Tuesday, March 1, 2011

നോവല്‍ - അദ്ധ്യായം - 125.

' നീ ആ വലത്തെ കയ്യിങ്ങിട്ട് നീട്ട് ' വേണുവിനോട് പത്മിനി പറഞ്ഞു. കയ്യില്‍ സൂക്ഷിച്ച പൊതി തുറന്ന് അവര്‍ അതില്‍ നിന്ന് ഒരു കറുത്ത ചരട് പുറത്തെടുത്തു. കുറെ കെട്ടുകളുള്ള ഭസ്മം പുരണ്ട ആ ചരട് വേണുവിന്‍റെ കൈത്തണ്ടയില്‍ കെട്ടി.

' കളപ്പാടത്തെ തിരുമേനിയെക്കൊണ്ട് നിനക്ക് ഒരു രക്ഷ എഴുതാന്‍ ഞാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. നാല്‍പ്പത്തിയൊന്ന് ദിവസത്തെ പൂജ കഴിഞ്ഞേ അത് കിട്ടു. അതു വരെക്ക് ഉള്ളതാ ഈ ചരട് ' അവര്‍ പറഞ്ഞു.

' മഹാ കേമനാണ് അദ്ദേഹം. അത്ര എളുപ്പത്തില്‍ ഒരാള്‍ക്കും തിരുമേനിയെ കാണാന്‍ തരാവില്ല ' കേട്ടു നിന്ന നാണു നായര്‍ പറഞ്ഞു.

' ആ കാര്യം ഒന്നും പറയണ്ടാ. അദ്ദേഹത്തിന്‍റെ മനക്കലെ ഏതോ ഒരു കേസ്സ് പണ്ട് വിശ്വേട്ടന്‍ ശരിയാക്കി കൊടുത്തിട്ടുണ്ട്. ആ സ്നേഹം ഉള്ളതോണ്ടാ ഫോണില്‍ പറഞ്ഞതും ചെന്നോളാന്‍ സമ്മതിച്ചത് '.

' മകനും മരുമകളും വീട്ടിലില്ലേ ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഇവന്‍ ഇങ്ങോട്ട് വരുന്നതിന്ന് മുമ്പ് രണ്ടാളും കൂടി യാത്ര പോയതാ. ഇന്ന് രാത്രി എത്തും. നാളെ ഞാനും വിശ്വേട്ടനും അവരേം കൂട്ടി വരുണുണ്ട് '.

' നാളെ ഉച്ചയ്ക്കുള്ള ആഹാരം ഇവിടെ ഏര്‍പ്പാടാക്കട്ടെ ' വേണു ചോദിച്ചു.

' ഒന്നും വേണ്ടാ. വയ്യാത്തോടത്ത് നീ മിണ്ടാണ്ടെ ഒരു ഭാഗത്ത് കിടന്നോ. സദ്യീം സല്‍ക്കാരൂം ഒക്കെ പിന്നെ എപ്പഴങ്കിലും മതി '.

' അതിനൊന്നും ഇവിടെ യാതൊരു വൈഷമ്യൂം ഇല്ല. പോരാത്തതിന്ന് നടാടെ ഒരു പെണ്‍കുട്ടിയെ വീട്ടില് കൂട്ടിക്കൊണ്ട് വന്നിട്ട് കൈ നനയ്ക്കാതെ അയക്കാന്‍ പാടില്ല ' നാണു നായര്‍ പറഞ്ഞു.

' അതൊക്കെ ബുദ്ധിമുട്ടാവും '.

' ഞങ്ങള്‍ അന്യരാണെന്ന് മാത്രം കരുതരുത് ' എഴുത്തശ്ശന്‍ പറഞ്ഞു ' ഒരു വീട്ടിലെ ആളുകളെ മാതിരിയാണ് ഞങ്ങള്‍ ഇവിടെ കഴിയിണത് '.

' അത് എനിക്ക് അറിയാലോ. ആ സമാധാനത്തിലല്ലേ ഞാന്‍ അവിടെ ഇരിക്കുന്നത് '.

' എന്നാല്‍ ഇനി വേറെ കൂട്ടൂല്യാ. നാളെ ഉച്ചയ്ക്കുള്ളത് ഇവിടെ ശരിയാക്കി വെക്കും '.

' കിട്ടുണ്ണി എത്തീലേ ' അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ പത്മിനി ചോദിച്ചു.

' ഇന്നലീം കൂടി അന്വേഷിച്ചു. വീട് പൂട്ടി കിടക്കുന്നൂ എന്നാ അറിഞ്ഞത് '.

' എവിടേക്കാ ആരേം അറിയിക്കാതെ രണ്ടാളും കൂടി പോയത് '.

' ആര്‍ക്കും ഒന്നും അറിയില്ല ഓപ്പോളേ '.

' അവരുടെ ഓരോ മാതിര്യേ '.

ചാമി ഇളന്നീര്‍ ചെത്തി കൊണ്ടു വന്നു. മേനോന്‍ ഒരു പ്ലേറ്റില്‍ വാഴപ്പഴം നിരത്തി.

' ഇപ്പൊ ഒന്നും വേണംന്ന് തോന്നുന്നില്ല. വരുമ്പൊ ചായ കുടിച്ചതാ ' എന്ന് പറഞ്ഞുവെങ്കിലും പത്മിനി ഇളനീരെടുത്തു.

' കൊയ്ത്തും പണിടേം തിരക്ക് കഴിഞ്ഞാല്‍ നാല് ദിവസം അങ്ങോട്ട് വരണം ' അവര്‍ ചാമിയോട് പറഞ്ഞു.

' എപ്പൊ വേണച്ചാലും വരാം ' എന്ന് അവനും പറഞ്ഞു.

' കിട്ടുണ്ണ്യാരുടെ ഭാര്യ വരുണുണ്ട്. നൂറ്റൊന്ന് ആയുസ്സാണ്. അവരുടെ കാര്യം ഇപ്പൊ നമ്മള് പറഞ്ഞതേയുള്ളു ' എഴുത്തശ്ശന്‍ പറഞ്ഞു.

' കടവില് കാറ് നില്‍ക്കുന്നത് കണ്ടു. അപ്പൊഴേ ആലോചിച്ചു വന്നിട്ടുണ്ടാവും എന്ന് ' രാധ പത്മിനിയോട് പറഞ്ഞു.

' എവിടെ ആയിരുന്നു ഇത്ര ദിവസം. കിട്ടുണ്ണി എവിടെ ' പത്മിനിയുടെ ചോദ്യങ്ങള്‍ ഒന്നിച്ചായി.

' ഒന്നും പറയണ്ടാ. ഒരു ദിവസം വൈകുന്നേരം വന്നിട്ട് പറയുണൂ, അന്ന് രാത്രി പുണ്യ സ്ഥലങ്ങള്‍ കാണാന്‍ പുറപ്പെടുന്നൂന്ന്. ബസ്സില് സീറ്റൊക്കെ ഏര്‍പ്പാടാക്കീട്ടാ പറച്ചില്. വയിച്ചിട്ടൊന്നും അല്ല. ഇനി അതിന്ന് തല്ല് കൂടണ്ടാന്ന് വിചാരിച്ച് ചെന്നു. ഇന്നലെ അര്‍ദ്ധ രാത്രിയിലാ മടങ്ങി എത്ത്യേത്. കൃഷ്ണനുണ്ണിയേട്ടന്‍ ഇന്ന് പുലര്‍ച്ചെ എറണാകുളത്തേക്ക് പോവും ചെയ്തു. ഏട്ടന്‍ മരത്തിന്ന് വീണതൊന്നും മൂപ്പര് അറിഞ്ഞിട്ടില്ല. ഞാന്‍ തന്നെ കുറച്ച് മുമ്പ് തെയ്യുണ്ണ്യാര് വന്ന് പറഞ്ഞിട്ടാ അറിഞ്ഞത് '.

രാധ വേണുവിനോട് വിവരങ്ങള്‍ അന്വേഷിച്ചു.

' കഷ്ടകാലത്തിന്‍റെ ഊക്ക് എന്നല്ലാതെ എന്താ പറയണ്ട് ' രാധ പറഞ്ഞു ' വരാനുള്ളത് വഴീല്‍ തങ്ങില്ല '.

രാധ യാത്രാനുഭവങ്ങള്‍ വര്‍ണ്ണിച്ചു തുടങ്ങി.

' ഇപ്പോ നിങ്ങള് തമ്മില്‍ പ്രശ്നം ഒന്നും ഇല്ലല്ലോ രാധേ ' വേണു അന്വേഷിച്ചു.

' ഒന്ന് തീരുമ്പോഴേക്ക് മറ്റൊന്ന്. മകളാണ് ഇപ്പോഴത്തെ തൊയിരക്കേട് '.

' ഏത് മകള്‍ '.

' ഓമനപ്പുത്രി തന്നെ. മൂന്നാമത്തെ സന്തതി '.

' എന്താ അവള്‍ക്ക് ' പത്മിനി ചോദിച്ചു.

'അമേരിക്കയില്‍ കൂടെ പണിയുള്ള ഒരാളോട് സ്നേഹത്തിലാണെന്നും അയാളെ കല്യാണം കഴിക്കണം എന്നും പെണ്ണ് പറഞ്ഞൂത്രേ. കല്യാണം കഴിഞ്ഞൂന്നും പറയുണുണ്ട്. എനിക്കത്ര നിശ്ചയം പോരാ. പണ്ടേ ഒന്നും മുഴുവനും പറയില്ലല്ലോ '.

' അതിനെന്താടീ ഇത്ര കുഴപ്പം. ആള് ഡോക്ടറാണോ. അതോ ജോലീല് താഴെയാണെന്നുണ്ടോ '.

' അതല്ലാ ചേച്ചി. അവന്‍ നമ്മടെ ജാതീല്‍ പെട്ട ആളല്ല. കൃഷ്ണനുണ്ണിയേട്ടന്‍ പറഞ്ഞത് ചെക്കന്‍ കൃസ്ത്യാനി ആണെന്നാ . പോരാത്തതിന്ന് കറുത്ത നിറൂം . സായിപ്പ് ആണെങ്കില്‍ കൂടി വേണ്ടില്ലാ എന്നാ കൃഷ്ണനുണ്ണിയേട്ടന്‍റെ അഭിപ്രായം '.

' നന്നായി. ഞാന്‍ അന്നേ വിചാരിച്ചതാ, തല മറന്ന് എണ്ണ തേച്ചാല്‍ ഇങ്ങിനെയൊക്കെ വരുംന്ന് ' പത്മിനി ഉറക്കെ ചിരിച്ചു ' എന്‍റെ മനോപ്രാക്ക് അത്രക്ക് വാങ്ങീട്ടുണ്ട് '.

' എന്താ ഓപ്പോളേ ഇത്. അവര്‍ക്ക് ഒരു പ്രയാസം ഉണ്ടാവുമ്പോള്‍ ഇങ്ങിനെ പറയാന്‍ പാട്വോ '.

'നീ മിണ്ടാണ്ടെ കിടന്നോ. മനസ്സില്‍ ഒന്ന് വെച്ചിട്ട് പുറത്തേക്ക് വേറൊന്ന് കാട്ടാന്‍ എനിക്കറിയില്ല. ഉള്ളത് ഉള്ള പോലെ ഞാന്‍ പറയും '.

' എന്നാലും ഇനി ഇങ്ങിനെയൊന്നും പറയരുത്. കിട്ടുണ്ണി കേട്ടാല്‍ അവന് വിഷമമാകും ' വേണു പറഞ്ഞു.

' എനിക്ക് അതില്‍ വിഷമം ഒട്ടൂല്യാ ' രാധ പറഞ്ഞു ' ചേച്ചിടെ സ്ഥാനത്ത് ഞാനാണെങ്കിലും ഇതന്നെ പറയൂ '.

' പിള്ളരുടെ കല്യാണം നടത്തണം എന്നു പറഞ്ഞ് നൂറ് തവണ ഞാന്‍ കെഞ്ചി. കേട്ടില്ല. നിങ്ങളുടെ വിലയ്ക്കും വിലയ്ക്കും ഞങ്ങള് പോരല്ലോ '.

' മുരളിക്ക് കല്യാണം കഴിപ്പിച്ച് കൊടുക്ക്വേ വേണ്ടൂ എന്നാ ഇപ്പൊ പറയുന്നത് '.

' ഇത്തിരീം കൂടി കഴിഞ്ഞിട്ട് പറഞ്ഞാല്‍ മതി '.

" പെണ്ണിനും കല്യാണം കഴിഞ്ഞ് നാട്ടില്‍ കൂടണം എന്നായിരുന്നു മോഹം. അവള്‍ക്ക് പ്രാക്ടീസും ഇഷ്ടം പോലെ ഉണ്ടായിരുന്നു. എന്‍റെ മകള് പുത്തി കട്ടയാണ്. അവള് അമേരിക്കയില്‍ ചെന്നാല് അതൊരു പേരാണ് എന്നും പറഞ്ഞ് കൃഷ്ണനുണ്ണിയേട്ടന്‍ അവളെ ഉന്തിത്തള്ളി പറഞ്ഞയച്ചതാ '

' അതോണ്ടെന്താ. അവന് നല്ല ഒരു പെണ്ണിനെ കിട്ടി. എല്ലാം കൊണ്ടും നിങ്ങളുടെ നെലേലും വെച്ച് വലുതന്ന്യാണേ '.

' ഓപ്പോളേ, ഒരു വിധം അലോഹ്യം തീര്‍ന്നിട്ടേയുള്ളു. ഇനി ഓരോന്ന് പറഞ്ഞ് വീണ്ടും കണ്ടാല്‍ മിണ്ടാത്ത അവസ്ഥ വരുത്തരുത് '.

അതോടെ ആ വിഷയം അവസാനിച്ചു.

' ഇനി ഞാന്‍ ഇറങ്ങിക്കോട്ടെ ' പത്മിനി എഴുന്നേറ്റു.

' ഞാനും പോണൂ. കൃഷ്ണനുണ്ണിയേട്ടന്‍ വന്നതും ഞങ്ങള് രണ്ടാളും കൂടി വരാം ' രാധയും പോവാനൊരുങ്ങി.

' എവിടെ ഇവിടെ ഉള്ളോര് ' പത്മിനി ഉറക്കെ ചോദിച്ചു.

' ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട് ' പടിക്കപ്പുറത്ത് നിന്ന് മറുപടി കേട്ടു.

' കുടുംബക്കാര് സംസാരിക്കുമ്പൊ എടേല് വേണ്ടാന്ന് വെച്ച് പുറത്തേക്ക് മാറി നിന്നതാ ' എഴുത്തശ്ശന്‍ പറഞ്ഞു.

' അതിന് ഞങ്ങള് രഹസ്യം ഒന്നും പറഞ്ഞില്ലല്ലോ ' എന്ന് പത്മിനി പറഞ്ഞു.

നാത്തൂന്മാര്‍ ഒന്നിച്ചിറങ്ങി. പടിക്കല്‍ നിന്ന് ഡ്രൈവറും കൂടെ കൂടി.

+++++++++++++++++++++++++++++++++++

സന്ധ്യയോടു കൂടി രാധ കിട്ടുണ്ണിയോടൊപ്പം വീണ്ടും എത്തി.

' എന്തിനാ ഏട്ടാ വേണ്ടാത്ത പണിക്ക് പോയത് ' കിട്ടുണ്ണി പറഞ്ഞു ' എപ്പൊ നോക്ക്യാലും ഒരുകാര്യസ്ഥന്‍ ഉള്ളത് ഇവിടെ തന്നെയാണ്. എന്നിട്ടും ഒരു പിടി മുരിങ്ങടെ ഇല വലിക്കാന്‍ ഏട്ടന്‍ തന്നെ കേറണ്ടി വന്നു അല്ലേ '.

ആ പറഞ്ഞതിലെ ദുസ്സൂചന വേണുവിന്ന് മനസ്സിലായി.

' ആരും ചെയ്യാഞ്ഞിട്ടല്ല. ഒരു രസത്തിന്ന് ഞാന്‍ കയറി നോക്കിയതാണ് '.

' ഇപ്പൊ രസം എന്തായി. കാലൊടിഞ്ഞ് മുക്കില്‍ കിടക്കാറായില്ലേ '.

' എന്തിനാ വേണ്ടാത്തതൊക്കെ പറഞ്ഞ് വേണ്വോട്ടനെ വിഷമിപ്പിക്കുന്നത് 'രാധ ചോദിച്ചു.

' ഞാന്‍ അത്ര ആലോചിച്ചില്ല '.

' പോട്ടെ. സാരൂല്യാ ' വേണു പറഞ്ഞു.

ചികിത്സയെ കുറിച്ചൊക്കെ കിട്ടുണ്ണി അന്വേഷിച്ചു.

' ഏട്ടന് ഏടത്തിടെ വീട്ടില്‍ കൂടായിരുന്നു. ഡോക്ടറെ കാണാനൊക്കെ അതാ എളുപ്പം. അവര്‍ക്ക് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞിട്ടുണ്ടാവും അല്ലേ '.

വീണ്ടും ശങ്കരന്‍ തെങ്ങിന്‍ മുകളില്‍ തന്നെ എന്ന് വേണു ഓര്‍ത്തു.

' ഓപ്പോള് ഒരു പാട് നിര്‍ബന്ധിച്ചതാ. ഞാന്‍ വേണ്ടാന്ന് പറഞ്ഞിട്ടാണ് '.

' അല്ലെങ്കിലും അതാ നല്ലത്. അവനവന്‍റെ വീട്ടിലെ സ്വാതന്ത്രം മുറ്റുള്ള ദിക്കില്‍ കിട്ടില്ല '.

കുറച്ച് നേരത്തേക്ക് ആരും ഒന്നും പറഞ്ഞില്ല. കിട്ടുണ്ണി എക്സ്റേ ഫിലിമും പ്രിസ്ക്രിപ്ഷനും എടുത്ത് നോക്കിക്കൊണ്ടിരുന്നു.

' ഇത് അത്രയ്ക്കൊന്നും ഇല്ലല്ലോ ' എല്ലാം അറിയുന്ന മട്ടില്‍ അയാള്‍ പറഞ്ഞു.

' ഡോക്ടറും അങ്ങിനെയാണ് പറഞ്ഞത് '.

' എന്താ മുഷിഞ്ഞ തുണിയൊക്കെ മുക്കിലിട്ടിരിക്കുന്നത് 'ചുറ്റുപാടും കണ്ണോടിച്ച് കിട്ടുണ്ണി ചോദിച്ചു.

' മണ്ണാത്തി തിരുമ്പാന്‍ വന്നിട്ട് രണ്ട് ദിവസായി '.

' ഇതാ ഞാന്‍ അന്ന് പറഞ്ഞത്. ആണായാല്‍ ഒരു പെണ്ണ് വേണം. നല്ല ഒരു ആലോചന ഞാന്‍ കൊണ്ടു വരും ചെയ്തു. കേട്ടില്ലല്ലോ '.

' മിണ്ടാണ്ടിരിക്കിന്‍ ' രാധ ഇടപെട്ടു ' കാലൊടിഞ്ഞ് കിടക്കുമ്പഴാ ഒരു കല്യാണം '.

' നല്ലോണം ഇരുട്ടായി. ഞങ്ങള്‍ ഇറങ്ങട്ടെ ' കിട്ടുണ്ണിയും രാധയും പടി കടന്നു പോയി.

' നായിന്‍റെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും കുഴലിന്ന് ഊരിയാല്‍ വളഞ്ഞന്നേ ഇരിക്കൂ ' എഴുത്തശ്ശന്‍ പറഞ്ഞു.

' എനിക്ക് വന്ന ഈറയ്ക്ക് കണക്കില്ല. ഒക്കെ അടക്കി ഇരുന്നതാ ' നാണു നായര്‍ പറഞ്ഞു ' വല്ലതും വായിന്ന് വീണാല്‍ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ '.

' പിന്നെപ്പിന്നെ. നിങ്ങള് വായ തുറന്ന് വല്ലതും പറയ്യോഹേ ' എഴുത്തശ്ശന്‍ പറഞ്ഞതും എല്ലാവരും
ഉറക്കെ ചിരിച്ചു.







7 comments:

  1. വളരെ നന്നായിട്ടുണ്ട്..എന്റെ നോവല്‍ ഇടയ്ക്കു വെച്ച് നിന്നു..എഴുതാന്‍ മടി,സമയവും കുറവ്...എന്നാലും എഴുതുന്നുണ്ട്...സസ്നേഹം...

    ReplyDelete
  2. എല്ലാ അദ്ധ്യായങ്ങളും വായിച്ചു. ബ്ലോഗിന്റെ പുതിയ കെട്ടും മട്ടും വളരെ നന്നായിട്ടുണ്ട്. എല്ലാവിധ ആശംസഗളും നേരുന്നു.

    ReplyDelete
  3. jazmikkutty,

    നോവലെഴുത്ത് നിര്‍ത്തരുത്. അതിന്ന് വേണ്ടി മറ്റു പോസ്റ്റുകള്‍ കുറയ്ക്കുക. എങ്കിലേ എഴുത്തില്‍ ശ്രദ്ധ കിട്ടൂ. നോവലെഴുതാന്‍ തുടങ്ങിയതോടെ ഞാന്‍ മറ്റു പോസ്റ്റുകള്‍ കുറച്ചു.

    Nanam,

    ഇനി വിരലെണ്ണാവുന്ന ഏതാനും അദ്ധ്യായങ്ങള്‍ മാത്രം. എന്‍റെ ബ്ലോഗ് ഇനം തിരിച്ച കൂട്ടത്തില്‍ നോവലിന്‍റെ രൂപത്തിലും മാറ്റം വരുത്തി.

    ReplyDelete
  4. നന്നായിട്ടുണ്ട്‌...വായനതുടരുന്നു

    ReplyDelete
  5. അടുത്ത ഭാഗം കണ്ടില്ലാലോ എന്ന് നോക്കി ഇരിക്കുകയായിരുന്നു. ബാക്കി കൂടി പോരട്ടെ.

    ആശംസകള്‍!!

    ReplyDelete
  6. manachethaar,

    വളരെ സന്തോഷം.

    ഞാന്‍ : ഗന്ധര്‍വ്വന്‍,

    അടുത്ത അദ്ധ്യായം പോസ്റ്റ് ചെയ്യുന്നു.

    ReplyDelete
  7. നായിന്‍റെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും കുഴലിന്ന് ഊരിയാല്‍ വളഞ്ഞന്നേ ഇരിക്കൂ ' എഴുത്തശ്ശന്‍ പറഞ്ഞു.

    ' ' വല്ലതും വായിന്ന് വീണാല്‍ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ '.
    നാടന്‍ ഭാഷാ പ്രയോഗങ്ങള്‍... എനിക്കിഷ്ടായി..

    ReplyDelete