Saturday, December 25, 2010

നോവല്‍ - അദ്ധ്യായം - 110.

കല്യാണ പിറ്റേന്ന് സല്‍ക്കാരം കഴിഞ്ഞ് സ്വാമിനാഥന്‍റെ കാറിലാണ് കുപ്പന്‍ കുട്ടി എഴുത്തശ്ശനും നാണു നായരും രാജന്‍ മേനോനും തിരിച്ച് പോന്നത്. വിരുന്നിന്‍റെ അര്‍ഭാടത്തെ പറ്റിയും വിഭവങ്ങളുടെ രുചിയേ കുറിച്ചും നാണു നായര്‍ക്ക് എത്ര വര്‍ണ്ണിച്ചാലും മതിയായില്ല.

' കല്യാണം നടത്ത്വാണച്ചാല്‍ ഇങ്ങിനെ വേണം നടത്താന്‍ ' അയാള്‍ പറഞ്ഞു ' തിന്നാന്‍ എന്തൊക്കെ വിധം
സാധനങ്ങളാണ് നിരത്തീട്ടുള്ളത്. ആള്‍ക്കാരാണച്ചാല്‍ പറയും വേണ്ടാ. ശരിയായ പുരുഷാരം. നമ്മളെ
പോലെ നിര്‍ഗ്ഗതികള്‍ വല്ലോരും ആണോ വന്നിട്ടുള്ളത്. ഒക്കെ കെങ്കേമന്മാര്. കാറുകള് എത്രയാ മുറ്റത്ത്
നിരന്ന് നിന്നിരുന്നത്. ഇത് പോലെ ഒരു കല്യാണത്തിന്ന് ഇനി ഈ ജീവിതത്തില്‍ കൂടാന്‍ പറ്റുംന്ന് എനിക്ക്
തോന്നുണില്യാ '.

' അതേ നാണ്വാരേ ' എഴുത്തശ്ശന്‍ പറഞ്ഞു ' അവര് അവരുടെ നിലയ്ക്കും വിലയ്ക്കും യോജിച്ചോരെയല്ലേ ക്ഷണിക്ക്യാ. വേണൂനോടുള്ള അടുപ്പം കാരണം നമ്മളെ വിളിച്ചൂന്നേ ഉള്ളു. അല്ലെങ്കില്‍ നമുക്ക് അവരുടെ
മുറ്റത്ത് കാല് കുത്താന്‍ കഴിയ്യോ '.

' എന്നിട്ട് അവനെന്താ കാട്ട്യേത്. ഞാന്‍ ഇവിടുത്തെ ആരും അല്ലാന്നുള്ള മട്ടില് ഒരു ഭാഗത്ത് മാറി നിന്നു. വകേല് അവനും അമ്മാമനല്ലേ. മുമ്പില് നില്‍ക്കണ്ട ആളല്ലേ'.

' ആ കാര്യത്തില്‍ അവനെ കുറ്റം പറയാന്‍ ഞാന്‍ സമ്മതിക്കില്ല ' എഴുത്തശ്ശന്‍ എതിര്‍ത്തു ' എവടീം അവന്‍
കെട്ടിക്കേറി മുമ്പനായിട്ട് നില്‍ക്കാറില്ല '.

' എന്‍റെ നോട്ടത്തില്‍ ' സ്വാമിനാഥന്‍ തന്‍റെ അഭിപ്രായം പറയാനൊരുങ്ങി ' വേണു ഇന്നത്തെ പരിപാടിക്ക്
മാത്രമല്ല, ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും പിന്‍ വലിഞ്ഞ് നില്‍ക്കുന്ന പ്രകൃതക്കാരനാണ് '.

' അതെന്താ അങ്ങിനെ എന്ന് ആര്‍ക്കെങ്കിലും പറയാനാവ്വോ ' രാജന്‍ മേനോനും ഇടപെട്ടു ' കുറച്ച് നാളത്തെ പരിചയമേ ഞങ്ങള്‍ തമ്മില്‍ ഉള്ളൂച്ചാലും വേണു എന്നോടാണ് മനസ്സ് തുറന്ന് സംസാരിച്ചിട്ടുള്ളത്. അയാളെ
ഈ രീതിയിലാക്കിയത് അയാളുടെ അനുഭവങ്ങളാണ് '.

' അതിനും വേണ്ടി കിട്ടുണ്ണി നായര് ഉണ്ടല്ലോ മുമ്പനായിട്ട് ' നാണു നായര്‍ അടുത്ത വിഷയത്തിലേക്ക്
കടന്നു ' ഇത്ര കാലം പെങ്ങളോട് പെണങ്ങി നടന്നോനാ. ഉളുപ്പും മാനൂം ഉണ്ടോ ഞാനാ വലുത് എന്നും
പറഞ്ഞ് മുമ്പേ കേറി നില്‍ക്കാന്‍ '.

' എടോ, അത് അവരുടെ കുടുംബകാര്യം ' എഴുത്തശ്ശന്‍ പറഞ്ഞു ' ചിലപ്പൊ അവര് പെണങ്ങീന്ന് വരും . പിന്നെ ഒരു ദിവസം ഒന്നാവും ചെയ്യും. നമ്മള് അതൊന്നും പറയാന്‍ പാടില്ല '.

' എന്നാലും അവനോന് ഒരു ജാള്യത ഉണ്ടാവില്ലേ '.

' ഇണക്കവും പിണക്കവും കൂടി ചേര്‍ന്നതല്ലേ മനുഷ്യന്‍റെ ജീവിതം ' സ്വാമിനാഥന്‍ പറഞ്ഞു ' ചത്താലും
കൂടി തിരിഞ്ഞ് നോക്കില്ലാ എന്നും പറഞ്ഞ് വൈരാഗ്യം വെച്ച് നടന്നോര് ഒരു ദിവസം തോളില്‍ കയ്യിട്ട്
നടക്കുന്നത് കണ്ടിട്ടുണ്ട് '.

' മരിച്ചിട്ടും തിരിഞ്ഞ് നോക്കാത്ത എത്രയോ ആളുകളെ എനിക്കറിയാം ' എന്നായി നാണു നായര്‍.

'അങ്ങിനത്തെ ആളുകള്‍ വളരെ കുറച്ചേ ഉള്ളു. സ്വഭാവത്തിന്‍റെ പ്രത്യേകത കൊണ്ടും സഹിക്കേണ്ടി വന്ന ദുരനുഭവങ്ങളുമാണ് മനുഷ്യരെ ആ വിധത്തിലാക്കുന്നത് ' മേനോന്‍ പറഞ്ഞു ' എന്നാല്‍ ഭൂരിഭാഗം
ആളുകളും അങ്ങിനെയല്ല. അകന്ന് നില്‍ക്കുമ്പോഴും ചെറിയൊരു കാരണം കിട്ടിയാല്‍ മതി ശത്രുത
മറന്ന് ഒന്നാവാന്‍ '.

' ഒന്നു നോക്കിയാല്‍ ഊതി വീര്‍പ്പിച്ച ബലൂണുപോലെയാണ് പകയും വിദ്വേഷവും ഒക്കെ ' സ്വാമിനാഥന്‍
അഭിപ്രായം പറഞ്ഞു ' ചെറിയൊരു തുള വീണാല്‍ മതി "ശൂ"ന്ന് അത് ഇല്ലാതായി പഴയതിലും കൂടുതലായി
സ്നേഹം ഉണ്ടാവാന്‍ '.

അധികം വേഗതയിലല്ലാതെ കാറ് പോയിക്കൊണ്ടിരുന്നു.

==============================================

വിരുന്ന് കൂട്ടിയിട്ട് വരാന്‍ ബന്ധുക്കള്‍ പോയി കഴിഞ്ഞപ്പോള്‍ തിരക്ക് ഏകദേശം ഒഴിഞ്ഞു. നാലഞ്ച് കാറില്‍ പോവാനുള്ള ആളുകള്‍ ഉണ്ടയിരുന്നു.

' ഇത്രയൊക്കെ ആളുകള്‍ വേണോ ഏടത്ത്യേ ' കിട്ടുണ്ണി ചോദിച്ചു.

' ആരേയാ ഒഴിവാക്ക്വാ. എല്ലാരും ഒരുങ്ങി പുറപ്പെട്ട് നില്‍ക്കുന്നുണ്ട്. വേണ്ടാന്ന് പറയണ്ടാ. എല്ലാരും
വന്നോട്ടേ '.

കിട്ടുണ്ണി സ്വന്തം കാറില്‍ കയറിയിരുന്നു. രാധ പെണ്ണുങ്ങളോടൊപ്പം വേറൊരു കാറിലാണ് കയറിയത്. വേണു ഞാന്‍ വരുന്നില്ലെന്നു പറഞ്ഞ് വീട്ടിലിരുന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ പത്മിനിയുടെ അടുത്ത് ചെന്നു.

' ഓപ്പോളേ ' അയാള്‍ വിളിച്ചു ' തിരക്ക് വല്ലതും ഉണ്ടോ '.

' എന്താ അങ്ങിനെ ചോദിച്ചത് '.

' ഒരു കാര്യം പറയാനുണ്ടായിരുന്നു. അഞ്ച് മിനുട്ട് നേരത്തേക്ക് ഒഴിവുണ്ടാവ്വോ '.

' അഞ്ചോ പത്തോ മിനുട്ട് വേണച്ചാല്‍ എടുത്തോ. കുറച്ച് കഴിയുമ്പോള്‍ ചില ബന്ധുക്കളോക്കെ എത്തും. അതുവരെ തിരക്കൊന്നൂല്യാ '.

' എനിക്ക് കിട്ടുണ്ണിടേം രാധയുടേം കാര്യാമാണ് പറയാനുള്ളത് '.

' ഇപ്പൊ എന്താ പ്രശ്നം '.

കിട്ടുണ്ണിയുമായി തലേന്ന് രാത്രി സംസാരിച്ച കാര്യവും അവരുടെ പിണക്കം തീര്‍ക്കേണ്ട ആവശ്യകതയും
വേണു വിവരിച്ചു.

' ഇതിലിപ്പൊ ഞാനെന്താ ചെയ്യേണ്ടത് '.

രണ്ടുപേരേയും കൂട്ടി നിര്‍ത്തി സംസാരിച്ച് അലോഹ്യം തീര്‍ക്കണമെന്നും അതിന്ന് ഓപ്പോള്‍ മുന്‍കൈ എടുക്കണമെന്നും വേണു പറഞ്ഞു.

' അയ്യേ. എന്നെക്കൊണ്ടൊന്നും ആവില്യാ. നീ വേണച്ചാല്‍ സംസാരിച്ചു നോക്ക് ' എന്നും പറഞ്ഞ് പത്മിനി ഒഴിയാന്‍ നോക്കി.

' ഓപ്പോളേ, അവന്ന് ഒരു കാര്യം വന്നപ്പോള്‍ ആരും ഉണ്ടായില്യാ എന്നൊരു തോന്നല്‍ ഉണ്ടാവാന്‍ പാടില്ലാ ' വേണു പറഞ്ഞു ' ഓപ്പോളുടെ ഒപ്പം ഞാനും ഉണ്ടാവും. രാധയോട് സംസാരിക്കുമ്പോള്‍ ഓപ്പോള്‍ നിശ്ചയമായും ഉണ്ടാവണം '.

' നീ കാര്യം സംസാരിക്കുംച്ചാല്‍ ഞാനും കൂടെ നിക്കാം '.

അത് മതിയെന്ന് വേണു സമ്മതിച്ചു. രണ്ട് ദിവസം കഴിഞ്ഞാല്‍ മുരളിധരനും ഭാര്യയും മൈസൂരിലേക്ക് പോകുമെന്നും അതിന്നു ശേഷം കിട്ടുണ്ണിയും രാധയുമായി സംസാരിക്കാമെന്നും നിശ്ചയിച്ചു.

6 comments:

 1. ഒന്നു നോക്കിയാല്‍ ഊതി വീര്‍പ്പിച്ച ബലൂണുപോലെയാണ് പകയും വിദ്വേഷവും ഒക്കെ ' സ്വാമിനാഥന്‍
  അഭിപ്രായം പറഞ്ഞു ' ചെറിയൊരു തുള വീണാല്‍ മതി "ശൂ"ന്ന് അത് ഇല്ലാതായി പഴയതിലും കൂടുതലായി
  സ്നേഹം ഉണ്ടാവാന്‍...enikkishttappetta varikal...nannaayittund..entethonnum ezuthe alla..:)

  ReplyDelete
 2. Jazmikkutty.
  വായിച്ച് അഭിപ്രായം എഴുതിയതില്‍ വളരെ സന്തോഷം. ജാസ്മിക്കുട്ടിക്ക് നോവലിനെ കുറിച്ച് ഒരു മെയില്‍ അയച്ചത് ഐ.ഡി. ഇല്ല എന്നു പറഞ്ഞ് തിരിച്ചു കിട്ടി. ജീവിത ഗാഥ നല്ല ഒഴുക്കോടെ എഴുതിയിട്ടുണ്ട്. പിന്നെ ഒരു അഭിപ്രായം പറയാനുള്ളത് , നോവല്‍ എഴുതി തീരുവോളം കഴിവതും മറ്റൊന്നും എഴുതാന്‍
  ശ്രമിക്കരുത് എന്നതാണ്. അത് നോവല്‍ രചനയെ ബാധിക്കും. ഈ നോവല്‍ എഴുതി തുടങ്ങിയ ശേഷം ഞാന്‍ ബ്ലോഗില്‍ മറ്റെന്തെങ്കിലും
  എഴുതുന്നത് കുറച്ചു.

  ReplyDelete
 3. assalavunnundu.... hridayam niranja puthuvalsara aashamsakal....

  ReplyDelete
 4. സുജിത് കയ്യുര്‍ ,
  നന്ദി.
  jayarajmurukkumpuzha,
  വളരെ സന്തോഷം.

  ReplyDelete
 5. വൈരാഗ്യം മറന്നു വീണ്ടും ഒത്തു കൂടുന്നവരുണ്ടാകും എന്നാലോ വലിയ കാര്യം ഒന്നുമില്ലാതെ ആജന്മ ശത്രുക്കളെപോലെ പെരുമാറുന്നവരും കാണുന്നു..
  ഈ ലോകം ഈ വിധം ആയതു എന്തെ...

  ReplyDelete