Friday, October 22, 2010

നോവല്‍ - അദ്ധ്യായം 99.

' എന്താണ്ടാ , നീ ഏറ്റിപ്പിടിച്ചും കൊണ്ട് വരുണത് ' തലയില്‍ ഒരു കുട്ടിച്ചാക്ക് നിറയെ സാധനവുമായി വരുന്ന ചാമിയോട് എഴുത്തശ്ശന്‍ ചോദിച്ചു.

' കുറച്ച് ചക്കരക്കിഴങ്ങാണ് കുപ്പ്വോച്ചോ '. കളപ്പുരയുടെ തിണ്ടില്‍ അവന്‍ ചാക്ക് ഇറക്കി വെച്ചു.

' നീയല്ലാണ്ടെ ഊരുപ്പെട്ട കാശും കൊടുത്ത് ഇത്ര തോനെ കിഴങ്ങ് ആരെങ്കിലും വാങ്ങ്വോ '.

' ഇത് പണം കൊടുത്ത് വാങ്ങ്യേതല്ല. പൊറ്റക്കണ്ടത്തിന്‍റെ ഒരു ഓരത്ത് പാത്തി മാടി ചക്കര വള്ളി വെച്ചതാണ്. കിഴങ്ങ് എറങ്ങ്യോന്ന് നോക്കീട്ടുണ്ടാര്‍ന്നില്ല '.

' അത് നന്നായി. അവനോന്‍റെ സ്ഥലം തരിശിട്ടിട്ട് കൂലി പണിക്ക് പോണതിനേക്കാള്‍ നല്ലതാണ് അവിടെ കൊത്തി കിളച്ച് വല്ലതും ഉണ്ടാക്കുന്നത് '.

ചാമി കുട്ടിച്ചാക്കിന്‍റെ കെട്ടഴിച്ച് തിണ്ടില്‍ കൊട്ടി. വെളുപ്പും ചുവപ്പും തൊലിയുള്ള കിഴങ്ങുകള്‍ അവിടെ
ചിതറി കിടന്നു. വെള്ളത്തില്‍ മണ്ണ് കഴുകി കളഞ്ഞിട്ടാണ് കിഴങ്ങുകള്‍ കൊണ്ടുവന്നിരിക്കുന്നത്.

' നീ ഇതൊന്ന് വന്ന് നോക്ക് ' എഴുത്തശ്ശന്‍ വേണുവിനെ ക്ഷണിച്ചു. റേഡിയോ ഓഫാക്കി വേണു വന്നു.

' ഇതെന്താ രണ്ട് നിറത്തില് ' അയാള്‍ ചോദിച്ചു.

' ചോപ്പ് നിറം ഉള്ളത് നമ്പറ് കിഴങ്ങാണ് ' ചാമി പറഞ്ഞു ' വേവിച്ചാല്‍ ഉള്ള് മഞ്ഞ നിറം ആവും. നല്ല മധുരം
ഉള്ള ജാതിയാണ് '.

കുട്ടിക്കാലത്ത് വൈകുന്നേരങ്ങളില്‍ ചിലപ്പോഴൊക്കെ പുഴുങ്ങിയ ചക്കരക്കിഴങ്ങാണ് ആഹാരം. പാടത്ത് പണിയില്ലാത്ത ദിവസങ്ങളില്‍ പെണ്ണുങ്ങള്‍ ചക്കരവള്ളി വലിക്കാന്‍ പോകും. കിഴങ്ങ് തന്നെയാണ് കൂലി. അതിനോടൊപ്പം നാരും വേരും വെട്ട് കൊണ്ട് മുറിഞ്ഞതും ഒക്കെ അവര്‍ക്ക് കിട്ടും. സ്കൂള്‍ വിട്ടു വന്ന് പശുവിനെ മേക്കാന്‍ പാടത്തിന്‍റെ വരമ്പത്ത് നില്‍ക്കുമ്പോള്‍ പണി മാറി അവര്‍ വരുന്നുണ്ടാവും.

' തമ്പ്രാന്‍ കുട്ടിക്ക് കിഴങ്ങ് വേണോ 'എന്ന് ചിലരൊക്കെ ചോദിക്കും. എത്ര വേണ്ടെന്ന് പറഞ്ഞാലും ചിലര്‍
ഒന്നോ രണ്ടോ കിഴങ്ങ് തന്നിട്ടേ പോകൂ.

' പാവം. തന്തയും തള്ളയും ഇല്ലാത്ത കുട്ടി. അതിനെ ഇട്ട് കഷ്ടപ്പെടുത്തുന്നത് കാണുമ്പൊ സങ്കടം വരും '
എന്ന് മിക്ക ദിവസവും ആരെങ്കിലും പറയാറുണ്ട്.

' നീ ഒരു കാര്യം ചെയ്യടാ ചാമ്യേ ' എഴുത്തശ്ശന്‍ പറഞ്ഞു ' കുറച്ച് കിഴങ്ങ് എടുത്ത് വേവിക്കാനിട്. ബാക്കി ആ പെണ്‍കുട്ടിടെ കയ്യില്‍ കൊടുത്ത് കൂട്ടാന്‍ വെക്കാന്‍ പറ '.

' എന്ത് കൂട്ടാനാ ഉണ്ടാക്കാന്‍ പറയണ്ടത് '.

' നിനക്ക് അറിയില്ല അല്ലേ. പോയി ആ കുട്ടിയോട് ചക്കര കിഴങ്ങും ചേമ്പിന്‍ തണ്ടും കൂടി ഉള്ളിയും മുളകും
അരച്ചത് ഒഴിച്ച് കൂട്ടാന്‍ ഉണ്ടാക്കാന്‍ പറ. ഒരു തുള്ളി പച്ച വെളിച്ചെണ്ണ ഒഴിച്ചാല്‍ നല്ല രുചി ഉണ്ടാവും. ചോറ് കൊണ്ടുവാ കൊണ്ടുവാ എന്ന് പറയും '.

' വേറൊന്നും ചേര്‍ക്കണ്ടാ '.

' വേണച്ചാല്‍ ഒരു പിടി വെള്ളപ്പയര്‍ ഇടാം. അല്ലെങ്കിലോ കുറച്ച് പച്ചപ്പയര്‍ പൊട്ടിച്ച് ഇടാം. അതൊന്നും
ഇല്ലെങ്കിലും ഒരു കേടും ഇല്ല '.

ചാമി അടുപ്പ് കത്തിച്ച് കിഴങ്ങ് വേവാനിട്ടു. ബാക്കി കുട്ടിച്ചാക്കിലാക്കി പോവാനൊരുങ്ങി.

' വേഗം വാ . ഒരു പണീണ്ട് ' എഴുത്തശ്ശന്‍ പറഞ്ഞു.

' എന്താ '.

' നീ കുളക്കണ്ടത്തിന്‍റെ വരമ്പത്ത് പോയോ '.

' ഉവ്വ്. ആ കണ്ടത്തില് എലി വെട്ടാന്‍ തുടങ്ങീട്ടുണ്ട് '.

' അപ്പൊ നീയത് കണ്ടു അല്ലേ '.

' ഞാന്‍ മരുന്നും വാങ്ങീട്ടുണ്ട്. ഒരു പിടി അരിയും കൂടി കലര്‍ത്തി മണത്തിന്ന് ഇത്തിരി വെളിച്ചെണ്ണയും
ഒഴിച്ചിട്ട് ചെരട്ടേല്‍ ആക്കി വെക്കാം. തിന്ന് ചാവട്ടെ '.

' അതും തിന്നിട്ട് വെള്ളം കുടിച്ചാല്‍ എലി ചാവില്ല. മരുന്ന് വെച്ചത് പാഴാവും '.

' പിന്നെന്താ വേണ്ടത് '.

' മരുന്ന് വെച്ചോ. ചാവുണത് ചാവട്ടെ. കുറച്ച് താളിന്‍ തണ്ട് കഷ്ണം കഷ്ണമായി അരിഞ്ഞ് പാടത്ത് ഇടാം. അത് കടിച്ചാല്‍ വായ ചൊറിഞ്ഞിട്ട് പിന്നെ എലി വരില്ല '.

എന്തൊക്കെ സൂത്ര പണികളാണെന്ന് വേണു അത്ഭുതപ്പെട്ടു.

++++++++++++++++++++++++++++++++++++

സമയം ആറ് മണി ആവാറായി. പണിക്കാരെല്ലാം ജോലി കഴിഞ്ഞ് പോയി കഴിഞ്ഞു. മില്ലില്‍ രാധാകൃഷ്ണനെ കൂടാതെ വാച്ച്മാന്‍ പൊന്നുമണി മാത്രമേയുള്ളു. ചാക്കുകള്‍ അടുക്കി കെട്ടാക്കി ഗൊഡൌണില്‍ വെക്കാന്‍
അയാളെ ഏല്‍പ്പിച്ചിരിക്കുകയാണ്.

മൂന്ന് നാല് ദിവസമായി കണക്ക് പുസ്തകങ്ങള്‍ക്കുള്ളില്‍ മുഴുകുകയായിരുന്നു. സ്റ്റോക്കില്‍ എന്തോ ചില
തിരിമറി നടന്നിട്ടുണ്ട്. ഒറ്റ നോട്ടത്തിലാണ് അച്ഛന്‍ അത് കണ്ടെത്തിയത്. തല്‍ക്കാലത്തേക്ക് നിയമിച്ചിരുന്ന
മാനേജരുടെ നേര്‍ക്കാണ് സംശയത്തിന്‍റെ മുന നീളുന്നത്. എത്ര എളുപ്പത്തില്‍ അയാള്‍ തന്നെ കബളിപ്പിച്ചു.
അച്ഛനെ എളുപ്പത്തില്‍ ആര്‍ക്കും പറ്റിക്കാനാവില്ല. ശരിക്ക് സുഖമില്ലാത്ത അവസ്ഥയിലും അച്ഛന്ന് പെട്ടെന്ന്
കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കാന്‍ കഴിഞ്ഞു.

കൈകാലുകള്‍ കഴുകി ഓഫീസ് റൂമില്‍ വിളക്ക് വെക്കണം. എന്നിട്ട് വേണം വീട്ടില്‍ ചെന്ന് കുളിച്ച് ശരണം
വിളിക്കാന്‍. ഇത്തവണ അച്ഛനെ കൂടി ശബരിമലയ്ക്ക് വ്രതം എടുപ്പിക്കുന്നുണ്ട്. യാത്ര പോവാന്‍ ഇനി ഒരു ദിവസം കൂടിയേ ഉള്ളു.

വരാന്തയില്‍ വെച്ച കുടത്തില്‍ നിന്ന് വെള്ളം എടുക്കാന്‍ ചെന്നപ്പോള്‍ തൂണും ചാരി ഒരു സ്ത്രി നില്‍ക്കുന്നു.
വാലിട്ട് കണ്ണെഴുതി, മുറുക്കി ചുവപ്പിച്ച ഒരു യുവതി. നെറ്റിയില്‍ ചാന്ത് കൊണ്ടൊരു വട്ട പൊട്ട് ഇട്ടിട്ടുണ്ട്.
മുഖത്ത് വാരി പൊത്തിയ പൌഡര്‍ എണ്ണക്കറുപ്പ് നിറം മായ്ക്കാന്‍ നന്നെ പാടുപെടുന്നുണ്ട്. കടും ചുവപ്പ് നിറത്തിലുള്ള സാരിയും ജാക്കറ്റുമാണ് വേഷം. കയ്യിലൊരു ശീലക്കുടയും തുണിസ്സഞ്ചിയും ഉണ്ട്. ഒറ്റ നോട്ടത്തില്‍ എന്തോ ഒരു ലക്ഷണപ്പിഴ തോന്നി.

' ആരാ ' രാധാകൃഷ്ണന്‍റെ ശബ്ദത്തില്‍ നീരസം കലര്‍ന്നിരുന്നു.

' ഞാനാ, പാഞ്ചാലി ' കൊഞ്ചി കുഴഞ്ഞുകൊണ്ടുള്ള മറുപടി അയാള്‍ക്ക് രസിച്ചില്ല.

' എന്താ ഇവിടെ '.

' ഒന്നൂല്യാ '.

' വെറുതെ നില്‍ക്കാനുള്ള സ്ഥലമല്ല ഇത്. കാര്യം ഒന്നും ഇല്ലെങ്കില്‍ പൊയ്ക്കോളൂ '.

' ഞാന്‍ സുകുമാരേട്ടനെ കാത്ത് നിന്നതാണ് '.

' അതിന്ന് അയാള്‍ ഇവിടെ ഇല്ലല്ലോ '.

' ചിലപ്പോള്‍ വരും. എന്നോട് പറഞ്ഞിരുന്നു '.

' ഞാന്‍ മില്ല് പൂട്ടി പോവാന്‍ നില്‍ക്കാണ്. നിങ്ങള്‍ പൊയ്ക്കോളൂ '.

' എനിക്ക് ഇപ്പൊ തിരക്കൊന്നൂല്യാ ' ഒന്ന് നിര്‍ത്തിയിട്ട് ശൃംഗാരം തുളുമ്പുന്ന ഭാവത്തോടെ അവള്‍ പറഞ്ഞു
' സുകുമാരേട്ടന്‍റെ കൂട്ടുകാരനായിട്ട് എന്നെ അറിയില്ല അല്ലേ. മലയ്ക്ക് പോയിട്ട് വരിന്‍. എന്നിട്ട് നമുക്ക് ശരിക്കൊന്ന് പരിചയപ്പെടാം '.

ആ വാക്കുകളിലെ ദുസ്സൂചന രാധാകൃഷ്ണന്ന് ഇഷ്ടപ്പെട്ടില്ല. എത്രയോ എണ്ണത്തിനെ ഈ കാലത്തിനിടക്ക് കണ്ടിരിക്കുന്നു. എന്നാലും ഇത് പോലെ ഒന്നിനെ ആദ്യമായിട്ടാണ്.

' നിങ്ങളോട് പോവാനാണ് പറഞ്ഞത് ' അയാളുടെ സ്വരം ഉയര്‍ന്നു.

' എന്തിനാ കിടന്ന് അലറുന്നത്. ഞാന്‍ ഇത്തിരി നേരം ഇവിടെ നിന്നാല്‍ നിങ്ങള്‍ക്കെന്താ ചേതം '. പെണ്ണ്
ഒരുങ്ങി തന്നെയാണ്.

വേറൊരു സമയത്തായിരുന്നുവെങ്കില്‍ അവളുടെ കഴുത്തിന്ന് പിടിച്ച് വെളിയിലാക്കിയേനെ. ശബരിമലയ്ക്ക് മാലയിട്ടിട്ട് അങ്ങിനെയൊന്നും ചെയ്യാന്‍ പാടില്ല. രാധാകൃഷ്ണന്‍ മില്ലിനകത്തേക്ക് ചെന്ന് പൊന്നുമണിയോട് വിവരം പറഞ്ഞു. കാക്കയെ ആട്ടാനുള്ള വടിയുമായിട്ടാണ് പണിക്കാരന്‍ വന്നത്.

' നിന്നോട് പോവാനല്ലേ മുതലാളി പറഞ്ഞത് ' അയാള്‍ ചോദിച്ചു.

' ഞാന്‍ ഇവിടെ പാര്‍ക്കാന്‍ വന്നതൊന്ന്വല്ല '.

' എന്നാല്‍ പിന്നെന്താ നീ പോവാത്തത് '.

' സുകുമാരേട്ടനെ കണ്ടിട്ട് കുറച്ച് കാശ് വാങ്ങാന്‍ നിന്നതാണ്. നിങ്ങളുടെ മുതലാളിയോട് ഒരു അമ്പത് ഉറുപ്പിക തരാന്‍ പറയിന്‍. സുകുമാരേട്ടന്‍റെ കയ്യിന്ന് വാങ്ങീട്ട് മടക്കി കൊടുക്കാം '.

' ഈ പരിപാടിയൊന്നും ഇവിടെ നടക്കില്ല ' രാധാകൃഷ്ണന്‍ പറഞ്ഞു ' മര്യാദയ്ക്ക് സ്ഥലം വിട് '.

' അത്ര വലിയ യോഗ്യതയൊന്നും കാണിക്കണ്ടാ. എന്താ നിങ്ങളുടെ സ്വഭാവം എന്നൊക്കെ എനിക്കറിയാം '.

' പൊന്നുമണീ, ഇവളെ പിടിച്ച് വെളിയിലാക്ക് ' രാധാകൃഷ്ണന്‍ കല്‍പ്പിച്ചു.

' ഇപ്പൊ ഇറങ്ങണം ഇവിടുന്ന്. ഇല്ലെങ്കില്‍ ഞാന്‍ അടിച്ച് വെളിയിലാക്കും. നിനക്ക് എന്നെ ശരിക്ക് അറിയില്ല ' പൊന്നുമണി ഉയര്‍ത്തിയ വടിയുമായി ചെന്നു.

' നശിച്ച് പോവ്വേള്ളൂ നിങ്ങള് ' എന്നും ശപിച്ചു കൊണ്ട് പാഞ്ചാലി ഇറങ്ങി നടന്നു. അവളെ വെളിയിലാക്കി ഗെയിറ്റ് അടച്ചിട്ട് പൊന്നുമണി വന്നു.

' ഇമ്മാതിരി കച്ചറകളെ അടുപ്പിച്ചാല്‍ ഉള്ള മാനം കപ്പല് കേറും ' അയാള്‍ ആ പറഞ്ഞത് രാധാകൃഷ്ണന്ന് വല്ലാതെ കൊണ്ടു. കൂട്ടുകാരനോട് അയാള്‍ക്ക് കടുത്ത ദേഷ്യം തോന്നി.

1 comment: