Wednesday, February 17, 2010

അദ്ധ്യായം - 51.

വണ്ടി തട്ടീട്ട് ചാമി റോഡരുകില്‍ കിടക്കുന്നു എന്ന വാര്‍ത്ത അറിഞ്ഞതും
കല്യാണി ഉറക്കെ കരഞ്ഞ് ബഹളം കൂട്ടി. കാലത്ത് പേപ്പറ്കാരന്‍ ചെക്കന്‍
ചായ കടയില്‍ ചെന്ന് പറഞ്ഞ വിവരമാണ്. കൊല്ലന്‍റെ ആലടെ തൊട്ടുള്ള
വളവിലാണ് കിടക്കുന്നത്. നേരം വെളുത്തിട്ട് ഏറെയായിട്ടില്ല. വേലപ്പന്‍
കന്നിനെ കഴുകാന്‍ പുഴയിലേക്ക് ചെന്നതേയുള്ളു. ആരോ ഒരാള്‍
വേലപ്പനെ വിളിക്കാന്‍ ഓടി.

' നിങ്ങള് മൊതലാളിടെ അടുത്ത് ചെന്ന് വിവരം പറയിന്‍ ' എന്ന്
കരച്ചിലിനിടയില്‍ കൂടെ കല്യാണി പറഞ്ഞൊപ്പിച്ചു. വേണു തലേന്ന്
പെങ്ങളുടെ വീട്ടില്‍ ചെന്നതൊന്നും അവള്‍ അറിഞ്ഞിരുന്നില്ല. അത്
കേട്ടതും വേറൊരാള്‍ കളപ്പുരയിലേക്ക് തിരിച്ചു.

എഴുത്തശ്ശന്‍ കളപ്പുര മുറ്റത്ത് വളര്‍ന്നു വരുന്ന പുല്ല് വലിക്കുകയാണ്.
അപ്പോഴാണ് ഒരാള്‍ മുതലാളിയെ അന്വേഷിച്ച് എത്തുന്നത്.

' എന്താ കാര്യം ' എഴുത്തശ്ശന്‍ ചോദിച്ചു.

' ചാമ്യേട്ടന്‍ വണ്ടി മുട്ടി പാതേല് കിടക്ക്വാണത്രേ '.

എഴുത്തശ്ശന്‍ തലയില്‍ കൈ വെച്ചു. ഇന്നലെ ആഹാരം വാങ്ങീട്ട്
എത്താമെന്നും പറഞ്ഞ് പോയവനാണ്. എന്നാലും കാറില്‍ കയറി
പോയവന്‍ എങ്ങിനെ വണ്ടി മുട്ടി റോഡില്കിടക്കും.

' എങ്ങനീണ്ടെന്നാ കേട്ടത് '.

' കഴിഞ്ഞൂന്നും കഴിഞ്ഞിലാന്നും പറയുണുണ്ട്. അല്ലെങ്കിലും 
ലോറി തട്ടീട്ട് ആരെങ്കിലും പെഴക്ക്യോ '.

ആഗതന്‍റെ കൂടെ എഴുത്തശ്ശന്‍ ചാമിയുടെ വീട്ടിലേക്ക് ചെന്നു.
അയല്‍പക്കത്തെ പെണ്ണുങ്ങള്‍ കല്യാണിക്കൊപ്പം ഉറക്കെ
കരയുന്നു. വേലപ്പന്‍ ബോധം കെട്ട് കിടപ്പാണ്.

' ഇവിടെ ഈ കരച്ചില് കണ്ട് നിന്നിട്ട് എന്താ കാര്യം. നമുക്കൊന്ന്
സ്ഥലത്ത് ചെന്ന് നോക്കാം ' എഴുത്തശ്ശന്‍ പടിയിറങ്ങി.

നല്ല മനസ്ഥിതി ഉള്ള ചെക്കന്‍. ഇപ്പൊ കുറച്ചായിട്ട് അവന്‍ ഒരു
തെമ്മാടിത്തരത്തിന്നും പോവാറില്ല. നന്നാവാന്‍ തുടങ്ങ്യേപ്പോഴേക്കും 
മുകളിന്ന് വിളിച്ചു.

വരമ്പ് കയറി റോഡിലെത്തിയപ്പോള്‍ ആരൊക്കേയോ തിരിച്ചു വരുന്നു.
ദേഹം ആസ്പത്രീലിക്ക് കൊണ്ടു പോയിട്ടുണ്ടാവുമോ.

' എന്തായി ' സൈക്കിളില്‍ വന്നവനോട് എഴുത്തശ്ശന്‍ ചോദിച്ചു.

' എന്താവാന്‍. എഴുന്നേറ്റ് ഇരുന്ന് ചായ കുടിക്കുന്നുണ്ട് '.

' ആരെടെ കാര്യാ നീ പറയിണത്. ചാമിടെ കാര്യോല്ലേ '.

' തെന്നെ തെന്നെ '.

' അപ്പൊ വണ്ടി മുട്ടീന്ന് പറഞ്ഞിട്ട് '.

' വണ്ടി മുട്ട്യേത് ഒന്ന്വോല്ലാ. കുടിച്ച് പിപ്പിരിയായിട്ട് പാതേല് വീണതാ.
നെറ്റീല് ഒരു മുറി ഉണ്ട്. കുറച്ച് കഴിയുമ്പോഴേക്കും വീട്ടിലെത്തും '.

വല്ലാത്ത മനുഷ്യര്. ' ഉ ' എന്ന് കേള്‍ക്കുമ്പോഴേക്കും ഉപ്പെന്നും 
ഉപ്പിലിട്ടത് എന്നും പറഞ്ഞുണ്ടാക്കും. കേട്ടോര് കേട്ടോര് അവരവര്‍ക്ക്
ബോധിച്ച മട്ടില്‍ പറഞ്ഞുണ്ടാക്കുന്ന രീതി നാട്ടിന്‍ പുറത്ത് പതിവാണ്.
എന്നാലും ജീവനോടെ ഇരിക്കുന്നവന്‍ ചത്തൂന്ന് പറഞ്ഞുണ്ടാക്ക്വേ .

മിണ്ടാതെ ഇരിക്കുന്നേടത്ത് ഇള വെയിലും കൊണ്ട് നടക്കേണ്ടി വന്നത്
മാത്രം ലാഭം. ഇതിനൊക്കെ കാരണം അവന്‍ ഒരൊറ്റ ആളാണ്.

' കുരുത്തം കെട്ടോന്‍. തരം കിട്ട്യേപ്പൊ ശരിക്കുള്ള ശീലം കാണിച്ചു.
അതെങ്ങന്യാ. നായിന്‍റെ വാല് പന്തീരാണ്ട് കൊല്ലം കൊഴലിലിട്ടാലും
 ഊരുമ്പോള്‍ പഴയ പടി വളഞ്ഞിട്ടന്നേ ഉണ്ടാവൂ ' എന്നും മനസ്സില്‍ 
ചിന്തിച്ച് എഴുത്തശ്ശന്‍ തിരിഞ്ഞ് നടന്നു.

********************************************
വൈകുന്നേരമായി വേണു പത്മിനിയുടെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍.
കളപ്പുര തുറന്നിട്ടില്ല. ചാമി ആ പരിസരത്ത് എവിടേയുമില്ല. കയ്യിലെ
ബാഗ് കോലായില്‍ വെച്ച്, എഴുത്തശ്ശനെ അന്വേഷിച്ച് വണ്ടിപ്പുരയിലേക്ക്
നടന്നു. അവിടെ അയാളും ഇല്ല. ചിലപ്പോള്‍ അമ്പലത്തിലേക്ക് ചെന്നതായിരിക്കുമോ.
കളപ്പുരയിലേക്കുതന്നെ തിരിച്ച് നടന്നു.

ഇട്ട ഷര്‍ട്ട് അഴിച്ചു വെച്ച് തോര്‍ത്തെടുത്ത് തോളത്തിട്ട് വേണു ഇറങ്ങി.
ആല്‍ചുവട്ടില്‍ പത്ത് പതിഞ്ച് പേര്‍ നില്‍ക്കുന്നുണ്ട്. എഴുത്തശ്ശന്‍ 
അവിടേയുമില്ല. ' കുപ്പന്‍ കുട്ടി എഴുത്തശ്ശനെ കണ്ടോ ' എന്ന് വേണു
ഒരാളോട്ചോദിച്ചു.

' ദാ, ഇപ്പഴാ നാണു നായരേം കൂട്ടി കുളത്തിലേക്ക് കുളിക്കാന്‍ ചെന്നത്.
നട തുറക്കുമ്പോഴേക്കും എത്തും '.

വേണുവും കുളത്തിലേക്ക് നടന്നു. എഴുത്തശ്ശന്‍ കുളിച്ച് തല തുവര്‍ത്തുകയാണ്.
നാണു നായര്‍ പടവില്‍ ഇരിക്കുന്നു.

' അമ്മാമേ ' വേണു വിളിച്ചു ' കളപ്പുര പൂട്ടിയിരിക്കുന്നു. ചാമിയെ
നോക്കീട്ട് കണ്ടില്ല '.

' ആ കുരുത്തം കെട്ടോന്‍റെ വര്‍ത്തമാനം എനിക്ക് കേള്‍ക്കണ്ടാ. ആ ജന്തു
എവിടെയെങ്കിലും പോയി തുലയട്ടെ '.

താനില്ലാത്ത നേരത്ത് രണ്ടാളും കൂടി എന്തെങ്കിലും പറഞ്ഞ് തമ്മില്‍ 
തല്ലിയിട്ടുണ്ടാവുമെന്ന് വേണു കരുതി.

ബാഗും ഷര്‍ട്ടും കളപ്പുരയുടെ തിണ്ണയില്‍ വെച്ചിട്ട് വന്നതാണെന്ന് വേണു
അറിയിച്ചു.

' നീ കുളിച്ച് അമ്പലത്തിലേക്ക് വന്നോ. ഞാന്‍ തുമ്മന്ന് ചെന്ന് വാതില്
തുറന്ന് ഷര്‍ട്ടും ബാഗും അകത്ത് വെച്ചിട്ട് വരാം '.

' നെന്‍റെ കാര്യസ്ഥന്‍ കാണിച്ച പണി അറിഞ്ഞ്വോ. എഴുത്തശ്ശന്‍ നല്ല
ദേഷ്യത്തിലാണ് ' എഴുത്തശ്ശന്‍ പോയതും നാണു നായര്‍ പറഞ്ഞു.

വേണുവിനെ പെങ്ങളുടെ വീട്ടില്‍ ആക്കി തിരിച്ചു വന്ന ചാമി മൂക്കെറ്റം 
കുടിച്ചതും , ഡ്രൈവറെ തല്ലാന്‍ ചെന്നതും , വണ്ടി നിര്‍ത്തിച്ച് ഇറങ്ങി
പോയതും, കാറില്‍ വന്ന് കയറാന്‍ പറഞ്ഞത് അനുസരിക്കാതിരുന്നതും,
പാതയോരത്ത് വീണ് നെറ്റി മുറിഞ്ഞതും , ആള് മരിച്ചു എന്നറിഞ്ഞ്
എഴുത്തശ്ശന്‍ സങ്കടപ്പെട്ട് ചെല്ലുമ്പോള്‍ കുടിച്ചതിന്‍റെ മപ്പ് ഇറങ്ങി
എഴുന്നേറ്റുവെന്ന് അറിഞ്ഞ് തിരിച്ചു പോന്നതുമെല്ലാം അയാള്‍
അറിയിച്ചു.

' എന്തിനാ ഇയാള് ഡ്രൈവറോട് തമ്മില്‍ തല്ലാന്‍ പോയത് '.

' കുടിച്ചാല്‍ തല്ല് കൂടാന്‍ കാരണം വല്ലതും വേണോ. ഇവന്‍ ഡ്രൈവറെ
കള്ള് കുടിക്കാന്‍ വിളിച്ചൂന്നാ കേട്ടത്, വണ്ടി ഓടിക്കാനുള്ളതാണ്,
ഞാനില്ല എന്ന് ആ വിദ്വാന്‍ പറഞ്ഞൂത്രേ. ആ മറുപടി പിടിക്കാഞ്ഞിട്ട്
അവനെ തൊള്ളേല്‍ തോന്നിയതൊക്കെ പറഞ്ഞു. പാവം ഡ്രൈവര്‍ .
അവനൊരു സാധുവായതു കൊണ്ട് തിരിച്ചൊന്നും പറഞ്ഞില്ല.
അല്ലെങ്കിലും ഡ്രൈവറ് കുടിച്ച് ബഹളം കൂട്ടീന്ന് നാലാളറിഞ്ഞാല്‍ 
പിന്നെ ആരെങ്കിലും അവന്‍റെ വണ്ടി ഓട്ടത്തിന്ന് വിളിക്ക്വോ '.

വേണു മുങ്ങി കേറി തല തുവര്‍ത്താന്‍ തുടങ്ങി.

' നീയിത് ചോദിക്കാനൊന്നും പോണ്ടാ. വെളിവില്ലാത്തവനാണ്.
ഇന്നതേ പറയൂ എന്നില്ല. എന്തോ ചെയ്തോട്ടെ. തീരെ പറ്റില്ലാന്ന്
തോന്നിയാല്‍ നാളെ മുതല്‍ പണിക്ക് വരണ്ടാ എന്ന് പറഞ്ഞ്
ഒഴിവാക്കണം. അല്ലാതെന്താ '.

മീറ്റിങ്ങ് തീരുന്നതിന്ന് മുമ്പേ നാണു നായര്‍ ഇറങ്ങി. രാത്രി
നേരത്ത് ഒറ്റയ്ക്ക് നടക്കാനാവില്ല. നിത്യേന ചാമി തുണ
പോരുന്നതാണ്.

ആഹാരം വാങ്ങിച്ചോണ്ട് വരാമെന്ന് പറഞ്ഞ് പറ്റിച്ചതില്‍ തനിക്ക്
പരിഭവം ഒട്ടുമില്ലെന്നും , ഉച്ചത്തെ ബാക്കി ഉള്ളതോണ്ട് പട്ടിണി
വേണ്ടിവന്നില്ലെന്നും , ആള് മരിച്ചുപോയീ എന്ന് കേട്ടപ്പോള്‍
ഉണ്ടായ സങ്കടത്തിന്ന് ബദല് എന്താ ഉള്ളത് എന്നുമൊക്കെ രാത്രി
അമ്പലത്തില്‍ നിന്ന് കളപ്പുരയിലേക്ക് തിരിച്ച് പോവുമ്പോള്‍
എഴുത്തശ്ശന്‍ വേണുവിനോട് പറഞ്ഞു.

' അമ്മാമേ, എന്തൊക്കെയായാലും ഒന്ന് ചെന്ന് ചാമിയെ കണ്ടിട്ട്
വരണ്ടേ '.

' നീ വേണച്ചാല്‍ പൊയ്ക്കോ. വല്ല കേസും അവന്‍ ഉണ്ടാക്കീച്ചാല്‍ 
തൊണ പോവാന്‍ ഒരാളായിക്കോട്ടെ '.

വേണു ഒന്നും പറഞ്ഞില്ല.

' നല്ലതിനെ പിടിച്ച് ആടിക്കണം. കെട്ട സാധനം ആണെച്ചാല്‍ അത്
തിരിഞ്ഞ് കടിക്കും. നീ കേട്ടിട്ടുണ്ടോ ആ ചൊല്ല് ' എഴുത്തശ്ശന്‍ 
പറഞ്ഞു ' അവനൊക്കെ നന്നാക്കിയാല്‍ നന്നാവാത്ത വകേല് പെട്ടതാ .
അല്ലെങ്കില്‍ ഇത്ര ദിവസം നിന്‍റെ കൂടെ മര്യാദക്ക് നടന്നിട്ട് നിന്‍റെ കണ്ണ്
വെട്ടത്തിന്ന്മാറിയപ്പഴക്കും ഈ മാതിരി തോന്ന്യാസത്തിന്ന് മെനക്കെട്വോ '.

പടി തുറന്ന് കളപ്പുര മുറ്റത്തേക്ക് കയറിയതും ഒരു വല്ലം ചുറ്റി
അവരുടെ മുന്നിലൂടെ പറന്ന് പോയി.

2 comments:

 1. വായനതുടരുന്നു

  ReplyDelete
 2. നായിന്‍റെ വാല് പന്തീരാണ്ട് കൊല്ലം കൊഴലിലിട്ടാലും
  ഊരുമ്പോള്‍ പഴയ പടി വളഞ്ഞിട്ടന്നേ ഉണ്ടാവൂ ' എന്നും മനസ്സില്‍
  ചിന്തിച്ച് എഴുത്തശ്ശന്‍ തിരിഞ്ഞ് നടന്നു.

  ella naattilumundu ee prayogam...

  ReplyDelete