Monday, November 1, 2010

നോവല്‍ - അദ്ധ്യായം - 101.

' മില്ലില്‍ ചെന്നിട്ട് പിത്തന ഉണ്ടാക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ നിനക്ക് ' സുകുമാരന്‍
അല്‍പ്പം ദേഷ്യത്തില്‍ തന്നെയായിരുന്നു ' അതെങ്ങനെ എവിടെ ചെന്നാലും എന്തെങ്കിലും
കുണ്ടാമണ്ടി ഉണ്ടാക്കാതെ നീ മടങ്ങി പോരാറുണ്ടോ '.

' ഇതാപ്പൊ നന്നായത് ' പാഞ്ചാലി തന്‍റെ ഭാഗം ന്യായീകരിച്ചു ' നിങ്ങള് ഉണ്ടോന്ന് നോക്കാന്‍ മില്ലില്‍
ചെന്നതാ ഞാന്‍. അവിടെ നിന്ന് ആട്ടി തല്ലി വെളിയിലാക്കിയതും പോരാ ഇപ്പൊ കുറ്റം എനിക്കായി.
ഇത് നല്ല കൊടുമ '.

' എന്നെ കാണാന്‍ അവരുടെ മില്ലിലേക്ക് ചെല്ലണ്ട ആവശ്യം എന്താ. വേറെ സ്ഥലം ഒന്നും ഇല്ലേ '.

' നിങ്ങള് മില്ലില്‍ ചെന്ന് ഇരിക്കാറുള്ളതല്ലേ. പോരാത്തതിന്ന് അയാള് നിങ്ങളുടെ ചങ്ങാതിയാണ്
എന്നല്ലേ എന്നോട് പറഞ്ഞിട്ടുള്ളത്. അതോണ്ടല്ലേ ഞാന്‍ അവിടെ ചെന്നത് '.

' ഇനി അതൊന്നും പറഞ്ഞിട്ട് ഒന്നൂല്യാ. എപ്പൊഴും ആളും ആള്‍ത്തരൂം അറിഞ്ഞ് പെരുമാറണം. ഇപ്പൊ
തന്നെ ഞാന്‍ അവന്‍റെ മുമ്പില്‍ ഒന്നും അല്ലാതായി. ഒരു വിധം അടിയും കാലും പിടിച്ചിട്ടാ പെണക്കം
മാറ്റിയത് '.

' അത്ര വലിയ പ്രമാണി ആണെങ്കില്‍ പോവാന്‍ പറയിന്‍. അവന്‍റെ ചിലവിലൊന്നും അല്ലല്ലോ നിങ്ങള്
കഴിയുണത് '.

സുകുമാരന്‍ ചുറ്റും നോക്കി. ഭാഗ്യത്തിന്ന് അടുത്തെങ്ങും ആരുമില്ല. മലമ്പള്ളയിലുള്ള ഷെഡ്ഡിലേക്ക് വരാന്‍ പറഞ്ഞിട്ട് മൂധേവി റോഡ് വക്കത്ത് കാത്ത് നില്‍ക്കുകയാണ്.

' കാറില്‍ കേറ്. നമ്മടെ പതിവ് സ്ഥലത്ത് ചെന്നിട്ട് മതി ബാക്കി വര്‍ത്തമാനം '.

മണ്ണു റോഡിലൂടെ കാര്‍ മെല്ലെ നീങ്ങി.

' നീ ആ പെണ്ണിനോട് സംസാരിച്ചോ ' സുകുമാരന്‍ ചോദിച്ചു.

' കല്യാണിടെ അടുത്തോ '.

' ങാ. അതന്നെ '.

' അതിന്ന് വയം പോലെ അവളെ കണ്ട് കിട്ടണ്ടേ '.

' നീ ഒന്ന് ഉഷാറ് വെക്ക്. എന്താ വേണ്ടേച്ചാല്‍ ചോദിച്ചോ. കാര്യം നടക്കണം '.

' അല്ല ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ' പാഞ്ചാലി ചോദിച്ചു ' നാട്ടിലെ എല്ലാ പെണ്ണുങ്ങളേം നിങ്ങക്ക് വേണം
എന്ന് എന്താ ഇത്ര നിര്‍ബന്ധം '.

' അതൊക്കെ ഒരു രസം അല്ലേടി. എത്ര കാലം ഇതൊക്കെ ആയി നടക്കും. കല്യാണം കഴിഞ്ഞ്പെണ്ണും
കുട്ട്യേളും ആയാല്‍ ഒക്കെ തീരില്ലേ . പിന്നെ വല്ലപ്പോഴും കഴിഞ്ഞതൊക്കെ ആലോചിച്ച് രസിക്കാം.
അല്ലാണ്ടെ എന്താ ' സുകുമാരന്‍ പറഞ്ഞു ' ഇനി ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ. എത്ര ആണുങ്ങളുടെ
കൂടെ നീ കഴിയുന്നുണ്ട്. ഞാന്‍ അതില് വല്ല അസൂയയും കാട്ടീട്ടുണ്ടോ '.

' അതും ഇതും കൂട്ടി കൊഴക്കണ്ടാ. ഗതികേടോണ്ടാ ഞാന്‍ ഇങ്ങിനെ നടക്കുന്നത് ' ഒരു നിമിഷം അവള്‍
നിര്‍ത്തി ആരോടെന്നില്ലാതെ പറഞ്ഞു ' നിങ്ങള് ആണുങ്ങള്‍ക്ക് പെണ്ണുങ്ങളുടെ മനസ്സ് അറിയില്ല. ഏത് പൊലയാടിച്ചിടെ മനസ്സിലും ഏതെങ്കിലും ഒരു ആണിനോട് സ്നേഹം ഉണ്ടാവും. ഏത് ആണിന്‍റെ
കൂടെ കഴിയുമ്പഴും ഇഷ്ടപ്പെട്ട ആളിന്‍റെ മുഖമാണ് പെണ്ണിന്‍റെ മനസ്സില്‍ ഉണ്ടാവുക '.

ആ തത്വശാസ്ത്രം സുകുമാരന്ന് മനസ്സിലായില്ല.

+++++++++++++++++++++++++++++++++++++++++++++

' ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിനക്ക് എന്തെങ്കിലും തോന്ന്വോ ' സങ്കോചത്തോടെയാണ് എഴുത്തശ്ശന്‍
ആ പറഞ്ഞത്.

' എന്താ അമ്മാമേ ഇത്. അമ്മാമയ്ക്ക് എന്നോട് എന്ത് വേണമെങ്കിലും പറയാലോ ' വേണു പറഞ്ഞു.

' അത് അറിയാഞ്ഞിട്ടല്ല. എന്നാലും '.

കാലത്തെ ഓപ്പോളുടെ വീട്ടിലേക്ക് പോവാന്‍ ഒരുങ്ങിയതാണ് വേണു. മരുമകന്‍റെ കല്യാണം കഴിയുന്നത്
വരെ അവിടെ കൂടണമെന്നാണ് ഉദ്ദേശം. ശബരിമലയില്‍ നിന്ന് കൊണ്ടു വന്ന പ്രസാദങ്ങളും വേണുവിന്‍റെ വസ്ത്രങ്ങളും അടങ്ങിയ പെട്ടി കളപ്പുരയുടെ തിണ്ടില്‍ ഇരിപ്പുണ്ട്.

' നോക്ക്. ഒന്നരാടം ദിവസം രാത്രി ഇങ്ങോട്ട് പോര് ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇത്ര തോനെ ദിവസം നിന്നെ കാണാതെ ഇരിക്കാന്‍ എനിക്ക് വയ്യാ '.

ആ വാക്കുകളില്‍ നിറഞ്ഞ സ്നേഹം വേണുവിന്ന് മനസ്സിലായി.

' അതിനെന്താ വിരോധം. ഞാന്‍ വരാലോ '.

' എന്നാല്‍ ഇറങ്ങിക്കോ ' എഴുത്തശ്ശന്‍ പറഞ്ഞു. ചാമി പെട്ടി കയ്യിലെടുത്തു.

' എന്നാ ഇവന്‍ അങ്ങോട്ട് വരുന്നത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഞാന്‍ ഓപ്പോളുടെ അടുത്ത് ചോദിച്ച് വിവരം പറയാം. ഏതായാലും ഇന്ന് വിശ്വേട്ടന്‍ ഇവിടേക്ക് പമ്പ്
സെറ്റ് കൊടുത്തയക്കും. അത് വരുമ്പോള്‍ ചാമി ഇല്ലാതെ പറ്റില്ല '.

റോഡിലേക്ക് കയറാറാവുമ്പോള്‍ കിട്ടുണ്ണി കാറില്‍ പോകുന്നു. അടുത്തെത്തിയപ്പോള്‍ വാഹനം വേഗത
കുറച്ചു. കിട്ടുണ്ണി തല പുറത്തേക്കിട്ട് വേണുവിനെ ഒന്ന് നോക്കി. ഒന്നും പറയാതെ പോവുകയും ചെയ്തു.

' എന്നെ കണ്ടിട്ടാവും മൂപ്പര് കണ്ട ഭാവം ഇല്ലാതെ പോയത് ' ചാമി പറഞ്ഞു. വേണു ഒന്ന് മൂളിയതേയുള്ളു.

ചാമി തിരിച്ചെത്തുമ്പോള്‍ എഴുത്തശ്ശന്‍ കളപ്പുര തിണ്ടില്‍ തോര്‍ത്തും വിരിച്ച് കിടക്കുകയാണ്.

' കുപ്പ്വോച്ചോ, വയ്യായ എന്തെങ്കിലും ഉണ്ടോ ' അവന്‍ ചോദിച്ചു.

' ഒന്നൂല്യാ. കാറ്റും കൊണ്ട് കിടന്നതാണ് '.

' ഒരു കാളവണ്ടി ഏര്‍പ്പാടാക്കണോ പമ്പ് സെറ്റ് വെള്ളപ്പാറ കടവിന്ന് കൊണ്ടു വരാന്‍ '.

' സാധനം എത്തട്ടെ. എന്നിട്ട് മതി '.

' അധികം പഴക്കം ഇല്ലാത്തതാണെന്നാ മുതലാളി പറഞ്ഞത് '.

' മുമ്പ് കോലോത്തോരക്ക് ഒരു പമ്പ് ഉണ്ടായിരുന്നു ' എഴുത്തശ്ശന്‍ പറഞ്ഞു ' ഒരുപാട് പ്രാവശ്യം ഇവിടെ
കൊണ്ടു വന്ന് ഞാന്‍ കണ്ടിട്ടുണ്ട് '.

' ചെലപ്പൊ ഞാനും കണ്ടിട്ടുണ്ടാവും'.

' യുദ്ധത്തിന്‍റെ കാലത്ത് വാങ്ങ്യേതാത്രേ. ഇടത്തോട്ട് തിരിയുന്ന ഒരു സാധനം. കമ്പ്രഷന്‍ ഇല്ലാത്തതിന്‍റെ ഒരു
കുഴപ്പേ അതിനുള്ളു '.

ചാമി മൂളി കേട്ടു.

' അതിന്ന് എന്താ ചെയ്യാന്ന് നിനക്ക് നിശ്ചം ഉണ്ടോ. ആ പമ്പില് ഒരു കുറ്റി ഉണ്ട് . അത് ഊരി തുണ്യേക്കൊണ്ട്
ഒരു തിരി ഉണ്ടാക്കി എണ്ണ നനച്ച് അതില്‍ വെച്ച് കത്തിക്കും. എന്നിട്ട് കുറ്റി തൊളേല്‍ ഉറപ്പിച്ച് രണ്ട് മിനുട്ട് കഴിഞ്ഞ് തിരിച്ച് സ്റ്റാര്‍ട്ടാക്ക്യാല്‍ പമ്പ് നരി പിടിക്കുന്ന പോലെ പിടിക്കും '.

'പമ്പ് വന്നതും നമുക്ക് കയത്തം കുണ്ടില്‍ വെക്കണം ' ചാമി പറഞ്ഞു ' ഉള്ള വെള്ളം വറ്റുമ്പഴയ്ക്കും അടിച്ച് നിറയ്ക്കണം '.

' നീ എവിടയ്ക്കും പോണ്ടാ. പമ്പ് വരുമ്പോള്‍ ആളില്ലെങ്കില്‍ ശരിയാവില്ല '.

താന്‍ എവിടേക്കും പോവില്ലെന്ന് ചാമി സമ്മതിച്ചു.

വേണു ഗേറ്റിന്നടുത്തെത്തുമ്പോഴേക്കും കാറെത്തി. മുറ്റത്തെ മാവിന്‍ ചുവട്ടില്‍ അത് നിര്‍ത്തിയതും ഓപ്പോളും
രാധയും ഇറങ്ങി.

' ഇന്നലെ തന്നെ നീ വരുമെന്ന് നിരീച്ചു ' പത്മിനി പറഞ്ഞു ' കാണാഞ്ഞപ്പോള്‍ യാത്രാക്ഷീണം ആവുംന്ന് കരുതി '.

' എവിടേക്കാ ഇത്ര നേര്‍ത്തെ പോയത് ' വേണു ചോദിച്ചു.

' അതൊന്നും പറയണ്ടാ. ഇവളുടെ ഏട്ടന്മാരെ ക്ഷണിക്കണം. കുറച്ച് കഴിഞ്ഞാല്‍ കാറ് അച്ഛനും മകനും കൂടി
കൊണ്ടുപോകും. അതിന്ന് മുമ്പ് ആ കാര്യം നടത്താന്ന് വിചാരിച്ചു '.

' രാധയെ അവിടുന്ന് വരുമ്പൊ കൂടെ കൂട്ടി അല്ലേ '.

' അവള് നീ വന്ന് പോയതിന്‍റെ പിറ്റേന്ന് വന്നു. ഞാന്‍ തുണയ്ക്ക് കൂട്ട്യേതാ '.

വിശ്വേട്ടനും മകനും പുറപ്പെട്ട് കഴിഞ്ഞിരുന്നു.

' താന്‍ ഇരിക്ക് ' വക്കീല്‍ പറഞ്ഞു ' എനിക്ക് കോടതീല്‍ ചെല്ലുന്നതിന്ന് മുമ്പ് ഒന്ന് രണ്ട് ദിക്കില്‍ ചെല്ലാനുണ്ട്. വര്‍ത്തമാനമൊക്കെ വന്നിട്ടാവാം '.

അവര്‍ ഇറങ്ങി. സ്ത്രീകള്‍ അകത്തേക്ക് ചെന്നപ്പോള്‍ വേണു പത്രം കയ്യിലെടുത്തു.

' ഏട്ടാ , കാപ്പി കുടിക്കാന്‍ വിളിക്കുന്നൂ ' രാധ വന്ന് പറഞ്ഞു. വേണു അവര്‍ക്ക് പുറകെ ചെന്നു.

ആഹാരം വിളമ്പി പത്മിനി കാത്തിരിക്കുകയാണ്.

' നീയും ഇരുന്നോടി ' എന്ന് അവര്‍ രാധയോട് പറഞ്ഞു.'

' വേണ്ടാ, ഏട്ടന്‍റെ കഴിഞ്ഞോട്ടെ '.

' അവന്ന് നിന്‍റെ നായരെ പോലെ അങ്ങിനെത്തെ വലിപ്പൂം വല്യേ കെടേം ഒന്നും ഇല്ലാ. നീ ഇരുന്നോ ' അവര്‍ നിര്‍ബന്ധിച്ചു.

രാധ മടിച്ച് മടിച്ച് ഇരുന്നു.

' ഞാന്‍ ഇങ്ങോട്ട് പോരുമ്പോള്‍ കിട്ടുണ്ണ്യേ കണ്ടു ' വേണു പറഞ്ഞു ' എങ്ങോട്ടോ കാറില്‍ പോണൂ '.

' എന്നിട്ട് നിന്നോട് എന്തെങ്കിലും പറഞ്ഞോ ' പത്മിനി ചോദിച്ചു.

' കാറ് നിര്‍ത്തീല്ലാ. പുറത്തേക്ക് തലയിട്ട് എന്നെ നന്നായിട്ടൊന്ന് നോക്കി '.

' അവന്‍റെ പത്രാസ്സിന്ന് നീ പോരല്ലോ '.

' മക്കള് വിളിച്ച് വല്ലതും പറഞ്ഞോ ' വേണു രാധയോട് ചോദിച്ചു.

' രാധ ഇവിടെ വന്ന ശേഷം ഞാന്‍ മൂന്ന് മക്കളേം ഫോണില്‍ വിളിച്ച് കൊടുത്തു ' പത്മിനി പറഞ്ഞു 'അവര് അവളോട് എന്താ പറഞ്ഞത് എന്ന് അറിയണോ '.

' എന്താ കുട്ട്യേള് പറഞ്ഞത് '.

' മൂത്തവളെ വിളിച്ചപ്പോള്‍ അച്ഛന്ന് കാശിന്‍റെ തിമിരാണ്. ഒറ്റയ്ക്ക് ഇരുന്ന് മടുക്കുമ്പൊ തന്നെ ശരിയാവുംന്ന് പറഞ്ഞു '.

' അത് ശരി '.

' രണ്ടാമത്തെ മകള്‍ എനിക്ക് ഇതിലൊന്നും പറയാനില്ല എന്നാ പറഞ്ഞത്. വയസ്സ് കാലത്ത് ഒന്നിച്ചിരിക്കാന്‍
വയ്യെങ്കില്‍ നിങ്ങളായി, നിങ്ങളുടെ പാടായി. ഞാന്‍ തിരിഞ്ഞ് നോക്കില്ലാന്ന് പറഞ്ഞു '.

' അപ്പോള്‍ ഡോക്ടറോ '.

' രണ്ടാളും കൌണ്‍സിലിങ്ങിന്ന് ചെല്ലണം എന്നാ അവളുടെ അഭിപ്രായം '.

' ചുരുക്കത്തില്‍ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ആരും ഇല്ലാന്ന് ചുരുക്കം '.

' എന്നാ എനിക്കും തോന്നുന്നത് '.

' ഓപ്പോളേ, ഇത് ഇങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ. ഞാന്‍ ഇപ്പൊ എന്താ വേണ്ടത് ' വേണു ചോദിച്ചു.

' കാപ്പി കുടി കഴിഞ്ഞില്ലേ. ഇനി ഉമ്മറത്ത് ചെന്നിരുന്ന് പേപ്പറ് വായിക്ക് '.

പത്മിനി ആ പറഞ്ഞത് കേട്ടപ്പോള്‍ രാധയ്ക്ക് ചിരി പൊട്ടി.

1 comment:

  1. അച്ഛനമ്മമാരുടെ ഇടയില്‍ മക്കള്‍ ഇല്ലാതെ പോകുമ്പോള്‍ അവിടെചിലരുടെ ഇടയില്‍ സ്നേഹം കൂടും ചിലര്‍ കിട്ടുന്ണിയും രാധയും പോല്‍ ആകും..

    ReplyDelete