Tuesday, March 2, 2010

അദ്ധ്യായം - 56

' വേണ്വോ, ആ രാവുത്തര് നീ പറഞ്ഞതും കേട്ടിട്ട് എന്തൊക്കയോ വീട്ടില്‍ 
കൊണ്ടു വന്ന് വെച്ചിട്ട് പോയിരിക്കുന്നു ' പത്ത് പതിനൊന്ന് മണിയോടെ
കളപ്പുരയിലെത്തിയ നാണു നായര്‍ വല്ലാത്തൊരു വേവലാതിയോടെ പറഞ്ഞു
' വേണ്ടത് നോക്കി വെച്ചോളിന്‍ . ഞാന്‍ ഉച്ചയ്ക്ക് വരാന്നും പറഞ്ഞിട്ടാണ്
അയാള് പോയത് '.

' അതിനെന്താ നാണുമാമേ, സരോജിനിക്ക് ഇഷ്ടം ഉള്ളത് എടുത്തോട്ടേ
എന്നും വെച്ചല്ലേ അങ്ങിനെ പറഞ്ഞത്. വേണ്ടതൊക്കെ വാങ്ങിക്കോട്ടേ '.

' അത് പറ്റില്ല. പെണ്ണുങ്ങളാണ്. കയത്തില്‍ ഇറക്കിയ കന്നിനെപ്പോലെയാണ്
പണ്ടൂം തുണീം വാങ്ങാന്‍ ചെല്ലുന്ന പെണ്ണുങ്ങള് . എത്ര നേരം നോക്ക്യാലും  
മതി വരില്ല , എത്ര വാങ്ങ്യാലും പോരാ '.

വേണു ചിരിച്ചു. ' അതൊക്കെ അവരുടെ മനസ്സിന്ന് സന്തോഷം കിട്ടുന്ന
കാര്യമല്ലെ. സന്തോഷിച്ചോട്ടെ ' എന്ന് പറയുകയും ചെയ്തു.

അങ്ങിനെ പറഞ്ഞൊഴിഞ്ഞാല്‍ ശരിയാവില്ലെന്നും, ഉച്ചക്ക് രാവുത്തര്‍ 
വരുമ്പോള്‍ വീട്ടില്‍ വന്ന് വേണുവിന്ന് ഇഷ്ടപ്പെട്ടത് മാത്രം എടുത്ത്
കൊടുക്കണമെന്നും നായര്‍ പറഞ്ഞപ്പോള്‍ ആ മുഖത്തെ ദൈന്യത കണ്ട്
വേണു സമ്മതിച്ചു.

നാണു നായരോടൊപ്പം എഴുത്തശ്ശനും വേണുവും ചാമിയും ചെന്നു.
ഊണ് കഴിഞ്ഞ് ഏറെ ചെല്ലുന്നതിന്ന് മുമ്പ് രാവുത്തര്‍ എത്തി.

' കുട്ട്യേ, ഉള്ളിന്ന് അതൊക്കെ ഇങ്ങിട്ട് എടുത്തിട്ട് വാ ' എന്ന് നാണു
നായര്‍ മകളോട് പറഞ്ഞു. രാവുത്തര്‍ വെച്ചിട്ട് പോയ തുണികളുമായി
സരോജിനി ഉമ്മറത്തെത്തി.

' ദാ, ഇതൊക്കെ ഇയാള് വെച്ചിട്ട് പോയതാണ്. ഇതിന്ന് നെനക്ക്
ഏതാ ഇഷ്ടംച്ചാല്‍ അത് എടുത്ത് ബാക്കി മടക്കി കൊടുത്തളാ '.

' അതിന് ഇത് എനിക്ക് ഇടാനല്ലല്ലോ. സരോജിനിക്ക് അല്ലേ.
അവള്‍ക്ക് വേണംന്ന് തോന്നുന്നത് ഒക്കെ എടുത്തോട്ടെ '.

'ആ കുട്ടി ഇതിന് മുമ്പ് സാരി വാങ്ങീട്ടില്ല ' രാവുത്തര്‍ പറഞ്ഞു ' നാണു
നായര് അതിന് മുണ്ടും തുണിയും മാത്രേ വാങ്ങാറുള്ളു '.

' ഇനി മുതല്‍ക്ക് അത് പോരാ. നിറം ഉള്ള വസ്ത്രം ഉടുക്കേണ്ട പ്രായം 
കഴിഞ്ഞിട്ടൊന്നും ഇല്ലല്ലോ '.

സരോജിനിയുടെ ഉള്ളില്‍ കുളിര് കോരി ഇട്ടത് പോലെ തോന്നി.

' രാവുത്തരേ ' വേണു പറഞ്ഞു ' ഒരു കൊല്ലത്തേക്ക് ഉടുക്കാന്‍ എത്ര
എണ്ണം വേണോ അത് കൊടുക്കൂ '.

' ഞാന്‍ മൂന്ന് എണ്ണം വെച്ചിട്ടുണ്ട് '.

' അത് ഒട്ടും പോരാ. ഇനി ഒരു മൂന്ന് എണ്ണം കൂടി കൊടുക്കൂ '.
തിരിഞ്ഞ് സരോജിനിയോട് ' ഞാന്‍ പറഞ്ഞൂന്ന് വിചാരിച്ച്
വാങ്ങാതിരിക്കണ്ടാ, പോരെങ്കില്‍ ഇനീം വാങ്ങിച്ചോളൂ ' എന്നു
കൂടി പറഞ്ഞു.

' എന്താ വേണ്വോ നീ ഈ കാട്ടുണത്. പണത്തിന് വെല ഇല്ലാത്തത്
പോലെ '.

' നാണുമാമ ഇതില്‍ ഇടപെടേണ്ടാ. ഇത് ഞങ്ങള് രണ്ടാളും കൂടി
ആയി '.

അതുതന്നെയാണ് താനും  ആഗ്രഹിക്കുന്നതെന്ന് നാണു നായരും ഉള്ളില്‍ 
കരുതി.

*********************************************

ശനിയാഴ്ച രാവിലെ തന്നെ വേണു ഓപ്പോളുടെ വീട്ടില്‍ 
എത്തിയിരുന്നു. പിറ്റേന്ന് കാലത്ത് പെണ്‍ വീട്ടുകാര്‍ 
വരാനുള്ളതാണ്. വീടും പരിസരവുംവൃത്തിയാക്കാന്‍ 
വന്ന പണിക്കാര്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കി പത്മിനി
അവരോടൊപ്പം തന്നെ കൂടി.

വേണു പേപ്പറും നോക്കി ഉമ്മറത്ത് ഇരുന്നു. കുറെ നേരം 
കഴിഞ്ഞപ്പോള്‍ മടുപ്പ് തോന്നി. എഴുന്നേറ്റ് പത്മിനിയുടെ
അടുത്ത് ചെന്നു.

' ഓപ്പോളേ, ഞാനെന്താ ചെയ്യേണ്ടത് ' വേണു ചോദിച്ചു.

' ഒന്നും വേണ്ടാ. അവര് വരുമ്പോള്‍ ആളായിട്ട് മുമ്പില്
ഇരുന്നാല്‍ മതി. അല്ലെങ്കിലും നിനക്ക് എന്തിനാ അറിയാ '.

' എന്നാലും മരുമകന്‍റെ കാര്യത്തില്‍ അമ്മാമന്‍ ഉത്സാഹിച്ചില്ല
എന്ന് വരാന്‍ പാടില്ലല്ലോ '.

പത്മിനി ചിരിച്ചു.

' മതി. സന്തോഷായി. നിന്‍റെ മനസ്സില്‍ ആ തോന്നലുണ്ടല്ലോ.
അതന്നെ ധാരാളം '.

അന്ന് രാത്രി വിശ്വനാഥന്‍ വക്കീല്‍ ഭാവി പരിപാടികള്‍ വിവരിച്ചു.
പെണ്‍ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടാതിരിക്കാന്‍ വഴിയില്ല. നാളത്തേത്
വെറും ഒരു ചടങ്ങ് മാത്രം. അത് കഴിഞ്ഞാല്‍ നിശ്ചയത്തിന്നും 
കല്യാണത്തിന്നും മുഹൂര്‍ത്തം നോക്കണം. ചിങ്ങമാസം കഴിയാന്‍
ഇനി ഏറെ ദിവസമില്ല.കന്നി മാസത്തില്‍ ഇതൊന്നും ചെയ്യാറില്ല.
അതിനാല്‍ തുലാമാസത്തില്‍ നിശ്ചയം. മിനിക്കുട്ടിയുടെ സൌകര്യം 
നോക്കി ധനു മാസത്തിലോ, മകര മാസത്തിലോ കല്യാണം.

' വേണൂ, നിങ്ങളുടെ കുടുംബക്കാരെ വിളിക്കാന്‍ പത്മിനിയോടൊപ്പം 
താന്‍ പോണം. എനിക്ക് അധികം ഒഴിവ് കിട്ടാത്തതോണ്ടാണ് '.

' അതൊന്നും പ്രത്യേകിച്ച് പറയണ്ട കാര്യമില്ല. അവന്‍ എന്‍റൊപ്പം 
വന്നോളും ' എന്ന് പത്മിനി പറയുകയും ചെയ്തു.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രണ്ട് കാറുകളിലായി എട്ടു പത്ത്
പേരെത്തി. അല്‍പ്പ നേരത്തെ സംഭാഷണം. പാനോപചാരം.
മുഹൂര്‍ത്തം നോക്കി ഭാവി കാര്യങ്ങള്‍ നിശ്ചയിക്കാമെന്ന്
തീരുമാനിച്ച് അതിഥികള്‍ സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി.

ഊണ് കഴിഞ്ഞതും വേണു പുറപ്പെട്ടു.

' എന്താ നിനക്കിത്ര തിടുക്കം. നാളെ പോയാല്‍ പോരേ ' പത്മിനി
ചോദിച്ചു.

അമ്പലം പണിയുമായി ബന്ധപ്പെട്ട് എത്തേണ്ടതുണ്ടെന്ന് വേണു പറഞ്ഞു.

' അതിന്‍റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു. എപ്പൊ നോക്ക്യാലും 
ഒരു അമ്പലം പണി. ഇനി എന്നാ ഇങ്ങോട്ട് എഴുന്നള്ളത്ത് '.

താമസിയാതെ വരാമെന്ന് വേണു പറഞ്ഞു.

' അതൊന്നും പറഞ്ഞാല്‍ പറ്റില്ല. ഉത്രാടത്തിന്‍റെ തലേന്ന് എത്തിക്കോളണം.
രണ്ട് ദിവസം ഓപ്പോളുടെ കൂടെ '.

ഓണത്തിന്ന് എന്തായാലും താന്‍ ഉണ്ടാവുമെന്ന് വേണു ഉറപ്പ് നല്‍കി.

പത്മിനി അകത്ത് ചെന്നു ഒരു പൊതിയുമായി തിരിച്ചെത്തി.

' വിശ്വേട്ടന്‍ നിനക്ക് ഓണക്കോടി  വാങ്ങി വെച്ചതാണ് ' പത്മിനി
പറഞ്ഞു.

' നിങ്ങള്‍ തന്നെ ഇത് അവന്ന് കൊടുത്തോളൂ ' എന്നും പറഞ്ഞ്
ആ പൊതി അവര്‍ വക്കീലിനെ ഏല്‍പ്പിച്ചു. വക്കീല്‍ അത് വാങ്ങി
വേണുവിന്ന് നേരെ നീട്ടി. ഓണക്കോടി വാങ്ങി വേണു കാല്‍ തൊട്ട്
വന്ദിച്ചു. വേഷ്ടിയുടെ തലപ്പ് കൊണ്ട്പത്മിനി മുഖം തുടച്ചു.

വേണു പടിയിറങ്ങി.

1 comment: