Tuesday, February 2, 2010

അദ്ധ്യായം - 45.

മുതലാളി തന്നയച്ചതാണെന്നു പറഞ്ഞ് ചാമി പൊതി ഏല്‍പ്പിച്ചപ്പോള്‍ അതിനകത്ത് റേഡിയോ ആണെന്ന് സരോജിനി സ്വപ്നത്തിലും കൂടി ചിന്തിച്ചിരുന്നില്ല. അവന്‍  ഭക്ഷണവുമായി പോയ ശേഷമാണ് അവള്‍ പൊതി തുറന്നു നോക്കിയത്.

' അച്ഛാ, ഇതു കണ്ടോ വേണ്വോട്ടന്‍ കൊടുത്തയച്ചിരിക്കുന്നത് , ഒരു റേഡിയോ '.

ഇപ്പോള്‍ അമ്പരന്നത് നാണു നായരാണ്. കയ്യയച്ച് പണം തന്ന് സഹായിക്കാറുണ്ടെങ്കിലും സാധനമായിട്ട് വല്ലതും തരുന്നത് ആദ്യമായിട്ടാണ്. അതും ആലോചിക്കാന്‍ കൂടി കഴിയാത്തത്.

' എന്‍റെ അയ്യപ്പാ ' നാണു നായര്‍ കിഴക്കോട്ട് തിരിഞ്ഞു നിന്ന് തൊഴുതു. ' എന്‍റെ കുട്ടിക്ക് ദീര്‍ഘായുസ്സ് കൊടുക്കണേ, അവന് ഒരു കേടുപാടും വരുത്തരുതേ '.

കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെയായിരുന്നു സരോജിനി. ആദ്യം കയ്യില്‍ വെച്ച് കിട്ടിയ സമ്മാനത്തിന്‍റെ ഭംഗി ആസ്വദിച്ചു. പിന്നീട് അതിന്‍റെ നോബുകള്‍ ഓരോന്നായി തിരിച്ചു തുടങ്ങി. പെട്ടെന്നാണ് ഒരു ഇരമ്പല്‍ കേട്ടത്. പിന്നെ അത് ശബ്ദമായി
പരിണമിച്ചപ്പോഴുണ്ടായ സന്തോഷത്തില്‍ അവളുടെ മനം കുളിര്‍ത്തു.

' മോളെ, ചോറ് വിളമ്പ്. നേരം എത്രയായി എന്ന് മനസ്സിലാവുന്നുണ്ടോ. അത് ഒരു ഭാഗത്ത് വെച്ചോ, പാട്ടും കേള്‍ക്കാം. ചോറും ഉണ്ണാം '.

സരോജിനി ഭക്ഷണം വിളമ്പി.

' ഇതിലെന്താ തമിഴ് മാത്രേ കിട്ടുള്ളു ' നാണു നായര്‍ ചോദിച്ചു ' ചിലപ്പോള്‍ ഈ സാധനം മദിരാശിയില്‍ നിന്ന് വാങ്ങ്യേതാവും.
അവിടെ തമിഴല്ലേ ഭാഷ '.

സരോജിനി വീണ്ടും തിരിച്ചു. അതോടെ കേട്ടിരുന്ന പാട്ട് ഇല്ലാതായി.

' വെറുതെ അവിടേം ഇവിടേം പിടിച്ച് തിരിച്ച് കേടാക്കണ്ടാ. ഇപ്പൊ തന്നെ കേട്ടോണ്ടിരുന്നത് പോയില്ലേ '.

' ഈ അച്ഛന്‍ ഒന്നിനും സമ്മതിക്കില്ല ' എന്നും പറഞ്ഞ് സരോജിനി റേഡിയോ ഒരു ഭാഗത്ത് വെച്ച് ഉണ്ണാനിരുന്നു.

*************************************************************************************

' ഓപ്പോള് കാണണംന്ന് പറഞ്ഞയച്ചിരിക്കുന്നു ' രാത്രി വേണു പറഞ്ഞു ' രാവിലെ ഞാന്‍ അവിടം വരെ ഒന്ന് പോവും '

' എന്നിട്ട് നാളെ അവിടെ താമസിക്ക്വോ ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഇല്ല. വൈകുന്നേരം ഇങ്ങോട്ട് എത്തും. രാമായണം വായിച്ച് കമ്പ കൂട്ടണ്ടേ '.

സന്ധ്യ മയങ്ങിയ ശേഷം വേണു നിത്യവും രാമായണം വായിക്കും. എഴുത്തശ്ശനും ചാമിയും കേട്ടിരിക്കും. വായന കഴിഞ്ഞിട്ടാണ് അത്താഴം.

' മന്ദത്ത് വരുന്ന ബസ്സിലോ, ചുങ്കത്ത് വരുന്ന ബസ്സിലോ ഏതിലാ വര്വാച്ചാല്‍ പറഞ്ഞാല്‍ മതി. ഞാന്‍ കാത്ത് നില്‍ക്കാ 'മെന്ന്
കേലി അറിയിച്ചു.

ഏത് ബസ്സ് കിട്ടുമെന്ന് പറയാനാവില്ലെന്ന് വേണു അറിയിച്ചു.

മുറ്റത്തെ ചെടിച്ചട്ടിയിലുള്ള പൂച്ചെടികളെ പത്മിനി നനച്ചുകൊണ്ടിരിക്കുമ്പോഴാണ് വേണു എത്തിയത്.

' ഇത്ര ദിവസം കാണാത്തപ്പോള്‍ നീ വഴി മറന്നു കാണുമെന്ന് കരുതി. അല്ലെങ്കിലും പണ്ടേ ഒരു ദിക്കില്‍ ചെന്നാല്‍ അവിടെ തന്നെ
കൂടുന്ന പ്രകൃതമാണ് നിന്‍റേത് '.

പുഴയിലെ ജലനിരപ്പ് കൂടിയതിനാലും തണുപ്പ് കാരണം കാലിന്ന് വേദന തോന്നിയതിനാലുമാണ് താന്‍ വരാതിരുന്നതെന്ന് വേണു
പറഞ്ഞു.

' ഇങ്ങനത്തെ ഒരു കാലത്ത് അവിടെ ചെന്ന് കൂടേണ്ട വല്ല കാര്യമുണ്ടോ നിനക്ക്. ചിങ്ങമാസം ആയിട്ട് പോയാല്‍ മതീന്ന് ഞാന്‍
നൂറ് തവണ പറഞ്ഞതാ. കേള്‍ക്കണ്ടേ '.

നനക്കല്‍ നിര്‍ത്തി ' വാ ഉള്ളിലേക്ക് ' എന്നും പറഞ്ഞ് പത്മിനി അകത്തേക്ക് കയറി, പുറകെ വേണുവും.

' വിശ്വേട്ടനോട് ഉച്ചക്ക് ഇത്രടം വരെ ഒന്ന് വരാന്‍ ഫോണ്‍ ചെയ്തിട്ട് വരാം ' എന്നും പറഞ്ഞ് പത്മിനി അവരുടെ മുറിയിലേക്ക് പോയി. അന്നത്തെ പത്രം എടുത്ത് വേണു അതിലൂടെ കണ്ണോടിക്കാനും തുടങ്ങി.

കാപ്പിയും കൊണ്ടാണ് പത്മിനി എത്തിയത്. ' ഇവിടെ ആരും കാപ്പി കുടിക്കാറില്ല. നിനക്ക് അതാ ഇഷ്ടം എന്ന് മനസ്സിലായപ്പോള്‍
അത് ഉണ്ടാക്കി '.

വേണു കാപ്പി കുടിച്ചു തുടങ്ങി.

' എന്നെ കാണണം എന്ന് ഓപ്പോള്‍ പറഞ്ഞതായി രാമന്‍ നായര്‍ വന്ന് പറഞ്ഞിരുന്നു. എന്തേ വിശേഷിച്ച് '.

' ഇത് നല്ല കഥ. വിശേഷം ഉണ്ടെങ്കിലേ ചേച്ചിക്ക് അനുജനെ കാണാന്‍ പാടുള്ളു എന്നുണ്ടോ '.

അങ്ങിനെ ഉദ്ദേശിച്ചിട്ടല്ല താന്‍ പറഞ്ഞതെന്നും എന്തോ ഒരു വിശേഷം ഉള്ളതായി മനസ്സില്‍ തോന്നിയത് കൊണ്ട് ചോദിച്ചതാണെന്നും
വേണു പറഞ്ഞു.

' അത് അങ്ങിനെയേ വരൂ. നിന്‍റെ ഉള്ളില് ആത്മാര്‍ത്ഥമായ സ്നേഹം ഉണ്ട്. അതുകൊണ്ട് ഇവിടെ ഒരു സംഗതി നടക്കാന്‍ 
പോവുന്ന കാര്യം നീ മുന്‍കൂട്ടി അറിഞ്ഞു '.

ഒരു ഊഹം വെച്ച് താന്‍ പറഞ്ഞത് കുറിക്ക് കൊണ്ടുവെന്ന് വേണുവിന്ന് മനസ്സിലായി.

മകന്‍റെ കല്യാണക്കാര്യമാണ് പത്മിനിക്ക് പറയാനുണ്ടായിരുന്നത്. മുറപ്പെണ്ണിനെ കാത്തിരുന്ന മകന്‍ ഒടുവില്‍ അവള്‍ക്ക് കത്തെഴുതി.
തനിക്ക് അമേരിക്കയില്‍ സ്ഥിരതാമസം ആക്കാനാണ് മോഹമെന്നും, അതുകൊണ്ട് ആശിച്ച മട്ടില്‍ വിവാഹം നടക്കാന്‍ 
സാദ്ധ്യതയില്ലെന്നും അവള്‍ മറുപടി അയച്ചു. അവള് കിട്ടുണ്ണിയുടെ വിത്തല്ലേ. അങ്ങിനെ എഴുതിയില്ലെങ്കിലല്ലേ അത്ഭുതപെടാനുള്ളു.
ഒന്ന് രണ്ട് ദിവസം അവന്‍ വിഷമിച്ചൊക്കെ നടന്നു. ആരോടും മിണ്ടാട്ടമില്ല. കൂമനെപ്പോലെ തൂങ്ങി പിടിച്ച് ഒരു ഇരുപ്പ്.
വിശ്വേട്ടന്‍ അവനോട് നേരിട്ട് ചോദിച്ചു. അച്ഛനും മകനും ഉറ്റ ചങ്ങാതിമാരാണ്. അവര്‍  അന്യോന്യം ഒന്നും മറച്ച് വെക്കാറില്ല.
ഒടുവില്‍ കള്ളി വെളിച്ചത്തായി.

' എന്നിട്ട് എന്തായി ' വേണു അന്വേഷിച്ചു.

' എന്താവാന്‍. ഞങ്ങളൊക്കെ കുറെ ഉപദേശിച്ചു. വേണ്വോമ്മാമന്ന് പറ്റിയ അബദ്ധം പറ്റാതെ നോക്കിക്കോ എന്ന് പറഞ്ഞു. മാലതി മരിച്ചിട്ടും അവളേയും നിനച്ച് നീ ഒരു ജീവിതം പാഴാക്കി. ഞങ്ങളാരും നിന്നെ ഒട്ടു നിര്‍ബ്ബന്ധിച്ചതും ഇല്ല. മര്യാദക്കൊരു കല്യാണം അന്ന് കഴിച്ചിരുന്നുവെങ്കില്‍ ഇന്ന് മക്കളും പേരമക്കളും ഒക്കെയായി ഒരു വീട് നിറയെ ആളായേനെ '.

തന്‍റെ ജീവിതം മരുമകന് ഉദാഹരണമായി ഓപ്പോള്‍ ചൂണ്ടികാണിച്ചതില്‍ വേണുവിന് ചെറിയൊരു വിഷമം തോന്നി. എങ്കിലും അത് പ്രകടിപ്പിച്ചില്ല.

' ഇപ്പൊ ഒരു ആലോചന വന്നിട്ടുണ്ട്. ജാതകം ഉത്തമത്തില്‍ ചേര്‍ന്നു. ഹൈക്കോടതിയിലെ വക്കീലിന്‍റെ മകളാണ്. കുട്ടീം
വക്കീലാണ്. കര്‍ക്കിടകം കഴിഞ്ഞിട്ട് കാണാന്‍ ചെല്ലണംന്നാ നിശ്ചയിച്ചിരിക്കുന്നത്. ഒരു ഞായറാഴ്ച നമുക്ക് എല്ലാരുക്കും കൂടി
പോകാം. അത് പറയാനാണ് നിന്നെ വരാന്‍ പറഞ്ഞത് '.

' അപ്പൊ കിട്ടുണ്ണിയോട് പറയണ്ടേ ? '.

' വെളുക്കുവോളം രാമായണം വായിക്കുന്നത് കേട്ടിട്ട് രാമനുക്ക് സീത എപ്പിടി എന്ന് ചോദിച്ച മട്ടിലാണ് നിന്‍റെ ഒരു ചോദ്യം. അവന്‍ നന്നായാല്‍ ഇങ്ങിനെയൊക്കെ വര്വോ '.

കുറച്ച് നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല.

' ഇതിനൊക്കെ അവന്‍ അനുഭവിക്കും. ആ പെണ്ണ് അവിടുന്ന് വല്ല സായ്പ്പിനേയോ, കാപ്പിരിയേയോ കല്യാണം കഴിക്കും. എന്നിട്ട് അവന്‍റെ മാനം കപ്പല് കേറ്റും ' ആത്മഗതമെന്നോണം പത്മിനി പറഞ്ഞു നിര്‍ത്തി.

വാതില്‍ കട്ടിളയ്ക്ക് മുകളിലിരുന്ന ഒരു പല്ലി ചിലച്ച് ആ പറഞ്ഞത് ശരി വെച്ചു.

3 comments:

 1. ഈ രചനാ വൈഭവത്തെ നമിക്കുന്നു.

  ReplyDelete
 2. ശ്രീ ഷെറീഫ്,
  താങ്കള്‍ രേഖപ്പെടുത്തിയ അഭിപ്രായത്തിന്ന് നന്ദി.
  Palakkattettan.

  ReplyDelete
 3. വായനതുടരുന്നു.....

  ReplyDelete