Tuesday, March 2, 2010

അദ്ധ്യായം - 57.

' എടാ, ചാമ്യേ. കുളവരമ്പിന്‍റെ താഴത്തുള്ള ആടമാറി നാളെ കൊയ്യിക്കെടാ. ഓണം 
കഴിയുമ്പഴക്കും നെല്ലൊക്കെ കൊഴിഞ്ഞ് വീഴും 'എഴുത്തശ്ശന്‍ പാടം നോക്കി വന്നിട്ട്
ചാമിയോട് പറഞ്ഞു.

' അപ്പ്വോച്ചോ , ഞാനും അത് നെനച്ചിരിക്യാണ്. ഒരു നാല് പെണ്ണുങ്ങള് പോരേ '.

' ഇതെന്താ നീയ് നടാടെ കൊയ്ത്ത് നടത്തിക്ക്യാണെന്ന് തോന്ന്വോലോ നെന്‍റെ കൂട്ടം 
കേട്ടാല്. മൂന്നെണ്ണം ധാരാളാണ്. എന്നാലും ഒന്നും കൂടി കൂട്ടിക്കോ. ഒക്കെ
മരുങ്ങാപൂണേളാണ് '.

പിറ്റേന്ന് കൊയ്ത്ത് നടന്നു. കളപ്പുരക്ക് മുന്നിലിട്ട് കറ്റ മെതിച്ചു. പെണ്ണുങ്ങള്‍
മുറത്തില്‍ നെല്ല് കോരി മുറ്റത്ത് പൊലിയിടുന്നതും ചാമി മുറം കൊണ്ട് ചണ്ട്
വീശി മാറ്റുന്നതും നോക്കി വേണു ഇരുന്നു. എഴുത്തശ്ശന്‍ മുറ്റത്ത് എല്ലാറ്റിനും 
മേല്‍നോട്ടം വഹിച്ച് നിന്നു.

പതമ്പ് അളന്ന് പെണ്ണുങ്ങള്‍ക്ക് വല്ലി കൊടുത്തു. കളപ്പുരയുടെ അകത്തേക്ക്
നെല്ല് കടത്താന്‍ തുടങ്ങി.

' ചാമ്യേ, നാലഞ്ച് പറ നെല്ല് പുഴുങ്ങി കുത്തിക്കൊണ്ട് വരാന്‍ ആരോടെങ്കിലും 
പറയെടാ. ഓണം ഉത്രാടത്തിന് നമുക്ക് പുത്തിരി ഉണ്ണാലോ '.

കൂട്ടത്തില്‍ മുതിര്‍ന്ന സ്ത്രി ആ നെല്ല് ഏറ്റു വാങ്ങി.

' നോക്കെടീ. ഓണം കഴിഞ്ഞിട്ട് അരി കൊണ്ടു വന്നാല്‍ പോരാട്ടോ. ഞങ്ങള്‍ക്ക്
പുത്തിരിക്കുള്ളതാ '.

മറ്റന്നാള്‍ സന്ധ്യക്ക് മുപ്പിട്ട് അരി എത്തിക്കാമെന്ന് അവള്‍ ഏറ്റു.

പെണ്ണുങ്ങള്‍ പോയി.

' അടമാറി എത്ര പറയ്ക്കാടാ '.

' മൂന്നാണെന്നാ കേട്ടിട്ടുള്ളത് '.

' അപ്പൊ കിട്ട്യേത് ഊക്കായീ. തൊണ്ണൂറു പതം കിട്ടി. മുപ്പത് മേനി ആയില്ലേ.
എന്തായാലും വേണൂന്ന് നല്ല വര്‍ക്കത്തുണ്ട് '.

ഈ നേട്ടം തന്‍റെ വര്‍ക്കത്ത് കൊണ്ടൊന്നുമല്ലെന്ന് വേണു മനസ്സില്‍ പറഞ്ഞു.

**************************************************************************

' ചാമ്യേ, നീ പോയി ചോറ് വാങ്ങീട്ട് വാ ' എന്ന് എഴുത്തശ്ശന്‍ പറഞ്ഞതും 
ചാമി പണി നിര്‍ത്തി. തലേന്ന് കൊയ്തു മെതിച്ചിട്ട വൈക്കോല്‍ കെട്ടഴിച്ച്
അത് തല്ലാന്‍ വന്ന പെണ്ണുങ്ങള്‍ക്ക് കുടഞ്ഞിട്ടു കൊടുക്കുകയായിരുന്നു.
ഓണം കഴിയുന്നത് വരെ വൈക്കോല്‍ കുണ്ട കുത്തി നിര്‍ത്തിയാല്‍ അത്
മുഴുവന്‍ പുഴുകി നാശമാകും.

കളപ്പുരയുടെ തിണ്ണയില്‍ സഞ്ചിയും പാത്രങ്ങളും ഇരിപ്പുണ്ട്. മൊതലാളി
അമ്പലത്തിലാണ്. നേരം വെളുക്കുമ്പഴക്കും ഗുരുസ്വാമി മൂത്താര് എത്തും.
പിന്നെ അമ്പലത്തിലേക്ക് ഒരു പോക്കാണ്. നമ്പൂരിക്ക് താമസിക്കാനുള്ള
വീടിന്‍റെ പണി നടക്കുന്നത് നോക്കി നില്‍ക്കും . ഉച്ചക്ക് ഉണ്ണാനേ രണ്ടാളും 
തിരിച്ചെത്തു. കാലത്തെ ആഹാരം നാണു നായര്‍ കൊണ്ടു വരും . ഉച്ചക്ക്
പോയി എല്ലാവര്‍ക്കും ഉള്ള ഊണ് കൊണ്ടു വന്നാല്‍ മതി.

നെല്ലി ചുവട്ടിലായി വഴിയില്‍ മണ്ണ് ഇളകി കിടക്കുന്നു. സൂക്ഷിച്ച് നോക്കി.
സംശയം തോന്നിയതു കൊണ്ട് മണ്ണ് ഇളക്കി. കുഴി കുഴിച്ച് ഉള്ളില്‍ തൊരടി
മുള്ള് വെച്ച് ഈര്‍ക്കില കോലുകള്‍ അടുക്കി മീതെ ഇല വെച്ച് മണ്ണിട്ട് മൂടി
വെച്ചിരിക്കുകയാണ്. വഴി നടക്കുന്ന ആരെങ്കിലും അറിയാതെ ചവിട്ടിയാല്‍ 
കുഴിയില്‍ പെട്ട് കാലില്‍ മുള്ള് തറച്ച്കയറും.

ഏതോ കുരുത്തം കെട്ട പിള്ളര് വെച്ച കെണിയാണ്. കുഴിയിലുള്ള മുഴുവന്‍ 
സാധനങ്ങളും പെറുക്കി കളഞ്ഞ് കുഴി മണ്ണിട്ട് മൂടി. ചുറ്റും നോക്കുമ്പോള്‍
വേലി പടര്‍പ്പിലെ കരിനൊച്ചി ചെടികള്‍ക്ക് പിന്നിലായി ആരോ രണ്ട് പേര്‍ 
പതുങ്ങി നില്‍ക്കുന്നത് കണ്ടു. കുഴി ഉണ്ടാക്കി കെണി വെച്ച പിള്ളേരാണ്.
' ഇവിടെ വാടാ നായിന്‍റെ മക്കളേ ' എന്ന് പറയുമ്പോഴേക്ക് വരമ്പത്ത് കൂടി
മലയടിവാരത്തേക്ക് പിള്ളേര്‍ പാഞ്ഞു. ഒരു മണ്ണാങ്കട്ട എറിഞ്ഞത് അവര്‍ക്ക്
പുറകിലായി വീണുടഞ്ഞു.

' നിങ്ങക്ക് ഞാന്‍ വെച്ചിട്ടുണ്ടെടാ ' ചാമി മനസ്സില്‍ പറഞ്ഞു ' തോട്ടത്തിലെ
വേലിടെ അടീല്‍ കൂടി നൂണ് നാളികേരം കക്കുണത് എനിക്ക്അറിയാം. കിണുക്ക്
മുട്ടി വെച്ച് ഞാന്‍ നിങ്ങളെ അതില്‍ പെടുത്തും '.

പള്ളിക്കുണ്ടിന്ന് അടുത്ത് എത്തിയപ്പോള്‍ ' ചാമ്യേ, ഇങ്ങിട്ട് വാടാ ' എന്ന്
വീളിക്കുന്നത് കേട്ടു. നോക്കിയപ്പോള്‍ മരചുവട്ടില്‍  കോമ്പിയപ്പനാണ്.

' എന്താന്നിം നിങ്ങള് ഇവിടെ ' എന്ന് ചോദിച്ചതിന്ന് ' ഞാന്‍ നിന്നെ തേടി
വന്നതാണെ 'ന്ന് മറുപടി കിട്ടി.

മരചുവട്ടിലേക്ക് ചെന്നു.

' വലഞ്ഞിട്ട് വയ്യാടാ ചാമ്യേ, ഇന്നലീം ഇന്നും ഞാന്‍  ഒന്നും കഴിച്ചിട്ടില്ല '
എന്നായി മൂപ്പര് . മുമ്പാണ് ഈ മാതിരി ആവലാതി പറഞ്ഞതെങ്കില്‍ 
വിശ്വസിക്കാമായിരുന്നു. കൊയ്ത് പാട്ടം അളന്ന് കഴിഞ്ഞാല്‍ ഒന്നും
ഉണ്ടാവില്ല. പട്ടിണി അന്ന് കാലത്ത് പുതുമയല്ല. ഇപ്പോള്‍  അതല്ലല്ലോ
സ്ഥിതി. പത്തമ്പത് പറ പാട്ട കൃഷീം കുടിയിരുപ്പ് സ്ഥലവും കൈവശം 
ആയില്ലേ. പിന്നെന്താ ഇത്ര ഗതികേട്. മനസ്സില്‍ തോന്നിയത് ഒട്ടും മറച്ച്
വെക്കാതെ ചോദിച്ചു.

' ആര് കേട്ടാലും ഇതന്നെ ചോദിക്കുന്നത് ' കോമ്പി പറഞ്ഞു ' നമ്മടെ
കെടേലടി നമ്മക്കല്ലേ അറിയൂ '.

കൃഷി ഭൂമിയും കുടിയിരുപ്പ് സ്ഥലവും സ്വന്തമായി കിട്ടുന്നത് വരെ ഒന്നും
ഇല്ലാത്തതിന്‍റെ വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്ന് എല്ലാം കയ്യില്‍ 
എത്തിയോ അന്ന് കുടുംബത്തില്‍ കലഹം തുടങ്ങി. മൂത്ത മകന്‍ ആദ്യം ഭാഗം
ചോദിച്ചു. ഉള്ളതിന്‍റെ പകുതി അവന് വേണമെന്നാണ് ആവശ്യം. അപ്പന്‍റെ കൂടെ
ഇത്രയും കാലം പണി ചെയ്തത് അവനാണ്. അത് കാരണം കൂടുതല്‍ വേണം .
താഴെയുള്ള മൂന്നെണ്ണം അത് സമ്മതിച്ചില്ല. കെട്ടിച്ചു വിട്ട രണ്ട് പെണ്‍മക്കളും 
വീതം ചോദിച്ചു. നേരാം വണ്ണം നാല് പൂവല് കൃഷി ചെയ്തില്ല. അതിന്ന്
മുമ്പ് തല്ലി പിരിഞ്ഞു. മദ്ധ്യസ്ഥന്മാര്‍ ഇടപെട്ടു. സ്ഥലം അളന്ന് ഓരോരുത്തര്‍ക്കും 
വെവ്വേറെയാക്കി കൊടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ അപ്പനും അമ്മക്കും ഒരു
കുടില് മാത്രം ബാക്കി. മഴക്കാലത്ത് അത് നിലം പൊത്തി. അടുത്ത പറമ്പില്‍ 
താമസിക്കുന്ന ചെറിയ മകന്‍ അവിടം കൊത്തി കിളച്ച് ചേമ്പ് വെച്ചു. ഇപ്പോള്‍
വഴിയരുകില് കുത്തി മറച്ച് അതിലാണ് താമസം.

' വന്ന വെള്ളം നിന്ന വെള്ളത്തിനെ കൂടി കൊണ്ടു പോയി എന്ന് പറഞ്ഞ്
മാതിരിയായി. എന്നേക്കാള്‍  മറ്റവന്ന് കൂടുതല്‍ കൊടുത്തു എന്നും പറഞ്ഞ്
മക്കള്‍ ഒരാളും തിരിഞ്ഞ് നോക്കാറില്ല.

' സ്വത്തും കാശും ഒന്നും നമ്മളെ പോലെ ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല .
പാണന് ആന മൂധേവീ എന്ന് കേട്ടിട്ടില്ലേ. അതാ എന്‍റെ സ്ഥിതി ' അയാള്‍
പറഞ്ഞു നിര്‍ത്തി.

' ഇതൊന്നും കേട്ടിട്ടില്ലെ 'ന്ന് ചാമി പറഞ്ഞു.

' അതെങ്ങന്യാ അറിയ്യാ. നീ ഇവിടെ. ഞാന്‍ ആറേഴ് നാഴിക അപ്പറത്ത്.
വല്ല മരിപ്പിനോ കല്യാണത്തിനോ കാണാച്ചാല്‍ പെണ്ണിനെ തീര്‍ത്തതിന്ന്
അപ്പറം നീ അങ്ങോട്ട് ഒന്നിനും വരാറേ ഇല്ല. ഒന്നൂലെങ്കിലും ഞാന്‍ നിന്‍റെ
തള്ളടെ വകേലെ ആങ്ങളയല്ലേ. ഞാനോ എന്‍റെ പെണ്ണോ ഞങ്ങടെ മകളെ
തീര്‍ത്തതിന് നെന്നെ വല്ലതും പറഞ്ഞിട്ടുണ്ടോ. അതൊക്കെ ആണുങ്ങളുടെ
ഇഷ്ടം . അവള് വേറെ കെട്ടി പോവും ചെയ്തു '.

ഇപ്പോള്‍ ആരുമല്ലെങ്കിലും ഒരു കാലത്ത് ഭാര്യയുടെ അച്ഛന്‍ എന്ന സ്ഥാനം
ഉണ്ടായിരുന്ന ആളാണ്. അയാള്‍ സ്വന്തം കഷ്ടപ്പാട് പറയുന്നത് കേട്ടപ്പോള്‍
ചാമിക്ക് സങ്കടം തോന്നി.

' അമ്മായിക്ക് എങ്ങനീണ്ട് ' ചാമി ചോദിച്ചു.

' മക്കള് തല്ലി പിരിഞ്ഞതോടെ അവളുടെ മനസ്സ് ഇടിഞ്ഞു. കുറെയായി
കിടപ്പിലാണ്. മൂത്രം ഒഴിക്കലും പൊറത്തേക്ക് പോക്കും ഒക്കെ കെടന്ന
കെടപ്പിലാണ്. നോക്കാന്‍ ആരും ഇല്ല. ഒരു നൂറ് ഉറുപ്പിക കാശ് കിട്ട്യാല്‍ 
പാലക്കാട് ധര്‍മ്മാസ്പത്രീല് എത്തിക്കായിരുന്നു. ചാവുംച്ചാല്‍ അവടെ
കെടന്ന് ചത്തോട്ടെ. കണ്ണറാതി കാണാതെ കഴിഞ്ഞല്ലോ. നിന്നോട് അത്
ചോദിച്ച് നോക്കാന്ന് കരുതി പോന്നതാണ്. എന്‍റേല് ബസ്സിന്ന് കാശ്
കൊടുക്കാന്‍ ഇല്ലാത്തതോണ്ട് നടന്നു '.

തീരെ നിവര്‍ത്തിയില്ലാഞ്ഞിട്ടാണ് മകളെ കെട്ടി തീര്‍ത്ത തന്‍റെ അടുത്ത്
സഹായം ചോദിച്ച് എത്തിയത് എന്ന് ചാമിക്ക് മനസ്സിലായി.

' എണീക്കിന്‍ ' ചാമി കയ്യില്‍ പിടിച്ച് അയാളെ മെല്ലെ എഴുന്നേല്‍പ്പിച്ചു.
വാസുവിന്‍റെ ചായക്കടയില്‍ നിന്ന് പൊറോട്ടയും ചായയും വാങ്ങി
കൊടുത്തു. ഒരു പൊതി കിടപ്പിലായ അമ്മായിക്കും. ബെല്‍ട്ടില്‍ നിന്ന്
നൂറിന്‍റെ രണ്ട് നോട്ട് എടുത്ത് കയ്യില്‍ ഏല്‍പ്പിച്ചു. ടിക്കറ്റിന്ന് ഒരു
പത്ത് രൂപ വേറേയും. മന്ദത്ത് വന്ന് തിരിച്ച് പോകുന്ന ബസ്സ്
പുറപ്പെടാന്‍ ഒരുങ്ങി നില്‍പ്പുണ്ട്. അതില്‍ കയറ്റി ഇരുത്തി.

' എന്തെങ്കിലും വേണച്ചാല്‍ ചോയ്‌ക്കാന്‍ മടിക്കണ്ടാ ' ചാമി പറഞ്ഞു
' എന്‍റേല് ഉള്ളത് എപ്പൊ വേണച്ചാലും തരും '.

ബസ്സ് മെല്ലെ നീങ്ങി. വയസ്സന്‍ ചാമിയെ നോക്കി കണ്ണ് തുടച്ചു.

1 comment: