Saturday, August 15, 2009

അദ്ധ്യായം 2.

അമ്പലകുളത്തില്‍ എത്തുമ്പോള്‍ അവിടെ നാണുനായര്‍ മാത്രമേ ഉള്ളു. കല്‍പ്പടവില്‍ ഇരുന്നു. നടന്ന് വന്നതിന്‍റെ വിയര്‍പ്പ് ആറിയിട്ടേ കുളിക്കാറുള്ളു. അല്ലെങ്കില്‍ നീരെറെക്കം വരും. നായര്‍ മുങ്ങിക്കയറി. തല തുവര്‍ത്തുന്നതിന്നിടയില്‍ 'കുപ്പന്‍ കുട്ടി എന്താ ആലോചിച്ചിരിക്കുന്നത്' എന്ന് കുശലം  ചോദിച്ചു.

ഞണ്ടുകള്‍ പോട് കുത്തി വെള്ളം പോകുന്നുണ്ടോ എന്ന് നോക്കാന്‍ പാടങ്ങളുടെ വരമ്പിലൂടെ രാവിലെയും വൈകുന്നേരവും  നടന്ന് നോക്കാറുള്ളതാണ്. നോട്ടം ഒന്ന് തെറ്റിയാല്‍ മതി ഉള്ള വെള്ളം ചോര്‍ന്നുപോകും. അതുമല്ല ഉടമസ്ഥന്‍ വരമ്പത്ത് കൂടി നടന്നാലേ പാടത്ത്മഹാലക്ഷ്മി ഉണ്ടാവൂ എന്നാണ് പറയാറ്. ആ ശീലം കാരണം കൃഷിപ്പണി തുടങ്ങുന്ന അന്നു മുതല്‍ രണ്ട്
നേരവും പാടത്ത് എത്തും. പട്ട്പണിക്ക് വിതച്ച വിത്ത് മുള വന്നതേയുള്ളു. ഇപ്പോള്‍ വെള്ളം നോക്കാറൊന്നും ആയിട്ടില്ല. എന്നാലും രണ്ട് നേരവും പാടത്ത് എത്തിയില്ലെങ്കില്‍ മനസ്സിന്ന് എന്തോ ഒരു വിഷമം. പത്ത് പന്ത്രണ്ട് വയസ്സില്‍ തുടങ്ങിയതാണ് കൃഷിപ്പണി. പ്രായം ഇപ്പോള്‍ എണ്‍പത്താറ് ആയി. ഈശ്വരന്‍റെ കടാക്ഷം കൊണ്ട് ഇന്നും മുടക്കമില്ലാതെ ഇതൊക്കെ ചെയ്ത് പോരുന്നു.

' ഏയ്, ഒന്നൂല്യാ. ഇക്കുറി പഞ്ച മുളച്ച് വന്നതേ അത്ര അങ്ങിട്ട് നന്നായിട്ടില്ല. ഇനി എന്താ വേണ്ടത് എന്ന് ആലോചിക്യായിരുന്നു' എന്നും പറഞ്ഞ് കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ തോര്‍ത്ത് ചുറ്റി ഉടുത്ത മുണ്ട് കല്ലില്‍ കുത്തി തിരുമ്പാന്‍ ഇറങ്ങി.പണ്ടത്തെ മണ്ണ് ആയതിനാലാണ് ഇത്ര വയസ്സായിട്ടും കാലത്ത് കുളത്തിലെ തണുത്ത വെള്ളത്തില്‍ കുളിച്ചിട്ടും
 രണ്ടിനും അസുഖം ഒന്നും വരാത്തത്എന്നാണ് ആളുകള്‍ പറയാറ്.

നാണുനായരും കുപ്പന്‍ കുട്ടി എഴുത്തശ്ശനും സമപ്രായക്കാരാണ്. രണ്ടാള്‍ക്കും പഠിപ്പൊക്കെ കമ്മി. ചെറുപ്പത്തിലെ കൃഷിപ്പണിയിലേക്ക് ഇറങ്ങിയവരാണ് ഇരുവരും. നാണുനായര്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ കൃഷിപ്പണി വിട്ടു. പിന്നീട് കൊയമ്പത്തൂരില്‍ പോയി ഒരുതുണിമില്ലില്‍ പണിക്ക് ചേര്‍ന്നു. ജോലിയില്‍ നിന്ന്പിരിഞ്ഞപ്പോള്‍ നാട്ടിലെത്തി വിശ്രമ ജീവിതം തുടങ്ങി. ദിവസേന കാലത്ത് അമ്പലക്കുളത്തില്‍ വെച്ച് സുഹൃത്തുക്കള്‍ തമ്മില്‍ കാണും. കുറെ നേരം 
നാട്ടുകാര്യം സംസാരിക്കും. മിക്കപ്പോഴും ഗത കാല സ്മരണകള്‍ സംഭാഷണത്തില്‍ കടന്നു വരും.

' ഞാന്‍ അറിയാന്‍ പാടില്ലാണ്ടെ ചോദിക്യാ, എന്തിനാ ഇങ്ങിനെ കഷ്ടപ്പെടുന്നത് ' നാണുനായര്‍ പറഞ്ഞു ' ഇതൊക്കെ ഒന്ന് നിര്‍ത്തി കൂടെ, ഇനിയുള്ള കാലം മകന്‍ കൊണ്ട് നടക്കട്ടെ '.

അച്ഛന്‍റെ കാലത്ത് കൃഷി ഭൂമി ഒന്നും ഇല്ലായിരുന്നു. തമ്പ്രാന്മാരുടെ പാടങ്ങളില്‍ പണിക്ക് പോയിരുന്നതാണ്. അവരുടെ അടിയും കാലും പിടിച്ചിട്ട് പാട്ടത്തിന്ന് എടുത്ത സ്ഥലം. നിയമം മാറി, ഭൂപരിഷ്കരണം വന്നപ്പോള്‍ അതൊക്കെ സ്വന്തമായി. എല്ലാം ദൈവത്തിന്‍റെ അനുഗ്രഹം. അന്യന്‍റെ മുതല്‍ തട്ടിപ്പറിച്ചതാണെന്ന് ചില അസൂയക്കാര്‍ പറയും. ഒരു മണി നെല്ല് പാട്ട ബാക്കി
വെക്കാതെ സമയാസമയം കൊടുത്ത് തീര്‍ത്തിട്ടുണ്ട്. കൊയ്ത നെല്ല് മുഴുവനും പാട്ടം അളന്ന് പട്ടിണി കിടന്ന കാലം  മറന്നിട്ടില്ല. ഇന്നും രണ്ട് നേരം കഞ്ഞിയാണ് കഴിക്കാറ്. വേനലായാല്‍ വെള്ളച്ചോറും.

' ഇത്രയൊക്കെ ആയില്ലേ, ഇനി പൂളച്ചോട്ടിലേക്ക് കെട്ടി എടുക്കുന്നത് വരെ ഇങ്ങിനെയങ്ങിട്ട് കഴിഞ്ഞ്പോകട്ടെ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ വെള്ളത്തിലേക്ക് ഇറങ്ങി. കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ പഴയ മട്ടുകാരനാണ്. സോപ്പ് ഉപയോഗിക്കാറില്ല. വൈകുന്നേരം പണി മാറി ചെന്നിട്ട് മേലാസകലം നല്ലെണ്ണ പുരട്ടി കുറെ നേരം നില്‍ക്കും. പിന്നെ ചെറുപയര്‍
 അരച്ചത് തേച്ചിട്ട് വിസ്തരിച്ച് ഒരു കുളിയാണ്. ഇടക്ക് തന്‍റെ വസ്ത്രങ്ങള്‍ ചാരമണ്ണ് ഇട്ട് വേവിച്ച് എടുത്ത് തല്ലി വെളുപ്പിക്കും. ഒരു കാര്യത്തിനും ആരേയും ആശ്രയിക്കാറില്ല.

നാണു നായര്‍ കൂട്ടുകാരനെ കാത്ത് നിന്നു. രണ്ട് പേരും കൂടി അയ്യപ്പന്‍ കാവിലേക്ക് നടന്നു. ഇരുവരും കാവില്‍ മുടങ്ങാതെ ചെന്ന് തൊഴാറുള്ളതാണ്. നാണുനായര്‍ പതിനെട്ട് പ്രാവശ്യം ശബരിമലക്ക്പോയിട്ടുണ്ട്. ഒടുവിലത്തെ പ്രാവശ്യം ഭഗവാന് തെങ്ങ് സമര്‍പ്പിച്ച്പോന്നതാണ്. പിന്നെ പോയിട്ടില്ല, ' അവിടേയും ഇവിടേയും ഒരാള് തന്നെയല്ലേ ഉള്ളത് ' എന്ന ന്യായം പറഞ്ഞ്
കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ ശബരിമലക്ക്പോയതുമില്ല.

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങി. ആല്‍ പ്രദക്ഷീണം വെച്ച ശേഷം ഇരുവരും നടന്നു. നാണുനായര്‍ സങ്കടങ്ങളുടെ കെട്ട് അഴിച്ചു. വിഷമങ്ങള്‍ പറഞ്ഞ് മനസ്സിന്ന് ഒരു സമാധാനം  കിട്ടുന്നത്എഴുത്തശ്ശനോട് സംസാരിക്കുമ്പോഴാണ്.

' ഇന്നലേയും അവന്‍ വന്നു, ആ ശാന്തയുടെ കെട്ട്യോന്‍ ' നാണുനായര്‍ പറഞ്ഞു ' വീട് വിറ്റിട്ട് ഭാഗം നടത്തണം എന്നാ അവന്‍ പറയുന്നത്. മകളെ കെട്ടിച്ചയക്കാന്‍ ഇതേ ഒരു മാര്‍ഗ്ഗം ഉള്ളന്നാ അവരുടെ വാദം '.

' എന്നിട്ട്നിങ്ങള് എന്താ പറഞ്ഞത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഞാനെന്താ പറയുക, വയസ്സാന്‍ കാലത്ത് പീടിക തിണ്ണയില്‍ പോയി കിടക്കാന്‍ എനിക്ക് വിരോധം ഒന്നും ഇല്ല. പക്ഷെ കെട്ടിച്ച് കൊടുക്കാന്‍ പറ്റാതെ വീട്ടില്‍ ഒരെണ്ണം നില്‍പ്പുണ്ടല്ലോ, പത്ത് അമ്പത് വയസ്സായാലും അതും  ഒരു പെണ്ണല്ലേ '.

' നിങ്ങള് മിണ്ടാണ്ടിരിക്കിന്‍ ' എഴുത്തശ്ശന്‍ കൂട്ടാളിയെ ആശ്വസിപ്പിച്ചു ' തരാന്‍ സൌകര്യം ഇല്ല എന്ന് പറഞ്ഞോളിന്‍ , എന്താ ചെയ്യാന്ന് നമുക്ക് കാണാലോ '.

' എന്ത് ആവ്വോ ആവോ ' എന്ന് നായര്‍ പരിതപിച്ചു. വഴി പിരിയാറായപ്പോള്‍ പൊടുന്നനെ നായര്‍ വിമ്മി കരഞ്ഞു. ചെറിയ പിള്ളരെപ്പോലെ എന്താ ഈ കാട്ടുന്നത്എന്നും പറഞ്ഞ് കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ കൂട്ടുകാരനെ ആശ്വസിപ്പിച്ചു. കണ്ണീര് തുടച്ചിട്ട് നായര്‍ കൂട്ടുകാരന്‍റെ കയ്യില്‍ പിടിച്ചു.

' അസൂയ പറയാണെന്ന് തോന്നരുത് ' നായര്‍ പറഞ്ഞു ' താനാണ് യഥാര്‍ത്ഥ ഭാഗ്യവാന്‍ . തനിക്ക് ഒന്നല്ലേ ഉള്ളു, തമ്മില്‍ തല്ലാന്‍ വേറൊന്നും ഇല്ലല്ലോ '.

എഴുത്തശ്ശന്‍ ഒന്നും മിണ്ടിയില്ല. ആ തോന്നല്‍ അങ്ങിനെ തന്നെ ഇരിക്കട്ടെ. തന്‍റെ സങ്കടങ്ങള്‍ എന്തിന് അന്യരെ അറിയിക്കണം. കൈ ചുരുട്ടി പിടിച്ച് ഇരിക്കുമ്പോള്‍ അതിനകത്ത് എന്തോ ഉള്ളതായി മറ്റുള്ളവര്‍ കരുതും. തുറന്നാലല്ലേ കാലിയാണെന്ന് അറിയൂ.

നായര്‍ യാത്ര പറഞ്ഞ് തെക്കോട്ട് നടന്നു. എഴുത്തശ്ശന്‍ മറു വശത്തേക്കും. ഒരു നിമിഷം അയാള്‍ തന്നെ കുറിച്ച് ഓര്‍ത്തു. കാണുന്നവര്‍ക്ക് താന്‍ അതി ഭാഗ്യവാന്‍. വാസ്തവത്തിലോ, ആര്‍ക്കും വേണ്ടാത്ത ഒരു അനാവശ്യ വസ്തുവായി സ്വന്തം വീട്ടില്‍ കഴിയുന്നു. അതൊന്നും ആരും അറിയരുത്. ഈ കാണുന്ന സ്വത്തെല്ലാം കഷ്ടപ്പെട്ട് നേടി. ഇന്ന് തനിക്ക് എന്തെങ്കിലും വേണോ എന്ന് ചോദിക്കാന്‍ ആരുമില്ല. തന്‍റെ വാക്കുകള്‍ക്ക് ആരും വില കല്‍പ്പിക്കാറില്ല. ഭാര്യ ഇല്ലാത്തവന് വയസ്സ് കാലം തീര്‍ത്തും ഒറ്റപ്പെടലിന്‍റേതാണ്. അസുഖം ആയിട്ട് നാല്ദിവസം കിടപ്പിലായാല്‍ കഴിഞ്ഞു. നോക്കാന്‍ ആളില്ലാതെ പുഴുത്ത് ചാവും. അങ്ങിനെയൊന്നും പറ്റാതെ നോക്കിക്കൊള്ളണേ അയ്യപ്പാ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു. ഈ നിമിഷം ഇവിടെ വെച്ച്ജീവിതം അവസാനിച്ചാല്‍  അതില്‍ കൂടുതല്‍  ഭാഗ്യമില്ല.

പാടത്ത്നിറയെ മുളച്ച്പൊങ്ങിവന്ന നെല്‍ചെടികളെ നോക്കി.മനസ്സിന്ന് ഒരു ശാന്തത കിട്ടുന്നത് അപ്പോഴാണ്.കൃഷിക്കാരന് സ്വന്തം മക്കളെ പോലെയാണ് താന്‍ കൃഷി ചെയ്തതും. ' മക്കളെ നിങ്ങള്‍ക്ക് വേണ്ടി,നിങ്ങള്‍ക്ക് മാത്രമായി ഞാന്‍ ജീവിക്കുന്നു ' എന്ന് അയാള്‍ മനസ്സില്‍ പറഞ്ഞു. മുരുക മലയില്‍ തട്ടി മടങ്ങിയെത്തിയ കാറ്റും തലക്ക് മുകളിലെ സൂര്യനും നനച്ച തുണികളിലെ ഈര്‍പ്പം നുകര്‍ന്നു കൊണ്ടിരുന്നു. ഇനിയും ഒരുപാട് പണികള്‍ ചെയ്ത് തീര്‍ക്കാനായി കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ നടന്നു. കെട്ടി വലിച്ച മാതിരി അയാളുടെ പുറകിലായി സ്വന്തം നിഴല്‍ മണ്ണിലൂടെ ഇഴഞ്ഞ് നീങ്ങി.

2 comments:

  1. കെട്ടി വലിച്ച മാതിരി അയാളുടെ പുറകിലായി സ്വന്തം നിഴല്‍ മണ്ണിലൂടെ ഇഴഞ്ഞ് നീങ്ങി.

    good.

    ReplyDelete
  2. ഒരു കണ്ടത്തിലൂടെ നടന്ന പ്രതീതി.

    ReplyDelete