Tuesday, February 1, 2011

നോവല്‍ - അദ്ധ്യായം - 121.

വേണു കിടപ്പിലായത് മുതല്‍ രാജന്‍ മേനോന്‍ കളപ്പുരയില്‍ തന്നെയാണ്. വല്ലപ്പോഴും വീടു വരെ ഒന്ന് ചെല്ലും. പെട്ടെന്നു തന്നെ തിരിച്ചെത്തുകയും ചെയ്യും. പകല്‍ സമയം നാണു നായര്‍ കളപ്പുരയില്‍ ഉണ്ടാവും. പാടത്ത് ഒന്ന് എത്തി നോക്കി എഴുത്തശ്ശനും എത്തും. കൊയ്ത്തിന്‍റെ ചുമതല ചാമി ഏറ്റെടുത്തിരിക്കയാണ്.

അധിക സമയവും എഴുത്തശ്ശനും നാണു നായരും മേനോനും ചേര്‍ന്ന് വര്‍ത്തമാനം പറച്ചിലാണ്. വേണു അതെല്ലാം കേട്ടിരിക്കും. പല വിഷയങ്ങളിലുമുള്ള മേനോന്‍റെ അറിവും, പ്രായോഗിക പരിജ്ഞാനവും വേണുവിനെ അത്ഭുതപെടുത്തി. വെറുതെയല്ല നാണുമാമ ' ആകാശത്തിന്ന് കീപ്പട്ടും ഭൂമിക്ക് മേപ്പട്ടും ഉള്ള എല്ലാ കാര്യൂം മേനോന്‍ സ്വാമിക്ക് അസ്സലായിട്ട് അറിയാ ' മെന്ന് ഇടക്കിടക്ക് പറയുന്നത്.

വേണു വീണതിന്‍റെ മൂന്നാം പക്കം നട്ടുച്ച നേരം. ഉച്ച ഭക്ഷണം കഴിഞ്ഞ് എല്ലാവരും സംഭാഷണത്തിലാണ്. കൊയ്ത്തിനേയും വിളവ് കിട്ടിയതിനേയും കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത് ജന്മി കുടിയാന്‍ രീതി ഇല്ലാതായതുകൊണ്ട് സംഭവിച്ച സാമൂഹ്യ സാമ്പത്തിക രംഗങ്ങളിലെ മാറ്റങ്ങളിലേക്ക് നീണ്ടു.

' ജന്മിത്വം അവസാനിപ്പിച്ചത് കാരണം പല കുടുംബങ്ങളും തകര്‍ന്നു എന്ന ആരോപണം ഉണ്ടായിട്ടുണ്ട്. കുറെയൊക്കെ ശരിയാണെങ്കിലും അന്നത്തെ കാലത്ത് അത്തരത്തില്‍ ഒരു നടപടി അനിവാര്യമായിരുന്നു ' മേനോന്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.

' അല്ലെങ്കിലും എന്ത് ചെയ്യുമ്പോഴും രണ്ട് അഭിപ്രായം ഉണ്ടാവും. പെറ്റ തള്ളേ തല്ലിയാലും ചെയ്തത് തെറ്റായീന്നും നന്നായീന്നും പറയാന്‍ ആള് കാണും 'എഴുത്തശ്ശന്‍ പറഞ്ഞു.

'ഈ നിയമം നടപ്പിലാക്കിയതിന്ന് പിന്നില്‍ ഒരു മാനുഷീക വശം ഉണ്ട്. കുടിയാന് മണ്ണില്‍ പണിയാനേ അന്നത്തെ കാലത്ത് അവകാശമുണ്ടായിരുന്നുള്ളു. അവന്ന് തന്‍റെ കൈവശം ഉള്ള ഭൂമിയില്‍ മാത്രമല്ല അതില്‍ ഉണ്ടാക്കുന്ന വസ്തുക്കളില്‍ പോലും അവകാശമുണ്ടായിരുന്നില്ല. ജന്മിക്ക് എപ്പോള്‍ വേണമെങ്കിലും അതെല്ലാം സ്വന്തമാക്കാം. കൊല്ലങ്ങളോളം വിയര്‍പ്പൊഴുക്കി പണിയെടുത്ത ഭൂമിയില്‍ നിന്ന് കുടിയാനെ എപ്പോള്‍ വേണമെങ്കിലും ഇറക്കി വിടാം. എന്തിനേറേ അവന്‍റെ അച്ഛനോ അമ്മയോ വേണ്ടപ്പെട്ടവരോ മരിച്ചാല്‍ ആ മണ്ണില്‍ കുഴിച്ചിടാന്‍ പോലും അവന് അധികാരം ഇല്ലായിരുന്നു '.

'അത് ശരിയാണ്. മുമ്പ് കുടിയാന്മാരുടെ ആരെങ്കിലും മരിച്ചാല്‍ പുഴമ്പള്ളയിലാണ് അടക്കാറ് ' എന്ന് നാണുനായര്‍ ആ പറഞ്ഞതിനെ ശരിവെച്ചു.

'ചെലപ്പൊ ശവം കുറുക്കനോ നായയോ മാന്തി പുറത്തിടും. വല്ലവനും വന്ന് അവിടെ കടവെറങ്ങും. കുടിയാന് ഇരിക്കുമ്പോഴും ചത്താലും തൊയിരം കിട്ടില്ല ' എന്ന് ചാമിയും പറഞ്ഞു.

' ഇതൊക്കെ കണ്ടിട്ടാണ് അന്ന് ആ നിയമം കൊണ്ടു വന്നത് ' മേനോന്‍ പറഞ്ഞു ' ജന്മിമാര്‍ക്ക് താഴെ കിടയിലുള്ളവരുടെ പ്രയാസങ്ങള്‍ അറിയില്ല. അവര്‍ സുഖലോലുപരായിരുന്നു. കൃഷിഭൂമി കുടിയാന് കിട്ടിയാല്‍ കര്‍ഷക തൊഴിലാളികളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ അവര്‍ തങ്ങളോട് നല്ല രീതിയില്‍ പെരുമാറും എന്നൊക്കെയായിരുന്നു തൊഴിലാളികളുടെ കണക്ക് കൂട്ടല്‍. എന്നാല്‍ അത് ഉണ്ടായില്ല '.

'ഒരു കാര്യം പറയാലോ. പണ്ട് കാലത്ത് ജന്മിയുടെ മുമ്പില് ആരെങ്കിലും സങ്കടം പറഞ്ഞു ചെന്നാല്‍ അവരെ സഹായിച്ചിരുന്നു' നാണു നായര്‍ പറഞ്ഞു ' ഇപ്പഴത്തെ കൃഷിക്കാരുടെ അടുത്ത് വല്ല സഹായവും ചോദിച്ച് ചെന്നാലോ. കണ്ടില്ലാന്ന് നടിക്കും'.

'അതേയ്, ഉണ്ട് മടുത്തോനോട് ഉരുള വാങ്ങണം. കണ്ട് മടുത്തോനോട് കടം വാങ്ങണം എന്നൊക്കെ പണ്ടത്തെ ആള്‍ക്കാര് പറഞ്ഞിരുന്നത് വെറുതെയാണോ ' എഴുത്തശ്ശന്‍ പറഞ്ഞു 'തറവാടി എന്നും തറവാടി ആയിരിക്കും. ചെറ്റ ചെറ്റയും '.

' നിയമം വന്നപ്പോള്‍ ജന്മിമാര്‍ എല്ലാവരുടേയും ഭൂമി നഷ്ടപ്പെട്ടോ ' വേണു സംശയം ഉന്നയിച്ചു.

' ഏത് വല വീശിയാലും ചില മീനുകള്‍ രക്ഷപ്പെടും. ആപത്ത് മുന്‍കൂട്ടി കാണാനുള്ള കഴിവുള്ളവയാണ് അവ. അതുപോലെ ഭൂ പരിഷ്ക്കരണ നിയമം വരും എന്ന സൂചന കിട്ടിയതും പാട്ട ഭൂമി തിരിച്ച് വാങ്ങി കൈവശം ആക്കിയ കുറെ മിടുക്കന്മാരുണ്ടായിരുന്നു. ചിലര് ഇങ്ങിനെ ഒരു നിയമം വരികയേ ഇല്ല എന്ന് വിശ്വസിച്ചു. വേറെ ചിലര്‍ നിയമം നടപ്പിലാവുമ്പോള്‍ എന്തെങ്കിലും ചെയ്യാമെന്ന് കരുതി മടിച്ചിരുന്നു. ഈ രണ്ട് കൂട്ടര്‍ക്കുമാണ് നഷ്ടം സംഭവിച്ചത് '. ഇത് കേട്ടപ്പോള്‍ ഭൂപരിഷ്ക്കരണ നിയമത്തെക്കുറിച്ച്അറിഞ്ഞ ചെറിയമ്മ പ്രതികരിച്ച വിധം വേണുവിന് ഓര്‍മ്മ വന്നു.

ഓപ്പോള് പറഞ്ഞു തന്ന കഥയാണ്. കുടിയിരിപ്പും പാട്ട കൃഷിയും കുടിയാന് സ്വന്തമാവുന്ന നിയമം നടപ്പിലാക്കാന്‍ പോണൂ എന്ന് ആരോ തറവാട്ടില്‍ വന്നപ്പോള്‍ പറഞ്ഞു. അത് കേട്ടതും ' അതെങ്ങന്യാ ശരിയാവ്വാ, പതിനഞ്ച് കൊല്ലായി അടുക്കള പണിക്ക് ചെല്ല വരാന്‍ തുടങ്ങീട്ട്. അടുക്കളേലെ സര്‍വ്വ സാധനങ്ങളും പാത്രങ്ങളും ഒക്കെ എന്‍റെയാണ് എന്ന് പറഞ്ഞും കൊണ്ട് അവള് വന്നാല്‍ നമ്മള് സമ്മതിക്ക്വോ. അത് പോലെല്ലേ ഇതും ' എന്ന് ചെറിയമ്മ പറഞ്ഞുവത്രേ.

' നിയമം വന്നപ്പോള്‍ കുടിയാന്മാര്‍ക്ക് എത്രത്തോളം ഭൂമി കിട്ടിയിട്ടുണ്ടാവും ' വേണു ചോദിച്ചു ' ആ കാലത്ത് നാട്ടില്‍ ഇല്ലാത്തതോണ്ട് എനിക്ക് ഒന്നും അറിയില്ല '.

' പാലക്കാട് ജില്ലയില്‍ ധാരാളം ഭൂസ്വത്ത് ഉണ്ടായിരുന്ന ജന്മിമാര്‍ അധികവും ചിറ്റൂര്‍ താലൂക്കിലാണ് ഉണ്ടായിരുന്നത്. അവരുടെ കുടിയാന്മാര്‍ക്ക് യഥേഷ്ടം സ്ഥലം കിട്ടി. ബാക്കി ഭാഗത്തുള്ളവര്‍ക്കൊന്നും അത്രയധികം ഭൂമി കിട്ടിയില്ല. അഞ്ചോ പത്തോ സെന്‍റ് സ്ഥലം മുതല്‍ നാലോ അഞ്ചോ ഏക്ര വരെ ഭൂമി കിട്ടിയവരേ അവിടെയുള്ളു. കൂടുതല്‍ ഭൂമി പതിച്ച് കിട്ടിയ കുടിയാന്മാര്‍ പലരും കൈവശം വെക്കുന്ന ഭൂമിക്ക് പരിധി നിശ്ചയിച്ചത് തെറ്റായി എന്ന് പിന്നീട് പറഞ്ഞിട്ടുണ്ട് '.

' അത് അങ്ങിനെ തന്ന്യാണ്. എത്ര കിട്ടിയാലും മനുഷ്യന് മതി വരില്ല ' നാണു നായര്‍ പറഞ്ഞു ' പത്ത് കിട്ടിയാല്‍ നൂറ് മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും പാടുണത് കേട്ടിട്ടില്ലേ '.

' പ്രതീക്ഷിക്കാതെ സ്വത്ത് വന്നപ്പോള്‍ കുടിയാന്മാരുടെ ജീവിതം തന്നെ മാറിയിട്ടുണ്ടാവില്ലേ ' വേണു ചോദിച്ചു.

'എന്താ വേണൂ അതിലൊരു സംശയം ' മേനോന്‍ തുടര്‍ന്നു ' പാട്ടം കൊടുക്കുന്ന പതിവ് ഒരു ദിവസം നിര്‍ത്തിയതോടെ കുടിയാന്മാരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടായി. അത്രയും കാലം പാട്ടം കൊടുത്ത ബാക്കി കൊണ്ട് അരിഷ്ടിച്ച് കഴിഞ്ഞവര്‍ക്ക് ഭൂമിയില്‍ നിന്നുള്ള വരുമാനം സ്വന്തമായി. കൈ നിറയെ പണം വന്നപ്പോള്‍ പലര്‍ക്കും എന്താണ് ചെയ്യേണ്ടത് എന്നു പോലും അറിയാതായി. പഴയ വീടുകളുടെ സ്ഥാനത്ത് ടെറസ്സുകളായി. കന്നും കാളവണ്ടിയും ട്രാക്ടറിന്ന് വഴി മാറി. ബുള്ളറ്റും അംബാസഡറും ഫിയറ്റും അവരുടെ മുറ്റത്ത് പ്രതാപം വിളിച്ചറിയിച്ചു നിന്നു. കയ്യയച്ച് സംഭാവന നല്‍കിയും പൊതു കാര്യത്തില്‍ സജീവമായും ചിലര്‍ സമൂഹത്തില്‍ സ്ഥാനമാനങ്ങള്‍ ഉറപ്പിച്ചു. പക്ഷെ മറ്റു ചിലര്‍ക്ക് ഒരു മാറ്റവും ഉണ്ടായില്ല. അവര്‍ പഴയ പിശുക്കുമായി കഴിഞ്ഞു. പണം ചിലവാകുന്നത് സഹിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അത് ഒഴിവാക്കാന്‍ അവര്‍ പല ന്യായങ്ങളും നിരത്തും '.

' അമ്പലം പണിക്ക് സംഭാവന ചോദിച്ച് ചെന്നപ്പോള്‍ രാഘവന്‍ നമ്മടെ അടുത്ത് പറഞ്ഞ മാതിരി ' എന്ന് എഴുത്തശ്ശന്‍ ഉദാഹരണം കണ്ടെത്തി.

' സ്വത്തൊക്കെ നഷ്ടപ്പെട്ട ജന്മിമാരുടെ കാര്യമോ '.

'ഭൂസ്വത്ത് നഷ്ടപ്പെട്ടാലും കയ്യും കാലും ഇല്ലേ. പണിയെടുത്ത് ജീവിച്ചൂടെ എന്നൊക്കെ ജന്മിമാരെ പറ്റി പറഞ്ഞു കേള്‍ക്കാറുണ്ട്. അതൊക്കെ വെറും വാക്ക് മാത്രമാണ്. പലരും മാറിയ ചുറ്റുപാടുകളോട് പൊരുത്തപ്പെടാനാവാതെ കുഴങ്ങുകയാണ് . മാനുഷീകമായ ഒരു കാഴ്ചപ്പാട് ഇവരുടെ കാര്യത്തില്‍
ഉണ്ടായില്ല '.

' ഓരോ കാലത്ത് ഓരോ വിധം ' എന്ന് എഴുത്തശ്ശനും പറഞ്ഞു.

ഒറ്റ നിയമം കൊണ്ട് സമൂഹത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചോര്‍ത്ത് വേണു ഇരുന്നു.

+++++++++++++++++++++++++++++++++++

' ഒരു സങ്ങതി കേട്ട്വോ ' മായന്‍കുട്ടി ചോദിച്ചു ' ആ പെണ്ണ് രാഘവന്‍ മുതലാളിടെ വീട്ടില്‍ ചെന്ന് ലഹള കൂടി '.

പുല്ലരിഞ്ഞ് വേലപ്പന്‍റെ വീട്ടിലെത്തിച്ച ശേഷം വന്നതാണ് അവന്‍.

' ആരുടെ കാര്യാടാ നീ പറയിണത് ' എഴുത്തശ്ശന്‍ ചോദിച്ചു ' ഊമയ്ക്ക് വയറ്റിലുണ്ടായ മാതിരിയുള്ള കൂട്ടം കൂടാതെ '.

' ആ പെണ്ണില്ലേ, പാഞ്ചാലി. അവളാ ലഹള കൂട്ട്യേത് '.

' എന്തിനാടാ അവള്‍ അയാളുടെ വീട്ടില് ലഹളയ്ക്ക് ചെന്നത് '.

' അത് എനിക്കറിയാന്‍ പാടില്ല. മുതലാളിടെ മകന് കല്യാണാലോചനക്കാര് വന്നപ്പഴാ അവള് അവിടെ ചെന്നതേന്നും അവള്‍ വായില്‍ തോന്നിയത് പറഞ്ഞതുകേട്ട് അവര് മടങ്ങി പോയീന്നും കേട്ടു '.

' ആരോ എന്തോ ചെയ്യട്ടേടാ. നീ ചെന്ന് ചാമി എന്താ ചെയ്യുന്നേന്ന് നോക്ക് '.

മായന്‍കുട്ടി പോയി.

' അവന്‍ പറഞ്ഞത് കേട്ടില്ലേ. രാഘവന്‍ മുതലാളീന്ന്. അവന്‍റെ തന്തയാണ്അയാള്. അനുജന്‍റെ കല്യാണമാണ് മുടങ്ങീത് '.

' എന്തിനാ അമ്മാമേ ആ പെണ്‍കുട്ടി വഴക്കിന്ന് ചെന്നിട്ടുണ്ടാവ്വാ ' വേണു ചോദിച്ചു.

' ആ പെണ്ണിന്ന് നടപടി ദൂഷ്യം ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ചെക്കനും വാല് മുളച്ച സാധനം ആണ് '.

' നമുക്കെന്ത് വേണം. ആരോ എന്തോ ചെയ്യട്ടെ ' എന്ന് പറഞ്ഞു മേനോന്‍ ആ സംഭാഷണം നിര്‍ത്തി.

ദൂരെ കയത്തം കുണ്ടിന്നടുത്ത് നിന്ന് ചാമിയും മായന്‍കുട്ടിയും വരുന്നുണ്ടായിരുന്നു.















4 comments:

  1. വായിച്ചു. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
    ആശംസകള്‍!!

    ReplyDelete
  2. jayarajmurukkumpuzha,
    വളരെ നന്ദി.

    Manickethaar,
    അടുത്ത ഭാഗം പ്രസിദ്ധീകരിക്കുന്നു.നന്ദി.

    ReplyDelete
  3. 'ഭൂസ്വത്ത് നഷ്ടപ്പെട്ടാലും കയ്യും കാലും ഇല്ലേ. പണിയെടുത്ത് ജീവിച്ചൂടെ എന്നൊക്കെ ജന്മിമാരെ പറ്റി പറഞ്ഞു കേള്‍ക്കാറുണ്ട്. അതൊക്കെ വെറും വാക്ക് മാത്രമാണ്. പലരും മാറിയ ചുറ്റുപാടുകളോട് പൊരുത്തപ്പെടാനാവാതെ കുഴങ്ങുകയാണ് . മാനുഷീകമായ ഒരു കാഴ്ചപ്പാട് ഇവരുടെ കാര്യത്തില്‍
    ഉണ്ടായില്ല '.

    ithaanu annu keralathil angolamingolam undaayathu.mundu murukki uduthu pattini purathu ariyikkaathe kazhinju..

    ReplyDelete