Saturday, December 12, 2009

അദ്ധ്യായം - 32

എഴുത്തശ്ശനെ സഹായിക്കാനെന്ന മട്ടില്‍ കാലവര്‍ഷം തിരശ്ശീലക്ക് പിന്നില്‍ തന്നെ ഒളിച്ചിരുന്നു. മകീരത്തില്‍ മതി മറന്ന് പെയ്യും
എന്നാണ് ചൊല്ല്. ഞാറ്റുവേല പകുതി ആവാറായി. വിതച്ച് മുള പൊട്ടി വന്ന നെല്‍ചെടികളുടെ അറ്റം കരിവാളിച്ച് തുടങ്ങി.

' ഇനീപ്പൊ മഴ പെയ്താലും ഒരു വിരോധോല്യാ ' ഒരു ദിവസം എഴുത്തശ്ശന്‍ അമ്പലക്കടവില്‍ വെച്ച് നാണു നായരോട്
പറഞ്ഞു ' തൊഴുത്തും വണ്ടിപ്പുരയും  മേഞ്ഞു കഴിഞ്ഞു. ബാക്കി കല്ലോണ്ട് ചുറ്റും  ഒന്ന് മറക്കണം, അത് മഴ
പെയ്താലും ചെയ്യാലോ '.

നാണു നായര്‍ക്കും കുറച്ച് ദിവസമായി ഒരു തൊഴിലായി. രാവിലെ കുളിച്ച് തൊഴുത് വന്നതും മൂപ്പര്‍ കൂട്ടുകാരന്‍ പണി
ചെയ്യിക്കുന്ന സ്ഥലത്തേക്ക് തിരിക്കും. എഴുത്തശ്ശന്നുള്ള ഭക്ഷണം കയ്യില്‍ കരുതും. ഉച്ചക്ക് പണിക്കാര്‍ ജോലി അവസാനിപ്പിച്ചാല്‍ 
രണ്ടുപേരും കൂടി ഉണ്ണാന്‍ വീട്ടിലെത്തും. സരോജിനി കൊടുത്ത ആഹാരം കഴിച്ചു കഴിഞ്ഞാല്‍ ' നാണ്വാരേ, നിങ്ങള്
ഇത്തിരി കിടന്നോളിന്‍ ' എന്നും പറഞ്ഞ് സുഹൃത്ത് മടങ്ങി പോവും.

ആറേഴ് ദിവസം കൊണ്ട് പണി പൂര്‍ത്തിയായി. ഇനി കിടപ്പും കൂടി പുതിയ സ്ഥലത്തേക്ക് മാറ്റുകയേ വേണ്ടു. തൊഴുത്ത് പൊളിച്ച അന്ന് മുതല്‍ കന്നിനെ കുറ്റിയടിച്ച് കെട്ടിയിട്ടതാണ്. അവറ്റ കാറ്റും വെയിലും കൊണ്ട് നില്‍ക്കുകയാണ്. പുതിയ തൊഴുത്തില്‍ മൂരികളെ ഒട്ടും വൈകാതെ കയറ്റണം.

' നാളെക്ക് നാളെ ഇങ്ങോട്ട് മാറിയാലോ എന്നാ ഞാന്‍ വിചാരിക്കുന്നത് ' എഴുത്തശ്ശന്‍ നാണു നായരോട് പറഞ്ഞു ' മഴ
എപ്പൊഴാ താഴത്തേക്ക് വീഴണ്ടത് എന്നും പറഞ്ഞാ നില്‍ക്കുന്നത് '.

' അങ്ങനെ അങ്ങിട്ട് ചെയ്യാന്‍ പാട്വോ ' നായര്‍ പറഞ്ഞു ' ഇതിനൊക്കെ നാളും ദിവസൂം നോക്കണ്ടേ '.

' എന്നാ ചാവുണത് എന്നും കാത്ത് ഇരിക്യാണ്ഞാന്‍ . വാണ് വര്‍ദ്ധിച്ച് കുട്ടീം മക്കളും ആയി ഇരിക്കണം ച്ചാലല്ലേ നാളും
നക്ഷത്രവും ഒക്കെ നോക്കേണ്ടതുള്ളു' എന്ന് എഴുത്തശ്ശന്‍ പറഞ്ഞുവെങ്കിലും, ജോത്സ്യനെ കാണാനുള്ള ചുമതല കൂട്ടുകാരനെ തന്നെ
ഏല്‍പ്പിച്ചു.

ഉച്ച ഭക്ഷണം കഴിഞ്ഞ് എഴുത്തശ്ശന്‍ പോയി. നാണു നായര്‍ ഒന്ന് നടു നിവര്‍ത്തി. നാല് മണിക്ക് മുമ്പ് അയാള്‍ എഴുന്നേറ്റു. ' ഞാന്‍ ഇപ്പൊ വരാം ' എന്ന് മകളോട്പറഞ്ഞ് അയാള്‍ മുറ്റത്തേക്കിറങ്ങി.

' അച്ഛന്‍ ഈ നേരത്ത് എവിടേക്കാ പോണത് ' എന്ന് മകള്‍ ആരാഞ്ഞു. പുതിയ താമസ സ്ഥലത്തേക്ക് എഴുത്തശ്ശന്ന്
താമസം മാറുന്നതിന്ന് നല്ല ദിവസം നോക്കാന്‍ പണിക്കരെ കാണാന്‍ പോവുകയാണെന്ന് അയാള്‍ മറുപടി നല്‍കി.

' അച്ഛന്‍ ഒരു മിനുട്ട് നില്‍ക്കൂട്ടോ ' എന്നും പറഞ്ഞ് സരോജിനി അകത്തേക്ക് ചെന്നു. മരത്തിന്‍റെ പെട്ടിയില്‍ 
സൂക്ഷിച്ചിട്ടുള്ള തന്‍റെ തലക്കുറിപ്പ് അവള്‍ കടലാസ്സില്‍ പൊതിഞ്ഞ് എടുത്തു. ഉമ്മറത്ത് കത്ത് നിന്ന അച്ഛന്‍റെ കയ്യില്‍ അവള്‍ അത് കൊടുത്തു.

' എന്താ ഇത് ' എന്ന് നാണു നായര്‍ തിരക്കി. തന്‍റെ ജാതകക്കുറിപ്പാണ് പൊതിയില്‍ ഉള്ളതെന്നും ജോത്സ്യനെ കൊണ്ട്
അത് കൂടി ഒന്ന് നോക്കിക്കണമെന്നും സരോജിനി പറഞ്ഞു.

അതും വാങ്ങി പടി കടന്ന് പോകുമ്പോള്‍ ' എന്താ ഈ പെണ്ണിന് പറ്റിയത് ' എന്ന് നാണു നായര്‍ ചിന്തിച്ചു.

അമ്പതാം വയസ്സിന്‍റെ പടിക്കല്‍ എത്തിയ തനിക്ക് ഒരു ജാതകം എഴുതിച്ച് തരാന്‍ കൂടി വീട്ടുകാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ജനന സമയം കുറിച്ച തലക്കുറിവെച്ചാണ് വല്ലപ്പോഴും ഫലം നോക്കിച്ചിട്ടുള്ളത്. ഇരുപത് വയസ്സ് മുതല്‍ 
കേള്‍ക്കാന്‍ തുടങ്ങിയതാണ് ആറു മാസത്തിന്നുള്ളില്‍ അല്ലെങ്കില്‍ ഒരു കൊല്ലത്തിനകം കല്യാണം നടക്കുമെന്ന്. പണിക്കര് പറഞ്ഞ
പോലെ ഒന്നും നടന്നില്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനിയെങ്കിലും ജീവിതത്തില്‍ ഒരു മേല്‍ഗതി ഉണ്ടാവില്ലേ ? അത്തരം ഒരു പ്രവചനവും കാത്ത് സരോജിനി ഇരുന്നു.

*************************************************************************************

പിറ്റേന്ന് തന്നെ വേണുവിന്‍റെ വക കൃഷിയും സ്ഥലങ്ങളും നോക്കി കാണാന്‍ എല്ലാവരും കൂടി ചെന്നു. വിശ്വനാഥന്‍ വക്കീലും 
പത്മിനിയമ്മയും വേണുവും ഡ്രൈവറും കൂടിയാണ് ചെന്നത്. കാര്യസ്ഥന്‍ രാമന്‍ നായരോട് വൈകുന്നേരം തന്നെ പറഞ്ഞ് ശട്ടം 
കെട്ടിയിരുന്നു.

പുഴ വക്കത്ത് കാര്‍ നിര്‍ത്തി എല്ലാവരും ഇറങ്ങി. ' മുട്ടിന്ന് മേപ്പോട്ട് വെള്ളം ഉണ്ട് ' എന്ന് അവിടെ കാത്തു നിന്ന രാമന്‍ നായര്‍ പറഞ്ഞു. ' എന്നാല്‍ ഞാന്‍ വരുന്നില്ല ' എന്നു പറഞ്ഞ് പത്മിനി ഒഴിവാകാന്‍ നോക്കി. ' അതൊന്നും 
സാരമില്ലാടോ, താനും വാ ' എന്നു പറഞ്ഞ് വക്കീല്‍ നിര്‍ബന്ധിച്ചതോടെ പത്മിനിയും പുഴയിലേക്കിറങ്ങി.

മുളച്ച് വന്ന നെല്‍ചെടികള്‍ മണ്ണിനെ പച്ച ചേല ഉടുപ്പിച്ചിരിക്കുന്നു. എല്ലാ വയല്‍ വരമ്പുകളും ചെത്തി വൃത്തിയാക്കിയിട്ടുണ്ട്.
ആകപ്പാടെ കാണാന്‍ ഒരു ഐശ്വര്യം തോന്നി. ' ഇന്നെന്താ പണി ഒന്നും ഇല്ലേ ' എന്ന് പത്മിനി ചോദിച്ചു. കര്‍ഷക
തൊഴിലാളികളുടെ സമ്മേളനം ആയതിനാല്‍ പണിക്കാരെല്ലാം  അതിന്ന് പോയിരിക്കുകയാണെന്ന് രാമന്‍ നായര്‍ അറിയിച്ചു.
വേണുവിന്ന് അത്ഭുതം തോന്നി. കൃഷിപ്പണിക്ക് വരുന്നവര്‍ക്കും സംഘടനയും ജാഥയും സമ്മേളനവും ഒക്കെയുണ്ടെന്ന് അയാള്‍
ആദ്യമായി അറിയുകയാണ്.

' ആരാ ഇപ്പൊ പണിക്കാരുടെ തലവനായിട്ട് ' എന്ന് വക്കീല്‍ ആരാഞ്ഞു. ' ചാമീന്ന് പേരുള്ള ഒരു വിദ്വാനുണ്ട് ' രാമന്‍
നായര്‍ പറഞ്ഞു ' ഇങ്ങിട്ട് വിളിച്ചാല്‍ അങ്ങോട്ട് പോകും. അത്ര നല്ല സ്വഭാവം. കള്ള് കുടിക്കാനും തമ്മില്‍തല്ല് കൂടാനും മാത്രേ അവന് നേരൂള്ളൂ. ' ഒന്ന് നിര്‍ത്തി അയാള്‍ തുടര്‍ന്നു ' ഞാന്‍ കൂട്ടി പറയാണെന്ന് തോന്നരുത്. മുതലാളിമാര് ഇങ്ങിട്ട് കാണാന്‍ 
വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ , അതിന്ന് ഞാന്‍  മോര് പാര്‍ന്ന് നാല്തിരിയിട്ട വിളക്ക് കത്തിച്ച് കൂട്ടിക്കോണ്ട് വരാന്‍
നിക്കണോ എന്നാ തിരിച്ച് ചോദിച്ചത്. '

എത്രയോ കാലങ്ങള്‍ക്ക് ശേഷം വേണു പാടങ്ങള്‍ മുഴുവനും ചുറ്റിക്കണ്ടു, അതും തികഞ്ഞ നിസ്സംഗതയോടെ. അതൊക്കെ
തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന തോന്നല്‍ അയാളില്‍ ഉണ്ടായില്ല. കേവലമൊരു കാഴ്ചക്കാരനെ പോലെ അയാള്‍
എല്ലാവരുടേയും ഒപ്പം നടന്നു.

' ഇതൊക്കെ നിന്‍റെ മുതലാണ്. ഞങ്ങള്‍ വെറും നോക്കി നടത്തിപ്പുകാരാണേ ' എന്ന് പത്മിനി അയാളോട് പറഞ്ഞു.

' എനിക്കെന്തിനാ ഓപ്പോളേ ഇതൊക്കെ ' എന്നായി വേണു.

' ഇതാ ഇപ്പോ നന്നായത്, അവനവന്‍റെ സ്വത്ത് എന്തിനാണെന്ന് ഒരാള് പറയുന്നത് ആദ്യമായിട്ടാണ് ഞാന്‍ കേള്‍ക്കണത്.
ഇതെങ്ങാനും ആ കിട്ടുണ്ണി കേള്‍ക്കണം, ഇരു ചെവി അറിയും മുമ്പ് ആ മഹാന്‍ ഇതൊക്കെ കൈക്കലാക്കും 'എന്ന് പത്മിനിയും പറഞ്ഞു .

നിറയെ കായ്ച്ച് നില്‍ക്കുന്ന തെങ്ങുകളും,  ഇടക്കോരോ കവുങ്ങും വേലിയോരത്ത് പല വിധത്തിലുള്ള ഫലവൃഷങ്ങളും
ഒക്കെക്കൂടിയുള്ള തോട്ടം  വേണുവിന്‍റെ കണ്ണ് കുളിര്‍പ്പിച്ചു. ഇതെല്ലാം നോക്കി എത്ര നേരം വേണമെങ്കിലും രസിച്ചിരിക്കാമെന്ന്
വേണു ചിന്തിച്ചു.

തോട്ടത്തില്‍ നിന്നും ഇറങ്ങി അവര്‍ കളപ്പുരയിലേക്ക് നടന്നു. രാമന്‍ നായര്‍ തന്‍റെ കയ്യിലെ തുണിസ്സഞ്ചിയില്‍ നിന്നും 
താക്കോലെടുത്ത് പടി തുറന്നു. കളപ്പുരക്ക് മുന്നിലെ ഷെഡ്ഡില്‍ കരിയും നുകവും കൈക്കോട്ടുകളും സൂക്ഷിച്ച് വെച്ചിരിക്കുന്നു.

കുട്ടിക്കാലത്ത് ചില ഒഴിവു ദിവസങ്ങളില്‍ പാടത്തെ പണി നോക്കാന്‍ ചെല്ലും . കന്ന് പൂട്ട് നടക്കുന്ന സമയങ്ങളില്‍ 
പണിക്കാരുടെ സമ്മതത്തോടെ കയ്യില്‍ ഒരു മുടിയന്‍ കോലുമായി കരിയില്‍ പിടിച്ചുകൊണ്ട് കന്നുകളുടെ പുറകില്‍ നടക്കും .
ഭൂതകാലത്തിലെ ആ നല്ല നിമിഷങ്ങള്‍ വേണുവിന്‍റെ മനസ്സില്‍ എത്തി. അറിയാതെ അയാള്‍ കലപ്പയുടെ പിടിയിലൊന്ന് തൊട്ടു
നോക്കി.

' അതൊക്കെ വെറുതെ വെച്ചിരിക്കുകയാണ്. ഒന്നും ഉപയോഗിക്കാറില്ല, ഇപ്പോള്‍ എല്ലാവരും ട്രാക്ടര്‍ കൊണ്ടല്ലേ പൂട്ടുന്നത് '
എന്ന് രാമന്‍ നായര്‍ പറഞ്ഞു. കളപ്പുരയും പരിസരവും എല്ലാം വേണുവിന്ന് ഇഷ്ടപ്പെട്ടു. അന്നത്തെ കളപ്പുരയല്ല ഇന്നുള്ളത്. പഴയത് നിലം പൊത്തിക്കാണും. മണ്‍ചുമരുകളും ഓലമേഞ്ഞ മേല്‍കൂരയും ആയിരുന്നു പഴയതിന്ന്. ഇത് വെട്ടുകല്ലില്‍ കെട്ടി
പ്പൊക്കി ചെത്തി തേക്കാതെയുള്ളതാണ്. വക്കീലും ഭാര്യയും രാമന്‍ നായരോടൊപ്പം പുരക്ക് അകത്തേക്ക് കയറിപ്പോയി. വേണു
കോലായില്‍ തന്നെയിരുന്നു.

പത്മിനി ഓപ്പോളും കിട്ടുണ്ണിയും പണ്ടും ഇങ്ങോട്ട് അധികം വരാറില്ല. പശുക്കളെ മേയ്ക്കാന്‍ പറഞ്ഞാല്‍ അവര്‍ പുസ്തകം
എടുക്കും. മാടുകളേയും കൊണ്ട് ഒറ്റക്കാണ് ഇങ്ങോട്ട് വരാറ് . കളപ്പുര തൊടിയില്‍ അവയെ മേയാന്‍ വിട്ട് പിള്ളക്കോലായയില്‍
മനോരാജ്യം കണ്ട് കിടക്കും. എല്ലാ ദുഃഖങ്ങളും അതോടെ ഇല്ലാതാവും. ഇതാണ് സ്വര്‍ഗ്ഗം എന്ന് അന്നൊക്കെ തോന്നിയിരുന്നു.
ഇവിടെ തന്നെ സ്ഥിര താമസം ആക്കിയാലോ എന്ന ചിന്ത പെട്ടെന്ന് അയാളുടെ മനസ്സില്‍ ഉദിച്ചു. വിശ്വേട്ടന്‍ പറഞ്ഞത് പോലെ
ഈ പുര ഓട് മേയുകയൊന്നും വേണമെന്നില്ല. വെയിലും മഴയും കൊള്ളാതെ കിടക്കാന്‍ ഇതൊക്കെ തന്നെ ധാരാളം.
ഓപ്പോളോട് ഈ കാര്യം സൌകര്യം പോലെ പറയണമെന്ന് വേണു ഉറപ്പിച്ചു.

പുഴ വക്കത്ത് വരെ കാര്യസ്ഥന്‍ വന്നു. യാത്ര തിരിക്കും മുമ്പ് വേണു പത്മിനിയുടെ അടുത്ത് ചെന്നു.

' ഓപ്പോളെ, ഞാന്‍ ഒരു കാര്യം പറയട്ടെ ' വേണു ചോദിച്ചു.

'ങും' പത്മിനി അയാളെ നോക്കി.

' നമ്മള്‍ ഇതുവരെ വന്നതല്ലേ ' വേണു പറഞ്ഞു ' നമുക്ക് കിട്ടുണ്ണിയുടെ വീട്ടിലൊന്ന് ചെന്നാലോ'

' എന്നെക്കൊണ്ടൊന്നും പറയിക്കേണ്ടാ ' പത്മിനി ക്ഷോഭിച്ചു ' മിണ്ടാതെ കാറില്‍ കയറിക്കോ '.

പൊടി പറത്തി കാര്‍ മുന്നോട്ട് പാഞ്ഞു.

1 comment:

  1. പാലക്കാട്ടേട്ടാ, ആദ്യമായിട്ടാണ്‌ ഞാനീ ബ്ലോഗിലെത്തുന്നത്‌... ഒന്നാമത്തെ അദ്ധ്യായം മുതല്‍ വായിച്ച്‌ തുടങ്ങട്ടെ... ഈ ബൃഹദ്‌സംരംഭത്തിന്‌ എല്ലാവിധ ഭാവുകങ്ങളും...

    ReplyDelete