Tuesday, January 11, 2011

നോവല്‍ - അദ്ധ്യായം - 116.

കറുത്ത ഫിയറ്റ് കാര്‍ ഷെഡ്ഡില്‍ നിര്‍ത്തി സുകുമാരന്‍ ഇറങ്ങി. ഓഫീസിന്ന് മുമ്പില്‍ ഡ്രൈവര്‍മാരും
കണ്ടക്ടര്‍മാരുമായി ഏഴെട്ട് പേര്‍ നില്‍പ്പുണ്ട്. ഏതെങ്കിലും ബസ്സ് ആക്സിഡന്‍റ് ആയിട്ടുണ്ടാവുമോ ? ഇവര്‍ക്കൊക്കെ വല്ലവന്‍റേയും മേത്ത് കൊണ്ടുപോയി കയറ്റുകയേ വേണ്ടു. പിന്നീടുള്ള പൊല്ലാപ്പുകള്‍
തീര്‍ക്കാന്‍ പ്രയാസങ്ങള്‍ കുറച്ചൊന്നുമല്ല.

സുകുമാരന്‍ കയറി ചെല്ലുന്നത് കണ്ട് ജീവനക്കാര്‍ ഒതുങ്ങി നിന്നു.

' എന്താ എല്ലാവരും കൂടി ഇവിടെ ' അയാള്‍ ചോദിച്ചു.

' അതേയ്, മുതലാളി, ഒരു ചെറിയ പ്രശ്നം ഉണ്ട് ' കണ്ടക്ടര്‍ മുകുന്ദന്‍ പറഞ്ഞു.

' വല്ലവന്‍റേം നെഞ്ഞത് വണ്ടി കേറ്റിയോ '.

' അതല്ല. നമ്മുടെ 1632 മണ്ണാര്‍ക്കാട് നിന്ന് 9 മണിക്കുള്ള ട്രിപ്പ് വരുമ്പൊ ഠാണാവിന്ന് കോളേജിലേക്ക്
ഒരു ചെക്കന്‍ കേറി. അബു കണ്‍സക്ഷന്‍ കാര്‍ഡ് ചോദിച്ചപ്പൊ ചെക്കന്‍റേല്‍ കാര്‍ഡില്ല. ഫുള്‍ ചാര്‍ജ്ജ്
തരണം എന്ന് പറഞ്ഞപ്പൊ ചെക്കന്‍ കൊടുത്തില്ല. ഒന്നും രണ്ടും പറഞ്ഞ് തര്‍ക്കം ആയി. ഒടുക്കം അബു
അവനെ വണ്ടീന്ന് ഇറക്കി വിട്ടു '.

' ആവൂ. എന്ത് കുണ്ടാമണ്ടിയാണോന്ന് ഞാന്‍ വിചാരിച്ചു '.

' കഴിഞ്ഞില്ല. ചെക്കന്‍ യൂണിയന്‍ നേതാവാണത്രേ. അവന്‍ അടുത്ത ബസ്സിന്ന് കേറി കോളേജില്‍ ചെന്ന്
പിള്ളരെ കൂട്ടി. അപ്പോഴാണ് നമ്മുടെ 5617 പെരിന്തല്‍മണ്ണയിലേക്ക് പോണത്. പിള്ളര് കൂട്ടം ചേര്‍ന്ന്
കോളേജ് പടിക്കില് വണ്ടി തടുത്ത് നിര്‍ത്തി ചില്ല് എറിഞ്ഞ് തകര്‍ത്തു. ഡ്രൈവര്‍ കൃഷ്ണേട്ടന്‍റെ തല
മുറിഞ്ഞ് ആസ്പത്രിയിലായി. അഞ്ചാറ് പാസഞ്ചേഴ്സിനും പരുക്കുണ്ട് '.

' എന്നിട്ട് ബസ്സ് എവിടെ '.

' വണ്ടിക്ക് തീ വെക്കും മുമ്പ് വര്‍ക്ക് ഷോപ്പിന്ന് ജോണേട്ടന്‍ ചെന്ന് വണ്ടി ഇങ്ങോട്ട് ഓടിച്ച് കൊണ്ടു
വന്നു. ഗാരേജില്‍ നിര്‍ത്തിയിട്ടുണ്ട് '.

' എന്നിട്ടെന്തേ വിവരം തന്നില്ല '.

' വീട്ടിലേക്ക് വിളിച്ചപ്പൊ മുതലാളിമാര് പോന്നൂന്ന് പറഞ്ഞു '.

സുകുമാരന്‍ പണിക്കാരോടൊപ്പം ചെന്നു. ബസ്സിന്‍റെ നാല് ചില്ലുകളും തകര്‍ത്തിട്ടുണ്ട്. കല്ലുകൊണ്ടോ
മറ്റോ കുത്തി ബോഡി ഞളുക്കിയിട്ടുണ്ട്. അയാള്‍ക്ക് സങ്കടം തോന്നി. പുതിയ ബസ്സാണ്. ലൈനില്‍ ഓടാന്‍
തുടങ്ങിയിട്ട് ഒരു മാസം പോലും ആയിട്ടില്ല. എത്ര ഭംഗിയുള്ള വണ്ടിയായിരുന്നു. കണ്ണ് നിറയെ അതിന്‍റെ ചന്തം കണ്ട് കൊതി തീര്‍ന്നിട്ടില്ല. അതിന്ന് മുമ്പ് നശിപ്പിച്ചു.

' കൃഷ്ണന്‍ എന്ത് പണിയാണ് ചെയ്തത്. ഏറുകൊണ്ട് തല പൊട്ടിയപ്പോഴെങ്കിലും വണ്ടി സ്റ്റാര്‍ട്ടാക്കി
മുമ്പോട്ട് വിടണ്ടേ. അഞ്ചെട്ടെണ്ണം ആട്ടങ്ങ പൊട്ടുന്ന പോലെ പൊട്ടി റോഡില്‍ ചത്ത് വീണാല്‍ എനിക്ക്
ഇത്ര സങ്കടം തോന്നില്ല '.

' മുതലാളി, അപ്പൊ കേസ്സാവില്ലേ ' ആരോ ചോദിച്ചു.

' മോട്ടോര്‍ അപകടത്തിന്ന് ഡ്രൈവറെ തൂക്കി കൊല്ലാനൊന്നും വിധിക്കില്ല '.

' ഇനി എന്താ ചെയ്യണ്ടത്. പോലീസില്‍ വിവരം കൊടുക്കണ്ടേ '.

സുകുമാരന്‍റെ സിരകളിലൂടെ കോപം ഒഴുകി. ഇനി ആരും ഇത്തരം തെമ്മാടിത്തരം ചെയ്യരുത്. ആണത്തം
ഉള്ളവന്‍ ആരുടെ മുമ്പിലും തോറ്റ് കൊടുക്കാന്‍ പാടില്ല. എതിര്‍ക്കാന്‍ ശ്രമിക്കുന്ന ഒന്നും ബാക്കി വരരുത്.
ഒരു പുല്‍ക്കൊടിയെ പോലെ സകലതിനേയും നുള്ളി കളയണം. തന്‍റെ കാല്‍ ചുവട്ടില്‍ ഈ ലോകം ഒതുങ്ങി നില്‍ക്കണം.

' കേസ്സ് കൊടുക്കുന്നതിന്ന് മുമ്പ് ചിലതൊക്കെ ചെയ്യാനുണ്ട്. നമ്മളുടെ തിയേറ്ററിന്ന് മുമ്പില്‍ ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്ന കച്ചറ പാര്‍ട്ടീസില്ലേ. ആരെങ്കിലും ചെന്ന് അവരെ കൂട്ടീട്ട് വരിന്‍. പത്ത് പന്ത്രണ്ട് ജാക്കി ലിവറ് റെഡിയാക്കി വെക്ക്. രണ്ടാള് ചെന്ന് പത്തിരുപത് കുപ്പി ബ്രാണ്ടിയും വാങ്ങീട്ട് വാ '.

പത്ത് മിനുട്ടിനകം എല്ലാം ഒരുങ്ങി. റൌഡികള്‍ വിദേശ മദ്യം യഥേഷ്ടം രുചിച്ചു.

' നിങ്ങള് നേരെ കോളേജിലേക്ക് ചെന്നോളിന്‍ . അവിടെ കാണുന്ന ഒരു വണ്ടിയും ബാക്കി വെക്കാന്‍ പാടില്ല. സൈക്കിളോ, സ്കൂട്ടറോ. മോട്ടോര്‍ സൈക്കിളോ, കാറോ എന്തായാലും തല്ലി പൊട്ടിച്ചോളിന്‍. അത് കഴിഞ്ഞിട്ട്
സകല പിള്ളരേം നന്നായി പെരുമാറിക്കോ. കയ്യോ കാലോ ഒടിച്ചോളിന്‍. പക്ഷെ കൊല്ലാന്‍ പാടില്ല '.

' എങ്ങിനെയാ പോണ്ടത് '.

' ജോണേ, പിള്ളര് എറിഞ്ഞു പൊട്ടിച്ച ആ ബസ്സ് തന്നെ എടുത്തോ. സകല എണ്ണത്തിനും നല്ല അസ്സല് പെട
കൊടുക്കണം. പെടാന്ന് പറഞ്ഞാല്‍ പെട ആയിരിക്കണം '.

സംഘം പോയതോടെ സുകുമാരന്‍ ഓഫീസിലേക്ക് കയറി. ഇനി എന്താണ് ചെയ്യേണ്ടത് എന്നതായി ആലോചന. കോളേജില്‍ ഉണ്ടാവാന്‍ പോവുന്ന പ്രശ്നം പോലീസ് അറിഞ്ഞാല്‍ ഇടപെടും. ഒന്നും ചെയ്യാന്‍ പറ്റാതെ വരും. അതിന്ന് മുമ്പ് വല്ലതും ചെയ്യണം. ഡെപ്യൂട്ടി സൂപ്രണ്ട് അച്ഛന്ന് വേണ്ടപ്പെട്ട ആളായത് നന്നായി. കര്‍ഷക സമാജം
മീറ്റിങ്ങിന്ന് ചെന്ന അച്ഛനെ ഉടനെ കൂട്ടി ഡെപ്യൂട്ടിയെ കാണണം.

ഫിയറ്റിന്‍റെ താക്കോല് എടുത്ത് സുകുമാരന്‍ ഇറങ്ങി.

**********************************

' ചെയ്തത് കുറെ കടന്ന് പോയി ' ഡി. വൈ. എസ്. പി. പറഞ്ഞു ' എന്തെങ്കിലും കംപ്ലൈന്‍റ് ഉണ്ടെങ്കില്‍
ഞങ്ങളെ അറിയിച്ചാല്‍ പോരെ. അല്ലാതെ നിയമം കയ്യിലെടുക്കുകയാണോ വേണ്ടത് '.

അദ്ദേഹത്തിന്‍റെ വീട്ടിലെ സ്വീകരണ മുറിയില്‍ എം. എല്‍. എ. യോടൊപ്പം രാഘവനും സുകുമാരനും
കോളേജില്‍ നടന്ന സംഭവ വികാസങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ്.

' കണ്‍സെക്ഷന്‍ കാഡ് കയ്യിലില്ലാത്ത സ്റ്റൂഡന്‍റിനോട് ഫുള്‍ ചാര്‍ജ്ജ് ചോദിച്ചതിന്ന് കണ്ണില്‍ കണ്ട ബസ്സ് എറിഞ്ഞ് തകര്‍ക്കുന്നത് നിയമത്തിന്ന് നിരക്കുന്നതാണോ സാര്‍ ' സുകുമാരന്‍ മടി കൂടാതെ ചോദിച്ചു.

' കുട്ടികള്‍ ചെയ്തത് ശരിയാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. നിങ്ങളുടെ ബസ്സ് എറിഞ്ഞവന്‍റെ പേരില്‍ ഒരു
പരാതി തന്നാല്‍ പോരെ. ഞങ്ങള്‍ നടപടി എടുക്കില്ലേ '.

' എന്ത് നടപടിയാ സാറേ. വിദ്യാര്‍ത്ഥികളെ തൊട്ടു കളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ എന്ന മുദ്രാ വാക്യം
കേള്‍ക്കണ്ട താമസം കേസ്സ് തീരും. ഞാനും കോളേജിലൊക്കെ പഠിച്ചു വന്ന ആളാണ്. എന്താ ഉണ്ടാവുക എന്ന് എനിക്കറിയില്ലേ '.

' സാര്‍ ' ഡി. വൈ. എസ്.പി എം. എല്‍. എ യോട് പറഞ്ഞു ' ഈ കുട്ടി കാര്യം മനസ്സിലാക്കാതെ ഓരോന്ന് പറയുകയാണ്. കുറ്റം ചെയ്തവരെ മാത്രമല്ല, കോളേജില്‍ കയറി സകല കുട്ടികളേയും മര്‍ദ്ദിച്ചു. വഴിയില്‍
കൂടി പോയവരെ കൂടി കൈകാര്യം ചെയ്തിട്ടുണ്ട്. പോരാഞ്ഞിട്ട് കോളേജ് വളപ്പില്‍ ഉണ്ടായിരുന്ന സകല വാഹനങ്ങളും അടിച്ച് പൊളിക്കുകയും, ക്ലാസ്സ് മുറികളിലെ ജനാല ചില്ലുകള്‍ പൊട്ടിക്കുകയും ചെയ്തു. കൂട്ടത്തില്‍ പോര്‍ട്ടിക്കോയില്‍ നിര്‍ത്തിയിരുന്ന പ്രിന്‍സിപ്പാളിന്‍റെ കാറും നശിപ്പിച്ചു '.

എം. എല്‍. എ. യ്ക്ക് മറുപടി പറയാന്‍ സുകുമാരന്‍ അവസരം നല്‍കിയില്ല.

' സാറെ. പ്രകടനം നടത്തുന്നവരുടെ നേരെ പോലീസ് വെടി വെച്ചത് കൊണ്ടിട്ട് മരചുവട്ടില്‍ ബസ്സ് കാത്ത്
നിന്ന യാത്രക്കാരന്‍ മരിച്ച സംഭവം ഉണ്ടായിട്ടില്ലേ. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ് കുറ്റം
ചെയ്യാത്തവരെ മര്‍ദ്ദിക്കാറില്ലേ. ഇതും അത് പോലെ പറ്റിയതാണ് '.

മകന്‍ നിര്‍ഭയം കാര്യങ്ങള്‍ പറയുന്നത് കേട്ടിട്ട് രാഘവന് മതിപ്പ് തോന്നി. ഇതറിഞ്ഞുവെങ്കില്‍ മദ്ധ്യസ്ഥം
പറയാനായി എം. എല്‍. എ.യെ വിളിക്കുമായിരുന്നില്ല. അയാളാണെങ്കിലോ ഒരക്ഷരം മിണ്ടാതെ എല്ലാം
കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഡെപ്യൂട്ടിയുടെ ഭാര്യ ചായയുമായി എത്തി.

' മാഡം ' രാഘവന്‍ വിളിച്ചു ' ഇപ്പോള്‍ കാറിന്ന് തകരാറൊന്നുമില്ലല്ലോ. വല്ലതും ഉണ്ടെങ്കില്‍ പറയണം.
ഇനി നന്നാക്കാനൊന്നും മിനക്കെടണ്ടാ. നമുക്കത് മാറ്റാം'.

അവരൊന്ന് പുഞ്ചിരിച്ചു.

' ഇവിടുത്തെ ആളോട് ഞാന്‍ പറയാറുണ്ട്. പിന്നെ ആവാമെന്നാ എപ്പഴും മറുപടി '.

' അടുത്ത ആഴ്ച വേറെ വണ്ടി ഇവിടെ എത്തും ' രാഘവന്‍ ഉറപ്പ് നല്‍കി.

ഒഴിഞ്ഞ കപ്പുകളുമായി അവര്‍ അകത്തേക്ക് ചെന്നു.

' ഞാനെന്താ ഇനി ചെയ്യേണ്ടത്. നിങ്ങളന്നെ പറഞ്ഞോളിന്‍ ' ഡി.വൈ.എസ്.പി. പറഞ്ഞു.

' ഇരു കൂട്ടര്‍ക്കും തകരാറ് വരാത്ത വിധത്തില്‍ പ്രശ്നം പരിഹരിക്കണം ' എം. എല്‍. എ. അഭിപ്രായപ്പെട്ടു
' ഭാഗ്യത്തിന്ന് വിദ്യാര്‍ത്ഥി യൂണിയന്‍കാരും തൊഴിലാളി സംഘടനക്കാരും ഞങ്ങളുടെ ആള്‍ക്കാരാണ് '.

' എന്നാല്‍ പിന്നെ നിങ്ങള്‍ക്കു തന്നെ തീര്‍ത്തൂടെ. പോലീസിനെ വലിച്ചിഴക്കേണ്ട വല്ല കാര്യവും ഉണ്ടോ '.

' ഒരു കാര്യം ചെയ്യൂ സാറേ ' സുകുമാരന്‍ പറഞ്ഞു ' പിള്ളരുടെ പേരില്‍ കേസ്സ് എടുക്കണ്ടാ. ഞങ്ങളുടെ
ഭാഗത്തു നിന്ന് കണ്ടാലറിയാവുന്ന നൂറ് പേരുടെ പേരില്‍ കേസ്സ് ചാര്‍ജ്ജ് ചെയ്തോള്ളൂ. കോടതിയില്‍
തള്ളി പൊയ്ക്കോളും '.

ഡി. വൈ. എസ്. പി. ഒന്ന് പുഞ്ചിരിച്ചു.

' നിനക്ക് ഇത്ര നന്നായി കാര്യം പറയാന്‍ പറ്റുംച്ചാല്‍ പിന്നെ എന്തിനാ അയാളെ തുണയ്ക്ക് വിളിച്ചത് '
പാര്‍ട്ടി ഓഫീസില്‍ എം. എല്‍. എ. യെ ഇറക്കി വിട്ട് പോകുമ്പോള്‍ രാഘവന്‍ മകനോട് ചോദിച്ചു.

' അച്ഛന്ന് അത് അറിയാഞ്ഞിട്ടാണ്. ആരേയും അധികം വിശ്വസിക്കാന്‍ പാടില്ല. പ്രത്യേകിച്ച് പൊലീസിനെ. കൈതമുള്ളുപോലെയാണ് അവര്‍. മേല്‍പ്പോട്ടും കീഴ്പ്പോട്ടും ഉഴിയാന്‍ പറ്റാത്ത ജാതി. അധികാരം
കയ്യിലുള്ളവര്‍ പറയുന്നത് അവര്‍ക്ക് അനുസരിക്കാതിരിക്കാന്‍ പറ്റില്ല. മറ്റുള്ളവര്‍ എന്തെങ്കിലും ഒരു
ആവശ്യത്തിന്ന് ചെല്ലുമ്പോള്‍ സ്നേഹവും കടപ്പാടും ഒന്നും അവര്‍ കണക്കിലെടുക്കണമെന്നില്ല. അതാണ്
ആ ഉണ്ണാമനെ ഞാന്‍ കൂട്ടിന്ന് വിളിച്ചത് '.

' ഇയാളുടെ കാര്യത്തില്‍ അങ്ങിനെ വരില്ല. നമ്മള്‍ എന്തൊക്കെ കൊടുത്തതാണ്. ചെയ്ത ഉപകാരങ്ങള്‍ക്ക്
വല്ല കണക്കും ഉണ്ടോ '.

' എത്ര നല്ല ഭക്ഷണം കഴിച്ചാലും തൊണ്ടയില്‍ നിന്ന് താഴോട്ട് ഇറങ്ങിയാല്‍ അതിന്‍റെ രുചി പോയില്ലേ. അതുപോലെ കൊടുക്കുമ്പൊഴേ അതിനെക്കുറിച്ചുള്ള ഓര്‍മ്മയുണ്ടാകൂ. എളുപ്പം മറക്കാന്‍ പറ്റുന്നത്
ചെയ്ത ഉപകാരങ്ങളാണ് '.

മകന്‍റെ തത്വശാസ്ത്രം കേട്ട് രാഘവന്‍ അത്ഭുതപ്പെട്ടു. ഫിയറ്റ് ഓഫീസിന്ന് മുന്നിലെത്തി.

3 comments:

  1. എളുപ്പം മറക്കാന്‍ പറ്റുന്നത്
    ചെയ്ത ഉപകാരങ്ങളാണ് '.

    ReplyDelete
  2. ummu jazmine,

    വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്ന് നന്ദി.

    ReplyDelete
  3. ഒരു പുല്‍ക്കൊടിയെ പോലെ സകലതിനേയും നുള്ളി കളയണം. തന്‍റെ കാല്‍ ചുവട്ടില്‍ ഈ ലോകം ഒതുങ്ങി നില്‍ക്കണം.
    ഈ അഭിപ്രായം ഉള്ളവര്‍ ആരും അവസാനം വരെ നേരാം വണ്ണം ജീവിച്ചിട്ടില്ല.

    ReplyDelete