Sunday, November 14, 2010

നോവല്‍ - അദ്ധ്യായം - 105.

' എന്തിനാ ഈ നട്ടപ്പൊരി വെയിലും കൊണ്ട് അച്ചാലും പിച്ചാലും നടക്കുന്നത് ' വെയിലും കൊണ്ട് കയറി
വന്ന എഴുത്തശ്ശനോട് നാണു നായര്‍ ചോദിച്ചു.

' പണി നടക്കുമ്പൊ മിണ്ടാണ്ടിരിക്കാന്‍ കഴിയ്യോ. അതോണ്ട് വെയിലൊന്നും സാരാക്കില്ല '.

' നിങ്ങള് പറയുന്നത് കേട്ടാല്‍ വീട് പണി നടക്കുന്നത് നിങ്ങക്കാണ് എന്ന് തോന്ന്വോലോ. രാവുത്തരുടെ
മക്കളക്കും അമ്മിണിയമ്മയ്ക്കും ആണ് വീട് പണി. ചെങ്കല്ല് ചൂളടെ പണി നടക്കുന്നതും അവര് രണ്ട്
കൂട്ടക്കാരുക്കും വേണ്ടി. ഇതിന്ന് നിങ്ങളെന്തിനാ ഇത്ര കണ്ട് പാട് പെടുന്നത് '.

' ആളാല്‍ കഴിയുന്ന ഉപകാരം എന്ന് കേട്ടിട്ടില്ലേ. അതാ ഞാന്‍ ചെയ്യുന്നത് '.

' ഒരു കാര്യം പറയാലോ. അവനോന്‍റെ കാര്യം നോക്കീട്ടേ എന്തും ചെയ്യാവൂ. അല്ലെങ്കില്‍ കിടപ്പിലായാല്‍
ആരും ഉണ്ടാവില്ല '.

എഴുത്തശ്ശന്ന് ആ ഉപദേശം അത്ര പിടിച്ചില്ല.

' മുമ്പ് ഞാനും നിങ്ങള് ആലോചിക്കുന്ന മട്ടില് വിചാരിച്ചിരുന്നു. അത് തെറ്റാണെന്ന് അനുഭവത്തില് ബോദ്ധ്യായി '.

' എന്‍റെ കാര്യം നോക്കീട്ടേ ഞാന്‍ എന്നും വല്ലതും ചെയ്യുള്ളു. അതോണ്ട് വല്ലവന്‍റേം കാര്യത്തിന്ന് ഇറങ്ങി
ഉള്ള മനസ്സമാധാനം പോയീ എന്ന് തോന്നീട്ടില്ല '.

' നായരെ, നിങ്ങളന്നെ അത് പറയണം ' എഴുത്തശ്ശന്‍ പറഞ്ഞു ' ഒരു കാര്യം ചോദിച്ചോട്ടെ. നിങ്ങളുടെ വീട്
കയ്യിന്ന് പോയത് മറന്നിട്ടില്ലല്ലോ. നിങ്ങള്‍ പറഞ്ഞ മട്ടില് അന്ന് ഞങ്ങളൊക്കെ ഞങ്ങളുടെ കാര്യം നോക്കി
ഇരുന്നൂച്ചാല്‍ നിങ്ങളുടെ ഗതി എന്താവും '.

നാണു നായരുടെ മുഖത്ത് കുത്തിയാല്‍ ചോര ഇല്ലാത്ത മട്ടായി.

**************************************************

പാഞ്ചാലി ഒരാഴ്ചയോളം ശ്രമിച്ചിട്ടും കല്യാണിയെ കാണാനൊത്തില്ല. നിത്യവും വൈകുന്നേരം
പീടികയിലോ മില്ലിലോ കല്യാണി ചെല്ലുന്നതും കാത്ത് വഴി വക്കത്ത് നില്‍ക്കും. ഈ ദിവസങ്ങളില്‍
ഒന്നും കല്യാണി വരാത്തതിനാല്‍ അവള്‍ക്ക് എന്തോ അസുഖമുണ്ടെന്ന് പാഞ്ചാലിക്ക് തോന്നി.

പാതയിലൂടെ പണി കഴിഞ്ഞ് വീടുകളിലേക്ക് പോവുന്ന ആളുകളാണ് അധികവും. പണിയും തൊരവും
ഇല്ലാതെ സെറ്റ് കൂടി നടക്കുന്ന പിള്ളര് തന്നെ നോക്കി ഓരോന്ന് പറയുന്നത് പാഞ്ചാലി കേട്ടില്ലാന്ന് നടിച്ചു. അന്യനെ വേദനിപ്പിക്കാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. ആരോ എന്തോ പറയട്ടെ. ശ്രദ്ധിക്കാതിരുന്നാല്‍
മതിയല്ലോ. സുകുമാരേട്ടനെ കൊണ്ടാണ് ഏറെ തൊന്തരവ്. മൂപ്പര് എന്തെങ്കിലും ഒരു കാര്യം മനസ്സില്‍
വിചാരിച്ചാല്‍ അത് കൈ കൂടുന്നത് വരെ അതേ നിനവായിരിക്കും . ഇപ്പോള്‍ കല്യാണിയിലാണ് കമ്പം.
അവളെ കണ്ട് സംസാരിച്ച് വിവരം പറയാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. പെണ്ണിനെ കണ്ടില്യാന്ന് പറഞ്ഞാല്‍ അത്
നീ മനസ്സ് വെക്കാഞ്ഞിട്ടാണെന്ന് കുറ്റം പറയും.

വളവ് തിരിഞ്ഞ് മായന്‍കുട്ടി വരുന്നത് കണ്ടു. തലയില്‍ ഒരു ചാക്കും കയ്യില്‍ തൂക്കി പിടിച്ച സഞ്ചിയും.
പ്രാന്തന്‍ ചെക്കന്‍ ഇതൊക്കെ എറ്റിക്കൊണ്ട് എവിടേക്കാണ്.

അവന്‍ അടുത്തെത്തിയപ്പോള്‍ ' എന്താടാ ചാക്കിലും സഞ്ചിയിലും ' എന്ന് ചോദിച്ചു.

' ചാക്കില്‍ ഗോതമ്പ് തവിട്. സഞ്ചിയില്‍ കുറച്ച് കടല പിണ്ണാക്കും പീടിക സാമാനൂം '.

' എവിടേക്കാ ഇതൊക്കെ '.

' വേലപ്പേട്ടന്‍റെ വീട്ടിലിക്ക് '.

' അപ്പൊ കല്യാണി വരാറില്ലേ '.

' ഇല്ല. ഇപ്പൊ ഞാനാ ഇതൊക്കെ വാങ്ങി കൊടുക്കുന്നത് '.

' അവള്‍ക്കെന്താ സൂക്കട് വല്ലതും ഉണ്ടോ '.

' സൂക്കട് ഒന്നൂല്യാ. പുല്ലരിഞ്ഞ് കൊടുക്കാനും പീടീല്‍ ചെല്ലാനും ചാമ്യേട്ടന്‍ ഏല്‍പ്പിച്ചതാണ് '.

' അപ്പോള്‍ ഇനി അവള്‍ വരില്ല '.

' അത് പറയാന്‍ പറ്റില്ല. എനിക്ക് പറ്റാത്ത ദിവസം അവള്‍ വരും '.

പെട്ടെന്ന് മനസ്സില്‍ ഒരു ആശയം ഉടലെടുത്തു.

' മായന്‍ കുട്ട്യേ ' പാഞ്ചാലി വിളിച്ചു ' എന്തിനാടാ നീ വല്ലോരുക്കും വേണ്ടി ഇതൊക്കെ ചെയ്യുണത് '.

' വല്ലോരുക്കും ഒന്നും അല്ലല്ലോ. വേലപ്പേട്ടന്ന് വേണ്ടിയല്ലേ '.

' പറയിണത് കേട്ടാല്‍ തോന്നും വേലപ്പേട്ടന്‍ നിന്‍റെ അമ്മായിഅപ്പനാനെന്ന്. നിനക്ക് വേറെ തൊരം ഒന്നും
ഇല്ലേടാ ചെക്കാ '.

' ചാമ്യേട്ടന്‍ പറഞ്ഞ് ഏല്‍പ്പിച്ചതാ. ഞാന്‍ മുടക്കില്ല '.

' വെറുതെയല്ലാ നിന്നെ എല്ലാരും പ്രാന്തന്‍ എന്ന് വിളിക്കിണത് '.

' പ്രാന്തന്‍ നിന്‍റെ അപ്പനാണ് '.

അതും പറഞ്ഞ് മായന്‍കുട്ടി നടന്നകന്നു.

6 comments:

 1. അങ്ങനെ ഈ ഭാഗവും വായിച്ചു.
  അസുഖമൊക്കെ ഭേദമായി എന്ന് വിശ്വസിക്കുന്നു. സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ!!

  ReplyDelete
 2. ee bhagavum assalayi..... aashamsakal......

  ReplyDelete
 3. ഇത് കൊള്ളാമല്ലോ ..നോവല്‍ ആദ്യം ആയിട്ടാണ് ബ്ലോഗില്‍
  കാണുന്നത്..വായന രസകരം..ആശംസകള്‍..

  ReplyDelete
 4. ഞാന്‍:Njan,
  ചികിത്സ തുടരുന്നു. ശസ്ത്രക്രിയ വേണ്ടി വരും എന്ന് ഡോക്ടര്‍ അറിയിച്ചു.
  jayarajmurukkumpuzha,
  വളരെ സന്തോഷം.
  ente lokam,
  ബ്ലോഗില്‍ വേറേയും രണ്ട് നോവലുകള്‍ കണ്ടിട്ടുണ്ട്. വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

  ReplyDelete
 5. നാണു നായരുടെ മുഖത്ത് കുത്തിയാല്‍ ചോര ഇല്ലാത്ത മട്ടായി.

  ആളുകള്‍ കീഴ്ക്കട കഴിഞ്ഞതൊക്കെ വേഗം മറക്കുന്നു...

  ReplyDelete