Tuesday, March 2, 2010

അദ്ധ്യായം - 55.

' പ്രമാണിമാരൊക്കെ കൂടി വന്നത് കണ്ടില്ലേ ' രാജന്‍ മേനോനും 
സംഘവും പോയതും കിട്ടുണ്ണി അകത്ത് രാധയുടെ മുമ്പില്‍ 
ചെന്ന് അരോടെന്നില്ലാത്ത മട്ടില്‍ പറഞ്ഞു.

' എല്ലാം കഴിഞ്ഞ് ഇപ്പൊരു അമ്പലക്കമ്മിറ്റിയും കൊണ്ടാ നടപ്പ്.
ആ മേനോന്‍ വിതച്ചതില്‍ നിന്ന് തെറിച്ച് വരമ്പത്ത് മുളച്ച
സാധനമാണ്. മനയ്ക്കല്‍കാരുടെ പൊളിഞ്ഞ അമ്പലം 
നന്നാക്കാന്‍ ഇവര്‍ക്ക് എന്താ ഇത്ര മുട്ട് '.

രാധ കേട്ട മട്ട് കാണിച്ചില്ല.

' കമ്മിറ്റി ഉണ്ടാക്കുമ്പോള്‍ കൃഷ്ണനുണ്ണി മാസ്റ്റര്‍ വേണമെന്ന
വിചാരം ഉണ്ടായില്ല. എല്ലാം കഴിഞ്ഞിട്ട് സഹായൂം ചോദിച്ച്
എത്തിയിരിക്കുന്നു '.

രാധ മൌനം തുടര്‍ന്നു.

' വേണുഗോപാലന്‍ നായരെ കെട്ടി എഴുന്നള്ളിച്ചാല്‍ ഞാന്‍ 
നിലവിളക്ക് കൊളുത്തി സ്വീകരിക്കുംന്ന് കരുതീട്ടുണ്ടാവും.
അതോണ്ടന്യാ ആര് വന്ന് പറഞ്ഞാലും എനിക്ക് തോന്നിയതേ
ചെയ്യൂ എന്ന് ഞാന്‍ പറഞ്ഞത് '.

' അത് നന്നായി. കുരുത്തം എന്നുള്ളത് നിങ്ങളെ തൊട്ട് തെറിച്ചിട്ടില്ല
എന്ന് അവരും കൂടി അറിഞ്ഞല്ലോ '.

' നെന്‍റടുത്ത് പറയാന്‍ വന്നതേ എന്‍റെ തെറ്റ് ' എന്നും പറഞ്ഞ് കിട്ടുണ്ണി
അവസാനിപ്പിച്ചു.

******************************************************************

' നിന്‍റെ അപ്പന്‍ എവിടേടീ ' എന്നും ചോദിച്ചു കൊണ്ടാണ് ചാമി കടന്ന് ചെന്നത്.

കല്യാണി മുറ്റം അടിക്കുകയാണ്. നിന്ന നില്‍പ്പില്‍ അവള്‍ തലപൊക്കി നോക്കി.

' കറമ്പി പെറ്റു. അപ്പന്‍ റബ്ബറ് കൊട്ടേല് മാച്ച് കെട്ടി തൂക്കാന്‍ പോയിരിക്ക്യാണ് '.

പശുവിന്‍റെ മറുപിള്ളയേയാണ് മാച്ച് എന്ന് പറയുക. കീറ ചാക്കില്‍ അത് കെട്ടി
പൊതിഞ്ഞു പാലുള്ള മരങ്ങളുടെ കൊമ്പില്‍ കെട്ടി തൂക്കും. എന്നാലേ  പശുവിന്‍റെ
അകിടില്‍ പാല് ഇറങ്ങൂ എന്നാണ് വിശ്വാസം. റബ്ബര്‍ കൊട്ട എന്നു വിളിക്കുന്ന കാട്ടു
റബ്ബറിന്‍റെ കൊമ്പാണ് ഇതിന്ന് തിരഞ്ഞെടുക്കുക. കുട്ടികള്‍ അതിന്‍റെ പാലെടുത്ത്
പന്തുണ്ടാക്കും. കുരുവിന്‍റെ തോട് കുത്തി പൊട്ടിച്ച് അകത്തുള്ള പരിപ്പ് തിന്നും.
അതല്ലാതെ ആ മരം കൊണ്ട് ഒരു ഗുണവും ഇല്ല.

ചാമി തൊഴുത്തിലേക്ക് ചെന്നു. കറമ്പി പകച്ച് നില്‍ക്കുകയാണ്. കടിഞ്ഞൂല്‍ 
പ്രസവമായതു കൊണ്ടാകും അതിന് ഒരു വെകിളി. പുല്ലുവട്ടിയിലിട്ട മുളയില
മുഴുവന്‍ തിന്ന് കഴിഞ്ഞിട്ടില്ല. പശുവിന്‍റെ മാച്ച് പെട്ടെന്ന് വീഴാന്‍ മുളയില
കൊടുക്കും. ചില പശുക്കള്‍ മാച്ച് വീണതും അത് തിന്നും. അതോടെ ആ
ഈറ്റില്‍ പാല് കിട്ടാതാവും.

ചാമി ചുറ്റും നോക്കി. കുട്ടിയെ കാണാനില്ല.

' ഇതിന്‍റെ കുട്ട്യേ കാണാനില്ല. മൂരിയാണോടീ '.

' അല്ല. ആനാവ് കുട്ടിയാണ്. അപ്പന്‍ കുളമ്പ് നുള്ളി കഴിഞ്ഞതും അത്
തുള്ളി ചാടി ഓടാന്‍ തുടങ്ങി. ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു '.

പറഞ്ഞ് നാവെടുക്കുമ്പോഴേക്കും കുട്ടി തുള്ളി ചാടി എത്തി. തവിട്ട് നിറത്തില്‍ 
വെള്ള പുള്ളികള്‍ നിറഞ്ഞ ശരീരം .

' ഇതെന്താടീ ഒരു പട്ടിക്കുട്ട്യേ പോലെ '.

' വലിയപ്പന് അങ്ങിനെയൊക്കെ തോന്നും. ഒന്നാമത് ചെറിയ പയ്യ്. കടിഞ്ഞൂല്‍ 
കുട്ടി. എത്ര വലിപ്പം ഉണ്ടാവും അതിന് '.

മുറ്റമടി കഴിഞ്ഞ് കല്യാണി അകത്തേക്ക് പോയി. ചാമി തിണ്ണയില്‍ ഇരുന്നു.
ചായയുമായിട്ടാണ് പെണ്‍കുട്ടി പിന്നെ വന്നത്.

' ഇന്ന് മീറ്റിങ്ങ് ഉണ്ടത്രേ. വലിയപ്പന്‍ അറിഞ്ഞ്വോ '.

' എന്താ കാര്യം '.

' കുണ്ടു കാട്ടില്‍ സമരം വരുന്നൂത്രേ. പതമ്പ് കൂട്ടാതെ കൊയ്യാന്‍ പറ്റില്ലാന്നാ
പറയിണത് '.

' പേറിന്‍റെ എടേല് തീണ്ടാരി ആയ പോലെ. കൊയ്യണ്ട നേരത്താണ് സമരം '.
ചാമിക്ക് തീരെ പിടിച്ചില്ല.

' നിങ്ങള് മീറ്റിങ്ങിന് നില്‍ക്കിണില്ലേ '.

' ഉവ്വ്. ഇനി അതിന്ന് നിക്കാണ്ടെ ഒരു കൂട്ടും കുറീം ഉണ്ടാക്കാന്‍ വയ്യ '.

*****************************************************

' എന്താണ്ടാ ചാമ്യേ നെന്നെ രാവിലെ കണ്ടില്ലാ ' ചോറുമായി എത്തിയ
ചാമിയോട് എഴുത്തശ്ശന്‍ ചോദിച്ചു. നാണു നായരും രാജന്‍ മേനോനും 
വേണുവും കളപ്പുരയുടെ ഉമ്മറത്ത് ഇരിപ്പാണ്.

' രാവിലെ മീറ്റിങ്ങ് ഉണ്ടായിരുന്നു '.

' എന്താ സംഗതി '.

' പതമ്പ് കൂട്ടാത്തതിന്ന് സമരം വരുംന്നാ പറഞ്ഞത്. കൊയ്ത്ത് മുടങ്ങും.

' വിനാശ കാലേ വിപരീത ബുദ്ധി. വിളഞ്ഞ കണ്ടം കൊയ്യാതെ ഇട്ടിട്ടാ സമരം.
മഹാലക്ഷ്മിയെ നിന്ദിക്കിണ എടവാടാണ് ഇതൊക്കെ '.

' ജന്മിമാരുടെ കാലത്ത് ഇത്ര ദ്രോഹം ഉണ്ടായിരുന്നില്ല എന്നാ പറയുണത് '.

' ഭൂ പരിഷ്ക്കരണ നിയമം നടപ്പിലാക്കുമ്പോള്‍ ഒരു പ്രത്യാശ ഉണ്ടായിരുന്നു '
രാജന്‍ മേനോന്‍ പറഞ്ഞു ' സുഖലോലുപരായി കഴിഞ്ഞ ജന്മിമാരേക്കാള്‍
പണിക്കാരുടെ കഷ്ടപ്പാട് കുടിയാന്മാര്‍ നേരിട്ട് അറിഞ്ഞതാണ്. അതിനാല്‍ 
തൊഴിലാളികളോട് അവര്‍ സഹാനുഭൂതിയോടെ പെരുമാറും എന്നൊക്കെ എല്ലാരും
കരുതി'.

' അതല്ലല്ലോ ഉണ്ടായേ. ഭൂമി കയ്യില്‍ കിട്ടേണ്ട താമസം , അന്നേ വരെ
ഈങ്കുലാബ് സിന്ദാബാദ് എന്ന് വിളിച്ച പലരും  ഖദറും ഇട്ട് വേഷം 
മാറി ' എഴുത്തശ്ശന്‍ പറഞ്ഞു ' എന്തോ എനിക്കങ്ങിനെ കഴിഞ്ഞതൊക്കെ
എളുപ്പത്തില്‍ മറക്കാന്‍ പറ്റാത്തതോണ്ട് അന്നും  ഇന്നും ഒരുപോലെ
കഴിയുന്നു '.

' ഞാന്‍ പറയാണച്ചാല്‍ ' ചാമി പറഞ്ഞു ' ഭൂമി പണി ചെയ്യുന്ന തൊഴിലാളിക്ക്
കൊടുക്കണം. എന്നാലേ നന്നാവൂ '.

' അത് മാത്രം നീ പറയണ്ടാ ' എഴുത്തശ്ശന്‍ പറഞ്ഞു ' അര ഏക്ര ഭൂമി
നെനക്കും പതിച്ച് കിട്ടീലേ. അളന്ന് നോക്കിയാല്‍ പത്ത് തൊണ്ണൂറ് സെന്‍റ് സ്ഥലം 
കാണും. പുഴയില്‍ നിന്ന് ഒരു പമ്പ് വെച്ചാല്‍ നന്നായിട്ട്മൂന്ന് പൂവല്‍ കൃഷി
ചെയ്യാം. എന്നിട്ട് നീയെന്താ ചെയ്തത്. ആ സ്ഥലം ചെങ്കല്ല് ചൂളക്കാര്‍ക്ക് കൊടുത്തു.
അവര് അതിന്ന് മണ്ണ് എടുത്ത് കുട്ടിചോറാക്കി. കന്ന് മേക്കുന്ന പിള്ളേര്‍ക്ക്
ഒളിഞ്ഞ് കളിക്കാന്‍ ആ സ്ഥലം ഇപ്പൊ നല്ല പാകായി '.

ജന്മിയോ, കുടിയാനോ, തൊഴിലാളിയോ ആരായാലും അടിസ്ഥാനപരമായി
മനുഷ്യന്‍ സുഖം കാംക്ഷിക്കുന്നവനാണെന്നും അതിന്നായി അന്യനെ ചൂഷണം 
ചെയ്യാന്‍ മടിക്കില്ലെന്നും മേനോന്‍ ഒരു തത്വം പറഞ്ഞു.

' ആരോ എക്കേടോ കെട്ട് പോട്ടേ, നമുക്ക് ഊണ് കഴിക്കാം ' എന്ന് നാണു
നായര്‍ പറഞ്ഞതോടെ എല്ലാവരും കൈ കഴുകാന്‍ ചെന്നു.

2 comments:

  1. പെണ്ണിനെ തീര്‍ത്തതിന്ന്
    അപ്പറം നീ അങ്ങോട്ട് ഒന്നിനും വരാറേ ഇല്ല.
    kalyanam ozhinju ennaayirikkum artham alle etta...

    ReplyDelete