Wednesday, November 10, 2010

നോവല്‍ - അദ്ധ്യായം - 104.

' ആരെയൊക്കെയാ വേണ്വോ നീ കല്യാണത്തിന്ന് വിളിച്ചിട്ടുള്ളത് ' പത്മിനിയുടെ ചോദ്യത്തിന്ന് വേണു മറുപടിയൊന്നും പറഞ്ഞില്ല.

അയാള്‍ ആരേയും വിളിച്ചിരുന്നില്ല.

' ചോദിച്ചത് കേട്ടില്ലേ ' പത്മിനി ആവര്‍ത്തിച്ചു ' മരുമകന്‍റെ കല്യാണത്തിന്ന് നീ എത്ര ആളുകളെ വിളിച്ചൂന്നാ ചോദിച്ചത് '.

' സത്യം പറയാലോ ഓപ്പോളേ ' വേണു പറഞ്ഞു ' ഞാന്‍ ആരേയും വിളിച്ചിട്ടില്ല '.

' അതെന്താ നീ അങ്ങിനെ ചെയ്തത് '.

' ഞാന്‍ ആ കാര്യം ആലോചിച്ചില്ല '.

' നീ അന്യനെ മാതിരി പെരുമാറുന്നത് സങ്കടാണ്. പറഞ്ഞില്ലാന്ന് വേണ്ടാ '.

വേണുവിന്ന് ഒന്നും പറയാനുണ്ടായിരുന്നില്ല.

' അവിടെ നിനക്ക് പരിചയക്കാരായി ആരൊക്കെയുണ്ട് ' കുറച്ച് നേരത്തിന്ന് ശേഷം പത്മിനി ചോദിച്ചു
' എഴുത്തശ്ശനും നാണു നായരും ഉള്ളത് എനിക്കറിയാം. പണിക്ക് വന്നപ്പൊ ഞാന്‍ തന്നെ ചാമിയോട് കല്യാണത്തിന്ന് വരാന്‍ പറഞ്ഞിട്ടുണ്ട് '.

' പിന്നെ അവിടെ ഉള്ളത് പൂജക്കാരനും , വാരിയരും , അമ്മിണിയമ്മയും ആണ്. പരിചയക്കാരെന്ന്
പറയാന്‍ രാജന്‍ മേനോനും സ്വാമിനാഥനും തുണിക്കാരന്‍ രാവുത്തരും മാത്രേ ഉള്ളു '.

' എന്നാല്‍ നാളെ തന്നെ അവരെ ക്ഷണിക്കണം. നിന്‍റെ കൂടെ ഞാനും വരാം '.

' ഓപ്പോള് ബുദ്ധിമുട്ടണ്ടാ. നാളെ ഞാന്‍ പോയി അവരെ വിളിച്ചോളാം '.

' എന്നാ നിനക്ക് കാര്യപ്രാപ്തി ഉണ്ടായി കാണ്വാ. എല്ലാറ്റിനും മൂട്ടിന്ന് ഉന്തി തള്ളാന്‍ ആള് വേണച്ചാല്‍
ഇത്തിരി ബുദ്ധിമുട്ടും '.

അതിനും വേണുവിന്ന് ഒന്നും പറയാനില്ലായിരുന്നു.

++++++++++++++++++++++++++++++++++

' ചാമ്യേട്ടോ , എനിക്ക് രണ്ട് മുണ്ട് വാങ്ങി തരിന്‍ ' മായന്‍കുട്ടി ചോദിച്ചപ്പോള്‍ ചാമിക്ക് അതിശയമാണ് തോന്നിയത്.

' എന്താടാ ഇപ്പൊ മുണ്ട് വേണംന്ന് തോന്നല് വരാന്‍ '.

' ഇതും ഇട്ടോണ്ട് പീടിലിക്ക് പോവുമ്പോള്‍ ഓരോരുത്തര് സായ്പ്പ് വരുണൂന്ന് പറഞ്ഞ് കളിയാക്കാന്‍
തുടങ്ങും ' ധരിച്ച പാന്‍റിനെ കാണിച്ച് അവന്‍ പറഞ്ഞു ' പോരാത്തതിന്ന് പാടത്ത് പണി ചെയ്യാന്‍ ഇത്
കൊള്ളില്ല '.

' വാങ്ങി തന്ന മുണ്ടോക്കെ നീ കീറി കൊടി കെട്ടി നടന്നതോണ്ടല്ലേ മുതലാളിടേന്ന് നിനക്ക് ഇത് വാങ്ങി
തന്നത് '.

' എനിക്ക് വെളിവില്ലാത്തതോണ്ടല്ലേ അങ്ങിനെ ചെയ്തത് '.

' ഇനി വാങ്ങി തരുന്ന മുണ്ടും നീ കീറി കളയില്ലേ '.

' ദൈവത്താണെ ഞാന്‍ ഇനി അമ്മാതിരി പണി ചെയ്യില്ല '.

എന്നാല്‍ നളെത്തന്നെ മുണ്ട് വാങ്ങി കൊടുക്കാമെന്ന് ചാമിയും പറഞ്ഞു.

******************************************************

' എന്താണ്ടാ കോയു നീയും കെട്ട്യോളും ഈ വഴിക്ക് ' ചേരിന്‍ ചോട്ടില്‍ കാറ്റും കൊണ്ട് നിന്നിരുന്ന എഴുത്തശ്ശന്‍ അതിലെ കടന്നു പോവുന്നവരോട് ചോദിച്ചു.

' കയത്തം കുണ്ടില്‍ ചെന്ന് കുറച്ച് കൈതടെ ഓല വെട്ടി ഉണ്ടാക്കണം. മെത്തപ്പായ നെയ്യാനാണ് '.

' ഓലപ്പായ നെയ്ത് നിര്‍ത്ത്യോടാ '.

' ഇല്ല. ഇപ്പൊ മെത്തപ്പായയ്ക്കാ ആള്‍ക്കാര് കൂടുതല്‍ '.

' എന്താ നിന്‍റെ ചെക്കനും പെണ്‍കുട്ടീം പഠിക്കാന്‍ വരാത്തത് '.

' അവിറ്റേളക്ക് ചൊറീം ചെരങ്ങും വന്നു. അതാ വരാത്തത് '.

' അതോണ്ട് പഠിപ്പ് മുടക്കണ്ടാ. പണ്ടത്തെ കാലമൊന്നും അല്ല ഇപ്പോഴത്തേത്. പഠിപ്പ് ഇല്ലെങ്കില്‍ പട്ടിക്ക്
സമം '.

' അടുത്ത് നല്ല സ്കൂളുണ്ടെങ്കില്‍ അയക്കാം എന്നുണ്ടായിരുന്നു. ദിവസം നാല് നാഴിക നടന്ന് പഠിക്കാന്‍
പറഞ്ഞാല്‍ പിള്ളര് പോവില്ല '.

' ആ കാലം ഒക്കെ പൊയി. നല്ല ഒരു സ്കൂള് വരുന്നു. നീ ചെന്ന് നോക്ക് ' എഴുത്തശ്ശന്‍ പുഴക്കരയില്‍
പുതുതായി പണിത കെട്ടിടം ചൂണ്ടിക്കാട്ടി പറഞ്ഞു ' രണ്ട് മുറിയും വരാന്തയും മാത്രേ ഉള്ളൂച്ചാലും
നല്ല ഒന്നാന്തരം കെട്ടിടം. രണ്ട് മുറി കൂടി പണിത് സര്‍ക്കാര്‍ വക സ്കൂളാക്കും എന്നാ സ്വാമിനാഥന്‍
പറയിണത്. മേനോന്‍ സ്വാമിക്കും വേണൂനും കുറച്ച് തിരക്കായതോണ്ട് പൂജക്കാരന്‍ നമ്പൂരി കുട്ടീം
അമ്മിണിയമ്മടെ മരുമകനും ആണ് കുറച്ചായിട്ട് പഠിപ്പിക്കുന്നത്. സ്കൂളായി കഴിഞ്ഞാല്‍ നാലഞ്ച്
മാഷന്മാരുക്ക് ജോലി കിട്ടും. അതും ഒരു ഗുണം അല്ലേ '.

' അതൊക്കെ നാട്ടിലിക്ക് നല്ലതന്നെ ' കോയു സമ്മതിച്ചു.

' അതാ ഞാനും പറഞ്ഞത്. എനിക്ക് എണ്‍പത്താറ് വയസ്സായി. ഇനി എന്ത് ഉണ്ടായിട്ടും എനിക്കൊരു
കാര്യൂല്യാ എന്ന് വിചാരിച്ചാല്‍ നന്നോ. മേലാല്‍ ഉണ്ടാവുന്ന മക്കളെങ്കിലും നന്നാവട്ടെ '.

പിള്ളേര്‍ക്ക് കുറച്ച് ഭേദമായാല്‍ സ്കൂളിലയക്കാമെന്ന് കോയു സമ്മതിച്ചു.

' അവിറ്റയ്ക്ക് എന്തെങ്കിലും മരുന്ന് കൊടുത്ത്വോടാ '.

' ബുധനാഴ്ച ചന്ത കഴിഞ്ഞാല് വല്ലതും കുറച്ച് കാശ് കയ്യില്‍ തടയും. എന്നിട്ടു വേണം പിറ്റേ ദിവസം
രണ്ടിനേം ഡോക്ടറെ കാണിക്കാന്‍ '.

' അതൊന്നും വേണ്ടാടാ. മരുന്ന് പീടീല്‍ ചെന്ന് കുറച്ച് ഗന്ധകൂം കരിഞ്ചീരകൂം വാങ്ങി പൊടിക്ക്. അതില്‍
നിന്ന്കുറച്ചെടുത്ത് ഓടന്‍ കിണ്ണത്തിലാക്കി വെളിച്ചെണ്ണയും ഒഴിച്ച് വെയിലത്ത് വെച്ച് ചൂടാക്ക്. എന്നിട്ട്
ചൊറിയും ചിരങ്ങും വയറത്താളി കുത്തി ചതച്ചതോണ്ട് നന്നായി കഴുകി ആ എണ്ണ കോഴി തൂവലോണ്ട്
തോരെ തോരെ പുരട്ടി കൊടുക്ക്. എന്നിട്ട് ചൊറീം ചിരങ്ങും മാറീലെങ്കില്‍ എന്നോട് പറ '.

' അത്രേ ഉള്ളൂച്ചാല്‍ ഇന്നന്നെ ചെയ്യാം '.

കോയുവും കെട്ട്യോളും കൈതപൊന്തയുടെ പുറകില്‍ മറഞ്ഞു. മുകളിലൂടെ വിമാനം ഇരമ്പി കൊണ്ട്
പറന്ന് പോയി. എഴുത്തശ്ശന്‍ കളപ്പുരയിലേക്ക് നടന്നു.

5 comments:

  1. പണ്ട് കുട്ടികള്‍ക്ക് ചിരങ്ങും ചൊറിയും സാധാരണമായിരുന്നു. എഴുത്തച്ചന്‍ കേയുവിന് പറഞ്ഞു കൊടുക്കുന്നത് ചിലവു കുറഞ്ഞ നാട്ടു ചികിത്സയാണ്. ഇത്തരം അമൂല്യമായ നാട്ടറിവുകള്‍ ആരെങ്കിലും രേഖപ്പെടുത്തി വെക്കുന്നുണ്ടോ എന്നറിയില്ല.

    ReplyDelete
  2. നാട്ടിലെ പഴയ രീതികളൊക്കെ എന്തു രസകരമായിട്ടാ എഴുതിയിരിക്കുന്നതു്.

    എല്ലാ അദ്ധ്യായങ്ങളും വായിക്കാൻ സാധിക്കാറില്ലെങ്കിലും, മിക്കവാറുമൊക്കെ വായിക്കാൻ ശ്രമിക്കാറുണ്ട്.

    ReplyDelete
  3. നല്ല രീതിയില്‍ എഴുതി അറിവും നല്‍കി
    സന്തോഷം

    ReplyDelete
  4. ശ്രി. രാജഗോപാല്‍,
    തൊട്ടതിനും പിടിച്ചതിനും സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെ കാണാന്‍ ചെല്ലുന്ന കാലമാണ്- ഇത്. നാടന്‍ ചികിത്സ ക്രമേണ ഓര്‍മ്മ മാത്രമാകും.

    Typist / എഴുത്തുകാരി.
    ഇ നോവലിന്‍റെ പശ്ചാത്തലം നാട്ടിന്‍ പുറമാണ്. അതാണ് പഴയ രീതികള്‍ ഇതില്‍ ഇടം പിടിക്കുന്നത്. വായിച്ച് അഭിപ്രായം
    രേഖപ്പെടുത്തിയതിന്ന് നന്ദി.

    സാബിബാവ,
    വളരെ നന്ദി.

    ReplyDelete
  5. ആദ്യമായി നാട്ടു വൈദ്യത്തിനു നന്ദി.. ഞാന്‍ എഴുതി എടുത്തിട്ടുണ്ട്... സ്കൂള്‍ തുടങ്ങിയ കാര്യം ഈ അട്യായത്തില്‍ കൂടി അറിഞ്ഞു. പതുക്കെ പതുക്കെ നാട് പുരോഗമിക്കുന്നു....

    ReplyDelete