Sunday, May 9, 2010

അദ്ധ്യായം - 65.

അമ്പലത്തില്‍ പുതിയൊരു ശാന്തിക്കാരനെ നിയമിക്കണമെന്ന ആവശ്യം  ഉയര്‍ന്നപ്പോള്‍ താന്‍ ഒരാളെ അയക്കാമെന്ന് ഉടമസ്ഥന്‍ തിരുമേനി ഏറ്റിരുന്നു. പഠിപ്പൊക്കെ ഉള്ള ആളാണ്, പൂജാദി കര്‍മ്മങ്ങളൊക്കെ നന്നായി അറിയും ,
സംസാരിച്ച് നോക്കിയിട്ട് പറ്റുമെന്ന് നിങ്ങള്‍ക്കൊക്കെ തോന്നിയാല്‍ നമുക്കയാളെ ജോലിക്ക് എടുക്കാം എന്നൊക്കെ
അദ്ദേഹം പറഞ്ഞിരുന്നു. അമ്പലത്തില്‍ അത്യാവശ്യം ആളുകള്‍ തൊഴാന്‍ എത്തി തുടങ്ങി. മണ്ഡലകാലമായാല്‍ 
വരുന്നവരുടെ എണ്ണം ഇനിയും കൂടും. മുട്ടു ശാന്തിക്ക് വരുന്ന കുട്ടി തീരെ പോരാ.

' എനിക്ക് ഇന്ന് നൂറ്റെട്ട് കൂട്ടം കാര്യങ്ങളുണ്ട്. ഇന്നലെ രാത്രി യാത്രയിലായതോണ്ട് ഒരു പോള കണ്ണ് അടക്കാന്‍ 
പറ്റിയില്ല. പാര്‍ട്ടി കാര്യത്തിന്ന് വേണ്ടി ഒരാഴ്ച അലഞ്ഞതിന്‍റെ ക്ഷീണം നല്ലോണം ഉണ്ട്. ശാന്തിക്കാരനോട്
സംസാരിക്കാന്‍ കമ്മിറ്റിക്കാര് എല്ലാവരും ഉണ്ടാവണം എന്ന് പറഞ്ഞതോണ്ട് മാത്രം വന്നതാണ് ' സ്വാമിനാഥന്‍ അക്ഷമ പ്രകടിപ്പിച്ചു.

' എട്ടരയ്ക്ക് മുമ്പ് എത്തുംന്നല്ലേ പറഞ്ഞത്. അതിന്ന് ഇനിയും സമയം ഉണ്ടല്ലോ ' എഴുത്തശ്ശന്‍ പറഞ്ഞു.

' എന്തൊക്കെയാ തലസ്ഥാനത്ത് പുതിയ വിശേഷങ്ങള് ' മേനോന് അതാണ് അറിയേണ്ടത്.

' എലക്ഷന്‍ വരുന്നു. അതന്നെ പ്രധാന വാര്‍ത്ത '.

' എന്തിനാ നിങ്ങള് ഇങ്ങിനെ ഒരു തുക്കടാ പാര്‍ട്ടീല് നിക്കുന്നത് ' നാണു നായര്‍ ചോദിച്ചു ' അതിന്ന് പകരം
കോണ്‍ഗ്രസ്സിലോ, കമ്യൂണിസ്റ്റിലോ ചേര്‍ന്നാല്‍ ഒരു നെലേല് എത്തില്ലേ '.

' നിങ്ങള്‍ക്ക് അറിഞ്ഞൂടാഞ്ഞിട്ടാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടീല് ചേരണംച്ചാലേ അത് അത്ര എളുപ്പം അല്ല. അവര്
നമ്മടെ ജാതകൂം പഞ്ചാംഗൂം വരെ നോക്കിയിട്ടേ മെമ്പര്‍ഷിപ്പ് തരുള്ളു. പുതുതായി വരുന്നത് എങ്ങിനെയുള്ള
ആളാണ്, പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് എതിരായി വല്ലതും പ്രവര്‍ത്തിച്ചിട്ടുണ്ടോ , പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍
സഹകരിച്ചിട്ടുണ്ടോ എന്നൊക്കെ സൂക്ഷ്മമായി പരിശോധിക്കും. എന്നിട്ട് അംഗത്വം കിട്ടിയാലോ ഒരു നെലേല്
എത്തണംച്ചാല്‍ ഇത്തിരി പാട് പെടണം '.

' എന്നാല്‍ പിന്നെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നൂടേ '.

' നല്ല കാര്യായി. അവീടെ നിര നിരയായി കിടക്കുന്നുണ്ട് നേതാക്കന്മാര് . നമ്മള് ചെന്നാലേ ഒടുക്കത്തെ
ഒന്നാമനാവും. കിണഞ്ഞ് ശ്രമിച്ചാല്‍ വല്ല മണ്ഡലം കമ്മിറ്റിയില്‍ കേറി ചടഞ്ഞു കൂടാം , എളുപ്പത്തില്‍  
അതിനപ്പുറത്തേക്ക് കടക്കാന്‍ പറ്റില്ല '.

' അപ്പൊ തിരക്കില്ലാത്ത ഇടം നോക്കി ചെന്നൂന്ന് സാരം '.

' സത്യം അതാണ് . നമ്മുടെ നാട്ടില് എന്നും കൂട്ടു കക്ഷി ഭരണം മാത്രമേ ഉണ്ടാവൂ. ഏതെങ്കിലും വലിയ
പാര്‍ട്ടിയുടെ കൂടെ നിന്ന് അവരുടെ സഹായത്തോടെ ജയിച്ച് കുറച്ച് സീറ്റ് നേടണം. അത് കഴിഞ്ഞാല്‍ വില
പേശലായി. കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ ചെറിയ പാര്‍ട്ടികളില്‍ അംഗമാവുന്നതാണ് നല്ലത്. പിന്നെ വേറൊരു
കാര്യം കൂടിയുണ്ട് ' അയാള്‍ നിര്‍ത്തി.

' അതെന്താ ' എല്ലാവര്‍ക്കും അതറിയാന്‍ ആകാംക്ഷയായി.

' തിരഞ്ഞെടുപ്പ് കമ്മിറ്റിയുണ്ടാക്കുമ്പോള്‍ ചെറിയ പാര്‍ട്ടിക്കാര്‍ക്കും പ്രാതിനിധ്യം കിട്ടും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ കൂടി ചെറിയ പാര്‍ട്ടിയുടെ പ്രതിനിധിക്ക് വേദിയിലാണ് സ്ഥാനം . നേരെ മറിച്ച് വലിയ പാര്‍ട്ടിയിലെ
ഇടത്തരം നേതാവിന്ന് അവിടെ കേറാന്‍ കൂടി ഒക്കില്ല '.

രാഷ്ട്രീയം പറഞ്ഞിരിക്കുന്നതിന്നിടയില്‍ അകലെ നിന്നും വരമ്പിലൂടെ ഒരു ടി വി. എസ്. ഓടി അടുക്കുന്നത് കണ്ടു.
അമ്പല മതിലിന്നരുകില്‍ വാഹനം നിറുത്തി ഒരു ചെറുപ്പക്കാരന്‍ ഇറങ്ങി വന്നു. പാന്‍റും ഷര്‍ട്ടുമാണ് വേഷം. കയ്യിലൊരു
ചെറിയ ഹാന്‍ഡ് ബാഗുണ്ട്. അയാള്‍ അവര്‍ക്കു നേരെ നടന്നടുത്തു.

' ആരാ ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഇവിടെ പൂജക്ക് ഒരാളെ ആവശ്യം ഉണ്ട്, ചെന്നു കാണണംന്ന് മനയ്ക്കലില്‍ നിന്ന് പറഞ്ഞയച്ചിരുന്നു '.

' അതുവ്വ്. ആരാ പൂജക്കാരന്‍ '.

' ഞാന്‍ തന്നെ '.

എല്ലാവര്‍ക്കും അത്ഭുതം തോന്നി. പൂജക്ക് വന്ന ആള്‍ തന്നയാണോ ഇത്. വേണു ആഗതനെ ശ്രദ്ധിച്ചു. ആ
ചെറുപ്പക്കാരന്‍റെ മുഖത്ത് ആത്മവിശ്വാസം തെളിഞ്ഞു കാണാനുണ്ടായിരുന്നു.

' എങ്ങന്യാ ഈ വഴി മനസ്സിലായത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ചോദിച്ചറിഞ്ഞു. പുഴടെ അക്കരെ വണ്ടി വെച്ചിട്ട് ഇറങ്ങി കടക്കാംന്ന് വെച്ചാല്‍ ഈ വേഷം പറ്റില്ല. നനയും. 
അപ്പോള്‍ ഇത്തിരി ദൂരം കൂടിയാലും പാലം ചുറ്റി വരാംന്ന് വെച്ചു. നാല് കിലോമീറ്ററ് അത്ര അധികം ദൂരം 
ഒന്നുമല്ല. അഞ്ചാറിടത്ത് കഴായ ഉള്ളത് മാത്രേ വിഷമമുള്ളു '.

' ഇപ്പൊ എവിടേക്കാ പോണത് '.

' ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിക്കുണ്ട്. അവിടുന്ന് കിട്ടുന്നതോണ്ട് തികയില്ല. ട്യൂഷന്‍ എടുക്കാച്ചാല്‍ 
പഠിക്കാന്‍ വരുന്ന കുട്ടികള് പലേ ക്ലാസ്സില്‍ ഉള്ളവരായിരിക്കും. അത് ബുദ്ധിമുട്ടാണ്. അപ്പോള്‍ പിന്നെ
അറിയുന്ന ഈ തൊഴില്‍ ചെയ്യാന്ന് കരുതി '.

' ഇവിടുന്ന് അത്രക്ക് വരുമ്പടി കിട്ടുംന്ന് തോന്നുന്നുണ്ടോ '.

' അതില്ല. ട്യൂട്ടോറിയല്‍ കോളേജില്‍ നിന്ന് കിട്ടുന്നതിന്ന് പുറമേ കുറച്ചും കൂടി വരുമാനം. അത്രേ ഞാനും
കണക്കാക്കുന്നുള്ളു '.

' അപ്പൊ ശാന്തിപ്പണീം പഠിപ്പിക്കലും ഒന്നിച്ച് കൊണ്ടു പോവാംന്നാണോ വിചാരിക്കുന്നത് '.

' അതെ '.

' ഇവിടെ സ്ഥിരം ഒരാള് വേണം എന്നാ ഉദ്ദേശം. എപ്പോഴെങ്കിലും വന്നിട്ട് പോവാന്‍ പറ്റുന്ന പണിയാണോ
അമ്പലത്തിലേത് '.

' എനിക്ക് വിരോധം ഇല്യാ. മുഴുവന്‍ നേരൂം ഇവിടെ തന്നെ കൂടാം. പക്ഷെ അതിനനുസരിച്ചുള്ള ശമ്പളം 
തരേണ്ടി വരും '.

' നിങ്ങള് ആള് മോശക്കാരനല്ലല്ലോ '.

' മോശക്കാരനായാല്‍ ഈ ലോകത്ത് ജീവിക്കാന്‍ പറ്റില്ലല്ലോ '.

' എന്നാലും ഈ പണിക്കൊക്കെ പ്രതിഫലം ചോദിച്ച് വാങ്ങാന്‍ പാടുണ്ടോ '.

' എന്തെ പാടില്ലാന്ന് തോന്നാന്‍. ഒരു പനി വന്നിട്ട് ഡോക്ടറുടെ അടുത്ത് ചെന്നാല്‍ അയാള് പറഞ്ഞ ഫീസ് കൊടുക്കാതെ പരിശോദിക്കില്ലല്ലോ. എന്തെങ്കിലും കേസും കൊണ്ട് വക്കീലിന്‍റെ അടുത്ത് ചെന്നാല്‍ മതി. മുടിപ്പിച്ച് തരും. അതൊന്നും 
തെറ്റല്ലെങ്കില്‍ ഞാന്‍ ചോദിച്ചതും തെറ്റല്ല '.

' കാലം പോയ പോക്കേ ' നാണു നായരുടെ ആത്മഗതം അല്‍പ്പം ഉച്ചത്തിലായി.

' ശരിയാണ്. കാലം മാറി. അത്ര വലിയ സമ്പന്നരൊന്നും അല്ലെങ്കിലും കഴിഞ്ഞു കൂടാനുള്ള വകയൊക്കെ ഇല്ലത്തില്‍ 
ഉണ്ടായിരുന്നു. നിങ്ങള് പറഞ്ഞ കാലം പോവുന്ന കൂട്ടത്തില്‍ അതൊക്കെ തട്ടി പറിച്ചുകൊണ്ട് പോയി. ഇന്ന് അതൊക്കെ വല്ലവനും അനുഭവിക്കുന്നു. വീട്ടില്‍ വയസ്സായ അച്ഛനും അമ്മയും ഉണ്ട്. താഴെ ഒരു അനുജത്തിയും. രക്ഷിതാക്കളെ
നോക്കണം. അനുജത്തിയെ പഠിപ്പിക്കണം. അവളെ നല്ല ഒരുത്തനെ ഏല്‍പ്പിക്കണം. അതിന്ന് സമ്പാദിക്കാതെ പറ്റില്ലല്ലോ '.

' ആട്ടെ, എത്ര വരെ പഠിച്ചിട്ടുണ്ട് ' നാണു നായര്‍ക്ക് അത് അറിയണം.

' ശാന്തിക്കരന്‍റെ പണിക്ക് പഠിപ്പ് ഒരു കാര്യമല്ലാന്നാ കരുത്യേത്. അതോണ്ട് ഞാന്‍ സര്‍ട്ടിഫിക്കറ്റൊന്നും എടുത്തിട്ടില്ല '.

' കുട്ടീ , സര്‍ട്ടിഫിക്കറ്റൊന്നും നോക്കാനല്ല ചോദിച്ചത് ' മേനോന്‍ പറഞ്ഞു ' അറിഞ്ഞിരിക്കാലോ എന്ന് വിചാരിച്ച്
ചോദിച്ചതാ '.

' അതോണ്ട് വൈഷമ്യം ഒന്നൂല്യാ. ഡിഗ്രി ഉണ്ട്. പിന്നെ ബി.എഡും '.

' മാഷ് പണിക്കൊന്നും ശ്രമിച്ചില്ലേ '.

' നല്ല മാര്‍ക്ക് വാങ്ങി ജയിച്ചാല്‍ ജോലിക്ക് ബുദ്ധിമുട്ടില്ലാന്നാ പഠിക്കുന്ന കാലത്ത് വിചാരിച്ചിരുന്നത്.എത്ര മാര്‍ക്ക്
കിട്ടീട്ടും കാര്യമില്ല , തിരുമൂല്‍ കാഴ്ച വെക്കാന്‍ നല്ലോണം കയ്യിലുണ്ടാവണം , എന്നാലേ ജോലി കിട്ടൂ എന്നൊക്കെ
പിന്നീടാ അറിഞ്ഞത്. എന്‍റെ കുടുംബത്തില്‍ അതിന്നുള്ള വകയില്ല. അന്യ നാട്ടില്‍ ചെന്നാല്‍ വല്ല പണിയും  കിട്ടും എന്ന് എല്ലാരും പറയുന്നുണ്ട്. ചിലപ്പോള്‍ ബോംബേലോ മദിരാശിയിലോ ചെന്നാല്‍ കിട്ടിയേക്കും. അപ്പോള്‍ അച്ഛനും അമ്മക്കും 
അനുജത്തിക്കും കൂട്ടിന്ന് ആരാ ഉള്ളത്. ദൈവം കടാക്ഷിച്ച് എന്നെങ്കിലും പി. എസ്. സി. എഴുതി കിട്ടിയാല്‍ രക്ഷപ്പെടും. അത് വരെ ഇങ്ങിനെയൊക്കെ കഴിയണം  '.

ആ ചെറുപ്പക്കാരനോട് എല്ലാവര്‍ക്കും ബഹുമാനമാണ് തോന്നിയത്. ഉത്തരവാദിത്വബോധം ഉള്ളവന്‍. കാര്യം വളച്ചുകെട്ടില്ലാതെ പറയുന്നവന്‍.

' പൂജാദികളൊക്കെ പഠിച്ചിട്ടുണ്ടോ '.

' ഉവ്വ് '.

' ഇന്നത്തെ കാലത്ത് ഇതോണ്ട് എന്തെങ്കിലും കിട്ടാറുണ്ടോ '.

' ഞാന്‍ പറഞ്ഞില്ലേ പഴയ കാലം അല്ലാന്ന്. ജനങ്ങള്‍ക്ക് മുമ്പത്തെക്കാളും ഭക്തി കൂടീട്ടുണ്ട് എന്നാ അച്ഛന്‍ പറയാറ്.
ഗണപതി ഹോമം , സുദര്‍ശന ഹോമം , നാഗപൂജ ' ഭഗവത്സേവ എന്നിവയൊക്കെ ചെയ്യണം എന്നു പറഞ്ഞ് ധാരാളം
ആളുകള്‍ വരറുണ്ട്. അതാതിന്ന് വേണ്ട സാധനങ്ങളുടെ ചാര്‍ത്ത് എഴുതി കൊടുക്കും. ദക്ഷിണ ഇത്ര വേണംന്ന് ആദ്യം 
തന്നെ പറയും. എല്ലാം കഴിഞ്ഞ് അതിന്ന് കൂട്ടം കൂടാന്‍ നിക്കണ്ടല്ലോ '.

' അത് നല്ലത് തന്നെ '.

' കിട്ടുന്ന സാധനങ്ങളും പണവും കൊണ്ട് കഷ്ടപ്പാടില്ലാതെ കഴിഞ്ഞു കൂടുന്നു. പണ്ട് ഞങ്ങള്‍ക്ക് സ്വത്ത് ഉണ്ടായിരുന്നു
എന്ന് പറഞ്ഞിരുന്നാല്‍ ഇപ്പോഴത്തെ വിശപ്പ് മാറില്ലല്ലോ '.

' നിങ്ങളെ ഞങ്ങള്‍ക്ക് ബോധിച്ചു. തിരുമേനിയോട് പറയാം ' മേനോന്‍ പറഞ്ഞു.

' ഒന്നും തോന്നരുത് കിട്ടോ. ഞാന്‍ എന്‍റെ കാര്യം പറഞ്ഞൂന്നേ ഉള്ളു. ജോലീല് ആത്മാര്‍ത്ഥത ഉറപ്പിക്കാം. രാവിലേയും
വൈകുന്നേരവും സമയത്തിന്ന് എത്തും. പഠിപ്പിക്കാന്‍ പോണംന്ന് വിചാരിച്ച് പൂജ ഏഹോ എന്നൊന്നും ആക്കില്ല. ശ്രീകോവിലില്‍ ഇരുന്ന് മന്ത്രം ജപിക്കുന്നതിന്ന് പകരം ക്ലാസില്‍ പഠിപ്പിക്കാനുള്ളത് ആലോചിച്ചിരുന്നാല്‍ അത് തെറ്റ്. അത് ഞാന്‍ ചെയ്യില്ല. ഇവിടെ ഞാന്‍ പൂജാരി. ട്യൂട്ടോറിയലില്‍ ചെന്നാല്‍ മാഷ്. രണ്ടും ഒരു പോലെ നന്നാക്കണം എന്നാ
മനസ്സില് '.

' ഈശ്വരന്‍ അതിന്ന് സഹായിക്കട്ടെ '.

അയാള്‍ യാത്ര പറഞ്ഞിറങ്ങി. വരമ്പിലൂടെ ടി. വി. എസ് പോവുന്നതും നോക്കി അവര്‍ ഇരുന്നു.

1 comment:

  1. അത് നന്നായി. ഈ പൂജാരി കൊള്ളാംന്നു തോന്നണു.

    ReplyDelete