Monday, June 14, 2010

ഓര്‍മ്മത്തെറ്റ് പോലെ ( നോവല്‍ ) - അദ്ധ്യായം - 69.

വിശ്വനാഥന്‍ വക്കീല്‍ കോടതിയിലേക്ക് പോയി കഴിഞ്ഞ ശേഷമാണ് കിട്ടുണ്ണി എത്തിയത്. കോളിങ്ങ് ബെല്ലിന്‍റെ ശബ്ദം കേട്ടു വന്ന
പണിക്കാരിക്ക് ആളെ മനസ്സിലായില്ല.

' ആരാ ' അവള്‍ ചോദിച്ചു.

' ഇവിടുത്തെ ആളന്നെ. കൂടെ പിറന്നോന്‍ കാണാന്‍ വന്നിട്ടുണ്ടെന്ന് അകത്ത് ചെന്ന് പറ '.

അവള്‍ പോയി അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ പത്മിനി കടന്നു വന്നു. ഉമ്മറത്തെ ചാരു കസേരയില്‍ കിട്ടുണ്ണി ചാരി കിടക്കുകയാണ്.
പത്മിനിയുടെ മുഖത്ത് ഒട്ടും വെളിച്ചം തോന്നിയില്ല.

' വക്കീലേട്ടനെവിടെ ' കിട്ടുണ്ണി ചോദിച്ചു.

' കോടതിയിലേക്ക് പോയി '.

' ഇന്നലെ എന്നെ കാണാന്‍ വന്നിരുന്നു. നിശ്ചയത്തിനെ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാന്‍ ഞാന്‍ ഇന്ന് വരാമെന്ന് ഏറ്റത്താണ്.
കാത്തിരിക്കുമെന്ന് കരുതി '.

' എന്നോടൊന്നും പറഞ്ഞില്ല '.

' ആരേയൊക്കെ വിളിച്ചു . ഇനി ആരേയെല്ലാം വിളിക്കാനുണ്ട് എന്നൊക്കെ വല്ല നിശ്ചയം ഉണ്ടോ '.

' എനിക്കതൊന്നും അറിയില്ല. ആണുങ്ങള്‍ ചെയ്യേണ്ട കാര്യത്തില്‍ ഞാന്‍ ഇടപെടാറില്ല '.

' ഞാന്‍ എന്തെങ്കിലും ചെയ്യാനുണ്ടോ '.

' വിശ്വേട്ടനോട് ചോദിക്കണം '.

' പിന്നെ ഒരു കാര്യം ആദ്യം തന്നെ പറയാം. അമ്മാമന്‍റെ സ്ഥാനത്ത് ഞാന്‍ ആണ് വേണ്ടതെങ്കില്‍ മറ്റാരും ആ നിലയ്ക്ക്
നില്‍ക്കരുത് '.

' എന്താ അങ്ങിനെ പറയാന്‍ '.

' ഇന്നലെ തന്നെ വക്കീലേട്ടന്‍ അയാളെ കൂട്ടീട്ടാ വന്നത്. നമ്മള് ആങ്ങളയും പെങ്ങളും ഒന്നാവുന്നത് ആ മൂപ്പരുക്ക് സഹിക്കില്ല '.

' വേണുവിനെ കുറിച്ചാണോ പറഞ്ഞത് '.

' അതേന്നന്നെ കൂട്ടിക്കോളൂ '.

' എന്നാലേ അവനെ ഒഴിവാക്കി എനിക്ക് ഒരുത്തന്‍റെ ബന്ധൂം വേണ്ടാ '.

' അപ്പൊ ആരാ ഒരേ വയറ്റില്‍ കിടന്ന് പിറന്നത് '.

' ഒരു വയറ്റില്‍ കിടന്നത് അത്ര വലിയ കാര്യായിട്ട് എനിക്ക് തോന്നുണില്ല. സ്നേഹം കൊണ്ട് നോക്കിയാല്‍ അവനാണ് എന്‍റെ കൂടപ്പിറപ്പ് '.

' പിന്നെ എന്നെ വിളിച്ചത് '.

' മാലോകരെ ബോധിപ്പിക്കാന്‍ '.

' അതിന്ന് നിങ്ങള് വേറെ ആളെ നോക്കിക്കോളിന്‍ ' കിട്ടുണ്ണി ഇറങ്ങി നടന്നു.

****************************************************************************

' അമ്മാമ വണ്ടിയും കാളയും കൊടുക്കുന്നൂന്ന് കേട്ടു ' വേണു എഴുത്തശ്ശനോട് ചോദിച്ചു.

' നമ്മടെ ചാമി ചോദിച്ചു. ഒന്നാലോചിച്ചാല്‍ കൊടുക്കുന്നതാ നല്ലതെന്ന് എനിക്കും തോന്നി '.

' അതെന്താ അമ്മാമേ. ഇതൊന്നും  വില്‍ക്കാന്‍ പറ്റില്ല എന്ന് വെച്ചിട്ടല്ലേ വീട് വിട്ട് ഇറങ്ങിയത് '.

' അതൊക്കെ ശരിയാണ്. എന്നാലും '.

' എന്തേ '.

' നിന്നോട് പറയാണ്ടിരിക്കാന്‍ പറ്റില്ല. പ്രായം ഒക്കെ ആയി. കുറച്ചായിട്ട് മുമ്പത്തെപോലെ ഒന്നിനും വയ്യാ. ചാമിടെ സഹായം
ഉള്ളതോണ്ടാ മൂരികളെ കഴുകുന്നതും കെട്ടുന്നതും '.

' പെട്ടെന്നെന്താ ഇങ്ങിനെ വയ്യാതായീന്ന് തോന്നാന്‍ '.

' മുമ്പൊക്കെ നോല്‍മ്പ് എടുക്കുന്ന മാതിരിയാണ് ആഹാരം. കാലത്താച്ചാല്‍  വെള്ളച്ചോറ്. ഉച്ചയ്ക്ക് കഞ്ഞി. രാത്രിക്ക് അതിന്‍റെ
ബാക്കി വന്നത്. കൂട്ടനൊന്നും കിട്ടീന്ന് വരില്ലാ. രണ്ട് കല്ല് ഉപ്പിട്ട് ഒരു മുളകും കൂട്ടി അത് കഴിക്കും. പകലന്ത്യോളം പൊരിഞ്ഞ
പണി. അതോണ്ട് എന്താ, ദേഹത്ത് കൊഴുപ്പ് ഒട്ടും നിക്കില്ലാ. ഇപ്പൊ അതാണോ. ആ പെണ്‍കുട്ടി നന്നായി ഉണ്ടാക്കി കൊടുത്തയയ്ക്കും. വായക്ക് രുചി തോന്നുന്നതോണ്ട് വാരി വലിച്ച് തിന്നും. നടപ്പും പണീം കുറയും ചെയ്തു '.

' നാല് ദിവസം നല്ലോണം നടന്നാല്‍ തീരുന്ന കൊഴുപ്പേ കാണൂ '.

' കഷ്ടപ്പെട്ട് ആരക്കാ സമ്പാദിക്കുന്നത് എന്ന തോന്നല്‍ വന്നപ്പോള്‍ പണി ചെയ്യാനും മടി വന്നു. നമുക്ക് ആരെങ്കിലും ഉണ്ട്, അവരുക്ക് വല്ലതും ഉണ്ടാക്കണം എന്ന നെനവ് ഉണ്ടെങ്കിലല്ലേ ഒരു ഉഷാറ് തോന്നൂ '.

' എന്താ അമ്മാമക്ക് മകനെ കാണണംന്ന് തോന്നുന്നുണ്ടോ '.

' ഏയ്. ഇങ്ങോട്ടില്ലാച്ചാല്‍ പിന്നെ അങ്ങോട്ട് എന്തിനാ. എങ്കിലും മനുഷ്യനല്ലേ. ചിലപ്പോഴൊക്കെ ഓരോന്ന് ആലോചിക്കും '.

' അമ്മാമ സമ്മതിച്ചാല്‍ ഞാന്‍ വേലായുധന്‍കുട്ടിയെ കണ്ട് സംസാരിക്കാം '.

' അതൊന്നും വേണ്ടാ. കോപിച്ച് വീട്ടിന്ന് ഇറങ്ങി പോയിട്ട് എന്തായീ , ഗതി കെട്ടിട്ട് മടങ്ങി വന്നില്ലേ എന്ന് പറയിക്കണോ. എനിക്ക് അവരാരും വേണ്ടാ. നിങ്ങളോക്കെ ഇല്ലേ കൂട്ടത്തില് '.

' വണ്ടീം കാളയും വിറ്റിട്ട് പുതിയ സവാരി വണ്ടി വാങ്ങുന്നൂന്ന് ചാമി പറഞ്ഞു '.

' അവന്‍ പറഞ്ഞപ്പൊ വേണ്ടാന്ന് പറഞ്ഞില്ലാന്നേ ഉള്ളൂ. അതൊന്നും വാങ്ങില്ല '.

' പിന്നെ ഇത് വിറ്റിട്ട് '.

' ആ കാശ് അമ്പല നടയ്ക്കല്‍ വെക്കും. ഇനി ഈ ജന്മത്ത് ഒരു മോഹം ഇല്ല '.

' പിന്നെന്താ അമ്മാമടെ ഉള്ളിലുള്ളത് '.

' ഇന്നലെ നാണു നായരുടെ വീട്ടിന്ന് വരുമ്പൊ ഞാന്‍ പറഞ്ഞത് വെറുതെയല്ല. ആ കുട്ടിക്ക് കുറച്ച് സ്ഥലം കൊടുക്കണം. അതെന്‍റെ
മോഹാണ്. ഒരു കളപ്പുര ഉണ്ടാക്കണംന്ന് വെച്ച് ഒരു തുണ്ട് സ്ഥലം കുറെ മുമ്പ് പണം കൊടുത്ത് എന്‍റെ പേരില്‍ വാങ്ങി. ഈ
കാണുന്ന ബാക്കി ഭൂമിയൊക്കെ കാശും പണൂം കൊടുത്തിട്ട് വാങ്ങിയതല്ല. വെറുതെ കിട്ടുമ്പോലെ കിട്ടി. വീട്ടിന്ന് ഇറങ്ങിയ കാലത്ത് ഈ സ്ഥലം മുഴുവന്‍ അവര്‍ക്ക് കൊടുക്കണമെന്ന് കരുത്യേതാ. അന്ന് നായര് സമ്മതിച്ചില്ല. ഇപ്പൊ അവര്‍ക്ക് കേറി കിടക്കാന്‍ ഇടം ഇല്ല. ചെറുങ്ങനെ ഒരു പുര വെച്ച് കെട്ടീട്ട് കൂടിക്കോട്ടെ '.

വേണുവിന്‍റെ മനസ്സില്‍ ആഹ്ലാദം തോന്നി. കഷ്ടപ്പാടില്‍ അവരെ സഹായിക്കാന്‍ ഒരാളെങ്കിലും മുന്നോട്ട് വന്നല്ലോ.

' അത് നന്നായി. ഞാന്‍ കളപ്പുര അവര്‍ക്ക് ഒഴിഞ്ഞു കൊടുക്കണം എന്ന് കരുതിയതാ. നമുക്ക് ഏത് പീടികതിണ്ണയിലും
കിടക്കാലോ '.

' ഒരു കണക്കിന്ന് ഇതൊക്കെ നിങ്ങടെ മുതലാണ്. തറവാട് വക സ്ഥലം പാട്ടത്തിന്ന് കിട്ട്യേതാ. നിയമം മാറിയപ്പൊ എന്‍റെ
കൈവശത്തിലായി. പണം കൊടുത്ത് വങ്ങിച്ചത് കിട്ടുണ്ണ്യാരുടെ അമ്മടേന്നാ. അതും എന്‍റെ കൈവശം ഉണ്ടായിരുന്നതന്ന്യാ.
നിയമം വരും മുമ്പാ അത് വാങ്ങീത്. അതാ നമ്മളുടെ മുമ്പറത്തെ തൊടി '.

' എന്നാലും അമ്മാമക്ക് നല്ല മനസ്സ് ഉള്ളതോണ്ടാ കൊടുക്കാന്‍ തോന്നുന്നത് '.

' നീ ഒരു ഉപകാരം ചെയ്യണം. വിശ്വനാഥന്‍ വക്കീലിനോട് ഈ കാര്യം ഒന്ന് അന്വേഷിക്കണം. നാളെ മേലാല്‍ അവര്‍ക്ക് ഒരു
പൊല്ലാപ്പ് ഉണ്ടാവരുത്. അത് കഴിഞ്ഞ് നമ്മടെ സ്വാമിനാഥനോട് പറഞ്ഞ് എന്തെങ്കിലും ഒന്ന് വെച്ച് കെട്ടി കൊടുക്കണം . നമ്മള് പറഞ്ഞാല്‍ ലാഭം ഒന്നും നോക്കാതെ ചെയ്തു തരും . മനസ്സലിവ് ഉള്ള ആളാ അവന്‍ '.

ആ കാര്യത്തില്‍ താന്‍ വേണ്ടത് ചെയ്തോളാമെന്ന് വേണു ഉറപ്പ് നല്‍കി.

' ഞാന്‍ പറഞ്ഞ നമ്മടെ മുമ്പറത്തെ തൊടി പെണ്‍കുട്ടിടെ പേരില് എഴുതണംന്നാ മോഹം. സ്ഥലം ഇത്തിരി കമ്മ്യാണ്. പത്തിരുപത് സെന്‍റേ ഉണ്ടാവുള്ളു. എന്നാലും മൂന്ന് നാല് മൂച്ചീം ഒരു പ്ലാവും പുളീം എട്ടു പത്ത് തെങ്ങും ഒക്കെ ആയി ഒരു വീടിന്ന് വേണ്ടതൊക്കെ അതിലുണ്ട്. അതല്ലാ ഇനി കുറെ കൂടി സ്ഥലം അവര്‍ക്ക് വേണച്ചാലോ പൊറ്റക്കണ്ടത്തിന്ന് എടുത്തോട്ടെ.
പക്ഷെ അതില് അനുഭവം ഒന്നും ഇല്യാ '.

' ആദ്യത്തേതാ നല്ലത്. നമ്മള് രണ്ട് കൂട്ടരും അയല് ഉണ്ടല്ലോ. പിന്നെ കൂടുതല്‍ സ്ഥലം കിട്ടീട്ട് അവര്‍ക്ക് എന്താ കാര്യം .
നോക്കി നടത്താന്‍ ആള് വേണ്ടേ. പക്ഷെ എനിക്കതല്ല സംശയം '.

' അതെന്താ '.

' അമ്മാമ കൊടുക്കാന്ന് വെച്ചാലും മകന്‍ സമ്മതിക്കണ്ടേ '.

' എനിക്ക് ഒരുത്തന്‍റീം സമ്മതം വേണ്ടാ. ഞാന്‍ സമ്പാദിച്ചതാ ഇത് . എന്‍റെ പേരിലാ ഇതൊക്കെ. എനിക്ക് ഇഷ്ടോള്ളോര്‍ക്ക് ഞാന്‍ കൊടുക്കും. അത് തടയാന്‍ ആരക്കും പറ്റില്ലാ. ഇഷ്ടദാനം കൊടുക്കാച്ചാല്‍ കിട്ടുന്ന ആളോ കൊടുക്കുന്ന ആളോ പണം
അടക്കണോ. നിയമം എങ്ങിന്യാന്ന് അറിയാന്‍ പാടില്ലല്ലോ '.

' അത് എഴുത്തുകാരോട് ചോദിച്ചാല്‍ പോരെ '.

' പോരാഞ്ഞിട്ടല്ല. പത്ത് ചിലവാക്കേണ്ട ദിക്കില്‍ നൂറ്- ചിലവാക്കിക്കും അവറ്റ. അതാ വക്കീലിനോട് ചോദിക്കാന്‍ 
പറഞ്ഞത് '.

' രാമചന്ദ്രന്‍ നായര് ബാക്കി പണം നാണുമാമയ്ക്ക് കൊടുക്കാന്ന് സമ്മതിച്ചല്ലോ. മൂപ്പര് അത് കയ്യില്‍ വെച്ചോട്ടെ. പുര
പണിയ്ക്കുള്ള പണം ഞാന്‍ തരാം '.

' മുഴോനൊന്നും നീ കയ്യിന്ന് എടുക്കണ്ടാ. കുറച്ച് അയാളും എടുക്കട്ടെ. ബാക്കി വല്ലതും കയ്യില്‍ വെച്ചോട്ടെ. ചത്ത് പോകുമ്പോള്‍ മകള്‍ക്ക് എന്തെങ്കിലും ഒക്കെ ഉണ്ട് എന്ന സമാധാനത്തില്‍ മൂപ്പരുക്ക് പോവാലോ '.

പിറ്റേന്ന് തന്നെ ഓപ്പോളുടെ വീട്ടിലേക്ക് താന്‍ ചെല്ലാമെന്ന് വേണു ഏറ്റു.

3 comments: