Friday, October 22, 2010

നോവല്‍ - അദ്ധ്യായം - 100.

' ആരൂല്യേ ഇവിടെ ' എന്ന ചോദ്യവും ' ഒരു മനുഷ്യപ്രാണീയെ ഇവിടെ കാണാനില്ലല്ലോ ' എന്ന ആത്മഗതവും
വേണു കേട്ടു. സ്ത്രി ശബ്ദമാണ്.

ഉറക്കം കഴിഞ്ഞു. എന്നാലും എഴുന്നേല്‍ക്കാന്‍ ഒരു മടി. ' ഒന്ന് ഉമ്മറത്തേക്ക് വരിന്‍. ഒരാള് ഇവിടെ കാത്ത്
നില്‍ക്കുണുണ്ട് ' എന്നും കൂടി കേട്ടപ്പോള്‍ വേണൂ തല പൊക്കി.

പാതി തുറന്ന ജനലിലൂടെ അയാള്‍ മുറ്റത്തേക്ക് നോക്കി. അമ്പതോ, അമ്പത്തഞ്ചോ വയസ്സായിട്ടുണ്ടാവും ആഗതയ്ക്ക്. വെള്ള റൌക്കയും, കണ്ണങ്കാലിന്ന് രണ്ടിഞ്ച് മുകള്‍വരെ എത്തുന്ന മല്ല് മുണ്ടുമാണ് വേഷം.
കത്തുന്ന അടുപ്പില്‍ നിന്ന് വലിച്ചെടുത്ത് വെള്ളം ഒഴിച്ചു കെടുത്തിയ വിറക് കൊള്ളിയുടെ നിറത്തിലുള്ള
ശോഷിച്ച കൈകാലുകള്‍.

' ആരാ നിങ്ങള് ' വേണു ആ ഇരുപ്പില്‍ ചോദിച്ചു.

' അമ്മാളു '.

' എന്താ വേണ്ടത് '.

' ചാമി വരാന്‍ പറഞ്ഞു '.

വേണു ക്ലോക്കിലേക്ക് നോക്കി. സമയം എട്ടര. പാടത്ത് നോക്കാന്‍ ചെന്നിട്ട് ചാമി എത്തുന്ന നേരം.

' ഒരു ഭാഗത്ത് ഇരുന്നോളിന്‍ . ചാമി ഇപ്പൊ എത്തും '.

ബ്രഷില്‍ പേസ്റ്റും പുരട്ടി വേണു ഇറങ്ങി വരുമ്പോഴേക്കും ചാമി എത്തി.

' ചോപ്പത്ത്യേ , നിങ്ങള് മുതലാളി ഉണരുമ്പൊ കണി കാണാന്‍ വന്ന് നിന്നതാ ' .

' ഞാന്‍ കണി കാണാന്‍ വന്ന് നിന്നതൊന്ന്വല്ല. നിങ്ങള് വന്ന് പറഞ്ഞപ്പൊ ഇങ്ങോട്ട് പോന്നൂ. ഇത് കഴിഞ്ഞിട്ട് വേണം ഒന്ന് രണ്ട് സ്ഥലത്ത് കൂടി ചെല്ലാന്‍ '.

' മുതലാളീ ' ചാമി വേണുവിനോടായി ' മുഷിഞ്ഞ കറുപ്പ് മുണ്ടോക്കെ അലക്കിക്കാമെന്ന് വിചാരിച്ച് വരാന്‍
പറഞ്ഞതാ. കൊടുത്തോട്ടെ '.

' എല്ലാരുടേയും കൊടുത്തോളൂ ' വേണു പറഞ്ഞു ' പള്ളിക്കെട്ടുകളും മുദ്രസ്സഞ്ചികളും ഒക്കെ വേണംട്ടോ '.

' കുപ്പ്വോച്ചന്‍ വക്കാണിക്ക്വോ '.

' അമ്മാമയോട് ഞാന്‍ പറയാം '.

വേണു പല്ലുതേച്ച് വരുമ്പോഴേക്കും അലക്കുകാരി തുണികളുമായി പോയി.

' മുണ്ടൊക്കെ അലക്കി എടുത്ത് വെക്കാനാണോ ' വേണു ചോദിച്ചു.

' കറുപ്പ് മുണ്ട് എടുത്ത് വെക്കാന്‍ പാടില്ല. അലക്കി വെടുപ്പാക്കീട്ട് അതൊക്കെ നായാടിക്ക് കൊടുക്കണംന്ന് കേട്ടിട്ടുണ്ട് '.

' അതിന് നായാടി ഇപ്പൊഴും വരാറുണ്ടോ '.

' പുഴടെ അക്കരെ നായന്മാരുടെ തറേല് വരാറുണ്ട്. അവിടെ കൊണ്ടു പോയി കൊടുക്കാം '.

മുമ്പ് ശനിയാഴ്ചകളില്‍ തറവാടിന്ന് മുമ്പിലെ വലിയ വരമ്പില്‍ നായാടി വന്നു നിന്ന് " വലിയ തമ്പുരാട്ട്യേ ,
ട്ട്യേ . ട്ട്യേ , ട്ട്യേ ' എന്ന് ഉറക്കെ വിളിക്കും. ഒരിക്കലും അവര്‍ പടിപ്പുരയുടെ മുമ്പില്‍ വന്ന് നില്‍ക്കാറില്ല.

ഇലച്ചീന്തില്‍ കുറച്ച് അരിയും കീറ പേപ്പറില്‍ കുറച്ച് ഉപ്പും മൂന്ന് നാല് കപ്പല്‍ മുളകും ചെറിയമ്മ നായാടിക്ക്
കൊടുക്കാനായി തരും. ഓപ്പോളാണ് പടിപ്പുര വരെ അതൊക്കെ എടുക്കാറ്. ' ഇത് അവിടെ കൊണ്ടു വെച്ചിട്ട്
ഒന്ന് പ്രാകാന്‍ പറയെടാ ' ഓപ്പോള് പറയും. നായാടി പ്രാകിയാല്‍ നല്ലത് വരുമെന്നാണ് വിശ്വാസം. ആര്‍ക്കും
ഒന്നും മനസ്സിലാവാത്ത ഭാഷയില്‍ അവര്‍ എന്തോ പിറുപിറുക്കും.

നായാടി വിശേഷങ്ങള്‍ ചോദിക്കും. ഒന്നാം ക്ലാസ്സുകാരന്‍ സ്കൂളിലെ കാര്യങ്ങള്‍ പറയുന്നത് ആ സ്ത്രീ കൌതുകത്തോടെ കേള്‍ക്കും .

' നായാടിക്ക് കണക്ക് അറിയ്വോ ' അവന്‍ ചോദിക്കും.

' നായാടി പഠിച്ചിട്ടില്ല '.

' അയ്യേ കഷ്ടം ' വലത് കയ്യുകൊണ്ട് അന്തരീക്ഷത്തില്‍ ഒന്ന് രണ്ട് എന്നൊക്കെ അവന്‍ എഴുതുന്നത് നായാടി
നോക്കി നില്‍ക്കും.

' എന്‍റെ കുട്ടി വലുതാവുമ്പൊ നായാടിക്ക് ഒരു മുണ്ട് തര്വോ ' അവര്‍ ചോദിക്കും.

' ഒന്നൊന്നും അല്ല. ഇതാ ഇത്തറെ തരും ' രണ്ടു കയ്യിലേയും വിരലുകള്‍ പലവട്ടം നിവര്‍ത്തുകയും മടക്കി കാണിക്കുകയും ചെയ്യും.

' എന്താ രണ്ടും കൂടി അവിടെ കാട്ടുന്നത്. ഒന്ന് വരുന്നുണ്ടോ. കൊണ്ടാട്ടം മുഴുവന്‍ കാക്ക തിന്ന് തീര്‍ത്തു ' ചെറിയമ്മയുടെ നിലവിളി കേട്ടതും കുട്ടികള്‍ തിരിച്ച് ഓടും.

' എന്താ അവിടെ ഇത്ര വലിയ കാര്യം ' ചെറിയമ്മയുടെ നോട്ടം ഓപ്പോള്‍ക്ക് താങ്ങാനാവില്ല.

' ദാ, ഇവന്‍ പ്രാകാന്‍ പറഞ്ഞതാ ' ഓപ്പോള്‍ തടി തപ്പും.

' അയ്യത്തടി. അതിന്‍റെ ഒരു കുറവേ ഉള്ളു ' ചെറിയമ്മയുടെ ശബ്ദം ഉയരും ' മുട്ടില് നടക്കാന്‍ തുടങ്ങിയതും
പെറ്റ തള്ള അങ്ങേ ലോകത്തേക്ക് കെട്ട് കെട്ടി. അത്ര വിശേഷപ്പെട്ട ജാതകമാണ് '.

കുട്ടി ഒന്നും മനസ്സിലാവാതെ മിഴിച്ച് നില്‍ക്കും.

' വല്ലാണ്ടെ ലോഹ്യം കൂടി നിന്നാല്‍ ഒരു ദിവസം അവള്‍ പിടിച്ച് പൊക്കണത്തിലിട്ട് കൊണ്ടു പോകും. ഞാന്‍
പറഞ്ഞില്ലാന്ന് വേണ്ടാ ' ചെറിയമ്മ മുന്നറിയിപ്പ് നല്‍കും. എപ്പോഴും സ്നേഹത്തോടെ മാത്രം പെരുമാറാറുള്ള നായാടി അങ്ങിനെ ചെയ്യില്ലാന്ന് വേണുവിന്ന് ഉറപ്പുണ്ട്.

മനസ്സിന്‍റെ ഭിത്തികളില്‍ കോറിയിട്ട മനോഹരമായ ദൃശ്യങ്ങള്‍ ഒന്നു കൂടി കാണാനൊത്തു.

വെള്ളരി മാവിന്‍റെ ചുവട്ടില്‍ ഒറ്റയ്ക്കിരുന്ന് ഓപ്പോള്‍ കൊത്താങ്കല്ല് കളിക്കുകയാണ്. മാവിന്‍ തടിയില്‍ ചാരി നിന്ന് വേണു അകലെ ആകാശത്തേക്ക് നോക്കുന്നു.

' എടാ വേണ്വോ ' ഓപ്പോള് വിളിച്ചു ' ഇന്നാള് നിന്‍റെ കവിളത്ത് ആ നായാടിച്ചി തലോടിയത് ഞാന്‍ ആരുടെ അടുത്തും പറയില്ലാട്ടോ '.

' ങും '

' അമ്മടെ അടുത്ത് ഒട്ടും പറയില്ലാട്ടോ '.

' ങും '.

' ഉള്ള കാലം മുഴ്വോനും , സൂര്യനും ചന്ദ്രനും കെടുന്നത് വരെ പറയില്ലാട്ടോ '

' ങും '.

' പകരം നീ ഒരു കാര്യം ചെയ്യണം '.

' എന്താ '.

' ഞാന്‍ വാതിലിന്‍റെ പിന്നാലെ മറഞ്ഞു നിന്ന് ' ഭൌ 'ന്ന് നിലവിളിച്ച് കിട്ടുണ്ണിയെ പേടിപ്പെടുത്തുമ്പോള്‍ അമ്മ ചോദിച്ചാല്‍ കണ്ടില്യാന്ന് പറയണം '.

' എന്തിനാ ഓപ്പോളേ, അവന്‍ ചെറിയ കുട്ട്യല്ലേ '.

' നല്ല ചെറിയ കുട്ടി. അമ്മയുടെ അടുത്ത് ഓരോന്ന് നുണച്ച് കൊടുത്ത് എന്നെ ചീത്ത കേള്‍പ്പിക്ക്യാ അവന്‍റെ പണി '.

' എന്താ മുണ്ട് കൊടുക്കാന്‍ പറഞ്ഞത് പറ്റീലേ , ഇല്ലെങ്കില്‍ കൊടുക്കണ്ടാ ' ചാമിയുടെ ശബ്ദം വേണുവിന്ന് പരിസര ബോധം വരുത്തി.

' ഏയ്. അതൊന്നും അല്ല '.

എഴുത്തശ്ശന്‍ എത്തി. വസ്ത്രങ്ങള്‍ അലക്കാന്‍ കൊടുത്ത കാര്യം ചാമി അയാളോട് പറഞ്ഞു.

' അര വാര അഞ്ഞൂറ്റൊന്ന് സോപ്പിന്ന് രണ്ട് കഷ്ണം മുറിച്ച് വാങ്ങിയാല്‍ എല്ലാ തുണീം തല്ലി ഊരിയാലും
ബാക്കി വരും. വെറുതെ കാശ് കളഞ്ഞു '.

' പോട്ടെ അമ്മാമേ ' വേണു സമാധാനിപ്പിച്ചു.

' നേരം എത്രയായീന്ന് അറിയ്യോ. വേഗം വല്ലതും കഴിക്കാന്‍ നോക്ക് ' എഴുത്തശ്ശന്‍ പറഞ്ഞു ' കുളിയൊക്കെ
പിന്നെ മതി '.

മൂവരും നാണു നായരുടെ വീട്ടിലേക്ക് നടന്നു.
===========================
പൌര്‍ണ്ണമി ചന്ദ്രികയുടെ വെള്ള പട്ടുടയാട്യ്ക്ക് അമ്പല മതിലില്‍ നിരത്തി വെച്ച കാര്‍ത്തിക ദീപങ്ങള്‍ സ്വര്‍ണ്ണത്തിന്‍റെ അലുക്കുകള്‍ തുന്നിച്ചേര്‍ത്തുകൊണ്ടിരുന്നു. ഒരു കാതം അകലെ നിലാവ് മുരുകമലയുടെ നെറുകയില്‍ പാലഭിഷേകം ചെയ്യുകയാണ്. ആ കാഴ്ചകളില്‍ ലയിച്ച് വേണു സ്വയം മറന്ന് നിന്നു.

തലത്തലേന്നാളത്തെ രാത്രിയാണ് അപ്പോള്‍ അയാളുടെ മനസ്സില്‍ എത്തിയത്. മലനിരകള്‍ക്ക് നടുവിലെ സ്വര്‍ണ്ണം പൊതിഞ്ഞ ശ്രീകോവില്‍ ചന്ദ്രപ്രഭയില്‍ കുളിച്ചു നിന്ന ആ രാത്രി മറക്കാനാവാത്തതാണ്.

'മുജ്ജന്മ സുകൃതം. ഇല്ലെങ്കില്‍ ഇതൊന്നും കാണാതെ ഈ ജീവിതം അവസാനിച്ചേനേ ' എന്ന അമ്മാമയുടെ
വാക്കുകള്‍ എത്ര സത്യം.

അശോക തെച്ചിയുടെ തറയില്‍ ഏതോ കുട്ടികള്‍ കൂവള കായകള്‍ നിരത്തി വെച്ചിട്ടുണ്ട്. വേണു അവ ഒരു വശത്തേക്ക് മാറ്റി തറയുടെ ഒരു ഓരത്ത് ഇരുന്നു. കുട്ടിക്കാലത്ത് കൂവളക്കായകള്‍ കൊണ്ട് കളിക്കാറുണ്ട്.
വേണു അതിലൊരെണ്ണം കയ്യിലെടുത്ത് മൂക്കിനോട് ചേര്‍ത്ത് പിടിച്ചു. പുറന്തോട് പൊട്ടിയാല്‍ കടുത്ത
ഗന്ധം ഉളവാക്കുന്നവയാണ് കൂവളക്കായകള്‍.

അകത്ത് അഗ്രശാലയില്‍ ഭക്തി പ്രഭാഷണം നടക്കുകയാണ്. ' ഭാഗ്യം, മൈക്ക് സെറ്റ് ഇല്ലാത്തത് നന്നായി ' വേണു ഓര്‍ത്തു ' ഇല്ലെങ്കില്‍ ഈ ഏകാന്തത നല്‍കുന്ന സന്തോഷം നഷ്ടമായേനെ '.

കന്യാകുമാരിയെ കുറിച്ചാണ് പ്രഭാഷകന്‍ പറഞ്ഞിരുന്നത്. ദേവിയുടെ സാന്നിദ്ധ്യം ആ സ്ഥലത്ത് എന്നെന്നും
ഉണ്ടാവാന്‍ വേണ്ടി കോഴി കൂവുന്നത് പോലെ ശബ്ദിച്ച് വിവാഹ മുഹൂര്‍ത്തം കഴിഞ്ഞുവെന്ന തോന്നല്‍
ഉണ്ടാക്കി വരനേയും സംഘത്തേയും മടക്കി അയച്ചതും അതോടെ മനം മടുത്ത ദേവി വിവാഹത്തിന്നായി ഒരുക്കിയ വസ്തുക്കളെല്ലാം വലിച്ചെറിഞ്ഞ് നിത്യ കന്യകയായി കഴിയാന്‍ ശപഥമെടുത്തതുമായ കഥ .

അതിലേറെ സങ്കടകരമായ മറ്റൊരു കഥ അടുത്ത കാലത്താണ് കേട്ടറിഞ്ഞത്. കന്നി അയ്യപ്പന്മാര്‍ തന്നെ കാണാന്‍ വരാത്ത വര്‍ഷം വിവാഹം കഴിക്കാമെന്ന ഹൃദയേശ്വരന്‍റെ വാക്കുകള്‍ വിശ്വസിച്ച് മലമുകളില്‍
കഴിയുകയും ഓരോ കൊല്ലവും മോഹഭംഗം ഏറ്റു വാങ്ങാന്‍ മാത്രം വിധിക്കപ്പെട്ടിട്ടുള്ളതുമായ മറ്റൊരു ദേവിയുടെ കഥ.

ദൈവങ്ങളായാലും മനുഷ്യരായാലും പ്രണയസാഫല്യത്തിന്നായ കാത്തിരുപ്പ് അസഹ്യമാണ്. പ്രത്യേകിച്ച്
സ്ത്രീകള്‍ക്ക്. ആ നിമിഷം വേണു സരോജിനിയെ കുറിച്ചോര്‍ത്തു. പാവം. നിരാലംബമായ ജീവിതമാണ് അവളുടേത്. ഓര്‍ത്തിരിക്കാന്‍ ഒരു പുരുഷന്‍ പോലും അവള്‍ക്കില്ല. നാണുമാമയുടെ കാലശേഷം ആരുണ്ട്
അവള്‍ക്ക് . ഒരിക്കലും അവളെ അനാഥയാക്കി കൂടാ. അവള്‍ക്ക് ഒരു ജീവിതം ഉണ്ടാവണം.

' എന്താ നീ തനിച്ചിരുന്ന് ആലോചിക്കുന്നത് ' എന്ന നാണു നായരുടെ വാക്കുകള്‍ ചെവിയിലെത്തി. വേണു എഴുന്നേറ്റു.

' കുറച്ച് ദിവസമായി എപ്പോ നോക്ക്യാലും ആലോചനയിലാണ്. മരുമകന്‍റെ കല്യാണം കഴിഞ്ഞിട്ട് ഇങ്ങിട്ട്
വരട്ടെ. ഇതൊക്കെ മാറ്റാന്‍ ഞാന്‍ ഒരു വഴി കണ്ടു വെച്ചിട്ടുണ്ട് ' എന്ന എഴുത്തശ്ശന്‍റെ വാക്കുകളിലെ പൊരുള്‍ ആര്‍ക്കും മനസ്സിലായില്ല.

കാര്‍ത്തിക ദീപങ്ങള്‍ എപ്പോഴേ കണ്ണടച്ച് കഴിഞ്ഞിരുന്നു. നേര്‍ത്ത മഞ്ഞും നറുനിലാവും നുകര്‍ന്ന് അവര്‍
അമ്പലത്തില്‍ നിന്ന് ഇറങ്ങി.

9 comments:

 1. നൂറാമത്തെ പോസ്റ്റിനു അഭിവാദ്യങ്ങള്‍; അതോടൊപ്പം താങ്കളുടെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.കൂട്ടത്തില്‍ “രോഗ ശയ്യയില്‍ നൂറാം അദ്ധ്യായം” എന്ന എന്റെ പോസ്റ്റും വായിക്കുക.

  ReplyDelete
 2. നോവലിന്റെ 99, 100 അധ്യായങ്ങളും വായിച്ചു. “

  ReplyDelete
 3. അങ്ങനെ നൂറാമത്തെ അദ്ധ്യായം എത്തി!! ആശംസകള്‍ മാഷേ!!

  ReplyDelete
 4. നോവലിന്റെ 100 അധ്യായവും വായിച്ചു.വളരെ സന്തോഷം തോന്നുന്നുണ്ട്.

  “പൌര്‍ണ്ണമി ചന്ദ്രികയുടെ വെള്ള പട്ടുടയാട്യ്ക്ക് അമ്പല മതിലില്‍ നിരത്തി വെച്ച കാര്‍ത്തിക ദീപങ്ങള്‍ സ്വര്‍ണ്ണത്തിന്‍റെ അലുക്കുകള്‍ തുന്നിച്ചേര്‍ത്തുകൊണ്ടിരുന്നു“
  ഗദ്യകവിത തന്നെയാണീ വരികള്‍. ദീപ്തമായ കാവ്യ ഭാവന. നിലാവിന് ആരെയും ഭ്രമിപ്പിക്കുന്ന നിഗൂഢമായ ഒരു സൌന്ദര്യമുണ്ട്. നിരവധി ഭാവങ്ങളാണ്. ഓണ നിലാവിന്‍ ഓണക്കോടിയുടെ നിറവും ചന്തവും. മകരനിലാവിന്‍ മഞ്ഞിന്റെ കുളിര്.
  വയലാറിന് വെണ്‍ചന്ദ്രലേഖ കാറ്റത്ത് കസവുത്തരീയമുലഞ്ഞും കളിയരഞ്ഞാണമഴിഞ്ഞും കൈയിലെ സോമരസകുമ്പിള്‍ തുളുമ്പിയും നൃത്തമാടാന്‍ വരുന്ന അപ്സരസ്ത്രീ ആണ്. പി ഭാസ്കരന്റെ ഭാവനയില്‍ മഞ്ഞണിപൂനിലാവ് പേരാറ്റിന്‍ കടവില്‍ ചന്ദനം അരച്ചു വെച്ച് നീരാടുകയാണ്. ഗിരീഷ് പുത്തഞ്ചേരി പ്രകൃതിയെ “നിലാവിന്റെ നീലഭസ്മം“ തൊടുവിച്ചു. അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത കവിതകള്‍ക്ക്, കഥകള്‍ക്ക് നിലാവ് വിഷയമാകുന്നു.
  നായാടിയിലൂടെ വേണുവിന് കുട്ടിക്കാലം ചുരുള്‍ നിവരുന്നു. ചെറിയമ്മയുടെ അവഗണനക്കിടയിലും ഓപ്പോളുടെ സ്നേഹം വേണുവിന്‍ ആശ്വാസമായിരുന്നു. അന്നും സ്വന്തം അനിയനെക്കാളും ഇഷ്ടം ഓപ്പോള്‍ക്കിഷ്ടം വേണുവിനോടായിരുന്നു.
  “ദൈവങ്ങളായാലും മനുഷ്യരായാലും പ്രണയസാഫല്യത്തിന്നായ കാത്തിരുപ്പ് അസഹ്യമാണ്“. ദേവി കന്യാകുമാരിയുടെയും മാളികപ്പുറത്തമ്മയുടെയും തിരസ്കരിക്കപ്പെട്ട പ്രണയത്തിന്റെ വേദന ദേവീദേവന്മാര്‍ക്കും മനുഷ്യസഹജമായ വികാരങ്ങളൊന്നും അന്യമല്ല എന്നല്ലേ വെളിവാക്കുന്നത്.
  ചക്കരക്കിഴങ്ങും ചേമ്പിന്‍ താളും കൊണ്ട് ഉണ്ടാക്കുന്ന “മൊളൊഷ്യം” ഇന്നത്തെ തലമുറക്ക് പരിചിതമല്ലാത്ത ഒരു രുചിയാണ്.

  ReplyDelete
 5. ഷെറിഫ് സാര്‍,
  താങ്കളുടെ സ്നേഹത്തിന്നും പ്രോത്സാഹനങ്ങള്‍ക്കും എന്നെന്നും കടപ്പെട്ടിരിക്കുന്നു.
  ANEES HASSAN,
  അഭിനന്ദങ്ങള്‍ക്ക് നന്ദി.
  poor- me/ പാവം - ഞാന്‍.
  വളരെ സന്തോഷം.
  Nanam,
  തുടര്‍ന്നും വായിച്ച് അഭിപ്രായം അറിയിക്കുക.
  ഞാന്‍ : Njan,
  ആശംസകള്‍ക്ക് നന്ദി.
  രാജഗോപാല്‍,
  ഈ വിലയിരുത്തല്‍ പോസ്റ്റിന്ന് ഒരു അലങ്കാരമാണ്.
  jayarajmurukkumpuzha'
  വളരെ നന്ദി.

  ReplyDelete
 6. nooraam adyaayam vaayichu comment idaanvannappol.....ariyum arachu angottu chennappol appavum kondu ingottu vannu ennu parayum pole mr. Rajagopalinte athi manoharamaaya asswadanam...
  novalino bhangi atho aaswadanathino ennu thonni ppoyi.

  ReplyDelete