Wednesday, July 14, 2010

നോവല്‍ - അദ്ധ്യായം - 81 .

ഒരു ഡപ്പി നിറയെ മൂക്കുപ്പൊടി വാങ്ങി ഒരു നുള്ളെടുത്ത് വലിച്ച് രാജന്‍ മേനോന്‍ റോഡിലേക്ക് ഇറങ്ങി. ഇടയ്ക്ക് പൊടി
വലിക്കണം. എങ്കിലേ ഒരു ഉന്മേഷം കിട്ടു. വാച്ചില്‍ നോക്കി. സമയം ഒമ്പത് മണി. വേഗം അമ്പലത്തിലെത്തണം. വൃശ്ചികം 
ഒന്നിന്ന് അവിടെ പുനഃ പ്രതിഷ്ഠ നടക്കുകയാണ്. അതിന്ന് മുമ്പ് നൂറ് കൂട്ടം കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. കമ്മിറ്റിക്കാര്‍
എത്തി കഴിഞ്ഞിരിക്കും. നടപ്പിന്ന് വേഗത കൂട്ടി.

വെള്ളപ്പാറ കടവിലേക്കുള്ള പഞ്ചായത്ത് പാത തിരിയുന്ന ഇടത്ത് എത്തിയപ്പോള്‍ പുറകില്‍ ബുള്ളറ്റിന്‍റെ ശബ്ദം കേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ രാധാകൃഷ്ണന്‍.

' ഞാന്‍ അങ്കിളിനെ അന്വേഷിച്ച് ഇറങ്ങിയതാണ് ' അവന്‍ പറഞ്ഞു.

' എന്താ കുട്ടാ വിശേഷിച്ച് ' മേനോന്‍ ചോദിച്ചു.

' എങ്ങിനേയാ പറയേണ്ടത് എന്ന് എനിക്കറിയില്ല ' അവന്‍ പറഞ്ഞു ' അച്ഛന്ന് നല്ല സുഖമില്ല '.

' എന്താ അസുഖം '.

' ഒന്നും തോന്നരുത് അങ്കിള്‍. അച്ഛന്ന് ശരീരത്തിന്നല്ല, മനസ്സിന്നാണ് തകരാറ് '.

' എന്നിട്ട് ഡോക്ടറെ കാണിച്ചില്ലേ '.

' ഇല്ല. എനിക്ക് ഒരു സംശയം തോന്നുന്നതാണ്. ഇതൊക്കെ ആരോടെങ്കിലും പറയാന്‍ ഒക്ക്വോ. എന്താ വേണ്ടതെന്ന്
അങ്കിളിനോട് ചോദിക്കാന്‍ വന്നതാ '.

രാധാകൃഷ്ണന്‍ കാര്യങ്ങള്‍ വിവരിച്ചു. മുത്തശ്ശനെ തനിച്ചാക്കി വീട് വിട്ട് ഇറങ്ങിയ മുതല്‍ക്ക് അച്ഛന്‍റെ മുഖത്ത് ഒരു തെളിച്ചം
ഉള്ളതായി കണ്ടിട്ടില്ല. തിരിച്ച് വീട്ടിലെത്തിയ ശേഷം ആരോടും വര്‍ത്തമാനമില്ല. എപ്പോഴെങ്കിലും മില്ലില്‍ ചെന്ന് തല കാട്ടി തിരിച്ച് പോവും. സദാ സമയം ഒറ്റയ്ക്ക് റൂമില്‍ എന്തെങ്കിലും ആലോചിച്ച് ഇരിക്കുന്നത് കാണാം. വല്ലതും  ചോദിച്ചാല്‍ 
' ഒന്നൂല്യാ 'എന്ന് ഒറ്റ വാക്കിലൊരു മറുപടി പറയും. ആദ്യം ഞാനും അത് അത്ര കാര്യമാക്കിയില്ല. എന്നാല്‍ ഇപ്പോള്‍
എന്തെങ്കിലും ചെയ്തേ പറ്റു എന്ന സ്ഥിതിയായി '.

' പ്രകടമായ തകരാറ് വല്ലതും കാണാനുണ്ടോ '.

' ഉവ്വ്. ഇടയ്ക്ക് കയ്യും കലാശവും കാട്ടി ആരോടോ സംസാരിക്കുന്നത് കാണാം. ' അച്ഛന്‍ ആരോടാ സംസാരിക്കുന്നത് ' എന്ന് ചോദിച്ചാല്‍ പിന്നെ കുറെ നേരം മിണ്ടില്ല. അത് കഴിഞ്ഞാല്‍ വീണ്ടും പഴയ പോലെ തുടങ്ങും '.

' അതിന്‍റെ അര്‍ത്ഥം അല്‍പ്പം ചില തകരാറ് ഉണ്ട് എന്നാണ്. ഇതല്ലാതെ വേറെ ഒന്നും കാണാനില്ലല്ലോ '.

' ഇന്ന് കുടിക്കാന്‍ കൊടുത്ത ചായ ബെഡ്ഡില്‍ ഒഴിച്ചു വെച്ചിരിക്കുന്നു. ' എന്താ കാട്ട്യേത് 'എന്ന് അമ്മ ചോദിച്ചപ്പോള്‍ 'കാറ്റ്
തട്ടി തണുക്കാന്‍ ചെയ്തതാണെന്ന് പറഞ്ഞു '.

' കുട്ടാ. എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കണം. ഒട്ടും മടി പാടില്ല '.

' അങ്കിള്‍ ഒരു ഉപകാരം ചെയ്യണം. അച്ഛനെ ഡോക്ടറെ കാണിക്കാന്‍ ഒന്ന് എന്‍റെ കൂടെ വരണം '.

' എനിക്ക് വരാന്‍ ഒട്ടും വിരോധം ഇല്ല. എന്നാലും വേണ്ടപ്പെട്ട ആരേയെങ്കിലും വിളിക്കണ്ടേ '.

' വേണ്ടപ്പെട്ടവര്‍ എന്ന് പറയാന്‍ എന്‍റെ അമ്മാമന്മാരേ ഉള്ളു. അവര് തീരെ വേണ്ടാ. നല്ല കാലത്ത് തന്നെ അവറ്റകള്‍ക്ക് അച്ഛനെ പുച്ഛമാണ് '.

' പെങ്ങളെ അറിയിച്ചോ '.

' ഇല്ല. വല്ല മരുന്നും കഴിച്ച് പെട്ടെന്ന് രോഗം മാറ്റിയാലും ഈ സുഖക്കേട് വന്നൂ എന്നറിഞ്ഞാല്‍ പിന്നീട് ആ രീതിയിലേ
അവളുടെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ കാണൂ '.

' അമ്മ എന്താ പറയുന്നത് '.

' ആദ്യമൊക്കെ അച്ഛന്‍ വെറുതെ കാട്ടി കൂട്ടുന്നതാണെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ മുത്തശ്ശന്‍ മന്ത്രവാദം ചെയ്തിട്ടാണ് രോഗം
വന്നത് എന്നായി. മേലാല്‍ എന്തെങ്കിലും പറഞ്ഞാല്‍ ആട്ടി വെളിയിലാക്കും എന്ന് ഞാന്‍ ഭീഷണിപ്പെടുത്തിയിരിക്കുകയാണ് '.

' അച്ഛന്‍റെ കൂട്ടുകാര്‍ '.

' അച്ഛന്‍റെ ഉറ്റ സുഹൃത്ത് സുകുമാരന്‍റെ അച്ഛനാണ്. പക്ഷെ തല്‍ക്കാലം അവരെയൊന്നും ഈ കാര്യം അറിയിക്കരുത് എന്നാണ്
വിചാരിക്കുന്നത്. അവരത് കൊട്ടിപ്പാടി നടന്ന് മാനക്കേട് ആവണ്ടല്ലോ. പരിചയപ്പെട്ട മുതല്‍ക്ക് അങ്കിളിനെ നല്ലത് മാത്രം പറഞ്ഞു
തരുന്ന ഒരു രക്ഷിതാവ് ആയിട്ടാണ് ഞാന്‍ കാണുന്നത്. അങ്കിള്‍ വരുന്നതാ എനിക്കിഷ്ടം. '.

' ശരി. ഞാന്‍ വരാം. എപ്പോഴാ പോവേണ്ടത് '.

' ഇന്ന് വൈകുന്നേരത്തേക്ക് ബുക്ക് ചെയ്യാം. അങ്കിള്‍ മൂന്ന് മണിയാവുമ്പോഴേക്കും വീട്ടില്‍ എത്തിയാല്‍ മതി '.

രാജന്‍ മേനോന്‍ സമ്മതിച്ചു. രാധാകൃഷ്ണന്‍ തിരിച്ചു പോയി. അമ്പലത്തിലേക്ക് നടക്കുമ്പോള്‍ ഈ കാര്യം മാത്രമായിരുന്നു മനസ്സില്‍. തന്‍റെ സങ്കടങ്ങള്‍ തുറന്ന് പറയാന്‍ വേലായുധന്‍ കുട്ടിക്ക് ആരും ഇല്ലാതായി. അതു കൊണ്ട് തന്നെ കടുത്ത കുറ്റ
ബോധം മനസ്സില്‍ സൂക്ഷിച്ചു. ഒടുവില്‍ അത് കടുത്ത വിഷാദരോഗത്തിലേക്ക് എത്തിച്ചിരിക്കുന്നു.

കുപ്പന്‍കുട്ടി എഴുത്തശ്ശനോട് വസ്തുതകള്‍ പറഞ്ഞ് ഇരുകൂട്ടരേയും രമ്യതയില്‍ എത്തിക്കണ്ടേ എന്ന തോന്നല്‍ മനസ്സില്‍ ഉദിച്ചു.
അതോടൊപ്പം മാധവിയുടെ മനോഭാവത്തെ കുറിച്ച് രാധാകൃഷ്ണന്‍ പറഞ്ഞ വാക്കുകളും ഓര്‍മ്മയിലെത്തി. പ്രശ്നം പരിഹരിക്കാന്‍
ശ്രമിച്ച് കൂടുതല്‍ സങ്കീര്‍ണ്ണമായാലോ എന്ന സംശയം ഉടലെടുത്തു. എന്ത് ചെയ്യണം എന്നറിയാതെ ധര്‍മ്മ സങ്കടത്തിലായി അയാള്‍.

വെള്ളപ്പാറ കടവ് കടന്ന് മേനോന്‍ പുഴയിലിറങ്ങി. തണുത്ത വെള്ളത്തില്‍ കയ്യും കാലും മുഖവും കഴുകി. പടിഞ്ഞാറോട്ട് തിരിഞ്ഞ് ' ഭഗവാനേ, നല്ലത് വരുത്തണേ ' എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

*****************************************

' നാളെ പുലര്‍ച്ചെ എനിക്ക് എറണാകുളം വരെ ഒന്ന് പോവാനുണ്ട് ' അത്താഴം കഴിഞ്ഞ ശേഷം ഉമ്മറത്ത് ഇരിക്കുമ്പോള്‍ കിട്ടുണ്ണി പറഞ്ഞു.

' അപ്പൊ ഉച്ചക്ക് ഉണ്ണാനുണ്ടാവില്ലാ '.

' സന്ധ്യ ആവുമ്പോഴേക്കെ എത്തു '.

' അത് നന്നായി. നാളെ ശനിയാഴ്ച അയ്യപ്പന്‍റെ ആഴ്ചയാണ്. എനിക്ക് രാവിലെ അയ്യപ്പന്‍ കാവില്‍ ചെന്ന് തൊഴണം. അടുത്ത മാസം ഒന്നാം തിയ്യതി മുതല്‍ പ്രതിഷ്ഠ ചടങ്ങുകളാണത്രേ. അപ്പോള്‍ തിരക്കാവും. നിങ്ങള് പോവുണൂച്ചാല്‍ ചോറ് വെക്കുന്ന
പണി ഇത്തിരി വൈകി ചെയ്താലും മതിയല്ലോ '.

' എവിടേക്ക് പോണൂന്നാ പറഞ്ഞത് '.

' അയ്യപ്പന്‍ കാവിലേക്ക് '.

' വേണ്ടാ ' കിട്ടുണ്ണിയുടെ മറുപടി പെട്ടെന്നായിരുന്നു.

' അതെന്താ '.

' എനിക്ക് ഇഷ്ടമല്ല. അതന്നേ '.

' നിങ്ങള്‍ക്ക് ഇഷ്ടം ഇല്ലാച്ചാല്‍ നിങ്ങള് പോണ്ടാ. എനിക്ക് എന്തായാലും തൊഴുകണം '.

' പാടില്യാന്നല്ലേ പറഞ്ഞത് '.

' ഇക്കണ്ട കാലം മുഴുവന്‍ നിങ്ങള് പറഞ്ഞത് അനുസരിച്ചിട്ടേയുള്ളു. എന്‍റെ മനസ്സില്‍ എന്താണ് എന്ന് നിങ്ങള് ഇന്നേവരെ
നോക്കീട്ടില്ല '.

' ഇനിയുള്ള കാലത്തും  അത് പോലെ തന്നെ മതി '.

' അത് പറ്റില്ല. എനിക്കും ചില മോഹങ്ങളൊക്കെയുണ്ട്. കൂട്ടിലിട്ട കിളിയൊന്നുമല്ലല്ലോ ഞാന്‍ '.

' ആണിന്‍റെ കൂടെ കഴിയുമ്പോള്‍ അങ്ങിനെ കഴിയണ്ടി വരും '.

' ഈ കാര്യത്തില്‍ എന്നെ നിര്‍ബന്ധിക്കണ്ടാ. അവിടെ ചെന്ന് തൊഴുത് നീരാഞ്ജനം കഴിപ്പിക്കാന്ന് ഞാന്‍ നേര്‍ന്നതാണ് '.

' വഴിപാടിന്‍റെ പണം ആരുടേയെങ്കിലും കയ്യില്‍ കൊടുത്തയച്ചോളൂ. ഞാന്‍ വിരോധം പറയില്ല. പക്ഷെ ഞാന്‍ ചെല്ലാത്ത ദിക്കിലേക്ക് ചെല്ലരുത് '.

' ഞാന്‍ പറഞ്ഞല്ലോ, തല പോയാലും ശരി ഞാന്‍ പോവും '.

' എങ്കില്‍ പിന്നെ ഇവിടെ എന്‍റെ കൂടെ കഴിയാന്ന് കരുതണ്ടാ '.

' എനിക്ക് അങ്ങിനെ കഴിയണം എന്ന് ഒട്ടു നിര്‍ബന്ധൂം  ഇല്ല '.

രാധ എഴുന്നേറ്റ് പോയി.

7 comments:

  1. ഇടകൊന്നു മുടങ്ങി; തിരക്കു കാരണം. വീണ്ടും വായിക്കുന്നു......

    ReplyDelete
  2. സന്തോഷം. ഒഴിവ് കിട്ടുന്ന സമയത്ത് വായിക്കൂ.

    ReplyDelete
  3. ആദ്യമായാണ്‌ ഇവിടെ. എഴുത്തശ്ശന്‍ എന്ന് കണ്ടപ്പോള്‍ ഒരു ആകാംഷ..
    ആശംസകള്‍.

    ReplyDelete
  4. നന്ദി. വായിച്ച് നോക്കൂ.

    ReplyDelete
  5. ഇങ്ങനെയൊരു സംരംഭം ഉള്ളതായി അറിയാന്‍ വൈകി. ഇനി ശ്രദ്ധിക്കുന്നുണ്ട്.

    ReplyDelete
  6. ശ്രി. കുമാരന്‍,

    നന്ദി. വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കണേ.

    ReplyDelete
  7. ezhuthassante veettile kuzhappangal neengumo thudarumo...

    ReplyDelete