Tuesday, February 2, 2010

അദ്ധ്യായം - 46.

' കര്‍ക്കിടകൂം കഴിഞ്ഞൂ ദുര്‍ഘടൂം കഴിഞ്ഞു. നാളെ മുതല്‍ ചിങ്ങമാസം ആണ് ' രാവിലെ അമ്പലത്തില്‍ നിന്ന് വരുമ്പോള്‍
എഴുത്തശ്ശന്‍ പറഞ്ഞു ' രാമായണം വായിച്ച് തീര്‍ക്കണം ച്ചാല്‍ ഇന്ന് തീര്‍ത്തോളൂ '.

' ഇനി രണ്ട് പേജേ ഉള്ളു അമ്മാമേ. ഞാന്‍ അത് കണക്കാക്കി ചൊല്ലി നിര്‍ത്തിയതാണ് '.

പാടങ്ങളിലെല്ലാം നിര കതിര്‍ ആയി. ചിലതൊക്കെ പാലുറച്ച് കഴിഞ്ഞു.

' കതിര് വരുന്ന സമയത്ത് ഇമ്മാതിരി മഴ പെയ്തൂടാ. ചിലപ്പൊ അങ്ങന്നെ ചണ്ടാവും ' എന്ന് ഇടക്കൊക്കെ ചാമി പറയും.

' എന്‍റെ നോട്ടത്തില് ഇക്കുറി ചണ്ട് കുറവാ. എന്താ അതിന്‍റെ മാതിരി എന്ന് എനിക്ക് അറിയാനും പാടില്ല ' എന്ന് എഴുത്തശ്ശനും 
പറഞ്ഞിരുന്നു.

കാലാവസ്ഥ കൃഷിയെ ബാധിക്കുന്ന വിധം വേണുവിനെ പറഞ്ഞ് മനസ്സിലാകുകയായിരുന്നു ഇരുവരും .

' ഈ ശനിയാഴ്ച ഉച്ച തിരിഞ്ഞാല്‍ ഞാന്‍ ഓപ്പോളുടെ വീട്ടിലേക്ക് ചെല്ലും. ഞായറാഴ്ച പെണ്‍കുട്ടിയെ കാണാന്‍ ചെല്ലാനുണ്ട് ' വേണു പറഞ്ഞു ' വിശ്വേട്ടനും ഓപ്പോളും അത്രക്ക് നിര്‍ബന്ധിച്ചിട്ടുണ്ട് '.

' നാളെക്ക് ചൊവ്വാഴ്ചയല്ലേ ആവുന്നുള്ളു. ഇനിയും കിടക്കുന്നു നാലഞ്ചു ദിവസം '.

ഒന്നാം തിയ്യതി കുളിച്ച് തൊഴാന്‍ നാണു നായരും വന്നിരുന്നു. മൂന്ന് പേരും അമ്പല കുളത്തില്‍  കുളി കഴിഞ്ഞ് തൊഴാന്‍  ചെല്ലുമ്പോള്‍ വാരിയര്‍ പുറത്ത് നില്‍ക്കുന്നു.

' അങ്ങിനെ അതിന്‍റെ കഥ കഴിഞ്ഞു ' അയാള്‍ പറഞ്ഞു.

മറ്റുള്ളവര്‍ക്ക് കാര്യം മനസ്സിലായില്ല. നാണു നായര്‍ എന്താണെന്ന് അന്വേഷിച്ചു.

' തിടപ്പള്ളി ബാക്കീം കൂടി വീണിരിക്കുന്നു. ഭാഗ്യത്തിന്ന് രാത്രീലായതുകൊണ്ട് ആളപായം ഉണ്ടായില്ല '.

അകത്ത് ചെന്ന് നോക്കുമ്പോള്‍ തിടപ്പള്ളി നിലം പൊത്തി കിടപ്പാണ്. ഉണ്ണി നമ്പൂതിരി എന്താ വേണ്ടത് എന്ന് അറിയാത്ത മട്ടില്‍ അതും നോക്കി നില്‍പ്പാണ്.

' ഇനി അടുത്ത് വീഴുന്നത് ഈ മണ്ഡപമാണ് ' വാരിയര്‍ പറഞ്ഞു.

തിരിച്ച് പോവുമ്പോള്‍ ഈ നിലയില്‍ അധിക കാലം അമ്പലം ഉണ്ടാവില്ല എന്ന് നാണു നായര്‍ പറഞ്ഞു.

' അപ്പോഴേ കുട്ട്യേ, നമുക്ക് അത് നശിച്ചു പോകാതെ നില നിര്‍ത്താന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയ്വോ ' എന്ന് എഴുത്തശ്ശനും ചോദിച്ചു.

മരം ഒക്കെ ദ്രവിച്ചിട്ടുണ്ട്. അതൊക്കെ മാറ്റണം. ഓട് മുക്കാലും പൊട്ടിപ്പോയി. പണിക്കൂലിയും വരും. ഇപ്പോള്‍ നന്നാക്കുകയാണെങ്കില്‍ മണ്ഡപത്തിന്ന് വലിയ ചിലവ് വരില്ല.

' അമ്മാമേ, നേരാക്കാന്‍ കുറെ പണം ചിലവാകും . അതിനും പുറമേ നോക്കി നടത്താന്‍ ആളും വേണ്ടി വരും. സഹായിക്കാന്‍ ആരെങ്കിലും വര്വോ ' എന്ന് വേണു ചോദിച്ചു.

' വേണു പറഞ്ഞത് ശരിയാണ്. ഒറ്റയ്ക്ക് ആരക്കും ഏറ്റെടുത്ത് നടത്താന്‍ പറ്റില്ല. നാട്ടുകാര് ചേര്‍ന്നാല് ഇതൊരു വലിയ കാര്യേ അല്ല ' എന്ന് എഴുത്തശ്ശനും പറഞ്ഞു.

ഗുരുസ്വാമി രാജന്‍ മേനോനെ കണ്ട് താന്‍ സംസാരിക്കാമെന്നും അദ്ദേഹവും ശിഷ്യന്മാരും മനസ്സൊന്നു വെച്ചാല്‍ പണി പടക്കം
പോലെ ആവുമെന്നും നാണു നായര്‍ പറഞ്ഞു.

നാണു നായര്‍ അന്ന് പകല്‍ മുഴുവന്‍ ഏറ്റ കാര്യം നടത്താന്‍ ഓട്ടമായിരുന്നു. അതിന്ന് ഫലം ഉണ്ടായി. വൈകുന്നേരം നട തുറക്കാന്‍ നേരം പത്തിരുപത്തഞ്ച് ആളുകള്‍ ക്ഷേത്രത്തിലെത്തി.

വിളക്ക് വെച്ചതും ഗുരുസ്വാമി ശ്രീകോവിലിന്ന് മുന്നില്‍ നിന്ന് ശരണം വിളിച്ചു. ശിഷ്യന്മാര്‍ അത് ഏറ്റു വിളിച്ചു. വെളിയിലെ മുറ്റത്ത് എല്ലാവരും കൂടി. ജീര്‍ണ്ണോദ്ധാരണം ചെയ്യണമെന്ന് കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എങ്ങിനെ തുടങ്ങണം 
എന്നതാണ് അറിയാത്തത്.

' ഒരു കമ്മിറ്റി ഉണ്ടാക്കി പ്രവര്‍ത്തനം ആരംഭിച്ചാലോ ' എന്ന് രാജന്‍ മേനോന്‍റെ നിര്‍ദ്ദേശം കയ്യടിച്ച് സ്വീകരിച്ചു.

' മരത്തിന്‍റെ കാര്യം നിങ്ങളാരും അറിയണ്ടാ. അത് ഞാനും വേണൂം കൂടി തരും ' എന്ന് എഴുത്തശ്ശന്‍ ഏറ്റു. അതോടെ കാര്യങ്ങള്‍ക്ക് ചൂട് പിടിച്ചു. നിമിഷങ്ങള്‍ക്കകം ഗുരുസ്വാമി പ്രസിഡണ്ടായി ഒരു പ്രവര്‍ത്തക സമിതി ഉണ്ടാക്കാനുള്ള 
തീരുമാനമായി.

' നമ്മള്‍ വിചാരിച്ചാല്‍ ക്ഷേത്രം നന്നാക്കാന്‍ പറ്റും ' ഗുരുസ്വാമി പറഞ്ഞു ' അതല്ല പ്രധാനം. അമ്പലം  നില നിന്ന് പോവണമെങ്കില്‍ തൊഴാന്‍ ആളുകള്‍ വരണം. പൂജാദി കര്‍മ്മങ്ങള്‍ ശരിക്ക് നടക്കണം. അതിന്ന് നല്ലൊരു ഭക്തസംഘം വേണം ' .

കേട്പാടുകള്‍ തീര്‍ക്കാന്‍ ഉണ്ടാക്കിയ സമിതിക്ക് ഭക്തജനസംഘം എന്ന് പേരിട്ടു. അടുത്ത ഉത്രം ദിവസം കമ്മിറ്റിയുടെ
പ്രവര്‍ത്തകരെ തിരഞ്ഞെടുക്കാനും , അതു വരെ എഴുത്തശ്ശനും വേണുവും കഴകകാര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ചെയ്തു കൊടുക്കാനും , വരാന്‍ പറ്റുന്ന അംഗങ്ങള്‍ നിത്യേന വൈകുന്നേരം അമ്പലത്തില്‍ എത്തണം എന്നും ധാരണയായി. നല്ല ദിവസം 
നോക്കി ദേവപ്രശ്നം നടത്തി വേണ്ട പരിഹാര ക്രിയകള്‍ ചെയ്യാനും പണികള്‍ ആരംഭിക്കാനും തീരുമാനിച്ച് എല്ലാവരും പിരിഞ്ഞു.

കളപ്പുരയിലേക്ക് നടക്കുമ്പോള്‍ കയത്തം കുണ്ടിന്നടുത്തുള്ള സ്ഥലത്ത് നില്‍ക്കുന്ന വേങ്ങ മരം വേണു അമ്പലത്തിലേക്ക് കൊടുക്കണമെന്ന് എഴുത്തശ്ശന്‍ ആവശ്യപ്പെട്ടു. തന്‍റെ സ്ഥലത്തുള്ള മരങ്ങളും ആവശ്യം പോലെ മുറിച്ചു കൊള്ളട്ടെ എന്നും അയാള്‍ പറഞ്ഞു.

' അമ്മാമേ, ചിലപ്പോള്‍ ഇതിനൊക്കെ സാക്ഷിയായി ഞാന്‍ ഇവിടെ ഉണ്ടാവണം എന്ന് ഭഗവാന്‍റെ നിയോഗം ഉണ്ടാവും അല്ലേ.
ഇല്ലെങ്കില്‍ എനിക്ക് ഈ സമയം നോക്കി ഇവിടേക്ക് വരാന്‍ തോന്നേണ്ട കാര്യമുണ്ടോ '.

' നിനക്ക് കുരുത്തം ഉണ്ട്. അതാ ഈ സത്കര്‍മ്മത്തിന്ന് പാകത്തില്‍  നീയും എത്തീത് ' എന്ന് നാണു നായരും പറഞ്ഞു.

ഇരുട്ട് പരന്നു തുടങ്ങി. നാണുനായരെ കൊണ്ടു പോയി ആക്കാന്‍ ചാമി തയ്യാറായി. നെല്ലി ചുവട്ടില്‍ വെച്ച് സംഘം രണ്ടായി പിരിഞ്ഞു. ഒരു കൂട്ടര്‍ പുഴക്കടവിലേക്കും മറ്റുള്ളവര്‍ കളപ്പുരയിലേക്കും നീങ്ങി.

*************************************************************************************
നാണു നായരെ വീട്ടിലെത്തിച്ച് ചാമി തിരിച്ചു നടന്നു. ഇന്നിനി കഞ്ഞി വെപ്പ് ഉണ്ടാവില്ല. ചുങ്കത്ത് ചെന്ന് വല്ലതും വാങ്ങിയിട്ട്
പോകാം. നേരെ ചുങ്കത്തെക്ക് നടന്നു.

മൊതലാളിയും അപ്പ്വോച്ചനും ഇറച്ചീം മീനും കഴിക്കില്ല. നായരുടെ കടയിലാണെങ്കില്‍ ഒണക്കദോശയല്ലാതെ ഒരു സാധനം കഴിക്കാന്‍
കിട്ടില്ല.

നോക്കുമ്പോള്‍ സൈത് രാവുത്തരുടെ കടയില്‍ നല്ല ഒന്നാന്തരം പൂള കിഴങ്ങുണ്ട്. തൊലി കളഞ്ഞ് തെല്ല് മഞ്ഞ കൂട്ടി പുഴുങ്ങ്യാല്‍ 
വയറ് നെറച്ച് തിന്നാം. വയറിന് ഒരു കേടും വരില്ല. നല്ല തെടം ഉള്ള കിഴങ്ങ് തെരഞ്ഞ് എടുത്തു.

' ഇത് വേവ്വോ, അതോ കളുക്കനെ കെടക്ക്വോ ? ' ചാമി ചോദിച്ചു.

' നീ കൊണ്ടു പോയി വേവിച്ച് നോക്ക്. വെന്തിലെങ്കില്‍ എനിക്ക് കാശ് തരണ്ടാ '.

ഒരു കീറ ചാക്കില്‍ കിഴങ്ങ് പൊതിഞ്ഞെടുത്തു. ഒരു കെട്ട് ബീഡിയും തീപ്പെട്ടിയും വാങ്ങി. മുതലാളി വന്നതിന്ന് ശേഷം ബീഡി വലിക്കുന്നത് വല്ലപ്പോഴുമാണ്. അപ്പോഴാണ് നേന്ത്രപ്പഴം ചാമിയുടെ കണ്ണില്‍ പെട്ടത്. കിടക്കട്ടെ ഇതും ഈരണ്ടെണ്ണം. കാശും
കൊടുത്ത് ഇറങ്ങി തുമ്മന്ന് നടന്നു.

പാത കഴിഞ്ഞ് ഇടവഴിയിലേക്ക് കടന്നപ്പോള്‍ നല്ല ഇരുട്ട്. ഇനിയങ്ങോട്ട് കളപ്പുര വരേക്കും കറണ്ട് വിളക്ക് ഇല്ല. ടോര്‍ച്ച് എടുക്കാമായിരുന്നു. പിന്‍ നിലാവാണെന്നത് ഓര്‍മ്മയുണ്ടായില്ല. ഒരുവിധം വെള്ളപ്പാറ വരെ എത്തി. തപ്പി തടഞ്ഞ് പാറയുടെ
താഴത്തെത്തി, മണലിലൂടെ നാലഞ്ചടി വെച്ചതേയുള്ളു എന്തിലോ തടഞ്ഞ മാതിരി ചാമി വീണു. കയ്യില്‍ നിന്ന് ചാക്ക് കെട്ട് തെറിച്ചു.
അതോടൊപ്പം ' അയ്യന്‍റമ്മേ ' എന്ന ഒരു നിലവിളി ഉയര്‍ന്നു.

അരയില്‍ വെച്ച തീപ്പെട്ടി എടുത്ത് ഉരച്ചു. മണലില്‍ കിടന്ന് മായന്‍കുട്ടി നിലവിളിക്കുകയാണ്. തീപ്പെട്ടി കമ്പ് എരിഞ്ഞടങ്ങി.

ചാമിക്ക് കലശലായി ദേഷ്യം വന്നു. കണ്ണ് കാണാന്‍ പാടില്ലാത്ത ഇരുട്ടത്ത് വഴിയിലിരുന്ന് മനുഷ്യനെ വീഴ്ത്തിയിട്ട് കിടന്ന് നിലവിളിക്കുന്നു. ' എന്താണ്ടാ കെടന്ന് ഒച്ചീം വിളീം കൂട്ടുണത് ' എന്ന് അവന്‍ ചോദിച്ചു.

' ചാമ്യേട്ടനാണല്ലേ, ഞാന്‍ വിചാരിച്ചൂ... '. മായന്‍ കുട്ടി പകുതിക്ക് വെച്ച് നിര്‍ത്തി.

' എന്താ നീ വിചാരിച്ചത് '.

' അത്, മേത്ത് ഒരു പ്ഴായി വന്ന് വീണൂന്നാ തോന്നീത് '.

' പോടാ, നീയും നിന്‍റെ ഒരു പ്ഴായും. നീ മുമ്പ് പ്ഴായിനെ കണ്ടിട്ടുണ്ടോടാ'.

' ഇല്ല. വെള്ളപ്പാറയില്‍ ഇരുട്ട് കാലത്ത് പ്ഴായി ഇരിക്കും. ആ വഴിക്ക് പോണോരുടെ ചോര കുടിക്കും . അമ്മ പറഞ്ഞ് തന്നിട്ടുണ്ട് '.

ചാമിയുടെ മനസ്സില്‍ മായന്‍കുട്ടിയുടെ അമ്മയുടെ ഓര്‍മ്മ എത്തി. പറഞ്ഞു വരുമ്പോള്‍ വകയില്‍ ഒരു ബന്ധുവായിരുന്നു കാളുക്കുട്ടി.
പാവം. ജീവിതത്തില്‍ നല്ലതൊന്നും ആ പെണ്ണിന്ന് വിധിച്ചിട്ടില്ല. ഒരു ചെക്കനുള്ളത് ഇങ്ങിനെ ആയതോടെ അവളുടെ മനസ്സ് ഇടിഞ്ഞു. അല്ലെങ്കില്‍ കുറെ കാലം കൂടി അത് ജീവിച്ചിരുന്നേനെ. ഇത്രയും ആലോചിച്ചതോടെ ചാമിയുടെ ദേഷ്യം പമ്പ കടന്നു.
മായന്‍കുട്ടിയോടുള്ള അനുകമ്പയായി മനസ്സില്‍.

' പിന്നെ എന്തിനാ നീ ഇവിടെ കുത്തിരിക്കുന്നത് '.

' ഞാന്‍ മീനിനോട് കൂട്ടം കൂട്വാണ് '.

ചാമിക്ക് ചിരി പൊട്ടി .

' എന്താടാ ഇത്ര വലിയ വര്‍ത്താനം '.

' കടലിന്‍റടീലെ അവരുടെ രാജകുമാരിടെ അടുത്ത് എന്നെ കൊണ്ടു പോവ്വോന്ന് ചോദിച്ചതാ '.

' അതിന്ന് അവിടെ രാജകുമാരി ഉണ്ടോ '.

' ഉവ്വ്. നന്ദിനി ടീച്ചര്‍  രാജകുമാരിടെ കഥ ക്ലാസ്സില് പറഞ്ഞു തന്നിട്ടുണ്ട്.

' അത് ശരി. എന്തിനാ നീ ഇപ്പൊ രാജകുമാരിടെ അടുത്തേക്ക് പോണത് '.

' കല്യാണം കഴിക്കാന്‍ '.

പ്രാന്തന്‍റെ ഒരു മോഹം എന്ന് മനസ്സില്‍ ചിന്തിച്ച് ചാമി മായന്‍കുട്ടിയെ എഴുന്നേല്‍പ്പിച്ചു. ' എന്‍റെ കൂടെ വായോ, നിനക്ക് വല്ലതും
തിന്നാന്‍ തരാം ' എന്നും പറഞ്ഞ് അവനേയും കൂടെ കൂട്ടി .

തീപ്പെട്ടി കമ്പുകളുടെ വെട്ടത്തില്‍ അവര്‍ കളപ്പുരയിലേക്ക് നടന്നു.

1 comment: