Tuesday, August 18, 2009

അദ്ധ്യായം-4.

കമ്പനിയിലെ ഊത്ത് കേട്ടിട്ടാണ് ഉണര്‍ന്നത്. നേരം വല്ലാതെ വൈകിയിരിക്കുന്നു. എന്തോ വല്ലാത്ത ഒരു മടി പിടിച്ചതു പോലെ.മെല്ലെ എഴുന്നേറ്റു. പായ മടക്കിവെച്ച് വെളിയിലിറങ്ങി. മുറ്റത്ത് നനവ്. ഇന്നലത്തെ മഴയുടെ ആണ്. മുറ്റത്തെ തൈതെങ്ങിന്‍ ചോട്ടിലെ തൊട്ടിയില്‍ നിന്നും വെള്ളമെടുത്ത് വായും മുഖവും കഴുകി. അപ്പോഴാണ് വേലപ്പ ന്‍റെ കാര്യം ഓര്‍മ്മ വന്നത്. ഇന്നലെ അവന്‍ ശരിക്കും പേടിച്ചിട്ടുണ്ട്. സ്വതവെ പേടികൊടലനാണ്.ഇനി വല്ല പനിയൊ മറ്റൊ പിടിച്ചിട്ടുണ്ടാവുമോ. അയയില്‍ ഇട്ട തോര്‍ത്ത് എടുത്ത് തോളിലിട്ട് ചാമി ഇറങ്ങി.

കയറി ചെല്ലുമ്പോള്‍ കല്യാണി മുറ്റമടിക്കുകയാണ്. ' നിന്‍റെ അപ്പന്‍ എവിടേടി 'എന്ന് ചോദിച്ചു.' അപ്പന്‍ വെളുക്കുമ്പൊ കന്നിനേയും ആട്ടി കൊഴല്‍മന്ദം ചന്തക്ക് പോയി ' എന്ന് പെണ്‍കുട്ടി പറഞ്ഞപ്പോഴാണ് സമാധാനമായത്. തൊഴുത്തിലേക്ക് നോക്കിയപ്പോള്‍ ശൂന്യം. ' ഇതെന്താ ഇതിനകത്ത് നിന്ന കറവു മാടിനെ കാണാനില്ലല്ലോ' എന്ന്ചാമി തിരക്കി.' അതിനേയും അപ്പന്‍ കൊണ്ടുപോയി. കൊടുത്ത് മാറാനാണ്.' എന്നായി കല്യാണി.' അപ്പൊ ഇന്ന് വലിയപ്പന്ന് മോളുടെ വക ചായയില്ല, അല്ലെ'. എന്നും പറഞ്ഞ്ചാമി തിരിച്ചു പോവാനൊരുങ്ങി' വലിയപ്പന്‍ കുത്തിരിക്കിന്‍. ഞാന്‍ മാടിനെ കൊണ്ടുപോകും മുമ്പ് പാല്കറന്നെടുത്തു. ഇപ്പൊ തന്നെ ചായ ഉണ്ടാക്കാം' എന്നും പറഞ്ഞ് പെണ്‍കുട്ടി അകത്തേക്ക്കയറി പോയി.

പിള്ളകോലായില്‍ തടുക്ക് എടുത്ത് ഇട്ട്ചാമി അതില്‍ ഇരുന്നു. മിക്കവാറും രാവിലെ കല്യാണിയുടെ കയ്യില്‍ നിന്നാവും
ചായ കിട്ടുക. വക തിരിവുള്ള മിടുക്കിക്കുട്ടിയാണ്അവള്‍. കുടുംബത്തിലെ കാര്യങ്ങള്‍ ഒക്കെ ഭംഗിയായി അവള്‍ തന്നെയാണ് കൊണ്ടുനടക്കുന്നത്.അല്ലെങ്കില്‍ വില്‍ക്കാന്‍ കൊണ്ടുപോകുന്ന മാടിനെ പുലര്‍ച്ചക്ക്എഴുന്നേറ്റ്കറന്നെടുക്കാന്‍തോന്നുമോ.
അവള്‍ കല്യാണിയല്ല , ശരിക്കും മഹാലക്ഷ്മിയാണ്. വെറുതെയല്ല താന്‍ അവളെ ലക്ഷ്മികുട്ട്യേ എന്ന് വിളിക്കുന്നത്.

മുറ്റത്ത് വീണ നെന്മണികള്‍ മുള പൊട്ടി പൊങ്ങിയിരിക്കുന്നു. നനഞ്ഞ മണ്ണില്‍ കോഴിക്കള്‍ ചിനച്ച് കൊത്തി പെറുക്കിതിന്നു കൊണ്ടിരിക്കുകയാണ്. കൂട്ടം തെറ്റിയ മാതിരി മൂന്ന് നാലെണ്ണം പിള്ള കോലായുടെ ഒരു ഓരത്ത് കിടപ്പുണ്ട്. ചായയുമായി
കുട്ടി കടന്നു വന്നു.

' എന്തിനാ ഇവറ്റയെ പിടിച്ച് ഇവിടെ കിടത്തിയിരിക്കുന്നത് 'എന്ന് ചായ ഊതി കുടിക്കുന്നതിന്നിടയില്‍ അന്വേഷിച്ചു. ' അതൊക്കെ ചീറി കിടക്കുകയാണ്' ' എന്ന് മറുപടി കിട്ടി.

കുറെ ദിവസം മുട്ട ഇട്ടു കഴിഞ്ഞാല്‍ കോഴികള്‍ ചീറി കിടക്കും. ആ സമയത്ത് അവയുടെ ശരീരം നല്ല ചൂട് തോന്നും. തൊടുകയൊന്നും വേണ്ടാ , അടുത്ത് ചെന്നാല്‍ പോലും കോഴികള്‍ കരച്ചില്‍ തുടങ്ങും. മുട്ട വിരിക്കാന്‍ വെക്കുന്നത് അപ്പോഴാണ്. പഴയ കൊട്ടയില്‍ വൈക്കോല്‍ വിരിച്ച് മുട്ടകള്‍ നിരത്തും. ഒരു കഷണം കരിക്കട്ടയും ഒരു തുണ്ട് ഇരുമ്പും അതിലിടും. മുകളില്‍ കോഴിയെ പിടിച്ച് വെക്കും. എന്നിട്ട് കയറു കെട്ടി പൊക്കത്തില്‍ കൊട്ട കെട്ടി തൂക്കും.പൂച്ച പിടിക്കാതിരിക്കാനാണ് അങ്ങിനെ ചെയ്യുക.മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളായ ശേഷമേ പിന്നെ കുട്ട താഴെ ഇറക്കൂ.

' നീ അതിനെയൊക്കെ പിടിച്ച് എവിടെയെങ്കിലും വട്ടി ഇട്ട് കവുത്ത്. ഇല്ലെങ്കില്‍ വിരിക്കാന്‍ വെക്ക് ' ചാമി പറഞ്ഞു ' അല്ലെങ്കില്‍ അവറ്റ ഇവിടെയൊക്കെ തൂറ്റി വെടക്കാക്കും'.

' വേനലല്ലേ, അഞ്ചാറ് തൂപ്പ് വേപ്പിന്‍റില കൊട്ടയില്‍ ഇടാന്‍ അപ്പന്‍ പറഞ്ഞു ' കുട്ടി പറഞ്ഞു ' എനിക്ക് കയ്യ് എത്തുന്ന ദിക്കിലൊന്നും ഇല ഇല്ല '.

'ഇതിന്ന് വേണ്ടി നീ കോഴിയെ അണ വെക്കാതിരിക്കേണ്ടാ' എന്നും പറഞ്ഞ്ചാമി വേലിക്കല്‍ നില്‍ക്കുന്ന വേപ്പില്‍ കയറി കുറെ ചില്ലകള്‍ ഒടിച്ചിട്ടു.താഴെ ഇറങ്ങി തോര്‍ത്ത് കുടഞ്ഞ് മേലൊന്ന് തുടച്ചു.

' വലിയപ്പന്‍ കുളിക്കാന്‍ പോണില്ലേ ' എന്ന കല്യാണിയുടെ ചോദ്യത്തിന്ന് ' ഞാനിപ്പൊ കുളിച്ച് പൌഡറും ഇട്ട് കലക്ടറുടെ പണിക്ക് പോവുകയല്ലേ ' എന്നായി ചാമി.നാലു കുട്ടകള്‍ തയ്യാറക്കി വെച്ചിരുന്നു. വേപ്പില കൊത്തുക്കള്‍ നിരത്തി. ചൂടികയര്‍ കോര്‍ത്ത് തൂക്കി വെക്കാന്‍ പാകത്തിലാക്കി. പെണ്‍കുട്ടി അകത്ത് ചെന്നു. മുട്ടകള്‍ സൂക്ഷിച്ച മണ്‍പാത്രം എടുത്ത് വന്നു.

' എത്ര മുട്ടകളാ വലിയപ്പാ വെക്കേണ്ടത് 'എന്ന് കുട്ടി തിരക്കി.

' ആറേഴണ്ണം മതി ഓറോന്നിലും. വിരിപ്പിച്ചാല്‍ മാത്രം പോരല്ലോ, തീറ്റ കൊടുത്ത് വളര്‍ത്തേണ്ടെ ' എന്നും പറഞ്ഞ് ചാമി മുട്ടപാത്രത്തില്‍ നിന്നും മുട്ടകള്‍ എടുത്ത് കൊട്ടകളില്‍ നിരത്തി.' എവിടേയാ ഇതിനെ കെട്ടി തൂക്കുക 'എന്ന്ചാമി അന്വേഷിച്ചു.
' പരിയമ്പുറത്തെ വളയില്‍ കെട്ടിതൂക്കാം' കുട്ടി പറഞ്ഞു.

' അത് നന്നായി ' ചാമി പറഞ്ഞു ' അവിടെ ആവുമ്പോള്‍ കോഴിപ്പേന്‍ വന്നാലും കുടീല് ആവില്ലല്ലോ '

' കൊഴിപ്പേന്‍ വരാണ്ടിരിക്കാന്‍ ഞാന്‍ അടയ്ക്കാ മണിയന്‍ കായയും ഇലയും കൂടി കോഴിയുടെ മേത്ത് തേച്ചിട്ടാ വിരിക്കാന്‍ വെക്കുക' എന്നും പറഞ്ഞ് കല്യാണി കുട്ടയുമെടുത്ത് വീടിന്‍റെ പുറകിലേക്ക് നടന്നു. ചാമി ഒപ്പം ചെന്നു. കൊട്ടകള്‍ നാലും രണ്ടുപേരും കൂടി കെട്ടിതൂക്കി. പുറകിലെ ചായ്പ്പിന്‍റെ മുളം കാലില്‍ വലിയൊരു പൂവന്‍ കോഴിയെ കെട്ടിയിരിക്കുന്നു.ചാമി അതിനെ നന്നായൊന്നു നോക്കി.

' ഇവനെ കൊന്ന് നന്നായിട്ട് വരട്ടി ഒരു കുപ്പി ചാരായവും കൂട്ടി കഴിച്ചാല്‍ എങ്ങിനെയിരിക്കുമെന്ന് നിനക്ക് അറിയ്വോ ' എന്ന് ചാമി പറഞ്ഞപ്പോള്‍ ' ആ കോഴിയെ കൊല്ലാന്‍ പറ്റില്ല വലിയപ്പാ , അതിനെ മുണ്ട്യേന് നേര്‍ന്ന് വിട്ടിരിക്കുന്നതാണ് 'എന്ന് കല്യ്യാണി മറുപടി നല്‍കി. ചാമി ഉറക്കെ ചിരിച്ചു. ' അതാ ഉത്തമം. മുണ്ട്യേന്‍ പൂജക്ക് കോഴീം ചാരായവും ഉണ്ടാവും. ഞാനല്ലേ പൂജക്കാരന്‍ ' ചാമിക്ക് ആഹ്ലാദം അടക്കാനായില്ല ' നിന്‍റെ അപ്പന്‍ കുടിക്കാത്തതോണ്ട്എന്‍റെ കാര്യം കുശാല്‍.'

കന്നുകാലികളെ നോക്കിരക്ഷിക്കുന്ന ദൈവമാണ് മുണ്ട്യേന്‍. പശുക്കള്‍ പ്രസവിച്ചാലോ കൊല്ലത്തില്‍ ഒരിക്കലോ മുണ്ട്യ്യെന്ന് പൂജ നല്‍കും. തൊഴുത്തിനടുത്ത് അമ്മികുഴവ കഴുകിവെച്ച് അതില്‍ അരിമാവ് അണിയും. അതിന്ന് മുമ്പിലാണ് കോഴിയെ അറുത്ത് ചോര വീഴ്ത്തുക . പിന്നീട് അതിനെ നന്നാക്കി കറിവെച്ച് ചോറിന്‍റെ കൂടെ നാക്കിലയില്‍ വിളമ്പും. അരികത്ത് ഒരു കുപ്പിയില്‍ ചാരായവും വെക്കും.പൂവും വെള്ളവും സാമ്പ്രാണിയും ഒക്കെ പൂജക്ക് വേണം. ഒടുവില്‍ 'മുണ്ട്യോ, കൊലവോ, കൂയ് ' എന്ന് മൂന്ന് പ്രാവശ്യം കൂവും. വേലപ്പന്‍ കോഴിയെ കൊല്ലാറില്ല. കൊല്ലുന്ന സമയത്ത് കോഴിയുടെ കരച്ചില്‍ കേള്‍ക്കുന്ന ദിക്കില്‍ നില്‍ക്കുക പോലുമില്ല. അതൊക്കെ ചാമിയുടെ പണിയാണ്.

' വല്യേപ്പന്‍ പണിക്ക് പോട്ടേടി മകളെ ' എന്നും പറഞ്ഞ് ചാമി പുറപ്പെട്ടു. കഞ്ഞി കുടിച്ചിട്ട് പോകാമെന്ന കല്യാണിയുടെ വാക്ക് കേള്‍ക്കാതെ അയാള്‍ പടിയിറങ്ങി. വിചാരിച്ച പോലെ പുഴയില്‍ വെള്ളം കയറിയിട്ടില്ല. പുഴ കടന്നു. ചായപീടികയില്‍ നിന്നും എന്തെങ്കിലും കഴിക്കാമായിരുന്നു. പെണ്‍കുട്ടി കഞ്ഞികുടിക്കാമെന്ന് പറഞ്ഞതാണ്. അതും കേട്ടില്ല. വയറില്‍ ഒരു എരിച്ചില്‍ തോന്നുന്നു. ഇന്നലെ രാത്രിയും ഒന്നും കഴിച്ചില്ല എന്ന് അപ്പോഴാണ് ഓര്‍ത്തത്. പണിക്ക് കേറാന്‍ നേരമായി. കളപ്പുരയില്‍ കയറി കൈക്കോട്ട് എടുത്തു. പുറത്തിറങ്ങി. ഒരു ബീഡിക്ക് തീ കൊളുത്തി. നേരെ പാടത്തേക്ക് നടന്നു.
നനഞ്ഞ മണ്ണില്‍ കൈക്കോട്ട് ആഞ്ഞാഞ്ഞ് പതിച്ചു.

No comments:

Post a Comment