Sunday, June 13, 2010

ഓര്‍മ്മത്തെറ്റ് പോലെ ( നോവല്‍ ) - അദ്ധ്യായം - 68.

'
' എന്താ വേണ്വോ നീ ഈ പറയുന്നത്. ആ മൊട്ടച്ചി അമ്മ്യാരേ നമ്മുടെ കൂടെ പാര്‍പ്പിക്കാമെന്നോ. വെറുതെ വഴിയില്‍ കൂടി പോവുന്ന വയ്യാവേലി വലിച്ച് തലയില്‍ കേറ്റി വെക്കണ്ടാ ' പാടത്തു നിന്നു വന്ന കുപ്പന്‍കുട്ടി എഴുത്തശ്ശനോട് പാര്‍വതി അമ്മാളുടെ ആവശ്യത്തെ കുറിച്ച് വേണു പറഞ്ഞതിന്നുള്ള പ്രതികരണം ഇങ്ങിനെ ആയിരുന്നു.

' അമ്മാമേ, ഞാനും ഈ പറഞ്ഞ ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിച്ചു. എന്നാലും അവരുടെ കഷ്ടപ്പാട് കേട്ടപ്പോള്‍ ' വേണു അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

' ഈ ലോകത്ത് കഷ്ടപ്പാട് ഉള്ള എല്ലാവരേയും നമുക്ക് സഹായിക്കാന്‍ ഒക്ക്വോ. അതൊക്കെ ഓരോരുത്തരുടെ തലവിധിയാണെന്ന് കരുതി സമാധാനിക്കണം '.

' എനിക്ക് അതിന്ന് കഴിഞ്ഞില്ല. എന്‍റെ അമ്മയാണ് അവരുടെ സ്ഥാനത്ത് എങ്കില്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോള്‍ പിന്നൊന്നും തോന്നിയില്ല '.

' നിന്‍റെ മനസ്ഥിതിയെ കുറ്റം പറയാന്‍ പറ്റില്ല. ഇന്നത്തെ കാലത്ത് മനുഷ്യരില്‍ കാണാത്ത ഗുണമാണ് അത്. പക്ഷെ മറ്റുള്ളവര്‍
അതൊന്നും മനസ്സിലാക്കില്ല '.

' ആര് എന്ത് വേണമെങ്കിലും വിചാരിച്ചോട്ടെ. നമ്മള് നല്ലതാണ് ചെയ്യുന്നത് എന്ന് നമുക്ക് ബോദ്ധ്യമായാല്‍ പോരേ '.

' അതൊന്നും പോരാ. ആ അമ്മ്യാരേ കൂടെ നിര്‍ത്തീത് അതിന്‍റെ കാലശേഷം സ്വത്തൊക്കെ കിട്ടാനാണെന്ന് പറഞ്ഞ്
ഉണ്ടാക്കിയാലോ '.

' പറയുന്നോര് പോയി തുലയട്ടെ. മറ്റുള്ളോരെ പേടിച്ച് നല്ലത് ചെയ്യാന്‍ പാടില്ലാ എന്ന് വെക്കണോ ' കേട്ടു നിന്ന ചാമി തന്‍റെ
അഭിപ്രായം അവതരിപ്പിച്ചു.

' എന്നിട്ട് എപ്പൊ വരാനാ നീ പറഞ്ഞത് '.

' തീരെ നിവര്‍ത്തിയില്ലാ എന്ന് തോന്നുമ്പോള്‍ പോന്നോളൂ എന്നേ പറഞ്ഞുള്ളു '.

' അത് മതിയല്ലോ. എന്ന് വേണച്ചാലും കെട്ടും ഭാണ്ഡവും ആയി അത് ഇങ്ങോട്ട് എത്തിക്കോളും '.

' അവര് വരുന്നെങ്കില്‍ വന്നോട്ടെ. അമ്പലമുറ്റം അടിച്ച് വാരിക്കാം . ഒരു പിടി നേദ്യച്ചോറ് കൊടുത്താല്‍ രണ്ട് നേരത്തെ പാട്
കഴിയും. രാത്രി ഇവിടേയോ കഴകക്കാരുടെ കൂടെ പുതിയ കെട്ടിടത്തിലോ കൂടിക്കോട്ടേ '.

' എന്താച്ചാല്‍ നിങ്ങള് തീരുമാനിച്ചോളിന്‍ '.

' അമ്മാമയ്ക്ക് വിരോധം വല്ലതും ഉണ്ടോ '.

' എനിക്ക് വിരോധം ഒന്നൂല്യാട്ടോ ' എഴുത്തശ്ശന്‍ പറഞ്ഞു ' അവരും നമ്മളെപ്പോലെ ഒരു അഗതി. എവിടേങ്കിലും 
മനസ്സമാധാനത്തോടെ കിടന്നുറങ്ങിക്കോട്ടെ '.

കളപ്പുര വേറൊരു അന്തേവാസിയെ കൂടി ഉള്‍ക്കൊള്ളാന്‍ തയ്യാറായി.

******************************************

അമ്പലത്തിനോടനുബന്ധിച്ച് സ്വാമിനാഥന്‍ നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയായി. അമ്പലത്തിന്‍റെ അറ്റകുറ്റ പണികളും
ഏതാണ്ടൊക്കെ ചെയ്തു കഴിഞ്ഞു.

' ഇനിയിപ്പൊ ഇവിടെ കാര്യായിട്ട് പണിയൊന്നും ഇല്ലല്ലോ. എന്തിനാ ഞാന്‍ പകലന്തിയോളം ഇവിടെ വന്ന് വെറുതെ നില്‍ക്കിണത്. നിത്യം വൈകുന്നേരം വന്ന് പൂജയൊക്കെ കഴിഞ്ഞ് മടങ്ങി പോവാം. അത് പോരെ ' എന്നു പറഞ്ഞ് നാണു നായര്‍
കുറച്ചൊന്ന് പിന്‍വാങ്ങി.

' പകലന്ത്യോളം ചുരുണ്ട് മൂടി കെടക്കാന്‍ വേണ്ടീട്ടാ. അല്ലാതെ അയാള്‍ക്കെന്താ പണി ' എന്ന് എഴുത്തശ്ശന്‍ കൂട്ടുകാരന്‍റെ
പിന്‍ മാറ്റത്തിന്ന് കാരണം കണ്ടെത്തി. ദിവസവും രാവിലേയും ഉച്ചക്കും ചാമി ചെന്ന് ആഹാരം കൊണ്ടു വരും. ആ വഴി
കിട്ടുന്ന വരുമാനം ആ കുടുംബത്തിന്ന് വലിയൊരു ആശ്വാസമായി. ജീവിതം വലിയ അല്ലലില്ലാതെ കഴിയാന്‍ തുടങ്ങിയതോടെ
സരോജിനിക്ക് ഒന്നു കൂടി യുവത്വം വന്നത് പോലെ തോന്നിച്ചു.

പാടത്ത് കളവലി തുടങ്ങിയിരുന്നു. പണ്ടത്തെപ്പോലെ എഴുത്തശ്ശന്‍ മുഴുവന്‍ നേരവും പണിക്കാരേയും ശ്രദ്ധിച്ച് പാടത്ത് നില്‍ക്കാറില്ല. ഇടയ്ക്കൊന്ന് ചെന്നു നോക്കും. വേണുവിനോടും ചാമിയോടും ഓരോന്ന് സംസാരിച്ച് ചേരിന്‍ ചുവട്ടില്‍ നില്‍ക്കും.

അത്തരത്തില്‍ ഒരു ദിവസം നില്‍ക്കുമ്പോള്‍ അകലെ നിന്ന് ഒരു ചെറുപ്പക്കാരന്‍ അവരുടെ നേരെ വരുന്നത് കണ്ടു.

' ആരാണ്ടാ ചാമ്യേ ആ വരുണത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' മുമ്പ് കണ്ടിട്ടുള്ള ആളല്ല '.

' എന്താണാവോ വരവിന്‍റെ ഉദ്ദേശം '.

' അമ്മാമേ, ചിലപ്പോള്‍ കള വലിക്കാന്‍ വന്ന ആരേയെങ്കിലും കാണാന്‍ വരുന്നതാവും. നമ്മളെ കണ്ടപ്പോള്‍ അന്വേഷിക്കാന്‍
ഇങ്ങോട്ട് തിരിഞ്ഞതാവണം '.

ആഗതന്‍ അവര്‍ക്ക് മുന്നില്‍ എത്തി.

' ആരാ കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ ' അയാള്‍ ചോദിച്ചു.

' ഞാനാ, എന്താ വേണ്ടത് '.

' നാണു നായരുടെ വീട്ടില്‍ പൊരിഞ്ഞ ലഹള നടക്കുന്നു. വിവരം അറിയിക്കാന്‍ പറഞ്ഞയച്ചതാണ് '.

' എന്താ കാര്യം '.

' അയാളുടെ വീട് വിറ്റതാണത്രേ. അത് ഒഴിഞ്ഞ് കൊടുക്കണമെന്ന് പറഞ്ഞാണ് ശണ്ഠ '. അതും പറഞ്ഞ് വന്നയാള്‍ നടന്നു.

' നായര് എപ്പോഴാ വീട് വിറ്റത്' എഴുത്തശ്ശന്‍ ചോദിച്ചു ' നമ്മളോട് ഒന്നും പറഞ്ഞില്ലല്ലോ '.

' അമ്മാമേ , ഇതിലെന്തോ ചതിയുണ്ട് ' വേണു പറഞ്ഞു ' നമുക്കൊന്ന് ചെന്ന് നോക്കാം '.

' അവര്‍ക്ക് ആളില്ലാ എന്നും വെച്ച് ലഹള കൂടാന്‍ ആരെങ്കിലും വന്നതാണെങ്കില്‍ വന്നവര് നേരെ മടങ്ങി പോവില്ല ' എന്നും 
പറഞ്ഞ് ചാമിയും കൂടെ കൂടി.

പുഴ കടന്നതും മേനോന്‍ മുമ്പിലെത്തി.

' എവിടേക്കാ ഈ നേരത്ത് എല്ലാരും കൂടി ' അയാള്‍ ചോദിച്ചു. എഴുത്തശ്ശന്‍ വിവരങ്ങള്‍ പറഞ്ഞു.

' എന്നാല്‍ ഞാനും വരുന്നു ' എന്നും പറഞ്ഞ് മേനോനും കൂട്ടത്തില്‍ ചേര്‍ന്നു.

ആ സംഘം  കയറി ചെല്ലുമ്പോള്‍ മുറ്റത്തും പടിക്കലുമായി പുരുഷാരം. കാഴ്ച കണ്ട് നില്‍ക്കുന്ന മട്ടിലാണ് എല്ലാവരും. വീട്ടുസാധനങ്ങള്‍ കുറെയേറെ പുറത്ത് ചിതറി കിടക്കുന്നു. നാണു നായര്‍ പുളിമര ചോട്ടില്‍ കീഴാലും കുമ്പിട്ട് ഇരിക്കുകയാണ്.
കരഞ്ഞും കൊണ്ട് സരോജിനി അടുത്ത് നില്‍പ്പുണ്ട്.

' എന്താ നാണു നായരേ ഇതൊക്കെ ' എഴുത്തശ്ശന്‍ ചോദിച്ചു.

' എനിക്കൊന്നും അറിയില്ലാ. ഞങ്ങള് വീട് വിറ്റൂന്നും പറഞ്ഞ് ഇറക്കി വിടാന്‍ വന്നതാണ്. നാണം കെട്ടിട്ട് ഞാനിനി ഇരിക്കിണില്ല. ഞാനും മകളും തൂങ്ങി ചാവും '.

' പൊട്ടത്തരം പറയാതിരിക്കിന്‍. എന്തിനും ഒരു വഴിയില്ലേ'.

' എന്ത് വഴി. ഇവിടുന്ന് ഇറങ്ങിയാല്‍ പെരുവഴി തന്നെ ആശ്രയം '.

' അതൊന്നും വേണ്ടി വരില്ല '.

മേനോനും വേണുവും ഉമ്മറത്തേക്ക് ചെന്നു. തിണ്ണയില്‍ ഒരു മദ്ധ്യവയസ്കന്‍ ഇരിക്കുന്നുണ്ട്. വെളുത്ത് തടിച്ച ശരീരം, ഭംഗിയായി ചികി വെച്ച മുടി, വെള്ള ഷര്‍ട്ടും മുണ്ടും, കയ്യില്‍ ഒരു തുകല്‍ ബാഗ്. ആകപ്പാടെ ഒരു യോഗ്യന്‍.

' നിങ്ങളാണോ ഈ വീട് വാങ്ങി എന്ന് പറയുന്ന ആള്‍ ' മേനോന്‍ ചോദിച്ചു.

' പറയുന്ന ആളൊന്നുമല്ല. ഞാന്‍ തന്നെയാണ് വാങ്ങിയത് '.

' അതിന്ന് ഇവര് ഇത് വിറ്റിട്ടില്ലല്ലോ '.

' ഈ സ്ഥലത്തിന്‍റെ ഉടമസ്ഥന്‍റെ പേര് നാണു നായര് എന്നല്ലേ '

' അതെ '.

' സുന്ദരനും ശാന്തയും സരോജിനിയും ഇദ്ദേഹത്തിന്‍റെ മക്കള്‍ ആണല്ലോ '.

' അതെ '.

' സുന്ദരന്‍ മറ്റുള്ളവര്‍ക്ക് തന്‍റെ അവകാശം ഒഴിമുറി വെച്ച് കൊടുത്തിട്ടുണ്ട് . അറിയ്വോ നിങ്ങള്‍ക്ക് '.

' അറിയില്ല '.

' എന്നാലേ അങ്ങിനെ ഉണ്ട്. ബാക്കി നാണു നായരും രണ്ട് പെണ്‍മക്കളും മാത്രം. സ്ഥലത്തിന്ന് വില കെട്ടി കരാര്‍ എഴുതി തന്ന് അഡ്വാന്‍സ് അവര് മൂന്നാളും കൂടിവാങ്ങിച്ചിട്ടുണ്ട്. പിന്നെ പല തവണയായി ഏതാണ്ട് മുഴുവന്‍ വിലയും വാങ്ങി കഴിഞ്ഞു. കാലാവധി ആയിട്ടും റജിസ്റ്റര്‍ ചെയ്ത് തരാത്തതോണ്ടാ ഇത് വേണ്ടി വന്നത് '.

' മുദ്രപത്രം കയ്യിലുണ്ടോ '.

' ഇല്ലാതെ ഇതിന്ന് ഇറങ്ങില്ലല്ലോ '.

' എന്നാലും സാധനങ്ങള്‍ വലിച്ചു വാരി പുറത്ത് ഇടാന്‍ പാടില്ലായിരുന്നു '.

' അത് ഞാന്‍ ചെയ്യിച്ചതല്ല. നാണു നായരുടെ മരുമകന്‍ തന്നെയാണ് ഇതൊക്കെ എടുത്ത് വെളിയിലിട്ടത് '.

' എന്നിട്ട് അയാള്‍ എവിടെ '.

' ഇപ്പൊ വരാമെന്നും പറഞ്ഞ് എന്നെ ഇവിടെ ഇരുത്തിയിട്ട് പോയി '.

ഇനി എന്ത് ചെയ്യണമെന്ന് ചിന്തിച്ചുകൊണ്ട് ഇരിക്കുമ്പോള്‍ കരുണാകരന്‍ കടന്നു വന്നു.

' എന്താ എല്ലാരും കൂടി നില്‍ക്കുണത്. വല്ല പൂരോ മറ്റൊ ഉണ്ടോ ഇവിടെ. കടന്ന് പൊയ്ക്കോളിന്‍ എല്ലാരും ' അയാള്‍ അലറി.

എഴുത്തശ്ശനും പരിവാരങ്ങളും ഒഴികെ മറ്റെല്ലാവരും പടിക്ക് വെളിയിലേക്ക് ഇറങ്ങി.

' ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്കും ബാധകാണ്. നോക്കി നിക്കാതെ പോവിന്‍ ' .

' നാണു നായര്‍ക്ക് എന്തോ പ്രശ്നമുണ്ടെന്ന് അറിഞ്ഞ് വന്നതാണ് ഞങ്ങള്‍ ' മേനോന്‍ പറഞ്ഞു ' വിശദ വിവരങ്ങള്‍ അറിഞ്ഞിട്ടേ ഞങ്ങള്‍ പോണുള്ളു '.

' എന്നാല്‍ കേട്ടോ. എന്‍റെ ഭാര്യക്കും കൂടി അവകാശപ്പെട്ട സ്വത്താ ഇത്. ഞങ്ങള്‍ ഭാഗം ചോദിച്ചു. വീട് വിറ്റ് പണം 
എടുത്തോളാന്‍ പറഞ്ഞ് മുദ്രപ്പത്രത്തില്‍ ഇവര് രണ്ടാളും ഒപ്പിട്ട് തന്നിട്ടും ഉണ്ട് '.

' നുണ ' നാണു നായര്‍ പ്രാഞ്ചിപ്രാഞ്ചി മുന്നോട്ട് വന്നു ' ഇവന്‍ പറയുന്നത് മുഴുവന്‍ പൊയ്യാണ്. മകളുടെ കല്യാണത്തിന്ന് ബാങ്കിന്ന് കടം വാങ്ങാനാണെന്ന് പറഞ്ഞാ മുദ്ര പേപ്പറില്‍ ഒപ്പിടീപ്പിച്ചത്. കല്യാണം കഴിഞ്ഞതും കടം വീട്ടാമെന്നും പറഞ്ഞിരുന്നു '.

' ആവശ്യം വരുമ്പോള്‍ ആരും ഇത്തിരി നുണയൊക്കെ പറയും. മര്യാദയ്ക്ക് ഭാഗം തന്നാല്‍ ഞാന്‍ ഈ പണി ചെയ്യോ '.

' അപ്പോള്‍ താന്‍ കല്‍പ്പിച്ചു കൂട്ടി ചെയ്തതാ ഇതൊക്കെ ' മേനോന് ദേഷ്യം വന്നു ' എന്നാലും ഇവരെ ഇങ്ങിനെ വഞ്ചിക്കാന്‍
പാടില്ലായിരുന്നു '.

' ഇവിറ്റകളുടെ അടുത്ത് ഇതൊന്നും ചെയ്താല്‍ പോരാ. അത്ര നാറികളാ രണ്ടും '.

' നോക്കൂ. വേണ്ടാത്തതൊന്നും പറയരുത് ' വേണു ഇടപെട്ടു ' കാര്യം മാത്രം പറഞ്ഞാല്‍ പോരെ '.

' താനാരാ ഇവളുടെ സംബന്ധക്കാരനാ. ചോറ് ഉണ്ടാക്കി കൊടുത്തയക്കുന്നതൊക്കെ ഞാന്‍ അറിയുന്നുണ്ട് '.

' മൂത്താരേ. വേണ്ടാത്ത കൂട്ടം നിര്‍ത്തിന്‍. വായില്‍ കൊള്ളുന്നത് പറഞ്ഞാല്‍ മതി ' വേണുവിനെ പറഞ്ഞത് ചാമിക്ക് സഹിക്കാനായില്ല.

' കൂട്ടി കൊടുക്കാന്‍ നില്‍ക്കുന്നോനല്ലേ നീ. എന്‍റെ അടുത്ത് വര്‍ത്തമാനം പറയാന്‍ നീ ആയിട്ടില്ല '.

രോഷം ചാമിയുടെ വലത്ത് കയ്യിലേക്ക് പ്രവഹിച്ചു. കണ്ണടച്ച് തുറക്കുന്നതിന്ന് മുമ്പ് അടി പൊട്ടി. വെട്ടിയിട്ട പോലെ കരുണാകരന്‍ 
നിലത്ത് വീണു.

' ഇനി ഒരു വാക്ക് നീ പറഞ്ഞാല്‍ ഒറ്റ കുത്തിന്ന് ഞാന്‍ തീര്‍ക്കും ' ചാമി ബെല്‍ട്ടില്‍ നിന്നും കത്തിയൂരി.

എഴുത്തശ്ശന്‍ അവനെ കേറി പിടിച്ചു ' കുത്താനും കൊല്ലാനും ഒന്നും നിക്കണ്ടാ. മര്യാദ വഴിക്ക് നമുക്ക് പറഞ്ഞു തീര്‍ക്കാം '
അയാള്‍ പറഞ്ഞു.

' നിങ്ങള് എന്നെ ആളെ വിട്ട് തല്ലിച്ചൂ അല്ലേ ' വീണ ദിക്കില്‍ നിന്ന് എഴുന്നേറ്റ് പൊടി തട്ടി കരുണാകരന്‍ നാണു നായരോട്
പറഞ്ഞു ' നിങ്ങള്‍ക്ക് ഞാന്‍ വെച്ചിട്ടുണ്ട് '.

' ഇനി നീ ഈ വഴിക്ക് വന്നാല്‍ അന്നാണ് നിന്‍റെ അവസാനം ' ചാമി മുന്നറിയിപ്പ് നല്‍കി.

' വീട് ഒഴിപ്പിച്ച് ഞാന്‍ നിങ്ങളെ ഏല്‍പ്പിച്ചു '  വീട് വാങ്ങിയ ആളോട് കരുണാകരന്‍ പറഞ്ഞു ' ഇനി മേല്‍ കൊണ്ട് വേണ്ടത്
നിങ്ങളന്നെ ചെയ്തോളിന്‍ ' അയാള്‍ ഇറങ്ങിപ്പോയി.

ഇനി ഒന്നേ ചെയ്യാനുള്ളു. എങ്ങിനേയെങ്കിലും വീട് തിരിച്ചു വാങ്ങിക്കുക. നാലാളും കൂടി വീട് വാങ്ങിയ ആളോട് സംഭാഷണത്തിന്ന് ചെന്നു. വാങ്ങിയ തുക പലിശ സഹിതം തിരിച്ചു നല്‍കാം, വീട് നല്‍കണം എന്ന് മേനോന്‍ പറഞ്ഞു നോക്കി.

തന്‍റെ പേര് രാമചന്ദ്രന്‍ നായര്‍ എന്നാണെന്നും , സ്ഥലം വാങ്ങി മറിച്ചു വില്‍ക്കുന്ന ആളാണ് താനെന്നും ഈ വീടും പറമ്പും
വേറൊരാള്‍ക്ക് മറിച്ചു വിറ്റതിനാല്‍ ആ കാര്യം നടക്കില്ലെന്നും അയാള്‍ അറിയിച്ചു. ബാക്കി കൊടുക്കാനുള്ള തുക മുഴുവനും
നാണുനായരെ ഏല്‍പ്പിക്കാമെന്നും , പാകം പോലെ വേറൊരു സ്ഥലം കണ്ടെത്തുന്നതിന്ന് മൂന്ന് മാസം സമയം കൊടുക്കാമെന്നും
സമ്മതിച്ച് അയാള്‍ സ്ഥലം വിട്ടു.

ചാമി മുറ്റത്തെ സാധനങ്ങള്‍ പെറുക്കി എടുത്ത് അകത്ത് വെച്ചു.

' നായരേ, വിഷമിക്കാതിരിക്കിന്‍. ഞങ്ങള് ഈ നാട്ടില്‍ ഉള്ളേടത്തോളം നിങ്ങള് വീടില്ലാതെ തെണ്ടേണ്ടി വരില്ല ' എന്ന്
എഴുത്തശ്ശന്‍ ആശ്വസിപ്പിച്ചു.

നാലുപേരും പടിയിറങ്ങി.

' ചാമ്യേ, ഇന്ന് ആ കുട്ടി ഒന്നും വെച്ചിട്ടുണ്ടാവില്ല. നീ ചെന്ന് അവര് രണ്ടാളുക്കും വല്ലതും വാങ്ങി കൊടുത്ത് നമുക്കും
വല്ലതും വാങ്ങീട്ട് വാ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ അവനെ അയച്ചു.

വെയിലിന്ന് നല്ല ചൂട്. എഴുത്തശ്ശന്‍ തോര്‍ത്തുമുണ്ട് തലയിലിട്ടു.

' ഇനി അവര് അവിടെ കിടന്ന് ബുദ്ധിമുട്ടാന്‍ പാടില്ല. എങ്ങിനെയെങ്കിലും ഒരു ഐങ്കോല്‍ പുര തല്ലി തറച്ച് ഉണ്ടാക്കി കൊടുക്കണം ' എഴുത്തശ്ശന്‍ അടുത്ത പദ്ധതി ആവിഷ്ക്കരിച്ചു.

**************************************************************

വൈകുന്നേരമായപ്പോള്‍ വേണുവിന്ന് നാണു നായരെ ചെന്നു കണ്ട് ആശ്വസിപ്പിക്കണമെന്നൊരു തോന്നല്‍ ഉണ്ടായി. അയാളത്
എഴുത്തശ്ശനോട് പറഞ്ഞു.

' നീ ചെന്ന് അന്വേഷിച്ചിട്ട് വാ. എനിക്ക് നടക്കാനൊരു മടി ' എഴുത്തശ്ശന്‍ ഒഴിവായി.

സന്ധ്യയാവുമ്പോഴേക്ക് മടങ്ങിയെത്താമെന്ന ധാരണയില്‍ വേണു പുറപ്പെട്ടു. ചില ദിവസങ്ങളില്‍ വൈകുന്നേരം ഇടിയും മിന്നലോടും
കൂടി തുലാവര്‍ഷം എത്തും. എന്തോ ഭാഗ്യത്തിന് മഴക്കോളില്ല.

വേണുവിനെ കണ്ടതും നാണു നായര്‍ കരയാന്‍ തുടങ്ങി.  സരോജിനിയുടെ ഏങ്ങലടികള്‍ അകത്തു നിന്നും കേള്‍ക്കാനുണ്ട്.

' എന്താ നിങ്ങള് രണ്ടാളും ചെയ്യുന്നത് . കരയാന്‍ മാത്രം എന്താ ഉണ്ടായത് ' വേണു ചോദിച്ചു.

' നീയെന്താ പറയുന്നത്. എണ്ണീട്ട് മൂന്ന് മാസത്തെ സമയേ ഉള്ളു. അത് കഴിഞ്ഞാല്‍ ഈ വീട് വിട്ട് ഇറങ്ങണം. ഒരു പെണ്‍കുട്ടിയേയും കൊണ്ട് എങ്ങോട്ട് ചെല്ലും '.

' നാണുമാമ പരിഭ്രമിക്കണ്ടാ. ഞങ്ങള് ഒരു വീട് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒന്നും പറ്റിയില്ലെങ്കില്‍ ഞാന്‍ എന്‍റെ കളപ്പുര
നിങ്ങള്‍ക്ക് ഒഴിഞ്ഞു തരും '.

' നാട്ടുകാര് വല്ലതും പറയും '.

' ആരെന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. എനിക്ക് ഇഷ്ടമുള്ളവര്‍ക്ക്  എന്‍റെ സ്വത്ത് ഞാന്‍ കൊടുത്തു. അത്ര തന്നെ '.

' നിങ്ങളൊക്കെ കൂടി ഈ സാധുക്കള്‍ക്ക് എന്തെങ്കിലും ചെയ്ത് തരിന്‍. എനിക്ക് ഒന്നിനും ത്രാണിയില്ല '.

വേണു കുറച്ചു നേരം കൂടി ഇരുന്നു.

' ഇന്ന് ഒന്നും ഉണ്ടാക്കാന്‍ പറ്റിയില്ല. നാളെ ഞാന്‍ നേരത്തെ ശരിയാക്കി കൊടുത്തയക്കാം ' വേണു ഇറങ്ങുമ്പോള്‍ സരോജിനി പറഞ്ഞു.

' അതൊന്നും സാരമില്ല. സമാധാനമായിട്ട് ഇരിയ്ക്കൂ ' എന്നും പറഞ്ഞ് വേണു ഇറങ്ങി. മന്ദത്തില്‍ ദേവിയെ തൊഴാനായി കുറച്ചു
പേര്‍ നില്‍പ്പുണ്ട്. വേണു ചെന്ന് തൊഴുതു.

' കിട്ടുണ്യാരുടെ ഏട്ടനാണല്ലേ. മുമ്പ് കണ്ട് പരിചയമില്ല ' കൂട്ടത്തില്‍ ഒരു വയസ്സന്‍ പറഞ്ഞു.

' അതെ ' എന്ന് വേണു സമ്മതിച്ചു.

' അയ്യപ്പന്‍ കാവ് പുതുക്കി പണിയാന്‍ മുമ്പില്‍ നില്‍ക്കുന്ന ആളാണെന്ന് കേട്ടു. നന്നായി. മനുഷ്യരായാല്‍ നല്ലത് എന്തെങ്കിലും 
ചെയ്യണം '.

വേണു യാത്ര പറഞ്ഞു പുറപ്പെട്ടു.

' കിട്ടുണ്യാരുടെ ശീലം അല്ലാന്ന് തോന്നുന്നു. കുറച്ച് വിനയം ഒക്കെ ഉണ്ട് ' പുറകില്‍ നിന്ന് ആരോ വിലയിരുത്തുന്നത് കേട്ടു.

വെള്ളപ്പാറ കടവിന്ന് സമീപത്ത് വെച്ച് കിട്ടുണ്ണിയെ കണ്ടു.

' എവിടുന്നാ ഈ നേരത്ത് ' അയാള്‍ ചോദിച്ചു.

' നാണുമാമയുടെ വീട്ടില്‍ ചെന്നതാണ് '.

' ഞാന്‍ ഒക്കെ അറിയുന്നുണ്ട്. വെറുതെ ആള്‍ക്കാരെ കൊണ്ട് വല്ലതും പറയിപ്പിക്കണോ '.

' എന്താ '.

' തെളിച്ച് പറയണോ '.

' ങാ '.

' അത്രയ്ക്ക് ഇഷ്ടാണച്ചാല് ആ പെണ്ണിന് ഒരു പുടവ കൊടുത്ത് കൂടെ താമസിപ്പിക്ക്വാ. പേരുദോഷം വരുത്തണംന്ന് നിര്‍ബന്ധം 
ഇല്ലല്ലോ '.

' എന്‍റെ മനസ്സില്‍ അങ്ങിനെ ഒരു ചിന്തയില്ലാ '.

' പിന്നെ പിന്നെ. പാണ്ടി നാട്ടില് വല്ല ചെട്ടിച്ചീം കെട്ടി കഴിയായിരുന്നില്ലേ. അതാണെങ്കില്‍ ആരും അറിയില്ല. സ്വന്തം നാട്ടില്‍ 
കൊള്ളരുതായ്മ ചെയ്യാന്‍ തുടങ്ങ്യാല്‍ ഞങ്ങള്‍ക്കും കൂടി മാനക്കേടുണ്ട്. വെറുതേയല്ലാ ഞാന്‍ നല്ലൊരു ആലോചന കൊണ്ടു
വന്നപ്പോള്‍ സമ്മതിക്കാഞ്ഞത് '.

കിട്ടുണ്ണി നടന്നകന്നു. മനസ്സില്‍ ഒരിക്കലും കടന്നു വരാത്ത കാര്യമാണ് ഇവന്‍ പറയുന്നത്. ആ വാക്കുകള്‍ ചെവിക്കൊള്ളേണ്ട കാര്യമില്ല. ചേമ്പിലയുടെ മുകളില്‍ വീണ വെള്ളം കണക്കെ ആരോപണം വേണുവിനെ സ്പര്‍ശിക്കാതെ കടന്നു പോയി.

2 comments:

  1. വായനതുടരുന്നു

    ReplyDelete
  2. ചെമ്പിലയുടെ മുകളില്‍ വീണ വെള്ളം പോലെ ...അങ്ങനെ കരുതെണ്ടായിരുന്നു വേണു.

    ReplyDelete