Monday, April 25, 2011

നോവല്‍  - അദ്ധ്യായം - 133.

' ഇതുവരെ നടന്ന മാതിരി ആവും ഇത് എന്ന് കരുതണ്ടാ ' പൊലീസ് സൂപ്രണ്ട് ഫോണിലൂടെ പറഞ്ഞു ' നിങ്ങളുടെ മകന്‍ ഇടയ്ക്ക് ഓരോന്ന് ഒപ്പിക്കും. എന്നിട്ട് അയാളെ രക്ഷിക്കാന്‍ ഞാന്‍ പെടാപ്പാട് പെടണം. ഈ പ്രാവശ്യം അത് നടക്കില്ല '.

അദ്ദേഹം വീട്ടിലെത്തി ഏറെ കഴിയുന്നതിന്ന് മുമ്പാണ് ഫോണ്‍ വന്നത്. ഭര്‍ത്താവ് സംസാരിക്കുന്നത് ഭാര്യ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആരോടാണ് സംസാരിക്കുന്നത് എന്ന് അവര്‍ക്ക് മനസ്സിലായില്ല.

' നിങ്ങള്‍ക്ക് സംഭവത്തിന്‍റെ ഗൌരവം അറിയാഞ്ഞിട്ടാണ്. ആ പെണ്ണിനെ തട്ടിയപ്പോള്‍ അവര്‍ക്ക് സ്വാധീനം ഇല്ലാത്തതോണ്ട് ഒതുക്കി തീര്‍ക്കാന്‍ പറ്റി. ഇത് അങ്ങിനെയാണോ. ആക്രമിക്കപ്പെട്ട ആള്‍ തീരെ നിസ്സാരനല്ല. അയാളുടെ അളിയന്‍ പേരെടുത്ത വക്കീലാണ്. എന്തെങ്കിലും ചെയ്ത് എന്‍റെ തൊപ്പി കളയാന്‍ ഞാനില്ല '.

വേണ്ടപ്പെട്ട ആരോ കേസ്സില്‍ കുടുങ്ങിയിട്ടുണ്ട്, ആരായാലും കുറച്ച് കഴിയുമ്പോള്‍ അറിയും എന്ന് സരസ്വതിയമ്മ മനസ്സില്‍ കരുതി.

' എവിടെ പോയി ഒളിച്ചിട്ടും കാര്യം ഒന്നൂല്യാ. വെട്ടുകൊണ്ട ആള് മരിക്കാതിരിക്കാന്‍ ദൈവത്തിന്‍റെടുത്ത് പ്രാര്‍ത്ഥിക്കിന്‍. അയാള്‍ക്ക് വല്ലതും പറ്റിയാല്‍ തൂക്കുകയര്‍ ഒഴിവായാലും ജീവപര്യന്തം ഉറപ്പാ '.

സംഭാഷണം നീണ്ടു പോയി.

' ഇപ്പൊ ദൂരെ മാറി താമസിക്കാനൊന്നും നില്‍ക്കണ്ടാ. വീട്ടില്‍ കൂടാന്‍ വയ്യെങ്കില്‍ വേറെ എവിടെയെങ്കിലും കഴിഞ്ഞോട്ടെ. ഞാന്‍ അന്വേഷിക്കുമ്പോള്‍ ആളെ കിട്ടണം. അതുവരെ ഞാന്‍ നോക്കിക്കോളാം '.

ഫോണ്‍ താഴെ വെച്ച് നോക്കിയത് ഭാര്യയുടെ മുഖത്ത്. ചോദിക്കുന്നതിന്ന് മുമ്പെ ഉത്തരം വന്നു.

' രാഘവനാണ് വിളിച്ചത്. അയാളുടെ മകന്‍ ഒരാളെ വെട്ടി. വെട്ടേറ്റ ആളുടെ നില സീരിയസ്സാണ് എന്നാണ് പറഞ്ഞത് '.

' ഈ കുട്ടി എന്ത് കണ്ടിട്ടാ വേണ്ടാത്തതിനൊക്കെ പുറപ്പെടുന്നത് ' അവര്‍ ചോദിച്ചു.

' അച്ഛന്‍റെ പണം കണ്ടിട്ട്. അല്ലാതെന്താ '.

'അനുഭവിക്കട്ടെ. സഹായിക്കാന്‍ ചെന്നിട്ട് നിങ്ങള്‍ക്ക് കുഴപ്പം ഒന്നും വരാതെ സൂക്ഷിച്ചോളിന്‍ '.

ഭിത്തിയിലിരുന്ന പല്ലി അതുകേട്ട് ചിലച്ചു.

******************************************

' അയാള്‍ എന്താ പറഞ്ഞത് എന്നറിയണോ ' രാഘവന്‍ ക്ഷോഭംകൊണ്ട് പൊട്ടിത്തെറിച്ചു ' ഇടയ്ക്കിടയ്ക്ക് ഓരോ കേസ്സും കൂട്ടവും ഉണ്ടാക്കിയാല്‍ സഹായിക്കാന്‍ പറ്റില്ലാന്ന് '

' എനിക്ക് കേള്‍ക്കണ്ടാ അയളുടെ വര്‍ത്തമാനം ' രാഘവന്‍റെ ഭാര്യക്ക് കോപം വന്നു ' ലോഹ്യം പറഞ്ഞ് ചിരിച്ചു കാണിച്ചിട്ട് എന്തൊക്കെ നമ്മടേന്ന് വാങ്ങി. ഒരു ആവശ്യം വന്നപ്പോള്‍ പണ്ട് അങ്ങാടിയില്‍ കണ്ട പരിചയം ഇല്ല '.

' എന്തിനാ അയാളെ കുറ്റം പറയുന്നത്. നമ്മുടെ പുത്രന്‍റെ സ്വഭാവഗുണം കൊണ്ടല്ലേ എനിക്ക് ഇതൊക്കെ കേള്‍ക്കേണ്ടി വരുന്നത് '.

' സ്വഭാവ മഹിമ പറയാന്‍ പറ്റിയൊരു യോഗ്യന്‍. കല്യാണം കഴിയുന്നതിന്ന് മുമ്പ് നിങ്ങള് കാണിച്ചിട്ടുള്ള തോന്നിയവാസങ്ങള് കൂറച്ചൊക്കെ ഞാനും കേട്ടിട്ടുണ്ട് '.

അതോടെ രാഘവന്‍റെ വായ അടഞ്ഞു.

'വെട്ടുകൊണ്ട ആള് മരിച്ചില്ലെങ്കില്‍ വലിയ പ്രശ്നം വരാതെ നോക്കാം. ഇല്ലെങ്കില്‍ ബുദ്ധിമുട്ടും എന്നാ സൂപ്രണ്ട് സാര്‍ പറയുന്നത് '.

' അവന്‍റെ അടുത്ത് എങ്ങോട്ടെങ്കിലും മാറി നില്‍ക്കാന്‍ പറയണോ 'രാഘവനോട് ഭാര്യ ചോദിച്ചു.

' അതൊന്നും വേണ്ടാ. വിളിക്കുമ്പൊ ആളെ കിട്ടുന്ന ദിക്കിലേ പോകാവൂ എന്ന് പറഞ്ഞിട്ടുണ്ട് '.

'എന്നാല്‍ മലമ്പള്ളയിലെ നമ്മുടെ തോട്ടത്തില്‍ ചെന്നോട്ടെ. രാവിലെ ലക്ഷ്മിയുടെ കയ്യില്‍ അവനുള്ള ആഹാരം എത്തിക്കാം. പണിക്ക് പോണ മാതിരി ചെന്നാ മതി. അവളാവുമ്പോ ഇരുചെവി അറിയില്ല '.

***********************************

കിട്ടുണ്ണി മാഷ് എത്തുമ്പോള്‍ രാത്രിയായി കഴിഞ്ഞു.

' ഞാന്‍ ഇപ്പൊ അറിഞ്ഞതേയുള്ളു ' അയാള്‍ പറഞ്ഞു ' എന്താ ഡോക്ടര്‍മാരുടെ അഭിപ്രായം '.

'നാല്‍പ്പത്തെയെട്ട് മണിക്കൂര്‍ കഴിഞ്ഞാലേ എന്തെങ്കിലും പറയാന്‍ പറ്റൂ എന്നാണ് പറഞ്ഞത് 'വക്കീല്‍ പറഞ്ഞു.

'ഞാന്‍ ചെന്ന് ഒന്ന് അന്വേഷിക്കട്ടെ. ചിലപ്പോള്‍ മകളുടെ കൂടെ പഠിച്ച വല്ലവരും ഉണ്ടാവും '.

അതും പറഞ്ഞ് പോയ കിട്ടുണ്ണി മാഷ് പിന്നീട് എത്തുന്നത് പുലര്‍ച്ചെയാണ്. വന്നെത്തിയതും അയാള്‍ വിശ്വനാഥന്‍ വക്കീലിനെ സമീപിച്ചു.

' വക്കീലേട്ടാ, ഒന്നു വരൂ. ഒരു കാര്യം പറയാനുണ്ട് '.

ആളൊഴിഞ്ഞ ഇടന്നാഴിയില്‍ അവര്‍ നിന്നു.

' ഒക്കെ ഓരോരുത്തരുടെ തലയിലെഴുത്താണ് എന്ന് കരുതിയാല്‍ മതി ' അയാള്‍ പറഞ്ഞു ' പോവുന്നോര് പോവും. ഇരിക്കുന്ന ആള്‍ക്കാരുടെ കാര്യം നോക്കണോലോ '.

' എന്താ താന്‍ പറഞ്ഞോണ്ട് വരുന്നത് '.

' വെട്ടിയ പയ്യന്‍ നമുക്ക് വേണ്ടപ്പെട്ട ആളാണ് '.

' അതിലും വേണ്ടപ്പെട്ട ആളല്ലേ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ അകത്ത് കിടക്കുന്നത് '.

'അത് ശരിയാണ്. എന്നാലും കേസ്സിലൊന്നും പെടാതെ അവനെ രക്ഷിക്കണം. എന്താ വേണ്ടത് എന്ന് പറഞ്ഞാല്‍ മതി. ഞാന്‍ പറഞ്ഞ് എത്തിച്ചോളാം '.

വക്കീലിന്‍റെ വലത്തെ കയ്യ് കിട്ടുണ്ണിയുടെ കവിളില്‍ പതിച്ചു.

' ഇത് കുറെ മുമ്പ് വേണ്ടതായിരുന്നു ' വക്കീല്‍ മനസ്സില്‍ പറഞ്ഞു.

കിട്ടുണ്ണി കവിളില്‍ തലോടി. എന്നിട്ട് ഒന്നും പറയാതെ ഇറങ്ങിപ്പോയി.

*************************************************

പത്തു മണിയോടെ സബ്ഇന്‍സ്പെക്ടര്‍ ആസ്പത്രിയിലെത്തി.

" ആരാ മില്ലിന്‍റെ ഓണര്‍ ' അയാള്‍ ചോദിച്ചു. രാധാകൃഷ്ണന്‍ അടുത്തു ചെന്നു.

'നിങ്ങളോട് ചിലത് ചോദിക്കാനുണ്ട് ' .

ആസ്പത്രി വളപ്പിലെ മരത്തിന്ന് ചുവട്ടില്‍ നിര്‍ത്തിയിരുന്ന ജീപ്പിന്‍റെ അടുത്തേക്ക് അവര്‍ നടന്നു.

' എന്താ സംഭവം '.

രാധാകൃഷ്ണന്‍ നടന്നതെല്ലാം വിവരിച്ചു.

' സംഭവത്തിന്ന് സാക്ഷികള്‍ ആരൊക്കെയുണ്ട് '.

' ഒന്ന് വെട്ടുകൊണ്ട വേണു അങ്കിള്‍ '

'ഇപ്പോഴത്തെ ചുറ്റുപാടില്‍ അയാളെ സാക്ഷിയാക്കാന്‍ പറ്റില്ല. അയാള്‍ രക്ഷപ്പെട്വോന്ന് ഉറപ്പില്ല '.

' പിന്നെ ഞാന്‍ '.

' നിങ്ങളാണ് പ്രധാന സാക്ഷി. ഇനി ആരുണ്ട് '.

രാധാകൃഷ്ണന്‍ മായന്‍കുട്ടിയുടെ പേര് പറഞ്ഞു.

' അവന്‍റെ ഡീറ്റേയില്‍സ് പറ '.

രാധാകൃഷ്ണന്‍ അറിയാവുന്ന വിവരങ്ങള്‍ പറഞ്ഞു.

'താനെന്താ മനുഷ്യനെ കളിയാക്ക്വാ. പൊട്ടനേം പ്രാന്തനേം സാക്ഷിയാക്കീട്ട് വേണം കോടതീന്ന് എനിക്ക് വല്ലതും കിട്ടാന്‍ '.

രാധാകൃഷ്ണന്‍ ഒന്നും മിണ്ടിയില്ല.

' ആ പെണ്ണില്ലേ അവളോ ' ഇന്‍സ്പെക്ടര്‍ ചോദിച്ചു.

' അവളും എല്ലാം കണ്ടതാണ് '.

' പക്ഷെ കോടതീല്‍ കേറി താനാ ചെയ്തത് എന്ന് പറഞ്ഞാലോ '.

അങ്ങിനെയുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കി.

' വെട്ടാന്‍ ഉപയോഗിച്ച വാള്‍ എവിടെ '.

' മില്ലിലുണ്ടാവും '.

' ഞങ്ങള്‍ സ്ഥലം പരിശോധിച്ചിട്ടാ വരുന്നത്. അവിടെ വാളും ഇല്ല. വടിയും ഇല്ല. സാധനം തേടി പിടിച്ച് ഞങ്ങളെ ഏല്‍പ്പിക്കണം. ഇല്ലെങ്കില്‍ വിവരം അറിയും '.

ജീപ്പ് ആസ്പത്രി വളപ്പില്‍ നിന്ന് പുറത്തേക്കിറങ്ങി.

*********************************************

ഉച്ച തിരിഞ്ഞതും ചാമിയും വേലപ്പനും എത്തി. കണ്ണാടീലെ വീട്ടില്‍ ചെന്ന് സന്ധ്യയാവുമ്പോഴേക്കും പോവാമെന്ന് എല്ലാവരും നിര്‍ബന്ധിച്ചതാണ്. പിന്നെ ഒരു ദിവസം വരാമെന്നും പറഞ്ഞ് നേരെ പോന്നു. ബസ്സ് സ്റ്റോപ്പില്‍ അവര്‍ ഇറങ്ങിയതും പെട്ടിക്കടക്കാരന്‍ വിളിച്ചു. വിവരം അറിഞ്ഞതും ചാമി തളര്‍ന്ന മട്ടില്‍ നിലത്തിരുന്നു.

'എന്‍റെ മകളെ ' എന്ന് കരഞ്ഞു വിളിച്ചുകൊണ്ട് വേലപ്പന്‍ പുരയിലേക്ക് ഓടി.

അകലെ നിന്നും പാലക്കാട്ടേക്കുള്ള ബസ്സിന്‍റെ ഇരമ്പല്‍ കേട്ടു. ചാമി മെല്ലെ എഴുന്നേറ്റ് ബസ്സിന്ന് കൈ കാണിച്ചു.

***********************************************

നേരം മൂന്ന് മൂന്നര ആയിട്ടേയുള്ളു. അങ്ങാടിയില്‍ അധികം ആളുകളില്ല. മായന്‍കുട്ടി റോഡിലൂടെ വടക്കു നിന്ന് വരികയാണ്. ഉടുത്ത മുണ്ട് കീറി കൊടിയാക്കി വാളില്‍ കെട്ടി തൂക്കിയിട്ടുണ്ട്.

'എന്താടാ നിന്‍റെ കയ്യില് ' ബീഡി വലിച്ച് പീടിക തിണ്ടില്‍ ഇരിക്കുന്ന സൈക്കിള്‍ക്കടക്കാരന്‍ നാവുണ്ണി ചോദിച്ചു.

' കൊടി '

' നിന്‍റെ വാളില് എന്താ ചോപ്പ് നിറം '.

' അഞ്ച് തലയുള്ള പാമ്പിനെ ഞാന്‍ വെട്ടി വെട്ടി കൊന്നു. അതിന്‍റെ ചോര ആയതാ '.

' കഷ്ടം. ചെക്കന്‍റെ പ്രാന്തൊക്കെ മാറിയതായിരുന്നു. ' നാവുണ്ണി ആത്മഗതം ചെയ്തു ' ഇപ്പൊ ഇതാ വീണ്ടും തുടങ്ങീരിക്കുന്നു '.

സുകുമാരന്‍ വെട്ടേറ്റ് മരിച്ച വിവരം അവന്‍റെ വീട്ടിലറിയിക്കാന്‍ ലക്ഷ്മി അപ്പോള്‍ കരഞ്ഞുകൊണ്ട് ഓടി പോവുകയയിരുന്നു.

***********************************************

നാല് മണി കഴിഞ്ഞതും പത്മിനി മകനോടൊപ്പം ആസ്പത്രിയിലെത്തി.

' എന്തിനാ അമ്മയെ കൊണ്ടു വന്നത് ' വക്കീല്‍ മകനോട് ചോദിച്ചു ' അഡ്മിറ്റ് ചെയ്യാനാണോ '.

വേണുവിന്ന് ആപത്ത് സംഭവിച്ച വിവരം അറിഞ്ഞതും പത്മിനി മോഹാലസ്യപ്പെട്ടിരുന്നു. മയക്കം തെളിഞ്ഞതു മുതല്‍ കരച്ചില്‍ തന്നെ. രാത്രിയാവുമ്പോഴേക്കും രക്ത സമ്മര്‍ദ്ദം കൂടി. ഇന്‍ജെക്ഷന്‍ എടുത്ത് ഉറക്കി കിടത്തി. നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ കഴിഞ്ഞേ എന്തെങ്കിലും പറയാനാവൂ, അതിന്ന് ശേഷമേ വേണുവിനെ കാണാന്‍ പറ്റുകയുള്ളു എന്നെല്ലാം പറഞ്ഞ് അവരെ വീട്ടില്‍ തന്നെയിരുത്തിയതാണ്.

' ഞാന്‍ പറഞ്ഞു നോക്കി ' മുരളി പറഞ്ഞു ' എനിക്ക് ഇപ്പോള്‍ തന്നെ പോകണം എന്നു പറഞ്ഞ് ഒരേ വാശി '.

വക്കീല്‍ പത്മിനിയെ നോക്കി. പാവം. മുഖം കരഞ്ഞ് വീര്‍ത്തിട്ടുണ്ട്. വല്ലാതെ ക്ഷീണിച്ച ലക്ഷണം തോന്നുന്നു. ശരിക്ക് ഭക്ഷണമൊന്നും കഴിച്ചിട്ടുണ്ടാവില്ല.

' എന്തിനാ താന്‍ കഷ്ടപ്പെട്ട് പോന്നത് ' വക്കീല്‍ ചോദിച്ചു ' ഞാന്‍ ഇവിടെ തന്നെയുണ്ടല്ലോ '. കാലത്ത് വീട്ടില്‍ ചെന്ന് കുളിയും ഭക്ഷണവും കഴിഞ്ഞു വരുന്നതൊഴിച്ചാല്‍ ബാക്കി സമയം മുഴുവന്‍ വക്കീല്‍ ആസ്പത്രിയില്‍ തന്നെയാണ്. വിവരം അന്വേഷിച്ച് വക്കീലിന്‍റെ പരിചയക്കാരായ നിരവധി പേര്‍ എത്തും.

' വിശ്വേട്ടന്‍ ഇല്ലാഞ്ഞിട്ടല്ല. എനിക്ക് ഒരു മനസ്സമാധാനവും ഇല്ല 'പത്മിനി പറഞ്ഞു.

'വെറുതെ ഓരോന്ന് ആലോചിച്ച് വയ്യാതാവണ്ടാ. ഇങ്ങിനെ പോയാല്‍ ആങ്ങളയുടെ ഒപ്പം താനും ഇവിടെ കിടക്കേണ്ടി വരും '.

'എനിക്കതൊന്നും സാരൂല്യാ. എന്‍റെ ജീവന്‍ എടുത്തിട്ട് ഈശ്വരന്‍ അവനെ രക്ഷിക്ക്യാണെങ്കില്‍ എനിക്ക് അതില്‍പ്പരം സന്തോഷം ഉണ്ടാവാനില്ല '.

' വെറുതെ വേണ്ടാത്തത് ഓരോന്ന് പറയണ്ടാ ' വക്കീല്‍ ശാസിച്ചു.

കുറച്ചു നേരം അവര്‍ മിണ്ടാതെ ബെഞ്ചിലിരുന്നു. പിന്നെ എഴുന്നേറ്റ് വക്കീലിനെ സമീപിച്ചു.

' നാല്‍പ്പത്തെട്ട് മണിക്കൂര്‍ കഴിഞ്ഞാലേ പറയാന്‍ പറ്റൂന്നല്ലേ ഡോക്ടര്‍ പറഞ്ഞത്. ആ സമയം ആവാറായില്ലേ '.

' താനെന്താ ഈ പറയുന്നത്. ടൈംപീസില്‍ അലാറം വെച്ചു നോക്കി പറയണ്ട കാര്യാണോ ഇത്. വിശേഷിച്ച് വല്ലതും ഉണ്ടെങ്കില്‍ അവര് പറയില്ലേ '.

പത്മിനി ചുറ്റുപാടും നോക്കി. കളപ്പുരയില്‍ നിന്ന് ആരേയും കാണാനില്ല.

' കളപ്പുരയിലെ ഇവന്‍റെ കൂട്ടുകാരാരും ഇല്ലേ ഇവിടെ ' അവര്‍ ചോദിച്ചു.

' നാണു നായരേയും എഴുത്തശ്ശനേയും കൂടെയുള്ളവര്‍ വരാന്‍ സമ്മതിച്ചില്ല. വയസ്സായവരല്ലേ. ഇവിടെ വന്നിട്ട് എന്തെങ്കിലും വയ്യായ വന്നാലോ എന്ന് വിചാരിച്ച് ഒഴിവാക്കിയതാണ് ' വക്കീല്‍ പറഞ്ഞു ' ഒരു സ്വാമിനാഥനും മേനോനും സദാ സമയവും ഇവിടെയുണ്ട്. ഇപ്പൊ എന്തിനോ രണ്ടാളും കൂടി പുറത്ത് പോയതേയുള്ളു. സാറ് ആളായിട്ട് ഇവിടെ ഇരുന്നാല്‍ മതി, ബാക്കി ഞങ്ങളായി എന്നും പറഞ്ഞ് എല്ലാറ്റിനും അവരാണ് മുമ്പില്‍ '.

' ചാമി വന്നില്ലേ 'പത്മിനിക്ക് പരിചയം ചാമിയേയാണ്.

' ഇന്നലെ വൈകുന്നേരം എത്തി ' വക്കീല്‍ മറുപടി നല്‍കി ' വന്ന് കുറച്ച് കഴിഞ്ഞതും ഇവിടെ നിന്ന് ഇറങ്ങി മുറ്റത്തെ വാകയുടെ ചോട്ടില്‍ ചെന്ന് കീഴാലും കുമ്പിട്ട് ഇരുന്നതാണ്. ഇതു വരെ അവന്‍ അവിടെ നിന്ന് എഴുന്നേറ്റിട്ടും ഇല്ല. ഒന്നും കഴിച്ചിട്ടും ഇല്ല '.

' ദിവസം ഒന്ന് കഴിഞ്ഞില്ലേ. നിര്‍ബന്ധിച്ച് ആഹാരം വല്ലതും കഴിപ്പിക്കായിരുന്നില്ലേ ' പത്മിനി ചോദിച്ചു.

' നിര്‍ബന്ധിക്കാത്ത കേടൊന്നും ഇല്ല. മാറി മാറി ഓരോരുത്തരും ചെന്ന് പറഞ്ഞു. മുതലാളി കണ്ണ് മിഴിച്ചിട്ടേ എന്തെങ്കിലും കഴിക്കൂ എന്നും പറഞ്ഞ് ആ വിദ്വാന്‍ ഒറ്റ ഇരിപ്പാണ് '.

' പാവം. അവന്‍റെ പ്രാര്‍ത്ഥന കേട്ടിട്ടെങ്കിലും ദൈവം കണ്ണ് മിഴിക്കട്ടെ '.

പത്മിനി ബെഞ്ചില്‍ കിടന്നു.

***************************************************

' ചായ തണുത്തു ' സരോജിനി പറഞ്ഞു ' ഇങ്ങിനെ ഒന്നും കഴിക്കാതെ ഇരുന്നാലോ '.

' ഒന്നും വേണ്ടാ ' എഴുത്തശ്ശന്‍ പറഞ്ഞു. രണ്ട് ദിവസം അയാളില്‍ രണ്ട് ദശാബ്ദക്കാലത്തെ വാര്‍ദ്ധക്യം ചൊരിഞ്ഞിട്ടുണ്ട്.

' വേണ്വോട്ടന്‍ വരുമ്പഴയ്ക്ക് നിങ്ങള് രണ്ടാളേം ആസ്പത്രീലിക്ക് കൊണ്ടുപോണ്ടി വര്വോന്നാ എന്‍റെ പേടി ' സരോജിനി പറഞ്ഞു ' ഞാന്‍ കുറെ ചീത്ത പറഞ്ഞപ്പോള്‍ അച്ഛന്‍ ഒര്യാതി ഇത്തിരി കഞ്ഞിടെ വെള്ളം കുടിച്ചു. മടിക്കാണ്ടെ ഈ ചായ കുടിക്കൂ '.

നിര്‍ബന്ധം സഹിക്കാഞ്ഞപ്പോള്‍ എഴുത്തശ്ശന്‍ ഗ്ലാസ്സ് കയ്യിലെടുത്തു.

' ആസ്പത്രീലെ വിവരം എങ്ങിന്യാ നമ്മള് അറിയ്യാ ' അയാള്‍ ചോദിച്ചു.

' അമ്മിണിയമ്മയുടെ മരുമകന്‍ അവിടെ ഉണ്ട്. പൂജാക്കാരന്‍ നമ്പൂരിക്കുട്ടീം ഉണ്ടാവും. വിവരം വല്ലതും ഉണ്ടെങ്കില്‍ അവര് അറിയിക്കും '.

എഴുത്തശ്ശന്‍ ഒഴിഞ്ഞ ഗ്ലാസ്സ് നീട്ടി.

' ഇന്ന് മഴ പെയ്യുംന്ന് തോന്നുന്നു. അത്രയ്ക്ക് പുഴുക്കം ഉണ്ട് '. സരോജിനി വീട്ടിലേക്ക് നടന്നു.

*************************************************

' ആരാ ചാമി ' നേഴ്സ് വന്നു ചോദിച്ചു.

' എന്തേ ' മേനോനാണ് അടുത്തേക്ക് ചെന്നത്.

' പേഷ്യന്‍റ് കണ്ണ് തുറന്നു ' അവര്‍ പറഞ്ഞു ' ചാമി എവിടെ എന്ന് ചോദിച്ചു '.

' അവര്‍ തമ്മിലുള്ള സ്നേഹബന്ധം കണ്ട്വോ ' സ്വാമിനാഥന്‍ മേനോനോട് പറഞ്ഞു ' ബോധം വീണതും അന്വേഷിച്ചത് ആരേയാണെന്ന് കണ്ടില്ലേ '.

' എന്ത് ആവശ്യത്തിന്നും വേണു അയാളെയല്ലേ വിളിക്കാറ്. ഉപബോധ മനസ്സില്‍ ആ പേര് പതിഞ്ഞു കിടപ്പുണ്ടാവും ' മേനോന്‍ വേറൊരു വിശദീകരണം നല്‍കി.

ആരോ ചാമിയെ വിളിക്കാന്‍ ഓടി.

***************************************************

മുരുക മലയുടെ മുന്നില്‍ പൂത്തിരി കത്തിച്ചും മാലപ്പടക്കം പൊട്ടിച്ചും പ്രകൃതി വേനല്‍ മഴയെ വരവേറ്റു.ആകാശം ആലിപ്പഴം വാരി ചൊരിഞ്ഞു. കരിഞ്ഞ ചെടികളേയും പുല്‍ക്കൊടികളേയും പച്ചപ്പ് ചാര്‍ത്താന്‍ മഴ പെയ്തിറങ്ങി.

( അവസാനിച്ചു )

=============================================================================================================
അദ്ധ്യായം 1.

'' ഏക ദന്തായ വിദ്മഹേ
വക്ത്ര തുണ്ഡായ ധീ മഹി
തന്വോ ദന്തി പ്രചോദയാത് ''.

വിഷ്ണു നമ്പൂതിരിയുടെ ശബ്ദം ശ്രീ കോവിവിലിന്‍റെ പടവുകള്‍ ഇറങ്ങി പുറത്തെത്തി.

'' ഭഗവാനെ. നാളത്തെ മീറ്റിങ്ങില്‍ കുഴപ്പമൊന്നും വരാതെ എന്നെ കടാക്ഷിക്കണേ '' അനൂപ് നിറഞ്ഞ മനസ്സോടെ കൈകൂപ്പി. കമ്പനി പുതുക്കി നിശ്ചയിച്ച ടാര്‍ജറ്റ് കൈവരിക്കാന്‍ കഴിയാത്തതിലുള്ള വിഷമമാണ് മനസ്സ് മുഴുവന്‍.

'' ആരുടെ പിറന്നാളാ ഇന്ന് '' പ്രസാദവുമായി വന്ന ശാന്തിക്കാരന്‍ ചോദിച്ചു.

'' പിറന്നാളൊന്നും ഇല്ല ''.

'' ഗണപതി ഹോമം ഉള്ളതോണ്ട് ചോദിച്ചതാ '' ഇലച്ചീന്തിലുള്ള പ്രസാദം അനൂപിന്‍റെ കൈവെള്ളയിലേക്ക് ഇട്ടു കൊണ്ട് അയാള്‍ ചോദിച്ചു '' ആട്ടെ, അച്ഛന്ന് ഇപ്പൊ എങ്ങിനീണ്ട് ''.

''കിടപ്പിലാണ്. ഒരു ഭാഗം അനങ്ങുന്നില്ല. ഫിസിയോ തെറാപ്പി വേണം എന്ന് ഡോക്ടര്‍ പറഞ്ഞു ''.

'' ഗണപതി ഹോമത്തിന്‍റെ പ്രസാദം തിടപ്പള്ളീലാണ്. വന്നോളൂ. എടുത്തു തരാം ''.

തിരുമേനിയുടെ പുറകെ അനൂപ് നടന്നു. ശര്‍ക്കരപ്പാവില്‍ കൊട്ട നാളികേരത്തിന്‍റെ കഷ്ണങ്ങളും, മലരും, കരിമ്പിന്‍ തുണ്ടുകളും, ഗണപ്തി നാരങ്ങ ചെറുതായി നുറുക്കിയതും ചേര്‍ത്ത പ്രസാദം അയാള്‍ക്ക് വളരെ ഇഷ്ടമാണ്.

'' പൊതുവാള് കിടപ്പിലായതോടെ അമ്പലത്തിലെ കൊട്ട് മുടങ്ങി '' തിരുമേനി പറഞ്ഞു '' തനിക്കത് ചെയ്യേ വേണ്ടൂ. പൊതുവാള് വരാത്തപ്പൊ താന്‍ കൊട്ടാറുള്ളതല്ലേ ''.

അനൂപ് ഒന്നും പറഞ്ഞില്ല.

'' ആയിരത്തി അഞ്ഞൂറ് ഉറുപ്പിക ശമ്പളം. രണ്ടു നേരം ഓരോ പടച്ചോറും. നാട്ടില്‍ ഇത് കിട്ട്യാ എന്താ മോശം '' തിരുമേനി തുടര്‍ന്നു '' ഇഷ്ടാണെച്ചാല്‍ പറഞ്ഞോളൂ. ഞാന്‍ എക്സിക്യുട്ടീവ് ഓഫീസറുടെ അടുത്ത് പറഞ്ഞ് ശരിയാക്കാം. എന്താ പറഞ്ഞോട്ടെ ''.

'' പറയാന്‍ വരട്ടെ . വീട്ടില് അച്ഛന്‍റെ അടുത്തും അമ്മയുടെ അടുത്തും ചോദിക്കണം. '' അനൂപ് ഒഴിഞ്ഞു മാറി. ഈ പറഞ്ഞതോണ്ടൊന്നും ഒരു കുടുംബം പോറ്റാനാവില്ല.

'' അമ്പലത്തില്‍ കൊട്ടാന്‍ നിന്നാല്‍ പാന്‍റും കോട്ടും ഒക്കെ ഇട്ട് വിലസി നടക്കാന്‍ പറ്റില്ലല്ലോ. എന്തൊക്കെ പണി കിട്ട്യാലും ഇതിന്‍റെ സുകൃതം വേറെ എവിടുന്നും കിട്ടില്ല. അത് താന്‍ മനസ്സിലാക്കിക്കൊ ''.

താമസിയാതെ ആരംഭിക്കാനിരിക്കുന്ന അടുത്ത നോവലിന്‍റെ തുടക്കമാണ് മുകളില്‍ ചേര്‍ത്തത്.
എല്ലാ മാന്യ ബ്ലോഗര്‍മാരേയും വായനക്കായി ക്ഷണിക്കുന്നു.

സസ്നേഹം,
കേരളദാസനുണ്ണി.


19 comments:

  1. ഉഗ്രന്‍ അത്യുഗ്രന്‍ നോവല്‍ വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല എല്ലാവിധ ആശംസകളും നേരുന്നു......

    ReplyDelete
  2. ponmalakkaran I പൊന്മളക്കാരന്‍,

    വളരെ നന്ദി. അടുത്ത നോവല്‍ താമസിയാതെ തുടങ്ങും.

    ReplyDelete
  3. ചിരപരിചിതരായ ചിലർ വിടപറയുമ്പോഴുള്ള നഷ്ടബോധമാണ് നോവൽ അവസാനിക്കുമ്പോൾ അനുഭവപ്പെടുന്നത്. ശ്രീ പൊന്മളക്കാരൻ എഴുതിയ അതീവഹൃദ്യമായ ആസ്വാദനം ഈ നോവലിനോട് ചേർത്ത് വായിക്കേണ്ടതാണ്. http://ponmalakkaran.blogspot.com/2011/04/blog-post_22.html

    ReplyDelete
  4. കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടതിനാലാവണം നഷ്ടബോധം ഉണ്ടാവുന്നത്. വേറെ കുറെ പേരുമായി അടുത്ത നോവല്‍ തയ്യാറാവുന്നുണ്ട്.

    ReplyDelete
  5. പ്രിയ സുഹൃത്തേ! പല അദ്ധ്യായങ്ങളും വായിക്കാന്‍ വിട്ടു പോയി. ഒരുമിച്ച് വായിക്കുമ്പോഴുള്ള സുഖം കിട്ടുന്നതിന് പുസ്തകം അച്ചടിച്ച് വരാന്‍ കാത്തിരിക്കുന്നു. എല്ലാ വിധ ആശംസകളും നേരുന്നതിനോടൊപ്പം പുതിയ നോവല്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

    ReplyDelete
  6. ഷെറിഫ് സാര്‍,

    താമസിയാതെ നോവല്‍ പുസ്തകമാവും. പുതിയ നോവല്‍ 
    ആരംഭീക്കൂന്നുമുണ്ട്.

    ReplyDelete
  7. അങ്ങനെ അവസാനത്തെ അധ്യായവും വായിച്ചു!! ആദ്യം മുതല്‍ വായിക്കുന്നത് കൊണ്ടാവും കുറെ ദൂരം യാത്ര ചെയ്ത ബസ്സില്‍ ഒറ്റക്കാവുന്ന പോലെ ഒരു തോന്നല്‍ അവസാനഭാഗം വായിച്ചപ്പോള്‍!!

    ആശംസകള്‍ !!

    ReplyDelete
  8. തുടക്കം മുതല്‍ വായിച്ച് പ്രോത്സാഹനം നല്‍കിയതിന്ന് വളരെ നന്ദി. അടുത്ത നോവല്‍ വായിക്കാന്‍ ക്ഷണിക്കുന്നു.

    ReplyDelete
  9. നല്ല നമസ്ക്കാരം..
    ഈ നോവലിൽ ഒരു കൂട്ടായ്മയുണ്ട്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്നേഹം..... കനിവ്‌...വേദന..ഉഗ്രൻ സർവ്വമംഗളം
    ...ആശംസ്കൾ..

    ReplyDelete
  10. വളരെ സന്തോഷം. " നന്മയിലേക്ക് ഒരു ചുവട് " എന്ന അടുത്ത നോവലിനും ഈ രീതിയിലുള്ള പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

    ReplyDelete
  11. എത്രയും വേഗം പുസ്തകമാകട്ടെ. എന്നാലേ ഈ നോവല്‍ ആദ്യം മുതല്‍ വായിക്കാനാകാത്തതിന്റെ സങ്കടം തീര്‍ക്കാനാകൂ. വലിയൊരു നോവല്‍ കമ്പ്യൂട്ടര്‍ മോണിട്ടറില്‍ത്തന്നെ നോക്കി മുഴുവന്‍ ഒറ്റയിരിപ്പില്‍ വായിക്കുന്നത് സാഹസമെന്ന് കരുതുന്നു.
    പുതിയ നോവലിന്റെ വായനക്കാരനായി എന്തായാലും ആദ്യം മുതല്‍ക്കുതന്നെ ഞാനുണ്ടാകും. എല്ലാ ആശംസകളും.

    ReplyDelete
  12. നന്ദു,

    ഏറെ വൈകാതെ അടുത്തത് തുടങ്ങും. ആദ്യം തൊട്ടേ വായിച്ച് അഭിപ്രായം പറയുമല്ലോ.

    ReplyDelete
  13. അടുത്ത നോവല്‍ ഈ ബ്ലോഗില്‍ തന്നെ ആവുമോ അതോ വേറെ ബ്ലോഗ്‌ തുടങ്ങുന്നുണ്ടോ? ഉണ്ടെങ്കില്‍ ആ ലിങ്ക് ഈ ബ്ലോഗ്പോസ്റ്റ് ന്റെ അടിയില്‍ ഒന്ന് ഇടാന്‍ മറക്കരുതേ..

    ആശംസകള്‍!!

    ReplyDelete
  14. ഞാന്‍:ഗന്ധര്‍വ്വന്‍,

    അടുത്ത നോവല്‍ വേറൊരു ബ്ലോഗായി പോസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. അതിന്‍റെ ലിങ്ക് http://palakkattettan-novel2.blogspot.com എന്നാണ്.

    ReplyDelete
  15. ബ്ലോഗ് വായന കുറവാണു കമ്മന്റ് ഇടൽ അതിലേറെ കുറവും. ഗന്ധർവനാണു ലിങ്ക് തന്നത്, മൂന്നു ദിവസം കൊണ്ട് മുഴുവനും വായിച്ചു തീർത്തു, പറയുവാൻ വാക്കുകൾ ഇല്ലാ അത്ര ഇഷ്ട്ടപെട്ടു :)

    ReplyDelete
  16. പയ്യന്‍സ്,

    വേറൊരു ആവശ്യത്തിന്ന് ഈ നോവല്‍ വീണ്ടും ഒന്ന് നോക്കിയപ്പോഴാണ്‍ ഈ കമന്‍റ് കാണുന്നത്. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്ന് നന്ദി.

    ReplyDelete
  17. മുരുക മലയുടെ മുന്നില്‍ പൂത്തിരി കത്തിച്ചും മാലപ്പടക്കം പൊട്ടിച്ചും പ്രകൃതി വേനല്‍ മഴയെ വരവേറ്റു.ആകാശം ആലിപ്പഴം വാരി ചൊരിഞ്ഞു. കരിഞ്ഞ ചെടികളേയും പുല്‍ക്കൊടികളേയും പച്ചപ്പ് ചാര്‍ത്താന്‍ മഴ പെയ്തിറങ്ങി.

    കരിഞ്ഞ ചെടികളെയും പുല്‍ക്കൊടികളെയും പച്ചപ്പ്‌ ചാര്‍ത്തുന്ന നേരം നമ്മുടെ വേണുവിനെയും രക്ഷിക്കാന്‍ ഈശ്വരന്‍ കരുണ കാണിച്ചു.. നന്ദി ഏട്ടാ...

    ReplyDelete
  18. നോവല്‍ തീര്‍ന്നപ്പോള്‍ ശരീരത്തിലെ ശക്തി ചോര്‍ന്നു പോയ പോലെ. ഇനി ഒന്നും ചെയ്യാന്‍ ഇല്ലാത്തത് പോലെ.. ഒരു സങ്കടം...

    ReplyDelete
  19. നമ്മുടെ മനസ്സിന്‍റെ പൂമുഖത്ത് ചാരുകസേരയില്‍ കാരണവരായി ഇരിക്കുന്ന പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ശ്രീ കേരളദാസന്‍ ഉണ്ണി അവര്‍കള്‍ എഴുതിയ ഓര്‍മ ത്തെട്ടു പോലെ എന്ന നോവല്‍ ഞാന്‍ വായിച്ചു.



    സാഹോദര്യ സ്നേഹത്തിന്‍റെ നല്ല ഉദാഹരണങ്ങള്‍ ആണ് ഈ നോവലിലെ കഥാ നായകന്‍ വേണുവും പദ്മിനി ഓപ്പോളും.. നല്ല ദാമ്പത്യത്തിന്റെ ഉദാഹരണങ്ങള്‍ ആയ വിശ്വനാഥന്‍ വക്കീലും പദ്മിനിയും, സീതയെപ്പോലെ ഒരു പാട് കാലം ഭര്‍ത്താവിനെ അനുസരിച്ച് ജീവിച്ചു ഒടുവില്‍ ഉള്ളിലെ അഗ്നിപര്‍വതം പൊട്ടിയപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന രാധയും, ഏതു സ്നേഹബന്ധത്തിന് ഇടയിലും ഒരു ലാഭം കൊതിക്കുന്ന കൃഷ്ണന്‍ ഉണ്ണിയും ,ഗ്രാമത്തിന്‍റെ നിഷ്കളങ്കതയോടെ അച്ഛന്റെയും വലിയച്ചന്റെയും ഓമനയായി ജീവിക്കുന്ന കല്യാണിയും ഒരു നാള്‍ കാല്‍ ഇടറി പ്പോയത് മൂലം ജീവിതം ഹോമിക്കേണ്ടി വന്ന പാഞ്ചാലിയും പ്രായം ഏറെ ആയിട്ടും ഒരു സ്വപ്നത്തില്‍ പിടിച്ചു ജീവിച്ച സരോജിനിയും പ്രഭു പത്നിയായി ജീവിച്ചു പിച്ചക്കാരി ആയി മാറേണ്ടി വരുന്ന അമ്മ്യാരും ഒക്കെ നമ്മുടെ ചുറ്റും കാണുന്ന ജീവിതങ്ങളുടെ നേര്‍കാഴ്ചകള്‍ തന്നെ...
    എന്പതിയാര് വയസ്സായിട്ടും ദേഹത്തില്‍ ഒരു ചുളിവും വീഴാത്ത കരുത്തനായ കാരണവര്‍ എഴുത്തശ്ശന്‍ കൂട്ടുകാരന്‍ നാണു നായരും,ജീവിതത്തില്‍ പല തുറകളിലും കയറിയിറങ്ങി ഒടുവില്‍ സ്വാമിയേപ്പോലെ ജീവിക്കുന്ന നല്ല മനസ്സുള്ള രാജന്‍ സ്വാമി ചെറുപ്പത്തിന്റെ സകല ചീതസ്വഭവവും ഉള്ള സുകുമാരന്‍, അകന്നുപോയ തലമുറകളെ കൂട്ടിയോജിപ്പിക്കുന്ന രാധാകൃഷ്ണന്‍,എല്ലാറ്റിലും ഉപരി ശ്രീരാമന് മുന്നില്‍ ഹനുമാനെപ്പോലെ വേണുവിന്‍റെ കൂടെ കൂടിയപ്പോള്‍ എല്ലാ ചട്ടംബിതരങ്ങളും ഉപേക്ഷിച്ച ചാമി,കച്ചവടക്കാരന്‍ റാവുത്തര്‍ വളക്കാരന്‍,എല്ലാം നല്ലൊരു ഗ്രാമത്തിന്‍റെ ചിത്രം നമുക്ക് തരുന്നു..

    ആരും ഇല്ലാതിരുന്ന ഒരു പുഴയുടെ തീരത്ത് എഴുത്തശ്ശനും വേണുവിനും ശേഷം നാനാ ജാതി മതസ്ഥര്‍ വന്നു കൂടി അവിടം ഒരു കൊച്ചു ഗ്രാമം ആയി മാറുന്നത് നമുക്ക് കാണാം. അവിടെ അമ്പലം, പള്ളിക്കൊടം, ആശുപത്രി തുടങ്ങിയ എല്ലാ സൌകര്യവും ഉണ്ടായി വരുന്നു..

    പ്രകൃതി ഭംഗിയെ വര്‍ണ്ണിക്കുമ്പോള്‍ എഴുത്തുകാരന്‍ ധാരാളിയാകുന്നത് നമുക്ക് കാണാം. ഓരോ ഋതു മാറി വരുമ്പോഴും പാലക്കാടന്‍ മാനത്തിന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ ഭംഗിയായി വിവരിച്ചിരിക്കുന്നു..
    ഒരു കാര്‍ത്തിക നാളില്‍അവരുടെ ശ്രമദാനം കൊണ്ട് ഉണ്ടായ അമ്പലം ദീപ പ്രഭയില്മുങ്ങി നില്‍ക്കുന്നത് നമ്മുടെ കണ്മുന്നില്‍ കാണാം.
    പുതുവെള്ളത്തില്‍ വരുന്ന മീനും വരമ്പത്ത് ഇരിക്കുന്ന കൊറ്റി യും എന്തിനു ആകാശത്തില്‍ ചോക്ക് വര ഉണ്ടാക്കി കടന്നു പോകുന്ന വിമാനം പോലും ഈ നോവലിലെ കഥാപാത്രങ്ങള്‍ ആകുന്നു.

    ന മ്മുടെ പഴയ കൃഷിരീതികള്‍ എങ്ങനെ ആയിരുന്നു എന്ന് നമുക്ക് ഈ നോവലില്‍ വായിക്കാന്‍ കഴിയുന്നു..
    എഴുതസ്ഷന് അറിയാത്തത് ഒന്നുമില്ല. പണ്ടത്തെ കൃഷിയും വൈദ്യവും ഒറ്റമൂലികളും എല്ലാം തന്നെ ആ മനസ്സില്‍ മായാതെ ഇപ്പോഴും ഉണ്ട്..
    നമ്മുടെ മക്കള്‍ ഇനി ആ രീതികള്‍ ഒന്നും കണ്ടു എന്ന് വരില്ല. കേരളം എന്തെന്ന് അറിയാത്ത എന്‍റെ മരുമകനെയും മരുമകളെയും കൂട്ടി ഈ പ്രിയപ്പെട്ട സാഹിത്യകാരന്‍റെ നാട്ടിലേക്ക് ഒന്ന് പോയി, നമ്മുടെ നാട്ടില്‍ അന്യം നിന്ന് പോയ പഴയ കൃഷി രീതികള്‍ ഒന്ന് കാട്ടിക്കൊടുക്കണം എന്ന് പോലും ഞാന്‍ ചിന്തിക്കുന്നു. ആ പഴയ സ്നേഹവും നിഷ്കളങ്കതയും കൈവിട്ടിട്ടില്ലാത്ത നല്ല കൃഷിക്കാരന്‍ കൂടിയാണ് നമ്മുടെ ഉണ്ണിയേട്ടന്‍. എന്ന് ഈ നോവല്‍ വായിക്കുമ്പോള്‍ നമുക്ക് കാണാം.

    ReplyDelete