Saturday, August 15, 2009

അദ്ധ്യായം-3.

മംഗലാപുരം മെയില്‍ ഒലവക്കോട്സ്റ്റേഷനില്‍ എത്തി. നേരം ഇനിയും പുലര്‍ന്നിട്ടില്ല. ഉറക്ക ചടവ് മാറാത്ത കണ്ണുകള്‍
തുടച്ച് വേണു ബാഗുമായി പുറത്തിറങ്ങി. പ്ലാറ്റ് ഫോം ജനത്തിരക്കിനാല്‍ ശബ്ദ മുഖരിതമാണ്.പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ട്രെയിനില്‍ കയറി പറ്റാന്‍ ഓടി വരുന്നവര്‍. വണ്ടി ഇറങ്ങി വീടെത്താന്‍ ധൃതിയില്‍ നടക്കുന്നവര്‍. ഉറക്കം കടന്നു ചെല്ലാത്ത അപൂര്‍വ്വം ഇടങ്ങളില്‍ ഒന്ന് റെയില്‍വെ സ്റ്റേഷനാണ്.

മെയില്‍ പ്ലാറ്റ് ഫോം വിട്ടു. ഇതുവരെ യാത്രക്കാര്‍ക്ക് തിരക്കിട്ട് സാധനങ്ങള്‍ വിറ്റു നടന്നവരെല്ലാം സാവധാനം റിഫ്രഷ്മെന്‍റ്സ്റ്റാളുകളിലേക്ക് നീങ്ങി തുടങ്ങി. വേണു കാപ്പിക്കാരന്‍റെ പക്കല്‍ നിന്നും ഒരു കപ്പ് കാപ്പി വാങ്ങി ഊതി കുടിച്ചു. കഴിഞ്ഞ മുപ്പത്തഞ്ച് കൊല്ലമായി പ്രഭാതം പൊട്ടി വിടരുന്നത് കാപ്പിയിലൂടെയാണ്.വയനാട്ടില്‍ ജോലി കിട്ടി ചെന്നപ്പോള്‍
തുടങ്ങിയ ശീലമാണ്കാലത്തെ കാപ്പികുടി . മഞ്ഞില്‍ പൊതിഞ്ഞ പുലര്‍കാലത്തെ തണുപ്പ് അകറ്റാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം.
ആ ശീലം എവിടെയൊക്കെയോ തന്നെ പിന്‍തുടര്‍ന്നു. കൂടകിലെ ഓറഞ്ച് തോട്ടത്തില്‍ , മേട്ടുപ്പാളയത്തെ പച്ചക്കറി മാര്‍ക്കറ്റില്‍, മൂന്നാറിലെ ചായതോട്ടങ്ങളില്‍, മലായയില്‍, ഏറ്റവും ഒടുവില്‍  മദിരാശിയിലെ തട്ടുകടകളില്‍, പിന്നെ ഒരോ കാലത്തും 
അപ്പപ്പോഴത്തെ നിയോഗങ്ങളുമായി പിന്നിട്ട സ്ഥലങ്ങളിലെല്ലാം തന്നെ, ഹൃദയ മിടിപ്പുപോലെ, ശ്വാസോച്ഛ്വാസം പോലെ അന്തര്‍ലീനമായി കഴിഞ്ഞ ഒരു പ്രക്രിയായി ആ ശീലം തന്നോടൊപ്പം തുടരുന്നു.

കാപ്പി കുടിച്ച് കപ്പ് തിരിച്ച് കൊടുത്തു, ബാഗ്എടുത്ത് തോളില്‍ തൂക്കി , ഒന്ന് കയ്യിലും. സാവധാനം പുറത്തേക്കിറങ്ങി.
സ്റ്റേഷന്നു പുറത്ത് പ്രഭാതം കടന്നു വരുന്നതെയുള്ളു. താന്‍  നാട് വിട്ട് പോവുന്ന കാലത്ത് ഈ ഭാഗം  റിക്ഷക്കാരുടെ താവളമായിരുന്നു. കാലത്തിന്‍റെ ഒഴുക്കില്‍ അതെല്ലാം വിസ്മൃതിയിലേക്ക് മാഞ്ഞു പോയി. വരുന്ന വിവരം കിട്ടുണ്ണിയെ അറിയിക്കാമായിരുന്നു. എങ്കില്‍ അവന്‍ ഇവിടെ കാത്തു നിന്നേനെ. ഓര്‍ക്കാപ്പുറത്തുള്ള തന്‍റെ വരവ് ഒരു അത്ഭുതം ആവട്ടെ എന്ന് കരുതി അറിയിക്കാതിരുന്നത്ബുദ്ധിമോശമായിപ്പോയി. ജനിച്ച നാട്ടില്‍ അപരിചിതനെ പോലെ കയറി ചെല്ലുന്നതില്‍ ഒരു ത്രില്‍ കാണുമെന്ന് വിചാരിച്ചിരുന്നു. ഇപ്പോള്‍ ആ സമയം വന്നപ്പോള്‍ ത്രില്ലിന്ന് പകരം എന്താണ് ചെയ്യേണ്ടത് എന്ന
അങ്കലാപ്പ് മനസ്സില്‍ കുടിയേറിയിരിക്കുന്നു.

ടൌണില്‍ ചെന്ന് ബസ്സിന്ന് പോകണോ എന്ന് ചിന്തിച്ചു. അത് ചിലപ്പോള്‍ ശരിയാവില്ല. എന്തെല്ലാം മാറ്റങ്ങളാണ് ഇതിനകം  പട്ടണത്തിന്ന് വന്നിട്ടുള്ളത് എന്ന് തനിക്ക് അറിയില്ല. വെളുപ്പാന്‍ കാലത്ത് വെറുതെ അലഞ്ഞു തിരിയാന്‍ വയ്യ. ടാക്സിയില്‍ ചെല്ലുന്നതാണ് സൌകര്യം. വണ്ടിക്ക് വന്ന മിക്കവാറും പേര്‍ പോയിക്കഴിഞ്ഞിരുന്നു.കോള് എല്ലാം 
നഷ്ടപ്പെട്ട് വെറുതെ നില്‍ക്കുന്ന ടാക്സിക്കാര്‍ക്ക് ബാഗും തൂക്കി വരുന്ന തന്നെ കണ്ടപ്പോള്‍ ഒരു പ്രതീക്ഷ തോന്നി
കാണും. ചെല്ലേണ്ട ഇടം പറഞ്ഞു കൊടുത്ത്, വരിയില്‍ ആദ്യം നിന്ന കാറില്‍ കയറി, പിന്‍ സീറ്റിലിരുന്നു.തണുത്ത കാറ്റേറ്റ് കണ്ണുകള്‍ അടച്ച് കിടന്നു.

' ഇനി എവിടേക്കാണ് പോകേണ്ടത് ' എന്ന ഡ്രൈവറുടെ ചോദ്യം കേട്ടാണ് ഉണര്‍ന്നത്. കിട്ടുണ്ണിയുടെ വീട്ടിലേക്കുള്ള
വഴി അറിയില്ല. ഇളയമ്മ മരിച്ചപ്പോള്‍ വന്നിട്ട് പോയതാണ്. ഏഴോ, എട്ടോ കൊല്ലമാവും. ഡോര്‍ തുറന്ന് പുറത്തിറങ്ങി.
അങ്ങാടിയിലെ ചായപ്പീടികയില്‍ നിന്നും സിഗററ്റും വലിച്ച് ഇറങ്ങി വരുന്ന ചെറുപ്പക്കാരനോട് ' കൃഷ്ണനുണ്ണി ' മാസ്റ്ററുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. ' ഡോക്ടറുടെ വീടല്ലേ ' എന്ന് തിരിച്ച് ഒരു ചോദ്യം.നാട്ടില്‍  കിട്ടുണ്ണിയേക്കാള്‍ അവന്‍റെ മകള്‍ 
പ്രസിദ്ധയായിരിക്കുന്നു. അതെയെന്ന് തലയാട്ടി.മൂപ്പത്ത്യാര് ഇപ്പൊള്‍ ഇവിടെയില്ല. അമേരിക്കയിലേക്ക്പോയതാണെന്നും 
പറഞ്ഞ് അയാള്‍ വ്യക്തമായി വഴി പറഞ്ഞ് തന്നു.

കിട്ടുണ്ണി ആള് മിടുക്കനാണ്. പാടത്തിന്ന് നടുവിലൂടെ രണ്ട് വശവും കരിങ്കല്ല് കെട്ടി ടാറിട്ട പാത കൂറ്റന്‍ വീടിന്ന് മുന്നില്‍ 
അവസാനിക്കുന്നു. ഇരു വശത്തും ഉള്ള കൃഷിഭൂമി തറവാട് വക സ്ഥലമാണ് . മുമ്പ് സൈക്കിള്‍ പോലും ഓടിച്ച് പോകാന്‍ 
പറ്റാത്ത വരമ്പായിരുന്നു. ഈ കാണുന്ന സൌഭാഗ്യങ്ങള്‍ ഓരോന്നും അവന്‍റെ അഭിപ്രായം അനുസരിച്ച് നിര്‍മ്മിച്ചതാണ്. ഏട്ടന്‍ 
പണത്തിന്‍റെ കാര്യം മാത്രം ഏറ്റാല്‍ മതി , ബാക്കി കാര്യങ്ങള്‍ ഞാനായി എന്നാ അവന്‍ പറയാറ്.

പണം കൊടുത്ത് ടാക്സിക്കാരനെ വിട്ടു. പാടം കടന്ന് മെയിന്‍ റോഡില്‍ കയറി അത് ഓടിപ്പോയി. ചുറ്റുപാടും ഒരു വട്ടം കൂടി കണ്ണോടിച്ചു. അകലെ മുരുക മല മാത്രം കാലത്തിന്ന് മാറ്റം വരുത്താനാകാതെ നില്‍ക്കുന്നു. കുട്ടിക്കാലത്ത് എത്ര വട്ടം 
അതിന്‍റെ നെറുകയില്‍ കയറിയതാണ്. പച്ചപ്പ് നിറഞ്ഞ പാടങ്ങള്‍ക്ക് നടുവിലൂടെ ഒരു നീരൊഴുക്ക് പോലെ കാണുന്ന പുഴയും 
നോക്കി മല മുകളില്‍  നിന്നത് ഇന്നലെ എന്ന മാതിരി തോന്നുന്നു.

ഗേറ്റ് തുറന്ന് കടന്നതും ഉറക്കെ കുരച്ച് കെട്ടിയിട്ടിരിക്കുന്ന നായ അപരിചിതന്‍റെ വരവ് അറിയിച്ചു. വാതില്‍ തുറന്ന് രണ്ട് കുട്ടികള്‍ വെളിയിലെത്തി. ഏഴെട്ട് വയസ്സ് പ്രായം തോന്നും ഒന്നിന്. മറ്റേത് ഒന്നു കൂടി ചെറുതാണ്. ' ആരാ ' മുതിര്‍ന്നവള്‍ ചോദിച്ചു. എന്തെങ്കിലും പറയുന്നതിന്ന് മുമ്പ് അതേ ചോദ്യം അകത്ത് നിന്നും ഉയര്‍ന്നു.

' ഒരു നൊണ്ടിക്കാലന്‍ ' ചെറുത് ഉറക്കെ പറഞ്ഞു ' കരിമനാണ് '.

' കഷണ്ടീണ്ട് ' മൂത്തവള്‍ അടുത്ത വിശേഷണം നല്‍കി. ' താടിക്കാരനാണ് '

കൊച്ചന്‍ ബാക്കി കൂടി പറഞ്ഞു ' വലിയ ബാഗും ഉണ്ട്ട്ടോ '.

വാതില്‍ക്കല്‍ കിട്ടുണ്ണി പ്രത്യക്ഷപ്പെട്ടു. ' ഏട്ടനോ ' അവന്‍ അത്ഭുതപ്പെട്ടു ' എന്തേ വരുന്ന കാര്യം അറിയിക്കാഞ്ഞത്, ഞാന്‍ ഒലവക്കോട് സ്റ്റേഷനില്‍ എത്ത്വായിരുന്നല്ലോ '.

പടിയിറങ്ങി വന്ന് അവന്‍ ബാഗുകള്‍ ഏറ്റുവാങ്ങി. ' ഇത് ആരാ അറിയ്വോ നിങ്ങള്‍ക്ക് ' കിട്ടുണ്ണി പിള്ളേരോടായി പറഞ്ഞു
' നിങ്ങളുടെ മുത്തശ്ശന്‍റെ ഏട്ടന്‍. വലിയ മുത്തശ്ശന്‍ . അതെങ്ങിനെ, ജനിച്ചതില്‍ പിന്നെ അവറ്റ ഏട്ടനെ കണ്ടിട്ടുണ്ടോ '.

കിട്ടുണ്ണിയുടെ പുറകിലായി വാതില്‍ കടന്ന് വേണു അകത്തേക്ക് ചെന്നു ,പേരക്കുട്ടികള്‍ പുറകിലും .

2 comments: