Monday, December 6, 2010

നോവല്‍ - അദ്ധ്യായം - 107.

എന്തായാലും ഇന്ന് കല്യാണിയെ കണ്ടിട്ടേയുള്ളു എന്ന് പാഞ്ചാലി ഉറപ്പിച്ചു. നേരം പത്ത് മണി കഴിഞ്ഞു.
പുല്ലരിയാന്‍ പോവാത്തതിനാല്‍ കല്യാണി കുറച്ച് കഴിയുമ്പോള്‍ തിരുമ്പി കുളിക്കാന്‍ ചെല്ലും . മുമ്പൊക്കെ സന്ധ്യ നേരത്താണ് അവള്‍ കുളിക്കുക. പള്ളി കടവിന്‍റെ താഴത്താണ് അവള്‍ കുളിക്കാറ്. തുണി തിരുമ്പാന്‍ പറ്റിയ ഒരു
പാറയുണ്ട് അവിടെ. പൂവരശ് മരങ്ങള്‍ പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന അവിടെ എപ്പോഴും തണലായിരിക്കും.
കുറച്ച് കഴിഞ്ഞ് ഇറങ്ങാം. പാഞ്ചാലി ഉമ്മറപ്പടിയില്‍ ദൂരത്തേക്കും നോക്കി ഇരുന്നു.

തലേന്ന് സുകുമാരേട്ടന്‍ ' നിനക്ക് പറ്റില്ലെങ്കില്‍ പറ, ഞാന്‍ എന്‍റെ വഴി നോക്കാ ' മെന്ന് പറഞ്ഞതാണ്. അതുവരെ
കയ്യില്‍ നിന്ന് പത്ത് പൈസ തരില്ലാ എന്നു കൂടി കേട്ടതോടെ മനസ്സില്‍ വല്ലാത്ത വേദന തോന്നി. പരമ ദുഷ്ടന്‍.
ഈ നിലയ്ക്കാക്കിയിട്ട് ഒന്നും തരാതെ ഒഴിഞ്ഞു മാറാന്‍ നോക്കുന്നു.

ഒമ്പതാം ക്ലാസ്സില്‍ പഠിപ്പ് അവസാനിപ്പിച്ച് ചര്‍ക്ക ക്ലാസ്സില്‍ ചേര്‍ന്ന് അധികമായിട്ടില്ല. സുകുമാരേട്ടന്‍ ആ കാലത്ത്
കോളേജില്‍ പഠിക്കുകയാണ്. അന്നേ ആള്‍ വിളഞ്ഞ വിത്താണ്. ചര്‍ക്ക ക്ലാസ്സിന്ന് പോണ നേരം നോക്കി വഴിയില്‍
സൈക്കിളുമായിട്ട് കാത്ത് നില്‍ക്കും. പുറകെ വന്ന് ' കറുത്ത പെണ്ണേ, കരിങ്കുഴലീ 'എന്ന് പാടും. വലിയ വീട്ടിലെ
മക്കളോട് പെരുമാറുമ്പോള്‍ നമ്മള്‍ അല്‍പ്പം താണു കൊടുക്കണം എന്ന് ചര്‍ക്ക ക്ലാസ്സിന്ന് വന്നിരുന്ന ഒരു ചേച്ചിയാണ് പറഞ്ഞു തന്നത്. തിരിച്ചൊന്നും പറയാതെ കണ്ടില്ലാ കേട്ടില്ലാ എന്നു വെച്ച് കുറച്ച് കാലം നടന്നു. പിന്നെപ്പിന്നെ കുറേശ്ശെ സംസാരിച്ച് തുടങ്ങി.

' എന്‍റെ കൂടെ നാളെ പാലക്കാട്ടേക്ക് വര്വോ. ഒരു സിനിമ കണ്ടിട്ട് വരാം ' എന്ന് ആദ്യം പറഞ്ഞപ്പോള്‍ പരിഭ്രമം
തോന്നി. മൂന്ന് നാല് തവണ അതേ ചോദ്യം കേട്ടപ്പോള്‍ ഒരു ദിവസം കൂടെ ചെന്നു. സിനിമ തുടങ്ങി ഇരുട്ട്
പരന്നപ്പോള്‍ എന്തൊക്കെയാണ് കാട്ടിയത്. അത് ഓര്‍ത്തപ്പോള്‍ ശരീരത്തില്‍ കുളിര് കോരി ഇടുന്നത് പോലെ.
അതാണ് ആദ്യത്തെ അനുഭവം. പിന്നീടങ്ങോട്ട് എന്തെല്ലാം കാര്യങ്ങള്‍.

ആദ്യമൊക്കെ ജീവനായിരുന്നു.

' നിനക്ക് ഞാന്‍ അഞ്ചു പറ കണ്ടം തരുന്നുണ്ട്. ഉള്ള കാലം ചോറുണ്ണാനുള്ളത് എന്‍റെ വകയായിട്ട് ഇരിക്കട്ടെ '
എന്ന് പറഞ്ഞ ആളാണ്. അന്ന് അത്ര ബുദ്ധി പോയില്ല. മനസ്സ് നിറയെ സ്നേഹമായിരുന്നു.

' എനിക്ക് കണ്ടൂം കൃഷീം ഒന്നും വേണ്ടാ. ഈ സ്നേഹം മാത്രം മതി ' എന്ന് പറഞ്ഞത് അതുകൊണ്ടാണ്.
' എന്നാല്‍ ഇത് ഇരിക്കട്ടെ ' എന്നും പറഞ്ഞ് ഒരു പവന്‍റെ സ്വര്‍ണ്ണ മാല വാങ്ങി ആ കയ്യുകൊണ്ട് കഴുത്തില്‍
ഇട്ടു തന്നു. പാഞ്ചാലി ആ മാലയില്‍ പിടിച്ചു. ഇന്നലെ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ കിടന്ന് പൊള്ളുന്നു.
കാശിന്നു വേണ്ടി നീ കാര്യം വൈകിക്കുകയാണെന്ന് എങ്ങിനെ ഈ മുഖത്ത് നോക്കി പറയാന്‍ കഴിഞ്ഞു.
അങ്ങിനെ ഇതുവരെ പെരുമാറിയിട്ടില്ലല്ലോ. സുകുമാരേട്ടന്‍റെ മോഹങ്ങള്‍ സാധിച്ചു കൊടുത്തിട്ടേയുള്ളു.

പഠിപ്പ് കഴിഞ്ഞ ശേഷം സുകുമാരേട്ടന്‍ പല സ്ഥലത്തേക്കും കൂടെ കൊണ്ടു പോയിരുന്നു. അത്തരത്തില്‍
ഒരു യാത്രയിലാണ് വേറൊരു തെറ്റില്‍ വീണത്.

' പാഞ്ചാലി കുട്ട്യേ. ഒരു വിട്ടു വീഴ്ച ചെയ്യണം ' എന്ന് പറഞ്ഞപ്പോള്‍ കാര്യം മനസ്സിലായില്ല.

' എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാള്‍ ഇവിടെയുണ്ട്. അയാളെ നീ ഒന്ന് സന്തോഷിപ്പിച്ച് വിടണം ' എന്ന് പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. സുകുമാരേട്ടന്ന് അയാളെക്കൊണ്ട് എന്തോ സാധിക്കാനുണ്ടെന്നും
എതിര്‍ക്കരുത് എന്നും പടിപ്പടി പറഞ്ഞപ്പോള്‍ ആ വാക്കില്‍ വീണൂ. പിന്നീട് പല അവസരങ്ങളിലായി പലര്‍ക്കും വഴിപ്പെട്ടു. അപ്പോഴേക്കും നാട്ടില്‍ ചീത്ത പേരായി. പെണ്ണുങ്ങള്‍ കാണുമ്പോള്‍ അകന്ന് മാറി .
ആണുങ്ങള്‍ പുച്ഛത്തോടെ നോക്കും. ഒരു ജോലിക്കും പോവാന്‍ പറ്റാത്ത അവസ്ഥ. പിന്നെ കുത്തഴിഞ്ഞ മട്ടിലങ്ങിനെ കൂടി. വല്ലപ്പോഴും സുകുമാരേട്ടനെ കാണും. എന്തെങ്കിലും തരും.

പഴയ താല്‍പ്പര്യം കുറഞ്ഞ സമയത്താണ് മറ്റു പെണ്‍കുട്ടികളെ അടുപ്പിക്കാന്‍ ആവശ്യപ്പെട്ടത്.

' ഞാനോ കേടു വന്നു. ഇനി ഒരു പെണ്ണിന്‍റെ ജീവിതം കെടുക്കാന്‍ ഞാനില്ല ' എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. പണത്തിന്ന് ബുദ്ധിമുട്ട് വന്നതോടെ ആ തീരുമാനവും മാറ്റി. തെറ്റ് ചെയ്ത് പണം നേടി കല്യാണം കഴിച്ചു
പോയ മിടുക്കികള്‍ക്കിടയില്‍ ഒന്നും നേടാനാവാത്ത ആളായി മാറി. കൂട്ടിക്കൊടുപ്പുകാരി എന്ന പേര്
കിട്ടിയത് മാത്രം ലാഭം.

കല്യാണി വളയുന്ന മട്ടിലല്ല എന്ന് തോന്നുന്നു. അവള്‍ക്ക് നല്ല അടക്കവും ഒതുക്കവും ഉണ്ട്. അവളുടെ
അപ്പന്‍ മാട്ടു കച്ചവടം നടത്തി സമ്പാദിക്കുന്നുണ്ട്. വലിയപ്പന്ന് സ്വന്തമായി കൃഷിയൊക്കെയുണ്ട്. അയാള്‍ക്ക് പെണ്ണും കുട്ടിയും ഒന്നും ഇല്ല. വല്ലതും ഉണ്ടെങ്കില്‍ അവള്‍ക്കാണ് കിട്ടുക. ഈ പരിപാടിക്കൊന്നും
അവളെ കിട്ടും എന്ന് തോന്നുന്നില്ല.

എന്തായാലും ഏറ്റതല്ലേ. ഒന്നിച്ച് സിനിമക്ക് പോവാമെന്ന് അവളോട് പറഞ്ഞ് നോക്കും . പറ്റിയില്ലെങ്കില്‍
സുകുമാരേട്ടനോട് ആ വിവരം പറഞ്ഞ് ഒഴിയും. അതിന് പിണങ്ങിയാലും വിരോധമില്ല. ഈ നിലയില്‍
ഏറെ കാലം ജീവിക്കാന്‍ ആവില്ല. കഴിഞ്ഞു കൂടാന്‍ എന്തെങ്കിലും വക തരാന്‍ പറയും. കേട്ടില്ലെങ്കിലോ.
അതിനും വഴിയുണ്ട്. നാലാള്‍ കൂടുന്ന ദിക്കില്‍ വെച്ച് നല്ലത് നാല് പറഞ്ഞ് നാറ്റിക്കും.

പാഞ്ചാലി എഴുന്നേറ്റു. ചെരുപ്പില്‍ കാല് തിരുകുമ്പോള്‍ വള്ളി പൊട്ടിയതായി കണ്ടു. വാങ്ങിയിട്ട് കാലം
കുറെയായി. പണ്ട് സുകുമാരേട്ടന്‍ പുത്തന്‍ ചെരിപ്പുകള്‍ വാങ്ങിക്കൊണ്ടു തരുമായിരുന്നു.

ഇടവഴിയിലെ ഉരുളന്‍ കല്ലുകളില്‍ ചവിട്ടുമ്പോള്‍ കാലിന്നടിയില്‍ തുളച്ച് കയറുന്ന വേദന. പാതയിലേക്ക് കയറിയപ്പോള്‍ വറച്ചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വീണ മാതിരി. മെറ്റലിട്ട പാതയ്ക്ക് പൊള്ളുന്ന ചൂട്.
ഓരത്തുള്ള ഉണങ്ങി തുടങ്ങിയ പുല്ലില്‍ ചവിട്ടി നടന്നു.

കടവില്‍ നിന്ന് ആരോ തുണി തിരുമ്പുന്ന ശബ്ദം. കരിനൊച്ചി കൊണ്ടുള്ള വേലിക്കരികില്‍ ചെന്ന് നോക്കി. കടവില്‍ തുണി അലക്കുന്നത് കല്യാണിയാണ്. പുഴയിലേക്ക് ഇറങ്ങാന്‍ നോക്കുമ്പോള്‍ കുളിച്ച് തലമുടി വേര്‍പെടുത്തുന്ന ആളെ കണ്ടു. ജാനു തള്ള. അതിന്‍റെ വായില്‍ നിന്ന് വല്ലതും കേള്‍ക്കും മുമ്പ് സ്ഥലം
വിടണം. പാഞ്ചാലി തിരിഞ്ഞു നടന്നു.

++++++++++++++++++++++++++++++

പറഞ്ഞതില്‍ നിന്ന് ഒരു ദിവസം കൂടി കഴിഞ്ഞാണ് മുള്ള് വെട്ടാന്‍ ആളെത്തിയത്.

' ഇന്നലെ വൈകുന്നേരം ഇവിടെ വന്ന് കരാറ് ഉറപ്പിക്കും , ഇന്ന് രാവിലെ പണിക്ക് വരും എന്നാണല്ലോ ചാമി പറഞ്ഞത് ' എഴുത്തശ്ശന്‍ അയാളോട് പറഞ്ഞു.

' അങ്ങിനെ തന്ന്യാ വിചാരിച്ചത്. ഒരു ദിക്കില്‍ തൊട്ടു വെച്ച പണി തീര്‍ക്കണ്ടേ. അതാ വൈകിയത് '.

' പറഞ്ഞ വാക്ക് ആദ്യം തന്നെ തെറ്റിച്ചു. തിരുവാതിരയ്ക്ക് മുമ്പ് പണി തീര്‍ത്ത് കിട്ടണം '.

' ശരി. എവിട്യാ പരുവക്കൂട്ടം '.

' ദാ. ചാമി ഇപ്പൊ എത്തും. എന്നിട്ട് പോയാല്‍ പോരെ '.

വന്നയാള്‍ സമ്മതിച്ചു. അല്‍പ്പ നേരത്തിനകം ചാമി എത്തി.

' ഇന്നലെ വരാന്ന് പറഞ്ഞിട്ട് വരാഞ്ഞപ്പോള്‍ നീ വള്ളി കെട്ടി വിട്ടതാണോന്ന് തോന്നി ' ചാമി പറഞ്ഞു.

' ചാമ്യേട്ടോ. ആരോട് ആ പണി കാട്ട്യാലും നിങ്ങളോട് കാട്ടുംന്ന് തോന്നുണുണ്ടോ 'വന്നയാള്‍ പറഞ്ഞു.

' അതല്ലേ ഞാന്‍ നിന്നെ തന്നെ വിളിച്ചത് '.

അവര്‍ മുളക്കൂട്ടത്തിന്നരികിലേക്ക് ചെല്ലുമ്പോള്‍ നാണു നായര്‍ എതിരെ വരുന്നു.

' എവിടേക്കാ പോണത് ' അയാള്‍ ചോദിച്ചു.

' വേലി കെട്ടണ്ടേ. മുള്ള് നോക്കാന്‍ പോവ്വാണ് ' ചാമി പറഞ്ഞു.

' എവിട്യാ വേലി കെട്ടുണത് ' നാണു നായര്‍ക്ക് അത് അറിയണം.

' കളപ്പുരടെ വേലി കെട്ടണം. പിന്നെ വണ്ടിപ്പെരടേം തോട്ടത്തിന്‍റീം മൂത്താരുടെ വീടിന്‍റീം ഒക്കെ കെട്ടണം '.

' ഒക്കെ കൂടി ഒരുപാട് കാശ് വരില്ലേ '.

എഴുത്തശ്ശന്ന് ആ പറഞ്ഞത് പിടിച്ചില്ല.

' ഒരു കാര്യം ചെയ്യിന്‍ ' അയാള്‍ പറഞ്ഞു ' കയ്യില് തോനെ കെട്ടിയിരുപ്പ് ഉണ്ടല്ലോ. പത്തോ അയ്യായിരോ
തരിന്‍. കാര്യം നടത്തട്ടെ '.

' എന്‍റേല് ചെമ്പിന്‍റെ തുട്ട് ഇല്ലാന്ന് കണ്ടിട്ടല്ലേ ഈ പറഞ്ഞത് ' നായര്‍ പരിഭവം പറഞ്ഞു.

' എന്നാല്‍ മിണ്ടാണ്ടെ മൂടിക്കൊണ്ട് ഇരിക്കിന്‍ '.

' ഇപ്പൊ വെട്ടാന്‍ തോന്ന്യേത് നന്നായി. ഇല്ലെങ്കില്‍ ഒണങ്ങി പോയിട്ടുണ്ടാവും ' പരുവക്കുട്ടം നോക്കിയിട്ട് പണിക്കാരന്‍ പറഞ്ഞു.

' പരുവടെ ചോട്ടില് കട്ടേരി കിടക്കുണുണ്ടാവും' നാണു നായര്‍ പറഞ്ഞു ' കുറച്ച് കിട്ട്യാല്‍ എന്തെങ്കിലും
ഉണ്ടാക്കി തിന്നായിരുന്നു '.

' ഇത്ര അരിശ തോന്നാന്‍ പറ്റിയോരു സാധനൂം ' എഴുത്തശ്ശന്‍ പറഞ്ഞു ' എന്ത് തിന്നാലാ നിങ്ങളുടെ
കുക്ഷി തൂര്വാ. വല്ലാത്തൊരു ആര്‍ത്തി പണ്ടാരം '.

' ആര്‍ത്തി ഉണ്ടായിട്ടല്ല. കട്ടേരി എപ്പഴും കിട്ട്വോ. ഏതെങ്കിലും കാലത്തല്ലേ മുള പൂക്കുള്ളു. വളരെ മുമ്പ്
കഴിച്ചതാ. ഇപ്പഴും അതിന്‍റെ രുചി നാവിന്ന് പോയിട്ടില്ല '.

' പണ്ടത്തെ കാലത്ത് ക്ഷാമം ആയിരുന്നു. അന്ന് കാലത്ത് ആളുകള്‍ കിട്ടുന്നതൊക്കെ തിന്നും. ഇന്ന്
അതാണോ കാലം. മൊളടെ അരി അവിടെ കിടന്നോട്ടെ. അണ്ണയും കിളിയും തിന്ന് വയറ് നിറച്ചോട്ടെ '.

' വിരോധം ഉണ്ടായിട്ടല്ല. എന്നാലും ഒരു മോഹം'.

' ചാമ്യേ ' എഴുത്തശ്ശന്‍ വിളിച്ചു ' കുറച്ച് കട്ടേരി അടിച്ചു വാരി ഈ നായര്‍ക്ക് കൊടുക്ക്. അത് തിന്നാണ്ടെ അയാളുടെ വയറ്റിലെ കുട്ടിടെ ചെകിട് പഴുക്കണ്ടാ '.

നേര്‍ത്ത കാറ്റില്‍ മുളങ്കൂട്ടം അത് കേട്ട് പൊട്ടിച്ചിരിച്ചു.

5 comments:

 1. ഇന്നാണ് ഇവിടെ ആദ്യമായി വരുന്നത് . കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു പോയി. നോവലിന്റെ നൂറ്റിഏഴു അദ്ധ്യായങ്ങള്‍ ആയിരിക്കുന്നു. നല്ല സംരംഭം. എല്ലാം ഒന്ന് വായിച്ചു നോക്കട്ടെ.ആശംസകള്‍

  ReplyDelete
 2. എല്ലാ ഭാഗങ്ങളും വായിച്ചു കൊണ്ടിരിക്കുന്നുണ്ട്‌ സര്‍. ആശംസകള്‍!!

  ReplyDelete
 3. വായിച്ചു. പതിവുപോലെ രസകരം.

  ReplyDelete
 4. anoop,
  ഞാന്‍:Njan,
  Typist/എഴുത്തുകാരി,

  വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ സന്തോഷം.

  ReplyDelete
 5. മുളയരി ...
  കേട്ടിട്ടേ യുള്ളൂ. കഴിച്ചിട്ടില്ല. മുള പൂത്താല്‍ മുടിയും എന്നല്ലേ പറയാറ്..എന്ത് മുടിയും എന്നാണാവോ. മുളഉണങ്ങി പോകും എന്നോ അതോ നാട് മുടിയും എന്നോ.
  ക്കിശ്ശ്യല്ല.
  ഏട്ടാ എഴുത്ത് ശരിക്കും നന്മയുള്ള ഗ്രാമത്തിന്‍റെ നേര്‍ക്കാഴ്ച...
  കല്യാണിയെ ഒറ്റയ്ക്ക് കാണാന്‍ പാഞ്ചാലിക്കു കഴിയാതെ പോകണേ എന്നാണു ഇപ്പോള്‍ പ്രാര്‍ത്ഥന..

  ReplyDelete