Monday, November 1, 2010

നോവല്‍ - അദ്ധ്യായം - 102.

നട്ടുച്ച വെയിലും കൊണ്ടുകൊണ്ട് വേണു വരുന്നത് കണ്ട് എഴുത്തശ്ശന്ന് എന്തോ ഒരു പന്തികേട് തോന്നി.
' ഇന്നും നാളെയും ഞാന്‍ വരില്ല, മറ്റന്നാള്‍ വൈകുന്നേരത്തേ തിരിച്ച് വരൂ ' എന്നും പറഞ്ഞ് രാവിലെ പോയ
ആളാണ് ഉച്ചയ്ക്ക് തിരിച്ചെത്തുന്നത്, എന്താണാവോ കാരണം .

' എന്താ വേണ്വോ, വിശേഷിച്ച് എന്തെങ്കിലും ഉണ്ടോ ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഏയ് ഒന്നും ഇല്ല. എന്നാലോ ചെറിയൊരു കാര്യം ഉണ്ടായിട്ടുണ്ട് '.

' മുതലാളി നല്ലോണം വെശര്‍ത്തിട്ടുണ്ട്. കുടിക്കാന്‍ വല്ലതും വേണോ ' ചാമി ചോദിച്ചു.

' എന്താ ഉള്ളത് '.

' ഞാന്‍ പോയി എളന്നന്‍ ഇട്ടിട്ട് വരാം ' ചാമി തളപ്പും എടുത്ത് കളപ്പുരയുടെ പുറകിലുള്ള തോട്ടത്തിലേക്ക്
നടന്നു.

' എന്താടാ വിശേഷിച്ച്. കാര്യം പറ ' എഴുത്തശ്ശന്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ്.

' പണ്ടത്തെ ഒരു കൂട്ടുകാരനെ ഇന്നാള് കണ്ടു. എന്‍റെയും സുന്ദരന്‍റേയും കൂടെ സ്കൂളില്‍ പഠിച്ച രാമചന്ദ്രന്‍.
ഞങ്ങള് രാമു എന്നാണ് അവനെ വിളിച്ചിരുന്നത്. വിശ്വേട്ടന്‍റെ കാറ് വര്‍ക് ഷോപ്പിലേക്ക് കൊണ്ടു പോയപ്പൊ ഞാനും കൂടെ പോയിരുന്നു. അവിടെ വെച്ചാണ് ആ പഴയ ചങ്ങാതിയെ കണ്ടത് '.

' എന്‍റെ ഈശ്വരാ ' എഴുത്തശ്ശന്‍ നെടുവീര്‍പ്പിട്ടു ' ഞാന്‍ എന്തോന്ന് നിരീച്ചു '.

' അതിന്ന് ശേഷം ഓപ്പോളുടെ വീട്ടില്‍ വെറുതെയിരുന്ന് മുഷിയുമ്പോള്‍ ഞാന്‍ വര്‍ക്ക് ഷോപ്പിലേക്ക് ചെല്ലും. നടക്കാനുള്ള ദൂരേ ഉള്ളു. ഞങ്ങള് പലതും പറഞ്ഞിരിക്കും '.

' എന്നിട്ട് '.

' വര്‍ക് ഷോപ്പ് രാമുവിന്‍റെ സ്വന്തം ആണ്. പത്തിരുപത് പണിക്കാരുണ്ട്. സ്വന്തമായി നാലഞ്ച് കാറുകള്‍ വാടകക്ക് ഓടുന്നുണ്ട്. രണ്ട് നാഴിക ദൂരത്ത് വീടും സ്ഥലവും ഒക്കെയുണ്ട് '.

' ങും. ബാക്കീം കൂടി പറ '.

' ഒറ്റ മകളെ ഉള്ളു. അവളെ കല്യാണം കഴിച്ച് കൊടുത്തു. കുടുംബത്തോടെ ഹൈദരാബാദിലാണ് അവള്‍ '.

' അപ്പൊ ബാദ്ധ്യത ഒന്നും ഇല്ലാത്ത സുഖജീവിതം അല്ലേ '.

' ഈശ്വരന്‍ ആര്‍ക്കും തികച്ച് കൊടുക്കില്ലല്ലോ. രാമുവിന്‍റെ ഭാര്യ എട്ട് മാസം മുമ്പ് പെട്ടെന്ന് മരിച്ചു '.

' അയ്യോ. കഷ്ടം '.

' അനാഥനെ മാതിരിയാണ് കഴിയുന്നതെന്നും പറഞ്ഞ് അവന്‍ കരഞ്ഞു. രണ്ടാം കല്യാണം കഴിക്കാന്‍
വേണ്ടപ്പെട്ടോര് അവനെ നിര്‍ബന്ധിക്കുന്നുണ്ട് '.

' അത് നല്ലതന്നെ. വയസ്സാന്‍ കാലത്ത് മകള്‍ വന്ന് നോക്കുംന്ന് ഉറപ്പില്ലല്ലോ '.

' എല്ലാം കേട്ടപ്പോള്‍ നാണുമാമടെ മകള്‍ സരോജിനിടെ കാര്യം എനിക്ക് ഓര്‍മ്മ വന്നു. ഓപ്പോളുക്കും
വിശ്വേട്ടനും രാമുവിനെ അറിയും. നല്ല ഒന്നാന്തരം സ്വഭാവമാണ് എന്ന് അവരും കൂടി പറഞ്ഞപ്പോള്‍ ഞാന്‍ അവനോട് സരോജിനിയുടെ കാര്യം ഇന്ന് സംസാരിച്ചു. അവന്ന് ഇഷ്ടമാണ് എന്ന് കേട്ടപ്പോള്‍ വിവരം പറയാം എന്ന് വെച്ച് നേരെ ഇങ്ങോട്ട് പോന്നു '.

എഴുത്തശ്ശന്‍റെ മനസ്സിലൂടെ ഒരു ഇടിവാള്‍ കടന്ന് പോയത് പോലെ തോന്നി.

' എന്താ നീ പറഞ്ഞോണ്ട് വരുന്നത് '.

' കുട്ടിക്കാലം മുതല്‍ക്കേ അവള് എനിക്ക് കൊച്ച് അനുജത്തിയായിരുന്നു. സുന്ദരന്‍റെ കൂടെ അവന്‍റെ വീട്ടില്‍
ചെല്ലുമ്പോഴെല്ലാം അവള്‍ എന്‍റെ തോളത്തേക്ക് ചാടി കേറും. അന്ന് അവള്‍ക്ക് ഒന്നോ ഒന്നരയോ വയസ്സാണ്. സുന്ദരനോ നാണുമാമയോ എന്തിന് അമ്മായി വിളിച്ചാല്‍ പോലും എന്‍റെ അടുത്തിന്ന് കുട്ടി പോവില്ല. ഞാന്‍ വീട്ടിലേക്ക് പോവാന്‍ പുറപ്പെടുമ്പോള്‍ മേത്ത് നിന്ന് പിടിച്ച് വലിച്ച് എടുക്കണം. അവളുടെ കരച്ചില് കേട്ടിട്ടേ എന്നും പോവാന്‍ പറ്റു '.

എഴുത്തശ്ശന്‍ ഒന്നും മിണ്ടിയില്ല. അയാളുടെ മനസ്സിലെ സ്വപ്നങ്ങള്‍ കരിയുകയാണ്.

' അമ്മാമേ, എന്‍റെ പെങ്ങള്‍ക്ക് ഒരു ജീവിതം ഉണ്ടാക്കേണ്ടത് എന്‍റെ കടമയല്ലേ '.

ആ വാക്കുകള്‍ എഴുത്തശ്ശന്‍റെ മനസ്സില്‍ കൊണ്ടു.

' നീ പറഞ്ഞത് ശരിയാണ്. എന്നാലും '.

' രണ്ടാം കെട്ടുകാരനാണെന്ന് വിചാരിച്ചിട്ടാണോ '.

' അതല്ല '

' പിന്നെന്താ പണച്ചിലവ് ഉണ്ടാവും എന്ന് വെച്ചിട്ടാണോ. അത് കണക്കാക്കണ്ടാ. എന്‍റെ സര്‍വ്വ സ്വത്തും
അവള്‍ക്ക് വേണ്ടി ഞാന്‍ ചിലവാക്കും. എനിക്ക് ഒരു ജീവിതം ഉണ്ടാക്കി തന്നത് നാണുമാമയാണ് '.

' ശരി. കല്യാണം കഴിഞ്ഞാല്‍ നാണു നായര് ഒറ്റയ്ക്കാവില്ലേ '.

' അങ്ങിനെ വരില്ല. ഭാര്യ മരിച്ചതില്‍ പിന്നെ രാമു വീട്ടിലേക്ക് പോയിട്ടില്ലാന്നാ പറഞ്ഞത്. അത് വിറ്റ് വേറെ എവിടെയെങ്കിലും കൂടണം എന്ന് വിചാരിച്ചിരിക്കുകയാണ്. ഇവിടെ കഴിയാന്‍ അവന്ന് സന്തോഷേ ഉള്ളു '.

എഴുത്തശ്ശന്‍ ഒന്നും പറഞ്ഞില്ല.

' മുടി ഇത്തിരി പോയിട്ടുണ്ടെങ്കിലും നല്ലോണം വെളുത്തിട്ടാണ്. കാഴ്ചയ്ക്ക് അവര് നല്ല യോജിപ്പുണ്ടാവും. അതാ ഞാന്‍ ഈ ആലോചന കൊണ്ടു വന്നത് '.

'വേണൂ, ഒരു സത്യം ഞാന്‍ പറയട്ടെ ' എഴുത്തശ്ശന്‍ പറഞ്ഞു ' അവളെ നിന്നെ കൊണ്ട് കെട്ടിക്കണംന്ന് ഞാന്‍
ആലോചിക്കാന്‍ തുടങ്ങീട്ട് കുറച്ചായി. ജീവിത കാലം മുഴ്വോന്‍ നീ ഒറ്റയ്ക്കാവില്ലേ എന്നാ ഇപ്പൊഴത്തെ
എന്‍റെ സങ്കടം '.

' കൈ നീട്ടിയാല്‍ തൊടാവുന്ന അകലത്ത് എന്‍റെ മാലതിയുണ്ടല്ലോ ' എന്ന് പറയണമെന്ന് തോന്നിയെങ്കിലും
' എനിക്ക് നിങ്ങളൊക്കെയില്ലേ ' എന്നും പറഞ്ഞ് വേണു ഒഴിഞ്ഞു.

ഇളന്നീരുമായി പിന്നിലൂടെ വന്ന് എല്ലാം കേട്ടു നിന്ന ചാമി നിറഞ്ഞ കണ്ണ് തോര്‍ത്ത് മുണ്ടു കൊണ്ട് തുടച്ചു.

ഇളന്നീര് കുടിച്ച് കഴിഞ്ഞപ്പോള്‍ വേണു എഴുന്നേറ്റു.

' ഓപ്പോളോട് പറയാതെ പോന്നതാണ്. അന്വേഷിക്കുമ്പോഴേക്കും ചെല്ലട്ടെ '.

എഴുത്തശ്ശനും എഴുന്നേറ്റു.

' ഞാന്‍ പറഞ്ഞത് തെറ്റായോ അമ്മാമേ ' വേണു ചോദിച്ചു.

' ഇല്ല. ഞാന്‍ ആലോചിച്ച് വേണ്ടത് ചെയ്യാം. ധൃതി കൂട്ടണ്ടാ '.

' അത് മതി. രാമുവിനും തിരക്കില്ല. ഭാര്യ മരിച്ച് കൊല്ലം തികയട്ടെ എന്നാണ് പറഞ്ഞത് '.

' ഞാനും കൂടെ വരുന്നുണ്ട് ' എന്നും പറഞ്ഞ് ചാമി കൂടെ പുറപ്പെട്ടു.

വഴിക്ക് അവരൊന്നും സംസാരിച്ചില്ല. ചാമിയുടെ മനസ്സ് മുഴുവന്‍ വേണുവിനെ കുറിച്ചുള്ള ചിന്തകളായിരുന്നു. മുതലാളി സരോജിനിയമ്മയെ കല്യാണം കഴിച്ച് സന്തോഷത്തോടെ കഴിയുന്നത് അവന്‍ സ്വപ്നം കണ്ടിരുന്നു. അതെല്ലാം അവസാനിച്ചു. ആരും ഇല്ലാതെ കഴിയാനാവും മൂപ്പരുടെ യോഗം.

' മുതലാളി ' പെട്ടെന്ന് ചാമി വിളിച്ചു ' മരിക്കുന്നത് വരെ ഞാനുണ്ടാവും മുതലാളിക്ക് തുണക്കാരനായിട്ട് '.

ഒരു ആവേശത്തില്‍ അവന്‍ വേണുവിന്‍റെ കയ്യില്‍ കേറി പിടിച്ചു. ആ കയ്യില്‍ സ്നേഹത്തിന്‍റെ ചൂട് ഉണ്ടെന്ന് വേണു അറിഞ്ഞു.

5 comments:

 1. വേണുവിന് ഇങ്ങനെയേ ചെയ്യാനാവൂ. ഇങ്ങിനെ ഒരു വഴിത്തിരിവ് പ്രതീക്ഷിച്ചതാണെങ്കിലും മനസ്സില്‍ ഒരു ചെറുനൊമ്പരം ബാക്കിയായി വായിച്ച് തീര്‍ന്നപ്പോള്‍.ചാമിക്ക് വേണുവിനോടുള്ള ആത്മബന്ധം ആ സ്നേഹസ്പര്‍‍ശത്തിലൂടെ ഒന്നു കൂടി അരക്കിട്ടുറപ്പിയ്ക്കുന്നു.

  ReplyDelete
 2. തുടരെ വായിക്കുന്നുണ്ട്

  ReplyDelete
 3. ഞാൻ ഇവിടെ ചേർന്നു. ഇനി സ്ഥിരം വരാം .നോവൽ വായിക്കാൻ.

  ReplyDelete
 4. ശ്രി. രാജഗോപാല്‍ ,

  വേണുവിന്‍റെ മനസ്സിനകത്ത് മാലതി ഉള്ളേടത്തോളം അയാള്‍ക്ക് ഈ രീതിയിലേ പെരുമാറാനാവു.തന്നെ തുല്യനായി കണക്കാക്കുന്ന
  മുതലാളിയെ ചാമിക്ക് സ്നേഹിക്കാതിരിക്കാനാവില്ല.

  ജെയിംസ് സണ്ണി പാറ്റൂര്‍,

  വളരെ നന്ദി.

  smsadique,

  വായിച്ച് അഭിപ്രായം രേഖപ്പെറ്റുത്തുമല്ലൊ.

  ReplyDelete
 5. കുഞ്ഞുന്നാളില്‍ എടുത്തു കൊണ്ട് നടന്നതാണ് സരോജിനിയെ എങ്കില്‍ വേണുവിനു ഇങ്ങനെയേ പെരുമാറാന്‍ കഴിയു..
  ചാമിയുടെ സ്നേഹം കണ്ടു എന്‍റെ കണ്ണ് നിറഞ്ഞു il

  ReplyDelete