Thursday, May 27, 2010

അദ്ധ്യായം 67.

ഞായറാഴ്ച രാവിലെ വേണു ഒരുങ്ങി നിന്നു. എട്ടര ആവുമ്പോഴേക്കും വിശ്വേട്ടന്‍ വെള്ളപ്പാറ കടവില്‍ എത്താമെന്ന്
പറഞ്ഞിട്ടുണ്ട്. കിട്ടുണ്ണി എവിടെയെങ്കിലും പോവുന്നതിന്ന് മുമ്പ് ചെന്ന് കാണണം.

തലേന്ന് രാമന്‍ നായര്‍ വന്നപ്പോള്‍ വിശ്വേട്ടന്‍ കിട്ടുണ്ണിയെ വിളിക്കാന്‍ വരുന്ന കാര്യം അറിയിച്ചിരുന്നു. ആ വിവരം വേണു
എഴുത്തശ്ശനോട് പറയുകയും ചെയ്തു.

' നിങ്ങളുടെ ഓരോ പോക്കണക്കേട്. നല്ല കാര്യത്തിന് ആ കഴുവേറിയെ വിളിക്കാന്‍ മനുഷ്യന്‍ മെനക്കെട്വോ. ഞാന്‍ ഒന്നും 
പറയാന്‍ വരിണില്യേ. നിങ്ങടെ കുടുംബ കാര്യത്തില്‍ എനിക്ക് തലയിടാന്‍ പാടില്ല 'എന്നാണ് അപ്പോള്‍ മറുപടി ഉണ്ടായത്.

മണി എട്ട് കഴിഞ്ഞു.

' മൂപ്പര് വന്ന് കാത്ത് നില്‍ക്കാന്‍ എട വരുത്തണ്ടാ , നീ ഇത്തിരി നേരത്തെ എറങ്ങിക്കോ ' എന്ന് എഴുത്തശ്ശന്‍ 
പറഞ്ഞതോടെ വേണു ഇറങ്ങി.

വെള്ളപ്പാറ കടവില്‍ വേണു എത്തിയതും വിശ്വനാഥന്‍ വക്കീലിന്‍റെ കാറും എത്തി.

' താന്‍ എന്നെ കാത്ത് നില്‍ക്കാന്‍ തുടങ്ങീട്ട് ഒരു പാട് സമയം ആയോ ' വക്കീല്‍ ചോദിച്ചു.

താന്‍ എത്തിയതേയുള്ളുവെന്ന് വേണു അറിയിച്ചു. കാര്‍ കിട്ടുണ്ണിയുടെ വീട്ടിലെത്തി.

ശബ്ദം കേട്ട് കിട്ടുണ്ണി ഇറങ്ങി വന്നത് തല തോര്‍ത്തിക്കൊണ്ടായിരുന്നു. അയാള്‍  നന്നായൊന്ന് ചിരിച്ച് അവരെ അകത്തേക്ക്
ക്ഷണിച്ചു.

' വക്കീലേട്ടാ, എന്തോ ഒരു വിശേഷം ഉള്ള പോലെ തോന്നുന്നുണ്ടല്ലോ ' കിട്ടുണ്ണി പറഞ്ഞു.

' ഉണ്ട്. അത് പറയാനാണ് ഞങ്ങള് വന്നത് ' വക്കീല്‍ പറഞ്ഞു ' മകന് ഒരു കല്യാണം ശരിയായി. കുട്ടിക്കും അവനും ഒരേ
തൊഴില്. കൊള്ളാവുന്ന ബന്ധം. നിശ്ചയം നടത്താമെന്ന് വിചാരിക്കുന്നു. വരുന്ന പത്താം തിയ്യതിക്കാണ് സംഗതി. താന്‍ രാധയും
കുട്ടികളും ഒക്കെയായി നേരത്തെ എത്തണം '.

' അത് പിന്നെ ചോദിക്കാനുണ്ടോ ' കിട്ടുണ്ണി പറഞ്ഞു ' ഈശ്വര നിശ്ചയം ഇതാണ് . നമ്മള് എന്തൊക്കെ കണക്ക് കൂട്ടിയാലും 
മുകളില്‍ ഒരാള്‍ എല്ലാം ഉറപ്പിച്ചിട്ടുണ്ടാവും. അതല്ലേ നടക്കൂ '.

വക്കീലൊന്ന് മൂളി. ഒരു ഇഷ്ടക്കേട് അതില്‍ നിഴലിച്ചുവോ എന്ന് വേണുവിന്ന് തോന്നി.

' നാളെ തന്നെ ഞാന്‍ അവിടേക്ക് വരുന്നുണ്ട്. നിശ്ചയത്തിന്ന് ഇനി അധിക ദിവസം  ഇല്ലല്ലോ. എന്തൊക്കെ ചെയ്യണം , ആരേയൊക്കെ വിളിക്കണം എന്നൊക്കെ ആലോചിക്കണ്ടേ '.

' പിന്നെന്താ, അങ്ങിനെയല്ലേ വേണ്ടത് ' എന്ന് വക്കിലും  പറഞ്ഞു. എത്ര പെട്ടെന്ന് അസ്വരസത്തിന്‍റെ മഞ്ഞ് ഉരുകി പോയി എന്ന് വേണു അത്ഭുതപ്പെട്ടു.

രാധ ചായയുമായി എത്തി.

' വിവരം ഒക്കെ അറിഞ്ഞല്ലോ. നേരത്തെ എത്തി വെണ്ടതൊക്കെ ചെയ്തു തരണം കേട്ടോ ' എന്ന് വക്കീല്‍ അവരോട് പറഞ്ഞു.

അവര്‍ ചിരിച്ചു.

' ചേച്ചിക്ക് സുഖം തന്നെയല്ലേ ' രാധ ചോദിച്ചു ' ഞാന്‍ അന്വേഷിച്ചു എന്ന് പറയണം കെട്ടോ '.

ചായ കുടി കഴിഞ്ഞതും ഇരുവരും ഇറങ്ങി.

' എനിക്ക് അറിയാന്‍ പാടില്ലാതെ ചോദിക്ക്യാണ്. എന്‍റെ പെങ്ങളുടെ കുട്ടിയുടെ കല്യാണത്തിന്ന് എന്നെ ക്ഷണിക്കാന്‍ വക്കീലേട്ടന്ന് അന്യന്മാരെ കൂട്ടിക്കൊണ്ടു വരേണ്ട കാര്യം എന്താണ് '.

' നിങ്ങളുടെ സ്വഭാവത്തിന്‍റെ ഗുണം കൊണ്ടു തന്നെ ' എന്നും പറഞ്ഞ് രാധ അകത്തേക്ക് ചെന്നു.

*******************************************************************

കയത്തം കുണ്ടിന്നടുത്ത് പുല്ലരിഞ്ഞു കൊണ്ടിരുന്ന വേലപ്പന്‍ വണ്ടിപ്പുരയിലേക്ക് ചാമി ചെല്ലുന്നത് കണ്ടപ്പോള്‍ പുല്ലരിയല്‍ 
നിര്‍ത്തി പുറകെ ചെന്നു. പ്രത്യേകിച്ച് ഒരു ആവശ്യം ഉണ്ടായിട്ടല്ല, എന്തിനാണ് ചാമി പോവുന്നത് എന്നറിയാനുള്ള ആകാംക്ഷ
മാത്രമേ അതിന്ന് പുറകില്‍ ഉണ്ടായിരുന്നുള്ളു.

കുണ്ടയില്‍ നിന്ന് വൈക്കോല്‍ എടുത്ത് മൂരികള്‍ക്ക് ചാമി കൊടുക്കുന്നതാണ് അയാള്‍ കാണുന്നത്.

' നീയാണോ ഇവിടുത്തെ കാന്നിന്ന് തീറ്റ കൊടുക്കുന്നത് ' അവന്‍ ചോദിച്ചു.

' അപ്പ്വോച്ചന്‍ അമ്പലം പണി നോക്കാന്‍ ചെന്നാല്‍ വരാന്‍ വൈകും. അപ്പോള്‍ ഇത് രണ്ടെണ്ണത്തിനെ ഞാന്‍ കഴുകി കെട്ടും ,
വെള്ളം കാട്ടും , വൈക്കോല്‍ കൊടുക്കും . മിണ്ടാ പ്രാണികളല്ലേ അവറ്റ '.

' അത് നന്നായി. മുമ്പേ കൂലി കിട്ടാത്ത പണിയല്ലേ നെനക്ക് ഇഷ്ടം '.

' എല്ലാം കാശും പണവും കിട്ട്യാലേ ചെയ്യൂ എന്ന് പറഞ്ഞ് ഇരിക്കാന്‍ പാട്വോ. കണ്ടില്ലാ, കേട്ടില്ലാ എന്ന് വെച്ച് ചിലതൊക്കെ
ചെയ്യെണ്ടി വരില്ലേ '.

' അത് ശരിയാണ്. എന്നാലല്ലേ ഒടലോടെ സ്വര്‍ഗ്ഗത്തില്‍ ചെല്ലൂ '.

ചാമി ഒന്നും പറഞ്ഞില്ല.

' എന്തിനാ വയസ്സാന്‍ കാലത്ത് മൂപ്പര് വണ്ടീം കാളേം ഒക്കെ വെച്ചോണ്ടിരിക്കുന്നത്. ഇതൊക്കെ വിറ്റ് തൊലച്ചിട്ട് തൊയിരത്തോടെ
ഇരുന്നൂടേ '.

' നല്ല കൂത്തായി. ഇതിന്ന് വേണ്ടീട്ടല്ലെ മൂപ്പര് വീട് വിട്ട് ഇറങ്ങിയത് '.

വേലപ്പന്‍ കാളകളുടെ അടുത്ത് ചെന്ന് നോക്കി. പിന്നെ വണ്ടിയുടേയും.

' ഇപ്പൊ ഭാരം കേറ്റാന്‍ വണ്ടി കൊണ്ടുപോണുണ്ടോ '.

' എവിടുന്ന്. ഒന്നാമത് പണ്ടത്തെ പോലെ അധികം ആരും കാളവണ്ടി വിളിക്കാറില്ല. പത്തോ മുവ്വായിരോ ചെങ്കല്ല് വാങ്ങുന്നോര്
കൂടി ലോറീലാ കടത്തുക. കാശും ലാഭം, സമയൂം കുറവ് '.

' പിന്നെ എന്തിനാ ഈ പണ്ടാരങ്ങളെ കെട്ടി തീറ്റുന്നാത് '.

' ആ , എനിക്കറിയില്ല. ഒക്കെ മൂപ്പരുടെ ഓരോരോ കേനക്കേട് '.

' മൂരികളെ ഇങ്ങിനെ കെട്ടീട്ടാല്‍ അത് ഒന്നിനും കൊള്ളാണ്ടാവും. അറക്കാന്‍ കൊടുക്കാനേ പിന്നെ പറ്റു '.

' ഉടമസ്ഥന്‍ എന്താ വേണ്ട്ച്ചാല്‍ ചെയ്തോട്ടെ. നമുക്ക് എന്താ കാര്യം '.

' നീ ഒരു കാര്യം ചെയ്യ്. അപ്പൂനോട് ഇതൊക്കെ പറഞ്ഞ് കൊട്. ഇതിനെ ഞാന്‍ നല്ല വിലയ്ക്ക് വിറ്റ് തരാം. നിര്‍ബന്ധം 
ആണെങ്കില്‍ ഇളമ്പ് രണ്ടെണ്ണത്തിനെ വാങ്ങിക്കോട്ടെ. പെരുത്ത ഉരുപ്പടി ഒഴിവാകും ചെയ്തു. കയ്യില് പത്ത് കാശും വരും '.

' നീ കച്ചോടം നടത്താന്‍ വന്നതാ '.

' നീ വരുണത് കണ്ടപ്പോള്‍ പിന്നാലെ വന്നു. അല്ലാണ്ടെ കച്ചോടം ചെയ്യാനൊന്നും വന്നതല്ല '.

' എന്നാല്‍ മിണ്ടാണ്ടിരി '.

വേലപ്പന്‍ വണ്ടി സുസൂക്ഷ്മം നിരീക്ഷിച്ചു. ആകപ്പാടെ തരക്കേടില്ല. കൊടുത്താല്‍ അസ്സല് വില കിട്ടും. എന്തെങ്കിലും പറഞ്ഞ് വില്‍പ്പിക്കണം. തരക് കിട്ടുന്ന ഏര്‍പ്പാടാണ്.

' ചാമ്യേ. ഭാരം കേറ്റാനൊന്നും ഈ വണ്ടി എടുക്കാറില്ല എന്നല്ലേ നീ പറഞ്ഞത്. പിന്നെ എന്താ ഇതിന്‍റെ ഉപയോഗം '.

' മൂപ്പര് കൊല്ലാവധി പല്ലഞ്ചാത്തനൂരിലെ പള്ളി നേര്‍ച്ചയ്ക്ക് പോവും. പിന്നെ മലയപോതിടെ അടുത്തും. അതിനേ വണ്ടി എടുക്കൂ '.

' അതിനും വേണ്ടി ഇത് നിര്‍ത്തുന്നത് പ്രാന്താണ് '.

' നെനക്ക് എന്താ നഷ്ടം. അയാളുടെ മുതല് . അയാളുടെ ഇഷ്ടം പോലെ ചെയ്തോട്ടെ '.

മൂരികള്‍ക്ക് വെള്ളം കാട്ടി വൈക്കോല്‍ ഇട്ടതും ചാമി ഇറങ്ങി, കൂടെ വേലപ്പനും.

' ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നീ വക്കാണിക്ക്വോ ' നടക്കുന്നതിന്നിടെ വേലപ്പന്‍ ചോദിച്ചു.

' കേള്‍ക്കാതെ എന്താ ഞാന്‍ പറയ്വാ '.

' നീ മൂപ്പരോട് പറഞ്ഞ് വണ്ടീം കാളേം വില്‍പ്പിക്ക്. ഒരു സവാരി വണ്ടിയും മൂരിയും ഞാന്‍ മൂപ്പരുക്ക് വാങ്ങി കൊടുക്കാം '.

' എടാ കള്ളാ, നീ പറയാന്‍ വരും മുമ്പ് ഇതേ പറയൂ എന്ന് എനിക്ക് തോന്നി. പശു വാല് പൊക്കുന്നത് എന്തിനാണെന്ന് അറിയാന്‍ പണിക്കരുടെ അടുത്ത് ചെല്ലണോ '.

വേലപ്പന്ന് ലജ്ജ തോന്നി. എങ്ങിനെയെങ്കിലും പറഞ്ഞ് സമ്മതിപ്പിച്ചാല്‍ കുറച്ച് കാശ് കയ്യില്‍ വരും. അത് ആലോചിച്ചിട്ടാണ് . മുടപ്പല്ലൂരില് ഒരു വീട്ടില്‍ സവാരി വണ്ടി വെറുതെ നില്‍ക്കുന്നുണ്ട്. കാറും മോട്ടോര്‍ സൈക്കിളും ഒക്കെ ആയപ്പോള്‍
വേണ്ടാതായ സാധനം. വല്ലതും കൊടുത്താല്‍ മതി. സ്ഥലം ഒഴിവാക്കി കിട്ട്യാല്‍ മതി എന്നാണ് പറഞ്ഞത്. മൂരികുട്ടികളെ
ഇഷ്ടം പൊലെ കിട്ടാനുണ്ട്.

' നെനക്ക് ഒരു വാക്കിന്‍റെ ചിലവെ ഉള്ളു. നടന്നാല്‍ എനിക്ക് പത്ത് കാശ് തടയും '.

' എന്നെക്കൊണ്ടൊന്നും പറ്റില്ല ' എന്ന് പറഞ്ഞുവെങ്കിലും അപ്പ്വോച്ചനോട് പറഞ്ഞ് നോക്കാമെന്ന് ചാമി മനസ്സില്‍ കരുതി.

അന്ന് വൈകീട്ട് വണ്ടിപ്പുരയില്‍ വെച്ച് ചാമി കുപ്പന്‍കുട്ടി എഴുത്തശ്ശനോട് ഈ കാര്യം സംസാരിച്ചു.

' നീ പറയുന്നത് കാര്യം തന്നെ ' എഴുത്തശ്ശന്‍ പറഞ്ഞു ' പാടത്തേക്ക് ചാണകൂം വളൂം കടത്താന്‍ വേണ്ടി നിര്‍ത്തിയതാണ് ഇത്. അന്നൊക്കെ പത്തര കന്നാണ് തൊഴുത്തില്‍ ഉണ്ടാവുക. പോരാത്തതിന്ന് മാടുകളും കുട്ടികളും . തല ചുമടായി
പാടത്തേക്ക് വളം കടത്തി എത്തില്ല '.

' ആ കാലം പോയില്ലേ. ഇന്ന് ചാക്ക് പടിക്ക് കൊണ്ടു വന്ന് പാടത്ത് കൊട്ടിയാല്‍ മതിയല്ലോ '.

' എന്തിനാണ് ഇതൊക്കെ എന്ന് എനിക്കും തോന്നാറുണ്ട്. പക്ഷെ പള്ളിനേര്‍ച്ചയ്ക്ക് കാള വണ്ടീല് പോവുന്നതില്‍ ഒരു അന്തസ്സുണ്ട് '.

' അതിനല്ലേ നമ്മള് സവാരി വണ്ടി വാങ്ങുന്നത് '.

' എന്നാല്‍ നെന്‍റെ ഇഷ്ടം പോലെ ചെയ്തോ. കയ്യിന്ന് പത്ത് പൈസ കൂട്ടാന്‍ ഞാനില്ല '.

' അതൊന്നും കൂടാതെ നോക്കട്ടെ '.

വേലപ്പന്ന് ഒരു ഉപകാരം ചെയ്യാന്‍ കഴിഞ്ഞതില്‍ ചാമിക്ക് സന്തോഷം തോന്നി.

1 comment: