Friday, August 21, 2009

അദ്ധ്യായം 6 .

ചാമി പോയതിന്ന് ശേഷവും കല്യാണിക്ക് വീട്ടുപണികള്‍ തീര്‍ന്നില്ല. മുറ്റത്തിന്‍റെ ഓരത്ത് കിടന്നിരുന്ന തെങ്ങിന്‍പട്ടകള്‍ വെട്ടിഒതുക്കി കെട്ടുകളാക്കി , ചായ്പ്പിന്‍റെ പുറകില്‍ അടുക്കി വെച്ചു. ഓലമടലുകള്‍ വെട്ടി മുറ്റത്ത് ഉണങ്ങാനിട്ടു. മഴ ആരംഭിക്കുന്നതിന്ന് മുമ്പ് അതെല്ലാം ചായ്പ്പില്‍ സൂക്ഷിച്ച് വെക്കണം . ചില മാടുകള്‍ മഴക്കാലത്ത് തണുത്ത വെള്ളം കൊടുത്താല്‍ കുടിക്കില്ല. ശൃണുക്കള്‍. അവറ്റക്ക് വട്ടചെമ്പില്‍ വെള്ളം നിറച്ച്, പരുത്തികൊട്ട അരച്ചതും  തവിടും ചേര്‍ത്ത് ഇളം  ചൂടാക്കി കടല പിണ്ണാക്ക് കുതിര്‍ത്തി യത് ഒഴിച്ച് ഇളക്കി കൊടുക്കണം . എന്നിട്ടും ചിലതൊക്കെ മൂക്കുകൊണ്ട് മുങ്ങിതപ്പും . അപ്പോള്‍ ഒരു പിടി ഉപ്പ് കയ്യിലെടുത്ത് മാടിന്‍റെ ചിറിയുടെ അടുത്ത് കാണിച്ച് വെള്ളത്തില്‍ കൈ മുക്കി ഇളക്കിയാല്‍ മതി. ഏത് വെള്ളം കുടിക്കാന്‍ മടിയുള്ള കന്നും 
വെള്ളം കുടിക്കും . അപ്പപ്പോള്‍ വീണു കിട്ടുന്ന തെങ്ങിന്‍പട്ടകള്‍ വെട്ടി കെട്ടി വെച്ചാല്‍ കന്നിന്ന് വെള്ളം കാച്ചാന്‍  ഉപകരിക്കും .

ആ പണി തീരുമ്പോഴേക്കും നേരം ഒട്ടേറെ ആയി. കലശലായ വിശപ്പ്. മുറ്റത്തെ തെങ്ങിന്‍ ചുവട്ടിലുള്ള മണ്‍തൊട്ടിയില്‍ നിന്നും വെള്ളമെടുത്ത് കൈകാലുകളും  മുഖവും  കഴുകി . ഉടുത്ത മുണ്ടിന്‍റെ കോന്തല കൊണ്ട് തുടച്ചു. അടുക്കളയുടെ ഓരത്ത് മുട്ടിപലക ഇട്ട് ഓട്ടു പിഞ്ഞാണത്തില്‍ കഞ്ഞി വിളമ്പിവെച്ചു. അമ്മയുടെ ഓര്‍മ്മക്കായി സൂക്ഷിച്ചു വെച്ച ആ പിഞ്ഞാണം കല്യാണിക്ക് വില മതിക്കാനാവാത്ത നിധിയാണ്. കലം കൊണ്ട് അടച്ചു വെച്ചിരുന്ന , ഉഴുന്നുപരിപ്പും 
പുളിയും മുളകും ചേര്‍ത്ത് അരച്ച ഇന്നലത്തെ ബാക്കിയുണ്ടായിരുന്ന ചമ്മന്തിയും കഞ്ഞിയുമായി കല്യാണി ഇരുന്നു. പ്ലാവില കുമ്പിള്‍ കുത്തിയതുകോണ്ട് കഞ്ഞികോരി കുടിക്കുമ്പോള്‍ കല്യാണി അപ്പനേയും വലിയപ്പനേയും ഓര്‍ത്തു.

നേരം വെളുക്കുന്നതിന്ന് മുമ്പ് പോയതാണ് അപ്പന്‍ . ചന്തയില്‍ എത്തും മുമ്പ് എന്തെങ്കിലും കഴിച്ചുവോ ആവോ. കഴിച്ചാല്‍ തന്നെ ഒരു ചായയും ഒരു കഷ്ണം പിട്ടും മാത്രമേ കഴിക്കു.

അപ്പന്‍ വലിയ പിശുക്കനാണ്. ഒന്നും വാങ്ങി തിന്നില്ല. ഒരു വിശേഷത്തിന്നോ, ആഘോഷത്തിന്നോ അപ്പന്‍ പോവില്ല. അമ്മ മരിച്ച ശേഷം അപ്പന്‍ അങ്ങിനെയാണ്. അതൊക്കെ ചാമി വലിയപ്പനെ കണ്ട് പഠിക്കണം. ഇഷ്ടപ്പെട്ടതെല്ലാം മൂപ്പര് വാ ങ്ങി കഴിക്കും . കള്ളും  ചാരായവും  മതിയാവോളം കുടിക്കും . എപ്പോഴും ജോളിയായി നടക്കും. വേല, പൂരം, വെടിക്കെട്ട് ഒക്കെ കാണാന്‍ ചെല്ലും. ഭാര്യയും മക്കളുമില്ല, ആരോടും സമാധാനം പറയാനില്ല, ആരേയും പേടിയുമില്ല. ഇടക്ക് അടിപിടികേസുകള്‍ ഉണ്ടാക്കും. കണ്യാര്‍ കളിക്കോ,പൊറാട്ടും കളിക്കോ പോയാല്‍ വലിയപ്പന്‍ തല്ല് ഉണ്ടാക്കാതെ തിരിച്ചു വരില്ല.

ഇങ്ങിനെയൊക്കെ ആണെങ്കിലും വലിയപ്പന്ന് തന്നെ വലിയ ഇഷ്ടമാണ്. എപ്പോഴും  വാത്സല്യത്തോടെ ' ലക്ഷ്മിക്കുട്ട്യേ ' എന്നേ വിളിയ്ക്കു. കണ്യാര്‍ കളിക്കോ, പൊറാട്ടും കളിക്കോ പോകുമ്പോള്‍ 'മോളേ, നീ വരുന്നോടീ ' എന്ന് ചോദിക്കും . പക്ഷെ തനിക്ക് പേടിയാണ്. വലിയപ്പന്‍ എപ്പോഴാ അടിപിടി കൂടുക എന്ന് പറയാനാവില്ല. എങ്കിലും  എവിടെ പോയി വരുമ്പോഴും തനിക്ക് എന്തെങ്കിലുമൊക്കെ കൊണ്ടുവരും . ഓണത്തിന്നും വിഷുവിന്നും  അപ്പനേക്കാള്‍ മുമ്പേ തുണി വാങ്ങി തരുന്നത് വലിയപ്പനാണ്. നറുക്ക് കൂടി കാശുണ്ടാക്കി നാലു വളയും നെക്കലസ്സും വാങ്ങി തന്നതും വലിയപ്പന്‍ തന്നെ . താന്‍  വലുതായതിന്ന് ശേഷം അപ്പന്‍  ഒരു മീന്‍ ചെളുക്കയുടെ വലിപ്പത്തില്‍ സ്വര്‍ണ്ണം വാങ്ങി തന്നിട്ടില്ല.

അപ്പന്‍ സമ്പാദിച്ചു കൂട്ടുന്നത് എന്താ ചെയ്യുന്നത് എന്ന് അറിയില്ല. മകളുടെ കല്യാണത്തിന്ന് സ്വരൂപിച്ച് വെക്കുന്നതാണെന്നാണ് ജാനു മുത്തി പറയാറ്. എന്നാലും മനുഷ്യനല്ലേ . ഇടക്കെങ്കിലും ആര്‍ഭാടമൊക്കെ വേണ്ടേ. അതൊന്നും പറഞ്ഞാല്‍ അപ്പന്‍റെ ചെവിയില്‍ പോവില്ല. വീട്ടില്‍  ഒരു റേഡിയൊ വേണമെന്ന് എത്ര കാലമായി ആശിക്കുന്നു. അപ്പനോട് ഒരു പ്രാവശ്യം
 പറഞ്ഞപ്പോള്‍ അതൊന്നും വേണ്ടാ എന്ന് പറഞ്ഞു. പിന്നേയും പിന്നേയും പറഞ്ഞാല്‍ ദേഷ്യം വരും . പിന്നെ ഊണ് കഴിക്കാതെ നടക്കും . വലിയപ്പനോട് പറഞ്ഞാല്‍ പിറ്റേ ദിവസം സാധനം എത്തും . പക്ഷെ അത് അപ്പന് വിഷമമാകും. താന്‍ വാങ്ങരുത് എന്നു പറഞ്ഞ ഒരു സാധനം വലിയപ്പനെ കൊണ്ട് വാങ്ങിച്ചാല്‍ അപ്പന് ചിലപ്പോള്‍ വല്ലതും തോന്നിയാലോ .

കഞ്ഞി കുടിച്ച് പാത്രം കഴുകി വെച്ചു. കുറെ പുല്ല് അരിഞ്ഞ് കൊണ്ടു വരണം . അപ്പന്‍ ഇന്ന് എത്ര ജോഡി കന്നുമായിട്ടാണ് വരിക എന്ന് അറിയില്ല. വീട്ടിലാണെങ്കില്‍ ഒരു തരി വൈക്കോല്‍ ഇല്ല. ചാണകം കൊടുത്തിട്ടാണ് വൈക്കോല്‍ വാങ്ങുക. ഇക്കുറി ചാമി വലിയപ്പന്‍ ചാണക കുഴിയില്‍  ഉള്ള ചാണകം മുഴുവന്‍ മൂപ്പരുടെ മുതലാളിയുടെ പാടത്തേക്ക് കാളവണ്ടിയില്‍ കയറ്റി കൊണ്ടുപോയി. ഇതുവരെ ഒറ്റ പൈസ തന്നിട്ടില്ല, വൈക്കോലും കിട്ടിയില്ല. മൂപ്പര് കാശ് എടുത്ത് ചിലവാക്കുകയൊന്നുമില്ല. ചിലപ്പോള്‍ ചോദിക്കാന്‍ മറന്നതാവണം. വൈകുന്നേരം വലിയപ്പനെ ആ കാര്യം ഓര്‍മ്മപ്പെടുത്തണമെന്ന് കല്യാണി മനസില്‍ ഉറപ്പിച്ചു.

വീട് പൂട്ടി അരിവാളും കയറുമായി ഇറങ്ങുമ്പോള്‍ ജാനുമുത്തി കയറി വരുന്നു. ' നീ പിണ്ണാക്കോ തവിടോ വാങ്ങാന്‍ കടയിലേക്ക്പോവുന്നുണ്ടോടീ ' എന്നും ചോദിച്ചാണ് വരവ്. മുത്ത്യേമ്മയ്ക്ക് വെറ്റില മുറുക്കാന്‍ വാങ്ങാനുണ്ടാവണം, ചിലപ്പോള്‍ ഒരു കെട്ട് ബീഡിയും. ആരും അറിയാതെയാണ് തള്ള ബീഡി വലിയ്ക്കുക. താനാണ് ബീഡി വാങ്ങികൊടുക്കുന്നത് എന്ന് അവരുടെ മക്കള്‍ക്ക് അറിയാം. തള്ളയുടെ തോന്ന്യാസത്തിന്ന് മോള് കൂട്ടുനില്‍ക്കരുതെന്ന് അവരൊക്കെ പറയും. ഇനി വാങ്ങി കൊടുക്കില്ല എന്ന് ഉറപ്പിച്ചാലും , തള്ളയുടെ ദയനീയമായ നോട്ടം കണ്ടാല്‍ എല്ലാ ഉറപ്പും ഇല്ലാതാവും . പാവം അതിന് ബീഡി വലിക്കാന്‍ ഉന്നല് തോന്നിയിട്ടല്ലേ എന്ന് ഓര്‍ത്ത് വാങ്ങി കൊടുക്കും. ' എന്‍റെ മകള് നന്നായി വരും ' എന്നും പറഞ്ഞ് മുത്തി തലയില്‍ കൈ വെച്ച് അനുഗ്രഹിക്കുമ്പോള്‍ ' മേലാല്‍ എന്നോട് ഇത് വാങ്ങാന്‍ പറയരുത് മുത്ത്യേ ' എന്നും പറഞ്ഞ് വിലക്ക് ഏര്‍പെടുത്തും.

' എന്താണ്ടി മകളെ നീ ഒന്നും പറയാത്തത് ' എന്നായി മുത്തിയമ്മ. താന്‍ ഇപ്പോള്‍ പുല്ല് അരിയാന്‍ 
പോവുകയാണെന്നും, തിരിച്ചു വന്ന് കുളി കഴിഞ്ഞിട്ടേ കടയിലേക്ക് പോവുകയുള്ളു എന്നും പറഞ്ഞ് കല്യാണി പടി ചാരി ഇറങ്ങി. 'പോവുമ്പോള്‍ പറ കേട്ടോടി ' എന്നും പറഞ്ഞ് തള്ളയും തിരിച്ചു പോയി.

1 comment: