Saturday, October 9, 2010

നോവല്‍ - അദ്ധ്യായം - 98.

നട്ടുച്ച വെയിലും കൊണ്ട് വേണു വിയര്‍ത്ത് കുളിച്ച് എത്തി. ഉമ്മറത്ത് ആരേയും കാണാനില്ല. കാളിങ്ങ്
ബെല്ല് അടിച്ചപ്പോള്‍ ഒരു പണിക്കാരി എത്തി.

' ഓപ്പോള്‍ എവിടെ ' അയാള്‍ ചോദിച്ചു.

' അകത്ത് കിടക്കുന്നുണ്ട് '.

അവള്‍ക്ക് പുറകെ വേണു ചെന്നു. പത്മിനി കിടപ്പ് മുറിയില്‍ കട്ടിലില്‍ കിടക്കുകയാണ്. ചെറിയ വേഗത്തില്‍
ഫാന്‍ കറങ്ങുന്നുണ്ട്.

' എനിക്ക് വയ്യാന്ന് ആരാ നിന്‍റെ അടുത്ത് പറഞ്ഞത് ' പത്മിനി ചോദിച്ചു.

' ആരും പറഞ്ഞിട്ടൊന്നും അല്ല ഓപ്പോളേ ' വേണു പറഞ്ഞു 'രാവിലെ മുതല്‍ക്കേ മനസ്സിലൊരു വെപ്രാളം. ഓപ്പോള്‍ക്ക് എന്തോ പറ്റീന്ന് ഒരു തോന്നല്. എന്നാല്‍ ഒന്ന് അറിഞ്ഞിട്ട് വരാം എന്ന് പറഞ്ഞ് ഇറങ്ങ്യേതാ '.

പത്മിനിയുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു.

' നിനക്ക് എന്നോടുള്ള സ്നേഹം കൊണ്ടാണ് ' അവര്‍ പറഞ്ഞു ' എനിക്ക് ലേശം വയ്യായ വരുമ്പോഴേക്കും
മനസ്സില്‍ അത് തോന്നിച്ചത് '.

' ഓപ്പോള്‍ക്ക് എന്തേ പറ്റിയത് '.

' ഒന്ന് തലചുറ്റി. അപ്പോഴേക്കും അച്ഛനും മകനും കൂടി ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. പ്രഷര്‍
കൂടിയതാണെന്നാ പറഞ്ഞത്. അതെങ്ങന്യാ. കല്യാണം കഴിയും വരെ വേവലാതി തന്നെയല്ലേ മനസ്സില്‍ '.

"ഓപ്പോള് വേണ്ടാതെ ഓരോന്ന് ആലോചിച്ച് ടെന്‍ഷന്‍ അടിക്കണ്ടാ. വിശ്വേട്ടനില്ലേ വേണ്ടപോലെ ഒക്കെ
നോക്കി നടത്താന്‍ '.

' അതൊക്കെ ശരിയാണ്. എന്നാലും മൂപ്പരുക്കും വയസ്സൊക്കെ ആയില്ലേ. ഞാനില്ലേ ഇവിടെ എന്ന് പറയാന്‍
ആരാ ഉള്ളത്. നിനക്കാണെച്ചാല്‍ നാട്ടുനടപ്പ് ഒന്ന്വോട്ട് അറിയില്ല. പിന്നെ ഒരുത്തന്‍ ഉള്ളത് ഒമ്പതാം മടയ്ക്ക് ശത്രു ഇട്ട മാതിരി ദ്രോഹിക്കാനായി കച്ചയും കെട്ടി നില്‍പ്പാണ് '.

' ഓപ്പോള് പേടിക്കണ്ടാ. ഒക്കെ നന്നായി നടക്കും '.

പത്മിനി കുറച്ച് നേരത്തേക്ക് ഒന്നും പറഞ്ഞില്ല. വേണുവിന്‍റെ മുഖത്തേക്ക് നോക്കി അവര്‍ കിടന്നു.

' കുറച്ച് നേരം എന്‍റെ അടുത്ത് ഒന്ന് ഇരിക്ക് ' അവര്‍ പറഞ്ഞു. വേണു കട്ടിലിന്‍റെ ഓരത്ത് ഇരുന്നു. പത്മിനി അയാളുടെ കൈപ്പടം തന്‍റെ കയ്യില്‍ ഒതുക്കി.

ഒരമ്മ പെറ്റ മക്കളല്ലെങ്കിലും ഒരു കൂടപ്പിറപ്പിനെപ്പോലെ തന്നെ സ്നേഹിച്ചവനാണ് അരികത്ത് ഇരിക്കുന്നത്.
അവന്‍റെ സ്നേഹത്തിന്നോ കുടുംബത്തിന്ന് വേണ്ടി അവന്‍ ചെയ്ത സാമ്പത്തിക സഹായങ്ങള്‍ക്കോ പകരം
ആരും അവന്ന് തിരിച്ചൊന്നും നല്‍കിയില്ല. അവന്ന് അതില്‍ പരിഭവം ഇല്ലെങ്കിലും അതൊരു വലിയ വീഴ്ച
തന്നെയാണ്. കല്യാണത്തിന്ന് മുമ്പ് വല്ലപ്പോഴും അവന്ന് വേണ്ടി നല്ലൊരു വാക്ക് പറഞ്ഞിരുന്നത് പോലും
അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. അതിന്ന് ശേഷം അത്തരത്തിലൊരു ആവശ്യം ഉണ്ടായതുമില്ല. കാലം ഏറെ
കഴിഞ്ഞ ശേഷം വിശ്വേട്ടനാണ് വേണുവിന്ന് വേണ്ടി കുറച്ചെങ്കിലും ചെയ്യാന്‍ മുന്‍കയ്യെടുത്തത്. ഒരിക്കല്‍
പോലും അവന്‍ മുഖം കറുപ്പിച്ച് ആരോടും പെരുമാറിയിട്ടില്ല.

വര്‍ണ്ണിക്കാനാവാത്ത വാത്സല്യം പത്മിനിയുടെ മനസ്സില്‍ കുമിഞ്ഞു കൂടി. വേണുവിന്‍റെ കൈപ്പടം അവര്‍
കണ്ണോട് ചേര്‍ത്ത് വെച്ചു.

വേണുവിന്‍റെ മനസ്സില്‍ വേറൊരു ദൃശ്യമാണ്. പശുവിനെ മേച്ച് തൊഴുത്തില്‍ കെട്ടിയതേയുള്ളു. കുന്നിന്‍
മുകളിലെ അമ്പലത്തില്‍ നിന്ന് കതിനവെടി ഉയര്‍ന്നു. ചെണ്ട മേളത്തിന്‍റെ അലകള്‍ അതിന്ന് അകമ്പടിയായി. പുല്ലുവട്ടിയില്‍ വൈക്കോലിട്ട് പശുക്കുട്ടിയെ താലോലിക്കുകയാണ് ഒമ്പത് വയസ്സുകാരന്‍.

' ഉച്ച ശീവേലി തുടങ്ങാറായി. വേഗം കുളിച്ച് ഒരുങ്ങ് ' അകത്ത് നിന്ന് ഇറങ്ങി വന്ന പതിനൊന്ന് വയസ്സുകാരി ഓര്‍മ്മിപ്പിച്ചു.

' ഇനി എപ്പൊഴാ ഞാന്‍ കുളത്തില്‍ പോയിട്ട് വരുന്നത്. ചെറിയമ്മ വരാറായില്ലേ '.

' അമ്മ വരുമ്പഴയ്ക്കും കിണറ്റിന്ന് രണ്ട് ബക്കറ്റ് വെള്ളം കോരി ഒഴിക്ക് '.

കുളിച്ച് തല തോര്‍ത്തി വരുമ്പോഴേക്കും പെണ്‍കുട്ടി ചീര്‍പ്പും പൌഡറുമായി എത്തി.

' നിന്‍റെ മൊകിറ് മുഴ്വോന്‍ എണ്ണയാണ്. ഇവിടെ വാ ' എന്നും പറഞ്ഞ് ചേര്‍ത്ത് നിര്‍ത്തി മുടി ചീകി മുഖത്ത് പൌഡര്‍ ഇട്ടു.

' ഇപ്പൊ നീ തന്നെ കാണാന്‍ ചന്തക്കാരന്‍ '.

' അപ്പൊ കിട്ടുണ്ണ്യോ '.

' അവന്ന് വെളുപ്പുണ്ട് എന്നേ ഉള്ളു. മുഖം അങ്ങന്നെ അമ്മടെ മട്ടാണ്. പല്ലും പൊന്തി മുതുക്കടിച്ച പോലത്തെ മുഖം. തനിച്ച് ഒരു മൊരമ്പന്‍. വീങ്കറ. വെറുതെയല്ല പിള്ളേര് ചട്ടിക്കാടന്‍ എന്ന് വിളിക്കുണത് '.

' ഓപ്പോളേ വേണ്ടാട്ടോ. അവനോ ചെറിയമ്മ്യോ കേട്ടാല്‍ പെഴപ്പായി. നല്ല പെട കിട്ടും '.

' പിന്നെ പിന്നെ. ഞാന്‍ നുണയൊന്ന്വല്ല പറയിണത്. നോക്ക് ഞാന്‍ അച്ഛന്‍റെ ഛായയാണ്. അതാ ഇത്ര ചന്തം. അവനെ കണ്ടാല്‍ എന്‍റെ ആങ്ങള ആണെന്ന് ആരെങ്കിലും പറയോടാ '.

അതിന്ന് മറുപടി ഉണ്ടായില്ല.

'ഓണത്തിന്ന് നിനക്ക് കിട്ടിയ ഷര്‍ട്ടും ട്രൌസറും ഇട്. വേഗം ചെന്നില്ലെങ്കില്‍ ശീവേലി കഴിയും '.

ഒരുങ്ങി കഴിയുമ്പോഴേക്കും ചെറിയമ്മ എത്തി.

' കിട്ടുണ്ണി എവിടെ ' പടി കടന്നതും അവര്‍ ചോദിച്ചു.

' അമ്പലത്തിലേക്ക് പോയി '.

' അവനെ ഒറ്റയ്ക്ക് അയച്ചിട്ട് നീ ഇവിടെ നിന്നു. കുട്ടി വീണൂന്ന് കേട്ടാല്‍ നിന്‍റെ പുറം ഞാന്‍ പൊളിക്കും '.

അവരുടെ കണ്ണുകള്‍ വേണുവിലെത്തി.

' ആരോട് ചോദിച്ചിട്ടാ ഇതൊക്കെ എടുത്ത് ഇട്ടത്. മുഷിച്ച് വെച്ചാല്‍ വൃത്തിയാക്കി തരാന്‍ നിന്‍റെ തള്ള ഉണ്ടോ ഇവിടെ '.

കുട്ടി വേഷം അഴിക്കാന്‍ ഒരുങ്ങി.

' മുഖത്ത് ആരാ ഇതൊക്കെ വാരി പൊത്ത്യേത് '.

അതിന്നും മറുപടി ഇല്ല.

' നീയാണോടി ഇവനെ വേഷം കെട്ടിച്ചത് ' ചോദ്യം മകളോടായി.

' ഞാനൊന്നും ചെയ്തില്ല '.

' ആരാടാ പൌഡര്‍ ഇട്ടത് '. ഞാനല്ല എന്ന് പറയാന്‍ പെണ്‍കുട്ടി ആംഗ്യം കാണിച്ചത് അവന്‍ കണ്ടു.

' ഞാന്‍ തന്നെ ഇട്ടതാണ് ' അവന്‍ പറഞ്ഞു.

' അത്രയ്ക്കായോടാ അഹമതി ' ഇരു കൈ കൊണ്ടും രണ്ട് ചെവികളിലും പിടിച്ച് തല ചുമരില്‍ ഒറ്റ ഇടി. കണ്ണില്‍ മിന്നല്‍ തട്ടിയ പോലെ അവന്ന് തോന്നി. തലയും തടവി അവന്‍ നിലത്തിരുന്നു.

' പൌഡറ് വാരി പൂശാത്ത കേടേ ഉള്ളു. കാക്ക കുളിച്ചാല്‍ കൊക്ക് ആവില്ല. അത് മനസ്സിലാക്കണം '.

എത്ര നേരം അവിടെ തന്നെ ഇരുന്നു എന്ന് അറിയില്ല. ചെറിയമ്മ വരുന്നത് കണ്ട് അവന്‍ എഴുന്നേറ്റു.

' വേഗം പോയി മൊയ്തുണ്ണിടെ പേട്ടേന്ന് രണ്ട് തൂക്ക് വിറക് വാങ്ങീട്ട് വാ. വൈകുന്നേരം അടുപ്പ് കൂട്ടാന്‍ ഒരു
കരട് വിറക് ഇല്ല ഇവിടെ ' ഒന്ന് നിര്‍ത്തിയിട്ട് അവര്‍ പറഞ്ഞു ' പിന്നെ ഒന്നിച്ച് ഏറ്റാന്‍ വയ്യെങ്കില്‍ രണ്ടോ മൂന്നോ പ്രാവശ്യം ആയിട്ട് കൊണ്ടു വന്നാല്‍ മതി '.

മുഷിഞ്ഞ വേഷം വീണ്ടും എടുത്തിട്ട് കാശും വാങ്ങി ചൂടി കയറും ചുരുട്ടി നടക്കാനൊരുങ്ങുമ്പോള്‍ പിന്നില്‍ നിന്ന് ഒരു വിതുമ്പല്‍ കേട്ടു. തിരിഞ്ഞ് നോക്കുമ്പോള്‍ ഓപ്പോള്‍ കണ്ണ് തുടയ്ക്കുകയാണ്.

തന്‍റെ കൈ നനയുന്നത് വേണു അറിഞ്ഞു. നോക്കുമ്പോള്‍ ഓപ്പോളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.

' എന്താ ഓപ്പോളേ ഇത് ' വേണു പറഞ്ഞു ' സങ്കടപെടാന്‍ മാത്രം എന്തേ ഉണ്ടായത്. ഒരു തല ചുറ്റല്‍ വന്നു.
അത് മാറും ചെയ്തു. അതിന്ന് ഇങ്ങിനെ വിഷമിച്ചാലോ '.

' അതൊന്ന്വോല്ലാ. എന്‍റെ കുട്ടി. നിന്‍റെ കാര്യം ഞാന്‍ ഒന്നും നോക്കീലല്ലോ എന്ന് ആലോചിക്കുമ്പോള്‍ എനിക്ക് ' തേങ്ങല്‍ ഉച്ചത്തിലായി.

വേണു വല്ലാത്ത അവസ്ഥയിലായി.

' എനിക്ക് ഒന്നും മനസ്സിലാവുന്നില്ലല്ലോ ഓപ്പോളേ ' അയാള്‍ പറഞ്ഞു.

' എല്ലാം എനിക്ക് മനസ്സിലാവുന്നുണ്ട് ' പുറകില്‍ നിന്ന് ശബ്ദം കേട്ടപ്പോള്‍ തിരിഞ്ഞ് നോക്കി. തൊട്ട് അരികില്‍
വിശ്വേട്ടന്‍ നില്‍ക്കുന്നു ' കുറച്ച് കാലമായി ഞാന്‍ ഈ സങ്കടം കാണുന്നു. തന്നെക്കുറിച്ചുള്ള വേവലാതിയാണ് അവരുടെ മനസ്സില്‍ '.

വേണു എഴുന്നേറ്റു.

' താന്‍ അവിടെ ഇരിക്ക്. ഞാന്‍ ഇതൊക്കെ ഒന്ന് മാറ്റിയിട്ട് വരാം ' വക്കില്‍ അകത്തേക്ക് ചെന്നു.

' എണീക്ക്. ഉണ്ണാന്‍ സമയം ആയി ' ഓപ്പോള്‍ പറഞ്ഞതും വേണു എഴുന്നേറ്റു.

പത്മിനി എഴുന്നേറ്റ് തലമുടി വാരിക്കെട്ടി. വേഷ്ടി തലപ്പ് കൊണ്ട് അവര്‍ മുഖം തുടച്ചു. വേണു ആ മുഖത്തേക്ക് തന്നെ നോക്കി. പ്രായം ഓപ്പോളുടെ മുഖകാന്തിക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ല. ഈ ഭംഗി കണ്ടിട്ടാണത്രേ വിശ്വേട്ടന്‍
ഓപ്പോളെ വിവാഹം കഴിച്ചത്. അല്ലാതെ അവരുടെ സ്ഥിതിക്ക് ഒട്ടും യോജിച്ച ബന്ധമായിരുന്നില്ല ഇത്.

മേശപ്പുറത്ത് വിഭവങ്ങള്‍ നിരന്നിരുന്നു.

' താനെന്തിനേ വയ്യെങ്കില്‍ എണീറ്റത് ' വക്കീല്‍ ചോദിച്ചു.

' ഇപ്പൊ ഭേദായി '.

' ആങ്ങള അടുത്ത് വന്നിരുന്നപ്പോള്‍ ഒക്കെ മാറി. ഇങ്ങിന്യാണെങ്കില്‍ ഇനി രോഗം വന്നാല്‍ ചികിത്സിക്കാതെ കഴിക്കാല്ലോ '.

' എന്നെ കളിയാക്കാന്‍ ഒരു കാരണം കിട്ടി അല്ലേ ' പത്മിനി ചോദിച്ചു.

' അയ്യേ. തന്നെ ഞാന്‍ കളിയാക്ക്വോ. ഇയാളോടുള്ള തന്‍റെ സ്നേഹം കണ്ടിട്ട് പറഞ്ഞതാണ് '.

പത്മിനി ആണുങ്ങള്‍ ഭക്ഷണം കഴിക്കുന്നത് നോക്കിയിരുന്നു.

' എന്നാ നീ ശബരിമലയ്ക്ക് പോണത് ' അവര്‍ ചോദിച്ചു.

' മറ്റന്നാള്‍. പിറ്റേ ദിവസം രാത്രി തിരിച്ച് എത്തും ചെയ്യും '.

' വേണൂ , ഒരു കാര്യം ചോദിക്കാന്‍ വിട്ടുപോയി ' വക്കീല്‍ പറഞ്ഞു ' അവിടെ കൃഷിയ്ക്ക് പമ്പ് വെച്ച് വെള്ളം
അടിക്കുന്നുണ്ടോ '.

' ഉവ്വ് '.

' വാടകക്കാണോ '.

' അതെ '.

' എങ്ങിന്യാ അതിന്‍റെ കണക്ക് '.

' മണിക്കൂറിന്ന് ഇത്രാ എന്ന് വെച്ചാല്‍ ഓടിയ മണിക്കൂര്‍ കണക്കാക്കി പണം കൊടുത്താല്‍ മതി. നമ്മളൊന്നും
അറിയണ്ടാ. ഡീസല്‍ അവര്‍ അടിക്കും. കാള വണ്ടീല് അവര് പമ്പ് കൊണ്ടുവരും കൊണ്ടുപോവും ചെയ്യും. ഓടിക്കാന്‍ ഒരാളെ നിര്‍ത്തും . പക്ഷെ വാടക ഇത്തിരി അധികം വരും '.

' അല്ലെങ്കിലോ '.

' ദിവസ കൂലിക്ക് പമ്പ് എടുക്കണം. കൊണ്ടു വരാനും കൊണ്ടു പോവാനും ഉള്ള ചിലവും ഡീസലും നമ്മള്‍ വഹിക്കണം. ഓടിക്കാന്‍ ഒരാളെ നിര്‍ത്തണം. കേട് വന്നാല്‍ നമ്മള്‍ നന്നാക്കി കൊടുക്കും വേണം. എന്നാലും
അതാ ലാഭം '.

' ഇനി അതിനൊന്നും മിനക്കെടേണ്ടാ. തറവാട്ടിലെ തെങ്ങിന്‍ത്തോപ്പ് നയ്ക്കാന്‍ ഞാന്‍ മുമ്പൊരു ഡീസല്‍
പമ്പ് വാങ്ങിയിരുന്നു. കറണ്ട് കണക്ഷന്‍ കിട്ടി മോട്ടോര്‍ വെച്ചപ്പോള്‍ അത് അഴിച്ചു വെച്ചതാണ്. സാധനം
ഓവര്‍ഹോള്‍ ചെയ്യാന്‍ കൊടുത്തിട്ടുണ്ട്. കിട്ടിയാല്‍ അവിടെ എത്തിക്കും '.

വേണു തലയാട്ടി.

' പിന്നെ മലയ്ക്ക് പോയി വന്നതിന്‍റെ പിറ്റേന്നാള്‍ മുതല്‍ ഇവിടെ കാണണം. എന്താ പറ്റില്ലേ '.

' ഞാന്‍ ഇവിടെ തന്നെ ഉണ്ടാവും ' വേണു സമ്മതിച്ചു.

5 comments:

  1. വളരെ ഉള്ളില്‍ തട്ടുന്നതായി ഈ അധ്യായവും. സഹോദരസ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന ആഖ്യാനരീതി.

    ReplyDelete
  2. ബ്ലോഗ് നോവലെഴുത്ത് വളരെ ശ്രമകമാണ്
    97-യും കടന്ന് ഉടനെ ഇവിടെ വന്നെത്താം.

    ReplyDelete
  3. വായിക്കുന്നുണ്ട് മാഷേ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ആശംസകള്‍.

    ReplyDelete
  4. രാജഗോപാല്‍,

    ജെയിംസ് സണ്ണി പാറ്റൂര്‍,

    ഞാന്‍,

    വളരെ നന്ദി. അടുത്ത അദ്ധ്യായങ്ങള്‍ ഉടന്‍ എത്തും.

    ReplyDelete
  5. ഏടത്തിയും അനിയനും തമ്മിലുള്ള സ്നേഹം... കണ്ണ് നിറഞ്ഞു...

    ReplyDelete