെ വേണോ രാധേ. വീട്ടുകാരെ ഈ നാണക്കേട് അറിയിക്കണോ '.

' അവരും അറിയേണ്ടവരല്ലേ. മൂന്ന് ഏട്ടന്മാര്‍ക്ക് അനുജത്തിയായി ജനിച്ചതാ ഞാന്‍. പഠിപ്പും പത്രാസും ഇല്ലെങ്കിലും 
അവര്‍ക്ക് സ്നേഹിക്കാന്‍ അറിയും. അവര്‍ എന്നെ വേദനിപ്പിക്കില്ല. പിന്നെ ഒരു സമാധാനം എന്താച്ചാല്‍ കൃഷ്ണനുണ്ണിയേട്ടന്‍
പറയുന്ന മാതിരി നാലാം കാല് പെണ്ണ് വന്ന് കയറി ഇരിക്കുന്ന ഇടം മുടിപ്പിച്ചു എന്ന് ആരും പറയില്ല. ഞാന്‍ വന്ന ശേഷം 
അഭിവൃദ്ധി തന്നെ ഉണ്ടായിട്ടുള്ളു '.

' മനസ്സ് വിഷമിച്ച് കഴിയണ്ടാ. ഞാന്‍ കിട്ടുണ്ണിയോട് സംസാരിക്കാം '.

' വേണ്ടാ ഏട്ടാ. ചിലപ്പോള്‍ ഏട്ടനോട് അപമര്യാദയായി വല്ലതും പറഞ്ഞാലോ '.

' അത് സാരമില്ല. നിങ്ങളുടെ അകല്‍ച്ച ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ മതി '.

' യോഗം ഉണ്ടെങ്കില്‍ വീണ്ടും കാണാ ' മെന്ന് പറഞ്ഞ് രാധ നടന്നു. എന്ത് വേണമെന്ന് അറിയാതെ വേണു അവിടെ തന്നെ നിന്നു.

*********************************************************************

വീട്ടിലെത്തിയ രാധ ആഹാരമൊന്നും ഉണ്ടാക്കാതെ തന്‍റെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും  ബാഗുകളില്‍ ഒതുക്കി വെക്കുകയാണ്
ചെയ്തത്. ഇന്ന് രണ്ടാലൊന്ന് തീരുമാനമാക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ചു. ഇറങ്ങി പോവാന്‍ പറഞ്ഞാല്‍ പോകും. കാല് പിടിക്കാനൊന്നും നില്‍ക്കില്ല.

നാല് മണിക്ക് മുമ്പേ കിട്ടുണ്ണി എത്തി.

വന്നു കയറിയതും അയാള്‍ ' അയ്യപ്പന്‍ കാവില്‍ പോയോ ' എന്ന് ചോദിക്കുകയാണ് ചെയ്തത്.

' പോയി ' രാധ മടി കൂടാതെ പറഞ്ഞു.

' തന്നോട് പോവരുതെന്ന് പറഞ്ഞതല്ലേ '.

' ഞാന്‍ പോവും എന്ന് അപ്പോഴേ മറുപടി പറഞ്ഞല്ലോ '.

' ഓഹോ, അപ്പോള്‍ എന്നെ ധിക്കരിക്കാറായി. ഇനി ഒരു നിമിഷം ഇവിടെ കഴിയാന്‍ പറ്റില്ല. കടന്ന് പൊയ്ക്കോ 
എവിടേക്കെങ്കിലും '.

രാധ മറുപടി പറഞ്ഞില്ല. നേരെ അകത്തേക്ക് ചെന്നു ബാഗുകള്‍ എടുത്ത് ഉമ്മറത്തെത്തി.

' ഞാന്‍ എന്‍റെ വക സാധനങ്ങള്‍ മാത്രേ എടുത്തിട്ടുള്ളു. ബാക്കി അകത്തുണ്ട്. വേണച്ചാല്‍ നോക്കാം '.

' അപ്പൊ പോവാന്‍ തന്നെ നിശ്ചയിച്ചു '.

' ഇറങ്ങി പോവാന്‍ പറഞ്ഞത് കേട്ട് കിഴിഞ്ഞ് കാല് പിടിച്ച് നില്‍ക്കാന്‍ ഞാനില്ല '.

' എന്നാലേ കേട്ടോളൂ. പിണക്കം തീര്‍ത്ത് കൂട്ടിക്കൊണ്ട് വരാന്‍ ഞാന്‍ എത്തുമെന്ന് കരുതണ്ടാ. എനിക്ക് പ്രായം ആയീന്ന് വിചാരിച്ച് വേറെ പെണ്ണൊന്നും കിട്ടില്ലാന്നും നിരീക്കണ്ടാ. ഇപ്പൊഴും തന്നേക്കാള്‍ നല്ല നൂറെണ്ണത്തിനെ  എനിക്ക് കിട്ടും '.

ആ പറഞ്ഞത് രാധയുടെ മനസ്സില്‍ കൊണ്ടു. തന്‍റെ സ്ത്രീത്വത്തെ അപമാനിച്ചത് അവര്‍ക്ക് സഹിക്കാനായില്ല.

' പരമ ദുഷ്ടാ 'അവര്‍ ചീറി ' മുപ്പത്തിരണ്ട് കൊല്ലം കൂടെ കഴിഞ്ഞ ഞാന്‍ പടിയിറങ്ങും മുമ്പ് വേറൊരുത്തിയെ കൊണ്ടു വരാന്‍ ഒരുങ്ങ്വാണല്ലേ. അവള്‍ക്ക് താലി അന്വേഷിച്ച് നടന്ന് നിങ്ങള് കഷ്ടപ്പെടണ്ടാ. ഇത് കൊണ്ടു പോയി കെട്ടിക്കോളിന്‍ '.

കഴുത്തിലെ താലിമാല പൊട്ടിച്ച് കിട്ടുണ്ണി മുഖത്തേക്ക് വലിച്ചെറിഞ്ഞ് രാധ പടവുകള്‍ ഇറങ്ങി.

1 comment:

  1. evidunnu kitti raadhakku ee chankoottam...
    nalla pennu..
    bhoomiyolam thaazham pinneyum engottu povaan,,,?

    ReplyDelete