Friday, August 21, 2009

അദ്ധ്യായം 7.

കൊണ്ടുപോയ ഉരുപ്പടികള്‍ മുഴുവന്‍ പെട്ടെന്ന് തന്നെ വിറ്റുപോയി. വിചാരിച്ചതില്‍ കൂടുതല്‍ വിലയും കിട്ടി. ചില ദിവസങ്ങളില്‍ അങ്ങിനെയാണ്. കാര്യങ്ങള്‍ ഉദ്ദേശിച്ചതിലും ഭംഗിയായി നടക്കും. ഒരു മാടിനെ കിട്ടാനാണ്പെടാ പാട്പെട്ടത്. ഏനക്കേട് പിടിച്ച മാതിരി വല്ലതിനേയും വാങ്ങി ചെന്നാല്‍ കല്യാണി ദേഷ്യപ്പെടും. എന്ത് ചെയ്യണം എന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ നാരായണന്‍ വേലപ്പന്‍റെ മുന്നിലെത്തി.

' എന്താ ഏട്ടോ നിങ്ങള് ചന്തേല് വന്നിട്ട് വെറുതെ നിക്ക്ണ് ' എന്നും പറഞ്ഞ്അവന്‍ അടുത്ത് കൂടി. നാരായണന്‍ മുമ്പ്തന്‍റെ പങ്ക് കച്ചവടക്കാരനായിരുന്നു. ഒരിക്കല്‍ കന്നിനെയും ആട്ടി ക്കൊണ്ട് പോകുമ്പോള്‍ കാറ് ഇടിച്ച് വീണ് കിടപ്പിലായതാണ്. അതോടെ ആ കൂട്ട് പൊളിഞ്ഞു. അവന്‍റെ ചികിത്സക്ക് കുറെ പണം അന്ന്കയ്യില്‍ നിന്ന് ചിലവാക്കിയിരുന്നു. ഇപ്പോള്‍ അവന്ന് കൂടുതല്‍ ദൂരം നടക്കാനൊന്നും ആവില്ല. ചന്തയില്‍ കന്നിന്ന് തരക് പറഞ്ഞ് കിട്ടുന്ന വരുമാനം കൊണ്ട് കഷ്ടിച്ച്കഴിഞ്ഞ് കൂടുന്നു.

വേലപ്പന്‍  നാരായണനോട് ആവശ്യം  പറഞ്ഞു. ' നിങ്ങള്‍ ഇവിടെ നിക്കിന്‍ . ഞാന്‍ ഇപ്പൊ വരാം ' എന്ന് പറഞ്ഞ് നാരായണന്‍ തിരക്കില്‍ മറഞ്ഞു. കൂട്ടിന്ന് വന്ന ചെക്കന്മാര്‍ രണ്ടുപേരും വാങ്ങിയ നാല് കൂളന്‍ കുട്ടികളുമായി ചന്തക്ക് പുറത്ത് നില്‍പ്പാണ്. ഓരോരുത്തരായി പോയി വല്ലതും കഴിച്ചോളാന്‍ പറഞ്ഞ് പൈസയും കൊടുത്ത് വിട്ടതാണ്. കൂട്ടിക്കൊണ്ട് വന്നിട്ട് വയറ് നിറച്ച് തിന്നാന്‍ വാങ്ങി കൊടുത്തിട്ടില്ലെങ്കില്‍ നാളെ അവറ്റ അതും പറഞ്ഞും കൊണ്ട് നടക്കും.
ആര്‍ത്തി പണ്ടാരങ്ങള്. വിശപ്പ് മാറാന്‍ നേരത്തിന്ന് എന്തെങ്കിലും കഴിക്കണം . ഇവര്‍ക്കൊക്കെ അത് പോരാ. വായ് സ്വാദ് കൂടിയ വക. പൊറോട്ടയും ഇറച്ചിയും മാത്രേ കഴിക്കൂ. ആണ്‍കുട്ടി ഇല്ലാത്തത് കാരണം കണ്ടവനെ ഒക്കെ പുലര്‍ത്തണം. ഒരു മകള്‍ ഉള്ളതുകൊണ്ട് വീട്ട് കാര്യം നോക്കി നടത്താന്‍ ആളായി. അത് തന്നെ വലിയ ഭാഗ്യം .

മുകളില്‍ എരിയുന്ന സൂര്യന്‍ . ദാഹിച്ച് തൊണ്ട വരളുന്നു. കുറച്ച് വെള്ളം കിട്ടിയെങ്കില്‍ എന്ന്ആശ തോന്നി. വല്ലതും വാങ്ങികുടിക്കാമെങ്കില്‍ എന്താ വില. അങ്ങിനെ തിന്നും കുടിച്ചും കളയാന്‍ മാത്രം തനിക്ക് കയ്യിരിപ്പ് ഇല്ലല്ലോ. എന്തെങ്കിലും ഊറ്റി പിടിച്ച് ഉണ്ടാക്കിയിട്ട് വേണം ഒരു പെണ്ണ് ഉള്ളതിനെ കെട്ടിക്കാന്‍ . പുറത്ത് കടന്നാല്‍ പാത വക്കത്ത്പൈപ്പ് ഉണ്ട്. അതൊക്കെ മതി. അതിന്നിടയില്‍ നാരായണന്‍ തിരഞ്ഞ് വന്നാലോ? പാകത്തിന്ന് ഒരു മാടിനെ കിട്ടിയാലോ.
മേടിച്ച കൂളന്‍ കുട്ടികള്‍ ഒന്നാന്തരം ഉരുപ്പടികളാണ്. മുണ്ട്യേന്‍ കാപ്പാത്തിയാല്‍ പത്ത് ഉറുപ്പിക കയ്യില്‍ തടയും.

നാരായണന്‍ എത്തി.' ഏട്ടോ, മാട് നല്ലത് ഒന്ന് നിക്കുന്നുണ്ട്, പക്ഷെ തൊള്ളേല്‍ തോന്നുന്ന വിലയാ പറയിണത് '. ഒരു നിമിഷം ആലോചിച്ചു. അഞ്ചാറ് ദിക്കില്‍ പാല് കുറ്റി ഏറ്റിട്ടുണ്ട്. ഇനി അവരോട് എന്ത് പറയും. പാകത്തിന്ന് ഒന്ന് കിട്ടാതെ കയ്യിലുള്ളത് കൊടുത്തത് തനിച്ച് പൊട്ടത്തരമായി. കാലത്ത് കൈ കൂടിയ ലാഭം ഇവിടെ തന്നെ പോവ്വോ എന്ന് അറിയില്ല.എങ്കില്‍ 
എന്തിനാ ഈ പണിക്ക് ഇറങ്ങി തിരിക്കുന്നത്. മിണ്ടാണ്ടെ കുടീല്കുത്തിരുന്നാല്‍ പോരെ. ഇന്ന് കാലത്ത് മനുഷ്യന്മാര്‍ക്ക് ദുരാശയാണ്. അല്ലെങ്കില്‍ ആരെങ്കിലും പുഴുപണ്ടങ്ങള്‍ക്ക് ഈ ജാതി അമര്‍ന്ന വില പറയ്വോ. ഒരു കൊരലടപ്പന്‍റെ ദീനം വന്നാല്‍ മൊതല്പോവും. എങ്കില്‍  കൊണ്ടു പോയി കുഴിച്ച് മൂടാനെ പറ്റൂ.

ഏട്ടനെന്തെങ്കിലും പറയിന്‍ എന്ന് പറഞ്ഞ് നാരായണന്‍ തിടുക്കം കൂട്ടി.' മുന്നൂറും നാനൂറും  ഒക്കെ കൊടുക്കാന്‍ നമ്മടേല്‍
 ഇല്ല. നിനക്ക് നമ്മടെ നെലവരം എന്താന്ന് അറിയില്ലേ. പറഞ്ഞ് നോക്കി മയത്തില് കച്ചോടം മുറിക്കാന്‍ നോക്ക് ' എന്ന് നാരായണനെ ശട്ടം കെട്ടി.

' നിങ്ങ വല്ലതും കഴിച്വോ ' എന്ന് നാരായണന്‍ ചോദിച്ചപ്പോള്‍ ഇല്ലെന്ന് തലയാട്ടി. എന്നാല്‍ വരിന്‍ എന്ന് പറഞ്ഞ് അവന്‍ മുമ്പേ നടന്നു. ഹോട്ടലിലേക്കാണ്പോക്ക്. മാടിന്‍റെ ആള്‍ക്കാര് പോവില്ലേ എന്ന് ചോദിച്ചതിന്ന് അവരും ഹോട്ടലിലേക്ക് പോയീ എന്ന് മറുപടി കിട്ടി. ഇനി എന്താ ചെയ്യേണ്ടത്. ഒക്കെ പടു ചിലവ് തന്നെ എന്ന് മനസ്സില്‍ പറഞ്ഞ് നാരായണന്‍റെ പുറകെ
നടന്നു.

ഹോട്ടലില്‍ വെച്ച് മാടിന്‍റെ ആളുകളെ കാണിച്ച് തന്നു. ഒറ്റ നോട്ടത്തില്‍ തന്നെ കയ്യില്‍ തുട്ട് ഇല്ലാവരാണെന്ന് മനസ്സിലായി. പത്ത് പൈസക്ക് വരെ കെഞ്ചി നോക്കും എന്ന് തോന്നുന്നു. എന്തായാലും കേട്ട് നോക്കാം. നാരായണന്‍ ചോറിന്ന് പറഞ്ഞു. വല്ല ചായയും വടയും കൊണ്ട് തിയാക്കാമായിരുന്നു. അത്ര പൈസയും വരില്ല. മാറ്റി പറയാനൊന്നും പോയില്ല. കഞ്ചന്‍ എന്ന
പേര്കേള്‍പ്പിക്കെണ്ടല്ലോ.

നാരായണന്‍ മാട് വില്‍ക്കാന്‍ വന്നവരുടെ കൂടെ മുന്നില്‍ നടന്നു. മര തണലത്ത് ഉരുപ്പടി നില്‍പ്പുണ്ട്. തൊട്ടടുത്ത് കൂടെ വന്ന പിള്ളരും കൂളന്‍ കുട്ടികളും. ശകുനം നന്ന്. ഒന്നിച്ച് ഒരു ഴുത്തില്‍ നില്‍ക്കാനുള്ളതാണെന്ന് അവറ്റ അറിഞ്ഞുവോ ആവോ.

മാടിന്‍റെ ചുറ്റും നടന്ന് നോക്കി. ചുഴി കുറ്റം ഒന്നും കാണാനില്ല. കല്ല് അകിട് അല്ല. കൊമ്പ് കണ്ടാല്‍ മൂന്നാമത്തെ പേറാണ്. ഈ ഈറ്റിലേ പാല് ഇറങ്ങൂ. തരത്തിന് കിട്ടിയാല്‍ മെച്ചം തന്നെ.വട്ടിയും വയറും ഒക്കെ ഉള്ള ഇനമാണ്. ഇത്തിരി പരുത്തികൊട്ടയും കടലപിണ്ണാക്കും അരച്ച് കൊടുത്താല്‍ മതി. പച്ച പുല്ല് അരിയാന്‍ ഉള്ളത് നന്നായി. ആനാവ് കുട്ടിയാണ്. മേലിലിക്ക്
ഒരു മുതലാവും. ആകപ്പാടെ തെറ്റ് വരില്ല.

' കടിഞ്ഞില് പെറ്റതാണ്. ആറ് ഇടങ്ങഴി പാല്കിട്ടും എന്നാണ് അവര് പറയുന്നത് ' എന്ന് നാരായണന്‍ പറഞ്ഞു. ' നീയെന്താ പൊട്ടക്കണ്ണന്മാരോട് പറയുന്ന പോലെ എന്നോട് പറയുന്ന് , ഈ കാലത്തിനിടയില്‍ എത്ര മാട് വാങ്ങി, എത്ര എണ്ണം വിറ്റു. ഇതിന് മൂന്ന് പേറായി. ആരക്കും അറിയാത്ത പോലെ ഒരു കൂട്ടം കൂട്വാണോ ' എന്നും പറഞ്ഞ് മാറി നിന്നു.

നാരായണന്‍ ഉടമസ്ഥനെ കൂട്ടി മാറി നിന്ന് എന്തെല്ലാമോ സംസാരിച്ചു. പിന്നീട് വന്ന് എന്ത് വില കാണുന്നുണ്ട് എന്ന് ചോദിച്ചു. ' മൊതല് അവരുടെ, അവര് പറയട്ടെ ' എന്നും പറഞ്ഞ് ചുമതലയില്‍ നിന്ന് ഒഴിഞ്ഞു. അവരുടെ മനസ്സിലിരുപ്പ് മനസ്സിലായാല്‍ അത് അനുസരിച്ച് വില പേശാം. ' അവര് നാനൂറ്പറയുന്നുണ്ട് ' എന്നും പറഞ്ഞ് നാരായണനെത്തി.

' ഇത് നമുക്ക് ചേരില്ല, നാനൂറ് ഉറുപ്പിക ഉണ്ടെങ്കില്‍ ഞാന്‍ ഒരു പെണ്‍കുട്ടി ഉള്ളതിന് ഒന്നര പവന്‍റെ മാല വാങ്ങും ' എന്ന് പറഞ്ഞ് മടങ്ങി. ' മാല വാങ്ങിയാല്‍ കഴുത്തിലിടാം, അല്ലാതെ കറക്കാന്‍ പറ്റില്ലല്ലോ ' എന്നും പറഞ്ഞ് നാരായണന്‍ കൂടെ കൂടി.' ഇനി നിങ്ങള് വെല പറയിന്‍ ' എന്നായി ഉടമസ്ഥന്‍ .

നമുക്ക് ഒറ്റ വിലയേ ഉള്ളു എന്നും പറഞ്ഞ് ഇരുന്നൂറ്റമ്പത് ഉറുപ്പിക വില പറഞ്ഞു. അതിന്ന് മറുഭാഗം സമ്മതിച്ചില്ല. പലവട്ടം വില പറഞ്ഞു. ഒടുവില്‍ ഇരുന്നൂറ്റി എഴുപത്തഞ്ചിന്ന് ഉറപ്പിച്ചു.
വേണ്ടെന്ന് പറഞ്ഞെങ്കിലും ഇരുപത്തഞ്ച് ഉറുപ്പിക നാരായണനും കൊടുത്തു. ഒരു കഴിവടവും
ഇല്ലാതെ ഇരിക്കുന്നവനാണ്. ' അവരക്ക് പണത്തിന്ന് ഇത്തിരി ട്ടൈറ്റാ. അതാ പെട്ട വിലക്ക് തന്നത് ' നാരായണന്‍ സ്വകാര്യം പറഞ്ഞു.

മാടിന്‍റെ കയര്‍ ഉടമസ്ഥന്‍ അഴിച്ച് വാങ്ങി. കയറോടുകൂടി കന്നിനെ വില്‍ക്കാറില്ല. പുതിയൊരു
കയര്‍ മാടിന്‍റെ കഴുത്തിലിട്ടു. കുട്ടിയെ കയ്യിലെടുത്ത് നടന്നു. മാട് പുറകെ വന്നു, കൂളന്മാരെ
തെളിച്ച്കൊണ്ട് പിള്ളേരും . പാതയോരം വരെ നാരായണന്‍ കൂടെ വന്നു.

' എട്ടോ, ഇനി എന്നാ ഇവടെക്കൊക്കെ ' നാരായണന്‍ ചോദിച്ചു. അവന്‍ പോകാനുള്ള മട്ടിലാണ്.
ഇടക്കൊക്കെ വരാറുണ്ടെന്നും തമ്മില്‍ കാണാഞ്ഞിട്ടാണെന്നും അവനോട് പറഞ്ഞു. അവന്‍റെ വിശേഷം ഒന്നും ഇത്ര നേരം കേട്ടില്ല. ലോഹ്യം ചോദിക്കാതെ പോയാല്‍ മോശമല്ലേ. കാര്യം കഴിഞ്ഞപ്പോള്‍ മൂടും തട്ടി സ്ഥലം വിട്ടു എന്ന് പറയിപ്പിക്കരുത്. പശുക്കുട്ടിയെ താഴെ നിറുത്തി. പിള്ളരും  കന്നുകളും നിന്നു.

' മക്കളുക്ക് ഒക്കെ സുഖം അല്ലേട ' എന്ന് ചോദിച്ചു. എന്ത് സുഖം . നാരായണന്‍ സങ്കടങ്ങള്‍ പറഞ്ഞു തുടങ്ങി. ചെക്കന്‍ പണിക്ക് പോയിട്ട് വല്ലതും ഒക്കെ കൊണ്ടു വന്ന് തന്നിരുന്നതാണ്. അതിന്‍റെ എടേല്‍ ഏതോ ഒരു പെണ്ണുമായി ചിറ്റത്തിലായി. അവളേം കൂട്ടി നാട് വിട്ടു. മൂന്നാം പക്കം മകളെ കെട്ട്യോന്‍ വീട്ടില്‍ കൊണ്ടു വന്നാക്കി. അവര്‍ക്ക് മാനക്കേടായീന്നാ പറഞ്ഞത്.
കെട്ട്യോള്‍ക്ക് എന്നും സൂക്കടാണ്. അതിന്‍റെ കൂടെ മകള്‍ക്കും കുട്ടിക്കും ചിലവിന്നുള്ളതും 
കൂടി ഉണ്ടാക്കികൊടുക്കണം . എന്താ ചെയ്യേണ്ടത് എന്ന്എനിക്ക് ഒരു രൂപൂം ഇല്ല.

ഒന്ന് നിര്‍ത്തി അവന്‍ വീണ്ടും പറഞ്ഞു തുടങ്ങി. ഇതിനൊക്കെ പുറമെ മകളുടെ കുട്ടിക്ക് എന്നും ദീനമാണ്. ചെലപ്പൊ ദേഹം നീല കളറാകും. ഹാര്‍ട്ടിന്ന് കേടാണത്രേ. നല്ലോണം പണം ചെലവാക്കി നോക്കിക്കണം എന്നാ എല്ലാരും പറയുന്നത്. കഞ്ഞി കൊടുക്കാന്‍ പാങ്ങില്ലാണ്ടെ ഞാന്‍ കെടന്ന് തിരിയ്വാണ്. പിന്നെ എങ്ങനാ ചികിത്സിക്യാ. നല്ലോരു പെണ്‍കുട്ടി. അത് ചത്ത്
പോക്വേള്ളൂ. നാരായണന്‍ കണ്ണ് തുടച്ചു.

മനസ്സില്‍ ഒരു നീറ്റല്‍ ഏറ്റതുപോലെ വേലപ്പന്ന് തോന്നി. കഷ്ടം. എങ്ങിനെ സുജായി ആയി നടന്നവനാണ്. മക്കള്‍ ഉണ്ടായാല്‍ മാത്രം പോരാ. നല്ല ബുദ്ധീം കൂടി ഉണ്ടാവണം . പാവം, നല്ല കഷ്ടപ്പാടുണ്ട്. അല്ലെങ്കില്‍ ഇതൊന്നും പറയില്ല. അഭിമാനിയാണ്അവന്‍ . എല്ലാവരുടേയും കാര്യം ഇത്രയേ ഉള്ളു. പണവും പത്രാസും ഒക്കെ മിനുട്ട് വെച്ച്തീരും. തനിക്കും ഒരു മകള്‍ ഉണ്ട്. അതിനാണ് ഇങ്ങിനെ ഒരു അവസ്ഥ വന്നതെങ്കിലോ. ആലോചിച്ചപ്പോള്‍ എന്തോ ചങ്കില്‍ 
കൊണ്ടത് മാതിരി. ബെല്‍റ്റിലെ പേഴ്സില്‍ കയ്യിട്ടു. അതിനകത്ത് ഉള്ളത് മുഴുവന്‍ എടുത്തു. നോക്കിയപ്പോള്‍ മുന്നൂറ്റി ചില്വാനം ഉറുപ്പിക ഉണ്ട്. ആ പണം മുഴുവന്‍ നാരായണന്‍റെ കയ്യില്‍ വെച്ചു. അവന്‍ തേങ്ങി കരയുന്നത് കണ്ടപ്പോള്‍ തന്‍റെ കണ്ണുകളില്‍ നനവ് പടരുന്നതറിഞ്ഞു.

ഒന്നും പറയാതെ തിരിഞ്ഞ് നടന്നു. ചന്ത പിരിഞ്ഞ് ആളുകള്‍ പോയിതുടങ്ങി. തമിഴ്നാട്ടില്‍ നിന്നും കന്നുകാലികളുമായി വന്ന ലോറികള്‍ സ്ഥലം വിട്ടിരിക്കുന്നു . കുറെ കാളവണ്ടികള്‍ മാത്രം തണല്‍ പറ്റി നില്‍ക്കുന്നുണ്ട്. ഉച്ച വെയിലില്‍  മൂന്നംഗ സംഘം കന്നു കാലികളുമായി മടക്ക യാത്ര തുടങ്ങി.

2 comments:

  1. വേലപ്പന്റെയും കല്യാണിയുടെയും കഥ തുടരാന്‍ കാത്തിരിക്കുന്നു...

    ReplyDelete