Thursday, August 27, 2009

അദ്ധ്യായം.9.

നെല്ലി ചുവട്ടില്‍ എത്തി. വരമ്പത്ത് കൂടി പോകണോ , അതോ ഇട്ടിളില്‍ കൂടി പോകണോ എന്ന് ആലോചിച്ചു. ഇട്ടിളാണെങ്കില്‍
 വേഗം എത്തും. മറ്റതാണച്ചാല്‍ പാടത്ത് ഒരു നോട്ടം കിട്ടും. ലേശം നേരം വൈകിയാലെന്താ. വിടേക്കും പോകാനൊന്നുമില്ലല്ലോ. കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍  പാടം നോക്കാന്‍ ഉറച്ചു. വരമ്പത്ത് കൂടി നാലടി നടന്നതേയുള്ളു. മുമ്പില്‍ ഒരു കുന്തി ചാണകം. മേയാന്‍ വന്ന ഏതോ കന്ന് ഇട്ടതാവും. ഇത് ഇവിടെ കിടന്ന് പുഴു അരിച്ച്പോകും. വാരികൊണ്ടു പോയി ചാണക കുഴിയില്‍ ഇട്ടാല്‍ വെറുതെ പാഴായി പോവില്ല.

തിരിച്ച്നടന്നു. തോട്ടത്തിന്നടുത്ത് നില്‍ക്കുന്ന തേക്കില്‍ നിന്നും ഒരു ഇല പൊട്ടിച്ചെടുത്തു. ചാണകം വാരി ഇലയിലാക്കി, കയ്യിലെടുത്തു. ചാണക കുഴിയില്‍ കൊണ്ടുപോയി ഇടണം. പണ്ട് പോത്തുകളും മൂരികളുമായി തൊഴുത്ത് നിറയെ കന്നുകാലികള്‍ ഉണ്ടായിരുന്നു. പശുക്കളും എരുമകളും അതിന്ന് പുറമെ. കന്ന് കുട്ടികളെ തൊഴുത്തിന്ന് പുറത്ത് ചായ്പ്പിലാണ് കെട്ടുക.
ട്രാക്ടര്‍ വന്നതോടെയാണ് കന്നുകാലികളെ വളര്‍ത്തുന്നത് ഇല്ലാതായത്.

അന്ന് കാലത്ത് കൃഷിക്ക് വേണ്ട വളം ആരും  വില കൊടുത്ത് വാങ്ങേണ്ടി വരാറില്ല. വീട്ടിലെ കന്നുകാലികളൂടെ ചാണകവും മലയില്‍ നിന്ന് വെട്ടിക്കൊണ്ട് വരാറുള്ള തൂപ്പും തോലും മതി പാടത്ത് ഇടാന്‍ . എന്നാല്‍ ഇന്നോ. പൈസയും കയ്യില്‍ വെച്ച് ചെന്നാല്‍ മതി. സള്‍ഫേറ്റോ, യൂറിയയോ എന്തും ചാക്കോടെ റെഡിക്ക് കിട്ടും. കൊണ്ടു വന്ന് പാടത്ത് ഇടുകയേ വേണ്ടു. പക്ഷെ മണ്ണിന്‍റെ സത്ത് മുഴുവന്‍ അതോട് കൂടി ഇല്ലാതാക്കും. എല്ലാ കാര്യവും എളുപ്പ പണിക്ക് ചെയ്യാനാണ് ഇപ്പോള്‍ എല്ലാവര്‍ക്കും താല്‍പ്പര്യം. അദ്ധ്വാനിക്കാന്‍ ആര്‍ക്കും വയ്യ.

വീട്ടിലെത്തുമ്പോള്‍ ഉമ്മറ മുറ്റത്ത് രണ്ട് കാറുകള്‍ കിടക്കുന്നു. വേലായുധന്‍ കുട്ടി വാങ്ങിയ കാറ് ഷെഡ്ഡില്‍ ആണ്. ഇത് വല്ല വിരുന്നുകാരുടേയും ആവും. ആരാ,എവിടുന്നാ എന്നൊന്നും ആരും തന്നോട് പറയാറില്ല. അതൊന്നും തനിക്ക് ഒട്ട് അറിയുകയും വേണ്ടാ. വണ്ടിപ്പുര നിന്ന സ്ഥലത്താണ്. കാറ് നില്‍ക്കാന്‍ പുര പണിതത്. അച്ഛന്‍റെ കാലത്ത് പണിത വണ്ടിപ്പുരയാണ്. പൊളിക്കരുത് എന്ന് നൂറ് പ്രാവശ്യം പറഞ്ഞതാണ്. കേട്ടില്ല. ഒക്കെ സ്വന്തം അഭിപ്രായം പോലെ ചെയ്യട്ടെ. നല്ല ഒന്നാന്തരം പത്തായപ്പുര ഉണ്ടായിരുന്നത് പൊളിച്ച് കളഞ്ഞിട്ട് വാര്‍പ്പ് കെട്ടിടം ആക്കി. ഇപ്പോള്‍ വേനല്‍കാലത്ത് ചുട്ടിട്ട് അതിനകത്ത് മനുഷ്യന്‍  കിടക്കില്ല. ഒരു ദിവസം പോലും താന്‍ അതില്‍ കിടന്നിട്ടില്ല. മഴയായാലും വേനലായാലും വണ്ടിപ്പുരയിലാണ് കിടപ്പ്.

വീടിന്‍റെ പരിയമ്പുറത്ത് തൊടിയുടെ ഓരത്തായി പൊളിച്ച വണ്ടിപ്പുര തന്നത്താന്‍ പണിത് ഉണ്ടാക്കി. അതിനോട് ചേര്‍ന്ന് തന്നെ രണ്ട് വണ്ടി മൂരികളെ കെട്ടാനുള്ള തൊഴുത്തും ചാണക കുഴിയും. തന്‍റെ കാലം കഴിയുന്നത് വരെ അതില്‍ തൊട്ട് കളിക്കാന്‍ സമ്മതിക്കില്ല. അച്ഛന്‍റെ ഓര്‍മ്മക്കായിട്ട് അത് അവിടെ നില്‍ക്കട്ടെ.

വളക്കുഴിയില്‍ ചാണകം ഇട്ടു. വണ്ടിപ്പുരക്ക് മുന്നില്‍ വെച്ച സിമന്‍റ് തൊട്ടിയില്‍ നിന്ന് വെള്ളമെടുത്ത് കയ്യും മുഖവും കഴുകി. തോര്‍ത്ത് കൊണ്ട് മുഖം തുടച്ചു. വെയില്‍ കൊണ്ട് തോര്‍ത്തും മുണ്ടും ഉണങ്ങി കഴിഞ്ഞിരിക്കുന്നു. ഇനി അതൊന്നും മാറ്റണമെന്നില്ല.വണ്ടിപ്പുരക്ക് അകത്ത് കയറി. ഓരത്ത് ഇട്ടിട്ടുള്ള ബെഞ്ചിനടിയില്‍ പിച്ചള തൂക്കുപാത്രത്തില്‍
 വെള്ളച്ചോറ് വെച്ചത് ഇരിപ്പുണ്ട്. കണ്ണിമാങ്ങ ഭരണിയില്‍ നിന്ന് ഒരു മാങ്ങ എടുക്കണം, അരിമുളക് തെയ്യില്‍
നിന്നും രണ്ട് മുളകും. വീട്ടില്‍ വെക്കുന്നതില്‍ നിന്ന് കഞ്ഞിയോ, ചോറോ അല്ലാതെ ഒന്നും വാങ്ങിക്കാറില്ല. പോര്‍ത്തിക്കാരി പെണ്ണ് അത് നേരത്തിന് കൊണ്ടുവന്ന് വെച്ച് പോവും.

ഓണത്തിന്നോ, വിഷുവിന്നോ കുട്ടികളുടെ പിറന്നാളിന്നോ ആണ് കൂട്ടാനൊക്കെ കൂട്ടി ഊണ് കഴിക്കുക. മുമ്പ് അച്ഛന്‍റേയും അമ്മയുടേയും ചാത്തം ഊട്ടിയിരുന്നു. ക്രമേണ അതിനൊന്നും ആര്‍ക്കും താല്‍പ്പര്യമില്ലാതായി. ഇപ്പോള്‍ ആ ദിവസങ്ങളില്‍ പുഴയില്‍ ചെന്ന് കുളിക്കും. ഒരു ഇലക്കീറില്‍ അല്‍പ്പം പച്ചരിയും എള്ളും എടുക്കും. പുഴവക്കത്ത് നിന്ന് കറുകയും ചെറൂളയും പറിച്ചെടുക്കും. ചാമി കൊണ്ടുവന്നു തന്ന ചന്ദനമുട്ടി കല്ലില്‍ ഉരച്ച് ചന്ദനം ഉണ്ടാക്കും. കയത്തം 
പാറയുടെ താഴെയായി ഇത്തിരി മണലുള്ളതില്‍ ഇതൊക്കെ കൊണ്ട് വെച്ച് ചാത്തം ഊട്ടും. ഈ വയസ്സാന്‍ കാലത്ത് അതില്‍ കൂടുതല്‍ ഒന്നും തനിക്ക് വയ്യ. താന്‍ മരിച്ചാല്‍  ഇത്രയെങ്കിലും തനിക്ക് വേണ്ടി ചെയ്യുമെന്ന് തോന്നുന്നില്ല. ഇരിക്കുമ്പോള്‍ നോക്കാത്തവര് മരിച്ചിട്ട് എന്ത് ചെയ്തിട്ട് എന്താ കാര്യം.

വെള്ളച്ചോറ് ഉണ്ടുകഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു ക്ഷീണം. കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ ബെഞ്ചില്‍ കിടന്നു. മയങ്ങി പോയത് അറിഞ്ഞില്ല. ഉറക്കെയുള്ള ശബ്ദം കേട്ടിട്ടാണ് കണ്ണ് മിഴിച്ചത്.നേരെ മുമ്പില്‍ വേലായുധന്‍ കുട്ടി നില്‍ക്കുന്നു. എന്താണ് കാര്യം എന്ന് മനസ്സിലായില്ല. കണ്ണുകള്‍ തിരുമ്മി എഴുന്നേറ്റ് ഇരുന്നു.

' നിങ്ങള്മനുഷ്യനെ നാണം കെടുത്തിയിട്ടേ ചാവൂ എന്ന് സത്യം വല്ലതും ചെയ്തിട്ടുണ്ടോ ' കടുപ്പിച്ച സ്വരമായിരുന്നു മകന്‍റേത്. ഒന്നും മനസ്സിലാവുന്നില്ല. മുതല്‍  ഒന്നും വില്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. ആരോടും ചില്ലി കാശ് കടം വാങ്ങി കൊടുക്കാതെ ചോദിച്ച് വരാന്‍ ഇടയാക്കിയിട്ടുമില്ല. പിന്നെന്താ നാണക്കേട് വരുത്തി എന്ന് പറയാന്‍.

' എന്താ നിങ്ങടെ നാവ് ഇറങ്ങിപ്പോയോ ' മകന്‍റെ ഒച്ച കൂടി ' തൊള്ള തുറന്ന് വല്ലതും പറയിന്‍ '. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. താനായിട്ട് ഒരു നാണക്കേടും വരുത്തിയിട്ടില്ല. എന്ന് കുപ്പന്‍ കുട്ടി എഴുത്തശ്ശന്ന് ഉറപ്പാണ്. 'സംഗതി എന്താച്ചാല്‍ നീ തന്നെ പറയ് ' എന്ന് മകനോട് പറഞ്ഞു. ' എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്, മര്യാദക്കാര് നാലാള്വീട്ടില്‍ വന്ന്ഇരിക്കുമ്പോഴാണ് നിങ്ങള്‍ക്ക് ചാണകവും ഏറ്റിക്കൊണ്ട് വരാന്‍ കണ്ട നേരം ' മകന്‍റെ വാക്കുകളില്‍ നിന്ന്അവന്‍റെ ദേഷ്യത്തിന്നുള്ള കാരണം അറിഞ്ഞു. ഓ, ഇതാണോ ഇത്ര വലിയ അപരാധം. കൃഷിക്കാരന്‍റെ വീട്ടില്‍ ഇതൊക്കെ പതിവാണ്. അതിന് ഇവറ്റകള്‍ക്ക് കൃഷിയെ പറ്റി എന്ത് അറിയും. മകനെ കുട്ടിക്കാലത്ത് മുടിയന്‍ കോലുമായി പോത്തിനെ മേക്കാന്‍ വിടാത്തത് തന്‍റെ തെറ്റ്. എങ്കില്‍ അവന്‍  ഇങ്ങിനെ പറയില്ല.

'രണ്ട് എഞ്ചിനീയര്‍മാരും അവരുടെ കൂടെയുള്ള ഓവര്‍സിയര്‍മാരും കൂടി രാധാകൃഷ്ണനെ കാണാന്‍ വന്നതാ, പാലം പണിയുന്ന കാര്യം സംസാരിക്കാന്‍ . നിങ്ങളായിട്ട് അവന് വെലകേട് വരുത്തി ' ഒന്ന് നിറുത്തി മകന്‍ പറഞ്ഞു ' ഇതാണ് നിങ്ങളുടെ ഏര്‍പ്പാട് എങ്കില്‍ ഞാന്‍ നിങ്ങളെ ഇതിനകത്ത്കേറ്റില്ല, വേണെങ്കില്‍ കളപ്പുരയില്‍ താമസം ആക്കിക്കോളിന്‍. നേരത്തും കാലത്തും തിന്നാന്‍ വല്ലതും എത്തിച്ചല്‍ മതിയല്ലോ '.

മകന്‍ ഇറങ്ങിപ്പോയി. എഴുത്തശ്ശന്‍ ആലോചിച്ചു. താന്‍ സമ്പാദിച്ച വീട്ടില്‍ നിന്നും ഇറക്കി വിടുമെന്ന്. അല്ലെങ്കിലും
 ഇവിടെ കഴിയുന്നത് തീരെ പറ്റാതായിട്ടുണ്ട്. ഇന്നാള് ഒരു ദിവസം പൂമുഖത്ത് കുപ്പിയും കോഴിയും ഒക്കെയായി സഭ കൂടിയിരിക്കുന്നു. ഒരു വീട്ടില്‍ വെച്ച് ചെയ്യാന്‍ പാട്വോ ഇതൊക്കെ. മകന്‍ കരറ്പണിക്കാരനാണെന്ന അഹങ്കാരമാണ് വേലായുധന്‍ 
കുട്ടിക്ക്. കോളേജില്‍ തോറ്റ് അട്ടം കെട്ടിയപ്പോള്‍ മറ്റൊരു പണിയും കിട്ടാഞ്ഞിട്ട് ഈ പണിക്ക് പോകുന്നതാണെന്ന് ചിലരൊക്കെ പറയുന്നുണ്ട്. സിമിന്‍റും കമ്പിയും ഒക്കെ കട്ട് വിറ്റിട്ട് പണം ഉണ്ടാക്കുന്നു എന്നും കേള്‍ക്കുന്നുണ്ട്. ' പല നാള്‍ കള്ളന്‍ ഒരു നാള്‍ അകപ്പെടും '.

' അതൊന്നും കാണാന്‍ ഇരുത്താതെ പടി കടത്തണേ ഭഗവാനേ ' എന്നും പ്രാര്‍ത്ഥിച്ച് കുപ്പന്‍ കുട്ടിഎഴുത്തശ്ശന്‍ പാടത്ത് കന്നോ മാടോ ഇറങ്ങിയിട്ടുണ്ടോ എന്ന് നോക്കാന്‍ ഇറങ്ങി.

2 comments:

  1. മകന്റെ വാക്കുകൾ അൽപം അതിരു കടന്നില്ലേ എന്നു സംശയം. ആശംസകൾ!

    ReplyDelete
  2. പ്രിയപ്പെട്ട ഷാജു,
    കലികാല വൈഭവം ചില മക്കള്‍ അങിനേയും ഉണ്ട്. താങ്കള്‍ക്ക് ഹാര്‍ദമായ ഓണാശംസകള്‍
    Palakkattettan..

    ReplyDelete