Monday, December 20, 2010

നോവല്‍ - അദ്ധ്യായം - 109.

കല്യാണ ദിവസം നേരം പുലരുമ്പോഴേക്കും കിട്ടുണ്ണി എത്തി. അയാളുടെ കാറിന്‍റെ ശബ്ദം കേട്ടാണ് ഗെയിറ്റ്
തുറന്നത് തന്നെ. കല്യാണ ചടങ്ങുകളില്‍ ആദ്യാവസാനക്കാരനായി അയാള്‍ നിന്നു. ഒടുവില്‍ രാത്രിയിലെ
ഭക്ഷണം കൂടി കഴിഞ്ഞിട്ടാണ് അയാള്‍ വീട്ടിലേക്ക് പുറപ്പെട്ടത്.

' ഇനി ഞാന്‍ ഇറങ്ങട്ടെ ' അയാള്‍ യാത്ര പറഞ്ഞു ' നാളെ കുട്ടികള് എത്തുമ്പോഴേക്ക് ഞാനെത്താം '.

' പോവ്വേ, നല്ല കാര്യായി ' പത്മിനി ഇടപെട്ടു' വിരുന്ന് കൂട്ടീട്ട് വരാന്‍ ചെല്ലേണ്ടവനാണ് നീ. രാവിലെ
നേരത്തെ ഇറങ്ങേണ്ടതാ. അതോണ്ട് ഇന്ന് ഇവിടെ കൂട്യാല്‍ മതി '.

' ഞാന്‍ സമയത്തിന്ന് എത്ത്യാല്‍ പോരേ '.

' പോരാ. എല്ലാം കഴിഞ്ഞിട്ട് ഇവിടുന്ന് പോയാല്‍ മതി ' പത്മിനി സമ്മതിച്ചില്ല ' പിന്നെ ഒരു കാര്യം. നമ്മള്
വൈകുന്നേരത്തെ പാര്‍ട്ടിക്കാണ് പുറമെയുള്ള ആളുകളെ ക്ഷണിച്ചിട്ടുള്ളത്. പാര്‍ട്ടി നടക്കുന്ന സമയത്ത്
എല്ലാ ദിക്കിലും നിന്‍റെ ഒരു നോട്ടം ഉണ്ടാവണം. ഒക്കെ കൂടി വിശ്വേട്ടന്ന് സാധിച്ചൂന്ന് വരില്ല. ക്ഷണിച്ചിട്ട്
ചെന്ന് കണ്ട ഭാവം നടിച്ചില്ല എന്ന് നാളെ മേലാല്‍ ഒരാളും പറയാനുള്ള ഇട വരരുത് '.

കിട്ടുണ്ണി സമ്മതിച്ചു.

' ഒരു കാര്യം ചെയ്യ്. വേണു വന്നാല്‍ അമ്മടെ അറേലാണ് കിടക്കാറ് ' പത്മിനി പറഞ്ഞു ' നീയും അവന്‍റെ
കൂടെ അവിടെ കൂടിക്കോ. ഞങ്ങള്‍ പെണ്ണുങ്ങള് എല്ലാരും കൂടി മോളിലെ തളത്തിലാണ് കിടക്കുന്നത് '.

കിട്ടുണ്ണി ചുമരോരം ചേര്‍ന്ന് കട്ടിലില്‍ കിടന്നു. തൊട്ടിപ്പുറത്ത് വേണുവും.

' കുട്ടിക്കാലത്ത് ഒന്നിച്ച് കിടന്നുറങ്ങിയതാണ് ' വേണു ഓര്‍ത്തു ' പിന്നെ ഇന്നാണ് '.

അയാളുടെ മനസ്സില്‍ ചിന്തകള്‍ ചേക്കേറി. ആങ്ങളയും പെങ്ങളും ഇന്നലെ വരെ വാശിയും വൈരാഗ്യവും
ആയി കഴിഞ്ഞതാണ്. എത്ര പെട്ടെന്നാണ് അതെല്ലാം തീര്‍ന്നത്. ഇത്രയേ ഉള്ളു മനുഷ്യ മനസ്സിന്‍റെ സ്ഥിതി.

' ഉറക്കായോ ' കിട്ടുണ്ണി ചോദിക്കുന്നത് കേട്ടു.

' ഇല്ല '.

' അവള് വല്ലതും പറഞ്ഞോ ? '

' ആര്. രാധയോ '.

' അവളന്നെ '.

' എന്നോടൊന്നും പറഞ്ഞില്ല. എന്തേ '.

' ഒന്നൂല്യാ. കുറച്ച് ദിവസായിട്ട് ഇവിടെ ഉള്ളതല്ലേ. എന്നെ പറ്റി അവള് വല്ലതും പറഞ്ഞ്വോന്ന് അറിയാന്‍
ചോദിച്ചതാ '.

വേണു ഒന്നും മിണ്ടിയില്ല. തന്നെക്കുറിച്ച് ഭാര്യ എന്തെങ്കിലും പറഞ്ഞുവോ എന്നറിയാന്‍ കിട്ടുണ്ണിക്ക് ആകാംക്ഷയുണ്ട്. രാധയോടുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ടാവുമോ. രണ്ടുപേര്‍ക്കും മറക്കാനും
പൊറുക്കാനും സാധിക്കുമെങ്കില്‍ അതിനുള്ള കളം ഒരുക്കണം. കിട്ടുണ്ണിയുടെ മനസ്സിലിരുപ്പ് അതിന്ന്
മുമ്പ് അറിയണം.

' കിട്ടുണ്ണീ, ഒരു കാര്യം ചോദിച്ചോട്ടെ '.

' എന്താണ് '.

' നീയും രാധയും തമ്മിലുള്ള പിണക്കം പറഞ്ഞ് തീര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചു നോക്കിയോ '.

' ഇല്ല. എന്‍റെ ഭാഗം സംസാരിക്കാന്‍ ആരാ ഉള്ളത് '.

' മക്കള്‍ ഇടപെട്ടില്ലേ '.

' ഒക്കെ കണക്കന്നെ. സ്വന്തം കാര്യം മാത്രേ എല്ലാവര്‍ക്കും വലുതായിട്ടുള്ളു. ഞാന്‍ അവര്‍ക്ക് വിവരം
കൊടുത്തു. അച്ഛനും അമ്മയും തമ്മില്‍ അലോഹ്യം ആണെങ്കില്‍ രണ്ടാളും കൂടി തന്നെ സംസാരിച്ച് തീര്‍ത്തോളിന്‍. ഞങ്ങളെ അതിലേക്ക് വലിച്ചിഴക്കണ്ടാ എന്നാണ് അവരുടെ മറുപടി '.

' ചെറിയവളും അങ്ങിനെ പറഞ്ഞ്വോ. അവളല്ലേ നിന്‍റെ ഓമനക്കുട്ടി '.

' അവള്‍ പറഞ്ഞത് എന്താണെന്ന് അറിയ്യോ. എന്ന് പിണക്കം തീര്‍ന്ന് നിങ്ങള് ഒന്നാവുന്ന്വോ അന്ന്
എന്നെ വിളിച്ചാല്‍ മതി. അല്ലെങ്കില്‍ വിളിക്കരുത് എന്നാ കല്‍പ്പന '.

' രാധയുടെ ഏട്ടന്മാര് സംസാരിക്കാന്‍ വന്ന്വോ '.

' ആരും വന്നില്ല. ഇന്ന് കല്യാണത്തിന്ന് വന്നിട്ട് മൂന്നാളും എന്നെ കാണാത്ത ഭാവം നടിച്ചു നിന്നു '.

' ഇങ്ങിനെ പോയാല്‍ നന്നോ. എന്തെങ്കിലും ചെയ്യണ്ടേ '.

' വേണം. ആരാ അതിന്ന് മുമ്പിട്ട് ഇറങ്ങാനുള്ളത് '.

' ആളൊക്കെ ഉണ്ടാവും. അതിന്ന് മുമ്പ് എനിക്ക് ചിലത് ചോദിക്കാനുണ്ട് '.

' ഏട്ടന്‍ ചോദിച്ചോളൂ '.

ഏട്ടന്‍ എന്ന സംബോധന കേട്ടിട്ട് കുറച്ചായി എന്ന് വേണു ഓര്‍ത്തു. കിട്ടുണ്ണി കീഴടങ്ങാനുള്ള മട്ടിലാണ്.

' നിങ്ങളുടെ രണ്ട് പെണ്‍കുട്ടികളുടെ കല്യാണം കഴിഞ്ഞതാണ്. ഇങ്ങിനെ പിണങ്ങി നില്‍ക്കുന്ന കാര്യം
മരുമക്കളുടെ ബന്ധുക്കളോ മറ്റോ അറിഞ്ഞാല്‍ കുറച്ചിലാണ്. പോരാത്തതിന്ന് ഒരു കുട്ടിടെ കല്യാണം
കൂടി നടത്താനുണ്ട്. അച്ഛനും അമ്മയും തമ്മില്‍ തല്ലി വേറിട്ട് കഴിയുന്നു എന്ന് കേട്ടാല്‍ അവള്‍ക്ക് നല്ല
ഒരു തറവാട്ടില്‍ നിന്ന് ആലോചന വര്വോ '.

' എനിക്കും അത് അറിയാഞ്ഞിട്ടല്ല. എന്‍റെ ഭാഗത്തിന്ന് ഇന്നേവരെ ഒരു തെറ്റും ഉണ്ടായിട്ടില്ല. എന്തെങ്കിലും ഒരു വാക്ക് എന്‍റെ വായില്‍ നിന്ന് വീഴണ്ട താമസേള്ളു അപ്പൊ വരും എടുത്തടിച്ച മട്ടില്‍ അവളുടെ മറുപടി. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും '.

' എന്തൊക്കെ പറഞ്ഞാലും രാധ ആളൊരു പാവമാണ്. ഒന്ന് ആലോചിച്ച് നോക്ക്. മുമ്പ് നമുക്ക് ഇന്നത്തെ സ്ഥിതിയൊന്നും ഉണ്ടായിരുന്നില്ല. അവളും കുറെയേറെ കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. അന്നൊക്കെ അവള്‍ എന്തെങ്കിലും മുറുമുറുപ്പ് കാണിച്ചിട്ടുണ്ടോ '.

' അങ്ങിനെ ചെയ്തൂ എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല '.

' അത് വേണം ഇത് വേണം എന്നുപറഞ്ഞ് എപ്പോഴും നിന്നെ ശല്യപ്പെടുത്താറുണ്ടോ'.

' ഒരൊറ്റ സാധനം വേണംന്ന് പറയാറില്ല. എന്തെങ്കിലും ഞാന്‍ അറിഞ്ഞ് വാങ്ങീട്ട് ചെന്നാല്‍ എന്തിനേ
ഇതൊക്കെ വാങ്ങി വേണ്ടാണ്ടെ പണം കളയുന്നത് എന്നേ പറയാറുള്ളു '.

' നിന്നോട് ചോദിക്കാതെ തോന്നിയ പോലെ പണം ചിലവാക്കുകയോ, നീ അറിയാതെ നിന്‍റെ മുതല്
ആര്‍ക്കെങ്കിലും കൊടുക്കുകയോ ചെയ്യാറുണ്ടോ '.

' അങ്ങിനെയൊന്നും ഉണ്ടായിട്ടില്ല '.

' ഞാന്‍ ചോദിക്കാന്‍ പാടില്ലാത്തതാണ്. എന്നാലും ചോദിക്കട്ടെ. അവള്‍ക്ക് എന്തെങ്കിലും നടപടി ദൂഷ്യം
ഉള്ളതായി തോന്നിയിട്ടുണ്ടോ '.

' അയ്യേ. അതൊന്നും ഇല്ല '.

' അതായത് രാധയുടെ ഭാഗത്ത് കാര്യമായ തെറ്റൊന്നും ഇല്ലാ എന്നര്‍ത്ഥം '.

' ഞാന്‍ പറഞ്ഞില്ലേ, മിണ്ട്യാല്‍ തര്‍ക്കുത്തരം പറയും. അതന്നെ കുഴപ്പം '.

' കിട്ടുണ്ണി. തനി തങ്കം പോലെ ഒരു പെണ്ണാണ് രാധ. പിന്നെ നിന്നെ പോലെ അവള്‍ക്കും കാണില്ലേ അഭിപ്രായമൊക്കെ. നീ അത് അംഗീകരിക്കണം. ഞാന്‍ പറഞ്ഞത് മാത്രം ശരി അത് തന്നെ ന്യായം
എന്ന തോന്നല്‍ പാടില്ല. ഞാന്‍ പറയുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ '.

' ഉവ്വ് '.

' അത് അനുസരിച്ച് മേലാല്‍ പെരുമാറില്ലേ '.

' ഓ '.

' എന്നാല്‍ കല്യാണ തിരക്കൊന്ന് കഴിയട്ടെ. ഞാനും ഓപ്പോളും കൂടി രാധയുടെ അടുത്ത് സംസാരിക്കാം '.

' ഏട്ടന്‍ സംസാരിച്ചാല്‍ പോരെ. ഏടത്ത്യേ കൊണ്ട് പറയിപ്പിക്കണോ '.

' അതിനെന്താ വിരോധം '.

' ഈ കാര്യത്തിന്ന് വേണ്ടി ഞാന്‍ കല്യാണത്തിന്ന് വന്നതാണെന്ന് ഏടത്തി കരുതില്ലേ '.

' ഇതാ പറഞ്ഞത്. ഒക്കെ നിന്‍റെ വേണ്ടാത്ത ഓരോ തോന്നലാണ്. നീ കണ്ടില്ലേ കല്യാണത്തിന്ന് നീ വന്നതില്‍ ഓപ്പോള്‍ക്കുള്ള സന്തോഷം '.

' അത് ശരിയാണ് '.

' എന്നാല്‍ നീ സമാധാനമായിട്ട് ഉറങ്ങിക്കോ. നിനക്ക് ഞങ്ങളൊക്കെയുണ്ട് '.

ആ വാക്കുകളില്‍ നിറഞ്ഞ സാന്ത്വന സ്പര്‍ശം അനുഭവിച്ച് കിട്ടുണ്ണി മയക്കത്തിലേക്ക് കടന്നു.

3 comments:

 1. ഒറ്റക്കു ജീവിക്കുമ്പോഴേ ബന്ധങ്ങളുടെ വില മനസ്സിലാവൂ. കിട്ടുണ്ണിയുടെ അനുഭവം അതാണു കാണിക്കുന്നത്. “എല്ലാവരും ഉണ്ട്” എന്ന് തോന്നലാണ് ജീവിത്ത്തിന്റെ ചാലക ശക്തി.
  ഹൃദയത്തെ തൊട്ടു ഈ അധ്യായവും.

  ReplyDelete
 2. ശ്രി. രാജഗോപാല്‍,

  ശരിയായ കാര്യം അത് തന്നെയാണ്. ബന്ധുക്കള്‍ മനുഷ്യന്ന് താങ്ങും തണലുമാണ്. തീരെ കുറച്ച് പേര്‍ക്കേ ഏകാന്ത വാസം നയിക്കാന്‍ കഴിയു.

  ReplyDelete
 3. ആ വാക്കുകളില്‍ നിറഞ്ഞ സാന്ത്വന സ്പര്‍ശം അനുഭവിച്ച് കിട്ടുണ്ണി മയക്കത്തിലേക്ക് കടന്നു.
  വെള്ളത്തേക്കാള്‍ ശക്തി രക്തത്തിന് തന്നെ...

  ReplyDelete