Thursday, August 27, 2009

അദ്ധ്യായം 8.

പ്രാതല്‍ കഴിഞ്ഞ് പത്രം നോക്കി കിടന്നതാണ്. അറിയാതെ ഉറങ്ങി. കിട്ടുണ്ണി വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. 'ഏട്ടന്‍ നന്നായി ഉറങ്ങി ' അവന്‍ പറഞ്ഞു ' ഉണ്ണാറായത് കൊണ്ട് മാത്രമാണ് ഞാന്‍ ഉണര്‍ത്തിയത് '. പിള്ളേര്‍ രണ്ടും അത്ഭുതം കലര്‍ന്ന നോട്ടവുമായി കിട്ടുണ്ണിയുടെ പുറകില്‍ നില്‍പ്പാണ്. എഴുന്നേറ്റ് ചെന്ന് മുഖം കഴുകി. കിട്ടുണ്ണി നീട്ടിയ തോര്‍ത്ത് വാങ്ങി മുഖം തുടച്ച് ഉണ്ണാന്‍ ചെന്നു.

' ഇന്നലെ ഏട്ടന്‍ തീരെ ഉറങ്ങിയിട്ട് ഉണ്ടാവില്ല അല്ലേ ' ചോറ് വിളമ്പുമ്പോള്‍ രാധ ചോദിച്ചു 'പിള്ളര്ബഹളം
 വെച്ചപ്പോള്‍ ഞാന്‍ മുറ്റത്ത് പോയി കളിക്കാന്‍ പറഞ്ഞു. അല്ലെങ്കില്‍ അവര് രണ്ടും കൂടി ഏട്ടന്ന് കിടക്കപൊറുതി തര്വേണ്ടാവില്ല '.

' എന്താ ഒരു കൂര്‍ക്കം വലി. തോട്ടിന്ന് കറുമ്പന്‍ വെള്ളം തേകുമ്പോള്‍ ഉള്ള ചെത്തതിനേക്കാളും ഒറക്കെ ' പെണ്‍കുട്ടി പറഞ്ഞു. രാധ പേരക്കുട്ടിയുടെ നേരെ കയ്യ് ഉയര്‍ത്തി. ' നിന്‍റെ അടുത്ത് ആരെങ്കിലും വല്ലതും ചോദിച്ചോ. മുളച്ച് പൊങ്ങിയിട്ടില്ല , അപ്പോഴേക്കും പെണ്ണിന്‍റെ ഒരു നാവേ 'എന്ന് പറയുകയും ചെയ്തു.

വിഭവ സ്മൃദ്ധമായി ഊണ് ഒരുക്കിയിരിക്കുന്നു. ഇറച്ചി വരട്ടിയതും മീന്‍ വറുത്തതും രാധ വിളമ്പാന്‍ ഒരുങ്ങിയപ്പോള്‍ വിലക്കി. താന്‍ ഇതൊന്നും കഴിക്കാറില്ല. ' ഇതേ ഇപ്പൊ പറ്റിയത് 'രാധ പറഞ്ഞു ' ഏട്ടന്‍ വന്ന വകക്ക് സ്പെഷല്‍
 എന്തെങ്കിലും വേണം എന്ന് കൃഷ്ണനുണ്ണി ഏട്ടന്‍ പറഞ്ഞിട്ട് ഉണ്ടാക്കിയതാ, ഇതൊന്നും ഏട്ടന്‍  കഴിക്കില്ല എന്ന് എനിക്ക് അറിയില്ലാട്ടോ. ഇവിടെ ആണച്ചാല്‍ ഈ ചെക്കനും കൂടി ഇതേ വേണ്ടൂ '.

ചോറ് ഊണ് കഴിഞ്ഞ് അര ഗ്ലാസ്സ് സംഭാരവും കുടിച്ച് എഴുന്നേറ്റു. കിട്ടുണ്ണി ചാരുകസേല പുതിയൊരു തുണിയിട്ട് ഒരുക്കി വെച്ചിരിക്കുന്നു. വേണു അതില്‍ ചാരി കിടന്നു. ' ഏട്ടന്ന്ഉച്ച നേരത്ത്കിടക്കുന്ന പതിവുണ്ടോ 'എന്ന് കിട്ടുണ്ണി ചോദിച്ചു. ഇല്ലെന്ന് തലയാട്ടി. കഴിഞ്ഞ മാസം വരെ ഈ നേരത്ത് കമ്പനിയില്‍ ജോലിയിലായിരിക്കും. പിന്നെ എങ്ങിനെ ഉറങ്ങാനാണ്. ഇനി പുതിയ സാഹചര്യത്തില്‍ പുതിയ ശീലങ്ങള്‍ കടന്നു വരുമോ ആവോ.

കിട്ടുണ്ണി അടുത്തൊരു കസേലയില്‍ ഇരുന്നു. ' വിശേഷങ്ങള്‍ ഒന്നും ചോദിക്കാനും പറയാനും പറ്റിയില്ല ' കിട്ടുണ്ണി പറഞ്ഞു ' ഏട്ടന്‍ ഉറങ്ങിപ്പോയി, ഞാന്‍ ആ നേരത്ത് ഒരു മീറ്റിങ്ങിന്ന് പോവും ചെയ്തു. പറയൂ എന്തൊക്കെയാണ് ഏട്ടന്‍റെ വിശേഷങ്ങള്‍ ? '

അന്യ നാട്ടില്‍ ഒറ്റക്ക്കഴിഞ്ഞു കൂടിയ തനിക്ക് എന്ത് വിശേഷം. കഴിഞ്ഞ മാസം മുപ്പതാം തിയ്യതി വരെ കമ്പിനിയില്‍ പണിക്ക്പോയിരുന്നു. ഇനി ജോലിക്ക് പോണ്ടാ എന്ന ഒരു മാറ്റമേ ജീവിതത്തില്‍ വന്നിട്ടുള്ളു.

' എനിക്ക് എന്താ പറയാനുള്ളത്, നാട്ടിലെ വിശേഷങ്ങളും കുടുംബ കാര്യങ്ങളും നിനക്കല്ലേ അറിയൂ ' എന്ന് പറഞ്ഞ് നിര്‍ത്തി.

കനാല്‍ വെട്ടാന്‍  തുടങ്ങിയ ശേഷം പണിക്ക് ആളെ കിട്ടാന്‍ ബുദ്ധിമുട്ട് ആയതും , അമ്പലം പുതുക്കി പണിതതും , യു. പി. സ്കൂള്‍ ഹൈസ്കൂള്‍ ആക്കിയതും ഒക്കെ കിട്ടുണ്ണി വിവരിച്ചു. മുരുക മലയുടെ അടിവാരം വരെ പാത പണിത് ബസ്സ് വരികയാണത്രേ. മല മുകളില്‍ മനുഷ്യന്‍ തിരിഞ്ഞു നോക്കാതെ നശിച്ച് പോയ മുരുകന്‍റെ കോവില്‍ മലയുടെ മുകളില്‍ പുതുക്കി പണി ചെയ്യുകയാണ്. മുകളിലേക്ക്കയറാന്‍ കരിങ്കല്‍ പടവുകളും പണി ചെയ്യുന്നുണ്ട്. താനാണ് കമ്മിറ്റിയുടെ പ്രസിഡന്‍റ എന്ന് കിട്ടുണ്ണി അഭിമാനത്തോടെ പറഞ്ഞു.

"ഏട്ടനോട് എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട് 'എന്ന ആമുഖത്തോടെ കിട്ടുണ്ണി കുടുംബപുരാണത്തിലേക്ക്കിട്ടുണ്ണി കടന്നു. വിവരം പറയാന്‍ മദിരാശിയിലേക്ക് വന്നാലോ എന്ന് കരുതിയിരുന്നതാണ്.പിന്നെ ആലോചിച്ചപ്പോള്‍ ജോലിസ്ഥലത്ത് വന്ന് വിഷമങ്ങള്‍ പറഞ്ഞ്ഏട്ടന്‍റെ സമാധാനം കൂടി ഞാനായിട്ട് നശിപ്പിക്കരുത് എന്ന് കരുതി.

ഓര്‍ത്തപ്പോള്‍ ചിരി വന്നു. ഏട്ടനെ വിഷമിപ്പിക്കരുത് പോലും. ഈ കഴിഞ്ഞ കാലമത്രയും ഒട്ടും വിഷമിപ്പിക്കാത്തതുപോലെ. ആവശ്യങ്ങള്‍ നിറഞ്ഞതായിരുന്നു കിട്ടുണ്ണിയുടെ ഓരോ കത്തും .എന്നും പണത്തിന്ന് ആവശ്യമാണ്. പെങ്ങളെ കല്യാണം കഴിപ്പിച്ച കടം വീട്ടണം , ഭാഗം നടത്താന്‍ കേസ്സ് കൊടുക്കണം , അതിന്ന് ചിലവുണ്ട്, വീഴാറായ വീട് റിപ്പയര്‍ ചെയ്യണം. ഒരു സ്കൂള്‍ മാസ്റ്ററുടെ ശമ്പളം കൊണ്ട് ഒന്നിനും തികയില്ല. ഏട്ടന്‍ വിചാരിച്ചാലെ നടക്കൂ.

മൂന്നാമത്തെ മകള്‍ മുതിര്‍ന്ന ശേഷം കിട്ടുണ്ണിയുടെ എഴുത്തിന്നടിയില്‍ അവളും രണ്ട് വരി കുറിക്കും. എന്‍റെ പരീക്ഷ കഴിഞ്ഞു. ഞാനാണ്എന്‍റെ ക്ലാസ്സില്‍ ഒന്നാമത്. അനിവേഴ്സറിക്ക് ഡാന്‍സിന് ചേര്‍ന്നു. അതിന്ന് പറ്റിയ തുണി വാങ്ങണം . അച്ഛന്‍റെ പേരില്‍ പണം അയച്ചാല്‍ മതി. ഞാന്‍ വാങ്ങിക്കോളാം. പെണ്‍കുട്ടി കോളേജില്‍ ചേര്‍ന്നതോടെ ആവശ്യങ്ങള്‍ കൂടി. പലപ്പോഴും പണം ചോദിച്ച് കിട്ടുണ്ണി നേരില്‍ വന്നു തുടങ്ങി. സമ്പാദിച്ചത് മുഴുവന്‍ ചോര്‍ന്നു കൊണ്ടിരുന്നിട്ടും 
മറിച്ച് ഒന്നും പറഞ്ഞില്ല.

' ഏട്ടന്‍ എന്താ ഒന്നും പറയാത്തത് ' എന്നും പറഞ്ഞ് കിട്ടുണ്ണി അക്ഷമ കാട്ടി. ഇനി എന്ത് ആവശ്യമാണ് പറയാന്‍
 പോകുന്നത് ആവോ? എന്തായാലും അവന്ന് പറയാനുള്ളത് പറയട്ടെ.' എന്താച്ചാല്‍ നീ പറഞ്ഞോ, ഞാന്‍ കേള്‍ക്കുന്നുണ്ട് ' എന്ന് മറുപടി കൊടുത്തു.

' അവളില്ലേ ആ മൂധേവി, പൊന്നു പെങ്ങള്. അവള്‍ ഇപ്പോള്‍ എന്നോട് പെണക്കത്തിലാണ് 'എന്ന ആമുഖം കിട്ടുണ്ണി അവതരിപ്പിച്ചു.

കിട്ടുണ്ണിയേക്കാള്‍ മൂന്ന് വയസ്സ് മൂത്തതാണ് പത്മിനി. അവളുടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിച്ചാണ് കിട്ടുണ്ണി ട്രെയിനിങ്ങിന്ന്പഠിച്ചത്. ഇരുവരും വലിയ സ്നേഹത്തിലായിരുന്നു പത്മിനിയുടെ ഭര്‍ത്താവിന്ന് നല്ല സ്ഥിതിയാണ്. അതുകൊണ്ടു തന്നെ സ്വന്തം  തറവാട്ഭാഗം വെച്ചപ്പോള്‍ തന്‍റെ പങ്ക് അനുജന് അവള്‍ മടി കൂടാതെ നല്‍കി. തനിക്ക് മൂന്ന് പെണ്‍കുട്ടികള്‍ ആണെന്നും കഴിഞ്ഞ് കൂടാന്‍ നിവൃത്തിയില്ലെന്നും പറഞ്ഞ് കിട്ടുണ്ണി പെങ്ങളില്‍ നിന്നും ഒക്കെ എഴുതി
വാങ്ങിച്ചതാണെന്നാണ് ഭാഗപത്രം ഒപ്പിടാന്‍ വന്ന കാലത്ത് താന്‍ കേട്ടിട്ടുള്ളത്.

പെങ്ങള്‍ക്ക് മുഴുത്ത അസൂയയാണെന്ന് കിട്ടുണ്ണി പറഞ്ഞു. താന്‍ നല്ല നിലക്ക് കഴിയുന്നത് അവള്‍ക്ക് സഹിക്കുന്നില്ല. കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ഓരോന്നായി നേടിയെടുത്തതാണ്. ഒരാളും ഒന്നും തന്ന് സഹായിച്ചിട്ടില്ല. രണ്ട് പെണ്‍മക്കളെ നല്ല നിലക്ക്കല്യാണം കഴിച്ച്
അയച്ചു. ഇനി ഒന്നുള്ളത് ഈശ്വര കടാക്ഷത്താല്‍ പഠിച്ച് ഡോക്ടറായി. ഇതൊക്കെ കണ്ടിട്ടുള്ള കണ്ണുകടിയാണ്.

രണ്ട് പെണ്‍കുട്ടികളുടെ കല്യാണത്തിനും താന്‍ പങ്ക് കൊണ്ടില്ല. കിട്ടുണ്ണി വിളിക്കാഞ്ഞിട്ടല്ല. മലായയില്‍ ജോലി ചെയ്യുമ്പോഴാണ് മൂത്ത മക്കളുടെ വിവാഹം. കിട്ടുണ്ണി ആവശ്യപ്പെട്ട പണം സംഘടിപ്പിച്ച് അയച്ച് കൊടുത്തു. അടുത്ത പെണ്‍കുട്ടിയുടെ കല്യാണത്തിന്ന്മദിരാശിയില്‍ ആയിരുന്നു . മകളുടെ കല്യാണം ഉറപ്പിച്ചു. കയ്യില്‍ കാശ് ഇല്ല. എന്ത് ചെയ്യണമെന്ന് അറിയില്ല. ഏട്ടന്‍ എന്തെങ്കിലും ഒരു വഴി ഉണ്ടാക്കി തരണമെന്ന് അവന്‍  ആ സമയത്ത് വന്ന് കരഞ്ഞ് പറഞ്ഞതാണ്. മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതിനാല്‍ മലായയില്‍ നിന്നും ഉണ്ടാക്കിയ പണം മുടക്കി താന്‍ വാങ്ങിയ വീട് വിറ്റിട്ട് കിട്ടുണ്ണിക്ക് കൊടുത്തിരുന്നു.കല്യാണത്തിന്ന് ഒരാഴ്ച മുമ്പ് ദേഹത്ത് ഓരോന്ന് പൊങ്ങി കാണുക ഉണ്ടായി. ചിക്കന്‍പോക്സ്. അതോടെ അതിനും വരാനായില്ല.

കുട്ടികാലത്ത് എന്‍റെ മകളെ അവളുടെ മകനെക്കൊണ്ട് കല്യാണം കഴിപ്പിക്കാം എന്ന് രണ്ടു പേരും പറഞ്ഞിരുന്നത് ശരിയാണ്. അവളുടെ മകന്‍ മോശക്കാരനായിട്ടൊന്നുമല്ല. എന്നാലും എന്‍റെ മകളുടെ ഇപ്പോഴത്തെ നില നോക്കണ്ടേ. അവള് ഡോക്ടറാണ്. ഇപ്പോള്‍ അമേരിക്കയില്‍ ഉയര്‍ന്ന നിലയില്‍ ജീവിക്കുന്നു. അപ്പോള്‍ അതിന് അനുസരിച്ച ബന്ധം വേണ്ടേ. ഞാന്‍ അത് തുറന്ന് പറഞ്ഞു. അതോടെ ഉള്ള ലോഹ്യം ഇല്ലാതായി. ഇപ്പോള്‍ പണ്ട് എന്നെ അങ്ങിനെ സഹായിച്ചു, എനിക്ക് ഇന്നതൊക്കെ തന്നു എന്ന് നാട്ടുകാരോട് മുഴുവന്‍ പറഞ്ഞും കൊണ്ട് നടപ്പാണ്.

കിട്ടുണ്ണി അവസരത്തിന്ന് ഒത്ത് പെരുമാറാന്‍ പണ്ടേ മിടുക്കനാണ്. സൂത്രത്തില്‍ കാര്യങ്ങള്‍ നേടി എടുക്കും. അത് കഴിഞ്ഞാല്‍ സഹായിച്ചവരെ മറക്കാനും മിടുക്കനാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. ഒരേ വയറ്റില്‍ പിറന്ന സഹോദരിയെ വിസ്മരിക്കുന്നവന്‍ വലിയമ്മയുടെ മകനായ തന്നെ എത്ര കാലം കൂടെ നിര്‍ത്തും  .

' ഏട്ടന്‍ അവളെ ഒന്ന് കാണണം. കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിക്കണം , പിന്നേയും ഗമ കാണിച്ച് ഇരുന്നാല്‍
 ഇരുന്നോട്ടെ, എനിക്ക് ഇങ്ങിനെ ഒരു കൂടപ്പിറപ്പ് ഇല്ല എന്ന്കരുതി ഞാനും ഇരിക്കും  ' കിട്ടുണ്ണി പറഞ്ഞ് നിര്‍ത്തി.

കുറച്ച് നേരം കൂടി ഇരുന്നിട്ട് കിട്ടുണ്ണി എഴുന്നേറ്റ് അകത്തേക്ക് പോയി, അടുത്തതായി തനിക്ക് കെട്ടാനായിട്ടുള്ളത് ദൂതന്‍റെ വേഷണെന്ന അറിവുമായി വേണു കസേലയില്‍ ചാരി
കിടന്നു.

1 comment: