Thursday, December 30, 2010

നോവല്‍ - അദ്ധ്യായം - 111.

' കല്യാണൂം സത്ക്കാരൂം കഴിഞ്ഞിട്ട് രണ്ട് ദിവസായി. ഇനി എന്നാ വേണു ഇങ്ങിട്ട് എത്ത്വാ ' കാലത്ത് പാടം നോക്കാന്‍ ഇറങ്ങിയ എഴുത്തശ്ശനോട് നാണു നായര്‍ അന്വേഷിച്ചു.

' എന്താ ഹേ, അവന്‍ എത്താണ്ടെ നിങ്ങക്ക് ഇത്ര പൊരിച്ചില്. പത്ത് ദിവസം അവിടെ ബന്ധുക്കളുടെ കൂടെ കഴിയട്ടെ '.

' കല്യാണം കഴിഞ്ഞതിന്‍റെ അടീം പൊടീം ഒക്കെ ബാക്കീണ്ടാവും. അതും കൂടി തീര്‍ന്നിട്ട് പോന്നാല്‍ മതി ' .

' നിങ്ങള് വേണ്ടാണ്ടെ ഓരോന്ന് പറയാന്‍ നിക്കണ്ടാ. നിങ്ങടെ മാതിരി കണുന്നതിനൊക്കെ കൊതിയുള്ള
ആളല്ല അവന്‍ '.

' ഞാന്‍ വെറുതെ പറഞ്ഞൂന്നേ ഉള്ളു '.

' നിങ്ങളുടെ ഓരോ പറച്ചില്. ആരെങ്കിലും കേട്ടാല്‍ എന്താ തോന്ന്വാ '.

' അതിന്ന് കേള്‍ക്കാനായിട്ട് ഇവിടെ നമ്മള്‍ രണ്ടാള് മാത്രോല്ലേ ഉള്ളു '.

കയത്തം കുണ്ടില്‍ നിന്നും ചാമി കേറി വരുന്നുണ്ടായിരുന്നു.

' എന്താ നീ അവിടെ ചെയ്തോണ്ടിരുന്നത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' പമ്പില് അങ്ങന്നെ മണ്ണും പൂഴീം ആയിരിക്കുണു. കീറ തുണി കൊണ്ടു തുടച്ചതാ '.

' ഇനി വെള്ളം അടിക്കണ്ടി വര്വോ '.

' വേണ്ടി വരുംന്ന് തോന്നുണില്യാ. നെല്ലൊക്കെ കായ മടങ്ങി. ഇനി വെള്ളം കെട്ടി നിര്‍ത്ത്യാല്‍ കൊയ്യാന്‍
കാലത്ത് പാടാവും '.

' എന്താ പാട് ' നാണു നായര്‍ ഇടപെട്ടു ' കന്നി മാസത്തില് കൊയ്യുമ്പൊ എന്താ ചെയ്യാറ് '.

' അറിയാന്‍ പാടില്ലാത്ത കാര്യം പറയാന്‍ നിക്കണ്ടാ. നിങ്ങക്ക് കൃഷീന്ന് പറഞ്ഞാല്‍ എന്താന്ന് അറിയ്വോ '.

' പോട്ടേ കുപ്പ്വോച്ചാ. മൂത്താര് മനസ്സില്‍ തോന്ന്യേത് പറഞ്ഞൂന്നേ ഉള്ളു '.

' സത്യം പറഞ്ഞാല്‍ കളപ്പുരേല് കിടന്നുറങ്ങുന്നേ ഉള്ളു ' എഴുത്തശ്ശന്‍ പറഞ്ഞു ' മനസ്സ് മുഴുവന്‍ കയത്തം
കുണ്ടിലാ. ഇങ്ങിനെ ഒരു മുതല് ഇവിടെ കിടക്കുമ്പോള്‍ ഉറക്കം വര്വോ. വല്ല കള്ളന്മാരും വന്ന് പമ്പ്
കട്ടിട്ട് പോയാലോ എന്ന പേട്യാ എപ്പഴും '.

' അതിനല്ലേ ഞാന്‍ കാവല് കിടക്കിണത് ' ചാമി പറഞ്ഞു.

' നീ കിടക്കിണില്ലാ എന്നല്ല പറഞ്ഞത്. മനുഷ്യന്‍റെ കാര്യോല്ലേ. ഉറക്കത്തില്‍ പെട്ടാലോ '.

' അതിനാ മായന്‍കുട്ട്യേ തുണയ്ക്ക് കൂട്ടീത്. ഒരു ചെത്തം കേട്ടാല്‍ മതി. അവന്‍ ഉണരും '.

' ആ ചെക്കന്‍റെ കാര്യം ആലോചിച്ചാല്‍ ഒരു സന്തോഷം തോന്നും. പ്രാന്തും പിടിച്ച് കീറത്തുണീം ചുറ്റി നടന്ന
അവനെ നീയും വേണുവും കൂടി ചികിത്സിപ്പിച്ച് സൂക്കട് മാറ്റി. ഇല്ലെങ്കില്‍ അവന്‍റെ ജന്മം പാഴായി പോയിട്ടുണ്ടാവും '.

' ദെണ്ണം മാറി എന്ന് അങ്ങിനെ തീര്‍ച്ച പറയാന്‍ വരട്ടെ ' നാണു നായര്‍ പറഞ്ഞു ' പ്രാന്ത് മാറുന്ന സൂക്കട് ഒന്ന്വോല്ല. നാല് ദിവസം മരുന്ന് നിര്‍ത്ത്യാല്‍ മതി. പണ്ടത്തതിന്‍റെ ഇരട്ടി അമരത്തില്‍ സൂക്കട് വരും '.

' നിങ്ങളെ എന്താ ചെയ്യണ്ടത് ' എഴുത്തശ്ശന്ന് ദേഷ്യം വന്നു ' കുറച്ച് ദിവസായിട്ട് നിങ്ങള് വായ തുറന്നാല്‍
വേണ്ടാത്തതേ നാക്കില്‍ നിന്ന് വരൂ '.

' ഞാന്‍ പറയുന്നത് തെറ്റാച്ചാല്‍ ഇനി ഒരക്ഷരം മിണ്ടില്ല 'നാണു നായര്‍ കീഴടങ്ങി.

' വെള്ളം അടിക്കണ്ടാച്ചാല്‍ ഇന്നന്നെ പമ്പ് അഴിച്ച് കുളപ്പുരേല്‍ കൊണ്ടു പോയി സൂക്ഷിച്ച് വെക്കണം '.

' മായന്‍കുട്ടി വന്നോട്ടെ. പുല്ലരിഞ്ഞത് വേലപ്പന്‍റെ വീട്ടില്‍ കൊടുക്കാന്‍ പോയതാ. പെണ്‍കുട്ടി കഞ്ഞി കൊടുക്കാതെ അവനെ വിട്ടാക്കില്ല. ഇത്തിരി കഴിഞ്ഞേ അവന്‍ എത്തൂ '.

' നമുക്ക് ചൂളവരെ ചെന്ന് പണി നോക്കീട്ട് പോവാം ' എന്നായി എഴുത്തശ്ശന്‍.

' അതിന്ന് ഇപ്പൊ അവിടെ പണിക്കാരൊന്നും ഇല്യാ. ചൂളടെ പണി കഴിഞ്ഞു. സന്ധ്യക്ക് തീ കൊളത്താനേ
അവര് വരുള്ളു '.

' എത്ര കല്ലാണ് ചൂളേല്‍ ഉള്ളത് ' നാണു നായര്‍ ചോദിച്ചു.

' മുക്കാല്‍ ലക്ഷം എന്നാ മേസ്തിരി പറഞ്ഞത് '.

' കുറച്ചൊക്കെ പൊട്ടി പോയാലും എഴുപതിന്ന് മീതെ കിട്ടും അല്ലേടാ ചാമ്യേ '.

' അത് ഒറപ്പാ കുപ്പ്വോച്ചാ '.

' ഈ മെനക്കേട് നോക്കുമ്പൊ ' നാണു നായര്‍ പറഞ്ഞു ' കല്ല് വാങ്ങിക്കിണതാ ലാഭം '.

' വാങ്ങാന്‍ ചെല്ലുമ്പൊ അറിയാം അതിന്‍റെ വിശേഷം. രൂപം കെട്ടതും വേകാവരീം ഒക്കെ ഉണ്ടാവും
വാങ്ങുന്നതില്‍ ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇതാവുമ്പൊ നല്ല അടുപ്പ് കല്ല് നോക്കി കിണറ് പണിക്ക്
എടുക്കാം. പൊട്ടോ മുറിയോ ഉള്ളത് മിറ്റത്ത് നെരത്തും ചെയ്യാം '.

അവര്‍ കളപ്പുരയിലേക്ക് പോവുന്ന വഴിയില്‍ രണ്ട് പിള്ളര്‍ എതിരെ ഓടി വരുന്നത് കണ്ടു.

' ചാമ്യേട്ടാ. നാലഞ്ച് മാപ്ല പിള്ളര് വെട്ടു കത്തീം കൊണ്ട് നിങ്ങളുടെ തൊടീലിക്ക് കേറീട്ടുണ്ട്. വിറക് വെട്ടാനാണെന്നാ തോന്നുണത് '.

' പട്ടാ പകല് ആരാന്‍റെ തൊടീല് കേറി വിറക് വെട്ട്വേ ' നാണു നായര്‍ പറഞ്ഞു ' നാട്ടില് ചോദിക്കാനും
പറയാനും ആളില്യാണ്ട്യായോ '.

' നീ പോയി നോക്കീട്ട് വാ ' എന്ന് എഴുത്തശ്ശനും പറഞ്ഞു.

ചാമി പിള്ളരോടൊപ്പം പോയി.

' ആ തലമുറിയന്‍ വല്ല അടിപിടീം ഉണ്ടാക്ക്വോന്നാ എനിക്ക് പേടി ' നാണു നായര്‍ പരിഭ്രമം പ്രകടിപ്പിച്ചു.

' തോന്നിയവാസം കാട്ടുന്നത് കണ്ടാല്‍ ആരാ നായരേ നോക്കിയിരിക്ക്യാ '.

അധികം വൈകാതെ ചാമി തിരിച്ചെത്തി.

' എന്താടാ സംഭവം ' എഴുത്തശ്ശന്‍ ചോദിച്ചു.

' ആ പിള്ളര് ആടിന് തൂപ്പ് ഉണ്ടാക്യേതാ. അല്ലാണ്ടെ മരം മുറിച്ചതൊന്ന്വോല്ലാ '.

' അതിനാ ചെക്കന്മാര് വന്ന് ഇങ്ങിനെ പറഞ്ഞത് '.

' അത് വിവരം ഇല്ലാണ്ടെ പറഞ്ഞതാ ' ചാമി പറഞ്ഞു ' എനിക്കതല്ല സങ്കടം. കോടി കായ്ച്ച ഒരു പ്ലാവ് ഉണ്ട്. നെറയെ ചാവിള് പൊടിഞ്ഞ കൊമ്പ് നോക്കി അവിറ്റേള് ഒടിച്ചിട്ടു '.

' പൊതിരെ കൊടുത്ത്വോടാ നീയ് ' നാണു നായര്‍ക്ക് അത് കൂടി കേള്‍ക്കണം.

' ചെറിയ കുട്ട്യേളല്ലേ. ഞാന്‍ തല്ലാനും കൊല്ലാനും ഒന്നും പോയില്യാ. ഇനി മേലാല്‍ ഇമ്മാതിരി പണി കാട്ടാന്‍ പാടില്ലാന്നും പറഞ്ഞയച്ചു '.

' നീ നന്നായിട്ട് പേറി വിടുംന്നാ ഞാന്‍ കരുത്യേത് ' നാണു നായര്‍ പറഞ്ഞു ' പണ്ടൊക്കെ മിണ്ട്യാല്‍
അടിക്കുന്ന ആളായിരുന്നു. പറഞ്ഞിട്ടെന്താ. വേണൂന്‍റെ കൂടെ കൂടി നീയും വിഷം കെട്ടോനായി '.

' ഒരാള് നന്നാവാനും പാടില്ല അല്ലേ നായരേ ' എന്ന് എഴുത്തശ്ശന്‍ അതിനുള്ള മറുപടി പറഞ്ഞു.

ആ പറഞ്ഞത് ശരിവെച്ചും കൊണ്ടൊരു മൂളലുണ്ടാക്കി ആകാശത്തിലൂടെ വിമാനം പറന്നു പോയി.

1 comment:

  1. വിമാനം ചിലപ്പോള്‍ ഒരു കഥാപാത്രം ആയി വരുന്നുണ്ടല്ലോ ഏട്ടാ...

    ReplyDelete