Friday, February 12, 2010

അദ്ധ്യായം-50

വേണുവിനെ വിശ്വനാഥന്‍ വക്കീലിന്‍റെ വീടിന്ന് മുന്നില്‍ ഇറക്കി. കാവല്‍ക്കാരന്‍ പടി തുറന്ന് വേണു
അകത്ത് കടന്നതോടെ ടാക്സി തിരിച്ചു പുറപ്പെട്ടു.

ടൌണില്‍ കടന്നതും ഡ്രൈവര്‍ പയ്യന്‍ ചാമിയോട് ' ഏട്ടാ, എന്തെങ്കിലും പരിപാടി തോന്നുന്നുണ്ടോ '
എന്നൊരു ചോദ്യം. എന്താണ് അവന്‍ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.

' എന്താണ്ടാ കുട്ടിച്ചെക്കാ, മനുഷ്യന്ന് മനസ്സിലാവുന്ന മട്ടില് പറ '.

' അല്ല, ഇവിടം കടന്നാല്‍ പിന്നെ കിട്ടില്ലാട്ടോ '.

' പിന്നീം നീ തൊറന്ന് പറയിണില്ലാ. എനിക്ക് ഇങ്ങിനെ പറഞ്ഞാലൊന്നും തിരിയില്ല '.

' ഇവിടം വിട്ടാല്‍ പിന്നെ ഷാപ്പ് ഇല്ല. വല്ലതും വേണച്ചാല്‍ ഇപ്പൊ വാങ്ങണം ' പയ്യന്‍ മനസ്സിലിരുപ്പ്
വെളിപ്പെടുത്തി.

' അയ്യേ, നീ എന്നെ പറ്റി അങ്ങിന്യാ കണക്കാക്കീത്. അമ്മാതിരി പരിപാടിയൊന്നും നമക്ക് ഇല്ല '.

' ആ കൂട്ടം മാത്രം നിങ്ങള് എന്നോട് കൂടണ്ടാ . ഞാനും ഈ നാട്ടില് ഉള്ള ആളാണ്. കൊടുങ്ങല്ലൂര്
ഭരണിക്ക് പോയി കുടിച്ച് പൂക്കുറ്റിയായി അടിപിടി കൂടി പോലീസ് പിടിച്ചു കൊണ്ടു പോയത് എനിക്ക്
അറിയില്ലാന്നാ കരുതുണത് '.

' ഓ, അതൊക്കെ അന്ത കാലത്ത്, ഇപ്പൊ ഞാന്‍ സാധനം കയ്യോണ്ട് തൊടാറില്ല '.

' പിന്നെങ്ങന്യാ. പൈപ്പ് വെച്ച് വലിച്ച് കുടിക്ക്യാണോ '.

' അല്ലാടാ ചെക്കാ. മുമ്പ് കഴിച്ചിരുന്നു. മൊതലളി വന്ന ശേഷം ഞാന്‍ കള്ളും റാക്കും ഒന്നും
കുടിക്കാറില്ല '.

' അതെന്തിനാ നിങ്ങള് അയാളെ പേടിക്കണത്. നിങ്ങള് പണിയെടുത്ത് കിട്ടുണ കാശും കൊണ്ട്
നിങ്ങള് കുടിക്കുന്നു. അതില് മുതലാളിക്ക് എന്താ കാര്യം '.

' മൂപ്പര് ഒന്നും പറഞ്ഞിട്ടല്ല. പക്ഷെ എന്തോ മുതലാളി അറിഞ്ഞാല്‍ മോശാണ് എന്നൊരു തോന്നല്‍ '.

' ഈ രാത്രി നിങ്ങള് എന്താ ചെയ്യുന്നത് എന്ന് നോക്കാന്‍ മുതലാളി വര്വാല്ലേ. നിങ്ങക്ക് വേണ്ടെങ്കില്‍ 
വേണ്ടാ, ഞാന്‍ ലേശം അടിക്കും '. ഡ്രൈവര്‍ ഡോര്‍ തുറന്ന് ഇറങ്ങി ' കാശില്ലാഞ്ഞിട്ടാണെങ്കില്‍ 
പറയിന്‍. ഞാന്‍ വാങ്ങി തരാം'.

അത് തന്നെ അവമാനിക്കാന്‍ പറഞ്ഞതായിട്ട് ചാമിക്ക് തോന്നി. ബെല്‍ട്ടിലെ പേഴ്സില്‍ നിന്ന് നോട്ടുകള്‍
വാരി എടുത്തു.

' എടാ കുട്ടിചെക്കാ, അങ്ങിനെ നീ എന്നെ താഴ്ത്തണ്ടാ. ഞാനും കാശും പണൂം ശ്ശി കണ്ടിട്ടുണ്ട്.
ഇന്നത്തെ ചെലവ് എന്‍റെ വക '.

' അങ്ങിനെ ആണുങ്ങളെ പോലെ പെരുമാറിന്‍ '.

ഗ്ലാസ്സുകള്‍ പല തവണ നിറയുകയും ഒഴിയുകയും ചെയ്തു.

' ഇനി ഞാന്‍ കുടിച്ചാല്‍ ശരിയാവില്ല. വണ്ടി ഓടിക്കാനുള്ളതാണ് ' എന്നും പറഞ്ഞ് ഡ്രൈവര്‍ നിര്‍ത്തി.

' നീ ഒക്കെ ഇത്രക്കേ ഉള്ളു. നിനക്കൊക്കെ കെല്‍പ്പ് ഇല്ല ' എന്നും പറഞ്ഞ് ഇറങ്ങാന്‍ നേരം ചാമി ഒരു
കുപ്പി വാങ്ങി കയ്യില്‍ കരുതി.

തന്നെ ചെറുതാക്കി സംസാരിച്ചതിന്‍റെ ദേഷ്യം ചാമി വഴി നീളെ കാട്ടി. കാറിനകത്ത് നിന്ന് ഭരണിപ്പാട്ടിനെ
തോല്‍പ്പിക്കുന്ന വാക്കുകള്‍ ഉയര്‍ന്നു. സഹി കെട്ട ഡ്രൈവര്‍ വണ്ടി നിര്‍ത്തി.

' ചാമ്യേട്ടാ, വണ്ടിക്ക് എന്തോ തകരാറ് തോന്നുന്നു. ഒന്ന് ഇറങ്ങി പിന്നിന്ന് തള്ളിന്‍ '.

' നീയും നിന്‍റൊരു വണ്ടീം ' എന്നും പറഞ്ഞ് ചാമി പുറത്തിറങ്ങി. അടുത്ത നിമിഷം അയാളെ
ഇരുട്ടത്ത് തനിച്ചാക്കി കാര്‍ കുതിച്ചു പാഞ്ഞു.

'.......മോനേ. നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് ' എന്നും പറഞ്ഞ് കുപ്പിയിലുള്ളത് അകത്താക്കി
ചാമി ആടിയാടി നടന്നു,

***************************************************************************
' കണ്ടേടത്തോളം എന്താ നിന്‍റെ അഭിപ്രായം ' തിരിച്ച് കാറില്‍ വരുന്ന വഴി പത്മിനി ചോദിച്ചു.

മരുമകന്‍ മുരളിധരന്ന് പെണ്ണ് കണ്ട് വരുന്ന വഴിയാണ്. കാറില്‍ വിശ്വനാഥന്‍ വക്കീലും 
പത്മിനിയും മുരളിധരനും വേണുവും മാത്രമേയുള്ളു.

' കുഴപ്പം ഒന്നും തോന്നീലാ ' എന്നേ വേണു പറഞ്ഞുള്ളു.

' എന്‍റെ നോട്ടത്തില് എല്ലാംകൊണ്ടും നമുക്ക് പറ്റിയ ബന്ധമാണ്. പെണ്‍കുട്ടി ആണെങ്കില്‍
അതി സുന്ദരി. ഇവളുടെ ഏഴ് അയലത്ത് വരില്ല മറ്റേ ഉര്‍വ്വശി '.

' ഇനി ആ കാര്യം സംസാരിക്കുന്നതേ തെറ്റാണ്. അവരുടെ കണ്ണില്‍ അവരുടെ മകള്‍
തന്നെയായിരിക്കും സുന്ദരി ' വക്കീല്‍ പറഞ്ഞു 'പിന്നെ കിട്ടുണ്ണി എതിരൊന്നും പറയാതെ
കല്യാണം നടത്തി തന്നു എന്ന് വെക്കുക. അപ്പോള്‍ താന്‍ ഇങ്ങിനെ പറയ്വോ '.

' അത് ഞാനെന്നല്ല ആരും പറയില്ല '.

' അടുത്ത ആഴ്ച അവര് വന്ന് നമ്മളുടെ ചുറ്റുപാട് ഒന്ന് കാണട്ടെ. ശരീന്ന് പറഞ്ഞാല്‍ 
ഈ മാസം തന്നെ നിശ്ചയം നടത്താം'.

ഒന്നു നിര്‍ത്തി വക്കീല്‍ ' എന്താടോ തന്‍റെ അഭിപ്രായം ' എന്ന് മകനോട്ചോദിച്ചു.

അയാള്‍  ചിരിച്ചതേയുള്ളു.

' നമ്മള് പറഞ്ഞതിന്നപ്പുറം അവന്‍ നടക്കില്ല ' എന്ന് പത്മിനിയും പറഞ്ഞു.

' നിശ്ചയത്തിന് മിനിക്കുട്ടി വരില്ലേ ഓപ്പോളേ ' എന്ന് വേണു ചോദിച്ചു.

' എനിക്ക് അത്രക്ക് ഉറപ്പില്ല. നിശ്ചയത്തിന്നും കല്യാണത്തിന്നും വര്വാച്ചാല്‍ അവര്‍ക്ക്
ബുദ്ധിമുട്ടാവും. ഇംഗ്ലണ്ട് എന്ന് പറയുന്നത് നമ്മടെ പാലക്കാട് മാതിരി അടുത്തൊന്നും അല്ലല്ലോ '.

' പെണ്ണിന്‍റെ വീട്ടുകാര്‍ വരുന്നതും കൂടി കഴിഞ്ഞിട്ട് നിനക്ക് പോയാല്‍ പോരെ ' എന്ന്
പെങ്ങള്‍ വേണുവിനോട് ചോദിച്ചു.

' അത് പോരാ. അമ്പല കമ്മിറ്റിയില്‍ ഇട്ടിട്ടുണ്ട്. വൈകുന്നേരം കാണാം എന്നും പറഞ്ഞിട്ടാണ്
ഞാന്‍ പോന്നത്. അടുത്ത ശനിയാഴ്ച രാവിലെ തന്നെ ഞാന്‍ എത്തും '.

' ഉവ്വ്. ഇന്നലെ എപ്പഴാ നീ എത്ത്യേത്. രാത്രി ഗേറ്റും പൂട്ടി കാവല്‍ക്കാരന്‍ കിടന്ന ശേഷമാണ്
നീ വന്ന ടാക്സി പടിക്കല്‍ വന്നത്. നീ എത്തില്ലാന്ന് മനസ്സില്ഞാന്‍ ഉറപ്പിച്ചതാ. ഇനി അടുത്ത
ആഴ്ച അതേ പോലെ ചെയ്യണം '.

' ഇല്ല ഓപ്പോളേ. ഇന്നലെ മീറ്റിങ്ങ് കഴിയാന്‍ വൈകി. ഓരോരുത്തര് വര്‍ത്തമാനം
പറഞ്ഞ് സമയം പോയി. ഒടുക്കം റോഡില്‍ എത്തിയപ്പോള്‍ ബസ്സൊക്കെ പോയി. ചാമി കൂടെ
വന്നതോണ്ട് ആ ടാക്സി കിട്ടി. എന്നെ ഇവിടെ ഇറക്കി വിട്ടിട്ടാണ് അയാള്‍ പോയത് '.

' അങ്ങിനെ സ്നേഹം ഉള്ള ഒരു പണിക്കാരനെ തുണക്ക് കിട്ടിയത് ഭാഗ്യാണെന്ന് കൂട്ടിക്കോ '.

പടി കടന്ന് കാര്‍ ബംഗ്ലാവിന്‍റെ മുറ്റത്ത് എത്തി. കാലത്ത് പണിക്കാരി മുറ്റത്തിട്ട പൂക്കളത്തിലെ
പൂവുകള്‍ തെക്കന്‍ കാറ്റില്‍  ഇളകി പോയിരുന്നു.

5 comments:

  1. മാഷേ..

    അന്നെത്തെ വിശപ്പിന്റെ ഓര്‍മ്മയ്ക്ക് വായിച്ച്പ്പോഴാണ്‌ നോവല്‍ കണ്ടത്. കുറച്ച് വായിച്ചു. ഇനിയും വരാം. മാഷേ സൈഡ് ബാറില്‍ അദ്ധ്യായം പേര്‌ തിരിച്ച് കൊടുത്താല്‍ വായിക്കാന്‍ കൂടുതല്‍ എളുപ്പമാകുമെന്ന് കരുതുന്നു.

    മുന്നേറുക. മാഷേ, അടുത്ത അദ്ധ്യായം പോസ്റ്റുമ്പോള്‍ ഒന്നറിയിക്കാന്‍ കഴിയുമോ..?

    ReplyDelete
  2. പ്രിയപ്പെട്ട റ്റോംസ്,

    നോവല്‍ വായിച്ചു നോക്കി എന്ന് കണ്ടു. അഭിപ്രായം അറിയിക്കണേ. സൈഡ് ബാറില്‍ എങ്ങിനെ അദ്ധ്യായം തിരിച്ച് കൊടുക്കണമെന്ന് എനിക്ക് അറിയില്ല. കമ്പ്യൂട്ടര്‍ പരിജ്ഞാനം തീരെ ഇല്ലാത്തതിന്‍റെ ദൂഷ്യമാണ്. ഒന്ന് പറഞ്ഞു തന്നാല്‍ ചെയ്യാം.

    Palakkattettan.

    ReplyDelete
  3. അങ്ങനെ അടുത്ത രണ്ടു അധ്യായങ്ങളും വന്നു അല്ലെ.. എല്ലാം വായിക്കുന്നുണ്ട്.. കഥ മുറുകി വരുന്നൂ. ആശംസകള്‍..

    PS : ടോംസ്, അദ്ധ്യായങ്ങള്‍ വലതു വശത്ത് ഒന്നൊന്നായി മാസ കണക്കില്‍ തിരിച്ചു കൊടുത്തിട്ടുണ്ട്‌. Archives -ന്റെ താഴെ കാണാം..

    ReplyDelete
  4. ശ്രീ മൂലന്‍ ,
    കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
    Palakkattettan

    ReplyDelete
  5. വായനതുടരുന്നു

    ReplyDelete