Thursday, May 27, 2010

അദ്ധ്യായം - 66.

മഴ പിന്‍വലിഞ്ഞതിന്ന് ശേഷം സുഖകരമായ കാലാവസ്ഥയാണ്. കളപ്പുരയിലെ പട്ട മാറ്റി ഓട് മേഞ്ഞു കഴിഞ്ഞു. മുക്കോടില്‍ 
കാറയിട്ടതോടെ വീടിന്ന് മൊത്തത്തില്‍ ഒരു ഭംഗി കൈവന്നു. സന്ധ്യ മയങ്ങിയാല്‍ കുറെ കുട്ടികളും കുറച്ച് മുതിര്‍ന്നവരും 
അവിടെയെത്തും. അത്താഴത്തിന്ന് സമയമാവുന്നത് വരെ പിന്നെ ക്ലാസ്സാണ്.

രണ്ടാം പഞ്ചയ്ക്ക് നട്ട നെല്‍ചെടികള്‍ കരിഞ്ഞാറ് പേര്‍ന്ന് ചിനച്ച് തുടങ്ങി. അമ്പലം പണിയും വായനയും കഴിഞ്ഞ്
ബാക്കിയുള്ള പകല്‍ സമയത്ത് വേണു പാടത്ത് ചെല്ലാന്‍ തുടങ്ങി. എഴുത്തശ്ശന്‍റെ നിര്‍ബന്ധവും ചാമിയുടെ പ്രേരണയുമാണ്
അതിന്ന് കാരണം .

' അമ്മാമേ ' ഒരു ദിവസം വേണു എഴുത്തശ്ശനോട് പറഞ്ഞു ' നിങ്ങളുടെ കൂടെ പാടത്ത് നോക്കാന്‍ വന്ന് ഇപ്പോള്‍
എനിക്കും ഇടക്ക് ഇതൊക്കെ വന്ന് നോക്കിയില്ലെങ്കില്‍ എന്തോ ഒരു കുറവ് പോലെ തോന്നുന്നു '

' അപ്പൊ നീ ഒരു കൃഷിക്കാരനായി ' എഴുത്തശ്ശന്‍ പറഞ്ഞു ' നല്ലൊരു കൃഷിക്കാരന്ന് വിളയിറക്കിയ ദിവസം മുതല്‍ 
കൊയ്ത്ത് കഴിയും വരെ ഓരോ നിമിഷവും ചെടികളുടെ വളര്‍ച്ച നോക്കി നില്‍ക്കാതിരിക്കാനാവില്ല. മക്കളുടെ കയ്യോ കാലോ വളരുന്നത് എന്ന് അച്ഛനും അമ്മയും നോക്കിയിരിക്കും എന്ന് പറയാറില്ലേ. അത് പോലെ തന്നെ ഇതും '.

' ഒക്കെ ഒരു ശീലം ആവാനുണ്ട് ' ചാമി പറഞ്ഞു ' പിന്നെ ഒരു നേരം ഞാനില്ലെങ്കിലും മൊതലാളി ഒക്കെ നോക്കി നടത്തും '.

' അതിന് എന്നെ പിരിഞ്ഞ് എങ്കിട്ടെങ്കിലും പോവാന്‍ ഞാന്‍ ചാമിയെ സമ്മതിച്ചിട്ട് വേണ്ടേ '.

വയലിലെ വെള്ളത്തില്‍ എഴുത്തശ്ശന്‍ ചാതികള്‍ വട്ടത്തില്‍ കറങ്ങുന്നുണ്ട്. ചേരിന്‍റെ തണലില്‍ പുഴം കാറ്റും കൊണ്ട് നില്‍ക്കാന്‍ 
ബഹുസുഖം. ഏത് എയര്‍കണ്ടീഷണറിനും ഇത്ര സുഖം പകരാനാവില്ല എന്ന് വേണു ഓര്‍ത്തു

' അപ്പ്വൊച്ചോ, നമുക്ക് ഇത്തിരി പൊടി ഇടണ്ടേ ' ചാമി ചോദിച്ചു.

' വരെട്ടെടാ. അടിവളം ഇട്ടത് പിടിച്ചു കഴിഞ്ഞിട്ടില്ല. തോരെ തോരെ വളം കൊണ്ട്വോയി കൊട്ടീട്ട് എന്താ ഗുണം. പഞ്ച
മദാളിച്ച് വീഴും. നെല്ലൊന്നും കിട്ടില്ല '.

' അത് ശര്യാണ്. നെല്ലിന്‍റെ കറുപ്പ് വിട്ടിട്ടില്ല '.

' നോക്ക് വേണ്വോ ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇപ്പൊ വളം ഇട്ടതിന്‍റെ പശിമ തീര്‍ന്നാല്‍ ഇലയ്ക്കൊക്കെ ഒരു മഞ്ഞ നെറം വരും.
അത് കണ്ടതും പാകത്തിന് പൊടി ഇടണം '.

' അമ്മാമേ , ഇത്തിരി അധികം ഇട്ടൂന്ന് വെച്ച് എന്താ ദോഷം '.

' നീയ് രാവിലെ എത്ര ഇഡ്ളി തിന്നും '.

' നാല് '.

' ഒരു നാല്‍പ്പതെണ്ണം വെളമ്പീന്ന് വെക്ക്. എന്താ ചെയ്യാ '.

' കൂടിയാല്‍ ഒന്നോ രണ്ടോ എണ്ണം കൂടി അധികം തിന്നും. ബാക്കി വേണ്ടാന്ന് വെക്കും '.

' അതന്യാ ഈ കാര്യത്തിലും. ചെടിക്ക് വേണ്ട വളത്തിന്ന് ഒരു കണക്കുണ്ട്. കൂടുതലായാല്‍ അതോണ്ട് ഉപകാരം ഇല്ലാതെ പോവും '.

ആകാശ മേലാപ്പിലൊരു വെളുത്ത വരയിട്ട് യന്ത്ര പക്ഷി പറന്നു പോയി.

' എന്താണ്ടാ ചാമ്യേ. വല്ലാത്തൊരു ദാഹം ' എഴുത്തശ്ശന്‍ പറഞ്ഞു ' വെയിലിന് അസ്സല് ചൂടുണ്ട് '.

' അപ്പ്വോച്ചോ അതൊന്ന്വല്ലാ സംഗതി . നിങ്ങള് രാവിലെ ദോശയല്ലേ തിന്നത്. അതാവും. നമുക്കൊക്കെ കഞ്ഞീം വെള്ളച്ചോറും ഉണ്ടാ പഴക്കം '.

' നമുക്ക് കളപ്പുരയിലേക്ക് പോയാലോ ' വേണു ചോദിച്ചു.

' വേണ്ടാ. ഇവിടെ നിന്നാല്‍ ഒഴിഞ്ഞ കാറ്റ് കിട്ടും. പഞ്ചയും കാണാം. ഒരു ഭാഗത്ത് ചെന്നിരിക്കണ്ട താമസം കണ്ണ് അടഞ്ഞോളും. പിന്നെ രാത്രി കണ്ണില്‍ കുത്ത്യാല്‍ ഉറക്കം വരില്ല. പോരാത്തതിന് ചെക്കന്മാര് കന്ന് മേച്ച് മടങ്ങി വരാറായി.
നോക്കി നിന്നില്ലെങ്കില്‍ കന്നിനെ പഞ്ചയില്‍ ചാടിക്കും '.

' ഞാന്‍ പോയി വെള്ളം കൊണ്ടു വരാം 'എന്ന് ചാമി പറഞ്ഞു. അപ്പോഴാണ് തലയില്‍ ഉണക്കചുള്ളലിന്‍റെ കെട്ടും ഏന്തി വെള്ളച്ചി വരുന്നത്.

' എന്താടി ഇന്ന് പണിയൊന്നൂല്യേ ' എഴുത്തശ്ശന്‍ ചോദിച്ചു.

' പൊള്ള കളയൊക്കെ പൊന്തി വരുണുണ്ട്. ഒരാഴ്ച കഴിഞ്ഞാലേ വലിക്കാന്‍ നീട്ടം ഉണ്ടാവൂ '.

' നീ കളപ്പുരേല്‍ ചെന്ന് ഒരു തോണ്ടി പാനീല് കൊറച്ച് വെള്ളം കൊണ്ടു വാ '.

അവള്‍ പോയി വെള്ളവുമായി വന്നത് ' ഏതോ ഒരു മൊട്ടച്ചി കൊളപ്പുരടെ തിണ്ടിമ്പില് കെടക്കുണൂ ' എന്ന വാര്‍ത്തയുമായിട്ടാണ്.

മൂന്ന് പേരും മുഖത്തോട് മുഖം നോക്കി. വെള്ളച്ചി പറഞ്ഞ രൂപത്തിലുള്ള ആരേയും  അവര്‍ക്ക് ഓര്‍മ്മ തോന്നുന്നില്ല.
ചിലപ്പോള്‍ ഭിക്ഷ യാചിച്ച് വന്ന വല്ലവരും ആവുമോ. എങ്കില്‍ ആ സ്ത്രീക്ക് തിണ്ണയില്‍ കയറി കിടക്കാന്‍ ധൈര്യം തോന്നുമോ.

' ഞാന്‍ പോയി അതിനെ അവിടുന്ന് ആട്ടി വിടാം ' എന്നും പറഞ്ഞ് ചാമി പോവാനൊരുങ്ങി.

' വേണ്ടാ, ഞാന്‍ ചെന്ന് നോക്കിയിട്ട് ഇപ്പൊ തന്നെ വരാം  ' എന്നും പറഞ്ഞ് വേണു കളപ്പുരയിലേക്ക് നടന്നു.

കളപ്പുരയുടെ ഉമ്മറതിണ്ടില്‍ പ്രായം ചെന്ന ഒരു സ്ത്രി കിടക്കുന്നു. വെള്ള ചേലയാണ് വേഷം. തല മുണ്ഡനം ചെയ്തിട്ടുണ്ട്. അരികിലായി പെരുങ്കായത്തിന്‍റെ ഒരു സഞ്ചി.

' ആരാ, എന്താ ഇവിടെ കിടക്കുന്നത് ' വേണു ചോദിച്ചു.

വൃദ്ധ പിടഞ്ഞെണീറ്റു. കൈകള്‍ കൂപ്പി വേണുവിനെ തൊഴുതു.

' ഞാന്‍ പാര്‍വതി അമ്മാള്‍. മുമ്പ് വന്നിട്ടുണ്ട്. അന്ന് എനിക്ക് നൂറ് ഉറുപ്പിക തന്ന് സഹായിച്ചിട്ടുണ്ട് '.

വേണുവിന്ന് ഓര്‍മ്മ വന്നു. അന്നത്തെ രൂപം അല്ല ഇന്നുള്ളത്. അന്ന് പച്ച ചേലയൊക്കെ ചുറ്റി വെളുത്ത മുടി ചീകി കെട്ടി സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്തി നല്ല ഐശ്വര്യം തോന്നിച്ചിരുന്നു.

' എന്താ വേണ്ടത് ' വേണു ചോദിച്ചു.

' ഒന്നും വേണ്ടീട്ടല്ല ' വൃദ്ധ പറഞ്ഞു ' അന്ന് തമ്പുരാന്‍ തന്ന പണവും കൊണ്ട് സ്വാമിയെ ചികിത്സിക്കാന്ന് വിചാരിച്ചതാ. ഒന്നും വേണ്ടാ. അതോണ്ട് നിനക്ക് പത്ത് ദിവസത്തേക്ക് അരി വാങ്ങി കഞ്ഞി വെച്ചൂടെ. എന്ത് ചികിത്സിച്ചിട്ടും ഒരു കാര്യൂല്യാ.
എനിക്ക് ഇനി അധികം ഈടില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു '.

' എന്നിട്ട് മരുന്നൊന്നും വാങ്ങിച്ചില്ലെ '.

' അതൊന്നും വേണ്ടി വന്നില്ല. സ്വാമി പറഞ്ഞതു പോലെ തന്നെ ആയി. ഒരാഴ്ച തികച്ചും കഴിഞ്ഞില്ല. നേരം പുലര്‍ന്നപ്പോള്‍ സ്വാമി വിളിച്ചിട്ട് മിണ്ടിണില്ല. ഉറക്കത്തിലേ പോയി. ഭാഗ്യവാന്‍ '.

പാര്‍വതി അമ്മാള്‍ ചേലയുടെ തലപ്പുകൊണ്ട് മുഖം അമര്‍ത്തി തുടച്ചു. എന്തോ ആലോചിച്ച് അവര്‍ കുറെ നേരം ഇരുന്നു.

' ഗ്രാമക്കാരൊക്കെ കൂടി ശവ ദഹനം നടത്തി. ക്രിയകളും ചെയ്യിച്ചു. അതോടെ എല്ലാവരും ഒഴിഞ്ഞു. കുറച്ച് ദിവസം 
അടുത്തുള്ളവര് വന്നിട്ടുണ്ടായിരുന്നു. ഇപ്പൊ ആരും വരാറില്ല '.

വേണുവിന് മനസ്സില്‍ വേദന തോന്നി. പാവം. ജീവിത സായാഹ്നത്തില്‍ അനാഥയായി കഴിയാനാണ് യോഗം .

' പകല് അന്ത്യോളം എവിടേക്കെങ്കിലും ഒക്കെ ചെന്നിട്ട് സമയം പോവും. രാത്രി ആയാലാണ് കഷ്ടം. ഓരോന്ന് ആലോചിച്ച്
കിടക്കും. ഒറ്റ പോള കണ്ണടയ്ക്കാന്‍ പറ്റാറില്ല ' അവര്‍  സങ്കടങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നു.

' വയസ്സായീച്ചാലും ഞാനും ഒരു മനുഷ്യ ജീവിയല്ലേ. ചെലപ്പൊ മഠത്തിന്‍റെ മുറ്റത്തിന്ന് രാത്രി നേരത്ത് ശബ്ദം കേള്‍ക്കും . എന്താ
ചെയ്യാ. നാരായണാന്ന് ജപിച്ച് കണ്ണടച്ച് കിടക്കും '.

' വെള്ളോ വല്ലതും വേണോ ' വേണു അന്വേഷിച്ചു.

' ഒന്നും വേണ്ടാ ' അവര്‍ തുടര്‍ന്നു ' ചില രാത്രീല് സ്വാമി എന്‍റെ അടുത്ത് വരും, പാര്‍വതീന്നും വിളിച്ചിട്ട്. അദ്ദേഹം 
ഇരിക്കുമ്പൊ സ്നേഹിച്ചിട്ടന്നേയുള്ളു. പക്ഷെ മരിച്ച ശേഷം  എന്താ ഉള്ളില് എന്ന് നമുക്ക് അറിയില്ലല്ലൊ. ഇരിക്കുമ്പൊ
സ്നേഹിച്ചോര് മരിച്ചാല്‍ വെറുക്കും എന്ന് പറഞ്ഞ് കേട്ടിട്ടും ഉണ്ട് '.

' അമ്മയ്ക്ക് കൂട്ടിന് ആരും ഇല്ലേ '.

' ആരൂല്യാ. ഭഗവാന്‍ തന്നെ തുണ '.

' രാത്രി അടുത്ത വീട്ടില് ചെന്ന് കിടന്നൂടേ '.

' അതിനൊക്കെ ശ്രമിച്ചു. ഇപ്പൊ കിടക്കുന്നതില് വിരോധം ഉണ്ടായിട്ടല്ല , കുറച്ച് കാലം കഴിഞ്ഞ് വയ്യാതെ കിടപ്പിലായാല്‍ 
അതൊക്കെ ബുദ്ധിമുട്ടാവും എന്നും പറഞ്ഞ് ആരും സമ്മതിക്കിണില്ല '.

വൃദ്ധയുടെ വിഷമങ്ങളോര്‍ത്ത് വേണു ഇരുന്നു. വാര്‍ദ്ധക്യ കാലത്തെ ഏകാന്തത അസഹ്യമാണ്. എന്തൊരു ക്രൂരമായ വിധിയാണ് അവരുടേത്.

' ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ തമ്പുരാന്‍ ദേഷ്യപ്പെട്വോ ' അവര്‍ ചോദിച്ചു.

' എനിക്ക് ഈ തിണ്ടില് കിടന്നുറങ്ങാനുള്ള സമ്മതം തര്വോ. ഒന്നും തരണ്ടാ. ഞാന്‍ ആരോടെങ്കിലും പിച്ച തെണ്ടി വല്ലതും
ഉണ്ടാക്കി കഴിക്കാം '.

' ഇത്തിരി ആഹാരം തരുന്നതില്‍ വിരോധം ഒന്നും ഉണ്ടായിട്ടല്ല ' വേണു പറഞ്ഞ് നിര്‍ത്തും മുമ്പേ അവര്‍ ഇടപെട്ടു.

' ഞാന്‍ എന്നെ കൊണ്ട് ആവുന്ന പണിയൊക്കെ ചെയ്യാം. പാത്രം കഴുകി തരാം , മുറ്റം അടിക്കാം . തുണി തിരുമ്പാം . സമ്മതാച്ചാല്‍ ശമയലും ചെയ്യാം. പക്ഷെ ഇറച്ചീം മീനും ഒന്നും ആവില്യാ. അതൊന്നും ചെയ്ത് ശീലിച്ചിട്ടില്ല '.

' അപ്പോള്‍  മഠം '.

' കൊടുക്കുന്നൂന്ന് പറഞ്ഞാല്‍ വാങ്ങാന്‍ ആള് ഇഷ്ടം പോലെ ഗ്രാമത്തില്‍ തന്നെയുണ്ട്. പക്ഷെ എല്ലാരും വില കുറച്ചേ
ചോദിക്കൂ. എന്ത് കിട്ട്യാലും അത് ഞാന്‍ തമ്പുരാന്‍റെ കയ്യില്‍ തരാം '.

അങ്ങിനെ ആവാമെന്നോ, ആവില്ലെന്നോ പറയാനറിയാതെ വേണു ഇരുന്നു. പാര്‍വതി അമ്മാളിന്‍റെ ദുരിതം മനസ്സിനെ വല്ലാതെ
സ്പര്‍ശിച്ചു. ഓര്‍മ്മ വെക്കുന്നതിന്ന് മുമ്പ് മണ്‍ മറഞ്ഞ തന്‍റെ അമ്മയാണ് ഇത്തരം ഒരു അവസ്ഥയിലെങ്കില്‍ എന്നൊരു തോന്നല്‍
അയാളുടെ ഉള്ളില്‍ കടന്നു.

' എന്താ ഒന്നും പറയാത്തത് ' പാര്‍വതി അമ്മാളിന്‍റെ ശബ്ദം വേണുവിനെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി.

' ഹേയ്, ഓരോന്ന് ആലോചിച്ചിരുന്നതാണ് '.

' എനിക്ക് തല ചായ്ക്കാനൊരിടം തര്വോ'.

' വിഷമിക്കണ്ടാ ' വേണു പറഞ്ഞു ' എന്തിനും വഴിയുണ്ട്. ഇപ്പോള്‍ പൊയ്ക്കോളൂ. മഠമൊന്നും വില്‍ക്കണ്ടാ. പോരണംന്ന് തോന്നിയാല്‍ പോന്നോളൂ. ഇവിടെ കൂടാം. ഒരു മകന്‍റെ അടുത്താണെന്ന് വിചാരിച്ചാല്‍ മതി '.

' ഈശ്വരാ ' പാര്‍വതി അമ്മാള്‍ മേല്‍പ്പോട്ട് നോക്കി കയ്യുയര്‍ത്തി ' പെറ്റില്ലെങ്കിലെന്താ, ഇത്ര നല്ല മനസ്സുള്ള ഒരു പുത്രനെ തന്നല്ലോ. അത് മതി '.

അവര്‍ കണ്ണ് തുടച്ചു. മെല്ലെ എഴുന്നേറ്റ് വേണുവിന്‍റെ ശിരസ്സില്‍ കൈ വെച്ചു. ആ കൈകള്‍ വിറച്ചു.

2 comments:

  1. വായനതുടരുന്നു

    ReplyDelete
  2. വയസ്സായാല്‍ ആരുമില്ലാത്തവര്‍ക്ക് ഈശ്വരന്‍ തുണ..

    ReplyDelete