Monday, June 14, 2010

ഓര്‍മ്മത്തെറ്റ് പോലെ ( നോവല്‍ ) - അദ്ധ്യായം -70.

' അളിയനെ കാര്യായിട്ട് പോയി ക്ഷണിച്ചല്ലോ. എന്നിട്ട് എന്തായി ' വക്കീല്‍ വന്നതും പത്മിനി പറഞ്ഞു.

' എന്താ സംഗതി ' അദ്ദേഹം ചോദിച്ചു.

' ജാത്യാലുള്ളത് തൊടച്ചാല്‍ പോവ്വോ '.

' താന്‍ കാര്യം പറയൂ '.

കിട്ടുണ്ണി വന്നതും സംസാരിച്ച് മുഷിഞ്ഞ് ഇറങ്ങി പോയതും പത്മിനി വിവരിച്ചു.

' എന്‍റെ മനസ്സ് പോലെ തന്നെ ആയി. ആ കുരുത്തംകെട്ടോന്‍റെ മുഖദര്‍ശനം വേണ്ടാന്ന് കരുതിയിരുന്നതാ ഞാന്‍. അങ്ങിനെ
തന്നെ വന്നു '.

' കുടിക്കാന്‍ എന്തെങ്കിലും കൊടുക്കായിരുന്നില്ലേ '.

' ചൂലും കെട്ടോണ്ട് രണ്ട് കൊടുക്ക്വാ വേണ്ടീര്‍ന്നത്. ഞാന്‍ അത് ചെയ്തില്ല '.

' ഇനി നാട് നീളെ അതും പറഞ്ഞോണ്ട് നടക്കും '.

' നാട്ടുകാര്‍ക്ക് അറിയാത്തതാ അവന്‍റെ സ്വഭാവം '.

' വേണൂനെ വല്ലതും പറയ്വോ ആ വിദ്വാന്‍ '.

' അവന്‍റെ വായില് നാവില്ലേ തിരിച്ച് പറയാന്‍ '.

' നല്ല കഥ . ആ മഹാന്‍ ഇന്നേവരെ ഒരാളെ വല്ലതും പറഞ്ഞതായി കേട്ടിട്ടുണ്ടോ '.

' അവനെ ഇതില്‍ കൂട്ടി കെട്ട്യാല്‍ ഞാന്‍ ചെന്ന് നന്നായിട്ട് നാല് പറയും. എനിക്ക് പേടി ഒന്നൂല്യാ '.

' അതൊന്നും വേണ്ടി വരില്ല. ഒരു ചൂടിന് ഇറങ്ങി പോയീന്നേ ഉള്ളു. അയാള്‍ വരും , വരാതിരിക്കില്ല '.

' വിശ്വേട്ടന്‍ അതും കണക്കാക്കി ഇരുന്നോളൂ. എവിടെ കൊസ്രാക്കൊള്ളി ഉണ്ടാക്കണം എന്ന് നോക്കി നടക്കുന്നോനാ അവന്‍ '.

' ആകാശം വീഴുന്നൂന്ന് കേള്‍ക്കുമ്പോഴേക്കും ഉണ്ണിത്തണ്ടും കൊണ്ട് മുട്ട് കൊടുക്കാന്‍ പോണോ. അയാള്‍ എന്താ ചെയ്യാ
എന്ന് നോക്കാലോ ' എന്നും പറഞ്ഞ് വക്കീല്‍ ആ സംഭാഷണം അവസാനിപ്പിച്ചു.

****************************************************

കള വലിക്കാന്‍ തുടങ്ങി. കാലത്ത് പത്തും പതിനഞ്ചും സ്ത്രീകളടങ്ങുന്ന സംഘങ്ങള്‍ പുഴ കടന്ന് വരും. വെള്ളപ്പാറയിലിരുന്ന് ആ വഴി ചെല്ലുന്ന പെണ്ണുങ്ങളോടെല്ലാം മായന്‍ കുട്ടി കുശലം ചോദിക്കും. ഏറ്റവും ഒടുവില്‍ എത്തുന്ന കൂട്ടരോടൊപ്പം അവനും നടക്കും.

' ഏടത്ത്യേ. ആരക്കെങ്കിലും മുറുക്കാന്‍ വാങ്ങണച്ചാല്‍ പറഞ്ഞോളിന്‍ . ഞാന്‍ പോയി വാങ്ങീട്ട് വരാം ' തന്‍റെ സേവന സന്നദ്ധത അവന്‍ വെളിപ്പെടുത്തും.

' വെളിച്ചാമ്പൊ തന്നെ മുറുക്ക്വേ. പാടത്തിറങ്ങി കള വലിക്കാന്‍ തുടങ്ങീട്ടില്ല. അതിന്ന് മുമ്പ് മെനക്കെടാന്‍ നിന്നാല്‍ ആട്ട്
കേള്‍ക്കും. ചായയ്ക്ക് പോവുമ്പൊ വാങ്ങാലോ '.

' അപ്പൊ ഞാന്‍ എന്താ ചെയ്യണ്ട് '.

' നീ മുണ്ടാണ്ടെ അവിടെ കുത്തിരുന്നോ. അല്ലച്ചാല്‍ ചേരിന്‍റെ ചോട്ടില്‍ ചെന്ന് കെടന്നോ '.

' മോള്‍ പാടത്ത് പെണ്ണുങ്ങള് കളവലിക്കുണുണ്ട്. ഞാന്‍ അങ്ങിട്ട് പോട്ടെ '.

' എന്തോ ചെയ്യ് '.

' ചായ കുടിക്കാന്‍ പോകുമ്പൊ എന്നീം വിളിക്കണം '.

' അതൊന്നും പറ്റില്ല. നീ സമയത്തിന് വന്നാല്‍ ചായീം കടീം വങ്ങി തരും '.

' ഞാന്‍ ദാ ഇപ്പൊ എത്തും '. മായന്‍ കുട്ടി അതും പറഞ്ഞ് പുറപ്പെട്ടു.

' ആ പൊട്ടചെക്കന്‍ എന്താ പറഞ്ഞോണ്ടിരുന്നത് ' എന്നും ചോദിച്ച് ചാമി എത്തി.

' മുറുക്കാന്‍ വാങ്ങീട്ട് വരണോന്ന് ചോദിച്ചതാ ' ഒരുവള്‍ പറഞ്ഞു.

' അല്ലെങ്കിലും അവന് പെണ്ണുങ്ങളുടെ അടുത്ത് നിക്കാനാ ഇഷ്ടം '.

' നിങ്ങള് ആണുങ്ങള് അവനെ വേണ്ടാണ്ടെ വക്കാണിക്കും. അതന്നെ നിങ്ങടെ അടുത്ത് വരാത്തത് '.

' അതൊന്ന്വോല്ലാ. പ്രാന്തനാണച്ചാലും പ്രായം അതല്ലേ. പെണ്ണുങ്ങളോട് ഇഷ്ടം കാണും '.

' നീ വേണ്ടാത്ത ഓരോന്ന് പറയാതെ കണ്ട് പോ ' പ്രായം ചെന്ന വള്ളിക്കുട്ടി ചാമിയെ ശാസിച്ചു.

********************************************************
' മേനോന്‍ സ്വാമീ, എനിക്ക് ഒരു കാര്യം പറയാനുണ്ട് ' അമ്പലത്തില്‍ നിന്ന് കളപ്പുരയിലേക്ക് നടക്കുമ്പോള്‍ വേണു പറഞ്ഞു. എഴുത്തശ്ശന്‍ നേരത്തെ പോയിരുന്നു.

' എന്താ വേണൂ '.

' എന്‍റെ മനസ്സില്‍ തോന്നിയ ശങ്കയാണ്. ഉറപ്പ് പറയാന്‍ പറ്റില്ല. ചിലപ്പോള്‍ വെറും തോന്നലാണെങ്കിലോ '.

' എന്തായാലും പറയൂ '.

' നമ്മുടെ അമ്മമടെ മനസ്സില്‍ എന്തോ ഉണ്ട് '.

' എന്താദ് '.

' മകനെ കാണണം ന്ന് മൂപ്പരുടെ മനസ്സില്‍ മോഹം ഉണ്ടോ എന്നൊരു സംശയം '.

എന്‍റെ ഈശ്വരാ ' മേനോന്‍ പറഞ്ഞു ' ഭഗവാന്‍റെ ലീലാവിലാസം എന്നല്ലാതെ എന്താ ഞാന്‍ പറയണ്ട് '.

ഇത്തവണ വേണുവിനായി ആകാംക്ഷ. ' എന്തേ അങ്ങിനെ പറയാന്‍ ' അയാള്‍ ചോദിച്ചു.

' വേറൊരാള്‍ക്കും ഇതുപോലത്തെ മോഹം ഉണ്ട്. എങ്ങിനെ തുടങ്ങണം എന്നറിയാതെ ഇരിക്ക്യായിരുന്നു '.

' ആരാ അത് '.

'വേറെ ആരും അല്ല. മൂപ്പരുടെ പേരമകന്‍ തന്നെ '.

രാധാകൃഷ്ണന്ന് മനസ്സില്‍ കുറ്റബോധം ഉള്ളതും എഴുത്തശ്ശനെ കാണണമെന്ന് ആഗ്രഹിച്ചിരിക്കുന്നതും അറിഞ്ഞ വേണുവിന് ഉള്ള്
നിറഞ്ഞു.

' അമ്മാമയെ വീട്ടില്‍ നിന്ന് ഇറക്കാന്‍ മുമ്പനായി നിന്നത് ആ കുട്ടിയാണെന്നാണല്ലോ കേട്ടിട്ടുള്ളത് '.

' അല്ലാന്ന് ആരാ പറഞ്ഞത്. മനുഷ്യന്‍റെ മനസ്സിന്ന് മാറ്റം വരാന്‍ പാടില്ലാ എന്നുണ്ടോ '.

' ചെറുപ്പം മുതല്‍ക്കേ ഉണ്ടായിരുന്ന മനോഭാവം അത്ര പെട്ടെന്ന് മാറാന്‍ കഴിയ്യോ '.

' പെട്ടെന്നൊന്നും അല്ല. ഒരു പാട് ഉപദേശിച്ചിട്ടാ മാറ്റം ഉണ്ടായത് '.

രാജന്‍ മേനോന്‍റെ വീടിനടുത്തുള്ള കലുങ്ക് പുതുക്കി പണിതത് രാധാകൃഷ്ണനായിരുന്നു. അതിന്ന് കൊണ്ടു വന്ന കമ്പിയും സിമന്‍റും
എഴുത്തശ്ശനുമായുള്ള ബന്ധം അറിഞ്ഞതോടെ പൊട്ടിപ്പോയ ഇഴകള്‍ കോര്‍ക്കണമെന്ന് ഒരു മോഹം തോന്നി. അതിന്നായി ശ്രമിച്ചു.
ഫലം ഏതാണ്ട് ഉറപ്പായി.

' അവന്‍റെ മനസ്സ് മാറ്റാന്‍ കുറെ കഷ്ടപ്പെട്ടു അല്ലേ '.

' ഏയ്. അങ്ങിനെയൊന്നും ഇല്ല. എല്ലാ മനുഷ്യരും സ്വതവെ നല്ലവരാണെന്ന് ഞാന്‍ എപ്പോഴും പറയാറില്ലേ. സാഹചര്യമാണ് കേട് വരുത്തുന്നത്. വേണ്ടാത്തത് പറഞ്ഞു കൊടുക്കുന്ന കൂട്ടുകെട്ടാണ് അവന്‍റേത്. സ്വന്തം വീട്ടിലും നല്ലത് ചൊല്ലി കൊടുക്കാന്‍
ആളില്ല. അതൊക്കെയാണ് ആ കുട്ടിടെ ഭാഗത്ത് തെറ്റ് പറ്റാന്‍ കാരണം '.

' എന്നിട്ട് ഇപ്പൊ മാറ്റം വന്ന്വോ '.

' പിന്നെല്ലാണ്ട്. എണ്‍പത്താറാമത്തെ വയസ്സിലും ആണത്തത്തോടെ ഒറ്റയ്ക്ക് കഴിയാന്‍ തന്‍റേടം കാണിച്ച മുത്തശ്ശനെ ആദരിക്കുകയാണ് വേണ്ടതെന്ന് അവനെ ബോദ്ധ്യപ്പെടുത്തി. അയാള്‍ കഷ്ടപ്പെടുന്നത് തനിക്ക് വേണ്ടി സമ്പാദിക്കാനാണെന്ന് ഓര്‍ക്കാന്‍ 
ഞാന്‍ അവനെ പഠിപ്പിച്ചു. മുത്തശ്ശനെ ചെന്നു കണ്ട് കാല്‍ക്കല്‍ വീണ് മാപ്പ് ചോദിക്കണം എന്നും പറഞ്ഞ് നടപ്പാണ് ഇപ്പോള്‍ '.

' പിന്നെന്തേ ഇതുവരെ അലോഹ്യം തീര്‍ക്കാന്‍ ശ്രമിച്ചില്ലാ '.

' അമ്മാമടെ മനസ്സിലിരുപ്പ് അറിയില്ലല്ലോ. നല്ല വീറും വാശിയും ഉള്ള ആളാണ്. എതിരു പറഞ്ഞാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല.
അതുകൊണ്ട് അനങ്ങാതിരുന്നു '.

' അമ്മാമയുടെ മനസ്സ് അറിഞ്ഞില്ലേ. ഇനി പേരക്കുട്ടിയെ കൂട്ടിക്കോണ്ട് വന്നൂടേ '.

' വരട്ടെ. നല്ലോണം ഊതി പഴുപ്പിച്ചാലേ പൊന്നിന് തിളക്കം കിട്ടൂ. സ്നേഹത്തിന്‍റെ കാര്യത്തിലും അത് ശരിയാണ് '.

' എപ്പഴാ പറ്റിയ സമയം '.

' മണ്ഡലം തുടങ്ങുമ്പോള്‍ മലയ്ക്ക് മാല ഇടാന്‍ തൂടങ്ങും. ആ കുട്ടിക്കും എന്‍റെ കൂടെ വരണം എന്നുണ്ട്. ആ സമയത്ത്
അമ്പലത്തിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ഒന്നിപ്പിക്കാം '.

അത് മതിയെന്ന് വേണുവും സമ്മതിച്ചു.

2 comments:

  1. വായനതുടരുന്നു

    ReplyDelete
  2. നല്ലോണം ഊതി പഴുപ്പിച്ചാലേ പൊന്നിന് തിളക്കം കിട്ടൂ. സ്നേഹത്തിന്‍റെ കാര്യത്തിലും അത് ശരിയാണ് '.
    shariyaaya upama

    ReplyDelete