Tuesday, February 2, 2010

അദ്ധ്യായം - 47.

കളപ്പുരയിലെത്തിയതും വേണു നിലവിളക്ക് കത്തിച്ചു ഉമ്മറത്ത് വെച്ചു. പിന്നീടാണ് കമ്പിറാന്തല്‍ കത്തിച്ച് തൂക്കിയത്. പടവിന്ന് ഇരുവശത്തുമായി പിള്ള കോലായില്‍ അവര്‍ ഇരുന്നു.

' എല്ലാവരും കൂടി ഒത്തു പിടിച്ചാല്‍ മണ്ഡലകാലം തുടങ്ങുമ്പോഴേക്ക് അമ്പലം പണി തീര്‍ക്കാന്‍ പറ്റും ' എഴുത്തശ്ശന്‍ പറഞ്ഞു ' എന്നിട്ട് അവിടെ വെച്ച് ഒരു അയ്യപ്പന്‍ വിളക്കും നടത്തണം '.

' അമ്മാമേ, ഞാന്‍ അതല്ലാ ആലോചിക്കുന്നത് ' വേണു പറഞ്ഞു ' ഇത് നന്നാക്കാന്‍ മുന്നിട്ട് ഇറങ്ങുന്നവര്‍ എങ്ങിനെയുള്ള
ആളുകളാണെന്ന് അറിയ്വോ '.

' വേണ്വോ , എനിക്ക് അത്രയ്ക്കങ്ങിട്ട് നിശ്ചം പോരാ. പക്ഷെ നാളെ വല്ല പണപ്പിരിവും നടത്തി ഇവരില്‍ ആരെങ്കിലും 
മുങ്ങിയാല്‍ കൂടെ നിന്നോരൊക്കെ സമാധാനം പറയേണ്ടി വല്ലേന്നോരു ശങ്ക എനിക്കും ഉണ്ട് '.

' അങ്ങിനെ വിചാരിച്ചിട്ടല്ലാട്ടോ ഞാന്‍ പറഞ്ഞത് ' എന്ന് വേണു പറഞ്ഞുവെങ്കിലും ആദ്യമായി ഒരു പൊതു കാര്യത്തിന്ന് ഇറങ്ങിയിട്ട് ചീത്തപ്പേര് വരരുത് എന്ന് അയാള്‍ക്കും ആഗ്രഹമുണ്ടായിരുന്നു.

' ആ ഗുരുസ്വാമി നല്ല തറവാട്ടുകാരനാണെന്ന് കേട്ടിട്ടുണ്ട്. എനിക്ക് അതിലപ്പുറം ഒന്നും അറിയില്ല '.

എഴുത്തശ്ശന്‍ കുറെ നേരം ആലോചിച്ചിരുന്നു.

' ഇപ്പഴാ ഓര്‍മ്മ വന്നത്. നമ്മുടെ നാണ്വാരക്ക് അയാളെ പറ്റി നന്നായിട്ടറിയും. അവര് രണ്ടു മൂന്ന് കുറി ഒന്നിച്ച് മലക്ക് പോയിട്ടുണ്ട് '.

പിറ്റേന്ന് കുളക്കടവില്‍ വെച്ചേ നാണു നായരോട് എഴുത്തശ്ശന്‍ വിവരം അന്വേഷിച്ചു.

' അയാളെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ഒരു മഹാഭാരതം തന്നെ ഉണ്ടാവും. കളപ്പുരേല് ചെന്നിരുന്ന് വിസ്തരിച്ച് ഞാന്‍ 
പറയാം '.

വീട്ടിലേക്ക് പോവുന്നതിന്ന് പകരം നാണു നായര്‍ മറ്റുള്ളവരോടൊപ്പം കളപ്പുരയിലേക്ക് നടന്നു. വഴിയില്‍ വെച്ചേ ഗുരുസ്വാമിയെ
കുറിച്ചുള്ള വിവരണം തുടങ്ങി.

പേരു കേട്ട തറവാട്ടിലെ അംഗമാണ് അയാള്‍. മൂത്ത അമ്മാമന്‍റെ കാലത്ത് നാട്ടില് എന്തു കാര്യത്തിലും മൂപ്പരാണ് തീര്‍പ്പ് കല്‍പ്പിക്കാറ്. പോലീസും പട്ടാളൂം കോടതീം ഒന്നും ഇവിടെ വേണ്ടാ. എങ്ങിനെ കാര്യം കൊണ്ടു നടക്കണം എന്ന് ഞാന്‍ 
തീരുമാനിച്ചോളാം എന്ന് ധൈര്യമായി തുക്ടിസായ്‌വിനോട് മുഖത്ത് നോക്കി പറഞ്ഞ കേമനാണ് അദ്ദേഹം. അച്ഛനും അതേ പോലത്തെ തറവാട്ടുകാരന്‍.

മൂന്ന് ഏട്ടന്മാരും രണ്ട് ഏടത്തിമാരും. ഒടുവിലുത്തെ ആളാണ് ഇയാള്‍. പെങ്ങന്മാരെ കല്യാണം കഴിച്ചത് വലിയ ഉദ്യോഗസ്ഥന്മാര്. മൂത്തയാള്‍ വലിയ കമ്പിനിയിലെ മാനേജരായിരുന്നു. ഹാര്‍ട്ട് നിന്നിട്ടാ അദ്ദേഹം മരിച്ചത്. രണ്ടാമത്തെ ആള്‍
ഏതോ നാട്ടില് പ്രതാപത്തില്‍ കഴിയുണു. മൂന്നാമന്‍ ഡെല്‍ഹീല് വലിയ ഉദ്യോഗസ്ഥനാണ്.

' നിങ്ങള് അവരിടേം ഇവരിടേം കാര്യമൊന്നും പറയണ്ടാ. ഈ വിദ്വാന്‍ ആളെങ്ങനേ എന്ന് പറയിന്‍ ' എന്ന് എഴുത്തശ്ശന്‍ ധൃതി കൂട്ടി.

' അതന്യാ ഞാന്‍ പറഞ്ഞു വരുണത്. ഇതൊന്നും പറയാതെ അയാളെ പറ്റി പറഞ്ഞാല്‍ നിങ്ങക്ക് ആളെ മനസ്സിലാവില്ല '.

' എന്നാല് ഇഷ്ടം പോലെ പറഞ്ഞോളിന്‍ ' എന്ന് എഴുത്തശ്ശനും പറഞ്ഞു.

പഠിക്കാന്‍ കെങ്കേമനായിരുന്നു ഈ മഹാന്‍. പക്ഷെ കുറെ കഴിഞ്ഞപ്പോള്‍ കളിയിലായി കമ്പം. പേരെടുത്ത പന്തു കളിക്കാരനായിരുന്നു. അതോടെ പഠിപ്പിലുള്ള വാത്സല്യം കുറഞ്ഞു. കോളേജില്‍ പഠിക്കുമ്പോള്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് കൊടി പിടിക്കാനും സമരത്തിനും ഒക്കെ പോയി. പോലീസിന്‍റെ തല്ലും കൊണ്ടു. ജയിലിലും പോയി. അതോടെ പഠിപ്പും തീര്‍ന്നു.

വേണുവിന്ന് കഥാപാത്രത്തിനെ ഇഷ്ടമായി. കുറച്ച് ആദര്‍ശം ഒക്കെ ഉള്ള കൂട്ടത്തിലാണ് രാജന്‍ മേനോന്‍ .

കളപ്പുരയില്‍ എത്തിയതും വേണു വസ്ത്രം മാറ്റി കഥ കേള്‍ക്കാനിരുന്നു. ചാമി കാലത്തെ ഭക്ഷണവുമായി എത്തിയിട്ടില്ല. എഴുത്തശ്ശനും കൂട്ടുകാരനും തിണ്ണയില്‍ പടിഞ്ഞിരുന്നു.

' അപ്പൊ ഞാന്‍ പറഞ്ഞു വന്നത് ' എന്നും പറഞ്ഞ് നാണു നായര്‍ കുറച്ച് ആലോചിച്ചിരുന്നു.

' ങാ. മൂപ്പര് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. എന്നാല്‍ അവിടെ നിന്ന്വോ. അതൂല്യാ. സ്വാതന്ത്രം കിട്ടിയപ്പോള്‍ അന്നുവരെ ഇല്ലാത്ത പലരും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഓരോ സ്ഥാനത്ത് കയറിപ്പറ്റി. ഈ മൂപ്പര് ആ നേരം നോക്കി കമ്മൂണിസ്റ്റ് പാര്‍ട്ടീല്‍ ചേര്‍ന്നു.
പിന്നീം കൊടി പിടുത്തൂം  സമരം ചെയ്യലും തല്ലുകൊള്ളലും തന്നെ. അങ്ങിനെ കുറെ കഴിഞ്ഞ് കമ്മൂണിസ്റ്റ്കാര് ഭരിക്കാന്‍
തുടങ്ങുമ്പഴക്കും മൂപ്പര് അതിന്നും മാറി നാടകവും കൊണ്ട് നടപ്പായി. പിന്നെ സിനിമേല് ചേരാന്‍ പോയീന്ന് കേട്ടു. ഒടുവില്‍
താടീം തലേം വളര്‍ത്തി കാവി ചുറ്റി സന്യാസിയായി. കാശി രാമേശ്വരൂം ഹിമാലയൂം ഒക്കെ നടന്ന് ചെന്ന് കണ്ടിട്ടുണ്ടത്രേ. അതെല്ലാം കഴിഞ്ഞ് തിരിച്ചു വന്ന ശേഷം ശബരിമലക്ക് പോവാന്‍ തുടങ്ങി. അയ്യപ്പന്‍ കടാക്ഷിച്ചിട്ട് പിന്നെ ഒതുങ്ങി കൂടി ഇവിടതന്നെ ഇരിക്കുണുണ്ട് '.

' അപ്പോള്‍ മക്കളും കുട്ടികളും ' വേണു കുടുംബ വിശേഷം തിരക്കി.

' ഈ കണ്ട പരിപാടിക്ക് ഇടയില്‍ അതിനൊക്കെ എവിടെ സമയം. ആള് ഇന്നും ഒറ്റക്കാണ് '.

' കഴിഞ്ഞോ നിങ്ങടെ പുരാണം പറച്ചില്‍ ' എഴുത്തശ്ശന്ന് മടുപ്പ് തുടങ്ങി ' അയാള് എങ്ങിനത്തെ ആളാന്ന് ചോദിച്ചത് പത്ത് ഉറുപ്പിക കാശ്പിരിച്ചുണ്ടാക്കി കയ്യില്‍ കൊടുത്താല്‍ അതും കൊണ്ട് സ്ഥലം വിട്വോ അയാള് എന്നറിയാനാണ് '.

' അത് ഉണ്ടാവില്ല. ഞാന്‍ തന്നെയാണ് അതിന്ന് ഉറപ്പ് ' നാണു നായര്‍ പറഞ്ഞു ' ശബരിമലക്ക് പോവാന്‍ കെട്ടു നിറച്ച്
കൊടുത്താല്‍ കിട്ടുന്ന ദക്ഷിണ മൂപ്പര് അടുത്ത ആളിന്‍റെ കെട്ടിലിടും. ഒരു പൈസ ആരടേം എടുക്കില്ല. തറവാടി തറവാടി തന്നെ
എന്ന് കേട്ടിട്ടില്ലേ '.

ആഹാരവുമായി ചാമി എത്തി. കഴിച്ചിട്ട് പോകാമെന്ന് പറഞ്ഞത് വക വെക്കാതെ ' മോള് എന്നേം  കാത്ത് ഇരിക്കിന്നുണ്ടാവും ' എന്നും പറഞ്ഞ് നാണു നായര്‍ എഴുന്നേറ്റ് നടന്നു.

*************************************************************************************

വേലായുധന്‍കുട്ടി കുടുംബസമേതം വീട്ടില്‍ തിരിച്ചെത്തിയിട്ട് കുറച്ച് ദിവസങ്ങളായി. രാവിലെ മില്ലിലേക്ക് ചെല്ലും. ഇരുട്ടുവോളം
അവിടെ കൂടും. കഴിയുന്നതും പുറത്ത് ഇറങ്ങുകയോ ആരെയെങ്കിലും കാണുകയോ ചെയ്യാതെ കഴിഞ്ഞു കൂടും.

പൊടുന്നനെ തനിക്ക് വാര്‍ദ്ധക്യമായി എന്നൊരു തോന്നല്‍ ഉള്ളില്‍ കടന്നു. അതിനും പുറമെ അച്ഛനോടുള്ള കടമകള്‍ താന്‍  നിറവേറ്റിയില്ല എന്നൊരു കുറ്റബോധം സദാ വേട്ടയാടി കൊണ്ടിരുന്നു. അച്ഛനെ ചെന്നു കണ്ട് കാല്‍ക്കല്‍ വീണ് മാപ്പ് ചോദിക്കണമെന്ന് പലപ്പോഴും തോന്നി. എങ്ങിനെ പ്രതികരിക്കും എന്ന് അറിയാന്‍ പാടില്ലല്ലോ.

' നിങ്ങളെന്താ എപ്പോഴും ഇങ്ങിനെ ആലോചിച്ച് ഇരിക്കുന്നത് ' എന്ന് രാധാകൃഷ്ണന്‍ ഒരിക്കല്‍ ചോദിച്ചു. തന്‍റെ സങ്കടങ്ങള്‍ അവനോട് പറയാന്‍ മടി തോന്നി.

അച്ഛനെ കുറിച്ചുള്ള വിഷമതകള്‍ മനസ്സില്‍ ഒതുക്കി വേലായുധന്‍ കുട്ടി കഴിയുമ്പോള്‍ , കുപ്പന്‍കുട്ടി എഴുത്തശ്ശനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ള ജിജ്ഞാസ മാധവിക്ക് ഉണ്ടായി.

' കിഴവന്‍ എല്ലാവരോടും പിണങ്ങി ഒറ്റക്ക് കഴിഞ്ഞിട്ട് എങ്ങിനെ ഉണ്ട് ' എന്ന് അറിയാന്‍ ഒരു മോഹം. നേരിട്ട് ചെന്ന് അന്വേഷിക്കാനൊന്നും വയ്യ. മില്ലിലെ പണിക്ക് അവിടെ നിന്ന് ആരും വരുന്നുമില്ല. ഇനി എന്താണ് വഴി എന്ന ചിന്തയില്‍ 
ഒരാഴ്ചയോളം കഴിഞ്ഞു.

ഒടുവില്‍ അടുക്കള പണിക്കാരി പാറുവാണ് മാധവിക്ക് തുണയായത്.

' അതിനെന്താ അമ്മാ പ്രയാസം. ഒന്നും അറിയാത്ത മാതിരി കുറച്ച് കഞ്ഞിയും ആയി ഞാന്‍ പോകാം. വാങ്ങി കഴിക്കുന്നൂച്ചാല്‍
കഴിച്ചോട്ടെ. അത്ര വലിയ ചിലവൊന്നും വരില്ലല്ലോ അതിന്ന് ' എന്നവള്‍ പറഞ്ഞു.

ആ നിര്‍ദ്ദേശം മാധവിക്കും ഇഷ്ടമായി. പക്ഷെ രാധാകൃഷ്ണന്‍ അറിയാതെ വേണം. അറിഞ്ഞാല്‍ വല്ലതും പറഞ്ഞാലോ. ഇപ്പോള്‍
ഭരണം അവന്‍റേതാണ്.

പിറ്റേന്ന് വേലായുധന്‍കുട്ടിയും രാധാകൃഷ്ണനും പോയതോടെ പരീക്ഷണത്തിന്നുള്ള ഒരുക്കമായി. പാറു ഒരു പാത്രത്തില്‍
കഞ്ഞിയുമായി പുറപ്പെട്ടു. ' ചുറ്റും നടന്ന് നോക്കി എല്ലാ വിവരൂം അറിഞ്ഞിട്ട് വരണം ' എന്ന് മാധവി പ്രത്യേകം പറഞ്ഞു.

പാടത്തില്‍ നിന്നും വന്ന് മൂരികള്‍ക്ക് വെള്ളം കാട്ടി വൈക്കോലും ഇട്ടു കൊടുത്ത് എഴുത്തശ്ശന്‍ വെറുതെ ഇരിക്കുമ്പോഴാണ് പാറുവിന്‍റെ വരവ്.

' മുത്തപ്പോ, സുഖം അല്ലേ ' എന്ന് ചോദിച്ചതിന്ന് മുഖത്ത് ഒരു ആട്ട് വെച്ചു കൊടുക്കാനാണ് തോന്നിയത്. വരവിന്‍റെ ഉദ്ദേശം
അറിയാന്‍ വേണ്ടി വന്ന ദേഷ്യം കടിച്ചമര്‍ത്തി.

' എന്താ നിന്‍റെ കയ്യില് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഇത് മുത്തപ്പനുള്ള കഞ്ഞി. മാധവി അമ്മ തന്നയച്ചതാണ് '.

' എന്താപ്പൊ അങ്ങിനെ തോന്നാന്‍ '.

' എന്തൊക്കെ ആയാലും മകന്‍റെ ഭാര്യയല്ലേ. അവര്‍ക്ക് സ്നേഹം തോന്നാതിരിക്ക്വോ '.

' അത് എനിക്കറിയില്ലേ '.

പാറു ഇറയത്തേക്ക് കയറി. ' മുത്തപ്പന്ന് ഇപ്പൊ എവിടുന്നാ ആഹാരം ' എന്ന് അവള്‍ ചോദിച്ചു.

' ആവൂ. അതിനാണോ പ്രയാസം. മേപ്പട്ട് നോക്കി മുറ്റത്ത് കിടക്കും , വായീം പൊളിച്ചോണ്ട്. ആകാശത്ത് നിന്ന് ചോറോ.
കറിയോ , പായസോ എന്താ വേണ്ടത്ച്ചാല്‍ അത് വായില്‍ വന്ന് വീഴും. അതോണ്ട് ഒരു ഉപകാരം ഉണ്ട്. വായ മാത്രേ
കഴുകേണ്ടു. കയ്യ് കഴുകുന്ന പണി ലാഭായി '.

' നിങ്ങളെന്താ കളിയാക്ക്വാ '.

' കളിയാക്ക്വേ. അവര് ഇറങ്ങി പോയ ദിവസം ഞാന്‍ എത്ര പറഞ്ഞിട്ടും കേള്‍ക്കാതെ നീയും ഇറങ്ങി പോയി. പോരാത്തതിന്ന് ഉള്ള കഞ്ഞീം ചോറും കൊട്ടി കളഞ്ഞ് എന്നെ ആ രാത്രി പട്ടിണിക്ക് ഇട്ടു. എന്നിട്ട് ഇപ്പോള്‍ കഞ്ഞീം കൊണ്ട് വന്നിരിക്കുന്നു ' എഴുത്തശ്ശന്‍ അലറി ' കൊണ്ട് പൊയ്ക്കോ എന്‍റെ മുമ്പിന്ന്. അവളുടെ അപ്പന്‍ ചത്തിട്ട് പതിനാലാം പക്കം  പാരാന്‍ എടുത്തോട്ടെ ഈ കഞ്ഞി. മേലാല്‍ എന്തെങ്കിലും പൊന്നാരൂം പറഞ്ഞ് ഇങ്ങോട്ട് കേറി വന്നാല്‍ വഴുക പൊളിര് കൊണ്ട് നിന്‍റെ പൊറം ഞാന്‍ 
അടിച്ച് പൊളിക്കും  . മനസ്സിലാക്കിക്കോ '.

കെഴവന്‍റെ ഒരു ഹുംകൃത്യേ എന്ന് മനസ്സില്‍ പറഞ്ഞും കൊണ്ട് പാറു പാത്രവുമായി തിരിഞ്ഞു നടന്നു.

1 comment: