Friday, February 12, 2010

അദ്ധ്യായം - 49.

പിറ്റേന്ന് വൈകുന്നേരം നാല് മണിയാവുമ്പോഴേക്കും രാജന്‍ മേനോന്‍ കളപ്പുരയിലെത്തി.
' അമ്പലത്തില്‍ വെച്ച് ശരിക്കൊന്ന് പരിചയപ്പെടാന്‍ കഴിഞ്ഞില്ല. പുതുതായി താമസം
തുടങ്ങിയ ആളാണെന്ന് അറിഞ്ഞു '. വേണു അദ്ദേഹത്തെ ഇരിക്കാന്‍ ക്ഷണിച്ചു.

' നിശ്ചയിച്ച കാര്യങ്ങള്‍ തുടങ്ങുന്നതിന്ന് മുമ്പ് നേരില്‍  സംസാരിച്ച് ഒരു രൂപരേഖ
തയ്യാറാക്കണമെന്ന് തോന്നി. അതാ വന്നത് ' മേനോന്‍ പറഞ്ഞു ' എല്ലാവരും കൂടി
ഇരുന്ന് സംസാരിക്കുമ്പോള്‍ മനസ്സിലുള്ള പല കാര്യങ്ങളും പറയാന്‍ പറ്റി എന്നു
വരില്ല '.

വേണു മറുപടി ഒന്നും പറഞ്ഞില്ല.

' എന്താ താല്‍പ്പര്യം ഇല്ല എന്നുണ്ടോ '.

' ഹേയ്, അങ്ങിനെ ഒന്നൂല്യാ. പറഞ്ഞോളൂ. ഞാന്‍ കേള്‍ക്കുന്നുണ്ട് '.

' എന്നാല്‍ കേട്ടോളൂ. മറ്റന്നാള്‍ ഉത്രം നാളാണ്. നമ്മള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ 
നിശ്ചയിച്ച ദിവസം. അന്ന് വൈകുന്നേരം കമ്മിറ്റിയെ തിരഞ്ഞെടുക്കും. അതിനെ
കുറിച്ച് എന്തെങ്കിലും അഭിപ്രായം മനസ്സിലുണ്ടോ '.

' എനിക്കങ്ങിനെ പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ല ' വേണു പറഞ്ഞു 'ശരിക്ക്
പറഞ്ഞാല്‍ എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല എന്നതാണ് സത്യം.
പോരാത്തതിന്ന് അന്ന് എനിക്ക് ചേച്ചിയുടെ വീട്ടിലേക്ക് പോവാനുള്ളതുമാണ് '.

' ഹാവൂ, ദൈവാധീനം. ആദ്യമായിട്ടാണ് എനിക്ക് ഒന്നും അറിയില്ല എന്നു പറയുന്ന
ഒരാളെ കാണുന്നത്. ഈ നാട്ടിലെ രീതി വെച്ചു നോക്കിയാല്‍ , എന്തെങ്കിലും ഒരു
പൊതു കാര്യം സംസാരിക്കുമ്പോള്‍ ഒരു വസ്തു അറിയാത്തവനും സര്‍വജ്ഞനെ പോലെ
അഭിപ്രായങ്ങള്‍ അടിച്ചു വിടും . പിന്നെയുള്ളത് ചേച്ചിയുടെ വീട്ടിലേക്ക് പോവുന്നതാണ്.
അത് മീറ്റിങ്ങ് കഴിഞ്ഞിട്ട് മതീന്ന് വെച്ചാല്‍ പോരെ '.

ഇരുവരും ചിരിച്ചു.

' ഒരു സംഘടന രൂപീകരിക്കുമ്പോള്‍ അതില്‍ കയറി പറ്റാന്‍ താല്‍പ്പര്യമുള്ള കുറെ
പേര് കാണും. അവര്‍ക്ക് സ്ഥാനമാനങ്ങള്‍ വേണം , ആളാവണം. അല്ലാതെ
പ്രവര്‍ത്തിക്കാന്‍ വേണ്ടിയിട്ടൊന്നുമല്ല അവര്ചേരുന്നത്. അങ്ങിനെ പദവി മാത്രം 
ലക്ഷ്യമിട്ട് കുറച്ചെണ്ണം ഇവിടേയും വരും '.

വേണു തല കുലുക്കി.

' വേറൊരു കൂട്ടരുണ്ട്. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവര്‍. അവര്‍ക്ക് നിത്യ
ചിലവ് നടന്നു പോവണം. അതിന്നുള്ള മാര്‍ഗ്ഗമായിട്ടാണ് ഇത്തരം പദവികള്‍ ഉപയോഗിക്കുക '.

' അത് സൂക്ഷിക്കണം '.

' അതാ ഞാന്‍ പറഞ്ഞത് . പ്രവര്‍ത്തക സമിതി രൂപീകരിക്കുമ്പോള്‍ അര്‍പ്പണ
ബോധത്തോടെ കാര്യ നിര്‍വ്വഹണത്തിന്നായി ഇറങ്ങുന്നവര്‍ അതിലുണ്ടായാലേ സംഗതി
വിജയിക്കൂ '.

' അതിന്ന് അത്തരം ആളുകളെ എങ്ങിനെ കണ്ടെത്തും '.

' അതിനെന്താ പ്രയാസം. നമ്മള്‍ ഈ നാട്ടിലല്ലേ കഴിയുന്നത്. ഇവിടുത്തെ ഓരോ
 ആളുകളെ പറ്റിയും നാട്ടില്‍ പൊതുവെ ഒരു അഭിപ്രായം ഉണ്ടാവില്ലേ. സ്ഥലത്ത്
എത്തിയവരില്‍  നിന്ന് കൊള്ളാവുന്ന ആളുകളെ മാത്രം ഉള്‍പ്പെടുത്തി ഒരു
പാനല്‍ ഉണ്ടാക്കി അവതരിപ്പിക്കണം '.

അതിനെ കുറിച്ചായി പിന്നീടുള്ള വിശദീകരണം. മിക്കവാറും പ്രസിഡണ്ടായിട്ട്
തന്നെയായിരിക്കും ആളുകള്‍ തിരഞ്ഞെടുക്കുക എന്ന് രാജന്‍ മേനോന് ഉറപ്പാണ്.
പിന്നെ മറ്റു ഭാരവാഹികള്‍. പാട്ടകൃഷി കയ്യില്‍ വന്നിട്ട് കുറെയേറെ കാശൊക്കെയുള്ള
ഒരു വിദ്വാനുണ്ട്. അയാള്‍ക്ക് എന്തെങ്കിലും സ്ഥാനം വേണം. അതോണ്ട് കുഴപ്പമില്ല
എന്ന് മാത്രമല്ല ഗുണം ഉണ്ട് താനും . എന്തെങ്കിലും പദവി കിട്ടിയാല്‍ അതിന്‍റെ
പൊലിമ കാണിക്കാന്‍ വേണ്ടി മൂപ്പര് ഇഷ്ടം പോലെ ചില്വാനം ചിലവാക്കും.
പോരാത്തതിന്ന് പലരില്‍ നിന്നും പണം സ്വരൂപിച്ച് തരാനും അയാള്‍ക്ക് കഴിയും .

' എന്നാല്‍ അയാളെ ത്തന്നെ സെക്രട്ടറി ആക്കിക്കൂടേ ' എന്ന് വേണു ചോദിച്ചു.

'അത് പറ്റില്ല. പണത്തിന്‍റെ മുഷ്ക്ക് മറ്റുള്ളവരോട് കാട്ടും. ഒടുവില്‍ തമ്മില്‍
 തല്ലലില്‍ അവസാനിക്കും. ട്രഷററുടെ സ്ഥാനമാണ് മൂപ്പര്‍ക്ക് നല്ലത്. അതാവുമ്പോള്‍
ഒരു കുഴപ്പൂം ഉണ്ടാവില്ല '.

' എന്നാല്‍ അങ്ങിനെ ആയിക്കോട്ടെ, സെക്രട്ടറി ആവാന്‍ പറ്റിയ ഒരാളെ നമുക്ക്
കണ്ടെത്തിയാല്‍ മതിയല്ലോ '.

' അതും കണ്ടെത്തി കഴിഞ്ഞു '.

' ആരാ '.

' ഭവാന്‍ തന്നെ. അയ്യപ്പസ്വാമി തന്നെ താങ്കളെ കണ്ടെത്തിയതാവും . അതാണല്ലോ
ഈ സമയത്ത് ഇവിടെ വന്നെത്താന്‍ കാരണം '.

' അയ്യോ. എനിക്ക് അതിന്നുള്ള അറിവും കഴിവും ഒന്നൂല്യാ '.

' ഇതൊക്കെ ആരെങ്കിലും വയറ്റിന്ന് പഠിച്ചിട്ടാണോ വരുന്നത്. ചെയ്തു വരുമ്പോള്‍
ഒക്കെ പഠിയും '.

' എന്നാലും '.

' ഒരു എന്നാലും ഇല്ല. ഈശ്വര കാര്യത്തിന്നാണ് ഇറങ്ങുന്നത് എന്ന് വിചാരിച്ചാല്‍
മതി. ബാക്കി അദ്ദേഹം നോക്കിക്കൊളും '.

നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. മനസ്സിനകത്ത് കൂട്ടലും കിഴിക്കലും 
നടത്തുകയായിരുന്നു ഇരുവരും.

' എന്നെ പറ്റി വല്ലതും അറിയ്വോ ' രാജന്‍ മേനോന്‍ ചോദിച്ചു.

' ഉവ്വ്. നാണുമാമ പറഞ്ഞിരുന്നു '.

' എന്താ തോന്നീത് '.

' കുറെയേറെ അനുഭവങ്ങള്‍ ഉള്ള ആളാണെന്ന് മനസ്സിലായി '.

' അങ്ങിനെ പറഞ്ഞാല്‍ മുഴുവനാവില്ല. നചികേതസ്സിന്‍റെ അന്വേഷണം 
പോലെയാണ് എന്‍റെയീ ജീവിതം. ഇതാണ് ശരി എന്നും പറഞ്ഞ് ഓരോന്നിന്‍റെ
പുറകെ ചെല്ലും. അവസാനം ' നേതി, നേതി ' എന്നും പറഞ്ഞ് വേറൊന്ന്
തിരഞ്ഞ് പോവും. എന്തോ അയ്യപ്പനെ പ്രാപിച്ച ശേഷം വേറൊന്നിനും തോന്നുന്നില്ല '.

' എന്നെ കുറിച്ച് വല്ലതും അറിയ്വോ 'വേണു തിരിച്ചു ചോദിച്ചു.

' ഉവ്വ്. നാണു നായര്‍ എല്ലാം പറഞ്ഞു '.

' എന്താ തോന്നീത് '.

' കേട്ടപ്പോള്‍ ഒരു നുകത്തിന്‍റെ രണ്ട് ഭാഗത്തും വെച്ച്കെട്ടി പൂട്ടാവുന്ന
സൈസ്സാണ് നമ്മള്‍ രണ്ടാളും എന്ന് തോന്നി '.

അതോടെ ഉയര്‍ന്ന ചിരിയില്‍ ഒരു സുഹൃദ് ബന്ധം ഉടലെടുക്കുകയായിരുന്നു.

******************************************************************************

നടാടെ കണ്ടപ്പോള്‍ തന്നെ വല്ലാത്തൊരു സാധനമാണ് ഈ മനുഷ്യനെന്ന് സ്വാമിനാഥനെ കുറിച്ച്
വേണുവിന്‍റെ മനസ്സില്‍ അഭിപ്രായം രൂപം കൊണ്ടു. പുതു പണക്കാരന്‍റെ സ്വഭാവ
വിശേഷങ്ങള്‍ കക്ഷിക്ക് ഉണ്ടെന്ന് ഗുരുസ്വാമി രാജന്‍ മേനോന്‍ പറഞ്ഞു തന്നതാണ്.
എന്നാലും ഇത്രത്തോളം വരുമെന്ന് കരുതിയില്ല.

ശനിയാഴ്ച വൈകീട്ട് കൂടിയ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വേണു അയാളെ
കാണുന്നത്. സിഗററ്റും പുകച്ച് ആലിന്‍ ചുവട്ടില്‍ കൂടെയുള്ള ശിങ്കിടികളോട് സംസാരിച്ച്
നില്‍ക്കുന്ന സില്‍ക്ക് ജുബ്ബക്കാരന്‍ ശ്രദ്ധ പിടിച്ചു പറ്റുക തന്നെ ചെയ്തു. നട തുറന്ന് വിളക്ക്
വെച്ചപ്പോള്‍ എല്ലാവരും തൊഴാനായി ചെന്നു.

' വേണ്ടോരൊക്കെ ചെന്ന് തൊഴുതിട്ട് വരിന്‍. ഇനി ഞാനും കൂടി വന്ന് എന്നെ കാത്ത്
രക്ഷിക്കണേ ഭഗവാനേ എന്നും പറഞ്ഞ് മൂപ്പരെ ബുദ്ധിമുട്ടിക്കുന്നില്ല. അയാളുടെ കാര്യം  
തന്നെ വല്ലാത്ത കഷ്ടപ്പാടിലാണ് ഇപ്പോള്‍. ശ്രീകോവില്‍ വീണ് എന്നാ അടീല്‍ പെടുന്നത്
എന്നും പേടിച്ചാണ് കക്ഷിടെ ഇരുപ്പ് ' എന്നും പറഞ്ഞ് ബാക്കി എല്ലാവരും അകത്തേക്ക്
പോവുന്നതും നോക്കി അയാള്‍ ആല്‍ ചുവട്ടില്‍ തന്നെ നിന്നു.

ശരണം വിളിച്ചു തൊഴുത് എല്ലാവരും പുറത്തിറങ്ങി ആല്‍ ചുവട്ടിലേക്ക് നീങ്ങി.' ഇന്നത്തെ
ദിവസത്തിന്ന് ഒരു പ്രത്യേകത ഉണ്ട് ' രാജന്‍ മേനോന്‍  പറഞ്ഞു തുടങ്ങി ' ഇന്ന് ഉത്രം
നക്ഷത്രമാണ്. പോരാത്തതിന്ന് ശനിയാഴ്ചയും. അയ്യപ്പസ്വാമിക്കായി പ്രവര്‍ത്തനം ആരംഭിക്കാന്‍ 
പറ്റിയ ഏറ്റവും നല്ല ദിവസമാണ് ഇത് '.

ആല്‍ ചുവട്ടില്‍ കൂടിയ അമ്പതിലേറെ ആളുകള്‍ ശ്രദ്ധിച്ചിരുന്നു.

' ഓരോ കാലത്ത് ഒരോ വിധത്തിലുള്ള നിയമ വ്യവസ്ഥയാണ് സമൂഹത്തില്‍ ഉണ്ടാവുക.
അപ്പപ്പോഴുള്ള നിയമങ്ങള്‍ വ്യക്തികളുടെ ജീവിതത്തിത്തെ മാത്രമല്ല അവരെ  ആശ്രയിച്ച്
നില നില്‍ക്കുന്ന എല്ലാവിധ സ്ഥാപനങ്ങളുടേയും നില നില്‍പ്പില്‍  മാറ്റങ്ങള്‍ ഉണ്ടാക്കും  .
അത്തരത്തില്‍ മാറ്റത്തിന്ന് വിധേയമായ ഒരു സ്ഥാപനമാണ് ഈ ക്ഷേത്രം '.

ഒരു രാഷ്ട്രീയ പ്രസംഗത്തിന്‍റെ ചുവ ഗുരുസ്വാമിയുടെ വാക്കുകളില്‍ ഉള്ളതായി വേണുവിന്ന്
തോന്നി.

' കാലം സൃഷ്ടിക്കുന്ന അനിവാര്യമായ മാറ്റത്തില്‍ ഈ ക്ഷേത്രത്തിലേക്ക് ഭൂസ്വത്തില്‍
നിന്നുള്ള വരുമാനം നിലച്ചു. അതോടെ നാശത്തിലേക്ക് നീങ്ങി തുടങ്ങിയ ഈ ദേവാലയം 
താമസിയാതെ നാമാവശേഷമാവുന്ന അവസ്ഥയിലാണ്. ഇതിനെ നില നിര്‍ത്തി പോരേണ്ടത്
ഈശ്വരവിശ്വാസികളായ നമ്മുടെ കടമയാണ്. ഈ ക്ഷേത്രം ജീര്‍ണ്ണോദ്ധാരണം നടത്തി നല്ല
നിലയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാന്‍ എല്ലാവരും 
തയ്യാറാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു '.

ആ ഘട്ടത്തില്‍ സില്‍ക്ക് ജുബ്ബക്കാരന്‍ കേറി ഇടപെട്ടു. ' ആദ്യം ചുറ്റും നടന്ന് നോക്കി
എന്തൊക്കെ ചെയ്യണം എന്നൊരു തീരുമാനം ഉണ്ടാക്കണം. അല്ലാതെ വെറുതെ ചാടി
പുറപ്പെടാന്‍ ഞാനില്ല '.

പുത്തിരിയിലെ കല്ല് കടിക്കുമോ എന്നൊരു ശങ്ക മനസ്സിലുണ്ടായി. പക്ഷെ ഗുരുസ്വാമി
അയാള്‍ പറഞ്ഞതിനെ പിന്താങ്ങുകയും , എല്ലാവരേയും കൂട്ടി അകത്തും പുറത്തും ഉള്ള
കേടുപാടുകള്‍ മുഴുവനും പരിശോധിക്കാന്‍ പുറപ്പെടുകയും ചെയ്തു.

ഓറ്റ നോട്ടത്തില്‍ കാണുന്ന മാതിരിയല്ല അവസ്ഥ. ചുമരിന്ന് മാത്രമേ കേടില്ലാത്തതുള്ളു.
മരത്തിന്‍റെ ഉരുപ്പടികള്‍ മിക്കതും ചിതലെടുത്ത് കഴിഞ്ഞു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
നിരവധി ഉയര്‍ന്നു. പകല്‍ രാത്രിക്ക് വഴി മാറാനൊരുങ്ങി. ദീപാരാധനക്ക് നട അടച്ചു. അത്
കഴിയുന്നത് വരെ കാത്ത് നിന്നേ പറ്റു. ഓപ്പോളുടെ വീട്ടില്‍ എത്തണം എന്നത് മറ്റൊരു
വേവലാതിയായി.

നട തുറന്നതും എല്ലാവരും തൊഴുത് പുറത്തിറങ്ങി. വീണ്ടും ആല്‍ചുവട്ടിലേക്ക്. ഇരുട്ട്
ആവുന്നതിന്ന് മുമ്പ് കാര്യങ്ങള്‍ തീര്‍ക്കണമെന്ന വ്യഗ്രത രാജന്‍ മേനോന്‍ കാണിച്ചു.
ഭാരവാഹികളെ തിരഞ്ഞെടുത്തത് വളരെ പെട്ടെന്നായി. ഏറ്റവും പ്രായം ചെന്ന വ്യക്തിയായ
കുപ്പന്‍ കുട്ടി എഴുത്തശ്ശനെ രക്ഷാധികാരിയും , ഗുരുസ്വാമി രാജന്‍ മേനോനെ
പ്രസിഡണ്ടായും യോഗം തിരഞ്ഞെടുത്തു.

' കമ്മിറ്റിയുടെ സുഗമമായ പ്രവര്‍ത്തനത്തിന്ന് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ 
പ്രാപ്തനായ ശ്രീ. സ്വാമിനാഥനെ ട്രഷററായും ക്ഷേത്രത്തിന്‍റെ ഏറ്റവും അടുത്ത് താമസിക്കുന്ന
ശ്രി. വേണുഗോപാലനെ സെക്രട്ടറിയായും തിരഞ്ഞെടുക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു '
എന്ന മേനോന്‍റെ വാക്കുകള്‍ എല്ലാവരും അംഗീകരിച്ചു. മറ്റു പ്രവര്‍ത്തകരെ ഇതേ രീതിയില്‍ 
എടുത്തതോടെ ഭക്തജന സംഘം നിലവില്‍ വന്നു.

പുതിയ ഭാരവാഹികള്‍ സംസാരിക്കണമെന്ന അഭിപ്രായം ഉയര്‍ന്നു. വേണു മടിച്ചിരുന്നു ഒടുവില്‍
സമ്മര്‍ദ്ദം ഏറിയപ്പോള്‍ എഴുന്നേറ്റ വേണു, വളരെ കാലം അന്യ ദേശങ്ങളില്‍ കഴിഞ്ഞ തനിക്ക്
പ്രവര്‍ത്തന പരിചയമോ , ഇവിടുത്തെ ജനങ്ങളെ കുറിച്ചുള്ള അറിവോ പ്രസംഗിക്കാനുള്ള കഴിവോ
ഇല്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചു.

അടുത്ത ഊഴം സ്വാമിനാഥന്‍റേതായിരുന്നു. ആല്‍ മരത്തിന്‍റെ ഒരു വേരില്‍ ഇരുന്ന അയാള്‍ എഴുന്നേറ്റു,
മുണ്ടിന്‍റെ പുറകിലെ പൊടിയൊക്കെ കൈകൊണ്ട്തട്ടി കളഞ്ഞു. ജുബ്ബയുടെ കൈകള്‍ മുകളിലേക്ക്
വലിച്ചു കേറ്റി . ഗുരുസ്വാമിയുടെ അടുത്ത് വന്നു നിന്നു പിന്നോക്കം തിരിഞ്ഞ് അമ്പലത്തിലേക്ക് നോക്കി
ഒന്ന് കൈ കൂപ്പി.

' അമ്പലം നന്നാക്കണം, പൂജാദികര്‍മ്മങ്ങള്‍ മുടങ്ങാതെ നടത്തണം എന്നൊക്കെയുള്ള അഭിപ്രായം കേട്ടു.
ഞാനൊന്ന് ചോദിക്കട്ടെ, ഇവിടെ അതിനൊക്കെ വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടോ '.

ആരും ഒന്നും പറഞ്ഞില്ല.

' ഇവിടെ ഒരു പൂജക്കാരനുണ്ട്. കെഴവന്‍. മൂപ്പര് വയ്യാതെ കിടപ്പിലായി. ഇനി അയാള്
വരുംന്ന് കരുതണ്ടാ. ഒരു പാട് കഷ്ടപ്പെടാതെ ചത്താല്‍ വീട്ടുകാരുടെ ഭാഗ്യം. ഇപ്പോള്‍ ഉള്ളത്
ഒരു ചെക്കനാണ്. തനിച്ചൊരു കളിക്കുട്ടി. അതിന്ന് പൂജയും അറിയില്ല ഒന്നും അറിയില്ല .
ഇപ്പോഴത്തെ ചുറ്റുപാടില്‍ വേറൊരാള്‍ പൂജിക്കാന്‍ വര്വോ. എനിക്ക് തോന്നുണില്ല '.

സ്വാമിനാഥന്‍ ഒന്ന് നിര്‍ത്തി എല്ലാവരേയും നോക്കി. ഇയാള്‍ എന്താ പറയാന്‍ പോണത്
എന്നായിരുന്നു എല്ലാവരുടേയും മനസ്സില്‍.

' പിന്നെ ഉള്ളത് വാരരാണ്. മല വെള്ളത്തില്‍ ഒലിച്ച് വന്ന മാതിരിയാണ് അയാള്. വീടുണ്ടോ,
കുടീണ്ടോ, നാടേത് എന്നൊന്നും ആര്‍ക്കും അറിയില്ല. അക്കരേല് അഞ്ചുറുപ്പിക വാടകക്ക്
ഒരു മുറീലാ താമസം. മാരാരോ. പൊതുവാളോ, അടിച്ചു തളിക്കാരിയോ ഒന്നും ഇല്ലാത്തത്
ഭാഗ്യം. അവര്‍ക്ക് താമസസ്ഥലം വേണം എന്ന് ആലോചിക്കാതെ കഴിഞ്ഞു '.

പ്രസക്തമായ കാര്യമാണ് ഈ പറഞ്ഞതെന്ന് മിക്കവര്‍ക്കും തോന്നി.

' എനിക്ക് പറയാനുള്ളത് ഇതാണ്. അമ്പലത്തിന്‍റെ പണി നടക്കുന്ന കൂട്ടത്തില്‍ ശാന്തിക്കാര്‍ക്കും ,
കഴകക്കാര്‍ക്കും , ബാക്കി ഉള്ള പണിക്കാര്‍ക്കും താമസിക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തണം '.

സ്വാമിനാഥന്‍ പറയുന്ന കാര്യം വാസ്തവമാണെന്നും എന്നാല്‍ ഇതിനൊക്കെ കൂടി എങ്ങിനെ പണം
സ്വരൂപിക്കുമെന്ന് അറിയില്ലെന്നും രാജന്‍ മേനോന്‍ പറഞ്ഞു.

' കാശിനെ കുറിച്ച് ബേജാറാവണ്ടാ,. പഴയ മൂന്ന് നാല് പത്തായപ്പുരകള്‍ ഞാന്‍ പൊളിക്കാന്‍
വാങ്ങിയിട്ടുണ്ട്. വേണ്ട സാധനങ്ങള്‍ എന്‍റെ ലോറീല്. ഇവിടെ എത്തിക്കാം. കൂലിക്കുള്ള കാശും 
തരാം. കോര്‍ട്ടേഴ്സ് മാതിരി കെട്ടിടം ഉണ്ടാക്കി താമസിക്കാന്‍ കൊടുത്താല്‍ പണിക്ക് ആള് വരും .
പക്ഷെ ഒരു കാര്യം . എനിക്ക് മെനക്കെട്ട് നില്‍ക്കാന്‍ നേരം കിട്ടില്ല. നൂറ് കൂട്ടം പണികളുണ്ട്.
ആരെങ്കിലും മേല്‍നോട്ടം നടത്തണം '.

ആ കാര്യം താന്‍ ചെയ്യാമെന്ന് ഗുരുസ്വാമി ഏറ്റു.

' ഇനി ചെയ്യാനുള്ളത് പുഴ കടക്കാനുള്ള ഒരു ഏര്‍പ്പാടാണ്. പൊഴേല് വെള്ളം 
പൊങ്ങിയാല്‍ ഇക്കരക്ക് മനുഷ്യന്‍ വരില്ല. അതിന്ന് ഒരു പ്രതിവിധി കാണണം '.

' അതിന്ന് കൊല്ലത്തില്‍ എട്ടോ പത്തോ ദിവസം അല്ലേ വെള്ളം കയറൂ. ബാക്കി ദിവസം
എറങ്ങി കടക്കാലോ ' എന്ന് എഴുത്തശ്ശന്‍ ചോദിച്ചു.

' നാലഞ്ച് മാസം മുട്ടിന്ന് മേപ്പട്ട് വെള്ളം കാണും. നിങ്ങള്‍ക്ക് മുണ്ടും പൊക്കി കോണകൂം
കാട്ടി ഇറങ്ങി കടക്കാം. തൊഴാന്‍ വരുന്ന പെണ്ണുങ്ങള്‍ക്ക് അത്പറ്റില്ല. അടുത്താഴ്ച ഞാന്‍
തിരുവനന്തപുരത്തിന് പോണുണ്ട്. പറ്റിയാല്‍ മന്ത്രിയെ കണ്ട് സംസാരിക്കാം. ചെലപ്പൊ
ഒരു ഹരിജി ഉണ്ടാക്കി എല്ലാരും കൂടി ഒപ്പിട്ട് എന്‍റേല്‍ തരണം '. ആ പ്രസംഗം അങ്ങിനെ
നീണ്ടു നീണ്ടു പോയി.

ഇരുട്ട് പരന്നു കഴിഞ്ഞു. വൈകാതെ യോഗം പിരിഞ്ഞു. മതിലിന്ന് വെളിയില്‍ ചാമി കാത്ത്
നില്‍പ്പുണ്ട്.

' ഇന്നിനി പോണോ '

' പോവാതെ പറ്റില്ല. ഓപ്പോള് കാത്തിരിക്കും '.

' ബസ്സൊക്കെ പോയി കഴിഞ്ഞു. ഞാനൊരു കാറ് പറഞ്ഞു വെച്ചിട്ടുണ്ട് '.

' അത് നന്നായി '.

' അപ്പ്വോച്ചോ, ഞാന്‍ മൊതലാളിയെ കൊണ്ടാക്കീട്ട് വരാം '.

' നെനക്ക് കഞ്ഞി വെക്കണോ ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഒന്നും ചെയ്യണ്ടാ. ഞാന്‍ വരുമ്പോള്‍ രണ്ടാളുക്കും കഴിക്കാന്‍ ഉള്ളത് കൊണ്ടു വരാം '.

വേണു ടോര്‍ച്ച് തെളിച്ചു.

2 comments:

  1. ' കേട്ടപ്പോള്‍ ഒരു നുകത്തിന്‍റെ രണ്ട് ഭാഗത്തും വെച്ച്കെട്ടി പൂട്ടാവുന്ന
    സൈസ്സാണ് നമ്മള്‍ രണ്ടാളും എന്ന് തോന്നി '.

    ഇത് വായിച്ചപ്പോള്‍ അറിയാതെ തന്നെ ചിരി വന്നു മാഷേ..ആശംസകള്‍..

    ReplyDelete
  2. വായനതുടരുന്നു

    ReplyDelete