Monday, August 10, 2009

ഓര്‍മ്മത്തെറ്റുപോലെ

( ഓം മഹാ ഗണാപതായേ നമഃ , ഓം സരസ്വതൈ നമഃ )


നോവല്‍. അദ്ധ്യായം--1.

മുരുക മലയില്‍ കാറ്റ് കാര്‍മേഘങ്ങള്‍ ഇറക്കി വെച്ച് കടന്നു പോയി. അന്തരീക്ഷം മൂടി കെട്ടി പെയ്യാനായി ഒരുങ്ങി കഴിഞ്ഞു. ആകാശത്തു നിന്നും വളഞ്ഞു പുളഞ്ഞ് ഒരു മിന്നല്‍ പിണര്‍ ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങി. കാത് അടപ്പിക്കുന്ന ഒരു പൊട്ടല്‍. വേലപ്പന്‍  പുല്ല് അരിയുന്നത് നിര്‍ത്തി തലയുയര്‍ത്തി നോക്കി. മഴ ഉറപ്പായി കഴിഞ്ഞു. വേഗം വീടെത്തണം. പുഴയില്‍ വെള്ളം കയറിയാല്‍ പിന്നെ അക്കരക്ക് കടക്കാന്‍ പറ്റില്ല. സീതാര്‍ കുണ്ടില്‍ മഴക്കാര്‍ എടുക്കുമ്പോഴേക്കും വെള്ളപ്പാറ കടവില്‍ വെള്ളം കേറും. പിന്നെ ഊരുപ്പെട്ട വഴിയൊക്കെ നടന്ന്പാലം ചുറ്റി വേണം വീട്ടിലെത്താന്‍. മകള്‍ കല്യാണി അവിടെ ഒറ്റക്കാണ്. നേരം ഇരുട്ടിയാല്‍ കുട്ടി പേടിച്ചേക്കും. ഇന്ന്ദൂരെ എവിടേയും പോകാത്തതിനാല്‍ അവള്‍ക്ക് തുണ ഏര്‍പ്പാട് ആക്കിയതുമില്ല.

വേഗം അരിഞ്ഞു കൂട്ടിയ പുല്ല് വാരി ചാക്കിലാക്കി. ചാക്കിന്‍റെ തലപ്പ് കെട്ടി, തല ഉയര്‍ത്തി നോക്കുമ്പോള്‍ ചാമിയെ കാണാനില്ല. കുറച്ച് മുമ്പുവരെ കിളയ്കുന്നത് കണ്ടതാണ്. ഇപ്പൊ എവിടെ പോയി കിടക്കുകയാണോ ആവോ. കുടിയിലേക്ക് പോണമെന്ന ആലോചനയൊന്നും അവനില്ല. കെട്ടിയ പെണ്ണിനെ തീര്‍ത്ത് തോന്നിയ പോലെ ജിവിക്കുന്നവന് എപ്പോള്‍ വീട്ടില്‍
എത്തിയാലെന്താ. തനിക്ക് അതുപോലെ അല്ലല്ലോ. എന്നാലും അവനോട് പറയാതെ പോയാല്‍ നാളെ കണ്ടാല്‍ തൊള്ളയില്‍ തോന്നിയത്ഒക്കെ അവന്‍ പറയും.

വേലപ്പന്‍  ഉറക്കെ കൂക്കി. കയത്തം കുണ്ടിലെ പാറക്കെട്ടുകളില്‍ തട്ടി അത് തിരിച്ചെത്തി. കുറച്ച് നേരം നോക്കി.ചാമിയുടെ നിഴല്‍ അവിടെയെങ്ങുമില്ല. മനസ്സില്‍ ഈ പ്രാന്തന്‍ പോയോ എന്ന ചിന്തയായി. അങ്ങിനെ ആവാന്‍ വഴിയില്ല.ഏതെങ്കിലും ഒടവില്‍ ചെന്ന്നില്‍പ്പാവും.തുടരെ തുടരെ മൂന്ന്നാല്പ്രാവശ്യം കൂടി കൂക്കി. കയത്തം പാറയുടെ മുകളിലായി ചാമിയുടെ തലേക്കെട്ട് പൊങ്ങി.കൈകാട്ടി അവനെ വിളിച്ചു. നിന്ന ദിക്കില്‍ ഒന്നു കൂടി നോക്കി മടിക്കുത്തില്‍ നിന്ന് ഒരു ബീഡി എടുത്ത് കത്തിച്ച് ചാമി നടന്നു തുടങ്ങി. " എന്താണ്ടാ കെടന്ന് അകിറുണത്. ഇത് മാതിരി ഒച്ചയും വിളിയും ഉണ്ടാക്കാന്‍ എന്താപ്പൊ ഇവിടെ പറ്റീത് ' എന്ന് പറഞ്ഞും കൊണ്ട് അവനെത്തി.

" നീ എവിടെ പോയി കെടക്ക്വായിരുന്നു. ഇടിയും മഴയും വരുന്നത് കണാന്നില്ലേ ' എന്ന് വേലപ്പന്‍  ചോദിച്ചു. " മഴ വന്നാല്‍ അലിഞ്ഞു നീ പോകാന്‍ മണ്ണാങ്കട്ടയൊന്നുമല്ലല്ലോ 'എന്നും പറഞ്ഞ്ചാമി, താന്‍ കയത്തിന്‍റെ മുകളിലെ പാടത്തിന്‍റെ കഴായയില്‍ കുരുത്തി വെക്കാന്‍ നിന്നതാണെന്നും, മഴ പെയ്താല്‍ ചിലപ്പോള്‍ ഏറ്റുമീന്‍ കേറുമെന്നും പറഞ്ഞു. ചാക്കുകെട്ട് തലയിലേറ്റി വേലപ്പന്‍ നടന്നു, തോളില്‍ കൈക്കോട്ടുമായി ചാമി പുറകേയും. "നിന്‍റെ കിളപണി ഒക്കെ കഴിയാറായോടാ 'എന്ന് വേലപ്പന്‍ ചാമിയോട് അന്വേഷിച്ചു. "പൊലം കെട്ട പണി ചെയ്യാന്‍ പറയുമ്പോള്‍ എനിക്ക് ഈറ വരുണുണ്ട്' ചാമി പറഞ്ഞു. " ഒരു ദിവസം ആ നായരെ ഞാന്‍ തൊള്ളയില്‍ തോന്നിയത് വിളിച്ച് പറഞ്ഞ് കൊട്ടീം കോലും വെച്ച് ഇറങ്ങി പോരും. 'നിനക്ക്
പണി എടുക്കുന്നതിന്ന് കൂലി കിട്ടിയാല്‍ പോരേ. അയാള്‍ നാളെ തലകീഴായി ഞാറ് നടാന്‍ പറഞ്ഞാല്‍ അങ്ങിനെ ചെയ്ത് കൂലീം വാങ്ങി പോരണം. അല്ലാതെന്താ' എന്നായി വേലപ്പന്‍. ചാമിക്ക് അത് പിടിച്ചില്ല. "അത് എനിക്ക് പറ്റില്ല. നിന്നെ പോലെ കണ്ട കെരട് മാടീനേം വാങ്ങി ആരുടെയെങ്കിലും തലയില്‍ ഒട്ട വെക്കുന്നത് മാതിരിയല്ല കൃഷിപ്പണി ' അവന്‍ പറഞ്ഞു " അതൊക്കെ സമയവും കാലവും നോക്കി വകതിരിവോടെ ചെയ്യണം. അതെങ്ങനെ, ചായപ്പീടീല് ഗ്ലാസ്സ് മോറാന്‍ നിന്നവന്‍ കൃഷി ചെയ്യിക്കാന്‍ വന്നാല്‍ കര പിടിക്ക്വോ'.

കളപ്പുര അടച്ചു പൂട്ടി കാര്യസ്ഥന്‍ രാമന്‍ നായര്‍ പോയി കഴിഞ്ഞിരുന്നു. വേലിക്ക് പുറത്തു നിന്ന് ചാമി കൈക്കോട്ട് നീട്ടി ഒരേറ്. അത് കൃത്യം ആലയുടെ ഉള്ളില്‍ ചെന്ന് വീണു. "രാത്രീല് മഴ പെയ്താല്‍ വെള്ളം പൊങ്ങും' അകലെ നിന്നും പുഴയെ നോക്കി ചാമി പറഞ്ഞു. അപ്പോഴേക്കും വേലപ്പന്‍ ഇടപെട്ടു. 'എന്നിട്ടു വേണം നിനക്ക് പണിക്കാരി പെണ്ണുങ്ങളെ തോളത്ത് ഏറ്റി പുഴ കടത്താന്‍'.

'നീയ് അങ്ങിനേയാ എന്നെ കരുതിയിരിക്കണത്. ഞാന്‍ ആള് ഇത്തിരി മോശക്കാരന്‍ തന്നെയാ. സമ്മതിച്ചു. 'ചാമി സ്വന്തം ഭാഗം വിശദീകരിച്ചു' പക്ഷെ കൂടെ പണിയുന്ന പെണ്ണുങ്ങളെ പെങ്ങന്മാരായിട്ടാ ഞാന്‍ കാണാറ്. പാവങ്ങള്‍, നമ്മളെ പോലെ തന്നെ അവരും വയറ്റില്‍ പിഴപ്പിന്ന് വരുന്നതാണ്'. താന്‍ അതൊന്നും ഓര്‍ത്ത് പറഞ്ഞതല്ല എന്നും പറഞ്ഞ് വേലപ്പന്‍  ആ
വിഷയം അവസാനിപ്പിച്ചു.

കടവിലെത്തിയപ്പോള്‍ ചാമിക്ക് കുളിക്കണം. വേലപ്പന് ദേഷ്യം വന്നു. മഴ എത്തുമ്പോഴേക്കും വീട് എത്തി പറ്റാന്‍ നോക്കാതെ കെടന്ന് വട്ടത്തിരിയാന്‍ പുറപ്പെടുന്നു. "വെക്കം വരാന്‍ നോക്ക്, കുടീമ്പില് എത്തീട്ട് കുളിച്ചാ മതി എനിക്ക് ഇരുട്ടായാല് കണ്ണ് കാണാന്‍ പാങ്ങില്ല' എന്നും പറഞ്ഞ് വേലപ്പന്‍  നീങ്ങി. ഒന്നും മിണ്ടാതെ ചാമിയും.പുളിമരം കടന്ന് അയ്യപ്പന്‍ കാവിന്നടുത്തെത്തിയപ്പോള്‍ ചാമി വേലപ്പനോട് നടന്നോളാന്‍ പറഞ്ഞു. വേലപ്പന് കാര്യം മനസ്സിലായി. ചാമിക്ക് കള്ളു ഷപ്പില്‍ കയറണം. അവിടെ നിന്നും ഇറങ്ങുമ്പോള്‍ ഒരു നേരം ആവും. പിന്നെ പാട്ടുംകൂത്തുമായി വലിയ ഘോഷത്തോട് ഒരു വരവുണ്ട്. 'എടാ, ഇരുട്ടായാല് എനിക്ക് കണ്ണ് തിരിയില്ല. നീ കൂടെ വാ' എന്ന് വേലപ്പന്‍ ചാമിയോട് പറഞ്ഞു നോക്കി.' നീ മുണ്ടാതെ കണ്ട് നിന്‍റെ വഴിക്ക് പോ' എന്നും പറഞ്ഞ് ഒരു ബീഡിയും കത്തിച്ച് ചാമി പടിഞ്ഞാറോട്ട് നടന്നു. തികഞ്ഞ നിരാശയോടെ വേലപ്പന്‍ കിഴക്കോട്ടും.

അയ്യപ്പന്‍കാവു കടന്ന് പാറയിലേക്ക് കയറി. പകലത്തെ ചൂടിന്‍റെ ശക്തിയില്‍ പാറ ഇപ്പോഴും പൊള്ളുന്നു. പുല്ല് അരിയാന്‍ വരുമ്പോള്‍ ചെരിപ്പ് ഇടാത്തത് അബദ്ധമായി. കൊന്നലാലിന്‍റെ ചുവട്ടിലെത്തിയപ്പോള്‍ ഇരുള്‍ പരന്നിരിക്കുന്നു. മേഘങ്ങള്‍ ഉള്ളതിനാല്‍ നേരത്തെ ഇരുട്ടായതാണ്. പെട്ടെന്ന് മനസ്സില്‍ ഭയം കയറി. കൂനന്‍ പാറയുടെ നിറുകയിലുള്ള ആലിന്‍റെ മോളില് തല വെച്ച് കിടക്കുന്ന മുനീശ്വരന്‍റെ വലത്തേ കയ്യ് ഈ ആലിന്‍റെ കൊമ്പത്താണ് വെയ്ക്കുക എന്നാണ് പറയാറ്. തൃസന്ധ്യ നേരത്ത് മുനീശ്വരന്‍റെ മുമ്പില്‍ പെട്ടാല്‍ കോപിച്ച് ചോര ഊറ്റികുടിക്കും. മുനി കണ്ണ് തുറക്കുന്നതിന്നു മുമ്പെ ഇവിടെ നിന്നും രക്ഷപ്പെടണം. മനസ്സില്‍ കൊടുങ്ങല്ലൂരമ്മയെ വിളിച്ചുകൊണ്ട് തലയിലെ ചാക്കുകെട്ടുമായി ഒറ്റ ഓട്ടം.

ആലിന്‍ ചുവട് കഴിഞ്ഞപ്പോള്‍ ഓട്ടം നിര്‍ത്തി. ചാമി ഇളയപ്പന്‍റെ മകനാണ്. പ്രായം കൊണ്ട് അവന്ന് ആറ് മാസം മൂപ്പ് കൂടുതലുണ്ട്. കണക്കിന് ഏട്ടനാണ്' അവന്‍. എന്നാലും ചങ്ങാതിമാരെ പോലെയാണ്' പെരുമാറുക. എല്ലാ വിധ കുരുത്ത കേടുകളും കയ്യിരിപ്പുണ്ട്. അവന്‍ കൂടെ വന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു . കഴുതക്ക് അതൊന്നും തോന്നില്ല. ഇനി നട്ടപ്പാതിരക്ക് കുടിച്ച് വെളിവില്ലാതെ പാട്ടും പാടി ഇതേ വഴിക്ക് വരും. എന്തെങ്കിലും അസമയത്ത് കണ്ട് പേടിച്ചാലോ. സിനിമ കഴിഞ്ഞ് ഒറ്റക്ക് ഇതിലെ വന്ന നായരുകുട്ടി മുനിയെ കണ്ട് പേടിച്ച് പനി വന്ന് മൂന്നാം പക്കം മരിച്ചതാണ്. " അമ്മേ, ദേവീ കാപ്പാത്തണേ'. കാലുകള്‍ ഇടറുന്നതുപോലെ തോന്നുന്നു. നാളെ കുഴല്‍മന്ദം ചന്തക്ക് കന്ന് ആട്ടേണ്ടതാണ്. വീട്ടില്‍ ഒരു കന്ന് വൈക്കോല്‍ ഇല്ല. മിണ്ടാപ്രാണികളെ പട്ടിണിക്ക് ഇടാന്‍ പാടില്ലല്ലൊ. ഇല്ലെങ്കില്‍ ഉച്ച തിരിഞ്ഞശേഷം പുല്ല് അരിയാന്‍ ഇറങ്ങില്ല.

എങ്ങിനെയെങ്കിലും വീടെത്തിയാല്‍ മതിയായിരുന്നു.തിരിഞ്ഞു നോക്കി. പുറകിലായി ഒരു നിഴല്‍ അനങ്ങുന്നതുപോലെ തോന്നി.നടത്തത്തിന്ന് വേഗം കൂട്ടി. കുറച്ച് നടന്നാല്‍ കുതിരലായം എത്തും. പടയോട്ട കാലത്ത് ലായത്തിന്ന് തീയിട്ട് കുതിരകളെ മുഴുവന്‍ കൊന്നതാണ്. അതോടെ കുതിരക്കാരും വെന്ത് മരിച്ചു. അസമയത്ത് ഉറക്കെ കുതിരകളുടേയം മുനുഷ്യരുടേയും കരച്ചില്‍ കേള്‍ക്കാമത്രേ. തീ പൊള്ളി പ്രാണവേദന എടുത്തിട്ടുള്ള കരച്ചിലാവും. ഈ വഴി നല്ലതാണേങ്കിലും പാടത്തു കൂടി പോവുന്നതാണ്ഒന്നു കൂടി നല്ലത്. പ്രേതങ്ങളൂടെ കരച്ചില്‍ കേള്‍ക്കുന്നത് ഒഴിവാക്കാമല്ലൊ. വീണ്ടും ഇടി മിന്നലും പൊട്ടലും.വളരെ അടുത്തു നിന്നാണ്. എല്ലാ ധൈര്യവും ചോര്‍ന്നു കഴിഞ്ഞു. അപകടമൊന്നും വരുത്തരുതേ തമ്പുരാട്ടീ എന്ന് മനസ്സ് അറിഞ്ഞു വിളിച്ചു.

ഇട്ടിളില്‍ നിന്നും പാടത്തേക്ക് ഇറങ്ങി.ഇതിലെ പോയാല്‍ ദൂരം കുറവാണ്.കുറച്ചുനടന്നു. പെട്ടന്നാണ് ഈ വഴി നിറയെ വിഷപാമ്പുകള്‍ ഉണ്ട് എന്ന കാര്യം ഓര്‍മ്മ വന്നത്. കാലുകള്‍ അമര്‍ത്തി ചവിട്ടി കൊണ്ട് നടന്നു. ശബ്ദം കേട്ടാല്‍ അവറ്റപേടിച്ച് വഴിമാറുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. "അമ്മേ, തായേ, ഒന്നും വരുത്തരുതേ' എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടേ നടന്നു. കാലിന്നടിയില്‍ എന്തോ ഇഴയുന്നതു പോലെ തോന്നി. അതോ വല്ലതും കിടന്ന് പിടഞ്ഞതാണൊ. കാലില്‍ എന്തോ തറച്ചതുപോലെ ഒരു വേദന തോന്നുന്നുവോ എന്നൊരു സംശയം. വയല്‍ ചുള്ളി തട്ടി മുറിഞ്ഞതാവാം. ഈശ്വരാ, വല്ല പാമ്പും ആയിരിക്കുമോ. ഉള്ളില്‍ ഒരു കാളല്‍. ചക്കുകെട്ട്താഴെ എറിഞ്ഞ് ഒറ്റ ഓട്ടം.പെട്ടെന്ന് വരമ്പില്‍ നിന്ന് എടുത്ത് എറിഞ്ഞതു മാതിരി പാടത്തേക്ക് തെറിച്ചു വീണു. കൈകാലുകള്‍ വിറക്കുന്നു. തൊണ്ട വരളുന്നതു പോലെ. എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. അവിടെ തന്നെ അനങ്ങാതെ കിടന്നു.

ആരോ താങ്ങി എടുക്കുന്നത് പോലെ തോന്നി." എടാ, കണ്ണ് തുറക്ക്.ഞാന്‍ ചാമിയാണ്. എന്താ ഇവിടെ കിടക്കുന്നത്.'എന്ന് പറയുന്നത് കേട്ടു. മിഴികള്‍തുറക്കുന്നതിന്ന് മുമ്പേ വേലപ്പന്‍ ചാമിയെ കെട്ടി പിടിച്ചു. അടക്കി പിടിച്ച എല്ലാ വിഷമങ്ങളും കരച്ചിലായി മാറി. സാന്ത്വനിക്കാനെന്നവണ്ണം മഴത്തുള്ളികള്‍ ശരീരത്തില്‍ തടവി തുടങ്ങി.' മഴ പെയ്തു തുടങ്ങി . എണീക്ക്. വേഗം കുടിയിലെത്താം' എന്നും പറഞ്ഞ് ചാമി വേലപ്പനെ പൊക്കി.' ഞാന്‍ നിന്‍റെ കൂട്ടം കേട്ടിട്ട് ഒറ്റക്ക് അയക്കുന്നത്പന്തിയല്ല എന്ന് കരുതി പിന്നാലെ പോന്നതാണ്. നീ ഓടുന്നതും വീഴുന്നതും ഒക്കെ കണ്ടു. ഞാന്‍ നിന്‍റെ അടുത്തേക്ക്ഓടി വന്നതാ.' വേലപ്പനെ ആശ്വസിപ്പിക്കാനായി ചാമി പറഞ്ഞു ' നിന്‍റെ മനസ്സില് എന്താന്ന് എനിക്കറിയില്ലേ. ഞാന്‍ നിന്നെ ഒറ്റക്ക് വിട്ടതേ പാടി തപ്പ് . ഇനി ഒന്നും പേടിക്കണ്ടാ. ഞാന്‍ നിന്‍റെ ഒപ്പം തന്നെയുണ്ട് 'എന്നും പറഞ്ഞ് പുല്‍ചാക്കും ഏറ്റി ചാമി മുമ്പില്‍ നടന്നു , വേലപ്പന്‍ പുറകേയും. കരിമ്പന പട്ടകളില്‍ കൊള്ളിയാന്‍ അപ്പോള്‍ വെളിച്ചം പകരുന്നുണ്ടായിരുന്നു.

4 comments:

 1. കൊള്ളാം,വളരെ മനോഹരമായ നോവല്‍,
  ബാക്കി അദ്ധ്യായങ്ങള്‍ കൂടി വായിച്ചിട്ട്
  അഭിപ്രായം പറയാം.
  സ്നേഹപൂര്‍വം
  താബു

  ReplyDelete
 2. വായിച്ചു വരുന്നു...

  ReplyDelete
 3. വയിച്ചു തുടങ്ങിയിരിക്കുന്നു.. വായിച്ചിടത്തോളം ഇഷ്ടവുമായി..

  ReplyDelete
 4. ദാസനുണ്ണിച്ചേട്ടാ.,
  വായിക്കാൻ തുടങ്ങുകയാണേ!!!ഓരോ പോസ്റ്റിലും കമന്റ്‌ ഇടും കേട്ടോ!!!.

  ReplyDelete