Wednesday, December 1, 2010

നോവല്‍ - അദ്ധ്യായം - 106.

' തിരുവാതിരയ്ക്ക് ഇനി അധിക ദിവസം ഇല്ല. അതിന്ന് മുമ്പ് എന്തൊക്കെ പണി ചെയ്യാന്‍ കെടക്കുണു ' എഴുത്തശ്ശന്‍ ഉടനെ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ പറയാന്‍ തുടങ്ങി ' വേലി കെട്ടല് കഴിക്കണം. മുറ്റം
മണ്ണിട്ട് പൊതുക്കി അഴക് പിടിക്കണം. എന്നിട്ട് ചാണകം മെഴുകണം . ഇതൊക്കെ എങ്ങിനെ തീര്‍ക്കും
എന്ന് നിശ്ചം ഇല്ലാണ്ടായി '.

' നിങ്ങള് മിണ്ടാണ്ടിരിക്കിന്‍ കുപ്പ്വോച്ചാ. ഒക്കെ നമുക്ക് ശഠേന്ന് ചെയ്യിപ്പിക്കാലോ 'ചാമിക്ക് അതൊന്നും
പ്രശ്നമേ അല്ല.

' നീ പറയുന്നത് കേട്ടാല്‍ ഒക്കെ എളുപ്പം നടക്കുന്ന മാതിരിയാണ്. എന്തോ എനിക്ക് വിശ്വാസം പോരാ '.

' തൊടിയിലെ പരുവയില്‍ ഒരു കൂട്ടം കട്ട പിടിച്ചിട്ടുണ്ട്. ഉണങ്ങും മുമ്പ് അത് എന്തായാലും വെട്ടണം.
അതോടെ വേലിപ്പണിക്ക് മുള്ള് ആയില്ലേ '.

' മുള്ള് കിട്ട്യാല്‍ മത്യോ. കെട്ടി തീര്‍ക്കണ്ടേ '.

' കുപ്പ്വോച്ചന്‍റെ നോട്ടത്തില് എത്ര ആളുടെ പണി കാണുണുണ്ട് '.

' വണ്ടിപ്പുരടെ വേലി കെട്ടണം. കളപ്പുരടേം കെട്ടണം. പിന്നെ നാണു നായരുടെ സ്ഥലത്തിന്‍റേം വേണ്ടേ '.

' അതും വേണോലോ '.

' എല്ലാം കൂടി ഇത്തിരി ദൂരം വേലി കെട്ടേണ്ടി വരും '.

' അപ്പൊ നാലഞ്ചാളുകള് വന്നാല്‍ എത്ര ദിവസത്തെ പണി കാണും '.

' അത്രേ പണിക്കാര് ഉള്ളൂച്ചാല്‍ തിരുവാതിര കഴിഞ്ഞാലും പണി തീരില്ല. ഒക്കെ നോക്കി നിന്ന് നേരം
കളയും '.

' എന്നാല്‍ ഞാന്‍ ചെന്ന് കരാറ് പണിക്ക് ആളെ വിളിച്ചോട്ടെ. അതാവുമ്പോള്‍ നമുക്ക് നോക്കി നിക്കാതേം
കഴിഞ്ഞു '.

' കരാറ് കൊടുക്കുന്നതോണ്ട് കൊഴപ്പം ഒന്നൂല്യാ. പക്ഷെ ശരിക്ക് വാരി പിടിക്കാതെ എക്കേടോ കെട്ടു
പോട്ടേന്ന് ഉള്ള മട്ടില് ചെയ്തിട്ട് പോവാന്‍ പാടില്ല '.

' അതൊന്നും ചെയ്യാന്‍ ഞാന്‍ സമ്മതിക്കില്ല. മര്യാദയ്ക്ക് പണി ചെയ്താലേ കാശ് കൊടുക്കൂ '.

' എന്നാല്‍ നീ ചെന്ന് ഏര്‍പ്പാടാക്കിക്കോ '.

ചാമി അപ്പോള്‍ തന്നെ പോയി. എഴുത്തശ്ശന്‍ കളപ്പുരയുടെ തിണ്ടില്‍ തോര്‍ത്ത് വിരിച്ച് കിടന്നു. നാണു
നായരെ കാണാനില്ല. അയാളുണ്ടെങ്കില്‍ വല്ലതും സംസാരിച്ചിരിക്കാന്‍ ആളായേനെ. മിണ്ടാനും പറയാനും
ആരുമില്ലെങ്കില്‍ ഒരു രസമില്ല. വേണുവുള്ളപ്പോഴും അധികമൊന്നും വര്‍ത്തമാനം ഉണ്ടാവാറില്ല. മിക്ക
സമയവും അവന്‍ പേപ്പറും പുസ്തകവും നോക്കി ഇരിക്കും. അല്ലെങ്കില്‍ റേഡിയോവില്‍ എന്തെങ്കിലും
വര്‍ത്തമാനം പറയുന്നത് കേള്‍ക്കും . സിനിമ പാട്ട് കേള്‍ക്കുന്നത് എപ്പഴെങ്കിലുമാണ്. നാണു നായരുടെ
മകള് എപ്പഴും സിനിമാപ്പാട്ട് വെക്കും . ചേരിന്‍ ചോട്ടില്‍ നിന്നാല്‍ കേള്‍ക്കണ മാതിരി നല്ല ഒച്ചയിലാണ്
ആ കുട്ടി പാട്ട് വെക്കാറ്. മുമ്പൊന്നും പാട്ട് കേള്‍ക്കുന്ന ശീലം ഉണ്ടായിരുന്നില്ല. എന്നാല്‍ ഈയിടേയായി
ഇടയ്ക്കൊക്കെ പാട്ട് കേള്‍ക്കണം എന്ന മോഹം തോന്നി തുടങ്ങിയിട്ടുണ്ട്.

വേണുവിന്‍റെ കാര്യം ആലോചിക്കുമ്പോഴാണ് സങ്കടം. ചുരുക്കം സമയം കൊണ്ട് അവന്‍ സ്വന്തം ആളെ പോലെയായി. ഇപ്പോള്‍ മകനോടുള്ള വാത്സല്യമാണ് അവനോടുള്ളത്. ഒരു കല്യാണം കഴിച്ച് കുടുംബം
ആയിട്ട് അവന്‍ കഴിയുന്നത് കാണാന്‍ മോഹിച്ചതാണ്. എന്നിട്ട് ഒടുവില്‍. എഴുത്തശ്ശന്‍ ഒരു ദീര്‍ഘ ശ്വാസം
വിട്ടു.

' അമ്മാമ ഉറങ്ങ്വാണോ ' എന്നും ചോദിച്ച് വേണു മുമ്പിലെത്തിയതും പിടഞ്ഞെണീറ്റു. വേണുവിന്‍റെ കയ്യില്‍
തീരെ ചെറുതല്ലാത്ത ഒരു പൊതി കണ്ടു.

' നീയെന്താ പോന്നത്. കല്യാണതിരക്കൊക്കെ ആയില്യേ അവിടെ ' എന്ന് ചോദിച്ചു.

' അമ്മാമേ, എന്‍റെ മരുമകന്‍റെ കല്യാണത്തിന്ന് നിങ്ങളെയൊക്കെ ക്ഷണിക്കണ്ടേ. അതിന്ന് വന്നതാണ് ' എന്നും പറഞ്ഞ് വേണു തിണ്ടില്‍ ഇരുന്നു.

' കല്യാണത്തിന്ന് നമ്മളെയൊന്നും വിളിക്ക്യുണ്ടാവില്ലാ. അവരൊക്കെ വലിയ ആള്‍ക്കാരല്ലേ ' എന്ന് ഇന്നാള് ഒരിക്കല്‍ നാണു നായര്‍ പറഞ്ഞതും ' ജീവനുണ്ടെങ്കില്‍ വേണു നമ്മളെ വിളിക്കാണ്ടിരിക്കില്ല ' എന്ന് താന്‍
മറുപടി പറഞ്ഞതും എഴുത്തശ്ശന്‍ ഓര്‍ത്തു.

' നീ ഒരു കാര്യം കേട്ടോ ' എന്നും പറഞ്ഞ് അയാള്‍ ആ സംഭവം വേണുവിനോട് പറഞ്ഞു. വേണുവിന്ന് കുറ്റബോധം തോന്നി. ഇവരെ ക്ഷണിച്ചില്ലായിരുന്നുവെങ്കില്‍ അത് എന്നെന്നേക്കും ഒരു കുറവായേനെ.

' ആരെയൊക്കെയാ ക്ഷണിക്കണത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഒന്നാമത് അമ്മാമയെ '.

' നീ പറഞ്ഞില്ലെങ്കിലും ഞാന്‍ എത്തും. പിന്നെ ആരെയൊക്കേയാ '.

' ഒന്ന് നമ്മുടെ ചാമി. നാണുമാമടെ വീട്ടില്‍ പറയണം. പിന്നെ മേനോന്‍ സ്വാമി, സ്വാമിനാഥന്‍. വാരരേയും
പൂജക്കാരനേയും വിളിക്കണം എന്നുണ്ട്. അമ്മിണിയമ്മടെ വീട്ടിലും ഒന്ന് പറഞ്ഞാലോ '.

' നിശ്ചയമായിട്ടും പറയണം. ഒക്കെ അടുത്തടുത്ത് കഴിയുന്നോരല്ലേ. ആ രാവുത്തരുക്കും ഒരു കത്ത്
കൊടുക്ക് '.

' ശരി. അയാളെ എവിടെ ചെന്നാലാ കാണാന്‍ സാധിക്ക്യാ '.

' അതിന്ന് നീ ഒന്നും പോണ്ടാ. എന്‍റേല് തന്നാ മതി. ഞാന്‍ എത്തിച്ച് കൊടുക്കാം '.

' ഇവിടുത്തെ നാല് വീട്ടിലും ഇപ്പൊ തന്നെ പറഞ്ഞിട്ട് വരാം' എന്നും പറഞ്ഞ് വേണു എഴുന്നേറ്റു. കുറച്ച് കഴിഞ്ഞതും ചാമി എത്തി.

' എന്താ കുപ്പ്വോച്ചാ, തിണ്ടില് ഒരു പൊതി ' അവന്‍ ചോദിച്ചു.

' നിന്‍റെ മുതലാളി വന്നിട്ടുണ്ട്. അവന്‍ വെച്ചതാ. ഞാന്‍ നോക്കാനൊന്നും പോയില്യാ '.

' എന്നിട്ട് ആളെവിടെ '.

' കല്യാണം പറയാന്‍ പോയിട്ടുണ്ട്. ഇപ്പൊ വരും '.

' കുടിക്കാന്‍ വല്ലതും വേണ്ടി വര്വോ '.

' എന്തായാലും ഇത്തിരി കാപ്പി വെക്ക്. എനിക്കും വേണംന്നുണ്ട് '.

ചാമി അടുപ്പ് കത്തിക്കാന്‍ തുടങ്ങി.

' നീ പോയ കാര്യം എന്തായി ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഇന്ന് വൈകുന്നേരം ആള് വരും. കരാറ് പറഞ്ഞ് ഉറപ്പിച്ചാല്‍ നാളെ പണി തുടങ്ങും '.

' അവര് പറയുന്നതെന്നെ കരാറ്. എന്തെങ്കിലും ചുരുക്കാന്‍ നോക്ക്യാല്‍ പറ്റില്ലാന്നും പറഞ്ഞ് വന്ന വഴിക്ക്
പോവും '.

ചാമി കാപ്പി വെച്ചു കഴിഞ്ഞിട്ടേ വേണു എത്തിയുള്ളു.

' നാണു മാമ വര്‍ത്തമാനം പറഞ്ഞ് ഇരുത്തി ' വേണു പറഞ്ഞു ' അതാ ഇത്ര വൈകിയത് '.

' അയാള്‍ക്കെന്താ. ആരേയെങ്കിലും വര്‍ത്തമാനത്തിന്ന് കിട്ട്യാല്‍ പിന്നെ വിട്ടാക്കില്ല '.

' എന്താ നിന്‍റെ പൊതീല് ' കാപ്പി കുടിക്കുമ്പോള്‍ എഴുത്തശ്ശന്‍ ചോദിച്ചു.

' ഞാന്‍ അത് മറന്നു ' വേണു പൊതിയെടുത്തു ' ഇത് ചാമിക്കുള്ളതാണ് '.

വേണു പൊതി തുറന്നു.

' ഈ ഷര്‍ട്ടും മുണ്ടും ഓപ്പോള് ചാമിക്ക് കൊടുക്കണം എന്നു പറഞ്ഞ് തന്നതാണ്. അവിടുത്തെ പണി
തീര്‍ത്ത് പോവുമ്പോള്‍ കൊടുക്കണം എന്ന് വിചാരിച്ചതാണെന്നാ പറഞ്ഞത് '.

നീലക്കരയുള്ള മുണ്ടും അതേ നിറത്തിലുള്ള ഷര്‍ട്ടും ചാമിക്ക് നേരെ നീട്ടി.

' ഇത് ഞാന്‍ വാങ്ങിയതാണ്. കല്യാണത്തിന്ന് ഓപ്പോള് എനിക്ക് വാങ്ങിയ തുണി കണ്ടപ്പോള്‍ ചാമിക്കും
അതേ മാതിരി വാങ്ങണം എന്ന് തോന്നി '. തൂവെള്ള ഷര്‍ട്ടും മുണ്ടും ചാമി വാങ്ങി കണ്ണില്‍ മുട്ടിച്ചു.

' നിനക്ക് ഒറ്റ സാധനം വാങ്ങാന്‍ അറിയില്ല ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇവനൊന്നും വെള്ള തുണി പറ്റില്ല. എളുപ്പം ചളിയാവും '.

' അത് സാരൂല്യാ' ചാമി പറഞ്ഞു ' മുതലാളി തന്നത് ഞാന്‍ എടുക്കും. തമ്പ്രാട്ടി കൊടുത്തയച്ച തുണി
മായന്‍കുട്ടിക്ക് കൊടുക്കും. പാവം. അവന്ന് നല്ലതൊന്നും ഇല്യാ '.

ആ മനസ്സിലെ നന്മ വേണു അറിഞ്ഞു.

8 comments:

 1. വായന സുഖകരമായി. വിശദമായി വായിചു ,എല്ലാ ഭാഗവും........
  നല്ല കെട്ടിലും മട്ടിലും ബ്ലോഗ്‌ തയ്യാര്‍ ചെയ്തിരിക്കുന്നു.
  അനുമോദനങ്ങള്‍.

  ReplyDelete
 2. എല്ലാം വായിക്കുന്നുണ്ട്. നാട്ടിന്‍പുറത്തെ നന്മ ശരിക്കും തെളിഞ്ഞു കാണുന്ന എഴുത്ത്. പിന്നെ നമ്മുടെ ഭാഷയും. ആശംസകള്‍.

  ReplyDelete
 3. നല്ലൊരു വായനയും ഒരു ഓര്‍മപ്പെടുത്തലും. (വായിച്ചപ്പോഴാണ് ഓര്‍മ വന്നത് . തിരുവാതിര ഇങ്ങെത്തി.) നന്നായിട്ടുണ്ട്

  ReplyDelete
 4. നന്മയെക്കുറിച്ച് വായിക്കുമ്പോള്‍ തന്നെ മനസ്സ് ശുദ്ധമാവുന്നു. അതു ചെയ്യുമ്പോഴും അതിനെക്കുറിച്ച് എഴുതുമ്പോഴും എങ്ങിനെയിരിക്കും.

  ReplyDelete
 5. വീണ്ടും ഒരു തിരുവാതിര

  ReplyDelete
 6. സുജിത്ത് കയ്യൂര്‍,
  നോവല്‍ ഇഷ്ടപ്പെട്ടു എന്നതില്‍ സന്തോഷം ഉണ്ട്. ബ്ലോഗ് ഭംഗിയായി തയ്യാറാക്കിയത് മകനാണ്.
  ഞാന്‍:Njan,
  ഈശ്വരാനുഗ്രഹമെന്നേ പറയാനാവൂ, ഞാന്‍ കണ്ടു മുട്ടുന്നവരൊക്കെ വളരെ നല്ലവരാണ്. അതുകൊണ്ടാവണം ഞാന്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കും നന്മയുടെ അംശം കൂടുതലുള്ളത്.
  sreee,
  ശരിയാണ്. തിരുവാതിര എത്താറായി. കൂവ പറിക്കാനിരിക്കുന്നതേയുള്ളു.
  രാജഗോപാല്‍,
  രാവിലെ ഉണര്‍ന്നതും പ്രാര്‍ത്ഥിക്കുന്നതേ എല്ലാവര്‍ക്കും നല്ലത് വരുത്തണേ എന്നാണ്. മറ്റൊരാള്‍ നന്മ ചെയ്യുന്നത് കണ്ടാല്‍ തന്നെ മനസ്സ് നിറയും.
  Typist / എഴുത്തുകാരി,
  പഴയ ആഘോഷങ്ങളൊക്കെ പോയില്ലേ. ചാണകം മെഴുകിയ മുറ്റവും പുളിമര കൊമ്പിലെ ഊഞ്ഞാലും ഇന്ന് സ്വപനം മാത്രമായി.
  jayarajmurukkumpuzha
  അഭിനന്ദനങ്ങള്‍ക്ക് നന്ദി.

  ReplyDelete
 7. വേണു സ്വന്തം ഏടത്തി വാങ്ങിയ അതെ പോലെ ഒന്ന് ചാമിക്കും വാങ്ങി കൊടുത്തത് വായിച്ചപ്പോള്‍ തൊണ്ടയില്‍ ഒരു കനം കണ്ണില്‍ ഇത്തിരി ഈര്‍പ്പം.. നല്ല ആളുകള്‍ ഇപ്പോളും എട്ടന് ചുറ്റും ഉണ്ടോ...എങ്കില്‍ ഏട്ടന്‍ ഭാഗ്യവാന്‍...

  ReplyDelete